Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഏക് ഗൃഹസ്ഥാ ലേഖിക...

ഏക് ഗൃഹസ്ഥാ ലേഖിക ജലേലി കാണി

text_fields
bookmark_border
ഏക് ഗൃഹസ്ഥാ ലേഖിക ജലേലി കാണി
cancel

ഒരു കൊങ്കണി ബാലികയുണ്ടായിരുന്നു. ജനിച്ചത് തൃപ്പൂണിത്തുറയിലെങ്കിലും അച്ഛന്‍െറ സ്ഥലംമാറ്റങ്ങള്‍ക്കനുസരിച്ച് ബംഗാളിലും ബിഹാറിലും കേരളത്തില്‍ പലയിടങ്ങളിലുമായിരുന്നു അവളുടെ ബാല്യം, പഠനം. അക്കാലത്ത് മനസ്സില്‍ പതിഞ്ഞ കാഴ്ചകളും അനുഭവങ്ങളുമെല്ലാം അവള്‍ വളര്‍ന്ന് വീട്ടമ്മയായപ്പോള്‍ അക്ഷരങ്ങളായി പുനര്‍ജനിച്ചു. സൂര്യ അശോക് എന്ന പേരിനെ കൊങ്കണി സാഹിത്യലോകത്ത് പ്രതിഷ്ഠിച്ച ഒമ്പത് പുസ്തകങ്ങള്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ കൊങ്ങിണി ബാലസാഹിത്യ അവാര്‍ഡ് കൂടി ലഭിച്ചതോടെ ആ പേരിനിപ്പോള്‍ സൂര്യതേജസ്സ്.

കുടുംബത്തിന്‍െറ കാര്യം നോക്കാന്‍പോലും സമയം തികയുന്നില്ളെന്ന വീട്ടമ്മമാരുടെ പതിവ് പരിഭവങ്ങള്‍ക്ക് പള്ളുരുത്തി വാട്ടര്‍ലാന്‍ഡ് റോഡിലെ ‘ശ്രീനിവാസ്’ വീടിന്‍െറ പടിക്ക് പുറത്താണ് സ്ഥാനം. ഇവിടത്തെ വീട്ടുകാരിക്ക് എല്ലാറ്റിനും സമയമുണ്ട് -വീട്ടുകാര്യങ്ങള്‍ക്ക്, എഴുത്തിന്, ചിത്രരചനക്ക് എല്ലാം... സാഹിത്യത്തിനും കലക്കും ഏറെ ഉപാസകരുള്ള കുടുംബം. സൂര്യയുടെ അമ്മയും സഹോദരനും ഭര്‍ത്താവ് പി.ആര്‍. അശോക് കുമാറിന്‍െറ മാതാപിതാക്കളും എഴുത്തുകാരാണ്. സാഹിത്യപാരമ്പര്യം നിലനിര്‍ത്താന്‍ സൂര്യയുടെ മകള്‍ രൂപശ്രീയും എഴുത്തിന്‍െറ വഴിയിലുണ്ട്. ചെറുപ്പത്തില്‍ അമ്മ സോമലത ആര്‍. പൈ പറഞ്ഞുകൊടുത്ത കഥകളാണ് സൂര്യയിലെ സാഹിത്യപ്രേമിയെ ഉണര്‍ത്തിയത്. കനറ ബാങ്കില്‍ മാനേജറായിരുന്ന അച്ഛന്‍ വി.വി. രവീന്ദ്രനാഥ പൈയുടെ സ്ഥലംമാറ്റങ്ങള്‍മൂലം പലയിടങ്ങളിലായിരുന്ന ബാല്യകാലത്ത് അമ്മയുടെ കഥകളും പുസ്തകങ്ങളുമായിരുന്നു പ്രധാന കൂട്ടുകാര്‍. സാഹിത്യരചനയില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും രണ്ടാമതൊരാളെ രചനകള്‍ കാണിക്കാനുള്ള ധൈര്യം വരാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.

സാഹിത്യതല്‍പരരായ ഭര്‍ത്താവിന്‍െറ അച്ഛന്‍ പി.എസ്. രാമചന്ദ്ര ഷേണായി, അമ്മ വത്സല ആര്‍. ഷേണായി എന്നിവരുടെ പ്രോത്സാഹനമാണ് എഴുത്തിനെ ഗൗരവമായി കാണാന്‍ പ്രേരിപ്പിച്ചത്. രാമചന്ദ്ര ഷേണായിയുടെ കവിതാസമാഹാരം ‘പുഷ്പാഞ്ജലി’യും വത്സലയുടെ കഥാസമാഹാരമായ ‘ഹൊള്ളമ്മാലോ കണിയാബോ പെട്ടാറോ’യും (അമ്മൂമ്മക്കഥകളുടെ ഭണ്ഡാരം) പ്രസിദ്ധീകൃതമായിട്ടുണ്ട്. 1997ല്‍ മകള്‍ രൂപശ്രീ ജനിച്ചശേഷം അവളെ കുറിച്ചെഴുതിയ കവിത വീട്ടുകാരെ കാണിച്ചു. എല്ലാവരില്‍ നിന്നും നല്ല അഭിപ്രായമുണ്ടായത് പ്രചോദനമായി. അങ്ങനെ 2004ല്‍ ആദ്യപുസ്തകം ‘കൃഷ്ണഗീത്’ പിറന്നു. കംസവധം വരെയുള്ള കൃഷ്ണചരിതം കുട്ടികള്‍ക്ക് മനസ്സിലാകുംവിധം രചിച്ച സചിത്രകാവ്യമായിരുന്നു ഇത്.

ഏഴ് കഥകളുടെ സമാഹാരം ‘പുനര്‍ജനി’ ആയിരുന്നു അടുത്തത്. 200 കുഞ്ഞുകവിതകള്‍ അടങ്ങിയ ‘ഗുംജിയോ അക്ഷരവൃക്ഷാച്യൊ’ (അക്ഷര വൃക്ഷത്തിലെ മഞ്ചാടിക്കുരു), ഒമ്പത് ഭക്തകവികളുടെ ജീവചരിത്രവും കാവ്യപരിഭാഷയും ഉള്ളടക്കമായ ‘അമൃതവാണി’, സഹോദരന്‍ സുധാകര്‍ ആര്‍. പൈ എഴുതിയ ‘മാജിക് ഓഫ് കെനിയ’ എന്ന യാത്രാവിവരണത്തിന്‍െറ കൊങ്കണി പരിഭാഷ ‘അനന്യ കെനിയ’, ‘ഭുര്‍ഗ്യംലോ സംസാര്‍’ (കുട്ടികളുടെ ലോകം) എന്ന ബാലസാഹിത്യകൃതി, കവിതാസമാഹാരം സംബന്ധ് (ബന്ധങ്ങള്‍), കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പിത്താന്‍െറ ഭാര്യയുടെ മനോവ്യഥ വിവരിക്കുന്ന നോവല്‍ ‘വിശ്വാസ്’, എം.കെ. രാമചന്ദ്രന്‍െറ യാത്രാവിവരണത്തിന്‍െറ മൊഴിമാറ്റമായ ‘ഉത്തരഖണ്ഡാംതുല്യാന്‍ കൈലാസ് മാനസസരോവര്‍ യാത്ര’ എന്നിവയാണ് മറ്റ് കൃതികള്‍.

ഇതില്‍ ‘ഭുര്‍ഗ്യംലോ സംസാര്‍’ ആണ് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡിന് അര്‍ഹമായത്. പ്രപഞ്ചം, പ്രകൃതി, ജീവജാലങ്ങള്‍ തുടങ്ങി പനിയെക്കുറിച്ച് വരെ കുട്ടികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് അതിലളിതമായി സംഭാഷണരൂപേണ മറുപടി നല്‍കുന്ന ശൈലിയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. ‘അനന്യ കെനിയ’ക്ക് മണിപ്പാലിലെ ഡോ. ടി.എം.എ പൈ ഫൗണ്ടേഷന്‍െറ മികച്ച കൊങ്കണി പുസ്തകത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊങ്കണി ഭാഷാ പ്രചാരസഭയുടെ എന്‍.എം. സരസ്വതീബായ് പുരസ്കാരം, കേരള കൊങ്ങിണി അക്കാദമിയുടെ ‘പണ്ഢരിനാഥ ഭുവനേന്ദ്ര പുരസ്കാരം’, വൈഷ്ണവരത്നയുടെ ‘കൊങ്കണി സാഹിത്യ സേവാരത്ന പുരസ്കാരം’ എന്നിവയും സൂര്യയെ തേടിയത്തെി.

അമ്മ സോമലതയുടെ ‘ആമ്ഗെല്യോ ലോക്കാണ്യോ’ (കൊങ്കണി നാടോടിക്കഥകള്‍), ‘ഭാരതീയ ലോകകഥ’ (പഞ്ചതന്ത്രം കഥകള്‍) എന്നിവയും സൂര്യയുടെ മൂന്ന് പുസ്തകങ്ങളും 2013ല്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്തതും അപൂര്‍വതയായിരുന്നു. പുസ്തകങ്ങള്‍ക്ക് ആവശ്യമായ ചിത്രങ്ങള്‍ വരക്കുന്നതും സൂര്യ തന്നെ. പെന്‍സില്‍ ഡ്രോയിങ്, ഓയില്‍ പെയ്ന്‍റിങ്, ഗ്ളാസ് പെയ്ന്‍റിങ്, ക്ളേ മോഡലിങ് എന്നിവക്കെല്ലാം സമയം കണ്ടെ ത്തുന്നുണ്ട് ഈ വീട്ടമ്മ. പി.ജി ഡിപ്ളോമ ഇന്‍ കൊങ്കണി ലിറ്ററേച്ചറില്‍ രണ്ടാം റാങ്കുമുണ്ട്. കുടുംബാംഗങ്ങളുടെ രചനകള്‍ ഉള്‍പ്പെടുത്തി ‘കുടുംബശ്രീ’ എന്ന കൈയെഴുത്ത് മാസികക്കും നേതൃത്വം നല്‍കുന്നുണ്ട് സൂര്യ. സ്ഥാനക്കയറ്റവും വിദ്യാഭ്യാസ നേട്ടങ്ങളും അടക്കമുള്ള കുടുംബവിശേഷങ്ങള്‍, യാത്രാവിവരണം, പാചകക്കുറിപ്പ് എന്നിവയെല്ലാം ഉള്ളടക്കമായ ‘കുടുംബശ്രീ’ ഇതോടകം 90 പതിപ്പുകള്‍ ഇറങ്ങി.

വസ്ത്രവ്യാപാര രംഗത്ത് സജീവമായ ഭര്‍ത്താവ് അശോകിന്‍െറയും മക്കളായ പ്രണവ്, രൂപശ്രീ എന്നിവരുടെയും പിന്തുണയാണ് തന്‍െറ നേട്ടങ്ങള്‍ക്ക് കാരണമെന്ന് സൂര്യ പറയുന്നു. ഇപ്പോള്‍ ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ ബി.എ ഇംഗ്ളീഷിന് (ഓണേഴ്സ്) പഠിക്കുന്ന രൂപശ്രീ ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ ‘സ്മോള്‍ വണ്ടേഴ്സ്’ എന്നപേരില്‍ ഇംഗ്ളീഷ് കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. മകന്‍ പ്രണവ് ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക് വിദ്യാര്‍ഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story