ഓര്‍മയുടെ ചില്ലയില്‍ നീര്‍മാതളത്തിന്‍െറ സുഗന്ധം
text_fields‘‘ഞാന്‍ നിത്യസഞ്ചാരിണിയാണ്, പേരില്ലാത്തവളാണ്, ജാതിയിലും മതത്തിലും പൂര്‍ണവിശ്വാസമില്ലാത്തവളാണ്. എന്നാലും ഞാന്‍ എന്‍െറ നീര്‍മാതളത്തില്‍ വിശ്വസിക്കുന്നു. അതിന്‍െറ നിത്യയൗവനത്തില്‍ അഭിമാനം കൊള്ളുന്നു’’
എഴുത്തുമലയാളത്തിന് നീര്‍മാതളത്തിന്‍െറ സുഗന്ധം നഷ്ടമായിട്ട് മെയ് 31ന് അഞ്ചാണ്ട് തികയുന്നു. പെണ്‍ചോദനകളെയും അഭിലാഷങ്ങളെയും തുറന്നെഴുതി മലയാളസാഹിത്യത്തിന്‍െറ നടപ്പുരീതികള്‍ പൊളിച്ചുവാര്‍ത്ത കഥാകാരിയും കവയിത്രിയുമായ കമലാ സുറയ്യ 2009മെയ് 31നാണ് ഓര്‍മയായത്. മലയാളത്തിന് പകരംവക്കാനില്ലാത്ത സ്ത്രീപക്ഷ എഴുത്തുകാരിയായ അവര്‍ ജീവിതം കൊണ്ട് പകര്‍ന്നാടിയത് പല വേഷങ്ങള്‍. ആരാധകര്‍ക്കൊപ്പം, അല്ളെങ്കില്‍ അതിലേറെ വിമര്‍ശകരെ സൃഷ്ടിച്ചു. ജീവിച്ചിരിക്കുമ്പോള്‍ യാഥാസ്ഥിതിക സമൂഹത്തിന്‍െറ കണ്ണിലെ കരടായിരുന്നു അവര്‍. വിവാദങ്ങള്‍ മരണശേഷം പോലും അവരെ വിട്ടൊഴിഞ്ഞില്ല.
സ്നേഹത്തെ അവര്‍ വാതോരാതെ പാടിപ്പുകഴ്ത്തി. പ്രകടമാക്കാത്ത സ്നേഹം പിശുക്കന്‍െറ കയ്യിലെ നാണയങ്ങള്‍ പോലെയാണെന്ന് വിശ്വസിച്ചു. ഉന്നതവിദ്യാഭ്യാസവും ഭാഷയില്‍ അഗാധജ്ഞാനവും ഇല്ലാതിരുന്നിട്ടുപോലും ഹൃദയത്തില്‍തൊടുന്ന ഭാഷയില്‍ അവര്‍ എഴുതി. നാലപ്പാട്ട് തറവാട്ടിന് ആമിയായി, വിശ്വസാഹിത്യത്തിന് കമലാദാസ് ആയി, മലയാളത്തിന്‍െറ മാധവിക്കുട്ടിയായി, പിന്നീട് കമലാ സുറയ്യയായി അവര്‍ ജീവിച്ചുതീര്‍ത്തു. ചിലപ്പോള്‍ ഏകാന്തതയെ വെറുക്കുന്നുവെന്നും മറ്റ് ചിലപ്പോള്‍ അതിനെ സ്നേഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് ജനിച്ച കമലക്ക് മാതാവ് നാലപ്പാട്ട് ബാലാമണിയമ്മയുടെയും അമ്മാവന്‍ നാലപ്പാട്ട് നാരായണമേനോന്‍െറയും എഴുത്തുപാരമ്പര്യമുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ ഏകാന്തതയില്‍ ഇംഗ്ളീഷിലാണ് ആദ്യം എഴുത്തു തുടങ്ങിയത്. ഏകാന്തതയില്‍ കഴിഞ്ഞുപോയ ബാല്യം, എഴുത്തിന്‍െറ ലോകത്ത് ഒതുങ്ങിപ്പോയ മാതാവ്, 15ാം വയസിലെ വിവാഹം... ജീവിതം തുടക്കത്തിലേ കമലക്ക് കയ്പ് നിറഞ്ഞതായിരുന്നു. അക്ഷരങ്ങളുടെ ലോകത്ത് അവര്‍ അഭയം തേടി. പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്‍്റെ കഥ, ബാല്യകാല സ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങള്‍, മനോമി, വീണ്ടും ചില കഥകള്‍, ഒറ്റയടിപ്പാത, എന്‍്റെ കഥകള്‍, യാ അല്ലാഹ്, അമാവാസി (കെ.എല്‍.മോഹനവര്‍മ്മയുമൊത്ത്), വണ്ടിക്കാളകള്‍ തുടങ്ങി നിരവധി കൃതികള്‍. സമ്മര്‍ ഇന്‍ കല്‍ക്കട്ട, ഓണ്‍ലി ദ സോള്‍ നോസ് ഹൗ ടു സിങ് തുടങ്ങി ഇംഗ്ളീഷ് കൃതികളിലൂടെ വിശ്വസാഹിത്യത്തിലും അവര്‍ കഴിവ് തെളിയിച്ചു. സമൂഹത്തിലെ വിവിധ ശ്രേണികളിലെ പെണ്‍ജീവിതങ്ങള്‍ അവരുടെ തൂലികയില്‍ ഭദ്രമായിരുന്നു.
‘എന്‍െറ കഥ’ പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു. അത് സ്വന്തം കഥയല്ല, ഭാവന കലര്‍ന്നതാണെന്ന് മാറ്റിപ്പറയേണ്ടിവന്നു ഒടുക്കം കമലാ സുരയ്യക്ക്. എങ്കിലും ഇംഗ്ളീഷടക്കം 15ഓളം ഭാഷകളിലേക്കാണ് ‘എന്‍െറ കഥ’ മൊഴിമാറ്റപ്പെട്ടത്.
‘‘ഞാന്‍ അനുഭവിച്ചത് മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ. എനിക്ക് അത്രക്കേ ധൈര്യമുള്ളൂ. മറ്റുള്ളവര്‍ അനുഭവിക്കുന്നതെഴുതാന്‍ എനിക്ക് ധൈര്യം കിട്ടിയിട്ടില്ല. അതുകൊണ്ടായിരിക്കാം ഞാന്‍ നോവലെഴുതുമ്പോള്‍ തകരാറാകുന്നത്’’ -കമല പറഞ്ഞു.
പ്രണയത്തെക്കുറിച്ച് പാടിയിട്ടും പാടിയിട്ടും അവര്‍ക്ക് മതിയായില്ല. പ്രേമം ആത്മബലി അല്ളെങ്കില്‍ മറ്റെന്താണ് അതിന്‍െറ പൊരുള്‍ എന്ന് ചോദിക്കുന്നു. പ്രേമം ഒന്നുമാത്രമാണ് ഞാന്‍ ജീവിതത്തില്‍ ആശിച്ചിട്ടുള്ള ഒരു വസ്തുവെന്ന് ഒരു അഭിമുഖത്തില്‍ കമല പറയുന്നു.
ആത്യന്തികമായി മനുഷ്യരെല്ലാവരും നല്ലവരെന്ന് വിശ്വസിച്ചു കമല. പെണ്‍പക്ഷത്തിരിക്കുന്നതിലേറെ അവര്‍ മനുഷ്യപക്ഷത്തിരിക്കുന്നു.
2009ല്‍ ദ ടൈംസ് അവരെ ആധുനിക ഇംഗ്ളീഷ് ഇന്ത്യന്‍ കവിതയുടെ മാതാവ് എന്ന് വിശേഷിപ്പിച്ചു. 1984ല്‍ നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
* * * *
‘‘സ്നേഹമായിരുന്നു ഞാന്‍ എന്നേ തെരഞ്ഞെടുത്ത മതം’’
‘‘എത്ര കാലമായി ഒരു വൃത്തത്തിന്‍െറ
വക്കില്‍ക്കൂടി ഞാനും നീയും
അന്യോന്യം അലയുന്നു’’
* * * *
‘‘ഞാനൊരു പുരുഷനെ കണ്ടുമുട്ടി, സ്നേഹിച്ചു
അവനെന്തു പേരും നിങ്ങള്‍ വിളിച്ചോളൂ
അവന്‍ ഒരു സ്ത്രീയെ പ്രണയിച്ച
ഏതു പുരുഷനുമാകാം
ഞാന്‍ സ്നേഹം തേടുന്ന ഏതു സ്ത്രീയുമാകാം’’
* * * *
‘‘യാ അല്ലാഹ്! നിന്നിലുമധികം ഞാന്‍ അവനെ സ്നേഹിച്ചുപോയി’’
‘‘മഞ്ഞുകാല സായാഹ്നത്തില്‍
ജാലകച്ചില്ലുകളില്‍
തണുത്ത കാറ്റ് ചീറിയടിക്കുമ്പോള്‍
ഞാന്‍ ലജ്ജയില്ലാതെ
നിന്‍്റെ ശരീരത്തെ സ്നേഹിച്ചു’’
‘‘പ്രണയം
യൗവ്വനകാലത്തിന്‍്റെ ഇന്ദ്രജാലം.
പ്രണയത്തിന്‍്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?’’
* * * *
‘‘നീ ഒരു മുക്കുവനെപ്പോലെ എന്‍െറ മനസ്സിന്‍െറ ഇടുക്കുകളില്‍ നിന്‍െറ വലയെറിയുന്നു. നിനക്കുനേരെ ഇന്ന് എന്‍െറ ചിന്തകള്‍ മായാവലയത്തിലകപ്പെട്ട മത്സ്യത്തെപ്പോലെ ഓടിയണയുന്നു’’
‘‘ഞാന്‍ മരിക്കുമ്പോള്‍
എന്‍െറ മാംസവും അസ്ഥികളും
വലിച്ചെറിയല്ളേ!
അവയെടുത്ത് കൂട്ടിവെയ്ക്കൂ
സ്വന്തം ഗന്ധംകൊണ്ട് അവ
ജീവിതത്തിന്‍െറ മാഹാത്മ്യം
പ്രഖ്യാപിക്കട്ടെ;
സ്നേഹത്തിന്‍െറ മഹത്വവും...’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.