‘കുറ്റിപ്പുറം പാല’ത്തിന്‍െറ 60 വര്‍ഷങ്ങള്‍: പാലവും ഫലവും
text_fieldsകുട്ടിക്കാലം മുതല്‍ക്കേ സുപരിചിതമായതാണ് കുറ്റിപ്പുറം കടവ്. അതിനുമേലെ ഒരു പാലം വന്നു. ആ പാലത്തിന് മേലൂടെ നടന്ന് പുഴ കടന്നപ്പോഴുണ്ടായ അദ്ഭുതവും ആഹ്ളാദവും വിമ്മിട്ടവും കൂടിക്കലര്‍ന്നതാണ് ഈ കവിത. ‘കുറ്റിപ്പുറം പാല’ത്തിന് ഇടശ്ശേരി എഴുതിയ മുഖക്കുറിപ്പ്,1954.
ഇടശ്ശേരി അപ്രകാരം പുഴ കടന്ന് നടന്നുപോയത് പുതിയ ലോകത്തിന്‍െറ പള്ളിക്കൂടത്തിലേക്കായിരുന്നു. ഒരു മിഴിയില്‍ സ്നേഹവായ്പും മറുമിഴിയില്‍ അമ്പരപ്പുമായി ആ ഗ്രാമീണശിശു കടന്നുപോയ വഴി അന്ന് തികച്ചും അപരിചിതവുമായിരുന്നു. വയലിന്‍െറ മൂലയും ഇടവഴിയും പടര്‍പന്തല്‍ പോലുള്ള അരയാലിന്‍ ചുവടും കഴിയുംവരെ ആ നടത്തത്തില്‍ അസാധാരണമായി ഒന്നുമുണ്ടായില്ല. പിന്നെയാണ് പൂതം വന്നത്. ഇടശ്ശേരിയുടെ വിരല്‍പിടിച്ച് മലയാളകവിത ആദ്യമായി ആ പൂതത്തെ ശരിക്ക് കാണുകയാണ്. തിരൂര്‍ പൊന്നാനിപ്പുഴ എന്ന വള്ളത്തോളിന്‍െറ കവിതയില്‍ ഒരു യന്ത്രബോട്ട് വന്നണഞ്ഞതാണ് അതിനു മുമ്പുള്ള ഏക അനുഭവം. അന്ന് വേണ്ടത്ര മിഴിവോടെ കാണാനായില്ല. യന്ത്രങ്ങളുടെ ഫൂല്‍കൃതി (മുരള്‍ച്ച) കേട്ട് വേട്ടുവരുടെ പെണ്ണുങ്ങള്‍ കടാക്ഷശാസ്ത്രം പഠിക്കാത്ത കണ്ണുകള്‍കൊണ്ട് നോക്കിനിന്നതേയുള്ളൂ. അവര്‍ ഇത്തിരിയൊന്ന് സംഭ്രമിച്ചുപോയിരിക്കണം. അത്രയേയുള്ളൂ. അദ്ഭുതവും ആഹ്ളാദവും വിമ്മിട്ടവും കൂടിക്കലര്‍ന്ന് പുതുലോകത്തിന്‍െറ ഉമ്മറപ്പടിയില്‍ നേരേ ചൊവ്വേ വന്നുനിന്നതും ചിലത് അകന്നുപോകുന്നതായും മറ്റു ചിലത് അണയുന്നതായും ശരിക്കും കണ്ടതും ഇപ്പോള്‍ മാത്രമാണ്.
അറുപതു വര്‍ഷം മുമ്പാണ്. മണ്ണുമാന്തിയന്ത്രം യൂറോപ്പില്‍ ഉരുവംകൊണ്ടിട്ട് ഒരു ദശകമായിട്ടില്ല. ‘ജൃംഭിത യന്ത്രക്കിടാവ്’ എന്ന പ്രയോഗം മലയാളിക്ക് നൂറുശതമാനവും പുതിയതും അമ്പരപ്പുണ്ടാക്കുന്നതുമായിരുന്ന കാലമാണ്. ടാറിട്ട റോഡുകള്‍ക്കുമേലെ ‘വികാസം വികാസം’ എന്ന് ഇരമ്പുന്ന ജനപഥങ്ങള്‍ നടന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വീടുകളെ ചുറ്റിനിന്ന ഫലവൃക്ഷങ്ങളുടെ സന്നാഹങ്ങള്‍ അകാലമരണത്തിന്‍െറ ദു$സ്വപ്നം കണ്ടുതുടങ്ങിയിട്ടു പോലുമുണ്ടായിരുന്നില്ല. വയലുകളില്‍ കര്‍ഷകര്‍ അപ്പോഴും പാടിക്കൊണ്ടിരുന്നു. നിശ്ശബ്ദതയില്‍ ചുഴന്നാണ് രാത്രികള്‍ തേരോട്ടം നടത്തിയിരുന്നത്. പുതു ലോകത്തിന്‍െറ പള്ളിക്കൂടത്തിലേക്കു പോയ ശിശുവിന് പൊടുന്നനെ വെളിപാടുണ്ടാവുന്നു: എല്ലാം തകരുകയാണ്, അവസാനിക്കുകയാണ്. അന്ന് അതു വായിച്ച ആളുകള്‍ വിശ്വസിച്ചുകാണില്ല. തെങ്ങും കവുങ്ങും പുളിയും പിലാവും നല്‍കിയ എഴുത്താണികള്‍ വലിച്ചെറിഞ്ഞ് ഉണ്ണി പൂതത്തിന്‍െറ അന്തികത്തേക്ക് പോകുമെന്നോ! 1954 ഫെബ്രുവരി 21ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കവിതയുടെ നോട്ടം വരുംകാലത്തിലെ ദേശത്തിലേക്കാണെന്ന് ആരറിഞ്ഞു!
ഇരുപത്തിമൂന്നോളം ലക്ഷം എന്ന ലവലേശം കാവ്യാത്മകമല്ലാത്ത പ്രയോഗവുമായാണ് കുറ്റിപ്പുറം പാലത്തിന്‍െറ പണി തുടങ്ങുന്നത്. ഒരു പി.ഡബ്ള്യു.ഡി എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന് പറ്റും! അല്ളെങ്കില്‍ ഒരു വക്കീല്‍ഗുമസ്തന്‍െറ ശീട്ടെഴുത്തിന്! ആധുനിക ഭാരതത്തിന്‍െറ വിജയസ്തംഭങ്ങളിലൊന്നായ പാലത്തിന്മേല്‍ കയറിനിന്ന് നോക്കുന്നതാകട്ടെ നേരെ താഴേക്കും. പാലത്തില്‍നിന്ന് നോക്കേണ്ടത് നോക്കത്തൊ ദൂരത്തേക്കാണ്. അതാണ് കാവ്യാത്മകമായ നോട്ടം. അതും സഹിക്കാമെന്നുവെച്ചാല്‍, ഇതാവരുന്നു അടുത്ത വിലക്ഷണം: പാലത്തിനടിയിലെ പുഴ കാവ്യാത്മകമായ പുഴയേയല്ല; ഒരു ശോഷിച്ച പുഴ! വെറുതെയല്ല, സുഗേയ കാവ്യങ്ങളുടെ ചാര്‍ച്ചക്കാര്‍ ഇടശ്ശേരിയോട് മുഖം വീര്‍പ്പിച്ചു നടന്നത്! പാലം ആരുടേതെങ്കിലുമാകട്ടെ, പുഴ ഞങ്ങളുടേതാണ് എന്നൊരു വീമ്പുപറച്ചിലുമുണ്ട്. ഞങ്ങള്‍ കളിച്ച മണല്‍തിട്ടാണ്, ഞങ്ങള്‍ കുളിച്ച പുഴയാണ് എന്നാണ് അവകാശവാദം. നല്ല കഥ! ഇങ്ങനെയൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങിയാല്‍ നാം എങ്ങനെയാണ് വിമാനത്താവളങ്ങളും റിസോര്‍ട്ടുകളും പണിയുക?
‘നാട്ട നൂഴ്ന്നാല്‍ വളര്‍ച്ച മുട്ടും’ എന്ന പഴമൊഴിയറിയാവുന്ന ആള്‍ ‘ഇനി നീയ്യിപ്പാലത്തിന്‍ നാട്ട നൂഴും’ എന്ന് പിറുപിറുത്തുകൊണ്ടാണ് പാലത്തിന്മേല്‍ നടക്കുന്നത്. നിറഞ്ഞൊഴുകുന്ന പുഴയെ ഓര്‍ക്കുമ്പോള്‍ അസംഭാവ്യമായ ഒരു തമാശച്ചിത്രം കണക്കെ അയാള്‍ ചിരിച്ചു മറിയുന്നുണ്ട്. നിള എന്ന പേരിന് ഇച്ചിരിപ്പിടി കാല്‍പനികതയൊക്കെ ഉണ്ടായിരുന്നത്, മറ്റൊരു കവിതയില്‍ മാറുണങ്ങിയ തൊഴിലാളിസ്ത്രീയുടെ ചുളിഞ്ഞ ചൂചുകത്തിന്‍െറ വര്‍ണനയില്‍ എന്നപോലെ നാടുകടത്തിവിടുകയും ചെയ്തു. മലയാളത്തില്‍ കാല്‍പനിക നദിയല്ലാതായിത്തീരുന്ന ആദ്യ നദിയായി നിള അങ്ങനെ മാറി. ഗ്രാമചിത്രങ്ങള്‍ മങ്ങിത്തുടങ്ങുന്നുവെന്നു മാത്രമല്ല, തന്‍െറ കൂട്ടുകാരിയായ ഗ്രാമലക്ഷ്മി അകലേക്കകലേക്ക് മാഞ്ഞുപോകുന്നു എന്നുമാണ് പാലത്തിനു മുകളില്‍നിന്ന് കണ്ട മായക്കാഴ്ച. രാവണനെ സഹിക്കാഞ്ഞ് ലങ്കാലക്ഷ്മി അകന്നുപോകുന്നതാണ് ഇതിനുമുമ്പ് സാക്ഷ്യപ്പെടുത്തിയ സമാനസ്വഭാവമുള്ള ഒരേയൊരു സംഭവം.
ഒന്നിനു പിറകെ ഒന്നായി വരുന്ന മായക്കാഴ്ചകളുടെ തോരണംകൊണ്ട് നന്നായി അലങ്കരിച്ചിരിക്കുന്നു പാലം. ഇതാ പാടങ്ങള്‍ പോകുന്നു, ഇതാ തോട്ടങ്ങള്‍ പോകുന്നു, ഇതാ കുന്നിന്‍ചരിവുകള്‍ പോകുന്നു, ഇതാ കാവിലെ ഉത്സവങ്ങള്‍ പോകുന്നു, ഇതാ മല്ലൂര്‍ക്കയം പോകുന്നു, ഇതാ മല്ലൂരെത്തേവര്‍ പോകുന്നു, ഇതാ അന്തിമഹാകാളന്‍കുന്ന് പോകുന്നു എന്നെല്ലാം, ഏതോ പൊട്ടിപ്പിശാചിന്‍െറ വരവില്‍ കുടുങ്ങിയ യാത്രക്കാരനെപ്പോലെ, വിളിച്ചുപറയുന്നതാണ് പാലത്തിനു മുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഇതാ ഭാരതപ്പുഴയും പോകുന്നുവെന്നാണ് വെളിപാടുകാരന്‍െറ നെഞ്ചുകീറിയുള്ള സാക്ഷ്യം.
പൂക്കളുടെ സ്ഥാനത്ത് കല്ലും കരിയും സിമന്‍റും ഉരുക്കും വിടര്‍ന്നുനില്‍ക്കുന്നുവെന്നതാണ് അടുത്ത മായക്കാഴ്ച. ഇതാ ടയറും പെട്രോളും ഓടിവരുന്നു, ഇതാ ഇടയില്ലാതെ ചുമരുകള്‍ പൊന്തിവരുന്നു, ഇതാ ബഹളം മാത്രം നിറഞ്ഞ പകലുകള്‍ വരുന്നു, ഇതാ ബഹളം മാത്രം നിറഞ്ഞ രാത്രികള്‍ വരുന്നു, ഇതാ അറിയാത്ത നാട്ടുകാര്‍ വരുന്നു, ഇതാ അന്യനാട്ടുകാര്‍ അയല്‍പക്കക്കാരായി വരുന്നു എന്നിങ്ങനെ, അര്‍ധബോധാവസ്ഥയില്‍ കയറിവന്ന് കോലായില്‍ തെല്ലിട മലര്‍ന്നുകിടന്ന് ഒരു കിണ്ടി വെള്ളം കുടിച്ച ശേഷം താന്‍ മറികടന്നുപോന്ന തേറുവാഴ്ചയെക്കുറിച്ച് വിവരിക്കുന്ന ഗ്രാമീണനെപ്പോലെ, പേയ് പറയുന്നതിന്‍െറ നടുക്കമാണ് കവിതയുടെ ഒടുക്കം. ഇതാ ഒരു യന്ത്രം വരുന്നു എന്നാണ്, മനുഷ്യന്‍ വരുന്നു എന്നാണ് അവസാനത്തെ വിളിച്ചുപറയല്‍. മനുഷ്യന്‍ റോബോട്ട് ആയിത്തീരുന്ന കാലം വരുന്നു എന്നാണ്, പൊട്ടിച്ചൂട്ടു പോലെ പൊട്ടിപ്പിരിഞ്ഞും കെട്ടിപ്പുണര്‍ന്നും വരുന്ന മായക്കാഴ്ചകള്‍! യന്ത്രമനുഷ്യനെ റോബോട്ട് എന്നു വിളിക്കാന്‍ ആശ്രയിച്ച റൊബോട്ട എന്ന ചെക് വാക്കിന് നിര്‍ബന്ധിതമായ ജോലി എന്നാണ് അര്‍ഥം.
മനുഷ്യന്‍ യന്ത്രമായാല്‍ പുഴ അഴുക്കുചാലായി മാറുമെന്നായിരുന്നു അതിന്‍െറ പരകോടി. കനപ്പെട്ട മന്ത്രവാദികളെ കൊണ്ടുവന്ന് ചികിത്സിക്കേണ്ടത്രയും മുഴുത്ത പേയും പിച്ചുമായിരുന്നു അത്. പക്ഷേ, ഇന്നോ? ഇതാ പാടങ്ങള്‍ പോകുന്നു, ഇതാ ടയറും പെട്രോളും ഓടിവരുന്നു, ഇതാ ഭാരതപ്പുഴയും പോകുന്നു എന്നത് ഇന്ന് മായക്കാഴ്ചയാണോ? മനുഷ്യന്‍ യന്ത്രമായി, പുഴ അഴുക്കുചാലുമായി! ഒരു കാലത്തിന്‍െറ മായക്കാഴ്ച വേറൊരു കാലത്തിന്‍െറ യാഥാര്‍ഥ്യമായി, അറുപതു കൊല്ലത്തിനുള്ളില്‍, ഒരേ ദേശത്ത്. നാല്‍പത്തിയെട്ടു വരി മാത്രമുള്ള ഒരു കവിത അങ്ങനെ കവിയെക്കാള്‍ വലുതായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.