കാക്കിയിട്ട കവികള്‍ തൊണ്ട പൊട്ടി പാടുമ്പോള്‍..
text_fieldsകാക്കിയിട്ടാല്‍ കലാവാസന കൂടുമെന്നാണ് ലോക്കപ്പിലൊക്കെ കിടന്നിട്ടുള്ളവരുടെയും പോലീസുകേസുകളില്‍ വന്നുപെട്ടവരുടെയും അനുഭവ സാക്ഷ്യം. അത്രയ്ക്ക് നൈസര്‍ഗിക വാസനയാണ് അവരുടെ പല പ്രവര്‍ത്തികളിലും. ചിലപ്പോള്‍ അവരുടെ വര്‍ത്തമാനങ്ങള്‍ക്കുപോലും എന്തൊരു ഇമ്പമാണ്. സാക്ഷാല്‍ ചെമ്പൈ തോറ്റുപോകും അവരുടെ ചില ആലാപന മധുരിമയുടെ മുന്നില്‍. എന്നാല്‍ ഇപ്പോള്‍ പോലീസുകാരുടെ കവിതകള്‍ ഇടതടവില്ലാതെ പ്രവഹിക്കുന്ന ലക്ഷണമാണ്.
അതിന്‍െറ ഏറ്റവും ഉദാഹരണം കഴിഞ്ഞ ദിവസം വന്ന ഒരു പോലീസുകാരന്‍െറ കവിയതാണ്. മേലുദ്യോഗസ്ഥനെ കണ്ടാല്‍ സല്യൂട്ട് അടിക്കേണ്ടവനാണ് ഓരോ പോലീസുകാരനും. എന്നാല്‍ ഈ പോലീസുകാരന്‍ കവിതയിലൂടെ മേലുദ്യോഗസ്ഥയെ ഒന്നുതോണ്ടിയിരിക്കുകയാണ്. അതായത് മേലുദ്യോഗസ്ഥ രചിച്ച അവര്‍ കവിത എന്ന് അവകാശപ്പെട്ട രചനയ്ക്ക് അസ്സല്‍ ഒരു നല്ല കവിത കൊണ്ട് മറുപടി. പണ്ടൊക്കെ കവികളുടെ ഇടയില്‍ ഇത്തരം കവിതകളും മറുകവിതകളും ഒക്കെ പതിവായിരുന്നു. കാലം ചെന്നപ്പോള്‍ അത്തരം കവികള്‍ ക്ഷയിച്ചു. പോലീസുകവികള്‍ ഉയിര്‍ത്തെഴുന്നേറ്റു.
ഇതിന്‍െറയെല്ലാം തുടക്കം കുറിച്ചത് സാക്ഷാല്‍ എ.ഡി.ജി.പി ബി.സന്ധ്യയായിരുന്നു. അവര്‍ കവിത എന്ന പേരില്‍ കലാകൗമുദി വാരികയില്‍ അടുത്തിടെ എന്തൊക്കയോ പദങ്ങള്‍ കൂട്ടിയോജിപ്പിച്ച് അങ്ങ് അവിയലുപോലെയങ്ങ് വിളമ്പി. പണ്ടായിരുന്നു കവിതയുടെ നിലവാരം നോക്കി കവിത കൊടുക്കുന്ന കാലം. ഇട്ടിരിക്കുന്ന കുപ്പായത്തിന്‍െറ കളറും കുടുംബപ്പേരും ഉദ്യോഗപ്പദവിയും ഒക്കെ നോക്കി കവിതയോ കഥയോ എന്താന്നുവെച്ചാല്‍ കൊടുക്കുന്ന രീതിയിലേക്ക് നമ്മുടെ ഇമ്മിണി വല്ല്യ പ്രസിദ്ധീകരണങ്ങളും മാറിയിരിക്കുന്നു. പ്രത്യേകിച്ചും വലിയ പോലീസായാല്‍ പത്രാധിപര്‍ രണ്ടാംമുണ്ട് ഇളിയില്‍ തിരുകി അത് അപ്പടി പ്രസിദ്ധീകരിച്ചുകളയും. എന്നിട്ട് കോളാമ്പിയുമായി ഓടിനടന്ന് പബ്ളിസിറ്റീം കൊടുത്തോളും. അല്ളെങ്കില്‍ പത്രാധിപരെ ഏതെങ്കിലും കേസില്‍പ്പെടുത്തി കൊണ്ടുപ്പോയി ഇരുട്ടറയിലിട്ട് ഉരുട്ടുകയോ ‘അപ്പി’ തീറ്റിക്കുകയോ ചെയ്താലോ....എന്തായാലും മാഡത്തിന്‍െറ കവിത വന്നു.
‘ എനിക്കിങ്ങനെയെ ആകാന്‍ കഴിയൂ’ എന്നാണ് കവിതയുടെ ശീര്‍ഷകം. അതിനെക്കാള്‍ നല്ലത് ‘എനിക്കിങ്ങനെയേ എഴുതാന്‍ കഴിയൂ’ എന്നാവണമായിരുന്നു. അത്രയ്ക്ക് ചളിപ്പായിരുന്നു സര്‍ഗോപഹാരം. കവിത എന്ന് ഈ താളുകളുടെ പേജിലാദ്യം എഴുതിയിരുന്നതുകൊണ്ട് അത് കവിതയെന്ന് മനസിലായെന്നാണ് ചില വായനക്കാരുടെ പക്ഷം. അല്ലായിരുന്നെങ്കില്‍ കഷ്ടപ്പെട്ടേനെ. കാരണം കൊതിക്കെറുവുള്ള ഒരു കുട്ടി വീടിന്‍െറ ചുമരില്‍ കരിക്കട്ടകൊണ്ട് എഴുതിയ കുറുമ്പിനോടായിരുന്നു ഇതിന് കൂടുതല്‍ സാമ്യം . ഈ സാഹസം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ‘ ഒരു നാവ് ഉണ്ടെന്ന് കരുതി ആര്‍ക്കെതിരെയും ഇല്ലാത്തതുചൊല്ലി പൂരപ്പാട്ട് പാടാന്‍ നീയെന്താ പത്രമെഴുത്ത് തൊഴിലാളിയോ...’ ഈ വരികളാകട്ടെ സാക്ഷാല്‍ പത്രക്കാര്‍ക്കെതിരെ എയ്യുന്ന അസ്ത്രമാണ്്. അതുവേണം. പത്രക്കാര്‍ക്ക് ഒരു കൊമ്പ് കൂടുതലാണ്. അവര്‍ക്കെതിരെയുള്ള വിമര്‍ശങ്ങള്‍ കാലഘട്ടത്തിന്‍െറ ആവശ്യകതയാണ്. എന്നാല്‍ ഈ വിവരംകെട്ട പത്രക്കാര്‍ അടുത്തിടെ പോലീസ് മാഡം ഉള്‍പ്പെട്ട ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തുവത്രെ. പോലീസ് ട്രയിനികളുടെ ജങ്കിള്‍ ട്രയ്നിംഗിനിടയില്‍ മേലുദ്യോഗസ്ഥരുടെ തുറിച്ചുനോട്ടം കണ്ട് വിറച്ച ഒരു പോലീസ്ട്രയിനിയുടെ തോക്ക് അങ്ങോട്ടുമിങ്ങോട്ടും ഇരുന്ന് ആടിയത്രെ. ഇതുകണ്ട എ.ഡി.ജി.പി വിചാരിച്ചുവത്രെ ട്രെയിനി തനിക്കെതിരെയാണ് തോക്ക് ചൂണ്ടിയതത്രെ. പോരെ പൂരം. നമ്മുടെ ഇപ്പോഴത്തെ കോടീശ്വരനും പൂര്‍വ്വാശ്രമത്തില്‍ പോലീസുകാരനുമായ സുരേഷ്ഗോപിയെപ്പോലെ നാലു ഡയലോഗും കാച്ചി എ.ഡി.ജി.പി ക്ഷോഭിച്ച് ഇറങ്ങിപ്പോയി. ഇതാകട്ടെ വള്ളിപുള്ളി വിടാതെ പിറ്റെന്നത്തെ പത്രങ്ങളിലും വന്നു. പത്രക്കാരനത് കൊള്ളാമോ? അങ്ങനെ പലതും നടന്നുവെന്നിരിക്കും. അതൊക്കെ അങ്ങ് റിപ്പോര്‍ട്ട് ചെയ്താലെ മാഡത്തിന്‍െറ രചനയില്‍ പത്രക്കാരെയും അങ്ങ് കളിയാക്കി കളയും. അല്ല പിന്നെ..!
അടുത്ത വരികള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെയാണ്.
‘രണ്ടു കാലുണ്ടെന്ന് കരുതി ആരെയും കാലുവാരാന്‍ , കുതികാല്‍വെട്ടാന്‍ നീയെന്താ രാഷ്ട്രീയക്കാരനോ.? ’ ബലേഭേഷ്! രാഷ്ട്രീയക്കാരന്‍െറ പാദസേവ ചെയ്യുന്നവരാണ് പോലീസുകാരെന്ന ധാരണ തിരുത്തി ഇതാ ഒരു പോലീസ് കവയത്രി ഗര്‍ജിക്കുന്നു. പക്ഷെ ഈ വരികളും കവിതയാണെന്ന് തോന്നില്ല മാഡം. ഇത് കേരളാ കോണ്‍ഗ്രസുകാര്‍ രണ്ടെണ്ണം വിട്ടുകൊണ്ട് വിളിക്കുന്ന മുദ്രാവാക്ക്യത്തെക്കാള്‍ കഷ്ടമാണ്. ഇനിയും ചിലവരികളുണ്ട്.‘ രണ്ടു കണ്ണുണ്ടെന്ന് കരുതി എന്തുമേതും ഒളിഞ്ഞുനോക്കാന്‍, അത് കാഴ്ച്ചപ്പൂരമാക്കാന്‍ നീയെന്താ ദൃശ്യ മാധ്യമ കൂലിക്കാരനോ? ’ നേരെത്തെ പത്രക്കാരന് നേരെ തൊടുത്തുവിട്ട അമ്പ് ഇപ്പോള്‍ ചാനലുകാരനുനേരെയും. ഒളികാമറ വെച്ചുള്ള സൂത്രപ്പണിയൊക്കെ കൊണ്ടു നടക്കുന്നോരല്ളെ ഇവറ്റകളും. ഇനി ഒളി കാമറലില്ലാതെ തന്നെ മുന്നില്‍ നടക്കുന്ന പലതും ചിത്രീകരിക്കാനുള്ള വകുപ്പുകള്‍ ചിലര്‍ ഒപ്പിക്കുമ്പോള്‍ വീണ്ടുവിചാരമില്ലാതെ ഒപ്പിയെടുത്ത് സംപ്രേക്ഷണം ചെയ്യുന്നോരല്ളെ...നിങ്ങള്‍ക്കും ഉണ്ട് കൊട്ടുകള്‍. ഇതിനിടയില്‍ കവിത വിവാദമായി.
ഇത് കവിതയല്ല. പ്രത്യക്ഷമായ ആക്ഷേപങ്ങളാണെന്ന പ്രചാരണമുണ്ടായി. അതിനിടെ ഡി.ജി.പി എ.ഡി.ജി.പിയ്ക്ക് വിശദീകരണം ചോദിച്ച് കത്തും നല്‍കി. എന്നാല്‍ എ.ഡി.ജി.പി മറുപടി കൊടുത്തത് തന്‍െറത് കവിതയാണെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ളെന്നും ആയിരുന്നു. ഇതിനിടയില്‍ അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നതുപോലെ ചിലര്‍ ഓടിയത്തെി രണ്ടായി പിരിഞ്ഞു ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പിന്നില്‍ അണിനിരന്നു രഹസ്യമായും പരസ്യമായും അങ്ങോട്ടുമിങ്ങോട്ടും പുലഭ്യം പറഞ്ഞു. കോണ്‍ട്രാക്റ്റ് എടുത്ത് പിന്തുണ കൊടുക്കുന്ന സാക്ഷാല്‍ നമ്മുടെ പഴയ സാംസ്കാരിക സെക്രട്ടറി ഡി.ബാബുപോളും സന്ധ്യ കൂടി പങ്കെടുത്ത യോഗത്തില്‍വെച്ച് സന്ധ്യയ്ക്ക് കവിതയുടെ കാര്യത്തില്‍ പിന്തുണകൊടുത്തു. ഇദ്ദേഹത്തിന്‍െറ പിന്തുണ കിട്ടിയവരുടെ അനുഭവങ്ങള്‍ അറിയാമല്ളോ..പണ്ട് നമ്മുടെ ഓ. രാജഗോപാല്‍ തിര്വോന്തരത്ത് മല്‍സരിക്കാന്‍ നിന്നപ്പോള്‍ ജയിച്ചേക്കും എന്നൊരു വാര്‍ത്താനമൊക്കെ ഉണ്ടായതാണ്. അപ്പോള്‍ വരുന്നു ഈ ബാബുപോളിന്‍െറ പിന്തുണ. ബാബുപോളിന്‍െറ പിന്തുണ വന്നതിന്‍െറ ഫലം രാജേട്ടന്‍ ശരിക്കും അനുഭവിക്കുകയും ചെയ്തു. അതൊക്കെ അവിടെ നില്‍ക്കട്ടെ. പണ്ട് ചില കഥകളുണ്ട്. നാട്ടിലെ വലിയ ചില മുട്ടാളന്‍മാരെ റോഡില്‍ അടിച്ചിടുന്നത് ചില ഈര്‍ക്കില്‍സ് പയ്യന്‍മാരായിരിക്കും. നമ്മുടെ കീരിക്കാടന്‍ ജോസിനെ ഒക്കെ അടിച്ചുരുട്ടി റൊട്ടിയാക്കിയത് എസ്.ഐ ടെസ്റ്റ് പാസായി നില്‍ക്കുന്ന മോഹന്‍ലാലിന്‍െറ സേതുമാധവനല്ലായിരുന്നോ..ഓ..ഉദാഹരണം പറഞ്ഞിടത്തും പോലീസ് വന്നുപ്പെട്ടു. ഇതാണ് നമ്മളെ പോലയുള്ളവരുടെ പ്രശ്നം.
മേലുദ്യോഗസ്ഥക്കുള്ള പോലീസുകാരന്‍െറ കവിതാമറുപടി പോലീസ് അസോസിയേഷന്‍െറ മുഖമാസികയായ ‘കാവല്‍ കൈരളി’യിലാണ് പ്രസിദ്ധീകരിച്ചത്. ബാബുപോള്‍ സാര്‍ അടക്കമുള്ള സാംസ്കാരിക പ്രമുഖരോടും എ.ഡി.ജി.പി അടക്കമുള്ള പോലീസ് അധികാരികളോടും ഒരപേക്ഷയുണ്ട്. അതൊന്നും വായിക്കണം സര്‍. അതാണ് കവിത. പണ്ടൊരു കവി പറഞ്ഞപോലെ ‘ക’യെന്നാല്‍ കല, ‘വി’യെന്നാല്‍ വികാരം, ‘ത’യെന്നാല്‍ താളം ഇതുമൂന്നും ചേര്‍ന്ന സാക്ഷാല്‍ ‘കവിത’ ഈ കവിതയിലുണ്ട്. ‘ആവിഷ്ക്കാര സ്വാതന്ത്ര്യവും വാത്മീകിയും’ എന്നാണ് പോലീസുകാരനായ കെ.വി.ഗിരീഷ്കുമാറിന്‍െറ കവിത. ‘ കാക്കി ഇടുന്നവന്‍ കവിത എഴുതരുതെന്നാണ് കല്‍പ്പന. കാക്കിയിടുന്നവന്‍ കടുവയാകണമെന്നും കാടി കുടിക്കണമെന്നും വീണ്ടും കല്‍പ്പന’ ഇങ്ങനെ പോകുന്ന ആറ്റി കുറുക്കിയ ഈ കവിത. കവിത അവസാനിക്കുന്നത് ഇങ്ങനെ. ‘ ഒടുവില്‍ ഒരു കാക്കി കവിത കണ്ട് കാക്കിയൂരി മുഖംമറച്ച് കാട്ടിലേക്കോടി വീണ്ടും കാട്ടാളനായി....’
പോലീസുകാര്‍ ഇനിയും എഴുതട്ടെ. ഈ രണ്ടു കവിതകള്‍ക്കും ഇനിയും മറുപടികള്‍ ഉണ്ടാകട്ടെ. അങ്ങനെ കവിമയമാകട്ടെ കാക്കിലോകം. ഒരു നിര്‍ദേശം കൂടിയുണ്ട്. ലാത്തിചാര്‍ജിനൊക്കെ പകരം ഇനി ‘കവിതാചാര്‍ജു’കള്‍ ഉണ്ടാകണം. ഒരു അക്രമവും ഉണ്ടാകില്ല. ഏത് സമരക്കാരനും ഓടിയൊളിക്കും. ലോക്കപ്പിലൊക്കെ പ്രതികളെ മൂന്നാംമുറ ഉപയോഗിക്കരുത്. പോലീസുകാരുടെ കവിത വായിച്ചുകേള്‍പ്പിച്ചാല്‍ മതി. സകല കുറ്റവാളികളുടെയും കൃമികടി അവസാനിച്ചുകൊള്ളും. എങ്കിലും കവി ഏമാന്‍മാരെ നിങ്ങള്‍ ഇങ്ങനെ കണ്ണുരുട്ടി കവിത എഴുതി ചൊല്ലി നാടുനീളെ നടക്കുമ്പോള്‍ പാവം നമ്മുടെ നാട്ടിലെ പാവം കവികളുടെ കാര്യമാണ് കഷ്ടം...അവര്‍ തേരാപ്പാരാ നടക്കുമല്ളോ എന്നതാണൊരു സങ്കടം...ഇവിടെ പരാമര്‍ശിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. പണ്ടൊരു കവിത എഴുതുന്ന ഡി.ജി.പി ഉണ്ടായിരുന്നു . എന്‍. കൃഷ്ണന്‍നായര്‍. അദ്ദേഹം ഇടക്കിടെ എഴുതുമായിരുന്നു. പക്ഷെ അതില്‍ സാഹിത്യത്തിന്‍െറ അംശമായിരുന്നു കൂടുതല്‍. അന്തസുള്ള വരികളും ആവശ്യത്തിന് നിലവാരവും ഒക്കെയായി അത് സാഹിത്യ വേദികളില്‍ ചര്‍ച്ചയും ചെയ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.