Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഎണ്‍പതിലേക്കൊഴുകുന്ന...

എണ്‍പതിലേക്കൊഴുകുന്ന കാവ്യപ്രവാഹം

text_fields
bookmark_border
എണ്‍പതിലേക്കൊഴുകുന്ന കാവ്യപ്രവാഹം
cancel

തൃശൂര്‍: ‘ആയിരം നാവുള്ള മൗന’വും ‘കഥയെ പ്രേമിച്ച കവിത’യും പിറന്ന തൂലികയില്‍നിന്ന് ഇപ്പോഴും കാവ്യപ്രവാഹമാണ്. 12ാം വയസ്സില്‍ ആദ്യ കവിതക്ക് അച്ചടിമഷി പുരണ്ട അതേ ത്രില്ലില്‍ എണ്‍പതില്‍ എത്തിനില്‍ക്കുമ്പോഴും കവി സജീവം. അഞ്ചു പതിറ്റാണ്ടു മുമ്പ് ‘മൂടുപട’ത്തില്‍ തുടങ്ങിയ സിനിമാ പാട്ടെഴുത്ത് ഈവര്‍ഷം ഇറങ്ങിയ ‘പറയാന്‍ ബാക്കിവെച്ചത്’ വരെ എത്തി നില്‍ക്കുമ്പോള്‍ വൈവിധ്യംകൊണ്ട് സമ്പന്നം. ഇടക്ക് നിര്‍മാതാവിന്‍െറയും സംവിധായകന്‍െറയും വേഷമിട്ട സിനിമാ പരീക്ഷണങ്ങള്‍. മലയാളത്തിന്‍െറ പ്രിയകവി യൂസഫലി കേച്ചേരിക്ക് 80 വയസ്.
‘കേച്ചേരിപ്പുഴ’യെന്ന കാവ്യമെഴുതിയ കവി കേച്ചേരിയിലെ വീട്ടില്‍ സ്വസ്ഥമാണ്. പാതയോരത്തെ വീടിന്‍െറ സിറ്റൗട്ടില്‍ ധ്യാനത്തിലെന്ന പോലെ വഴിപോക്കര്‍ക്ക് പലപ്പോഴും അദ്ദേഹത്തെ കാണാം. എം.എസ്. ബാബുരാജ് മുതല്‍ തേജ് മെര്‍വിന്‍ വരെയുള്ള സംഗീത സംവിധായകര്‍ക്കൊത്ത് സിനിമാ പാട്ടിനുവേണ്ടി പ്രവര്‍ത്തിച്ച കവിമനസ്സിന് ഇപ്പോഴും യൗവനമാണ്. ബാബുരാജും ജി. ദേവരാജനുമൊത്ത് ഗാനങ്ങള്‍ രൂപപ്പെടുത്തിയതിന്‍െറ ഉള്‍പുളകം പുതിയ പാട്ടുകളെഴുതുമ്പോഴും അദ്ദേഹം അനുഭവിക്കുന്നു.
ബിരുദപഠനത്തിനു ശേഷം അഭിഭാഷകനായി പ്രഫഷനല്‍ ജീവിതം തുടങ്ങിയെങ്കിലും യൂസഫലിയുടെ വഴി വേറെയായിരുന്നു. പ്രഫ. കെ.പി. നാരായണ പിഷാരടിക്ക് കീഴില്‍ നാലു വര്‍ഷത്തെ സംസ്കൃത പഠനം കാവ്യജീവിതം ബലപ്പെടുത്തി. ‘സൈനബ’യും ‘കേച്ചേരിപ്പുഴ’യും ‘അനുരാഗ ഗാനം പോലെ’യും പോലുള്ള കാവ്യങ്ങളെഴുതിയ യൂസഫലിക്ക് ‘ഗേയം ഹരി നാമധേയം’ എന്ന, സമ്പൂര്‍ണ സംസ്കൃത സിനിമാഗാന രചനക്ക് 2000ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഉറച്ച അടിത്തറയുടെ ബലത്തിലായിരുന്നു.
ഓടക്കുഴല്‍, കേരള സാഹിത്യ അക്കാദമി, ബാലാമണിയമ്മ, വള്ളത്തോള്‍, ആശാന്‍ പുരസ്കാരങ്ങള്‍ നേടിയ യൂസഫലിക്ക് മൂന്നു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. പ്രേംനസീര്‍ അവാര്‍ഡ്, കുഞ്ചാക്കോ സ്മാരക അവാര്‍ഡ് തുടങ്ങി ബഹുമതികള്‍ വേറെയും. എം.എസ്. ബാബുരാജ്, ജി. ദേവരാജന്‍ എന്നിവര്‍ കഴിഞ്ഞാല്‍ പുതിയ തലമുറയില്‍ മോഹന്‍ സിത്താരയുമായി ചേര്‍ന്നാണ് യൂസഫലിയുടെ മികച്ച സിനിമാ ഗാനങ്ങള്‍ രൂപപ്പെട്ടത്. എം.കെ. അര്‍ജുനന്‍, എ.ടി. ഉമ്മര്‍, എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, ഒൗസേപ്പച്ചന്‍ തുടങ്ങിയവരോടൊത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. ‘സര്‍ഗം’, ‘പരിണയം’, ‘ഗസല്‍’ എന്നീ ചിത്രങ്ങളില്‍ ബോംബെ രവിക്കൊപ്പവും ‘ധ്വനി’യില്‍ നൗഷാദുമൊത്തും ‘മഴ’യില്‍ രവീന്ദ്രനോടൊപ്പവും ചേര്‍ന്നപ്പോള്‍ മലയാളി ഇന്നും മനസ്സില്‍ പേറുന്ന ഗാനങ്ങളാണ് പിറന്നത്. ഇളയരാജയും സഹോദരന്‍ ഗംഗൈ അമരനും ഉഷ ഖന്നയും അന്താര സലില്‍ ചൗധരി-സഞ്ജയ് സലില്‍ ചൗധരി ടീമും ശ്യാമും കെ. രാഘവന്‍ മാസ്റ്ററും ശങ്കര്‍ ഗണേഷും യൂസഫലിയുടെ വരികളില്‍നിന്ന് ഹിറ്റ് ഗാനങ്ങളുണ്ടാക്കി.
1971-ലാണ് ‘സിന്ദൂരപ്പെച്ച്’ എന്ന സിനിമ നിര്‍മിച്ചത്. സംവിധാനം ചെയ്തത് നടന്‍ മധു. നിര്‍മാണത്തിനു പുറമെ തിരക്കഥാ രചനയും ഗാനരചനയും യൂസഫലി നിര്‍വഹിച്ചു. ’73ല്‍ ഒരുപടി കൂടി കടന്ന് സംവിധായകന്‍െറ കുപ്പായമിട്ടു. എം.ടിയുടെ ‘മരം’ എന്ന രചനയാണ് സിനിമയാക്കിയത്. ’77ല്‍ ‘വനദേവത’യും ’79ല്‍ ‘നീലത്താമര’യും സംവിധാനം ചെയ്തു. ’81ല്‍ യേശുദാസ് സംഗീത സംവിധാനം നിര്‍വഹിച്ച ‘സഞ്ചാരി’ എന്ന ചിത്രത്തിലെ ‘റസൂലെ നിന്‍ കനിവാലെ’ എന്ന ഗാനം യൂസഫലിയുടേതാണ്. ‘ജാനകീ ജാനേ..രാമാ..’ എഴുതിയ യൂസഫലിയാണ് കലാഭവന്‍ മണി പാടിയ ‘കാട്ടിലെ മാനിന്‍െറ തോലുകൊണ്ടുണ്ടാക്കി...’ രചിച്ചത്. വൈവിധ്യമുള്ള 650ഓളം സിനിമാ ഗാനങ്ങളും എണ്ണമറ്റ കാവ്യങ്ങളുമാണ് ആ ഭാവനയില്‍നിന്ന് വിരിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story