ഞാന്‍ താന്‍ടാ ബേബി തോമസ്
text_fieldsപ്രിയപ്പെട്ടവരെ,
കേരള സാഹിത്യ അക്കാദമി അംഗമായ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ അച്ചടി മാധ്യമങ്ങളിലും ആകാശമാധ്യമങ്ങളിലുമായി ഒരുപാടുപേര്‍ ചോദിച്ച ഒരു ചോദ്യമാണ് ‘ആരാടാ ഈ ബേബി തോമസ്’ എന്ന്. അതിനുള്ള ഉത്തരം മാത്രമാണീ ചെറിയകുറിപ്പ്. അതില്‍ ആത്മ പ്രശംസയുടെ ആധിക്യമുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.
‘വിശപ്പ് ഒരു പുസ്തകമെഴുതുന്നു’ ‘ആകാശമേ കേള്‍ക്ക’ എന്നിങ്ങനെ രണ്ടേ രണ്ട് ചെറുകഥാസമാഹാരങ്ങള്‍, പിന്നെ വളരെ കുറച്ച് ലേഖനങ്ങള്‍, കവിതകള്‍, അത്രയും കൈക്കുറ്റപ്പാടേ ഞാനീ മലയാള സാഹിത്യത്തോട് ചെയ്തിട്ടുള്ളു. അതുകൊണ്ടുതന്നെ മാന്യന്മാരായ ‘സാഹിത്യ കുതുകികള്‍’ എന്നെ അറിയാതെ പോയതില്‍ എനിക്കൊട്ടും ആശങ്കയില്ല. കാരണം ഈ മഹദ് വ്യക്തിത്വങ്ങളെപ്പോലെ എഴുത്തച്ഛന്‍െറ തറവാട്ടില്‍ പിറന്നവനല്ല ഞാന്‍. രാമായണവും മഹാഭാരതവും കേട്ടുവളര്‍ന്ന കുട്ടിക്കാലത്തില്‍ നിന്നല്ല ഞാന്‍ എഴുത്തിന്‍റ ഭൂമികയിലത്തെുന്നത്.
വിശപ്പിന്‍റ വഴികളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മരണം പോലെയോ സുരതം പോലെയോ കഠിനമായൊരു അനുഭവമാണ് എനിക്ക് എഴുത്തിന്‍റ വഴി. ഒരു തവിക്കഞ്ഞി കൂടുതല്‍ കിട്ടാന്‍ ആര്‍ത്തിയോടെ നോക്കിയിരുന്ന ഒരു ബാല്യം. വക്കുപൊട്ടിയ വസ്തിപ്പാത്രത്തിലേക്ക് അവസാന വറ്റും വിളമ്പി അരവയര്‍ പോലും കഴിക്കാതെ മുണ്ടുമുറുക്കി എഴുന്നേല്‍ക്കുന്ന അമ്മ കഷ്ടപ്പാടുകളെ തിരിച്ചറിയാന്‍ കാലം അമ്പതുവര്‍ഷം കറങ്ങിത്തിരിയേണ്ടിവന്നു. കഞ്ഞിക്ക് കൂട്ടാന്‍ മുളകരച്ച് തുളഞ്ഞുപോയ അടച്ചുവാര്‍പ്പുപോലെ ഒടുവിലാ അമ്മയുടെ ജീവിതവും തകര്‍ന്നുപോയി. വെറ്റിലനോക്കി ജാതകം പറയുന്ന കാക്കാലത്തി അമ്മയോടു പറഞ്ഞത് മൂന്നാമത്തെ കൊമ്പന്‍ മുമ്പനായ് വരും എന്നാണ്. പക്ഷേ, പിഴച്ചുപോയ ആ പ്രവചനത്തെയോര്‍ത്ത് ആ അമ്മ എത്രവേദനിച്ചിരിക്കും എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുമ്പോഴേക്കും അമ്മ ഒരോര്‍മ മാത്രമായി. മൂന്നാമത്തെ കൊമ്പന്‍റ മുടിഞ്ഞുപോയ ജന്മത്തെ നോക്കി ആ അമ്മ വാര്‍ത്ത കണ്ണീരിന്‍െറ കയ്പ് എന്‍െറ എഴുത്തില്‍ കലര്‍ന്നത് ഞാനറിയാതെയാണ്. എന്‍െറ അലച്ചിലും ഭ്രാന്തും പങ്കിടാന്‍ ഒപ്പം കൂടിയ പെണ്ണിനെ നോക്കി അമ്മയുടെ കണ്ണു കലങ്ങിയപ്പോള്‍ ആ മനസ്സില്‍ എഴുതി മായിച്ച കലകളുടെ കടലില്‍ നിന്നൊരു കുമ്പിളെങ്കിലും കോരിയെടുക്കാന്‍ എന്‍െറ എഴുത്തു ജീവിതത്തിന് കഴിഞ്ഞില്ലല്ളോ എന്നു ഞാനിന്നമ്പരക്കുന്നു.
എല്ലാ അനുഭവങ്ങളും എഴുതാകാതെ പോകുന്നതിന്‍റ കാരണങ്ങളും എല്ലാ എഴുത്തുകാരും അറിയപ്പെടാതെ പോകുന്നതിന്‍റ നേരുകളും എഴത്തധികാരികളായ ആഢ്യന്മാര്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാനേ നിവൃത്തിയുള്ളു. ആരാണീ എഴുത്തുകാരന്‍ എന്ന ചോദ്യത്തിനുപിന്നിലെ പരിഹാസം ഞാന്‍ നന്നായി ആസ്വാദിക്കുന്നുണ്ട്.
കരിന്തിരി കത്തുന്ന മണ്ണെണ്ണ വിളക്കിന് മുന്നില്‍ ഓലമറയ്ക്കടിയിലൂടെ പാളി വീഴുന്ന നിലാവിനെ നോക്കി എരിഞ്ഞു കത്തുന്ന വിശപ്പിനെ മറക്കാന്‍ നടത്തിയ ഓര്‍മകളാണ് എനിയ്ക്കെന്‍റ മഹാഭാരതം. പിന്നെയും തകര്‍ത്തു പെയ്യുന്ന കര്‍ക്കിടക മഴയില്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ അതുപോലെ എത്രയെത്ര അനുഭവങ്ങള്‍, കഥകളുടെ ഗര്‍ഭചിദ്രങ്ങള്‍. എഴുത്ത് എനിക്കങ്ങനെയൊക്കെയാണ്.
ബാല്യനിലാവില്‍ ഉമ്മറക്കോലായില്‍ കത്തിച്ച നിലവിളക്കിന് മുന്നിലിരുന്ന് അമ്മ ചൊല്ലിതന്ന ഇതിഹാസകഥകളാണ് എന്നിലെ എഴുത്തുകാരനെ ഉണര്‍ത്തിയതെന്ന് പറയാനുള്ള യോഗ്യത എനിക്കില്ല. കാരണം മണ്ണെണ്ണ വിളക്കിലെ എണ്ണ തീരാറായപ്പോള്‍ ഊതിക്കിടക്കാന്‍ ശഠിക്കുന്ന അമ്മയുടെ പ്രാക്കാണ് എന്‍റ ബാല്യവേനല്‍. കാലിളകിയ സ്ളേറ്റും കീറിപ്പറിഞ്ഞ ഒന്നാം പാഠവുമായ് മൂടുതേഞ്ഞ നിക്കറുമിട്ട് ഈ വല്ലിയില്‍ നിന്നുചെമ്മേ’ എന്നു നീടിപ്പാടുമ്പോള്‍ നീനന്നായ്വരും എന്ന് ചേര്‍ത്തുപിടിച്ചുപറഞ്ഞ ഏലിയാമ്മ ടീച്ചറിന്‍െറ ചൂടാണ് എന്‍െറ അക്ഷരങ്ങള്‍ക്ക്. കണക്കുകൂട്ടലുകളില്‍ തോറ്റുപോയെങ്കിലും കൊതിയോടെ നോക്കിയിരുന്ന ജമീല ടീച്ചര്‍ കഥയെഴുതാന്‍ നല്‍കിയ പ്രേരണയാണ് എന്‍െറ എഴുത്തിന്‍െറ സൗന്ദര്യം. പിന്നെ അഞ്ചാം ക്ളാസിന്‍െറ ഇടനാഴിയില്‍ വെച്ച് റോസമ്മ തന്ന ഉമ്മയുടെ മണവും.
ഒരു കാലവും ഒരു ലോകവും ഓരോരുത്തരിലും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നല്‍കുന്നത്. എന്‍െറ സ്നേഹിതയായ എഴുത്തുകാരി അമ്മയെക്കുറിച്ചുള്ള ഓര്‍മകുറിപ്പില്‍ ആവര്‍ക്കമ്മ എന്നത് കോഴിക്കറിയുടെയും പാലപ്പത്തിന്‍െറയും മണമാണ് എന്നെഴുതിയിട്ടുണ്ട്. എനിയ്ക്കും അങ്ങനെ തന്നെയാണ്. പക്ഷേ, ഒന്ന് സമൃദ്ധിയുടെയും മറ്റൊന്ന് ദാരിദ്രത്തിന്‍െറയും എന്നുമാത്രം. മിക്സിയും ഗ്രൈന്‍ഡറുമൊന്നും വന്നിട്ടില്ലാത്തകാലത്ത് വലിയ വീടുകളില്‍ അരിയിടിച്ചുകൊടുത്തിട്ടാണ് അമ്മ. ഞങ്ങള്‍ അഞ്ചുമക്കളെ വളര്‍ത്തിയത്. അപ്പോള്‍ അവിടെ നിന്നുകിട്ടുന്ന കോഴിച്ചാറും പാലപ്പവും കഴിക്കാതെ മടിക്കുമ്പില്‍ പൊതിഞ്ഞുകെട്ടി സ്കൂള്‍ വിട്ടു വിശന്നുവരുന്ന ഞങ്ങള്‍ക്കായി കരുതി വരുന്ന അമ്മ എനിക്കും വിശപ്പിന്‍റ ഉത്സവ മണമാണ്. ജീവിതത്തിന്‍െറ എല്ലാ ആര്‍ത്തിയോടെയും അതകത്താക്കുമ്പോള്‍ പാവം അമ്മ വിശന്ന വയറുമായ് നിന്നുചിരിച്ച ആ സങ്കട ചിരി ഓര്‍ത്തോര്‍ത്ത് കരയാനേ എനിക്കാവുന്നുള്ളു. പകര്‍ത്തിവെയ്ക്കുമ്പോഴെവിടെയെങ്കിലും ആ കണ്ണീരിന്‍െറ നനവുപടര്‍ന്നിട്ടുണ്ടെങ്കില്‍ അതെന്‍െറ എഴുത്തായി.
എഴുത്തിന്‍െറ ഈ പൈതൃക വഴികളില്‍ എനിക്ക് വേറെ എഴുത്തച്ചന്മാരില്ല. ആഢ്യന്മാര്‍ക്ക് ആറുുപത്തിനാലടി മാറി നടക്കാം. ഹോയ്ഹോയ് വിളികളോടെ ഞാനീ അക്കാദമിയുടെ പൊതു വഴി തീണ്ടിയശുദ്ധം ചെയ്തതില്‍ ഒന്നുകില്‍ പൊറുക്കുക. അല്ളെങ്കില്‍ ചങ്കുപൊട്ടി മരിയ്ക്കുക.
ഖേദപൂര്‍വം ബേബി തോമസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.