ബ്ളോഗ് ലോകം ഹൃദയം കൊണ്ട് സല്യൂട്ട് ചെയ്തു; പ്രീത പരിമളം പരത്തി
text_fieldsതിരുവനന്തപുരം: നിര്‍ജീവമായ സ്വന്തം ഉടലിനെ ചുമക്കുന്ന വീല്‍ച്ചെയറും തന്‍െറ ബ്ളോഗെഴുത്തിന് കിട്ടിയ സമ്മാനമാണെന്ന് ‘പ്രവാഹിനി’ ബ്ളോഗ് എഴുത്തുകാരി വെളിപ്പെടുത്തിയപ്പോള്‍ കണ്ടിരുന്നവരുടെ ഹൃദയങ്ങള്‍ ആര്‍ദ്രമായി. തന്‍െറ ബ്ളോഗെഴുത്തുപോലെ താന്‍ പ്രിയപ്പെട്ടതായി കരുതി നിര്‍മ്മിച്ച മുത്തുമാലകള്‍ കൂടി വാങ്ങാന്‍ മറക്കരുതെന്ന് പറഞ്ഞപ്പോള്‍ സദസ് ആ അഭരണങ്ങള്‍ തങ്ങള്‍ സ്വന്തമാക്കുമെന്നുറപ്പിച്ചു. പ്രീത എന്ന ബ്ളോഗെഴുത്തുകാരിയുടെ ജീവിതം ഏതൊരു വൈകല്ല്യങ്ങള്‍ അനുഭവിക്കുന്ന മനുഷ്യനും എന്നും പ്രചോദനമായിരിക്കും. വിധിയുടെ ബലിമൃഗമെന്നോ, ചിറകറ്റ ജീവിതമെന്നോ ആര്‍ക്കും ഒറ്റവാക്കില്‍ വിശഷിപ്പിക്കുകയും ഒരിറ്റ് സഹതാപം നല്‍കി കടന്നുപോകാം. എന്നാല്‍ പ്രീതയുടെ ജീവിതം എന്തെന്ന് മനസിലാക്കിയാല്‍ ആരും അത്തരം പ്രവൃത്തിക്ക് മുതിരില്ല. പകരം അവര്‍ ഹൃദയം കൊണ്ട് പ്രീതയെ സല്യൂട്ട് ചെയ്യും. ഈ 33 കാരി തെല്ലും ആഗ്രഹിക്കുന്നില്ല. ഈ യുവതി അതിജീവന പടവുകള്‍ കയറുന്നത് കാണാന്‍ കണ്ണൊന്ന് തെല്ല് തുറന്നുവച്ചാല്‍ ചുറ്റുവട്ടത്തുള്ളവര്‍ അനുകമ്പക്ക് പകരം അത്ഭുതവും ആദരവും ആയിരിക്കും സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ കുടവൂരിന് അടുത്ത് പുത്തന്‍വീട്ടില്‍ താമസിക്കുന്ന പ്രീത പ്രീഡിഗ്രിവരെ പഠിച്ചിട്ടുണ്ട്. ഇതിനുശേഷം തുടര്‍പഠനത്തിന് ശ്രമിക്കവെയാണ് നട്ടെല്ലില്‍ മുഴ ഉണ്ടായതും അത് ശസ്തക്രിയയിലൂടെ നീക്കുമ്പോഴാണ് ശരീരം അരയ്ക്ക് താഴെ തളര്‍ന്നത്. വിദഗ്ധ ചികില്‍സക്കൂം മറ്റും ഗതിയില്ലാതെ വന്നപ്പോള്‍ പ്രീത കിടക്കയില്‍ ഒതുങ്ങി കൂടി. പഞ്ചായത്ത് നല്‍കിയ വീട് പൂര്‍ത്തിയാക്കാന്‍ ലോണെടുത്ത മാതാപിതാക്കള്‍ നിത്യവൃത്തിക്കും തങ്ങളുടെ അസുഖത്തിനുള്ള മരുന്നിന് പോലും കഷ്ടപ്പെടുന്ന കാഴ്ച കണ്ട് നീറിയ പ്രീതക്ക് തുണയായത് ഇന്‍റര്‍നെറ്റിലേക്കുള്ള കാലെടുത്തുവെയ്പ്പായിരുന്നു. പാലിയേറ്റീവ് കെയറിന്‍െറ കൂട്ടായ്മക്കിടയില്‍ കണ്ടുമുട്ടിയ, തന്നെപ്പോലെ ശരീരം തളര്‍ന്ന മലപ്പുറം സ്വദേശി മുസ്തഫയാണ് പ്രീതയ്ക്ക് ബ്ളോഗിന്‍െറ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് മുസ്തഫ തന്നെ പ്രീതയുടെ ബ്ളോഗ് രൂപകല്‍പ്പന ചെയ്യുകയും പ്രീത ഫോണ്‍ വഴി പറഞ്ഞുകൊടുക്കുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പ്രീതയുടെ ബ്ളോഗെഴുത്തിലെ കൗതുകവും കരുത്തും ഇന്‍റര്‍നെറ്റിലെ ചര്‍ച്ചയായി മാറി. തുടര്‍ന്ന് ആരോ നല്‍കിയ പുസ്തകം വായിച്ച് പഠിച്ച പ്രീത കൈകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കാനും പഠിച്ചു. ഇതിനിടെ ഫെയിസ്ബുക്കിലെ കൂട്ടുകാര്‍ ചേര്‍ന്ന് അവര്‍ക്ക് ഒരു കംപ്യൂട്ടറും ഇന്‍റര്‍നെറ്റ് കണക്ഷനും സമ്മാനിച്ചു. അതോടെ തന്‍െറ ബ്ളോഗ് എഴുത്ത് കൂടുതല്‍ കാര്യക്ഷമമായതായി അവര്‍ പറയുന്നു. ഇന്‍റര്‍നെറ്റിലെ കൂട്ടുകാര്‍ ആഭരണങ്ങള്‍ വാങ്ങാനും താല്‍പ്പര്യം കാട്ടി തുടങ്ങി. എന്നാലും ആഭരണങ്ങളുടെ മാര്‍ക്കറ്റിംഗ് ആണ് താന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും പ്രീത പറയുന്നു. തിരുവനന്തപുരത്ത് നടന്ന ബ്ളോഗെഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ കൂട്ടുകാരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് അവര്‍ എത്തിയതും. കൂട്ടുകാര്‍ പ്രീതയില്‍ നിന്ന് ധാരാളം ആഭരണങ്ങളൂം വാങ്ങി. പ്രീതയുടെ ബ്ളോഗ് www.pravaahiny.blogspot.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.