ഭൂമിയുടെ അവകാശികള്‍ വായിക്കുമ്പോള്‍
text_fieldsജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീറിന്‍െറ വേര്‍പാട് ഓര്‍മപ്പെടുത്തുന്ന ദിവസം.
വെറുതെ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്ന കഥാകാരനായല്ല; മണ്ണിനെയും സകല ജീവജാലങ്ങളെയും അടുത്തറിയുന്ന സാധാരണ മനുഷ്യനായാണ് ബഷീര്‍ മറ്റു രചനകളിലെന്നപോലെ ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ച രഹസ്യങ്ങളിലേക്കും യുദ്ധത്തിന്‍െറ ഭീകരതയിലേക്കും ഇടയ്ക്ക് ഉയര്‍ന്നുപോകുന്ന അദ്ദേഹത്തിന്‍െറ ചിന്തകള്‍ കൊല്ലാനുള്ള മനുഷ്യന്‍െറ അടിസ്ഥാന വാസനയില്‍ വ്യസനിക്കുന്നു. സൈലന്‍റ്വാലി മഴക്കാടുകള്‍ നശിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന കാലത്താണ് പ്രകൃതിയുടെയും ജീവജാല വൈവിധ്യത്തിന്‍െറയും സംരക്ഷണത്തിന്‍െറ പ്രാധാനം വ്യക്തമാക്കുന്ന ഇത്തരമൊരു കഥ ബഷീര്‍ എഴുതുന്നത് എന്ന സവിശേഷത കൂടി ‘ഭൂമിയുടെ അവകാശികള്‍’ക്കുണ്ട്. ‘‘മറ്റൊന്നിനെ നശിപ്പിക്കാതെ മനുഷ്യനെ ജീവിക്കാന്‍ വല്ല വഴിയുമുണ്ടോ’’ എന്നന്വേഷിക്കാന്‍ അദ്ദേഹം തന്‍െറ കഥയിലൂടെ ആവശ്യപ്പെടുന്നു.
‘‘കാലത്തിന്‍െറ അന്തമില്ലാത്ത പോക്കില്‍ ഒരുനാള്‍ സൂര്യന്‍ എന്നെന്നേക്കുമായി അണഞ്ഞുപോവും. അതിനുമുമ്പ് ഭൂഗോളം മരിച്ചിട്ടുണ്ടാവും. ചരാചരങ്ങള്‍ അഖിലവും നശിച്ചിരിക്കും. ഗോളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തകര്‍ന്നിട്ടുണ്ടാവും. പൊടിയായി... പണ്ടത്തെ കോസ്മിക് ഡസ്റ്റ്. പിന്നെ അനന്തമായ ഇരുള്‍.’’
-ഇത് വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥയിലെ വരികള്‍.
‘‘ഗോളമായ ഭൂമി ആലംബമില്ലാതെ അന്തരീക്ഷത്തില്‍ നിന്നു കറങ്ങുന്നു. കുറേയധികം അകലെ അന്തരീക്ഷത്തില്‍ സദാ കത്തിജ്വലിച്ചുകൊണ്ടു നില്‍ക്കുന്ന സൂര്യന്‍െറ ഭാഗത്തു വരുമ്പോള്‍ ഭൂമിയില്‍ പകല്‍. മറുവശത്ത് രാത്രി. ജീവികളെല്ലാം ചൂടിന്‍െറയും വെളിച്ചത്തിന്‍െറയും സന്തതികളാണ്.’’
ഭൂമി സ്വന്തമാവുന്നതെങ്ങനെ?
പൊന്നും വിലയും കൃത്യമായ നികുതികളും കൊടുത്ത് രണ്ടേക്കര്‍ സ്ഥലം സ്വന്തമാക്കി, ചുറ്റും വേലി കെട്ടി ‘‘ഭൂഗോളത്തിലെ ഈ രണ്ടേക്കര്‍ സ്ഥലത്തിന് ക്ഷീരപഥത്തിലോ സൗരയൂഥത്തിലോ അണ്ഡകടാഹത്തിലോ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലോ മറ്റാര്‍ക്കും യാതൊരു അവകാശവുമില്ല’’ എന്ന അഭിമാനത്തിലങ്ങനെ ഇരിക്കുമ്പോഴാണ് ‘‘ഈ ഭൂഗോളത്തില്‍ മനുഷ്യര്‍ ഉണ്ടാവും മുമ്പുതന്നെ ഞങ്ങള്‍ ഇവിടെയുണ്ട്’’ എന്ന ഭാവത്തില്‍ ചിത്രശലഭങ്ങളും പക്ഷികളും പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് നിരവധി ജീവജാലങ്ങളാണ് കഥാകൃത്തിനു മുമ്പില്‍ വന്നുപോകുന്നത്. അവയെല്ലാം തങ്ങള്‍ക്ക് ഈ ഭൂമിയിലുള്ള അവകാശം അദ്ദേഹത്തെ ഓര്‍മപ്പെടുത്തുകയാണ്.
‘‘ഭൂഗോളം തന്നെ കഷ്ണം കഷ്ണമായി മനുഷ്യര്‍ തീറു വാങ്ങിയിരിക്കുന്നു. അപ്പോള്‍ പക്ഷി-മൃഗാദികള്‍ എവിടെപ്പോവും’’ എന്ന് അദ്ദേഹം ചിന്തിക്കുന്നു. പത്തി വിടര്‍ത്തി ചീറിയടിക്കുന്ന പാമ്പിനോടും ഇതേ മനോഭാവത്തില്‍ പെരുമാറാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ‘‘പാമ്പ് ഭൂമിയുടെ അവകാശികളില്‍ ഒരാളാണ്. ഇവിടെ സഹവര്‍ത്തിത്വമാണ് ആവശ്യം. ഈ തത്വം അംഗീകരിക്കേണ്ടതല്ലേ?'' എന്ന കാഴ്ചപ്പാടിലേക്ക് അദ്ദേഹം നമ്മെ നയിക്കുന്നു.
‘‘എന്നിട്ടതിനെ അടിച്ചുകൊന്നില്ലേ’’ എന്നാണ് ഭാര്യയുടെ ചോദ്യം.
‘‘ഇല്ല. ഭവതിയെപ്പോലെ അതും ജീവിക്കട്ടെ. ഈ ഭൂഗോളത്തിന്‍െറ അവകാശിയാണ്’’ എന്നു മറുപടി പറയുന്ന കഥാകാരന്‍ ‘‘കൊല്ലണമെന്നു പറയാം. കൊല്ലുകയും ചെയ്യാം. ജീവന്‍ കൊടുത്തു സൃഷ്ടിക്കാന്‍ കഴിയുമോ?’’ എന്ന ചോദ്യമുയര്‍ത്തുന്നുമുണ്ട്. ‘‘ഒന്നിനെയും കൊല്ലാതെ ജീവിക്കണം. ഹിംസ അരുത്’’ എന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്‍െറ കുടുംബം മാത്രമാണ് പ്രപഞ്ചമെന്ന വിചാരത്തിലേക്ക് ‘ചെറുതാവാ’നും അദ്ദേഹം വിസമ്മതിക്കുന്നു.
എല്ലാം മനുഷ്യര്‍ക്കു വേണ്ടിയോ?
മനുഷ്യന് നേരിട്ട് ഉപകാരമുള്ള ജീവികള്‍ മാത്രമേ ജീവിച്ചിരിക്കേണ്ടതുള്ളൂ എന്നും ഉപകാരമില്ലാത്തവയെയും ഇങ്ങോട്ടുപദ്രവിക്കുന്നവയെയും കൊന്നൊടുക്കണമെന്നുമുള്ള സ്വാര്‍ഥതത്വശാസ്ത്രത്തെയും അദ്ദേഹം ചോദ്യംചെയ്യുന്നുണ്ട്. എല്ലാ വിഷത്തിനും രോഗത്തിനുമുള്ള ഔധം പ്രകൃതിയില്‍ത്തന്നെയുണ്ടെന്ന് അദ്ദേഹം ഒരു പഴുതാരക്കഥയിലൂടെ വ്യക്തമാക്കുന്നു.
പ്രകൃതി വിഭവങ്ങള്‍ കൈയടക്കി വെക്കാനുള്ള മനുഷ്യന്‍െറ ശ്രമത്തെയും കഥാകൃത്ത് ചോദ്യംചെയ്യുന്നുണ്ട്. ‘‘പഴങ്ങള്‍, പുഷ്പങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, പുല്ല്, വെള്ളം, വായു, പിന്നെ ചൂടും വെളിച്ചവും. ഭൂമിയിലെ ഉല്‍പ്പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും’’ എന്നു ഭാര്യയെ ഓര്‍മപ്പെടുത്തുമ്പോള്‍ ഇത്തരം ആശയക്കാര്‍ ‘‘വല്ല ഗുഹയിലും തുണിയും കോണാനുമില്ലാതെ അനങ്ങാതിരുന്നു തപസ്സുചെയ്യുകയാണു നല്ലത്’’ എന്ന് ഭാര്യ ആക്ഷേപിക്കുന്നു. പ്രകൃതിയെയും പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടതിന്‍െറ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുന്നവരെയെല്ലാം അടുത്ത കാലം വരെ ഇങ്ങനെ പരിഹസിച്ചിരുന്നതായി കാണാം.
പ്രക്ഷോഭത്തിന് ഐകദാര്‍ഢ്യം
സൈലന്‍റ്വാലി മഴക്കാടുകള്‍ നശിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്ന കാലത്താണ് പ്രകൃതിയുടെയും ജീവജാല വൈവിധ്യത്തിന്‍െറയും സംരക്ഷണത്തിന്‍െറ പ്രാധാനം വ്യക്തമാക്കുന്ന ഇത്തരമൊരു കഥ ബഷീര്‍ എഴുതുന്നത് എന്ന സവിശേഷത കൂടി ‘ഭൂമിയുടെ അവകാശികള്‍’ക്കുണ്ട്. ‘‘മറ്റൊന്നിനെ നശിപ്പിക്കാതെ മനുഷ്യനെ ജീവിക്കാന്‍ വല്ല വഴിയുമുണ്ടോ’’ എന്നന്വേഷിക്കാന്‍ അദ്ദേഹം തന്‍െറ കഥയിലൂടെ ആവശ്യപ്പെടുന്നു.
ഒരു ഓര്‍മപ്പെടുത്തലെന്ന നിലയ്ക്ക്, ജീവനാമ്പുകളില്ലാത്ത ചന്ദ്രന്‍െറ വരണ്ട കാഴ്ചയിലേക്ക് നമ്മെ നയിക്കുന്നുമുണ്ട് അദ്ദേഹം.
പ്രകൃതിയോടിണങ്ങി...
വെറുതെ ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്ന കഥാകാരനായല്ല; മണ്ണിനെയും സകല ജീവജാലങ്ങളെയും അടുത്തറിയുന്ന സാധാരണ മനുഷ്യനായാണ് ബഷീര്‍ മറ്റു രചനകളിലെന്നപോലെ ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ച രഹസ്യങ്ങളിലേക്കും യുദ്ധത്തിന്‍െറ ഭീകരതയിലേക്കും ഇടയ്ക്ക് ഉയര്‍ന്നുപോകുന്ന അദ്ദേഹത്തിന്‍െറ ചിന്തകള്‍ കൊല്ലാനുള്ള മനുഷ്യന്‍െറ അടിസ്ഥാന വാസനയില്‍ വ്യസനിക്കുന്നു.
‘‘തോക്ക് പാപത്തിന്‍െറ പ്രതിരൂപമാണ്, മനുഷ്യന്‍ തോക്കു കണ്ടുപിടിച്ചത് വലിയ തെറ്റായിപ്പോയി’’ എന്നദ്ദേഹം പറയുന്നു.
എലിയെ കൊല്ലാന്‍ വിഷം വെക്കുമ്പോള്‍ ചത്തുപോവുന്ന ‘നിരപരാധികളായ’ നിരവധി ജീവികളെക്കൂടി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പരമ്പരാഗതമായ മൂഢവിശ്വാസങ്ങളെ തിരുത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇപ്പോഴും പ്രചാരത്തിലുള്ള ‘കരിക്ക് കൂമന്‍ കുത്തുക’ എന്ന അന്ധവിശ്വാസത്തെ അദ്ദേഹം പൊളിച്ചെഴുതുന്നുണ്ട്. ‘‘മൂങ്ങയുടെ ചുണ്ടുകള്‍ വളഞ്ഞതാണ്, പിന്നെ മൂങ്ങ സസ്യഭുക്കല്ല!’’ വാവലുകളാണ് യഥാര്‍ഥ വില്ലന്മാര്‍ എന്ന് അദ്ദേഹം കണ്ടെത്തുന്നുമുണ്ട്. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാനെത്തുന്ന എറളാടന്‍ എന്ന ‘ഒളിവീരന്‍’ പക്ഷിയെയും അദ്ദേഹം കാണുന്നുണ്ട്!
കഥയിലെ ‘ജൈവവൈവിധ്യം’
ഔധങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം സസ്യജാലങ്ങള്‍, 25ലേറെ മൃഗങ്ങളും കടല്‍ജീവികളും, അത്രതന്നെ കീടങ്ങളും ഉരഗങ്ങളും, നിരവധി പക്ഷികള്‍... തുടങ്ങി പക്ഷിക്കൂട്, മുട്ട, കിണര്‍, വെള്ളം, വായു, ചൂട്, വെളിച്ചം, ഇരുട്ട്, മണ്ണ്, മണല്‍, ഉപ്പ്, മുള്ള്, തേങ്ങ... എന്നിങ്ങനെ ഈ അണ്ഡകടാഹത്തിലെ സകലതിനെയും കഥയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നത് എന്തിനായിരിക്കും?
ഭൂമിയുടെ പരമാധികാരി മനുഷ്യനാണെന്നും പ്രകൃതി വിഭവങ്ങളില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്നും ധരിച്ചിരിക്കുന്ന മനുഷ്യനുമുന്നില്‍ ഇതര ജീവജാലങ്ങള്‍ക്ക് ഭൂമിയിലുള്ള ‘കൈവശാവകാശം’ സ്ഥാപിച്ചെടുക്കാന്‍ സാക്ഷികളായി കഥാകൃത്ത് നമുക്ക് മുന്നില്‍ നിരത്തുകയല്ലേ?
മുന്നറിയിപ്പ്
പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിന്‍െറ പ്രാധാന്യം ഓര്‍മപ്പെടുത്താനാണ് ബഷീര്‍ ഈ രചന നടത്തിയത് എന്നകാര്യത്തില്‍ സംശയമില്ല. ‘‘ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യന്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’’ എന്ന ആശങ്ക അദ്ദേഹം പങ്കുവെക്കുന്നു. ഇപ്പോള്‍ ഇതേ ആശങ്കയോടെയാണ് നാം 2010 ജൈവവൈവിധ്യ വര്‍ഷമായി ആചരിച്ചത്.
എന്തായാലും കൂട്ടുകാരേ... ബഷീറിനെ അറിയാത്ത ഒരു ‘ലോകോത്തര വായനക്കാര’നോട് പ്രപഞ്ചഗോളങ്ങളും പുല്ലു തൊട്ട് തിമിംഗലം വരെയുള്ള കാക്കത്തൊള്ളായിരം ജീവജാലങ്ങളും യുദ്ധവും സമാധാനവും പരിസ്ഥിതി സംവാദവുമെല്ലാം കടന്നുവരുന്ന ഒരു ‘ചെറുകഥ’ മലയാളത്തിലുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നുറപ്പ്. കാരണം ലോകത്ത് ഇങ്ങനെ ഒരു രചന വേറെയില്ലെന്നതു തന്നെ!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.