രണ്ട് പ്രസംഗങ്ങള്‍
text_fields[ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യഭാരതത്തില്‍ ഒരു മിഥ്യയാകുന്ന കാലം അത്ര വിദൂരത്ത് ഒന്നുമല്ലേ! ഇങ്ങനെയൊരു സംശയം വെറുതെ അല്ലാത്ത വിധം ഉള്ള സാഹചര്യം എഴുത്തുകാരനെന്ന നിലയില്‍ ഞാനിപ്പോള്‍ നേരിടുന്നുണ്ട്. മത-രാഷ്ട്രീയ ഫാഷിസത്തിന്‍െറ വേതാളങ്ങള്‍ അത്ര ശക്തമായ രീതിയിലാണ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൊടുക്കുന്ന കഥ തന്നെ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ ഇത്തരം വേതാളങ്ങളെ ഭയന്ന് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതാണ്. പക്ഷേ, ‘അക്ഷര’ങ്ങള് അക്ഷരങ്ങളാണെന്ന ഉറച്ച വിശ്വാസത്തോടെ എന്‍െറ സര്‍ഗപഥത്തില്‍ ഞാന്‍ മുന്നോട്ട് തന്നെ സഞ്ചരിക്കുന്നു. ഇനി വായനക്കാരിലേക്ക് ]
ഒന്നാം പ്രസംഗം:
പ്രിയപ്പെട്ട വിശ്വാസികളേ, നമ്മുടെ ദൈവമായ യഹോവ തന്‍െറ തന്നെ ഛായയില്‍ സൃഷ്ടിച്ച ശ്രേഷ്ഠ ജീവികളാണ് മനുഷ്യര്‍. മനുഷ്യരായ നമ്മള്‍ക്ക് ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളും കീഴ്പ്പെട്ടിരിക്കുന്നു. സസ്യങ്ങളും മൃഗങ്ങളുമുള്‍പ്പെടെ കാടും കടുവയുമെല്ലാം മനുഷ്യന് ഭൂമിയില്‍ സുഖമായി ജീവിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. ആ സുഖത്തിന് കോട്ടം വരുന്ന രീതിയിലാണെങ്കില്‍ കാടും കടുവയും ഒന്നും വെച്ചു പൊറുപ്പിക്കേണ്ട കാര്യമില്ല. ഒരു വേള കാടില്ലാത്തതാണ് മനുഷ്യന് നല്ലതെങ്കില്‍, നമ്മള് അങ്ങനെ തന്നെ മുന്നോട്ട് പോകണം. ആയതിനാല്‍, മനുഷ്യന് മേലേ കാടിനേയോ മലയേയോ മൃഗങ്ങളേയോ പുഴയേയോ പ്രതിഷ്ഠിക്കുന്ന ഏതൊരു കുത്സിത നീക്കത്തെയും നമ്മള് എന്തുവിലകൊടുത്തും ചെറുക്കും. അതിന് ചോരപ്പുഴകളൊഴുക്കണമെങ്കില് അതിനും നമ്മുടെ തിരുസഭയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ തയാര്‍.
രണ്ടാം പ്രസംഗം:
പ്രിയപ്പെട്ട സഖാക്കളേ, അധ്വാനിക്കുന്ന മനുഷ്യനാണ് ഈ ഭൂമിയുടെ അവകാശി. പ്രകൃതിയും മറ്റ് ജീവജാലങ്ങളുമെല്ലാം മനുഷ്യജീവിതത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മാത്രമാണ്. അധ്വാനം കൊണ്ട് ഈ ഭൂമിയില്‍ ഒരു സ്വര്‍ഗം കെട്ടിപ്പടുക്കാനുള്ള മനുഷ്യ യത്നത്തിനിടയില്‍ പ്രകൃതിയോ മറ്റ് ജീവജാലങ്ങളോ വിഘാതമാകുന്നെങ്കില്‍, നമ്മള് അതിനെ മറികടക്കും. അക്ഷീണമായ മനുഷ്യാധ്വാന ശേഷിയും മനുഷ്യഭാവനയും ചേര്‍ന്ന് പ്രകൃതി ശക്തികളെ കീഴടക്കിയതിന്േറത് കൂടിയാണ് മനുഷ്യവര്‍ഗത്തിന്‍െറ ചരിത്രം. വര്‍ഗസമരത്തിന്‍െറ ചരിത്രത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മനുഷ്യന് പ്രകൃതിയെ മെരുക്കുന്നതിന്െറ ചരിത്രവും. ആ ചരിത്ര പ്രയാണത്തില്‍, ആരെങ്കിലും പ്രകൃതിയെ മനുഷ്യാധ്വാനത്തിന് മേലെ പ്രതിഷ്ഠിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍, നമ്മള് അത് എന്തുവില കൊടുത്തും ചെറുക്കും. ലോക വിപ്ളവത്തിന്‍െറ പതാകവാഹകരായ നമ്മുടെ പ്രിയപ്പെട്ട പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖാക്കള്‍ അതിനായി ചോരപ്പുഴയൊഴുക്കണമെങ്കില്, അതിനും തയാര്‍.
രണ്ട് പ്രസംഗങ്ങളും തീര്‍ന്നപ്പോള്‍, ഒരു ചെങ്കൊടി കാറ്റിലൂടെ പാറിവന്ന് പള്ളിഗോപുരത്തിലെ കുരിശില്‍ ചുറ്റിപ്പിടിച്ചു. ആ സമയം ഗാഗുല്‍ത്തയിലെ കുരിശില്‍ ക്രിസ്തു ഒരുവട്ടം കൂടി കിടന്ന് പിടഞ്ഞു. അതേസമയം തന്നെ, ലണ്ടനിലെ ഹൈഡ്സ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്സിന്‍െറ അസ്ഥികൂടത്തിലെ എല്ലുകള്‍ കഠിന വേദനയില്‍ ഞെരിഞ്ഞമര്‍ന്നു. അതേസമയം തന്നെ, വനാന്തര്‍ഭാഗത്തെ സുഖവാസമന്ദിരത്തില്‍ ഒത്തുകൂടിയിരിക്കുന്ന വനം കൊള്ളക്കാരുടെയും കൈയേറ്റക്കാരുടെയും മണ്ണ്, മണല്‍ നിഗ്രഹ ശക്തികളുടെയും മലനിരപ്പാക്കന്മാരുടെയും ആന, കടുവ വേട്ടക്കാരുടെയും കൈകളിലുള്ള ചഷകങ്ങളിലെ മദ്യം അത്യാഹ്ളാദത്താല്‍ നുരഞ്ഞു പൊന്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.