ആല്‍ത്തറ കവിയരങ്ങിലെ വൈലോപ്പിള്ളി
text_fieldsകൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടക്കംകുറിച്ച കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലായിരുന്നു എന്‍െറ വിദ്യാഭ്യാസം. സ്കൂളിന്‍െറ തൊട്ടു കിഴക്കും പടിഞ്ഞാറുമായിട്ടാണ് കൊടുങ്ങല്ലൂര്‍ കോവിലകങ്ങള്‍. സ്കൂളിനുമുന്നിലുള്ള കോവിലകം പുതിയ കോവിലകമെന്നും പിന്‍ഭാഗത്തുള്ള കോവിലകം ചിറക്കല്‍ കോവിലകമെന്നുമാണ് അറിയപ്പെട്ടിരുന്നത്. പുതിയ കോവിലകത്തിന് വലിയൊരു പടിപ്പുരയുമുണ്ടായിരുന്നു. കൊടുങ്ങല്ലൂരിന്‍െറ കാവ്യശോഭ കേരളത്തിന്‍െറ സാംസ്കാരികാന്തരീക്ഷത്തെ ചൈതന്യവത്താക്കിയിരുന്ന ഒരു പഴയകാലത്തിന്‍െറ ഓര്‍മകളിലേക്കുള്ള പ്രവേശ കവാടംപോലെയായിരുന്നു ആ പടിപ്പുര.
ഒരുദിവസം ഒരു പീരിയഡ് നേരത്തേ സ്കൂള്‍ വിട്ടു. തമ്പ്രാന്‍ മാഷ് പറഞ്ഞു:
‘ഇന്ന് സ്കൂളിനുമുന്നിലുള്ള ആല്‍ത്തറയില്‍ ഒരു കവിയരങ്ങുണ്ട്. അതുകൊണ്ടാണ് നേരത്തേ വിടുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഉള്‍പ്പെടെ പലരും വരുന്നുണ്ട്. സ്കൂളിനടുത്തുള്ള കുട്ടികളെല്ലാം അവരുടെ കവിതകളും പ്രസംഗങ്ങളും കേട്ടിട്ടേ വീട്ടില്‍ പോകാവൂ.’ എന്‍െറ വീട് സ്കൂളിനടുത്തല്ല, മൂന്നര കി.മീ. ദൂരെയാണ്. ക്ളാസ്മുറികളില്‍ മാഷന്മാര്‍ ചൊല്ലിക്കേട്ട കവിതകളില്‍നിന്നു കിട്ടിയ ആഹ്ളാദങ്ങള്‍ക്കപ്പുറം ക്ളാസിനുപുറത്തുനിന്നുള്ള ഒരു സാഹിത്യാനുഭവം അന്നേവരെ എനിക്കുണ്ടായിട്ടില്ല.
എങ്കിലും, വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന പേര് അറിയാമായിരുന്നു. ‘മാമ്പഴം’ എന്ന കവിതയിലെ ആദ്യത്തെ ഏതാനും ഈരടികള്‍ എന്‍െറ ഉമ്മാക്ക് കാണാപാഠമായിരുന്നു. ഉമ്മ അത് ചൊല്ലുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാത്രമല്ല, ആ കവിതയുടെ കഥാചുരുക്കം ഉമ്മ പറഞ്ഞുതരുകയും ചെയ്തിട്ടുണ്ട്, പലവട്ടം.
അതുകൊണ്ടായിരിക്കാം വൈലോപ്പിള്ളിയെ ഒന്നു കാണാനുള്ള മോഹം വല്ലാതെ ഉണ്ടായത്. മാത്രമല്ല, മാമ്പഴം എന്ന കവിതയുടെ പ്രശസ്തി എല്ലായിടവും അതിന്‍െറ മണം പരത്തിയിട്ടുമുണ്ടായിരുന്നു. അതിലെ വരികള്‍ മലയാളം പഠിപ്പിച്ചിരുന്ന മാധവന്‍ നായര്‍ മാഷ് ഈണത്തില്‍ ചൊല്ലിയിരുന്നു. വൈലോപ്പിള്ളിയെ കാണാനുള്ള കൊതി കലശലായി. പക്ഷേ, കവിയരങ്ങ് കേള്‍ക്കാന്‍നിന്നാല്‍ വീട്ടിലത്തൊന്‍ വൈകും. ഉമ്മയുടെ കൈയില്‍നിന്ന് ചിലപ്പോള്‍ അടിയും കിട്ടിയെന്നിരിക്കും. ഒടുവില്‍ ഒരു തീരുമാനമെടുത്തു; വീട്ടുകാര്‍ വിഷമിച്ചാലും വഴക്കുകേട്ടാലും സാരമില്ല, കവിയരങ്ങില്‍ ചെന്ന് വൈലോപ്പിള്ളി ശ്രീധരമേനോനെ കണ്ടിട്ടേ വീട്ടില്‍ പോവൂ എന്ന്.
ആല്‍ത്തറക്കു ചുറ്റും കുരുത്തോലകൊണ്ട് തോരണങ്ങള്‍ ഇട്ടിട്ടുണ്ട്. ആല്‍ത്തറയുടെ ഒരു ഭാഗത്ത് ഒരു നിലവിളക്ക് വെച്ചിട്ടുണ്ടായിരുന്നു.
നിരത്തിയിട്ട ഏതാനും മരക്കസേരകളിലായി കവികള്‍ ഇരിക്കുന്നു. ചിലര്‍ ആല്‍ത്തറയിലും. നിരന്നിരിക്കുന്നവരില്‍ ആരാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായി. എങ്ങനെയാണറിയുക? എന്നോടൊപ്പം കവിത കേള്‍ക്കാനായിവന്ന സുകുമാരനോട് ഞാന്‍ വെറുതെ ചോദിച്ചു. സുകുമാരന്‍ തനിക്ക് അറിയില്ളെന്ന മട്ടില്‍ കൈമലര്‍ത്തി. പക്ഷേ, എന്‍െറ ചോദ്യത്തിന് ഫലമുണ്ടായി. കസേരയിലിരുന്ന, കുടുമ വെച്ച, മേല്‍മുണ്ട് തോളത്തിട്ട വൃദ്ധനായ ഒരാള്‍ തൊട്ടടുത്തിരുന്ന വെള്ള ഷര്‍ട്ടിട്ട ഒരാളെ തൊട്ടുകാണിച്ചിട്ടു പറഞ്ഞു: ‘ഇതാണ് വൈലോപ്പിള്ളി’. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. തോളില്‍കിടന്ന പച്ചക്കരയുള്ള ഖദര്‍ഷാളിന്‍െറ അലങ്കാരംകൊണ്ട് അദ്ദേഹം മറ്റുള്ളവരില്‍നിന്ന് വേറിട്ടുനിന്നു.
ഞാന്‍ അദ്ദേഹത്തെ തന്നെ ഇമവെട്ടാതെ നോക്കിനില്‍ക്കുകയും എന്തോ ഒരു അന്ത$പ്രചോദനം പോലെ പതുക്കെപ്പതുക്കെ അദ്ദേഹത്തിന്‍െറ അടുത്തേക്ക് നീങ്ങുകയും ചെയ്തു. അദ്ദേഹം എന്‍െറ തോളില്‍ത്തട്ടി പേര്, പഠിക്കുന്ന ക്ളാസ് എല്ലാം ചോദിച്ചു. അവസാനമായി ഒരു ചോദ്യം കൂടി; ‘കവിത ഇഷ്ടമാണോ?’ അല്ളെന്നു പറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് ‘അതെ’ എന്നുത്തരം പറഞ്ഞു. നേര്‍ത്ത ഒരു പുഞ്ചിരികൊണ്ട് അദ്ദേഹം എന്‍െറ ഉത്തരത്തെ അംഗീകരിച്ചു. ചത്തെിവെടിപ്പാക്കിയ മണ്ണിലേക്കു ചൂണ്ടി എന്നോട് അവിടെ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞാന്‍ അനുസരണയുള്ളൊരു കുട്ടിയായി അവിടെ ഇരുന്നു.
കസേരയില്‍ ഇരിക്കുന്ന കവികളെയെല്ലാം ഞാന്‍ സാകൂതം നോക്കി. ആരെയും അറിയില്ല. പക്ഷേ, കവിത വായിക്കാന്‍ അധ്യക്ഷന്‍ ഓരോരുത്തരെയായി വിളിച്ചപ്പോള്‍ പേരുകള്‍ മനസ്സിലായി. എം.ആര്‍.ബി, എന്‍.ഡി. കൃഷ്ണനുണ്ണി എന്നീ പേരുകള്‍ എന്തുകൊണ്ടോ മറന്നിട്ടില്ല. കുഞ്ഞിക്കുട്ടി തമ്പുരാട്ടിയും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.
കേട്ട കവിതകളുടെ അര്‍ഥം മനസ്സിലായി. പക്ഷേ, കവിതകള്‍ കേട്ടപ്പോള്‍ ഇവരെല്ലാം ഇതെങ്ങനെ എഴുതുന്നു എന്ന ആലോചനയിലേക്കാണ് മനസ്സുപോയത്. വൈലോപ്പിള്ളി ഒന്നുരണ്ടു ചെറിയ കവിതകള്‍ വായിച്ചശേഷം സദസ്സിലുള്ളവരുടെ ആവശ്യപ്രകാരം ‘മാമ്പഴം’ ചൊല്ലാനാരംഭിച്ചു. അത്ര കനമില്ലാത്ത ശബ്ദത്തില്‍ ആരംഭിച്ച ആ കാവ്യാലാപനം ഇടക്ക് ഇടറിയെങ്കിലും എല്ലാവരും ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. കവിത ചൊല്ലിത്തീര്‍ന്നപ്പോള്‍ എല്ലാവരും കൈയടിച്ചു.
ഏറെ വൈകി വീട്ടിലത്തെിയ എന്നെ സ്വാഗതം ചെയ്തത് ഉമ്മയുടെ ചൂരല്‍വടിയാണ്. ആദ്യമൊരടി കിട്ടിയെങ്കിലും കവിയരങ്ങിന്‍െറ കാര്യം പറഞ്ഞപ്പോള്‍ ഉമ്മ അല്‍പം തണുത്തു. മാമ്പഴം എഴുതിയ വൈലോപ്പിള്ളിയെ കണ്ടെന്നും അദ്ദേഹം എന്‍െറ കൈക്കുപിടിച്ചെന്നും തലോടിയെന്നും ഒക്കെ പറഞ്ഞുകൊണ്ട് ഉമ്മയുടെ അടിയെ ഞാന്‍ തടഞ്ഞു. മാമ്പഴത്തിലെ വരികള്‍ ഉമ്മയുടെ ഹൃദയത്തില്‍ ഉണ്ടായതുകൊണ്ടായിരിക്കാം ആ വടി പതുക്കെ നിലത്തുവീണു. ഉമ്മ എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് പതുക്കെ മൂളി... ‘അങ്കണത്തൈമാവില്‍...’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.