തൊലിക്കറുപ്പിനെ ആഘോഷിച്ച വെളുത്ത വിപ്ളവകാരി
text_fieldsവിശ്വപ്രസിദ്ധ ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരി നദീന്‍ ഗോഡിമര്‍ (Nadine Gordimer)- അഥവാ വര്‍ണവിവേചനത്തിനെതിരായ ഒരിക്കലും അവസാനിക്കാത്ത വെളുത്ത ശബ്ദം- മരണമെന്ന ഭൗമിക യാഥാര്‍ഥ്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുന്നു. കഴിഞ്ഞ ജൂലൈ 13ന് മരണമത്തെിയ നേരത്തും ജീവിതകാലം മുഴുവന്‍ കൈമോശം വരാതെ സൂക്ഷിച്ച പോരാട്ടവീര്യം അവരുടെ മുഖത്തുണ്ടായിരുന്നെന്ന ജൊഹാനസ്ബര്‍ഗില്‍നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ ആഗോള വായന സമൂഹത്തെ പുളകിതരാക്കുന്നു.
പ്രണയവും സൗഹൃദവും പകയുമെല്ലാം കറുത്ത വര്‍ഗക്കാരന്‍െറ കൂടി അവകാശങ്ങളില്‍പെട്ടതാണെന്ന പ്രഖ്യാപനം നടത്തിയാണ് ഗോഡിമര്‍ എന്ന വെള്ളക്കാരി ‘അപാര്‍ത്തീഡ്’ നിലനിന്നിരുന്ന തന്‍െറ മാതൃരാജ്യത്തിന്‍െറ കിരാതയ രീതികള്‍ക്കെതിരെ രംഗപ്രവേശം ചെയ്യുന്നത്. വ്യക്തമായി പറഞ്ഞാല്‍, 1960ല്‍ നടന്ന ‘ഷാര്‍പന്‍വില്‍ കൂട്ടക്കുരുതി’യില്‍ സ്വന്തം സുഹൃത്തായ ബെറ്റി ഡൂ ടൊയ്റ്റ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍. തൊലിക്കറുപ്പിന്‍െറ അപകര്‍ഷത, അല്ളെങ്കില്‍ വര്‍ഗ-വര്‍ണ വ്യതിരിക്തത’, വെളുത്തവന്‍െറ മാലിന്യമടിഞ്ഞു കൂടിയ കറുത്ത മനസ്സിന്‍െറ സൃഷ്ടിയാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഈ വിപ്ളവകാരി, വെള്ളക്കാരുടെ ന്യൂനപക്ഷം കൈക്കലാക്കിയ സ്വന്തം നാട്ടിലെ രാഷ്ട്രീയ ഭരണത്തിനെതിരായി സ്ഫോടനങ്ങള്‍ തീര്‍ത്തുകൊണ്ടേയിരുന്നു. ഒടുവില്‍, 1994ല്‍ തന്‍െറ നാട്ടില്‍ അപാര്‍ത്തീഡ് ഒഴിഞ്ഞ് ജനാധിപത്യം ഉദയംകൊള്ളുന്ന കാഴ്ച ആവോളം ആസ്വദിച്ചശേഷമാണ് തന്‍െറ തൂലികയില്‍ പുതിയ മഷി നിറക്കാന്‍ അവര്‍ വിരലുകള്‍ ചലിപ്പിച്ചത്.
ഗാന്ധിജിയെയും നെല്‍സണ്‍ മണ്ടേലയെയും ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് ഗോഡിമര്‍ ദക്ഷിണാഫ്രിക്കയുടെ സാമൂഹിക ജീവിതത്തില്‍, ചൂഷണവിധേയരായ ഇരകള്‍ക്കിടയിലേക്ക്, ഇടപെടലുകളുടെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തുവെക്കാന്‍ തുടങ്ങുന്നത്. മണ്ടേലയുടെ പ്രശസ്തമായ ‘ഞാന്‍ മരണത്തിന് തയാറാണ്’ (I am Prepared to Die) എന്ന പ്രസംഗം എഡിറ്റ് ചെയ്തത് ഗോഡിമറായിരുന്നു.
സ്വര്‍ണഖനികളുടെ നിറയൗവനത്തില്‍ മദിച്ചുകൊണ്ടിരിക്കുന്ന കിഴക്കന്‍ ജൊഹാനസ്ബര്‍ഗിലെ ട്രാന്‍സ്വാളിലാണ് അവര്‍ ജനിക്കുന്നത്. അന്യംനിന്നു തുടങ്ങിയിരുന്ന ആഫ്രിക്കന്‍ സാംസ്കാരികത്തനിമയെയും ജനതയെയും അവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെയും ഇതിവൃത്തമാക്കി ഗോഡിമര്‍ എഴുതിയ 30ല്‍പരം രചനകള്‍ വെള്ളക്കാരുടെ കീഴിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്തവന്‍െറ ആക്രോശമായി ലോകം ആഘോഷിച്ചു. 1976ല്‍ ‘ദ ലെയ്റ്റ് ബൂര്‍ഷ്വാസി വേള്‍ഡ്’, ‘എ വേള്‍ഡ് ഓഫ് സ്ട്രെയ്ഞ്ചേഴ്സ്’, ‘ബര്‍ഗേഴ്സ് ഡോട്ടര്‍’ എന്നീ കൃതികള്‍ സര്‍ക്കാര്‍ നിരോധിച്ചെങ്കിലും, ‘മൈ സണ്‍സ് സ്റ്റോറി’, ‘ദ് കണ്‍സര്‍വേറ്റിസ്റ്റ്’ തുടങ്ങിയ നോവലുകള്‍ ഗോഡിമറെ സമകാലിക വിശ്വസാഹിത്യത്തിന്‍െറ പടിപ്പുരയില്‍തന്നെ പ്രതിഷ്ഠിച്ചു. 1974ല്‍ ബുക്കര്‍ സമ്മാനവും 1987ല്‍ പുറത്തിറങ്ങിയ ‘എ സ്പോര്‍ട് ഓഫ് നേച്ചര്‍’ എന്ന നോവലിലൂടെ 1991ല്‍ ലഭിച്ച നൊബേല്‍ സാഹിത്യ പുരസ്കാരവും കൊണ്ട് ആദരിക്കപ്പെട്ട ഇവര്‍ തന്‍െറ അവസാനത്തെ നോവലായ ‘നോ ടൈം ലൈക് ദ പ്രസന്‍റ്’ ലോകവായന സമക്ഷത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് 2012ലാണ്-89ാം വയസ്സില്‍!
അമേരിക്കയുടെ ക്യൂബന്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പ്രസിഡന്‍റ് ജേക്കബ് സുമയുടെ സെന്‍സര്‍ഷിപ്പുകളെയും അതിനിശിതമായി വിമര്‍ശിച്ച് പോരാട്ടത്തിന് പ്രായഭേദമില്ല എന്ന് സ്വജീവിതം കൊണ്ട് ഇവര്‍ ഉദാഹരണങ്ങള്‍ ആകൃതിപ്പെടുത്തി. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി നിരോധിക്കപ്പെട്ട നാളില്‍ അതില്‍ അംഗത്വമെടുത്ത് സജീവമായി പ്രവര്‍ത്തിച്ച ഗോഡിമര്‍ വര്‍ണവിവേചനമെന്ന കൊടിയ നീതിനിഷേധത്തിനെതിരെ പടപൊരുതി. നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങവേ, ‘പ്രൗഢഗംഭീരമായ ഇതിഹാസ രചന’ എന്ന സ്വീഡിഷ് കമ്മിറ്റിയുടെ വിലയിരുത്തലിന് ഇവര്‍ തന്‍െറ മറുപടി പ്രസംഗത്തില്‍ വിശദീകരണം നല്‍കിയത് ഇപ്രകാരമായിരുന്നു: ‘കറുത്ത വര്‍ഗക്കാരിയായി ജനിച്ചിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരെഴുത്തുകാരിയാകുമായിരുന്നില്ല എന്നത് തിരിച്ചറിയാന്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു. കാരണം, ആഫ്രിക്കയിലെ ഒരു ലൈബ്രറിയും കറുത്ത കുട്ടികള്‍ക്കായി തുറന്നുവെച്ചിട്ടില്ല’. അപാര്‍ത്തീഡ് അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ട നാളുകളില്‍ അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞതും ഏറെ പ്രസക്തമാണ്: ‘ഒരു വലിയ തിന്മയുടെ അന്ത്യം കാണുന്നതും അതിനായി സ്വന്തം പ്രയത്നത്തിന്‍െറ നേര്‍ത്ത കണങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുന്നതും ഭ്രമാത്മകവും അനന്യസാധാരണവുമായ ഒരനുഭവമാണ്.’
15 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി ജൊഹാനസ്ബര്‍ഗിലെ മാസിക അച്ചടിക്കുന്ന ഒരു പ്രസില്‍ തുടര്‍ അധ്യായങ്ങള്‍കൊണ്ട് നിറഞ്ഞ തന്‍െറ ആദ്യ നോവലുമായി പടികടന്നുവന്നപ്പോള്‍ ഭൂമിശാസ്ത്രംകൊണ്ട് മാത്രം ഇരുണ്ടുപോയ ഒരു പ്രദേശത്തിന്‍െറ ചരിത്രം ആ മുഹൂര്‍ത്തത്തെ രേഖപ്പെടുത്തിയത് സാഹിത്യ സാധനയിലൂടെ വംശീയതക്കെതിരായ വിപ്ളവത്തിന്‍െറ ധ്വജവാഹകയായ ഒരു സ്വാതന്ത്ര്യപോരാളിയുടെ രംഗപ്രവേശം എന്ന വിധത്തിലായിരിക്കും. ആ ചരിത്രമാണ് ഗോഡിമര്‍ എന്ന എഴുത്തുകാരിയെ ക്ഷോഭിക്കുന്ന ഒരു സുവിശേഷകയാക്കി വരും നൂറ്റാണ്ടുകളില്‍ ചിരപ്രതിഷ്ഠ നടത്തുന്നതും!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.