‘ ഞാന്‍ താനടാ ബേബി തോമസി’ ന് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി ദേശാഭിമാനി വാരികയില്‍ എഴുതിയ മറുപടി .... ആരായിരിക്കണം എഴുത്തുകാരന്‍?
text_fieldsമാധ്യമം ഓണ്‍ലൈനില്‍ ബേബി തോമസ് എന്ന എഴുത്തുകാരന്‍ 'ഞാന്‍ താനടാ ബേബി തോമസ്' എന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അച്ചടി മാധ്യമങ്ങളിലും ആകാശമാധ്യമങ്ങളിലുമായി നിരവധി പേര്‍ 'ആരടാ ഈ ബേബി തോമസ്' എന്ന് ചോദ്യം ഉന്നയിച്ചിരുന്നുവത്രേ. അതിനുള്ള മറുപടിയായാണ് പഴയ ഒരു തമിഴ് സിനിമയുടെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ തലക്കെട്ടില്‍ അദ്ദേഹം ഈ ലേഖനം എഴുതിയത്.
ആദ്യം തന്നെ പറയട്ടെ. ഇത് ബേബി തോമസ്സിന്റെ ലേഖനത്തിനുള്ള പ്രതികരണമല്ല. പക്ഷേ ആ ലേഖനം വായിച്ചപ്പോള്‍ ചിലതു പറയണമെന്നു തോന്നിയതു കൊണ്ടാണ് ഇതെഴുതുന്നത്.
ഇത്രയധികം പേര്‍ ഈ സാഹിത്യ അക്കാദമി അംഗത്വം ഇത്ര കാര്യമായി എടുക്കുന്നുണ്ടല്ലോ എന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. കേരളത്തില്‍ കേരള സാഹിത്യ അക്കാദമി എന്നൊരു സ്ഥാപനം ഉണ്ടെന്നും അതില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും എത്രപേര്‍ക്ക് അറിയാമെന്ന് ആദ്യം തന്നെ അന്വേഷിയ്‌ക്കേണ്ടതുണ്ട്. അവിടെ നടക്കുന്ന സമ്മേളനങ്ങളിലെ ശുഷ്‌ക്കമായ സദസ്സ് കണ്ടാല്‍ നമുക്കത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. സാഹിത്യ അക്കാദമിയുടെ മുന്നിലൂടെ കടന്നുപോവുന്നവര്‍ പോലും അവിടേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് അപൂര്‍വ്വമാണ്. സാഹിത്യമെന്നു വെച്ചാല്‍ ജനസാമാന്യത്തിന് അത്രയൊക്കെയേ ഉള്ളു. അതവരുടെ കുറ്റവുമല്ല. എല്ലാവര്‍ക്കും സാഹിത്യത്തിലും കലയിലും കമ്പമുണ്ടാവണം എന്ന് നിര്‍ബ്ബന്ധമില്ലല്ലോ. ഒരിയ്ക്കല്‍ ദില്ലിയിലെ കേരള ഹൗസില്‍ കേരളത്തില്‍നിന്നുള്ള ഒരു മഹാകവി എത്തിയതായും അവിടത്തെ ഉദ്യോഗസ്ഥര്‍ മുറി കൊടുക്കാന്‍ വിസമ്മതിച്ചതായും ഒടുവില്‍ കവി കരഞ്ഞുകൊണ്ട് ''ഞാന്‍ ............ ആണ്, കവിയാണ്'' എന്ന് കണ്ണീരൊലിപ്പിച്ചുകൊണ്ടു പറഞ്ഞതായും കേട്ടിട്ടുണ്ട്. അത് കേരള ഹൗസിന്റെ കൗണ്ടറിലിരിയ്ക്കുന്നവന്റെ വിവരക്കേടാണ് എന്നു മനസ്സിലാക്കാം. പക്ഷേ ഇത്ര വലിയ കവിയേപ്പോലും തിരിച്ചറിയാത്തവര്‍ ഉണ്ട് എന്ന കാര്യം അറിയിയ്ക്കാനാണ് ഇതെഴുതുന്നത്. ഈ ഭൂമിമലയാളത്തിലുള്ളവരെല്ലാവരും കഥയും കവിതയും നോവലും വായിയ്ക്കുന്നവരല്ല എന്ന പാഠമാണ് എഴുതുന്നവരും എഴുതാന്‍ തുടങ്ങുന്നവരും ആദ്യം പഠിയ്‌ക്കേണ്ടത്.
ആരാണ് ബേബി തോമസ്? ഞാനും അദ്ദേഹത്തെ കേട്ടിരുന്നില്ല. അതുകൊണ്ട് ലേഖനം കൗതുകത്തോടും ആകാംക്ഷയോടും കൂടിയാണ് വായിയ്ക്കാന്‍ തുടങ്ങിയത്. ലേഖനത്തിന്റെ തുടക്കത്തില്‍ത്തന്നെ അതിനുള്ള മറുപടിയുണ്ട്: '''വിശപ്പ് ഒരു പുസ്തകമെഴുതുന്നു', 'ആകാശമേ കേള്‍ക്ക' എന്നിങ്ങനെ രണ്ടേ രണ്ടു കഥാ സമാഹാരങ്ങള്‍, പിന്നെ വളരെക്കുറച്ച് ലേഖനങ്ങള്‍, കവിതകള്‍. അത്രയും കൈക്കുറ്റപ്പാടേ ഞാനീ മലയാള സാഹിത്യത്തോട് ചെയ്തിട്ടുള്ളു.''
രണ്ടു പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച ആള്‍ക്ക് സാഹിത്യ അക്കാദമി അംഗത്വം നല്‍കരുതെന്ന് വ്യവസ്ഥയുണ്ടോ എന്ന് അറിയില്ല. അതിന് എത്ര പുസ്തകങ്ങളാണ് പ്രസിദ്ധീകരിയ്‌ക്കേണ്ടത് എന്നും അറിയില്ല. ഒരു പുസ്തകം പോലും പ്രസിദ്ധീകരിയ്ക്കാത്തവരായ എഴുത്തുകാരുമുണ്ടാവില്ലേ? പുസ്തകങ്ങള്‍ പ്രസിദ്ധീകരിയ്ക്കാത്തതുകൊണ്ട് അവരൊന്നും സാഹിത്യകാരന്മാരല്ലാതെയാവുന്നില്ലല്ലോ. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ഒരു അധികയോഗ്യതയാണോ എന്നും അറിയില്ല. അക്കാദമിയുടെ ഭരണഘടന ഇതുവരെ വായിച്ചുനോക്കിയിട്ടില്ല.
ബേബി തോമസ് തുടരുന്നു: ''അതുകൊണ്ടു തന്നെ മാന്യന്മാരായ ഈ 'സാഹിത്യകുതുകികള്‍' എന്നെ അറിയാതെ പോയതില്‍ എനിയ്‌ക്കൊട്ടും ആശങ്കയില്ല. കാരണം ഈ മഹദ്‌വ്യക്തികളേപ്പോലെ എഴുത്തച്ഛന്റെ തറവാട്ടില്‍ പിറന്നവനല്ല ഞാന്‍. രാമായണവും മഹാഭാരതവും കേട്ടുവളര്‍ന്ന കുട്ടിക്കാലത്തില്‍ നിന്നല്ല ഞാന്‍ എഴുത്തിന്റെ ഭൂമികയിലെത്തുന്നത്. വിശപ്പിന്റെ വഴികളില്‍നിന്നാണ്. അതുകൊണ്ടു തന്നെ മരണം പോലെയോ സുരതം പോലെയോ കഠിനമായൊരു അനുഭവമാണ് എനിയ്ക്ക് എഴുത്തിന്റെ വഴി.'' രാമായണവും മഹാഭാരതവും വായിയ്ക്കുന്നത് ഇത്ര മോശമാണോ എന്ന സംശയം അവിടെ നില്‍ക്കട്ടെ. സുരതത്തിന്റെ കാര്യവും മനസ്സിലാക്കാം. പക്ഷേ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്ന ശ്രീ ബേബി തോമസ് മരണത്തിന്റെ അനുഭവം എങ്ങനെ ആര്‍ജ്ജിച്ചു എന്ന് മനസ്സിലാവുന്നില്ല. ത്രികാലജ്ഞാനം എന്നൊക്കെ കേട്ടിട്ടേയുള്ളു. എല്ലാ എഴുത്തുകാര്‍ക്കും ഉള്ളതാവില്ല അത് എന്നു സമാധാനിയ്ക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളു.
താന്‍ ദരിദ്രനായതുകൊണ്ടാണ് സാഹിത്യത്തിലെ ആഢ്യന്മാര്‍ തന്നെ തിരിച്ചറിയാതെ പോയത് എന്ന് ബേബി തോമസ് ഭംഗ്യന്തരേണ പ്രസ്താവിയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ഒരു തവിക്കഞ്ഞി കൂടുതല്‍ കിട്ടാന്‍ ആര്‍ത്തിയോടെ നോക്കിയിരുന്ന ഒരു ബാല്യം. വക്കു പൊട്ടിയ വസ്തിപ്പാത്രത്തിലേയ്ക്ക് അവസാനവറ്റും വിളമ്പി അരവയര്‍ പോലും കഴിയ്ക്കാതെ മുണ്ടുമുറുക്കി എഴുന്നേല്‍ക്കുന്ന അമ്മ. കഷ്ടപ്പാടുകളെ തിരിച്ചറിയാന്‍ കാലം അമ്പതു വര്‍ഷം കറങ്ങിത്തിരിയേണ്ടിവന്നു.'' അവസാനത്തെ വാചകത്തില്‍നിന്ന് അമ്പതുകളിലോ അറുപതുകളിലോ ആവണം ഈ എഴുത്തുകാരന്റെ കുട്ടിക്കാലം എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ കാലത്ത് ദാരിദ്ര്യം അനുഭവിയ്ക്കാത്തവരായി എത്ര പേരുണ്ടാവും എന്ന് ആലോചിച്ചു നോക്കുക. അപൂര്‍വ്വം ചില ഭാഗ്യവാന്മാര്‍ക്കൊഴിച്ചാല്‍ സമ്പന്നതയുടെ കഥ പറയാന്‍ ആര്‍ക്കുമുണ്ടാവില്ല.
സ്വന്തം ദാരിദ്ര്യത്തേക്കുറിച്ച് വാചാലരായ സാഹിത്യകാരന്മാര്‍ മുമ്പും നമുക്കുണ്ട്. അതില്‍ ഒരു പുതുമയുമില്ല. സംശയം അതൊന്നുമല്ല. ദാരിദ്ര്യം എങ്ങനെയാണ് എഴുത്തുകാരന് അധികയോഗ്യത ആവുന്നത് എന്നതാണ്. അത് എങ്ങനെയാണ് സാഹിത്യകാരനെ ഉത്പാദിപ്പിയ്ക്കുന്നത് എന്നാണ്. രണ്ടു ദിവസം പട്ടിണി കിടന്നവനല്ലാതെ സാഹിത്യം എഴുതാന്‍ അര്‍ഹതയില്ല എന്ന് പണ്ട് കേശവദേവ് പറഞ്ഞിട്ടുണ്ടത്രേ. അത് അര നൂറ്റാണ്ടു മുമ്പത്തെ കഥയാണ്. വിശപ്പ് അറിയാത്തവന്‍ സാഹിത്യകാരനാവില്ല എന്നത് ഇന്ന് പഴകിയ ഒരു സങ്കല്‍പമാണ്. പട്ടിണി കിടക്കുന്നവര്‍ എല്ലാവരും എന്തെങ്കിലും എഴുതിയാല്‍ അത് മഹാസാഹിത്യമാവുമോ? അങ്ങനെയാണെങ്കില്‍ മലയാളസാഹിത്യം ഇതിനകം തന്നെ മൂല്യത്തിലും വലിപ്പത്തിലും സമ്പന്നമാവുമായിരുന്നുവല്ലോ.
അപ്പോള്‍ അതല്ല കാര്യം. ഇത് രാഷ്ട്രീയത്തില്‍ നമ്മള്‍ ധാരാളം കണ്ടിട്ടുള്ള ഒരു കച്ചവടതന്ത്രമാണ്. ദാരിദ്ര്യത്തിന് വിപണിമൂല്യം കൂടുമെന്ന് രാഷ്ട്രീയവിശാരദന്മാര്‍ക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ട് തിരഞ്ഞെടുപ്പു വരുമ്പോള്‍ അവര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെടുക്കുകയും അയാളുടെ കുടിലിന്റേയും കുടിലിനു മുന്നില്‍ നില്‍ക്കുന്ന അമ്മയുടേയും ചിത്രങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നു. സ്ഥാനാര്‍ത്ഥി പുഷ്പം പോലെ ജയിയ്ക്കുന്നു. അയാള്‍ ജയിച്ചുകയറുന്നത് സമ്പന്നതയിലേയ്ക്കാണ് എന്ന യാഥാര്‍ത്ഥ്യം അതിനു പിന്നാലെ മാത്രമേ വരുന്നുള്ളു.
സാഹിത്യത്തിലും ഈ കച്ചവടതന്ത്രം വളരെ സമര്‍ത്ഥമായി ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഒരു കവിയുടെ കുടില്‍ പരക്കെ വാര്‍ത്തയായിരുന്നു. അയാളുടെ കവിതകളേക്കാള്‍ അനുവാചകര്‍ അറിഞ്ഞത് അയാള്‍ ഒരു മീന്‍കച്ചവടക്കാരനാണെന്നും അയാള്‍ താമസിയ്ക്കുന്നത് ഒരു കുടിലിലാണെന്നും ആയിരുന്നു. അന്നത്തെ സാംസ്‌കാരികമന്ത്രി കുടിലിലെത്തി കവിയെ ആശീര്‍വ്വദിയ്ക്കുന്നതും പരസ്യവിഷയമായിട്ടുണ്ട്. അതുകൊണ്ട് ദീനദയാലു എന്ന പ്രതിച്ഛായ മന്ത്രിയ്ക്കും കിട്ടി. രണ്ടു പേര്‍ക്കും ഗുണമുള്ള കാര്യം.
എല്ലാ തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ടെന്നിരിയ്‌ക്കേ മീന്‍വിറ്റുനടക്കുന്നത് എങ്ങനെയാണ് അധമമാവുന്നത് എന്നു മനസ്സിലായിട്ടില്ല. കഥയും കവിതയുമെഴുതുന്നവര്‍ ഓട്ടോറിക്ഷ ഓടിയ്ക്കരുതെന്നും മണ്ണു ചുമക്കരുതെന്നും ചെരിപ്പുകടയില്‍ നില്‍ക്കരുതെന്നും എവിടെയും പറഞ്ഞിട്ടില്ലല്ലോ. അതുപോലെ കവിത വായിയ്ക്കുന്നവന് അതെഴുതിയ ആള്‍ കുടിലിലാണോ കൊട്ടാരത്തിലാണോ താമസിയ്ക്കുന്നതെന്ന് അറിയേണ്ട ഒരു ബാധ്യതയുമില്ല. വായിയ്ക്കുന്നവന്റെ മുമ്പില്‍ കവിത എന്നോ കഥ എന്നോ ഉള്ള ഉല്‍പ്പന്നം മാത്രമാണ് ഉള്ളത്. അതിന്റെ മൂല്യനിര്‍ണ്ണയം നടക്കുന്നത് വായനക്കാരന്റെ മനസ്സിലാണ്. മേല്‍പ്പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ടവനാണ് എന്നതു കൊണ്ട് എഴുത്തുകാരന് ഒരാനുകൂല്യമോ പ്രാതികൂല്യമോ അനുവദിച്ചുകൊടുക്കാന്‍ നല്ല വായനക്കാരന്‍ ഒരിയ്ക്കലും തയ്യാറാവുമെന്നു തോന്നുന്നില്ല.
സ്വന്തം ദാരിദ്ര്യം കൊട്ടിഗ്‌ഘോഷിയ്ക്കുന്നതിലൂടെ എന്താണ് ബേബി തോമസ് ലക്ഷ്യമാക്കുന്നതെന്ന് മനസ്സിലായില്ല. ഈ എഴുത്തുകാരനെ അറിയില്ല എന്ന് 'ആചാര്യന്മാര്‍' പറഞ്ഞതിന് ഇത്രയേറെ രോഷത്തോടെ പ്രതികരിയ്‌ക്കേണ്ടതുണ്ടോ? ഇത്രയധികം എഴുത്തുകാരുള്ള നമ്മുടെ ഭാഷയിലെ എല്ലാ എഴുത്തുകാരുടേയും എല്ലാ രചനകളും വായിയ്ക്കുക എന്നത് എളുപ്പമല്ല എന്ന് ബേബി തോമസ്സിനും അറിയാവുന്നതാണല്ലോ.
അല്ലെങ്കില്‍ ആരാണ് എഴുത്തുകാര്‍? വായനക്കാരുള്ളതുകൊണ്ടു മാത്രം അസ്തിത്വമുള്ള ഒരു വര്‍ഗ്ഗമല്ലേ അവര്‍? പാട്ടു കേള്‍ക്കാത്തവര്‍ക്ക് എന്തു യേശുദാസ്, ചിത്രങ്ങള്‍ എന്തെന്നറിയാത്തവര്‍ക്ക് എന്തു രവിവര്‍മ്മ, വായിയ്ക്കാത്തവര്‍ക്ക് എന്തു വൈലോപ്പിള്ളി? സ്വന്തം കഴിവിന്റെ പേരില്‍ അഹങ്കരിയ്ക്കാന്‍ ഒരു കലാകാരനും അര്‍ഹതയില്ല. വളരെ വലിയൊരു ലോകത്തിലെ വളരെച്ചെറിയൊരു ഭാഷയിലെ ആയിരക്കണക്കിന് എഴുത്തുകാരില്‍ ഒരാളായ എഴുത്തുകാരന് തന്നെ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞില്ല എന്ന പേരില്‍ പരിഭവിയ്ക്കാനും അര്‍ഹതയില്ല.
സാഹിത്യ അക്കാദമി അംഗത്വം എഴുത്തുകാരന് അത്ര വലിയ യോഗ്യതയാണോ? 'ആചാര്യന്മാര്‍'ക്ക് അസൂയ തോന്നാന്‍ തക്കവണ്ണം എന്തു മഹത്വമാണ് അതിനുള്ളത്? ഒരു ചുക്കുമില്ല. ഒരിയ്ക്കല്‍ അക്കാദമിയില്‍ അംഗത്വം ഉണ്ടായിരുന്ന ആള്‍ എന്ന നിലയ്ക്ക് അതെനിയ്ക്ക് നല്ലവണ്ണം ബോധ്യമായിട്ടുണ്ട്. എന്റെ അംഗത്വം കൊണ്ട് സാഹിത്യത്തിന് എന്തെങ്കിലും ഉന്നമനമുണ്ടായിട്ടില്ല എന്നുറപ്പ്. സ്വാഗതവും നന്ദിയും പറഞ്ഞതിന്റെ കൂലിയായി കിട്ടിയ ഏതാനും ചില്ലറയല്ലാതെ എനിയ്ക്കും വലിയ ഉന്നമനമൊന്നും ഉണ്ടായിട്ടില്ല. അക്കാലത്ത് അക്കാദമി പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും സൗജന്യമായി കിട്ടി എന്ന ഒരു ഗുണവും ഉണ്ടായിട്ടുണ്ട്.
''സുരതം പോലെ മരണം പോലെ കഠിനം'' എന്നൊക്കെപ്പറഞ്ഞാലും എഴുത്ത് അത്രമാത്രം ബുദ്ധിമുട്ടുള്ളതാണെന്ന് എനിയ്ക്കനുഭവമില്ല. മലയാറ്റൂര്‍ രാമകൃഷ്ണന്‍ പണ്ടൊരിയ്ക്കല്‍ പറഞ്ഞ പോലെ എഴുതിയില്ലെങ്കില്‍ മരിയ്ക്കും എന്നൊന്നും എനിയ്ക്കും ഇതുവരെ തോന്നിയിട്ടില്ല. അതൊക്കെ എഴുത്തിനെ മഹത്വവല്‍ക്കരിയ്ക്കുന്നവര്‍ പറഞ്ഞുണ്ടാക്കിയതാണ് എന്നാണ് എന്റെ പക്ഷം.
ഞാനിവിടെയുണ്ട് എന്ന് സ്വന്തം രചനകളിലൂടെ തെളിയിയ്ക്കാനുള്ള ബാധ്യതയാണ് ഇന്ന് എഴുത്തുകാരന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിലേയ്ക്ക് എളുപ്പവഴിയൊന്നുമില്ല. നിരൂപണമെഴുതിച്ചോ നിരാഹാരം കിടന്നോ നിരന്തരം വാര്‍ത്തയുണ്ടാക്കിയോ തല്‍ക്കാലത്തേയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഒരെഴുത്തുകാരനു കഴിഞ്ഞേയ്ക്കാം. പക്ഷേ അതൊന്നും ശാശ്വതമല്ല. ദീര്‍ഘായുസ്സു വേണമെങ്കില്‍ സ്വന്തം കൃതികള്‍ ഈടുറ്റതായേ തീരൂ. അത് അങ്ങനെയാണെന്ന് എഴുത്തുകാര്‍ സ്വയം പറഞ്ഞാല്‍പ്പോരാ. വായനക്കാരാണ് അതു തീരുമാനിയ്‌ക്കേണ്ടത്. അതിന് കുടിയും കുടിലും കുന്നായ്മയുമൊന്നും രക്ഷയ്‌ക്കെത്തില്ല.
എഴുത്തുകാരന്റെ ജീവചരിത്രം വായനക്കാരെ ബാധിയ്ക്കുന്നതല്ല എന്ന് എല്ലാ എഴുത്തുകാരും മനസ്സിലാക്കണം. ഓരോ കൃതിയുടേയും ഒപ്പം വായനക്കാരന് സ്വന്തം ജീവചരിത്രസംഗ്രഹം കൂടി എത്തിച്ചുകൊടുക്കുന്നത് പ്രായോഗികമാവില്ല. മാത്രമല്ല വെറുതെ കിട്ടിയാലും വായനക്കാരന്‍ അത് വായിയ്ക്കാന്‍ തയ്യാറായിക്കൊള്ളണമെന്നുമില്ല. കാരണം കൃതി വായിച്ച് എഴുത്തുകാരനെ ഒന്നു പരിചയപ്പെടണമല്ലോ എന്ന് വായനക്കാരന് തോന്നുമ്പൊഴേ അയാള്‍ ജീവചരിത്രം വായിയ്ക്കാന്‍ ഒരുമ്പെടുകയുള്ളു. തിരിച്ചാണെങ്കില്‍ അവര്‍ക്ക് ജീവചരിത്രവും മേല്‍വിലാസവും കൊടുക്കുന്നത് അപായകരമാവും എന്ന് ഓര്‍മ്മിപ്പിയ്ക്കാന്‍ കൂടി ഈ അവസരം ഞാന്‍ ഉപയോഗിയ്ക്കട്ടെ.
(ദേശാഭിമാനി വാരികയില്‍ വന്ന കുറിപ്പ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.