വിവാദ കവിത: കളിച്ചത് വലതുപക്ഷ ഹിന്ദുത്വ താല്‍പര്യങ്ങള്‍ -സച്ചിദാനന്ദന്‍
text_fieldsന്യൂദല്‍ഹി: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഇബ്രാഹിം അല്‍ റുബായിഷിന്‍െറ കവിത പിന്‍വലിക്കാനുള്ള തീരുമാനം വിചിത്രമാണെന്ന് പ്രമുഖ കവി കെ. സച്ചിദാനന്ദന്‍. കവിയുടെ പശ്ചാത്തലമല്ല, കവിതയുടെ മൂല്യമാണ് പരിഗണിക്കപ്പെടേണ്ടത്. സമൂഹത്തെ ബാധിച്ച രോഗത്തിന്‍െറ ലക്ഷണമാണ് ഈ സംഭവം. വലതുപക്ഷ-ഹിന്ദുത്വ താല്‍പര്യങ്ങള്‍ ഈ വിവാദം ഉയര്‍ത്തി വിടുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്ന ഒരു തടവുകാരന്‍െറ വേദനയും പ്രതിഷേധവും നിറഞ്ഞ കവിത കുട്ടികള്‍ക്ക് സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്‍െറയും വികാരം പകര്‍ന്നു നല്‍കുകയാണ് ചെയ്യുക. സ്വാതന്ത്ര്യ സംരക്ഷണത്തിന്‍െറ കേന്ദ്രമാണ് കലാശാല. ബാഹ്യപ്രേരണകള്‍ക്ക് വഴങ്ങി കലാലയങ്ങള്‍ ഇങ്ങനെ അധ$പതിക്കാന്‍ പാടില്ല. പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തില്‍ ഇതൊക്കെ നടക്കുന്നത് അപമാനകരമാണ്.
രാമായണവും മഹാഭാരതവുമൊക്കെ വായിക്കുന്നത് വാല്മീകിയുടെയോ വ്യാസന്‍െറയോ ജീവിത പശ്ചാത്തലം അറിഞ്ഞുകൊണ്ടല്ല. സമൂഹത്തിനെതിരെ പൊരുതുന്ന എത്രയോ പേരെ നാം വായിക്കുന്നു. ആ വികാരം ഉള്‍ക്കൊള്ളുന്നില്ളെങ്കില്‍, നെരൂദയെ വായിക്കുന്നില്ളെങ്കില്‍, കവിത ശുഷ്കമായിത്തീരും. അമേരിക്കന്‍വിരുദ്ധ രാഷ്ട്രീയം റുബായിഷിന്‍െറ കവിതയിലുണ്ട്. ആ രാഷ്ട്രീയത്തെ കേരളം നിരോധിക്കുന്നതിന്‍െറ യുക്തി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഒരു കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സര്‍വകലാശാലക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പാഠഭാഗമാക്കിയ ഈ കവിത പിന്‍വലിക്കാന്‍ തക്ക ഒരു കാരണവും റുബായിഷിന്‍െറ കവിതയിലില്ല. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് അമേരിക്ക തന്നെ പറഞ്ഞതായി വായിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് വെറുതെ കുത്തിപ്പൊക്കിയ വിവാദമാണ്.
ദല്‍ഹി സര്‍വകലാശാല എ.കെ. രാമാനുജന്‍െറ രാമായണത്തെക്കുറിച്ച് പ്രബന്ധം അടുത്തകാലത്ത് വിലക്കിയതിനു സമാനമാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ സംഭവം. ദല്‍ഹി സര്‍വകലാശാലയില്‍ പ്രശ്നമുണ്ടാക്കിയത് രാമാനുജന്‍െറ പ്രബന്ധം പൂര്‍ണമായി വായിച്ചു നോക്കുക പോലും ചെയ്യാത്ത എ.ബി.വി.പിക്കാരായിരുന്നു. പക്ഷേ, യൂനിവേഴ്സിറ്റി വഴങ്ങി. ഒരു കവിയെ അംഗീകരിക്കാന്‍ പോലുമുള്ള മാനസികാവസ്ഥ ഇല്ലാതെ വന്നാല്‍ കാര്യങ്ങള്‍ എവിടെയത്തെും? ജനാധിപത്യത്തിന് എന്താണ് പിന്നെ അടിസ്ഥാനം? ഗ്വണ്ടാനമോയിലെ മര്‍ദനത്തിന്‍െറ കഥ എല്ലാവര്‍ക്കുമറിയാം. അമേരിക്ക ഒരാളെ ഭീകരനാക്കിയാല്‍, നമുക്കും അയാള്‍ ഭീകരനായി മാറുകയാണ്. ഭീകരവാദിയുടെ നിര്‍വചനം തന്നെ അവ്യക്തമാണ്. ഭഗത്സിങ് ബ്രിട്ടീഷുകാര്‍ക്ക് ഭീകരനായിരുന്നു. നിരപരാധിയായ മുസ്ലിംകള്‍ ഭീകരതയുടെ പേരില്‍ വേട്ടയാടപ്പെടുന്നു. അവഗണനക്കും ചൂഷണത്തിനുമെതിരെ സമരം ചെയ്യുന്ന നക്സലുകള്‍ ഭീകരരായി ചിത്രീകരിക്കപ്പെടുന്നു -സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.