ഇരുണ്ട കാലത്തേക്ക് ദേവനായകി പകരുന്ന മുന്നറിയിപ്പ്...
text_fields‘‘ഈ രാജ്യം ഒരു വലിയ ദുരന്തത്തിലേക്ക് പോവുകയാണെന്ന സത്യം നമ്മളെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഫാസിസമെന്ന ദുരന്തമാണത്. ഈഴപ്പോര് വാസ്തവത്തില്‍ രണ്ട് ഫാസിസ്റ്റുകള്‍ തമ്മിലാണ് നടന്നത്. അതില്‍ കൂടുതല്‍ ശക്തനായ, സ്റ്റേറ്റിന്‍െറ അധികാരമുള്ള ഫാസിസ്റ്റ് ജയിച്ചുവെന്നേയുള്ളു. ജയിച്ച ഫാസിസ്റ്റ് തോറ്റ ഫാസിസ്റ്റിനെക്കാള്‍ അപകടകാരിയാവുന്നത് അയാള്‍ക്ക് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന്‍െറ പിന്തുണയുള്ളതുകൊണ്ടാണ്. ജനാധിപത്യ വിശ്വാസികളായ നമ്മള്‍ ഭൂരിപക്ഷത്തിന്‍െറ അഭിപ്രായങ്ങളെ അംഗീകരിക്കുകയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയുമല്ളേ വേണ്ടതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവിടെയാണ് ചരിത്രം നമുക്ക് മാര്‍ഗദര്‍ശകമാകേണ്ടത്. ഹിറ്റ്ലറുടെ നാസി പാര്‍ട്ടി ജര്‍മനിയില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടുണീഷ്യയില്‍ ബെന്‍ അലിയും ഈജിപ്തില്‍ ഹൊസ്നി മുബാറക്കും ഓരോ തെരഞ്ഞെടുപ്പിലും 90 ശതമാനത്തിലേറെ വോട്ടു നേടിയാണ് ജയിച്ചിരുന്നത്. ഈ ഭൂരിപക്ഷത്തിന്‍െറ കണക്കുകള്‍ വ്യാജമായിരുന്നെന്ന ആക്ഷേപം വേറെയുമുണ്ട്. എന്തായാലും ഭൂരിപക്ഷം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതിരിക്കുകയും തെറ്റായ വഴിക്ക് പോവുകയും ചെയ്താല്‍ അത് തിരുത്താനുള്ള ബാധ്യത നമ്മളെപ്പോലെയുള്ളവര്‍ക്കുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തമാണ്....’’
ലങ്കക്കുമേല്‍ അടക്കിപ്പിടിച്ചുനിന്ന ഇരുട്ടിന്‍െറ ഗര്‍ഭപാത്രത്തിലിരുന്ന് ഗായത്രി പരേര സംസാരിക്കുന്നത് ആ ഇരുളിമയില്‍ കാത്തിരുന്ന കാതുകളോട് മാത്രമല്ല. തൊട്ടിപ്പുറത്ത് ആശങ്കയുടെ കരിമേഘങ്ങള്‍ കുലച്ചുനില്‍ക്കുന്ന ഈ വലിയ ദേശത്തെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന കൂരിരുട്ടിനെ കുറിച്ച് ആശങ്കപ്പെടുന്നവരോടുമാണ്.
ടി.ഡി. രാമകൃഷ്ണന്‍െറ നോവല്‍ ‘ആണ്ടാള്‍ എന്ന ദേവനായകി’ വായിച്ചു മടക്കുമ്പോള്‍ അത് കാലുഷ്യം കാര്‍ന്നുതിന്ന, കലാപങ്ങള്‍ കൊത്തിനുറുക്കിയ ഒരു ദേശത്തിന്‍െറ ഭൂതകാലത്തെക്കുറിച്ച വീര്‍പ്പുമുട്ടല്‍ മാത്രമല്ല; ഈ ദേശത്തിന്‍െറ വരാനിരിക്കുന്ന കഠോര നാളുകളെ കുറിച്ച മുന്നറിയിപ്പുകൂടിയായി അത് മാറുന്നു.
ഫാസിസം ഇരു ചേരികളിലായി ഏറ്റുമുട്ടിയ ശ്രീലങ്കയുടെ പശ്ചാത്തലത്തില്‍ ചരിത്രവും മിത്തും ഭാവനയും ചേര്‍ത്ത് എഴുതിയ ഈ നോവല്‍ അധികാരം തലയ്ക്കുപിടിച്ച അക്രമികളുടെ ദീര്‍ഘ പരമ്പരകള്‍ കുത്തിയൊഴുക്കിയ ചോരപ്പുഴകളുടെ ബീഭത്സത തുറന്നുകാണിക്കുന്നു.
മറ്റൊരര്‍ത്ഥത്തില്‍ എപ്രകാരമാണ് സ്ത്രീ ഉടലിനെയും കുഞ്ഞുങ്ങളെയും ഫാസിസം ഇരകളാക്കി മാറ്റുന്നത് എന്നു പറയുകയാണ് ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’.
ആയുധത്തിന്‍െറയും ആള്‍ബലത്തിന്‍െറയും ഹുങ്കില്‍ ഫാസിസം അലറിയടുക്കുന്നത് സ്ത്രീ ശരീരങ്ങള്‍ക്കു മേലാണ്. സിംഹങ്ങള്‍ക്കും പുലികള്‍ക്കുമിടയില്‍ അകപ്പെട്ടുപോയ ശ്രീലങ്കയിലെ പെണ്ണുയിരുകളുടെ ഞെട്ടിപ്പിക്കുന്ന വാസ്തവങ്ങളെ ടി.ഡി. രാമകൃഷ്ണന്‍ ഈ നോവലിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്. കൊടും ഭീകരരായ സിംഹള സൈന്യത്തിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത തമിഴ് പുലികള്‍ ഫാസിസത്തിനെതിരില്‍ ഫാസിസത്തിന്‍െറ വഴി തേടുകയായിരുന്നു. ഒടുവില്‍ അനിതാ പ്രതാപ് എഴുതിയതുപോലെ ‘ചോര ചിന്തിയ ദ്വീപ്’ ആയി ലങ്ക മാറി.
ലോകം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കുരുതികളില്‍ ഒന്നിലൂടെയാണ് പുലികളെയും അവരുടെ നേതാവ് പ്രഭാകരനെയും ലങ്കന്‍ സാര്‍ക്കാര്‍ ഉന്മൂലനം ചെയ്ത്. ലോകത്തിന്‍െറ മുന്നില്‍ രക്തദാഹിയായ നേതാവായി മഹീന്ദ രാജപക്സെ മാറുകയായിരുന്നു. നഷ്ടപ്പെട്ട പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരു സിനിമ പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ആ ക്ഷണം സ്വീകരിച്ച് ‘Women behind the Fall of Tigers’ എന്ന സിനിമ പിടിക്കാനത്തെുന്ന നാല്‍വര്‍ സംഘം. തിരക്കഥാകൃത്തും മലയാളിയുമായ പീറ്റര്‍ ജീവാനന്ദം, സ്കോട്ട്ലാന്‍റുകാരനായ സംവിധായകന്‍ ക്രിസ്റ്റി ആല്‍ബര്‍ട്ടോ, ക്രിസ്റ്റിയുടെ കാമുകിയും സിനിമാട്ടോഗ്രാഫറുമായ മേരി ആന്‍, നിര്‍മാതാക്കളില്‍ ഒരാളായ ടോറി ബര്‍ണാഡ് എന്നിവരാണവര്‍. മുമ്പ് തന്‍െറ കാമുകിയായിരുന്ന സുഗന്ധി എന്ന തമിഴ് പെണ്‍ പുലിയെ അന്വേഷിച്ചിറങ്ങുന്ന പീറ്റര്‍ കണ്ടത്തെുന്ന ചരിത്രവും മിത്തും ഇടകലര്‍ന്ന യാത്രയാണ് നോവലിന്‍െറ ഇതിവൃത്തം.
പത്താം നൂറ്റാണ്ടില്‍ കുലശേഖര സാമ്രാജ്യത്തിന്‍െറ തെക്കേ അറ്റത്തെ കാന്തള്ളൂരിലെ കളരി ഗുരുവായ പെരിയകോയിക്കന്‍െറ മകളായിരുന്നു ദേവനായകി. കാന്തള്ളൂര്‍ രാജാവായ മഹേന്ദ്ര വര്‍മ്മന്‍െറ കല്‍പന അനുസരിച്ച് അയാളുടെ പല ഭാര്യമാരില്‍ ഒരുവളായി തീര്‍ന്ന ദേവനായകിയുടെ ജീവിതത്തിലൂടെ ടി.ഡി. രാമകൃഷ്ണന്‍ സ്ത്രീ ശരീരം അധികാരത്തിന്‍െറ സ്ഥാപിത ചിഹ്നമായി മാറുന്ന ഭീകരത വ്യക്തമാക്കുന്നു. ആണധികാരത്തിന്‍െറ കല്‍പനകളെ അനുസരിക്കല്‍ മാത്രമാണ് അവളുടെ ജോലി. ‘അവളുടെ’ പ്രണയത്തിനും ആശകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ചരിത്രത്തില്‍ ഇടമില്ലായിരുന്നുവെന്ന മറുവശം കൂടിയുണ്ട് ദേവനായകിയുടെ ജീവിതത്തില്‍. ഇഷ്ടംപോലെ സ്ത്രീകളുമായി രമിക്കാന്‍ അവകാശമുള്ള രാജാവ് പത്നിമാരുടെ സ്വകാര്യഭാഗം അരത്താലിയിട്ട് പൂട്ടി അധികാരമുറപ്പിച്ചു.
ഇത് നോവലില്‍ മറ്റൊരിടത്ത് ജൂലിയറ്റിനെക്കൊണ്ട് കഥാകാരന്‍ പറയിക്കുന്നുണ്ട്. ‘‘ഫാസിസവും ഏകാധിപത്യവും ഏറ്റവും പ്രതികൂലമായി ബാധിക്കുക സ്ത്രീകളെയാണ്. ഏകാധിപതികളുടെ സൗന്ദര്യബോധത്തെക്കാള്‍ അധികാരബോധമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാ സുന്ദരിമാരും തനിക്ക് കീഴ്പ്പെടേണ്ടവരാണെന്ന ചിന്ത അതില്‍നിന്ന് ഉണ്ടാകുന്നു...’ (പേജ് 238) ജൂലിയറ്റ് തനിക്ക് ശാപമായി മാറിയ സൗന്ദര്യത്തെക്കുറിച്ച് പീറ്ററിനോട് പറയുന്നു.
ദേവനായകിയുടെ ശാപവും അവളുടെ മോഹിപ്പിക്കുന്ന സൗന്ദര്യമായിരുന്നു. രാജ്യം കീഴടക്കുമ്പോള്‍ പൊന്നും മണ്ണും മാത്രമല്ല പെണ്ണും കീഴടക്കപ്പെടുകയാണ്. പാണ്ഡ്യരാജന്‍െറയും പിന്നീട് പ്രതികാരത്തീയിലെരിഞ്ഞ് ലങ്കാധിപനായ മഹീന്ദന്‍െറയും വെപ്പാട്ടിയായി മാറുന്ന ദേവനായകി ചരിത്രത്തില്‍ എല്ലായിടത്തുമുള്ള സ്ത്രീയാണ് എന്ന് പറയാന്‍ തുനിയുന്നു നോവലിസ്റ്റ്. ഒരേസമയം സ്ത്രീവിരുദ്ധതയുടെയും സ്ത്രീവാദത്തിന്‍െറയും വിചിത്രമിശ്രണമായി ദേവനായകി നില്‍ക്കുന്നുണ്ട്.
ടി.ഡിയുടെ മുന്‍ നോവല്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’യെ രചനാശൈലിയില്‍ അടിക്കടി ഈ നോവലും ഓര്‍മിപ്പിക്കുന്നു. പക്ഷേ, ഇട്ടിക്കോരയെക്കാള്‍ രാഷ്ട്രീയപരമാണ് ‘ദേവനായകി’യുടെ ഉള്ളടക്കം. സിംഹള സൈന്യത്തെയും തമിഴ് പുലികളെയും ഒരേപോലെ എതിര്‍ത്തതിന്‍െറ പേരില്‍ 35ാമത്തെ വയസ്സില്‍ കൊല്ലപ്പെട്ട ഡോ. രജനി തിരണഗാമയുടെ ഓര്‍മക്കു മുമ്പില്‍ സമര്‍പ്പിക്കുന്ന ഈ നോവലില്‍ തിരണഗാമയുടെ ജീവിതത്തെക്കുറിച്ച് എടുത്ത No More Tears Sister’ എന്ന ഡോക്യുമെന്‍ററിയും മുഖ്യ പശ്ചാത്തലമാകുന്നു.
ലസാന്ത മണിലാല്‍ വിക്രമതുംഗെയെ പോലുള്ള നിരവധി പത്രപ്രവര്‍ത്തകരെ ഭരണകൂടം കൊന്നുതള്ളിയതിനെ ചോദ്യം ചെയ്യന്ന ശ്രീലങ്കയിലെ യുവസമൂഹം ഈജിപ്റ്റില്‍ വിരിഞ്ഞ മുല്ലപ്പൂ വിപ്ളവത്തെ സ്വപ്നം കാണുന്നതായി നോവല്‍ സൂചിപ്പിക്കുന്നു. അനായാസ വിജയം പ്രതീക്ഷിച്ച മഹീന്ദ രാജപക്സെയെ കടപുഴക്കി മൈത്രിപാല സിരിസേന പുതിയ പ്രസിഡന്‍റാകുന്നതിന് മുമ്പാണ് ടി.ഡി രാമകൃഷ്ണന്‍ ഈ നോവല്‍ എഴുതിയത് എന്നുകൂടി ഓര്‍മിക്കണം.
സമാധാനത്തിന്‍െറ മുഖമായ ബുദ്ധനെ സിംഹള രാഷ്ട്രീയം ചോരക്കൊതിയുടെ മറുവാക്കാക്കിയ വിരോധാഭാസമാണ് ശ്രീലങ്കയുടെ ചരിത്രം. ഇല്ലാത്ത ചരിത്രം സൃഷ്ടിക്കാനായി, തമിഴര്‍ ചരിത്രകാലം മുമ്പേ അധിവസിച്ചിരുന്ന മേഖലകളില്‍ സിംഹളവാസത്തിന്‍െറ രേഖകള്‍ രഹസ്യമായി കുഴിച്ചിട്ട് ഉത്ഘനനത്തിലൂടെ ‘തെളിവുകള്‍’ കണ്ടത്തെുന്ന ആര്‍ക്കിയോളജി വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ചരിത്രം നിര്‍മിച്ചടെുക്കുന്ന പുതുഭാരതീയത്തിലെ വാര്‍ത്തകളുമായി എവിടെയൊക്കെയോ സാമ്യം നില്‍ക്കുന്നു.
ഇടതുപക്ഷ ആശയത്തിന്‍െറ അടിത്തറയില്‍ രൂപം കൊണ്ട തമിഴ് ഈഴത്തിന് (LTTE) സംഭവിച്ച മാറ്റത്തെ ഗായത്രി പരേരയുടെ സംഘത്തിലെ പീര്‍ മുഹമ്മദ് എന്ന നവവിപ്ളവകാരിയുടെ വാചകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ‘‘ഇയക്കത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഇടതു വിപ്ളവപാതയില്‍നിന്ന് വ്യതിചലിച്ച് ഹൈന്ദവ ഫാസിസത്തിന്‍െറ വഴികള്‍ സ്വീകരിച്ചപ്പോഴാണ് അവര്‍ മുസ്ലിങ്ങള്‍ക്കെതിരെ തിരിഞ്ഞത്. സിംഹള ഫാസിസവും ഇപ്പോഴത്തെ രീതിയില്‍ ശക്തിപ്രാപിച്ചാല്‍ സ്വാഭാവികമായും മുസ്ലിംങ്ങളായിരിക്കും അതിന്‍െറ ഇരകള്‍...’ എന്ന് പീര്‍ മുഹമ്മദ് പറയുന്നത് ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനുള്ള മുന്നറിയിപ്പാണ്.
ഈ കുറിപ്പിന്‍െറ തുടക്കത്തില്‍ സൂചിപ്പിച്ച ഗായത്രി പരേരയുടെ വാക്കുകളിലാണ് വീണ്ടും വരിക:
‘ജയിച്ച ഫാസിസ്റ്റ് തോറ്റ ഫാസിസ്റ്റിനെക്കാള്‍ അപകടകാരിയാവുന്നത് അയാള്‍ക്ക് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന്‍െറ പിന്തുണയുള്ളതുകൊണ്ടാണ്’ എന്ന് ഗായത്രി പറയുന്നത് അധികാരത്തിലേറിയ ഫാസിസം കല്‍പനകള്‍ പുറപ്പെടുവിക്കുന്നത് കേട്ട് നടുങ്ങുന്ന നമ്മോടല്ളെങ്കില്‍ മറ്റാരോടാണ്...?
മുഴുവന്‍ വോട്ടും ഫാസിസം നേടിയാലും ഫാസിസം ഫാസിസം തന്നെയാണ്. പക്ഷേ, അതുകേട്ട് നിശബ്ദരായിരിക്കാന്‍ നമുക്ക് അവകാശമില്ളെന്നാണ് സുഗന്ധിയുടെ പോരാട്ടം പറയുന്നത്. തമിഴ് പുലികളുടെയും സിംഹള സേനയുടെയും കൊടും ക്രൂരതകളും പീഡനങ്ങളും വിവരിക്കുന്നുണ്ടെങ്കിലും ഏറെ വിവാദമായ ഇന്ത്യന്‍ സമാധാന സേനയുടെ നാളുകളെക്കുറിച്ച് നേവല്‍ നിശബ്ദമാകുന്നുണ്ട്.
മിത്തില്‍ ചരിത്രത്തിന്‍െറ അംശങ്ങളുണ്ട്. പക്ഷേ, ചരിത്രവും മിത്തും ഭാവനയില്‍ കൂടിക്കലര്‍ത്തുമ്പോള്‍ ചില അപകടങ്ങളും സംഭവിക്കാം. ആ അപകടങ്ങള്‍ ഈ നോവലിനുമുണ്ട്. എത്ര ചരിത്രം, എത്ര മിത്ത്.. ഭാവനയെത്ര... എന്ന വിശകലനം വായനക്കാരന്‍െറ ബുദ്ധിക്ക് വിടുന്നതാണെങ്കിലും എല്ലാ ബുദ്ധിയിലും ആ വിവേചനം സാധ്യമായി എന്ന് വരില്ലല്ളോ. യാഥാര്‍ത്ഥ്യങ്ങളെ ഭാവനയോ മിത്തുകളോ അപഹരിച്ചുകൊണ്ട് പോവുകയും ചെയ്യം. ഇല്ലാത്ത ചരിത്രങ്ങളെ നിര്‍മിച്ചടെുത്തു എന്നും വരാം. ഒരു സസ്പെന്‍സ് ത്രില്ലറിന്‍െറ ആകാംക്ഷയില്‍ വായന മുറിയാതെ മുന്നോട്ട് നയിച്ച ഈ നോവല്‍ പുസ്തകമാകുന്നതിന് മുമ്പ് ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി(നോവല്‍)ടി.ഡി. രാമകൃഷ്ണന്‍പേജ്: 296, വില: 230.00ഡി.സി. ബുക്സ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.