Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഇരട്ട ഗ്ളാസില്‍ നിന്ന്...

ഇരട്ട ഗ്ളാസില്‍ നിന്ന് ഇരട്ട ക്ളാസിലേക്ക്

text_fields
bookmark_border
ഇരട്ട ഗ്ളാസില്‍ നിന്ന് ഇരട്ട ക്ളാസിലേക്ക്
cancel

നമ്മുടെ നവോത്ഥാന നേട്ടങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുകയും വീണ്ടും നാം അന്ധകാരത്തിലേക്ക് നടന്നടുക്കുകയുമാണോ? നവോഥാന കേരളം പുനരുഥാന കേരളമായി മാറുകയാണോ? ഒരിക്കല്‍ നാം ആട്ടിയോടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും ഭൂതപ്രേതപിശാചുക്കളും മടങ്ങിവരികയല്ളേ? അടുക്കളയില്‍ നിന്ന് നാം അരങ്ങത്തത്തെിച്ച കേരളീയ സ്ത്രീ ഇന്ന് സുരക്ഷിതയാണോ? സ്ത്രീ സംവരണ നിയമത്തിന് വാദിച്ചുപോന്ന നമുക്ക് പെട്ടെന്ന് സ്ത്രീ സംരക്ഷണ നിയമത്തിനുവേണ്ടി മുറവിളി കൂട്ടേണ്ട അവസ്ഥയല്ളേ ഉണ്ടായത്. ഇത്തരത്തില്‍ ഒരുപാടു ചിന്തകള്‍ ഉയര്‍ന്നുവരികയാണ്. ‘നാനാജാതി മതസ്ഥര്‍ക്കും ഏകം നാകം തീര്‍ത്തൊരു കേരളമേ’ എന്ന് അഭിമാനത്തോടെ വൈലോപ്പിള്ളി പാടുകയുണ്ടായി. ജാതി മതാന്ധതായാല്‍ ഭ്രാന്തലയമായിരുന്ന കേരളം ഏവര്‍ക്കും ഒരുമിച്ചുജീവിക്കാന്‍ കഴിയുന്ന ഒരു സ്വര്‍ഗമാക്കി മാറ്റിയെടുത്തതിന്‍െറ പിന്നില്‍ പോരാട്ടങ്ങളുടെ നീണ്ട ചരിത്രമുണ്ട്.

അവകാശങ്ങള്‍ ആരുടേയും ഒൗദാര്യമല്ളെന്ന് തിരിച്ചറിഞ്ഞ ജനത സംഘടിച്ചും സമരം ചെയ്തും ആധുനിക ജനാധിപത്യ മതേതര കേരളം നിര്‍മിക്കുകയായിരുന്നു. തൊട്ടടുത്ത തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇന്നും സവര്‍ണനും അവര്‍ണനും എന്ന വേര്‍തിരിവ് വന്‍ തോതില്‍ നിലനില്‍ക്കുന്നു. ബ്രാഹ്മണര്‍ ഊണു കഴിച്ച എച്ചിലിലയില്‍ ദളിതനെ ഉരുട്ടുന്ന പ്രാകൃതമായ ചടങ്ങ് കര്‍ണാടകത്തില്‍ ഒരുമാസം മുമ്പാണ് നടന്നത്. തമിഴ്നാട്ടിലെ ഉത്തപുരത്ത് ദളിതര്‍ക്ക് ഇന്നും ചെരിപ്പിട്ടു നടക്കാന്‍ അവകാശമില്ല. സൈക്കിളില്‍ പോകാന്‍ അനുവദിക്കില്ല. സ്കൂളുകളില്‍ സവര്‍ണരുടെ കുട്ടിളോടൊപ്പം അവര്‍ണരുടെ കുട്ടികളെ ഇരുത്തി പഠിപ്പിക്കാനാവില്ല. ചായക്കടയില്‍ സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും രണ്ടുതരം ഗ്ളാസാണ്. പലസ്ഥലത്തും അവര്‍ണര്‍ക്ക് ചിരട്ടയിലാണ് ചായ കൊടുക്കുന്നത്. ഒരുകാലത്ത് കേരളത്തിലും ഇതിനേക്കാള്‍ വഷളായിരുന്നു സ്ഥിതി. ചായക്കടയില്‍ അവര്‍ണനിരിക്കാന്‍ പ്രത്യേക സ്ഥലം ഉണ്ടായിരുന്നു. ചിരട്ടയിലായിരുന്നു അവര്‍ക്ക് ചായകൊടുത്തിരുന്നത് തീണ്ടലും തൊടീലും നിയമമായിരുന്നു. നമ്പൂതിരിമാരില്‍ നിന്നും നാലടിമാറിയേ നായര്‍ നില്‍ക്കാവു. ഈഴവന്‍ ഇരുപത്തെട്ടടി അകലം പാലിക്കണം. പുലയന്‍ തൊണ്ണൂറ്റാറടി മാറിപ്പോകണം.

അവര്‍ണന് പ്രത്യേക ഭാഷതന്നെ ഉണ്ടായിരുന്നു. കണ്ണെന്ന് പറഞ്ഞു കൂടാ; പഴങ്കണ്ണെന്ന് പറയണം. ചോറ് എന്ന് പറയരുത്. ‘കരിക്കാടി’ എന്നേ പറയാവൂ. വായ്പൊത്തിനിന്നേ ദളിതന്‍ സംസാരിക്കാവൂ. കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ അവന് അവകാശമില്ല. മാറുമറയ്ക്കാനോ, കുടപിടിക്കാനോ, കമ്മലിടാനോ ഒന്നും അവര്‍ണസ്ത്രീക്ക് അവകാശമില്ല. ഇതൊക്കെ മാറ്റിയെടുത്തത് പോരാട്ടങ്ങളിലൂടെയാണ്. വയലില്‍ പണിയെടുക്കുന്ന അവര്‍ണന് ജന്മിയുടെ മുറ്റത്താണ് ആഹാരം വിളമ്പിയിരുന്നത്. അതും മുറ്റത്ത് കുഴികുത്തി അതില്‍ പാളവെച്ച് കഞ്ഞി ഒഴിച്ചുകൊടുക്കുകയായിരുന്നു കര്‍ഷകതൊഴിലാളി അനുഭവിച്ചിരുന്ന കടുത്ത അവഗണന അതിവലുതായിരുന്നു. പതുക്കെ പതുക്കെ അവര്‍ സംഘടിച്ചു; ഒച്ചവെച്ചു.

പാളേല്‍ കഞ്ഞികുടിക്കില്ല
തമ്പ്രാനെന്നുവിളിക്കില്ല’
ഇതുകേട്ടുഞെട്ടിയ തമ്പ്രാന്മാര്‍ തിരിച്ചു പറഞ്ഞു:
‘പാളേല്‍ കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും’


ഈ രണ്ടു മുദ്രാവാക്യങ്ങള്‍ ഏറ്റുമുട്ടിയതാണ് കേരളത്തിന്‍െറ ഒരുകാലഘട്ടത്തിന്‍റ ചരിത്രം. ഭൂമിക്ക്വേണ്ടിയുള്ള സമരങ്ങളായി അത് വളര്‍ന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തിലെ ആരും പാളേല്‍ കഞ്ഞികുടിക്കുന്നില്ല, ആരും ആരേയും തമ്പ്രാനെന്ന് വിളിക്കുന്നില്ല, വാഴവെച്ചവനായിരുന്നില്ല കുലവെട്ടാനുള്ള അവകാശം. ഈ ഒരു അവസ്ഥയാണ് ചങ്ങമ്പുഴ ‘വാഴക്കുല’യില്‍ വിവരിച്ചത്. തകഴിയുടെ രണ്ടിടങ്ങഴയിലെ കോരന് സ്വന്തം അപ്പന്‍ മരിച്ചിട്ട് കുഴിച്ചിടാന്‍ ആറടി മണ്ണുണ്ടായിരുന്നില്ല. അപ്പന്‍റ മൃതശരീരം കോരന്‍ പായില്‍ പൊതിഞ്ഞ് കുട്ടനാടന്‍ കായലിന്‍റ നടുക്ക് കല്ലില്‍ കെട്ടി താഴ്ത്തുന്ന ദയനീയ ചിത്രം രണ്ടിടങ്ങഴിയിലുണ്ട്. അതായിരുന്നു അന്നത്തെ കേരളം.
നവോഥാന സമരങ്ങള്‍, സ്വാതന്ത്ര്യ സമരങ്ങള്‍- ഇതെല്ലാം ഇന്നുകാണുന്ന കേരളത്തെ രൂപപ്പെടുത്തിയതില്‍ അതിപ്രധാന പങ്കുവഹിച്ചു. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യാവൈകുണ്ഠ സ്വാമിയും മക്തിതങ്ങളും പൊയ്കയില്‍ അപ്പച്ചനും ഉള്‍പ്പെടുന്ന കേരളീയ നവോഥാന നായകരുടെ വലിയൊരു നിരമാറ്റങ്ങള്‍ വേണ്ടിയുള്ള പോരാട്ടത്തിന്‍റ മുന്നണിയിലുണ്ടായിരുന്നു. വര്‍ഗ ബോധമുള്ള തൊഴിലാളി സംഘടനകളും കര്‍ഷകതൊഴിലാളി സംഘടനകളും മതേതര ചിന്തകള്‍ക്ക് പകര്‍ന്നുനല്‍കിയ കരുത്ത് വലുതാണ്.
നവോഥാന പോരട്ടങ്ങളിലൂടെ നമ്മള്‍ വളര്‍ത്തിയെടുത്ത സാമൂഹിക മനുഷ്യന്‍ എല്ലുംതോലുമായി വെറും സമുദായിക മനുഷ്യനായി വെട്ടിച്ചുരുക്കപ്പെടുന്നതാണ് ഇന്നുകാണുന്നത്. പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നു. പകരം ജാതീയമായ ഇടങ്ങള്‍ വികസിപ്പിക്കാനുള്ള വെമ്പല്‍ കാണുന്നു. രാഷ്ട്രീയബോധം തകര്‍ക്കപ്പെടുകയും അവിടെയെല്ലാം അരാഷ്ട്രീയ ചിന്ത ശക്തിപ്പെടുകയും ചെയ്യുന്നു. വില്‍ക്കലിന്‍െറയും വാങ്ങലിന്‍െറയും ലോകത്തിനാവശ്യമുള്ള ‘കമ്പോള മനുഷ്യനെ ലക്ഷ്യമാക്കി അതിശക്തമായ പരസ്യ പ്രചാരണങ്ങള്‍ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നു.

സ്ത്രീ വിരുദ്ധ ചിന്തകള്‍ കേരളത്തിലും വളരുകയാണ്. ദല്‍ഹിയില്‍ ഈയിടെ നടന്ന കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചയില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് സമ്മതിക്കാന്‍ പല പണ്ഡിതന്മാരും തയാറായില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുരുഷനും സ്ത്രീയും ഒരുമിച്ചിടപഴകുന്നത് എന്തോ വലിയ കുഴപ്പമാണെന്ന തരത്തില്‍ കേരളത്തിലും ചര്‍ച്ചകളുണ്ടായി. സ്കൂളിലും കോളജിലും ഒരേ ക്ളാസ് മുറികളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നു പഠിക്കാന്‍ പാടില്ല എന്ന അഭിപ്രായം വരെ ഉണ്ടായി. സ്ത്രീക്കും പുരുഷനും പ്രത്യേകം പ്രത്യേകം ക്ളാസ് മുറി ഏര്‍പ്പെടുത്തണമെന്ന് അവര്‍ വാദിക്കുന്നു. നവോഥാന കേരളം എങ്ങോട്ടാണ് യാത്ര ചെയ്യുന്നത്? ചായക്കടയിലെ ഇരട്ട ഗ്ളാസ്’ മാറ്റിയെടുത്തവര്‍ ഇന്ന് എത്തി നില്‍ക്കുന്നത് സ്കൂളിലെ ‘ഇരട്ട ക്ളാസിലാണോ? എങ്കില്‍ ഇരുട്ട് ശക്തിപ്പെടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story