അനേകായിരം ഈശ്വരന്‍ന്മാര്‍ക്ക് മുന്നോടിയായ നിരീശ്വരന്‍
text_fields“അല്ളെങ്കിലും ആവര്‍ത്തങ്ങള്‍കൊണ്ട് വഴക്കപ്പെട്ട വെറും ശീലങ്ങള്‍ മാത്രമല്ളേ ജീവിതമെന്ന് പറയുന്നത്...”(നിരീശ്വരന്‍^വി.ജെ ജെയിംസ്)
തന്‍റെ നിലനില്‍പ്പിനാധാരമായി മനുഷ്യന്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്തോ, അതിന്‍റെ യഥാര്‍ത്ഥമായ പൊള്ളത്തരങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ വായന...!
മതങ്ങളാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് കൂടുതല്‍ മൂഢമായി വിശ്വസിക്കുകയും ,സ്വന്തം വിശ്വാസങ്ങളെ നിലനിര്‍ത്താനായി ചോരയൊഴുക്കാനും വാളെടുക്കാനും അന്ധമായി തയ്യറാവുകയും ചെയ്യുന്ന ഒരു സാമൂഹികവ്യവസ്ഥിതി നിലനില്‍ക്കെ, അതിനെ പൊളിച്ചെഴുതുന്നു ഈയെഴുത്ത് ...!!
പ്രാപഞ്ചികരഹസ്യങ്ങളും ഉല്‍പത്തിയും ഇന്നും നിഗൂഢമെങ്കിലും മതോല്‍പത്തിയും ജാതിരഹസ്യങ്ങളും തുറന്ന പുസ്തകങ്ങള്‍ തന്നെയാണ്.എത്ര ഒളിച്ചോടാന്‍ ശ്രമിച്ചാലും നമുക്കുമുമ്പില്‍ പല്ലിളിക്കുന്ന തമാശകള്‍ ...!! നമ്മള്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന അത്തരം ചില വസ്തുതകളിലേക്ക്, അഹംബോധത്തിന്‍റെ അണപൊട്ടിച്ചൊഴുക്കുകയാണ് വി.ജെ ജയിംസ്.
അന്ധവിശ്വാസങ്ങളും ആരാധനാലയങ്ങളും ചേര്‍ന്ന് നാടിന്‍റെ ഭാവി പ്രവചിക്കുന്ന കാഴ്ചയില്‍ മനംമടുത്താണ് ആഭാസസംഘം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മൂവര്‍സംഘം നിലവിലുള്ള സകല ഈശ്വരന്‍ന്മാരെയും നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ സൃഷ്ടിക്കുന്നത്. കാക്കത്തൊള്ളായിരം ഈശ്വരന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോള്‍,സകല ഈശ്വരന്മാര്‍ക്കും ബദലായി ഒരു ‘നിരീശ്വരനെ’ സൃഷ്ടിക്കുകയാണവര്‍ ...!!
‘ചില ദൗത്യങ്ങള്‍ക്കുള്ള അധികയോഗ്യത ഒരുവന്‍ കടന്നുവന്ന എതിരനുഭവങ്ങള്‍ തന്നെയാണ്’ എന്ന തിരിച്ചറിവില്‍ ക്ഷേത്രപൂജകളില്‍ നിന്നും തെറ്റിദ്ധാരണയുടെ പേരില്‍ പുറത്താക്കപ്പെട്ട ഈശ്വരന്‍ എമ്പ്രാന്തിരിയെ നിരീശ്വരന്‍റെ പൂജയ്ക്കായി നിയോഗിക്കുകയാണ് ..!!
‘അസാധ്യമായ ഒന്നിനുമുമ്പില്‍ പകച്ചു നില്‍ക്കേനണ്ടിവരുമ്പോള്‍ ഒരുതരം വിലകുറഞ്ഞ ആശ്വാസം തേടുകയാണ് അന്ധവിശ്വാസികള്‍ ചെയ്യുന്നത്’ എന്നായിരുന്നു ആഭാസന്മാരുടെ മതം.
കേവലം കരിങ്കല്ലില്‍ കൊത്തിയ, ശിരസ്സും കൈകാലുകളും അറുത്തുമാറ്റപ്പെട്ട നിലയിലുള്ള നിരീശ്വര പ്രതിഷ്ഠയും, അതിനോടനുബന്ധിച്ച് നടത്തിയ നുണപ്രചരണങ്ങളും കാട്ടുതീ പോലെയാണ് ആ ഗ്രാമത്തിന്‍റെ സ്വഭാവം മാറ്റിമറിച്ചത്...നിരീശ്വരന്‍റെ അനുഗ്രഹങ്ങളായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു പിന്നെടെല്ലാ നന്മകളും നേട്ടങ്ങളും..അനാദികാലം മുതല്‍ക്കേ നിലവിലുള്ള ഒന്നെന്നപോലെയായി നിരീശ്വരന്‍ മാറി. നിരീശ്വര പ്രാര്‍ത്ഥന സേവാസംഘങ്ങളും ഭക്തപരിപാലന സംഘങ്ങളും നിലവില്‍ വന്നു..ആ കല്‍പ്രതിമക്കു കീഴില്‍ പ്രാര്‍ഥിക്കേണ്ടവന്‍ പ്രാര്‍ഥിക്കുകയും കച്ചവടം ചെയ്യേണ്ടവന്‍ അതു ഭംഗിയായി ചെയ്യുകയും ചെയ്തു. വീഴാനിരുന്ന പഴത്തില്‍ കാക്കവന്നിരുന്നാലെന്ന പോലെ , സംഭവിക്കുന്നതെല്ലാം നിരീശ്വരന്‍റെ ലീലകളായി.
ഗന്ധങ്ങളെക്കുറിച്ച് റിസര്‍ച്ച് നടത്തുന്ന റോബര്‍ട്ടോയും ജാനകിയെന്ന വേശ്യയും ഇരുപത്തിനാല് വര്‍ഷവത്തെ മൗനനിദ്രക്ക് ശേഷം അതേ യുവത്വത്തോടെ ഉയിര്‍ത്തെഴുന്നേറ്റ ഇന്ദ്രജിത്തെന്ന കഥാപാത്രവുമെല്ലാം പലപ്പോഴും യുക്തികളുടെയും ശാസ്ത്ര സത്യങ്ങളുടെയും മിഥ്യകളുടെയും പരീക്ഷണനിലങ്ങളായി മാറുന്നുണ്ട്.
റോബര്‍ട്ടോയുടെ വീക്ഷണത്തില്‍ ‘നേരായ ശാസ്ത്രത്തിനും നേരായ കലക്കും ഇടതു വീക്ഷണമോ വലതു വീക്ഷണമോ ഇല്ല. ആകാശത്ത് നേത്രകര്‍ വരക്കുന്ന ജെറ്റുപുക ആകാശത്തെ ഇടതായും വലതായും വിഭജിക്കുന്നെന്നു കരുതുംപോലെയാണത്. ഇടതും വലതുമെന്ന കല്‍പ്പന തന്നെ നോക്കുന്നയാളെ മാത്രം ആശ്രയിച്ചിരിക്കുന്നു. ആള്‍ തിരിഞ്ഞാല്‍ ഇടതു വലതും വലത് ഇടതുമാകും ....”
മൂന്നാമതൊരാളായി വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയുമൊക്കെ വിലയിരുത്തുമ്പോള്‍ നമുക്കുമുമ്പിലും വെളിവാകുന്നത് ഇത്തരം ചില ചിന്തകള്‍ തന്നെയാകാം.വിലകുറഞ്ഞ പിടിവാശികളില്‍ കടിച്ചുതൂങ്ങി മതങ്ങള്‍ക്കുവേണ്ടി ചോരപ്പുഴയൊഴുക്കുന്നവര്‍ ഒരുനിമിഷം പോലും കടന്നുപോകാത്ത ഒരു ചിന്ത. മനുഷ്യന്‍റെ അറിവില്ലായ്മകളെയും ആത്മവിശ്വാസക്കുറവിനെയും വിലക്കുവാങ്ങുന്ന ജാതിയും മതവും വര്‍ഗീയതയും വംശീയതയും...എത്ര കഷ്ടം. സ്വയം ചുമരുകള്‍ സൃഷ്ടിച്ച് അതിനുള്ളില്‍ കുരുങ്ങിക്കിടന്നു ശ്വാസംമുട്ടുന്ന സമൂഹത്തിനു പുതിയ ചിന്താധാരകള്‍ വെളിപ്പെടുത്തുകയാണ് ഇവിടെ.
തന്‍റെ അസാമാന്യമായ ശാസ്ത്രബോധവും യുക്തിയും അതിമനോഹരമായി സംയോജിപ്പിച്ചുകൊണ്ടാണ് കഥാകാരന്‍ ഓരോ വരികളും കഥാസന്ദര്‍ഭങ്ങളും വിളക്കി ചേര്‍ത്തിരിക്കുന്നത്. അനേകം ദര്‍ശനങ്ങളുടെ ഒരു സമാഹാരം ,അതാണീ പുസ്തകം .. ഇനിയും സൃഷ്ടിക്കപ്പെട്ടേക്കാവുന്ന അനേകായിരം ഈശ്വരന്‍ന്മാര്‍ക്ക് മുന്നോടിയായ നിരീശ്വരന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.