സ്നേഹത്തിന്‍െറയും ആനന്ദത്തിന്‍െറയും സുവിശേഷം
text_fieldsഭയപ്പെടുന്നവരുടെയും കീഴടങ്ങുന്നവരുടെയും അല്ലാത്ത
മധുരമായ മറ്റൊരു കൂട്ടായ്മ സാധ്യമാണ്.
^ആളോഹരി ആനന്ദം
സാറാജോസഫിന്‍െറ നോവല്‍ ആളോഹരി ആനന്ദം ഒരു വ്യവസ്ഥയെ പഠിക്കുകയും പൊളിക്കുകയും കൂടുതല്‍ മികച്ച വ്യവസ്ഥ മനുഷ്യന് സാധ്യമാണ് എന്ന് കാണിക്കുകയും ചെയ്യുന്നു. എത്രയോ കാലങ്ങളായി മനുഷ്യവംശം ഓരോ കല്ല്, ഓരോ ചുമര് വെച്ച്, ജനലുകള്‍ വെച്ചും മുട്ടിയും വാതിലുകള്‍ തുറന്നും അടച്ചും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കുടുംബം എന്ന പ്രാചീന കല്‍വീടിനെപ്പറ്റിയാണ് ആളോഹരി ആനന്ദം പറയുന്നത്.
മനുഷ്യന് ആനന്ദം സാധ്യമല്ലേ എന്ന ചോദ്യം ഈ തലമുറ ഉന്നയിക്കുന്നുണ്ട്. ആനന്ദം ഉണ്ടെന്നും അത് മനുഷ്യര്‍ക്ക് വെളിച്ചവും സുഗന്ധവും നിറവും നല്‍കും എന്നും ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായിട്ടുണ്ടാവാം. എന്നാലത് സാധ്യമാണെന്ന് ആരും വിശ്വസിക്കുന്നില്ല. ആനന്ദത്തില്‍നിന്ന് തന്നെയാണ് കാണാത്ത തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടായത്. ആനന്ദത്തിന് വേണ്ടിയാണ് മനുഷ്യര്‍ സന്യസിച്ചതും യുദ്ധം ചെയ്തതും. ആനന്ദം തേടിയാണ് ജനപദങ്ങളും രാജ്യങ്ങളും വലുതായതും ചുരുങ്ങിയതും. യേശുവും ബുദ്ധനും നബിയും മഹാത്മജിയും അത് തേടി. അതിനെ ഇരുട്ടറയിലിട്ട് മറ്റെങ്ങും വിടാതെ സ്വന്തമാക്കാന്‍ എത്രയോ ക്രൂര ഏകാധിപതികള്‍ പ്രയത്നിച്ചു. ആനന്ദം ജാതികള്‍ക്കും മതങ്ങള്‍ക്കും അമ്മയായി.
ആനന്ദത്തെ ആസ്പദമാക്കിയാണ് ഇതുവരെയുള്ള മനുഷ്യചരിത്രം വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്നും പറയാം. പക്ഷെ, അത് ആനന്ദം നേടലല്ല, തേടല്‍ മാത്രമാണ്. എന്നാലും പാവം മനുഷ്യര്‍, ചില നേരങ്ങളില്‍ ആനന്ദത്തിന്‍െറ അടുത്ത് എത്താറുണ്ട്. ആ യാത്ര കുറേക്കൂടി തെളിച്ചമുള്ളതും വിത്ത് മരവുമാവുന്നത്ര സ്വാഭാവികവും തീര്‍ഥയാത്രപോലെ കരടില്ലാത്തതും ആക്കാനാവില്ല എന്ന അന്വേഷണമാണ് ആളോഹരി ആനന്ദം.
‘തിരിച്ചു പോകൂ’ പോള്‍ വേദനയോടെ ഉപദേശിച്ചു. സായന്തന വെളിച്ചമേ എന്നെ എന്‍െറ ഇരുട്ടില്‍ വിട്ടേക്കൂ. അവര്‍ കയറ്റം കയറുകയായിരുന്നു. അനു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അയാളത് വേര്‍പ്പെടുത്തുകയാണെങ്കില്‍ അവിടെ വീണുമരിക്കാന്‍ അവള്‍ ആഗ്രഹിച്ചു. ആത്മാവില്‍ ആയിരിക്കുന്നതുപോലെയല്ല അനൂ, ലോക യാഥാര്‍ഥ്യത്തില്‍ നീ എനിക്ക്.
പോള്‍ ഗാഢമായി അവളെ നെഞ്ചിലേക്ക് ചേര്‍ത്തു.
‘ദൈവത്തിന്‍െറ വ്യവസ്ഥയല്ലേ പാലിക്കപ്പെടേണ്ടത് പോള്‍?’
അതൊരു പൊളിച്ചെഴുത്താണ്. അത്ര എളുപ്പമല്ലത്. ദൈവം വീതം വെച്ചു കൊടുത്തതിനേക്കാള്‍ കൂടുതല്‍ ക്ളേശം മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. മനുഷ്യനും സ്ത്രീയുമായിട്ടല്ല ഭാര്യയും ഭര്‍ത്താവുമായിട്ടാണ് അവള്‍ ജീവിക്കുന്നത്. എല്ലാ പഴുതുകളുമടച്ച വഞ്ചനയുടെ ഒരു പഴുതു മാത്രം തുറന്നിട്ടൂ’ (പേജ് 40, 41)
സത്യത്തിനനുസരിച്ച് ജീവിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതാണ് ഇക്കാലം. ദൈവം നിര്‍മിച്ച പോലെ, അഥവാ സംസ്കാരം ജനിക്കുന്നതിന് മുന്‍പെ നഗ്നമായി കിളികളെപോലെ മരങ്ങളെപോലെ മണ്ണിലെ നൂറുനൂറായിരം ജീവജാലങ്ങളെപ്പോലെ മനുഷ്യര്‍ ജീവിച്ചിരുന്ന പ്രതിഫലം നോക്കാതെ സ്നേഹിക്കാന്‍ പറ്റിയിരുന്ന സ്വന്തം നെറ്റിയിലെ വേര്‍പ്പുകൊണ്ട് ഭക്ഷണം കഴിച്ചിരുന്ന ഒരു കാലത്ത് സ്ത്രീയും പുരുഷനും ജീവിതം എങ്ങനെ പകുത്തിട്ടുണ്ടാവും? ആനന്ദകരമായിരുന്നുവോ അത്?
മണ്ണില്‍കുടുംബം ഒരു മാമരംപോലെ തഴച്ചുവളര്‍ന്ന പള്ളിയും പട്ടക്കാരനും അന്തസ്സും ആഭിജാത്യവും ഉള്ള ക്രിസ്തീയ തറവാടാണ്. ‘മണ്ണില്‍’ എന്ന പേര് ഉണ്ടെങ്കിലും മണ്ണിന്‍െറ രീതിയില്‍നിന്ന് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്ന ആ വലിയ കുടുംബത്തിലെ ചിലരുടെ ജീവിത ചിത്രങ്ങളിലൂടെയാണ് കുടുംബം, ദാമ്പത്യം എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നടക്കുന്നത്.
ആദ്യ അധ്യായം പഴത്തട്ട്. അനു പഴങ്ങള്‍ കൊണ്ട് ഒരു പിരമിഡ് ഉണ്ടാക്കുന്നു. എന്നാല്‍, ഒരു ചൂണ്ടുവിരല്‍ കൊണ്ട് തള്ളിയാല്‍ പഴത്തിന്‍െറ പിരമിഡ് ഇടിയും. ആപ്പിളുകള്‍ ചതയും. അപരിഹാര്യമായ വിധത്തില്‍ ഇളം ബ്രൗണ്‍ നിറത്തില്‍നിന്ന് കടും ബ്രൗണ്‍ നിറമാകുംവരെ. അനുവിന്‍െറ വലത്തെ തുടയിലുമുണ്ട് ആ വിധം ഒരാഘാതം. വികാരം കൊണ്ടല്ല, വെറുതെ ഒരാഘാതത്തിനു വേണ്ടിയുള്ള ഒരാഘാതം. അനുവിന്‍െറ മുറ്റം ഒരു കുഴല്‍ പോലെ നീണ്ടുപോവുന്നു. കുഴലിന്‍െറ അറ്റത്തെ മുറുക്കിയടച്ച അടപ്പാണ് ഗേറ്റ്. അനുവിന്‍െറ ജീവിതം എന്താണെന്ന സൂചന ആ പഴപ്പിരമിഡിലും കുഴലിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
അടുത്ത അധ്യായം പ്രഭാതസവാരിക്കിടയില്‍ അനുവിന്‍െറ ഭര്‍ത്താവ് ചെറിയാന്‍ എന്ന ബാങ്ക് മാനേജര്‍ വടക്കം ഭാഗത്ത് പോളിനെ കാണാന്‍ പോയിരിക്കുന്നു. പോളിന്‍െറ കൃഷിയിടത്തിന്‍െറ പേര് ഭൂമിവാതുക്കല്‍ എന്നാണ്. പോളും ഭാര്യ തെരേസയും ജീവിക്കുന്നത് മാലോകര്‍ക്കു മുന്‍പില്‍ പരസ്പരം അത്രമേല്‍ ഇണങ്ങിയവര്‍ എന്ന രൂപത്തിലാണ്. എന്നാല്‍, വീടിന്‍െറ അകത്ത് എല്ലാം തണുത്തത്. ശബ്ദങ്ങളും ചലനങ്ങളും മിതപ്പെടുത്തിയത്. ഉറക്കമെന്ന താല്‍പര്യമില്ലാത്ത ഒരു തടിയന്‍ മൃഗത്തെ കുത്തി എണീപ്പിക്കുംപോലെ ഈ വീട്ടിലെ നിശ്ശബ്ദതയെ ഉണര്‍ത്താതിരിക്ക് എന്ന് പോള്‍ പറയുന്നു.
‘തെരേസ പോള്‍ ഭക്ഷണം കഴിഞ്ഞ പാത്രങ്ങള്‍ പോലും കഴുകിത്തുടച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാം അതതിന്‍െറ സ്ഥാനത്ത്. വൃത്തിയോടെ തിളക്കത്തോടെ സ്പൂണുകള്‍ സ്പൂണുകളോടൊപ്പം. കപ്പുകള്‍ കപ്പുകളുടെ കൂടെയും. എല്ലാം വേണ്ടവിധമാണ് പോളും തെരേസയും തമ്മിലുള്ള ബന്ധം ഒഴികെ. തെരേസ ആണിനെ സ്നേഹിക്കുന്നില്ല. അവള്‍ക്ക് പെണ്‍കിടാങ്ങളെ മാത്രമേ ലാളിക്കാനും പ്രണയിക്കാനും കഴിയൂ. പോള്‍ ആണെങ്കിലോ ഒറ്റക്ക്. അമ്പതു വയസ്സുള്ള ഒരു കുട്ടി.
സ്ത്രീക്ക് സ്ത്രീയോടുള്ള പ്രണയം സ്ത്രീകളുടെ വിവാഹം എന്നിവ പല രാജ്യങ്ങളിലും നിയമവിധേയമാണ്. അത് ഇന്നൊരു പുതിയ വിഷയമാണ്. ഇന്ത്യയിലും കേരളത്തിലും. ഇന്ത്യയില്‍ അത് നിയമവിധേയം ആക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അതിനെ ചുറ്റിപ്പറ്റി ഒരു നോവലെഴുതാനായിരിക്കും സാറാജോസഫ് തുടങ്ങിയത് എന്ന് തോന്നുന്നു. അല്ല അതു തന്നെയായിരിക്കും ഇതിന്‍െറ കേന്ദ്രവിഷയം എന്നും വായനക്കാര്‍ (രചയിതാവ് തന്നെയും) വിചാരിക്കുന്നു. അതൊരു പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രശ്നമല്ലേ? ആയിക്കൊള്ളട്ടെ. മനുഷ്യാവകാശ പ്രശ്നങ്ങളുടെയെല്ലാം അടിയിലെ സ്വതന്ത്രമായി മറ്റൊരാളുടെ സ്വാതന്ത്ര്യം ഹരിക്കാതെ ആനന്ദത്തോടെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? ആനന്ദമുള്ള കുടുംബങ്ങള്‍ ഒരില്ലായ്മയാണ് എന്ന് വരരുത് എന്ന കേന്ദ്ര ബിന്ദുവാണ് സാറാജോസഫിന്‍െറ ഹൃദയം പ്രകാശിപ്പിക്കുന്നത്.
അങ്ങനെ നോക്കുമ്പോള്‍ ഇന്ദുലേഖ, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും ആള്‍ക്കൂട്ടം, ആഗ്നേയം, പാളയം, സാറാജോസഫിന്‍െറ തന്നെ ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്, ആതി എന്നിവയുടെ തുടര്‍ച്ചയാണ് ആളോഹരി ആനന്ദം. ഒ.വി. വിജയന്‍െറ ഖസാക്കിന്‍െറ ഇതിഹാസമല്ല, ഗുരുസാഗരമാണ് ഈ പരമ്പരയില്‍ വരിക. അഗ്ന്സാക്ഷി, കെ.ബി. ശ്രീദേവിയുടെ മൂന്നാംതലമുറ തുടങ്ങിയവയും ഓര്‍മയില്‍ എത്തുന്നു.
സാറാജോസഫിന്‍െറ നോവലുകള്‍ കഥകളില്‍നിന്ന് തീര്‍ത്തും വേറെ വഴിയാണ്. പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ തിയററ്റിക്കലി പരീക്ഷിക്കുന്ന ഒരിടമാണ് സാറാജോസഫിന്‍െറ ചില ചെറുകഥകള്‍.
എങ്കിലും എന്നാല്‍, ആ വിത്തു വിതച്ച് പല പല മരങ്ങളും ചെടികളും പുല്‍പ്പടര്‍പ്പുകളും കാടുകളും ജലാശയങ്ങളും നിര്‍മിക്കപ്പെടുന്ന ഇടമാണ് നോവലുകള്‍. അവക്ക് കൃത്രിമമായ ഒരു ബദല്‍ ജീവിതം പറച്ചില്‍ ഇല്ല. പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ പ്രത്യക്ഷത്തില്‍ ഇല്ല. അതുകൊണ്ടുതന്നെ ചിലര്‍ ഗൗരവക്കുറവുള്ള കൃതികളായി സാറാജോസഫിന്‍െറ നോവലുകളെ അടയാളപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍, വായനക്കാര്‍ക്ക് അത്രക്കധികം ആനന്ദത്തോടെ ഉള്ള് ഉണരുമാറാണ് ‘ആളോഹരി ആനന്ദ’ത്തിലെ കഥാപാത്രങ്ങളും അധ്യായത്തിന്‍െറ പേരും അവരുടെ ചിന്തകളും പ്രവൃത്തികളും തമ്മിലുള്ള കൂട്ടായ്മയും.
‘അപ്പുവിന്‍െറ അമ്മ’ എന്ന 9ാം അധ്യായം.
അവന്‍െറ അമ്മ വേവലാതിപ്പെടുന്നു. പെണ്‍കുട്ടിയുടെ പ്രണയം ഒരു സമുദ്രമാണെങ്കില്‍ സമുദ്ര സഞ്ചാരിയാകാന്‍ എന്‍െറ മകനു കഴിയില്ളേ? അതൊരു പര്‍വതമാണെങ്കില്‍ പര്‍വതാരോഹകനാവാനും. അതോ തൊട്ടു തെമാട്ട് കിടക്കുന്ന രണ്ടാളുകള്‍ക്കിടയില്‍ നെടുനീളത്തില്‍ ഒരു വിള്ളല്‍- അതാകുമോ അവന്‍െറ വിധി? അവന്‍െറ അമ്മ പിന്നെയും വേവലാതിപ്പെടുന്നു. ഒരു കടല്‍ കൈയിലുള്ളവള്‍ അത് ഒളിപ്പിച്ച് വെച്ചിട്ട് അഞ്ചാറു തുള്ളികള്‍ അവന്‍െറ മേല്‍ കുടയുക മാത്രമാണോ ഉണ്ടാകുക? ജീവിതകാലം മുഴുവന്‍ എന്‍െറ മകന്‍ അത് തിരിച്ചറിയാതെ പോകുമോ?
എന്‍െറ മകന് ദിവസത്തില്‍ ഏറ്റവും ചുരുങ്ങിയത് 53 ചുംബനങ്ങള്‍ എങ്കിലും കിട്ടിയിരിക്കണം. ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ വരള്‍ച്ചയാണുള്ളതെങ്കില്‍ അതു കണ്ടുപിടിക്കാന്‍ എന്‍െറ മകനു കഴിയണം. അവന്‍ അവളെ തൊടുമ്പോള്‍ തലോടുമ്പോള്‍ അവള്‍ അലിയുന്നില്ളെങ്കില്‍ ഒഴുകുന്നില്ളെങ്കില്‍ ഒരു വിഡ്ഢിയെപ്പോലെ അവളുടെ മേല്‍ ബലം പ്രയോഗിക്കാന്‍ എന്‍െറ മകന് തോന്നരുത്. ഒരു പെണ്ണിന്‍െറ പ്രണയം ഭൂമിക്കടിയില്‍ നിന്ന് പൊന്നുകുഴിച്ചെടുക്കംപോലെ കുഴിച്ചെടുക്കാന്‍ എന്‍െറ മകന് കഴിയണം. അവനത് അരിക്കണം, ഉരുക്കണം, ഊതിക്കാച്ചണം. ഓരോ മനുഷ്യത്തിയും മനുഷ്യനും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഓരോന്ന്.
അനു - ചെറിയാന്‍
തെരേസ - പോള്‍.
രാത്രി മുഴുവന്‍ കാറ്റൂതിക്കൊണ്ടിരുന്നു; നിലാവ് പൊഴിഞ്ഞുകൊണ്ടിരുന്നു, കുളിരേറിക്കൊണ്ടിരുന്നു. പോള്‍ വായിച്ചുകൊണ്ടിരുന്നു. തെരേസ സ്വന്തം ഗവേഷണ വിദ്യാര്‍ഥിനി രേഷ്മയോടൊപ്പം ഇലകളില്‍ മിന്നുന്ന നിലാവിനെ നോക്കാന്‍ ആഗ്രഹിക്കുന്നു. ആനന്ദം ഉണ്ട്. എന്നാല്‍ അത് ആഗ്രഹിക്കുന്നവരുടേയും അര്‍ഹിക്കുന്നവരുടെയും ഉള്ളില്‍ എത്തുന്നില്ല. എന്തുകൊണ്ട്? അതിനെക്കുറിച്ചാണീ പുസ്തകം വിവരിക്കുന്നത്.
ഇന്നത്തെ പുസ്തക വില്‍പനാ ലോകം അടിസ്ഥാനമില്ലാത്ത വിപണി ബഹളം ഉണ്ടാക്കുന്നു. സ്വന്തം പ്രഭകൊണ്ട് പൊന്തിവരുന്നവയെ വേറൊരുതരത്തില്‍ വിവാദത്തില്‍ മുക്കുന്നു. ഇവയൊന്നും ആവശ്യപ്പെടാത്ത മണ്ണിന്‍െറ പശിമയും പലമയുമുളള രചനയാണീ പുസ്തകം.
എന്തുതരം ലോകമാണ് ഈ ഗ്രന്ഥകാരി പുലര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നത്. എമ്മയും ഡോ. ജോണ്‍ മത്തായിയും അവരുടെ വയസ്സ് കടന്നിട്ടും നടന്ന വിവാഹത്തെ വാഴ്ത്തുന്ന പുതിയ എഫ്.ബി. കുട്ടികളുടെ ആനന്ദം അതിന്‍െറ ഒരു മുഖമാണ്.
എത്രയോ വര്‍ഷങ്ങളായി ഏകാന്തതയും മൗനവും മാത്രം ശീലിച്ച എമ്മയുടെ വീട് ആകെ ത്രസിച്ചു. ചുവരുകള്‍ സ്പന്ദിക്കാന്‍ തുടങ്ങി. മേല്‍ക്കൂര ആഹ്ളാദത്തേടെ നൃത്തം ചെയ്തു. നിലത്ത് തിരയിളക്കം തുടങ്ങി. കാറ്റും വെളിച്ചവും കേറി, ജനലുകളും വാതിലുകളും തള്ളിത്തുറക്കപ്പെട്ടു. വാക്കില്‍, നോക്കില്‍, സ്പര്‍ശത്തില്‍, സന്തോഷം... ഇതായിരിക്കണം ആ ആളോഹരി ആനന്ദം.
കൊതിയുള്ളവ, സ്നേഹമുള്ളവ നിരസിച്ചും ആശയടക്കിയും ജീവിക്കാനാണ് മനുഷ്യര്‍ കുട്ടിക്കാലം മുതലേ ശീലിപ്പിക്കപ്പെടുന്നത്. ഏതിന്ദ്രിയത്തിന്‍െറയും ആനന്ദത്തെ പേടിയോടെ കാണാന്‍ നാം പരിശീലിപ്പിക്കപ്പെടുന്നു. ‘നിലാവിന്‍െറ നിറമുള്ള ഒരല്‍പം തേങ്ങാപ്പാലില്‍ കുതിര്‍ന്ന അരികുകളുള്ളത്. നാവിലിട്ടാല്‍ അലിഞ്ഞു പോകുന്നത്. ‘പോളിന് കൊതിയടന്‍ പറ്റാറില്ല. പക്ഷേ, ഓരോ ആശയടക്കവും ക്രിസ്തുവിന് സമ്മാനിക്കുന്ന ഒരു ചുവന്ന റോസാപ്പൂവാണ്. അയാള്‍ വലിയ മാര്‍ക്ക് വാങ്ങിയിട്ടും കൃഷിക്കാരനായി. അയാള്‍ വ്യത്യസ്തമായി ജീവിച്ചു. യാദൃച്ഛികമായി അയാള്‍ അനുവിനെ സ്നേഹിക്കുന്നു. ‘കാണണമെന്ന തോന്നല്‍ പ്രാണവായുപോലെ അത്യാവശ്യമായിരിക്കുന്നു. രാവും പകലും ഒരു നിമിഷം പോലുമിളവില്ലാതെ അയാളെ പിടിച്ചുലച്ചു.’
എന്നാല്‍, രണ്ടാളുകള്‍ തമ്മില്‍ ചേര്‍ന്നാല്‍ ആനന്ദമുണ്ടാകണം എന്നില്ല പ്രായോഗിക ജീവിതത്തിന്. പോള്‍ തെരേസയെ സ്നേഹിക്കുന്നു. തെരേസക്ക് സഹഭാവം ഉണ്ട്. അനു സ്വന്തം മകനായ അപ്പുവിനെ സ്നേഹിക്കുന്നു. അവളുടെ യൗവനത്തിലെ തളിര്‍പ്പുകള്‍, പൂക്കള്‍, കനിയാകല്‍ എല്ലാം കൂടിച്ചേര്‍ന്ന ഉന്മേഷത്തെ മരവിപ്പിച്ചതാണ് പക്ഷേ അവളുടെ ദാമ്പത്യം.
പോള്‍ പക്ഷേ തെരേസയുടെ ആനന്ദനത്തിനുവേണ്ടി നിലകൊണ്ടു. തെരേസയുടെ പ്രിയ കൂട്ടുകാരിയും ‘കാമുകി’യുമായ രേഷ്മയുടെ വിവാഹം നിഷേധിച്ചപ്പോള്‍ പ്രതിശ്രുത വരനോട് സംസാരിച്ച് ആ വിവാഹം മാറ്റി. പെണ്ണുങ്ങള്‍ തമ്മില്‍ സ്നേഹിക്കുക സ്വാഭാവികമാണ്, അങ്ങനെ ഉണ്ട്. ആ സ്നേഹം ആഗ്രഹിക്കുന്നവര്‍ക്കിടയിലേക്ക് അറിയാതെ ഒരാള്‍ ചെന്നുപെട്ടാല്‍ ഉപ്പുകടലില്‍ കുടിവെള്ളം അന്വേഷിക്കുന്നവനെപ്പോലാകും, മഞ്ഞുമൂടിയ പോലാകും, അസഹ്യമാകും ജീവിതം. എന്‍െറ ജീവിതം പോലെ അത് ശൂന്യമാകുമെന്ന് പറയാനുള്ള ധൈര്യവും കാരുണ്യവും സ്നേഹവും ഹൃദയവിശാലതയും പോള്‍ കാണിക്കുന്നു.
പിന്നീട് തെരേസ, രേഷ്മ, പോള്‍ എന്നീ മൂവരുടെയും ജീവിതം പോരാട്ടങ്ങള്‍ നിറഞ്ഞതും അസ്വസ്ഥവുമാകുന്നു. എതിര്‍പ്പുകള്‍, പള്ളിക്കമ്മിറ്റികളുടെ കുറ്റം ചാര്‍ത്തല്‍, പുച്ഛം, ഒറ്റപ്പെടല്‍... വരിയില്‍നിന്ന് നാം അല്‍പം വരി തെറ്റിച്ച് നടക്കുമ്പോള്‍ ലോകം പഴയപോലല്ല. സത്യം ആര്‍ക്കും വേണ്ടാത്ത ഒരു വസ്തുവാണ്. പോളിന് തന്‍െറ നെല്‍വയലുകള്‍ കൊയ്യാനുള്ള പണിക്കാരെപോലും നഷ്ടപ്പെടുന്നു. ഒരുതരം സാമൂഹികമായ വിലക്ക്. ഊരുവിലക്ക്. പക്ഷേ, അനു പോളിന്‍െറ കൂടെ ഞാനുണ്ട് എന്നുപറയാന്‍ ഓടിച്ചെല്ലുന്നു.
ഈ പുസ്തകത്തിലെ 43 ാം അധ്യായം കനി. സാറാ ജോസഫ് ആനന്ദത്തിന് നല്‍കുന്ന കാവ്യാത്മകമായ ഒരു വ്യാഖ്യാനമാണ്. ഓരോ വരിയും ഉയിര്‍ത്തെഴുന്നേല്‍പാണ്. ആ അധ്യായം ഞാന്‍ പലപാട് വായിച്ചു. സ്നേഹിക്കാനും തളിര്‍ക്കാനും പൂക്കാനും വായനക്കാരെ വീണ്ടും വീണ്ടും തളിര്‍പ്പിക്കാനും പൂ ചൂടിക്കാനും കഴിയുന്ന ആ അധ്യായം നമ്മുടെ നോവല്‍ സാഹിത്യത്തിലെ തന്നെ ഒരു സാഫല്യമാണ്.
അനുവിന്‍െറ ചേച്ചിമാര്‍ തങ്കവും അമ്മുവും ഒരുപാട് തിന്നും ഷോപ്പിങ്ങിലൂടെയും ആത്മാവിന്‍െറ ശൂന്യതകളെ നികത്തുന്നു. എന്നിട്ടും അനു പോളിനെ സ്നേഹിക്കുന്നതും ആനന്ദിക്കുന്നതും അവരെ പേടിപ്പിക്കുന്നു. ഒരു അപവാദം -ഒരു ചീത്തകാര്യം- വിവാഹിതയുടെ അവിഹിതവേഴ്ച ഇങ്ങനെ മാത്രമേ അവര്‍ക്കത് കാണാന്‍ കഴിയൂ.
എനിക്കാരുമില്ല
ഞാന്‍ മരുഭൂമിയിലേക്ക് ഓടിപ്പോവുകയാണ്.
വെയില്‍ തിളക്കുന്നു.
വിജനതയില്‍ ഞാനിതാ ഒറ്റക്ക് ശയിക്കുന്നു.
എന്നെയോര്‍ത്ത് വരുന്നവര്‍ ആരാണ്?
പാത്രം അഴകുള്ളത്.
അപ്പം ചൂടുള്ളത്.
വചനം മധുരമായത്.
അരുവിക്ക് മീതെ ഒരൊടിഞ്ഞ
പാലത്തിന്മേല്‍ അവരെന്നെ നടത്തി.
അക്കരെയാണ് നിന്‍െറ വീട്.
പച്ചരത്നം പോലെ തിളങ്ങുന്ന ഭൂമിയില്‍’
അതെ. ഭൂമിയുടെ -മനുഷ്യര്‍ ലാഭക്കൊതികൊണ്ട് കെടുത്താത്ത ഭൂമിയുടെ ^ സ്വാഭാവികമായ വേദനകളുടെയും സ്നേഹത്തിന്‍െറയും കഥയാണിത്.
ഇങ്ങനെ ഈ പുസ്തകത്തിന്‍െറ മാന്ത്രിക രഹസ്യം വെളിപ്പെടുത്താം.
സ്നേഹിക്കാന്‍ പേടിക്കുന്നവരുടെ തലമുറക്ക്, സ്നേഹിക്കാന്‍ ധൈര്യം കൊടുക്കുന്ന ഒരു പുസ്തകമാണിത്. മണ്ണിന്‍െറയും പുഴയുടെയും ഭാഷയാണ് സാറാ ജോസഫ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നെല്ലിന്‍െറ തിളക്കം ^വൈക്കോലിന്‍െറ സുഗന്ധം.
‘പോള്‍ അധ്വാനത്തിന്‍െറ ലഹരിയിലായിരുന്നു. വിളവെടുപ്പിന്‍െറ മഹോത്സവത്തില്‍ അയാള്‍ ആണ്ടുമുങ്ങി. എല്ലാവര്‍ക്കും മുമ്പ് അയാളുണര്‍ന്നു. എല്ലാവരും കിടന്നതിന് ശേഷം മാത്രം അയാള്‍ കിടന്നു. ഭൂമിവാതുക്കലെ മരങ്ങള്‍ക്കും ചെടികള്‍ക്കും തൊഴുത്തിലെ പൈതങ്ങള്‍ക്കും കുളത്തിലെ മീനുകള്‍ക്കും ഷഡ്പദങ്ങള്‍ക്കും പറവജാതിക്കും ശുഭരാത്രി നേര്‍ന്നു. കഠിനാധ്വാനം കാരണം തലചായ്ച്ചയുടനെ അയാള്‍ ഉറക്കത്തിന്‍െറ ആഴത്തിലേക്ക് വീണു.
വയസ്സ് കടന്നിരിക്കാം, പ്രമാണങ്ങള്‍ക്ക് പഴക്കം കൂടിയിരിക്കാം. എന്നാല്‍, അനുവും പോളും ഒരുമിക്കുമ്പോള്‍ പണ്ട് ദൈവം മനുഷ്യന് ഉടമ്പടി സ്മാരകമായി മഴവില്ല് വെച്ച പോലെ, എഴുത്തുകാരി വായനക്കാര്‍ക്ക് സ്വന്തം ഓഹരി ആനന്ദം വിനീതമായി എടുക്കാന്‍ ഇനിയും സമയമുണ്ട് എന്നുപറയുകയാണ്. പ്രമാണങ്ങള്‍ക്കുവേണ്ടിയാവരുത് മനുഷ്യന്‍. മനുഷ്യനുവേണ്ടിയാവണം പ്രമാണങ്ങള്‍. സ്വയം അറിയാന്‍, കണ്ടത്തൊന്‍, സ്വന്തം ആനന്ദത്തിനെ അറിയാനും സ്വീകരിക്കാനും ആനന്ദം -കുളിര്‍തണ്ണീര്‍പോലെ പകരാന്‍- ഒരൊറ്റ വഴിയേ ഉള്ളൂ; സ്നേഹം.
പണം, ജോലി, പേര്, പെരുമ, തിളക്കം, വേഗത, വാഹനങ്ങള്‍, സൗകര്യങ്ങള്‍ - ഇവ എല്ലാം ഒരു ജന്മംകൊണ്ട്, ഉടല്‍കൊണ്ട് നേടിയെടുക്കാന്‍ നാം കുതിക്കുമ്പോള്‍ നാം അറിയാതെ ചൂഷണം ചെയ്യുന്നു; അല്ലെങ്കില്‍ ചൂഷണത്തിന് ഇരയാവുന്നു. എന്നാല്‍, അങ്ങനെ അല്ലാതെയും ജീവിക്കാം എന്ന ഒരു ബദല്‍ ജീവിതപുസ്തകമാണ് ആളോഹരി ആനന്ദം.
ലെസ്ബിയന്‍ പ്രണയത്തിന്‍െറയോ ബന്ധത്തിന്‍െറയോ ശരിയെയും നീതിയെയും പറ്റി മാത്രമുള്ള പുസ്തകമല്ല ആളോഹരി ആനന്ദം. നീതിപൂര്‍വകമായ ഹിസംയില്ലാത്ത ആനന്ദം മനുഷ്യര്‍ക്ക് അസാധ്യമല്ല എന്നാണ് ഈ പുസ്തകം പറയുന്നത്.
വിവാഹത്തെ ഭയക്കുന്നുന്ന, കുടുംബജീവിതത്തെ അകറ്റുന്ന, സ്നേഹം ശൂന്യതയാണ് - മിഥ്യയും എന്ന് സ്വന്തം കുടുംബത്തിലും ചുറ്റിലും കാണുമ്പോള്‍ പിന്നാക്കമോടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിക്കൂടി വരുന്ന ഇക്കാലത്ത് സാറാ ജോസഫിന്‍െറ ആളോഹരി ആനന്ദം ജീവിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന ഒരു ക്ളാസിക് ഗ്രന്ഥമായി മാറുന്നു. ബൈബിളിനെ ഓര്‍മിപ്പിക്കുന്നു, ഇത് പലവഴിക്കും. യേശു, പ്രതികാരത്തിലോ ഹിംസയിലോ അധിഷ്ഠിതമല്ലാത്ത ജീവിതരീതി ഇതില്‍ പലപാട് പ്രത്യക്ഷപ്പെടുന്നു. പറുദീസ, ഗെദ്സെമന്‍ തോട്ടം, മനുഷ്യപ്പറ്റുള്ള പ്രാര്‍ഥനകള്‍, ആഡംബരാഗാരങ്ങളായ പള്ളികളും മനസ്സിനെ പ്രാര്‍ഥനാലയങ്ങളാക്കുന്ന പള്ളികളും... പ്രത്യക്ഷവും പരോക്ഷവുമായ ബൈബിള്‍ ഇതിലുണ്ട്. ശരിയായ ക്രൈസ്തവ, പൗരോഹിത്യം, ആരാധനാലയം എന്നിവയെക്കുറിച്ചും ഇവ അധികാരത്തിന്‍െറ കേന്ദ്രവും ബൃഹദ് രൂപങ്ങളുമായ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഇത് പറയുന്നു. എത്രത്തോളം സത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് പള്ളിയും വലിയ കുടുംബപ്പൊങ്ങച്ചങ്ങളും!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.