Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightചേതന്‍ ഭഗത്തിന്‍െറ...

ചേതന്‍ ഭഗത്തിന്‍െറ മലയാളി ഗുരു

text_fields
bookmark_border
ചേതന്‍ ഭഗത്തിന്‍െറ മലയാളി ഗുരു
cancel

പത്തുവര്‍ഷം മുമ്പ് 2003ലെ ഒരു വൈകുന്നേരം. ഡല്‍ഹിയിലെ രൂപ പബ്ളിക്കേഷനിലെ എഡിറ്റര്‍ ഷൈനി ആന്‍റണിയുടെ മുറിയിലേക്ക് വിനീതഭാവത്തോടെ ഒരാള്‍ കയറിവന്നു. ജീവിതത്തെയും എഴുത്തിനെയും കുറിച്ച് സംസാരിച്ച്, അയാള്‍ തന്‍െറ കൈവശമുള്ള കടലാസ്കെട്ട് ഷൈനിക്കുനേരെ നീട്ടി. ഹോങ്കോങ്ങില്‍നിന്നായിരുന്നു അയാളുടെ വരവ്. ലക്ഷ്യം ഒഴിവുവേളയില്‍ കുറിച്ചിട്ട നോവലിന്‍െറ മിനുക്കുപണികളും പ്രസിദ്ധീകരണവും. കൈയിലത്തെുന്ന നിരവധി പുസ്തകങ്ങള്‍പോലൊരെണ്ണം. ലളിതം, സുന്ദരം, അതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല. അനേകമായിരങ്ങള്‍ ആവേശപൂര്‍വം തേടിയത്തെുന്ന ഒരു എഴുത്തുകാരന്‍െറ പിറവി തന്‍െറ കൈയിലിരിക്കുന്ന താളുകള്‍ക്കിടയില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് അന്ന് ഷൈനി ആന്‍റണി കരുതിയില്ല. ഓടിപ്പിടിച്ചുള്ള വായനക്കൊടുവില്‍ രചയിതാവിന്‍െറ പേരിലേക്ക് ഷൈനി നോക്കി. അവിടെ ഇങ്ങനെ കുറിച്ചിരുന്നു -ചേതന്‍ ഭഗത്.
അതൊരു തുടക്കമായിരുന്നു. വായനാലോകത്തെ പുതിയ ട്രെന്‍ഡായി ഉയര്‍ന്ന ചേതന്‍ ഭഗത്തെന്ന ഇന്ത്യന്‍- ഇംഗ്ളീഷ് എഴുത്തുകാരന്‍െറ തുടക്കം. ലോകമറിഞ്ഞ എഴുത്തുകാരന്‍െറ രചനകളെ ആദ്യവായനയിലൂടെ അനുഭവിക്കാനും നിര്‍ദേശങ്ങളും തിരുത്തുകളുമായി കൂടെ കൂടാനും സര്‍ഗാത്മകമായി സംവദിക്കാനും കഴിയും വിധമുള്ള ഷൈനി ആന്‍റണി എന്ന എഴുത്തുകാരിയുടെയും എഡിറ്ററുടെയും പുതിയ ദൗത്യത്തിന്‍െറ തുടക്കം. മിനുക്കുപണികള്‍ക്കൊടുവില്‍ ചേതന്‍ തന്‍െറ നോവലിനൊരു പേരിട്ടു -‘ഫൈവ് പോയന്‍റ് സംവണ്‍’. പുസ്തകത്തിന്‍െറ ആദ്യതാളില്‍ ചേതന്‍ ഇങ്ങനെ കുറിച്ചിരുന്നു: ‘ദൈവത്തിനും രക്ഷിതാക്കള്‍ക്കും ഭാര്യക്കും നന്ദി, കൂടെ ഷൈനി ആന്‍റണിയെന്ന സുഹൃത്തിനും, അവരാണ് എന്‍െറ ആദ്യ വായനക്കാരിയും എഡിറ്ററും.’

കേരളത്തെ അറിഞ്ഞ് എഴുത്തിലേക്ക്

ചേതന്‍െറ ആദ്യ നോവല്‍ ഷൈനിയുടെ കൈയിലത്തെിയത് യാദൃച്ഛികമായാണ്. എന്നാല്‍, ചേതന്‍ ഷൈനിയെ തേടിയത്തെിയതില്‍ അതൊട്ടുമുണ്ടായിരുന്നില്ല. തൃശൂര്‍ അരണാട്ടുകരയില്‍നിന്ന് പത്രപ്രവര്‍ത്തകയിലേക്കും ലോകമറിഞ്ഞ ഇംഗ്ളീഷ് എഴുത്തുകാരിയിലേക്കുമുള്ള ഷൈനിയുടെ വളര്‍ച്ച ചേതന്‍ ഭഗത്തിനും മുമ്പേയായിരുന്നു. അത് പക്ഷേ, വന്‍ ഓളങ്ങള്‍ തീര്‍ക്കാതെ ശാന്തമായൊഴുകുന്ന നദിപോലെയാണ്. അതിന്‍െറ പരിസരങ്ങളില്‍ കുളിരും നനവും നല്‍കി അനുസ്യൂതം ഒഴുക്ക് തുടരുന്നു.
ചേതന്‍ ഭഗത്തിന്‍െറ ആദ്യ എഡിറ്റര്‍ എന്നതിലപ്പുറം മലയാളിയായ ഈ ഇംഗ്ളീഷ് എഴുത്തുകാരിക്ക് വിശേഷണങ്ങള്‍ പലതും ചേരും. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ സി.കെ. ആന്‍റണിയുടെയും ലില്ലിയുടെയും മകള്‍ ഷൈനിയുടെ കുട്ടിക്കാലം മുംബൈയിലായിരുന്നു. പപ്പയുടെ ട്രാന്‍സ്ഫറിനൊപ്പം പലയിടങ്ങളിലായുള്ള താമസത്തിനൊടുവില്‍ 18ാം വയസ്സില്‍ കൊച്ചിയിലത്തെി.
എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. കൂടെ പഠിച്ചവരെല്ലാം പുതുമയും ജോലിസാധ്യതയുമുള്ള കോഴ്സുകള്‍ തെരഞ്ഞെടുത്തപ്പോള്‍ സാഹിത്യപഠനത്തോടായിരുന്നു ഷൈനിക്ക് താല്‍പര്യം. നാട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച വര്‍ഷങ്ങളായിരുന്നു അത്. കേരളീയ ജീവിതവും സംസ്കാരവും കൂടി പഠിച്ചെടുക്കുകയായിരുന്നു ഈ കാലയളവില്‍ ഷൈനി. ശേഷം ജേണലിസം ബിരുദാനന്തര ബിരുദത്തിനായി ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലേക്ക്.


നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക്

ഡല്‍ഹിയില്‍ ‘മിഡ്ഡേ’ പത്രത്തില്‍ റിപ്പോര്‍ട്ടറായി ചെറിയ തുടക്കം. പിന്നെ ‘സണ്‍ഡേ മിഡ്ഡേ’ യില്‍ ഫീച്ചര്‍ എഴുത്തുകാരിയായി മുംബൈയിലേക്ക്. ബംഗളൂരുവില്‍ ‘ഇക്കണോമിക്സ് ടൈംസ്’ റിപ്പോര്‍ട്ടറും സബ് എഡിറ്ററുമായി വര്‍ഷങ്ങള്‍. ശേഷം ‘ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്’ ന്യൂസ് എഡിറ്ററായി വീണ്ടും മുംബൈയിലേക്ക്. വന്‍ നഗരങ്ങളിലെ വാസവും ഗ്രാമങ്ങള്‍ തേടിയുള്ള യാത്രകളുടെയും ദിനങ്ങള്‍. നഗരത്തിന്‍െറ വേഗത്തിനൊപ്പമത്തൊനാകാതെ കിതച്ചുപോകുന്നവരുടെ നിസ്സഹായതകള്‍ ഷൈനിയുടെ അകം പൊള്ളിച്ചു. കണ്ടുമുട്ടിയവരും കാണാമറയത്തിരിക്കുന്നവരുമായ പല മുഖങ്ങളും സംസ്കാരങ്ങളും ഉള്ളില്‍ തിരയിളക്കിക്കൊണ്ടിരിക്കെ അവയൊക്കെ വാര്‍ത്തകളും ഫീച്ചറുകളുമായി പലയിടങ്ങളിലായി ഷൈനി കുറിച്ചിട്ടു. ഇതിനിടെ, നേവി ഉദ്യോഗസ്ഥനായ ഡീന്‍ മാത്യൂസ് ജീവിതത്തിലേക്ക് കടന്നുവന്നു. പത്രപ്രവര്‍ത്തനവും എഴുത്തും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ളെന്ന് തോന്നിത്തുടങ്ങിയതോടെ ജോലിവിട്ടു. ഒഴിവുവേളകള്‍ പിന്നെ വായനയുടെയും എഴുത്തിന്‍േറതും മാത്രമാക്കി. മക്കളായ നിമിഷയും മിഹികയും പിറന്നതോടെ ബംഗളൂരുവിലേക്ക് തിരിച്ചത്തെി സ്ഥിരതാമസമാക്കി.

ചെറുകഥയില്‍ തുടങ്ങി

ചെറുകഥയിലായിരുന്നു കൂടുതല്‍ താല്‍പര്യം. സമഗ്രതയും മൂര്‍ച്ചയും എപ്പോഴും അവക്ക് കൂടുമെന്നാണ് അനുഭവം. 2003ല്‍ ‘എ ഡോഗ്സ് ഡത്തെ് ’ എന്ന ചെറുകഥക്ക് കോമണ്‍വെല്‍ത്ത് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍ ഏഷ്യന്‍ മേഖലാ അവാര്‍ഡ് തേടിയത്തെുമ്പോള്‍ ഷൈനിക്ക് അദ്ഭുതമായിരുന്നു. ‘ബെയര്‍ഫൂട്ട് ആന്‍ഡ് പ്രഗ്നന്‍റ്’, ‘സീന്‍ ഓണ്‍ എ സണ്‍ഡേ ആഫ്റ്റര്‍ നൂണ്‍’ എന്നീ ചെറുകഥാ സമാഹാരങ്ങള്‍ പിറകെ വന്നു. ആന്തോളജീസ് ഓഫ് കേരള, വൈ വി ഡുനോട്ട് ടോക് എന്നീ ലേഖനസമാഹാരങ്ങളും ഷൈനി പുറത്തിറക്കി.
സൂസന്‍ വിശ്വനാഥന്‍, കര്‍ദിനാള്‍ വിതയത്തില്‍, ഗൗരിയമ്മ, സാറാ ജോസഫ്, ഹോര്‍മിസ് തരകന്‍, ശ്രീകുമാര്‍ വര്‍മ തുടങ്ങിയവരുടെ കഥകളും കുറിപ്പുകളുമായിരുന്നു ആന്തോളജീസ് ഓഫ് കേരള എന്ന സമാഹാരത്തില്‍. ശശി ദേശ്പാണ്ഡെ, അനിത നായര്‍, ചേതന്‍ ഭഗത്, ജയശ്രീ മിശ്ര, അന്‍ജും ഹസന്‍, കെ.ആര്‍. ഉഷ എന്നിവരുടെ കഥകള്‍ ‘വൈ വി ഡുനോട്ട് ടോക്കി’നെ സമ്പന്നമാക്കി. ഇതിനിടെ, വ്യത്യസ്തമായ പ്രമേയത്തില്‍ രണ്ട് നോവലുകളും പിറന്നു. 2005ല്‍ കാര്‍ഡമം കിസെസ്, 2011ല്‍ ‘വെന്‍ മീര വെന്‍റ് ഫോര്‍ത് ആന്‍ഡ് മള്‍ട്ടിപൈ്ളഡ്’. കുട്ടികള്‍ക്കുവേണ്ടി ഗോഡി ടെയ്ല്‍സ്. മറ്റുള്ളവരുമായി സഹകരിച്ച് നിരവധി പുസ്തകങ്ങളിലും ഷൈനി പങ്കാളിയായി.

ചേതന്‍ വീണ്ടും

ആദ്യ നോവലിന്‍െറ വിജയത്തിനു ശേഷം ഷൈനിയെ തേടി ചേതന്‍ ഭഗത് പിന്നെയും വന്നു. ‘വണ്‍ നൈറ്റ് അറ്റ് ദ കാള്‍ സെന്‍റര്‍’ ആയിരുന്നു അടുത്ത നോവല്‍. തുടര്‍ന്ന് ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ‘ഹാഫ് ഗേള്‍ഫ്രണ്ട്’ വരെ പത്തുവര്‍ഷത്തിനിടെ ചേതന്‍െറ ഏഴ് നോവലുകള്‍, ഷൈനിയുടെ കണ്ണും കൈയും മനസ്സും പതിഞ്ഞവ കൂടിയാണ്.
എഴുത്തിനെക്കുറിച്ച് ചോദിച്ചവരോടൊക്കെ ചേതന്‍, ഷൈനിയുടെ സംഭാവനകളെക്കുറിച്ചുകൂടി പറഞ്ഞു. ഓരോ പുസ്തകത്തിലും ആ പേരുകൂടി ചേര്‍ത്തുവെച്ചു. എന്നാല്‍, ഷൈനിക്ക് ചേതന്‍, തന്നെ എഴുത്തുമായി സമീപിച്ച ഒരുപാടു പേരില്‍ ഒരാള്‍ മാത്രമായിരുന്നു.
‘വായനയും എഴുത്തും തിരുത്തുമൊക്കെ സാഹിത്യകുലത്തിലെ ഓരോ അംഗങ്ങളാണ്. ചിലര്‍ക്ക് വിമര്‍ശങ്ങളോ തിരുത്തോ ഇഷ്ടമല്ല, ചേതന് ഈ അഹംബോധമില്ല. നിര്‍ദേശങ്ങള്‍ പോസിറ്റീവായി കാണും. വാദങ്ങളും എതിര്‍ വാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം സര്‍ഗാത്മകമായിരുന്നു. അയാളുടെ വിജയത്തിനു പിന്നില്‍ ഇതാണ് -ചേതനെക്കുറിച്ച് ഷൈനി പറഞ്ഞതിത്രമാത്രം.
ബംഗളൂരുവില്‍വെച്ച് ഷൈനിയെ കണ്ടപ്പോള്‍ സെപ്റ്റംബറിലെ ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള ഒരുക്കത്തിന്‍െറ തിരക്കിലായിരുന്നു അവര്‍. കൂടെ ഒരുപറ്റം എഴുത്തുകാരും. ഷൈനിയുടെ നേതൃത്വത്തില്‍ മൂന്നാമത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ബംഗളൂരു ഒരുങ്ങുകയാണ്. പുതിയ പുസ്തകത്തിന്‍െറ അവസാനമിനുക്കുപണിയുമായി ദൂരെ എവിടെയോ ഇപ്പോള്‍ ചേതന്‍ ഭഗത്തുണ്ടാകും. അത് പ്രത്യാശപൂര്‍വം കാത്തിരിക്കുന്ന സഹൃദയര്‍ മറ്റു പലയിടങ്ങളിലുമായും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story