മൈലാനിയുടെ ദുരിതം നോവലാക്കി സാറാ ജോസഫിന്‍റ സഹോദരി
text_fieldsതൃശൂര്‍: കാട് വെട്ടിത്തെളിച്ച് ജംഗിള്‍ സ്റ്റേഷനായി റെയില്‍വേ വികസിപ്പിച്ച മൈലാനിയില്‍ കഴുത്തിലേക്ക് ഇറങ്ങിത്തൂങ്ങിയ തലച്ചോറുമായി ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ അത് ഹനുമാന്‍െറ അവതാരമാണെന്ന് അവിടുത്തുകാര്‍ വിശ്വസിച്ചു. അവരവന് പാലും മരുന്നും കൊടുത്തില്ല. ദൈവത്തിന് അതൊന്നും ആവശ്യമില്ലല്ളോ. തൊഴാനും കാണിക്ക അര്‍പ്പിക്കാനും നാട്ടുകാര്‍ ഊഴമിട്ട് കാത്തുനിന്ന ദിനങ്ങളിലൊന്നില്‍ അവന്‍ മരിച്ചു. അപ്പോഴും അച്ഛനമ്മമാരോ നാട്ടുകാരോ കരഞ്ഞില്ല. ദൈവമല്ളെ, മരണമില്ലല്ളോ.
പിന്നെ മൈലാനിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം വികൃതരൂപികളായിരുന്നു. ചിലര്‍ക്ക് വലിയ തല. മറ്റുചിലര്‍ക്ക് ഉന്തിയ വയര്‍. അങ്ങനെ പല വൈകൃതങ്ങള്‍. ഉത്തര്‍പ്രദേശിലെ നൈനിത്താള്‍ റൂട്ടിലാണ് മൈലാനി. തുകലും കരിമ്പും സംസ്കരിക്കുന്ന ഫാക്ടറികളെക്കൊണ്ട് നിറഞ്ഞ ഗ്രാമം. ഫാക്ടറികളില്‍നിന്ന് പുറന്തള്ളുന്ന രൂക്ഷരാസവസ്തുക്കള്‍ സൃഷ്ടിക്കുന്നതാണ് ഈ ജനിതക വൈകല്യങ്ങള്‍. എതിര്‍ക്കാന്‍ ആരുമില്ല. ഫാക്ടറി മുതലാളിമാര്‍ക്ക് എന്തും ചെയ്യാം.
വടക്കുകിഴക്കന്‍ റെയില്‍വേയില്‍ ജോലിക്കാരനായിരുന്ന ഭര്‍ത്താവ് ആന്‍ഡ്രൂസിനൊപ്പം മൈലാനിയില്‍ കഴിഞ്ഞ ആനിയെ ഈ ഗ്രാമം കേരളത്തിലെ പെദ്രേയെ ഓര്‍മിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍റ ദുരന്തം പേറുന്ന കാസര്‍കോട്ടെ പെദ്രേയില്‍നിന്ന് പുറത്തുവന്ന വിശേഷങ്ങള്‍ക്ക് മൈലാനിയുമായി സാമ്യമുണ്ടെന്ന തിരിച്ചറിവ് ആനി ആന്‍ഡ്രൂസിന് ഉള്‍വിളിയായി ഇത് രേഖപ്പെടുത്തിയെ തീരൂ. സാഹിത്യഭാഷ വശമില്ളെങ്കിലും തീവ്രാനുഭവങ്ങള്‍ നാട്ടുകാര്‍ അറിയണമെന്ന് ജ്യേഷ്ഠ സഹോദരി ഉപദേശിച്ചപ്പോള്‍ എഴുതിത്തുടങ്ങി. എഴുത്തിനൊടുവില്‍ അതൊരു നോവലായി ‘കന്യാദൈവങ്ങള്‍’ എന്ന് അതിന് പേരിട്ടു. ഞായറാഴ്ച അതിന്‍റ പ്രകാശനമാണ്. ഗ്രന്ഥകാരിയുടെ സഹോദരി മലയാളത്തിനുമപ്പുറത്ത് പ്രശസ്തയാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍നിന്ന് പിറന്ന കൃതികളുടെ ഉടമ സാറ ജോസഫ്.
നാല് പതിറ്റാണ്ട് മൈലാനിയിലും ചുറ്റുവട്ടങ്ങളിലും താമസിച്ച ആനി താന്‍ കണ്ട, കടന്നുപോയ എന്നാല്‍, ലോകം അറിയാത്ത ഒരു പാരിസ്ഥിതക ദുരന്തത്തിന്‍റ കഥയാണ് പറയുന്നത്.
ആനിയുടെ നാലുപെണ്‍മക്കളില്‍ ഒരാളായ റോഫീനക്ക് 10 വര്‍ഷം മുമ്പ് പിറന്ന ഇരട്ട പെണ്‍കുഞ്ഞുങ്ങളിലൊരാള്‍ക്ക് ജനിക്കുമ്പോള്‍ത്തന്നെ മലദ്വാരമില്ല. മൂന്നര വയസ്സിനകം മൂന്ന് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് കുഞ്ഞ് വിധേയയായി. എല്ലാം ഭേദമായെന്ന് കരുതിയിരുന്ന ഒരുനാള്‍ കുഞ്ഞുമരിച്ചു. പിന്നീട് ആനിയും ആന്‍ഡ്രൂസും യു.പി വിട്ട് തൃശൂരിലെ മുളങ്കുന്ന ത്തുകാവില്‍ താമസമാക്കി.
പേരക്കുഞ്ഞിനെയും കൊണ്ട് ആശുപത്രികളില്‍ കയറിയിറങ്ങിയ നാളുകളെക്കുറിച്ച് വിവരിക്കവെ അനുജത്തി പറഞ്ഞ ഒരു വാചകത്തില്‍ ചേച്ചിയുടെ ശ്രദ്ധ ഉടക്കി ‘ഇങ്ങനെ എത്രയോ കുട്ടികള്‍ അവിടെ ആശുപത്രികളില്‍ കിടന്ന് മരിക്കുന്നു. അങ്ങനെ കണ്ട എല്ലാ കുട്ടികള്‍ക്കും പെദ്രേയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ രൂപമായിരുന്നു’. അവിടെനിന്നാണ് കന്യാദൈവങ്ങളുടെ പിറവി. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന കന്യാദൈവങ്ങള്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കെ.പി. രാമനുണ്ണിയാണ് പ്രകാശനം ചെയ്യുന്നത് . കാണാന്‍ നോയ്ഡയില്‍ താമസിക്കുന്ന റോഫീനയും മകള്‍ ശാലി ഗില്ലും എത്തുന്നുണ്ട്. കളഞ്ഞുപോയ മകളെക്കുറിച്ച്, സഹോദരിയെക്കുറിച്ച്; അതുപോലുള്ള കുഞ്ഞുങ്ങളെക്കുറിച്ച് റോഫീനക്കും ശാലിക്കും ചിലത് പറയാനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.