Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകൊങ്ങിണിക്കാടുകളുടെ...

കൊങ്ങിണിക്കാടുകളുടെ ഒരു ലോകം എന്റെ ഉള്ളില്‍ അനങ്ങുന്നു

text_fields
bookmark_border
കൊങ്ങിണിക്കാടുകളുടെ ഒരു ലോകം എന്റെ ഉള്ളില്‍ അനങ്ങുന്നു
cancel

ഓണന്‍ എന്നും ഓണത്തി എന്നുമുള്ള മലയാളം മനുഷ്യനാമങ്ങള്‍

വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗത്തില്‍ പെട്ട പണിയരുടെയിടയില്‍ മാത്രമേ ഓണന്‍ എന്നും ഓണത്തി എന്നുമുള്ള മലയാളം മനുഷ്യനാമങ്ങള്‍ ഉണ്ടാവൂ.മാവേലിയുടെ കഥ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടേതുമാണെന്നതിന് ഇതു തന്നെ ഒരു തെളിവാണ്.ഒരു കാലത്ത് വയനാട്ടിലുള്ളത്ര ഓണം ഒരു നാട്ടിലും ഉണ്ടായിട്ടുണ്ടാവില്ല.വിശപ്പിന്റെയും അധ്വാനത്തിന്റെയും നടുക്ക് കൊല്ലത്തിലൊരു ദിവസം വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കല്‍ മാത്രമല്ല ഓണം.

ഓണമെന്നത് കേരളത്തിന്റെ പൂക്കാലമാണ്.വയനാട്ടിലുള്ളത്ര പൂവുകള്‍ എവിടെയുണ്ടാവാനാണ്?പല നിറങ്ങളിലുള്ള കൊങ്ങിണിപ്പൂവുകളുടെ കാടുകള്‍ ,തൊട്ടാവാടികള്‍ ,തുമ്പകള്‍ ,കാക്കപ്പൂവുകള്‍ ,മുക്കുറ്റികള്‍ ,കാശിത്തുമ്പകള്‍ ആരും പേരിട്ടിട്ടില്ലാത്ത നൂറുകണക്കിന് വയല്‍പ്പൂവുകള്‍ .മിഥുനം കര്‍ക്കിടകം മാസങ്ങളിലെ കൊടും മഴ കഴിഞ്ഞ് വെയില് തെളിയും.മഴക്കാലത്തെ വറുതികളൊക്കെ നീങ്ങി ഒരു ഉത്സാഹം പരക്കും.പ്രകൃതി അതിന്റെ ഊര്‍ജ്ജം വീണ്ടെടുക്കും.

ആ പൂതേടിപ്പോക്കുകളായിരുന്നു ഓണം

അങ്ങനെയുള്ള ഓണക്കാലങ്ങലിലാണ് ഞങ്ങള്‍ കുട്ടികള്‍ പൂ തേടി പ്പോവുക.പൂവുകളുടെയും ഇലകളുടെയും കായ്കളുടെയും മണങ്ങള്‍ മൂടി നില്‍ക്കുന്ന പത്തു ദിവസങ്ങള്‍.കൊങ്ങിണിക്കാടുകളാണ് (അരിപ്പൂ/ചിലന്നി) പൂവുകളുടെ പ്രധാന സ്രോതസ്സ്.വയനാട്ടിലെ എല്ലാ പറമ്പുകലുറ്റെയും വേലികള്‍ അക്കാലത്ത് അരിപ്പൂച്ചെടികളുടേതായിരുന്നു.ഒഴിഞ്ഞ പറമ്പുകളിലും അവ സുലഭമായി വളര്‍ന്നു.ചുവപ്പ് ,മഞ്ഞ ,വെള്ള ,റോസ് ,ഓറഞ്ച് ,തുടങ്ങിയ പലനിറങ്ങളില്‍ അരിപ്പൂക്കള്‍ കിട്ടും.ചില സ്ഥലങ്ങളില്‍ വളര്‍ന്നു പന്തലിച്ച അരിപ്പൂച്ചെടികളുടെ അടിയില്‍ അതിസാഹസികമായി കയറിപ്പറ്റിയാണ് പൂ പറിക്കുക.അപ്പോള്‍ അവിടം ആ ചെടിക്കും പൂ പറിക്കുന്ന കുട്ടിക്കും മാത്രം പരിചിതമായ ഒരിടമായിരിക്കും.ലോകത്തു നിന്ന് ഒളിഞ്ഞിരുന്ന് താന്‍ പൂ പറിക്കുകയാണോയെന്ന് ഒരു കുട്ടിക്ക് തോന്നിക്കൂടായ്കയില്ല.ആ തണവ് ,സ്വകാര്യത,അരിപ്പൂച്ചെടിയുടെ മണം എല്ലാം കൂടി ഏതോ ഒരാനന്ദത്തില്‍ അവനെ മുക്കിയെടുക്കും.

എന്നെ സംബന്ധിച്ച് മുറ്റത്തിടുന്ന പൂക്കളങ്ങളായിരുന്നില്ല ആ പൂതേടിപ്പോക്കുകളായിരുന്നു ഓണം.വയനാടിനു താഴെയുള്ള മലയാളികളെപ്പോലെ പലവിധ ഓണച്ചടങ്ങുകളൊന്നും കുടിയേറ്റക്കാര്‍ക്ക് ഉണ്ടായിരുന്നില്ല.ഒതുക്കത്തില്‍ അവര്‍ ഓണമാഘോഷിച്ചു പോന്നു.എന്നാലും അതിന്റെ ആഹ്ലാദത്തിന് അന്നത്തെ വൈക്കോല്‍പ്പുരകളുടെ മേലാപ്പില്‍ തെളിഞ്ഞുകിടന്ന വെയിലോളം തിളക്കമുണ്ടായിരുന്നു.ഭൂമി ഒന്ന് തിരിച്ചുപിടിച്ചാല്‍ വയനാട് പാതാളമാവും.സമൃദ്ധമായ കേരളക്കരയില്‍ നിന്ന് ഗതികെട്ടവരെ മുഴുവന്‍ അന്ന് വയനാട്ടിലേക്ക് ചവിട്ടിത്താഴ്ത്തിയിരുന്നു.(ചവിട്ടിയുയര്‍ത്തി എന്നും പറയാം ).അങ്ങനെ നാടുകടത്തപ്പെട്ടവരായതുകൊണ്ടാവണം ഞങ്ങളുടെ ഓണത്തിന് കൂടുതല്‍ തിളക്കമുണ്ടായത്.

ഒരു പത്തു പതിനഞ്ചു വയസ്സായപ്പോള്‍ പഞ്ചായത്തിലെ ഓരോ അരക്കിലോമീറ്റര്‍ ദൂരത്തിലും ക്ലബ്ബുകള്‍ ഉണ്ടായിരുന്നു.ഓണക്കാലത്ത് എല്ലാ ക്ലബ്ബുകളിലും പലവിധ പരിപാടികള്‍.പൂക്കള മത്സരം ,വടംവലി ,വാഴയില്‍ കയറ്റം ,പുലികളി അങ്ങനെ പലതും.നാട്ടിലെ ക്ലബ്ബുകളൊക്കെ ക്രമേണ നിശ്ചലമായി.ഒരുമിച്ചുകൂടാനുള്ള പൊതു ഇടങ്ങള്‍ നഷ്ടമായതാണ് ആഘോഷങ്ങളിലും മാറ്റങ്ങളുണ്ടാക്കിയത്.മനുഷ്യര്‍ കൂടുതല്‍ സ്വാര്‍ഥികളും ഒറ്റപ്പെട്ടവരുമായി.ലോകത്തെക്കുറിച്ച് വലിയ അവിശ്വാസങ്ങള്‍ ഉള്ളവരായി.

എങ്കിലും ഓണം എന്ന ഈ ഋതുചാരുതയെ പൂവുകള്‍ സൂക്ഷിക്കുന്നു.പാതാളങ്ങളില്‍ നിന്ന് അവ തിരിച്ചെത്തുന്നു.വെയിലിന്റെ ഓളങ്ങളില്‍ ഓണത്തുമ്പികള്‍ പറക്കുന്നു.നമ്മുടെ ഉള്ളില്‍ ആ പഴയ കുട്ടികള്‍ പൂതേടി നടക്കുന്നു.കൊങ്ങിണിക്കാടുകളുടെ ഒരു ലോകം എന്റെ ഉള്ളില്‍ അനങ്ങുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story