പുസ്തകം പോട്ടെ; വികസനം വരട്ടെ
text_fieldsഅങ്ങനെ സാക്ഷാല്‍ തിര്വോന്തരത്തെ ഭരണക്കാരായ ഞങ്ങള്‍ക്ക് ബുദ്ധിയുദിച്ചിരിക്കുന്നു. നഗര വികസനത്തിന് തടസ്സമായി നിലനില്‍ക്കുന്നത് പാളയത്തിനടുത്തുള്ള കിത്താബ് വില്‍പനക്കാരാണ്. അതിനാല്‍, അവര്‍ കച്ചവടം അവസാനിപ്പിച്ച് അടിയന്തരമായി ഒഴിഞ്ഞുപോകുവിന്‍. അല്ളെങ്കില്‍ നിങ്ങളെയും കിത്താബുകളെയും ഞങ്ങള്‍ കുടിയൊഴിപ്പിച്ചുകളയും. പിന്നെ, പുസ്തകത്തോട് അവഹേളനം കാട്ടി എന്നൊക്കെ പറഞ്ഞ് പത്രക്കാരും ചാനലുകാരും ഒക്കെ കൂടി കരഞ്ഞുവിളിച്ച് കണ്ണീര്‍ വാര്‍ത്താല്‍ ഞങ്ങള്‍ക്ക് അതിലൊട്ടും വിഷമവുമില്ല. അതിലൊന്നും കുലുങ്ങുന്നവരുമല്ല. അല്ളെങ്കില്‍തന്നെ, സെക്കന്‍ഡ്സ് വില്‍ക്കുന്നവരല്ളേ്യാ ഇവര്‍. മറ്റൊരു വസ്തുവിന്‍െറ കച്ചവടമുണ്ട്. ’ആ വസ്തുവിന്‍െറ പേര് ഉച്ചരിച്ചുപോകരുതെന്ന് സുധീരന്‍ സാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ ക്ഷമിക്കുക.
അവിടെ സെക്കന്‍ഡ്സ് വില്‍ക്കുക എന്നാല്‍ അതീവ പാപമാണ്. എന്നാലും, ചില അഡ്ജസ്റ്റുമെന്‍െറാക്കെ ഉണ്ടേല്‍ അതിനും ചില സ്വാതന്ത്ര്യം ഒക്കെ നല്‍കും. അതിനൊക്കെ ചില അഡ്ജസ്റ്റുമെന്‍റ് വേണം. അഡ്ജസ്റ്റ്മെന്‍റ് ഇല്ലാത്തതൊന്നുമില്ല അനിയന്‍മാരേ. ഈ ഭരണം പോലും അല്ലറ ചില്ലറ അഡ്ജസ്റ്റുമെന്‍റും കച്ചവടവും ഒക്കത്തെന്നെയല്ളേ....
പറഞ്ഞുവരുന്നതിലേക്ക് തന്നെ വരാം. വഴിയോര പുസ്തകക്കച്ചവടം അവസാനിപ്പിക്കുക വഴിയുള്ള ചില നേട്ടങ്ങളിലേക്കാണ് ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇപ്പോള്‍ പാളയം പബ്ളിക് ലൈബ്രറിയുടെ അടുത്തുള്ള റോഡരികിലാണ് പ്രധാനമായും ഇവരുടെ പുസ്തക വില്‍പന മഹാമഹം നടക്കുന്നത്. സാമാന്യം തിരക്ക് ഒഴിഞ്ഞയിടമെന്നൊക്കെ പറയുമായിരിക്കും. എന്നാലും, ഇടക്കിടെ ഇവിടേക്ക് പുസ്തകങ്ങള്‍ തെരഞ്ഞുവരുന്ന ചില പുള്ളികളുണ്ട്. ബുദ്ധിജീവികളും ഗവേഷകരും സ്കൂളിലും കോളജിലും പഠിക്കുന്നവരും രക്ഷകര്‍ത്താക്കളുമൊക്കെ. വല്യ ആളുകളിക്കുന്ന ഭാവങ്ങളാണ് ഇവരില്‍ പലര്‍ക്കും. നാളെ ഞങ്ങള്‍ അങ്ങ് വല്യ സംഭവങ്ങള്‍ ആയിത്തീരും എന്നൊരു ഭാവം ആ മുഖത്തുണ്ടെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല.
ആരോടും ഒന്നും മിണ്ടാതെ ഇവിടെ വന്ന് വല്യ തിരച്ചിലാണ്. ഒടുവില്‍ തിരഞ്ഞു തിരഞ്ഞ് മടുക്കുമ്പോള്‍ ഇവിടെ കച്ചവടക്കാരായ പയ്യന്മാര്‍ ഇടപെടും. ആദ്യമാദ്യം ഇവരോട് പുസ്തകത്തിന്‍െറ പേരൊന്നും ഈ പുലികള്‍ പറയില്ല. ഇംഗ്ളീഷിലെ കടിച്ചാല്‍ പൊട്ടാത്ത പേരുകളൊക്കെ പറഞ്ഞാല്‍ ഇവന്മാര്‍ക്ക് എങ്ങനെ മനസ്സിലാകും എന്നൊരു ഭാവം. പിന്നെ പതിയെപ്പതിയെ പറയുമ്പോള്‍ അവര്‍ മിന്നായം പോലെ പഴയ പുസ്തകങ്ങളുടെ ഇടയിലേക്ക് ഊളിയിടും. പിന്നെ ഒരു പൊങ്ങലാണ്. ഏതു പുലികളുടെതായാലും അവര്‍ കൊണ്ടുവന്ന് കൊടുക്കും. ഒപ്പം ആ എഴുത്തുകാരന്‍െറ മറ്റു കൃതികളും ഇവിടെയുണ്ടെന്ന് അവര്‍ അറിയിക്കും. ഇനി എഴുത്തുകാരനെ കുറിച്ചുള്ള ചെറുവിവരണവും അവര്‍ക്ക് നല്‍കിയേക്കാന്‍ കഴിഞ്ഞേക്കും. അതൊക്കെ കേട്ട് ലെക്ചര്‍ നോട്ട് തയാറാക്കാനോ ഏതുവരെ പഠിച്ചു എന്ന് കണ്ണുതള്ളി ചോദിക്കാനോ മുതിരരുത്. വയറ്റിപ്പിഴപ്പാണ് അണ്ണാ.. നമ്മളെ വിട്ടേക്ക് എന്നുപറഞ്ഞ് അവര്‍ തലയൂരും. ഇനി, പുസ്തകത്തിന്‍െറ വിലയും അവര്‍ കടവിലയില്‍ നിന്ന് പാതി കുറച്ചുതരും. അതിലും കുറക്കണമെങ്കില്‍ ചിലപ്പോള്‍ അതും. ലോക വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്ര ഗ്രന്ഥങ്ങളും സാഹിത്യ കൃതികളും മാസികകളും ഇങ്ങനെ ഇവിടെ അടുക്കി വില്‍പനക്കായി വെച്ചിരിക്കുന്നു.
ഇങ്ങനെ രാത്രിയും പകലും ‘വൈജ്ഞാനിക’ വ്യാപാരം നടത്തുന്ന നിങ്ങള്‍ക്കാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി ഞങ്ങള്‍ പുഞ്ചിരിതൂകുന്നത്. തിര്വോന്തരത്തെ പാതയോരങ്ങള്‍ ഞങ്ങള്‍ മുമ്പേ ശുദ്ധീകരിച്ചതാണല്ളോ. അന്ന് തണല്‍ വിരിച്ചു നിന്ന അത്യപൂര്‍വ വൃക്ഷങ്ങളെ വെട്ടിവെളുപ്പിച്ചായിരുന്നു ഞങ്ങള്‍ വികസന വിപുലീകരണ യഞ്ജം നടത്തിയത്. കവയിത്രിയൊക്കെ കുറച്ച് ബഹളമുണ്ടാക്കി. എന്നിട്ടെന്തുണ്ടായി. തണലും തണുപ്പും നല്‍കുന്നതിനെ ഒന്നും വെച്ചേക്കാന്‍ പാടില്ളെന്നതാണ് വികസനത്തിന്‍െറ അര്‍ഥമെന്ന് ഇവര്‍ക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകുന്നില്ല. അതിന് ഞങ്ങള്‍ എന്തുപിഴച്ചു... പിന്നെ, വായന ഗുരുതര കുറ്റകൃത്യമായേക്കാവുന്ന ഒരു കാലത്തേക്കാണ് പോകുന്നത് എന്ന ഒരു സൂചന കൂടി ഞങ്ങള്‍ തരുന്നു. ഗവേഷകരും ബുദ്ധിജീവികളും യൂനിവേഴ്സിറ്റി, പബ്ളിക് ലൈബ്രറികളിലേക്ക് പോകട്ടെ. കുട്ടികള്‍ സ്കൂള്‍ ലൈബ്രറിയിലേക്കും. ഗ്രാമീണ ലൈബ്രറികളിലേക്ക് പോകണമെന്ന് പറയുന്നില്ല. ഉള്ളതില്‍ 90 ശതമാനവും അന്ത്യശ്വാസം വലിച്ചുകഴിഞ്ഞു.
പാവപ്പെട്ട പുസ്തക വില്‍പനക്കാരെ ഒഴിപ്പിച്ചിട്ട് നിങ്ങള്‍ എന്തുനേടാനാണെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ ഈ നിലയില്‍ എത്തിയത് ഇതൊക്കെ വായിച്ചാണോ എന്നതാണ് നിങ്ങള്‍ ’ആലോചിക്കേണ്ട വിഷയം. തീര്‍ച്ചയായും ഇന്നത്തെ ചിന്താവിഷയമാക്കേണ്ട ഒന്നാണിത്. ഞങ്ങള്‍ പണ്ട് പാളയത്ത് അണ്ടര്‍പാസ് എന്നൊരു സംവിധാനം ഉണ്ടാക്കിയതിലൂടെ ഞങ്ങളുടെ നഗര വികസന പാടവം തെളിയിച്ചതാണല്ളോ.. എന്താണതിന്‍െറ പ്രസക്തിയെന്നും അതുവഴി ദിവസം എത്ര വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നും എന്നുകൂടി ആലോചിച്ചാല്‍ ഞങ്ങടെ ‘നഗര വികസന പുദ്ധി’ വ്യക്തമാകും. വാഹനങ്ങള്‍ ഇരമ്പിയാര്‍ത്തുപോകുന്ന ഒരു റൂട്ടിന്‍െറ അടിയില്‍ തുരങ്കം തീര്‍ത്ത് അനാവശ്യമായ ഒരു അണ്ടര്‍പാസ് നിര്‍മിച്ചാലുള്ള സാധ്യതകളെ കുറിച്ച് ഞങ്ങള്‍ക്ക് തീര്‍ച്ചയായും ബോധ്യമുണ്ട്.
എന്തായാലും, ആ വഴിയോര കിത്താബു വില്‍പനക്കാരുടെ കാര്യത്തില്‍ ഒരു തീരുമാനം ഉടന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പിന്നെ ആ പയ്യന്മാര്‍ക്ക് മറ്റൊരു ജോലി. അതിന് ഞങ്ങടെ ഉപദേശം വേണോ..അങ്ങനെ വഴിക്കുവാ.. പാളയത്തെ പുസ്തകക്കട അടച്ചുപൂട്ടി മടങ്ങുമ്പോള്‍ എം.എല്‍.എ ഹോസ്റ്റലിലേക്ക് ഒന്നു കണ്ണുവെക്കൂ.. നമ്മുടെ ശരദ്ചന്ദ്രപ്രസാദിന്‍െറ പിള്ളേര്‍ അവിടെയുണ്ടേല്‍ നിങ്ങള്‍ക്ക് ജോലിയും ഉറപ്പ്...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.