\'പാറു\'വിന്‍െറ പില്‍ക്കാലം
text_fields‘പാറു’, നെല്ലുകുത്തുകാരി പാറുവാണ്. 1954ലാണ് ഇടശ്ശേരിയുടെ ഈ കവിത പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ഒരു പ്രമുഖ ആനുകാലികത്തില്‍. അതിനാല്‍ ഇപ്പോള്‍ പിന്നിടുന്നത്, പാറുവിന്‍െറ അറുപത് വര്‍ഷമെന്നപോലെ, പാറുവിനുശേഷമുള്ള മലയാളകവിതയുടെ ആറു പതിറ്റാണ്ട് കൂടിയാകുന്നു. ഒരു പ്രകൃഷ്ട രചന എന്നനിലയില്‍ പാറുവിന് പിന്‍ഗാമികളുണ്ടായോ മലയാളത്തില്‍? ഈ അന്വേഷണം നമ്മെ കൊണ്ടുചെന്നത്തെിക്കുക ‘പാറു’വിന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ പിറന്നുവീണ ചില കവിതകളിലാണ്. അതിനകം യന്ത്രനാഗരികത അതിന്‍െറ അവതാരോദ്ദേശ്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞിരുന്നു; എന്നിട്ടും വിരമിക്കാതെ ആ വാമനന്‍, അവശേഷിക്കുന്ന ഒരടി മണ്ണുകൂടി അളന്നെടുക്കാന്‍ വേണ്ടി, തന്‍െറ കരാളമായ ലോഹപാദമുയര്‍ത്തിനില്‍ക്കുമ്പോഴാണ് എസ്. കലേഷും കെ. രാജഗോപാലും എസ്. ജോസഫും ഉള്‍പ്പെടുന്ന മലയാളകവിതയിലെ ആധുനികാനന്തര തലമുറ, ഇടശ്ശേരിയുടെ ‘പാറു’വിന് പ്രച്ഛന്നവും പ്രത്യക്ഷവുമായ ചില തുടര്‍ച്ചകള്‍ നിര്‍മിച്ചത്. ആ തുടരെഴുത്തില്‍ തെളിയുന്ന പാറുവിന്‍െറ പില്‍ക്കാലമാണ് നമ്മുടെ വിഷയം.
2009ലാണ് ‘സൈറണ്‍’ എന്ന കവിത ഉള്‍പ്പെടുന്ന എസ്. കലേഷിന്‍െറ ‘ഹെയര്‍പിന്‍ ബെന്‍റ്’ എന്ന കാവ്യസമാഹാരം പുറത്തിറങ്ങിയത്. ലളിതവും സാധാരണവും കൗമാരസഹജവുമായ ഒരു പ്രണയസന്ദര്‍ഭത്തിന്‍െറ വിടര്‍ച്ചയോ പടര്‍ച്ചയോ ആണ് ‘സൈറണ്‍’. അങ്ങേയറ്റം പ്രണയാതുരനായ ഒരു കാമുകന്‍ തനിക്ക് നഷ്ടപ്പെട്ട കാമുകിയെത്തേടി നടത്തിയ യാത്രയും ആ യാത്രയുടെ ദയനീയമായ സമാപ്തിരംഗവുമാണ് കവിതയില്‍.
പട്ടണത്തിലാണവള്‍. അതിവേഗത്തീവണ്ടി അവളെയാ പട്ടണത്തിലത്തെിക്കുന്നു. കാമുകിയുടെ ഭര്‍ത്താവിനോട് അവളെ തിരികത്തെരണമെന്ന് അപേക്ഷിക്കുകയോ യാചിക്കുകയോ ചെയ്യണമെന്ന വിനീതമായ ലക്ഷ്യമൊന്നു മാത്രമേയുള്ളൂ അവന്. അയാള്‍ ജോലിചെയ്യുന്ന പടുകൂറ്റന്‍ കമ്പനിയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് തന്‍െറ നിസ്സാരതയും നിസ്സഹായതയും അവന്‍ ആദ്യമായി തിരിച്ചറിയുന്നത്. നാട്ടിലെ തോട്ടുവക്കത്തുനിന്നും വളരെദൂരെ, അവിടെ നില്‍ക്കുന്ന തെങ്ങിനെക്കാളുമുയരത്തില്‍, ആ ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാലുമത്തൊനാവാത്ത ഉയരത്തിലാണവള്‍; അയാളും. ഗ്രാമീണനെ നിസ്തേജനാക്കുന്ന നാഗരികതയുടെ ഉയരമാണത്-
‘‘കമ്പനിയുടെ ഗേറ്റ് കടക്കുമ്പോഴേക്കും
സൈറണ്‍ മുഴങ്ങി
ആദ്യം പേടിച്ചുപോയി.
പിന്നെ അത് മാറി.
അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന്
ആ ബഹുനിലയുടെ മുകളില്‍നിന്ന്
എന്നെ കൂവി ഓടിച്ചതായി തോന്നി.’’
ഇടശ്ശേരിയുടെ കവിതയിലെ സമാന സന്ദര്‍ഭത്തിന്‍െറ ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ, പാരഡിയാണിത്. പ്രണയത്തില്‍നിന്നും തൊഴിലില്‍നിന്നും ഭ്രഷ്ടയായ പാറുവിനോടുള്ള പരിഹാസംപോലെ കമ്പനിയിലെ സൈറണും ‘കൊച്ചെജമാന’ന്‍െറ ചൂളംവിളിയും ഒരുമിച്ച് കാതില്‍ വീണപ്പോഴാണ് ‘കടവേരോടെ’ പറിച്ചെടുത്ത ഒരു ദുര്‍ബല സസ്യമെന്നോണം ആ കൂലിവേലക്കാരി പതറിപ്പോയത്. വ്യവസായ നാഗരികത ആര്‍ദ്ര മാനുഷഭാവങ്ങളെ എങ്ങനെയെല്ലാം കൂവിവിളിക്കുകയും കടവേരോടെ പിഴുതെറിയുകയും ചെയ്യുന്നുവെന്നു തന്നെയാണ് എസ്. കലേഷിന്‍െറ ‘സൈറണും’ പറയുന്നത്.
റൈസ് മില്ലിന്‍െറ ആദ്യത്തെ വരവിനെപ്പറ്റിയാണ് 1954ല്‍ ഇടശ്ശേരി എഴുതിയതെങ്കില്‍, അതിന്‍െറ തിരോധാനമാണ് പ്രമേയം, കെ. രാജഗോപാല്‍ എന്ന കവി സമീപകാലത്തെഴുതിയ ‘മറവി കുത്തുന്ന മില്ലില്‍’. ഇപ്പോള്‍ ഇല്ലാത്ത ഒരു റൈസ്മില്ലിന്‍െറ വിശദാംശങ്ങളോടൊപ്പം ഒരു നഷ്ടപ്രണയത്തിന്‍െറ നാട്ടോര്‍മകളെയും തിരിച്ചുകൊണ്ടുവരുകയാണ് രാജഗോപാല്‍-
‘‘മില്ലിരുന്നിടത്തിപ്പോള്‍
പുല്ലാര്‍ത്തു തഴയ്ക്കുന്ന
കല്ലതിരിലോളം.
വള്ളിച്ചെമ്പകം പൂകുത്തുന്ന
പൊന്തകള്‍ക്കിങ്ങേപ്പുറം
ബോള്‍ട്ടുകളെഴുന്ന് എല്ലു തെളിഞ്ഞ
മോട്ടോറിന്‍െറ കല്ലറകള്‍ക്കും പിന്നില്‍
നിന്നിട്ട്, നിന്നോടൊച്ച
പൊന്തിച്ചു മിണ്ടാനൊരാള്‍
ഇപ്പോഴും വരാറുണ്ടോ?
എന്നുടെയൊച്ച കേട്ടുവോ, വേറിട്ട്!’’
എന്ന ആ വൈലോപ്പിള്ളിച്ചോദ്യത്തിന്‍െറ ഛായയുണ്ട്, ഈ ചോദ്യത്തിന്. യന്ത്രശബ്ദത്തിനുമേലെ പ്രണയത്തിന്‍െറ ഒച്ച വേറിട്ടുകേട്ടിരുന്നു, മുമ്പൊക്കെ. ഇപ്പോള്‍ അതുമില്ല. പ്രണയവും റൈസ്മില്ലും ഒരുപോലെ നിശ്ശബ്ദവും നിശ്ചലവുമായിക്കഴിഞ്ഞ ഒരു കാലത്തെയാണ് ഈ ഇടശ്ശേരിയാനന്തരകവിതയില്‍ രാജഗോപാല്‍ എഴുതുന്നത്. ‘പാറു’വില്‍ റൈസ്മില്‍ സൃഷ്ടിച്ച ഭീതിയും അന്യത്വവും ആശങ്കയുമകന്ന് അതും അനുദിന ജീവിതത്തിന്‍െറ ഭാഗമായിണങ്ങിക്കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു മലയാളിയുടെ സമീപ ഭൂതകാലത്തില്‍. ആ സമീപഭൂതകാലവും പിന്‍വാങ്ങുമ്പോള്‍ ശേഷിക്കുന്ന മഹാശൂന്യതയാണ് ‘മറവികുത്തുന്ന മില്ലി’ല്‍. കാരണം നെല്ലുവിളയുന്ന നെല്‍പ്പാടങ്ങളോടൊപ്പമാണ് റൈസ്മില്ലിന്‍െറ തിരോധാനം. റൈസ്മില്ലിന്‍െറ വരവ് പാറുവിലുണര്‍ത്തിയ നടുക്കത്തെക്കാള്‍ നിശിതവും വിനാശകരവുമാണ് ഇപ്പോള്‍ അതിന്‍െറ തിരോധാനമുണര്‍ത്തുന്ന ഈ നടുക്കം.
ഒരര്‍ഥത്തില്‍ മോഹനകൃഷ്ണന്‍ കാലടിയുടെ ‘പന്തുകായ്ക്കുന്ന കുന്നും’ പി.പി. രാമചന്ദ്രന്‍െറ ‘കാറ്റേ, കടലേ’യും എസ്. ജോസഫിന്‍െറ ‘ഇട’വുമെല്ലാം ‘പാറു’വിന്‍െറ പിന്‍ഗാമികള്‍തന്നെ; പാറുവിന്‍െറ കാലത്തെക്കാള്‍ ദ്രുതതരമായും ദയാരഹിതമായും ‘കടവേരു’ പൊട്ടുന്ന മനുഷ്യരുടെ വിലാപസ്ഥലിയായും കലാപസ്ഥലിയായും ആ കവിതകള്‍ മാറുന്നു എന്നതിനാല്‍, വീരാന്‍കുട്ടിയുടെ ‘തീരെ ചെറിയ ചില ഒച്ച’കളിലും കേള്‍ക്കുന്നത് ഈ ‘മന്ദാക്രാന്ത’ അഥവാ മന്ദസ്ഥായിയിലുള്ള കരച്ചില്‍തന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.