ഗള്‍ഫ് മാധ്യമം കമല സുറയ്യ പുരസ്കാരം കെ. സച്ചിദാനന്ദന്
text_fieldsകോഴിക്കോട്: ഗള്‍ഫ് മാധ്യമത്തിന്‍െറ പ്രഥമ കമല സുറയ്യ പുരസ്കാരത്തിന് പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. പ്രഫ.എം.കെ. സാനു, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സച്ചിദാനന്ദനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഡിസംബര്‍ 13ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ‘എന്‍െറ സ്വന്തം മലയാളം’ പരിപാടിയില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അറിയിച്ചു.
സംസ്കാരകമ്പോളത്തിന്‍െറ ചോദനകള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ തയാറാക്കലായി എഴുത്ത് അധ$പതിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് മാനവികവും ജീവിതസ്നേഹപരവുമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരന്‍ എന്ന നിലക്കാണ് സച്ചിദാനന്ദനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. ‘‘വ്യക്തിയുടെ അന്തര്‍ലോകത്തെയും സാമൂഹികമായ നിലനില്‍പിന്‍െറ ലോകത്തെയും ഒരേപോലെ അഭിസംബോധന ചെയ്തുകൊണ്ടാണ് സച്ചിദാനന്ദന്‍െറ കാവ്യജീവിതവും ധൈഷണികജീവിതവും ആരംഭിക്കുന്നതെന്ന് കാണാം. വേറൊരുതരത്തില്‍ പറയുകയാണെങ്കില്‍ ഈ രണ്ടു ലോകങ്ങളുടെയും വൈരുധ്യങ്ങളെ മറികടക്കുന്ന അക്ഷരപ്രപഞ്ചം അദ്ദേഹം പണിഞ്ഞുണ്ടാക്കിയിരിക്കുന്നു. അതുകൊണ്ടാണ്, സ്വാതന്ത്ര്യം, സാഹോദര്യം, ബഹുസ്വരത, പെണ്‍പക്ഷം തുടങ്ങിയ ആശയങ്ങള്‍ സച്ചിദാനന്ദന്‍െറ എഴുത്തില്‍ അമൂര്‍ത്തമായ ആകാശകുസുമങ്ങളാകാതെ ഭൂമിയുടെ ഫലഭൂയിഷ്ഠതയില്‍ തഴച്ചു പുഷ്പിച്ച് നില്‍ക്കുന്നത്. സങ്കല്‍പശേഷിയും ചിന്താശേഷിയും പരസ്പരം മത്സരിക്കുന്ന അപൂര്‍വജനുസ്സില്‍പ്പെട്ട ഈ എഴുത്തുകാരന്‍ മനുഷ്യത്വപരമായ ശരിയുടെ കൂടെ മാത്രമേ സാമൂഹികരംഗത്തും രാഷ്ട്രീയരംഗത്തും നിലപാടെടുത്തിട്ടുള്ളൂ’’, സമിതി വിലയിരുത്തി.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ പുല്ലൂറ്റ് ഗ്രാമത്തില്‍ 1946 മേയ് 26നാണ് സച്ചിദാനന്ദന്‍െറ ജനനം. അമ്മ: കെ. കുഞ്ചിക്കുട്ടിയമ്മ. അച്ഛന്‍: കെ.സി. ശങ്കരമേനോന്‍. ഇംഗ്ളീഷ് എം.എം ബിരുദം നേടിയ ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രഫസറായി. ഇരുപത്തിയഞ്ചുവര്‍ഷത്തെ കോളജധ്യാപനത്തിനു ശേഷം കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ദൈ്വമാസികയുടെ പത്രാധിപരായി. 1996 മുതല്‍ 2006വരെ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി. ‘അഞ്ചുസൂര്യന്‍’, ‘എഴുത്തച്ഛനെഴുതുമ്പോള്‍’, ‘പീഡനകാലം’, ‘വേനല്‍മഴ’, ‘ഇവനെക്കൂടി’, ‘വീടുമാറ്റം’, ‘മലയാളം’, ‘അപൂര്‍ണം’ തുടങ്ങിയ കവിതാസമാഹാരങ്ങളും ‘കുരുക്ഷേത്രം’, ‘സംവാദങ്ങള്‍’, ‘സമീപനങ്ങള്‍ വീണ്ടുവിചാരങ്ങള്‍’, ‘മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര’, ‘മലയാള കവിതാപഠനങ്ങള്‍’, Indian Literature: Positions and propositions, Authors Texts Issues, Indian Literature Paradigms and Perspectives, Reading Indian Literature and Beyond തുടങ്ങി ഇരുപത്തഞ്ചിലധികം ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ശക്തന്‍ തമ്പുരാന്‍’, ‘ഗാന്ധി’ എന്നീ നാടകങ്ങളും ‘പലലോകം പലകാലം’, ‘മൂന്നു യാത്ര’ എന്നീ യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തന സമാഹാരങ്ങളും ഇംഗ്ളീഷ്, മലയാളം ഭാഷകളിലായി എഡിറ്റുചെയ്ത പന്ത്രണ്ടിലധികം കൃതികളും. കവിതകള്‍ ഇംഗ്ളിഷ്, അറബി, ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, ബംഗാളി, ആസാമിസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഇറ്റാലിയന്‍ തുടങ്ങി പതിനാറോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്കാരം, ഉള്ളൂര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹര്‍ ദേശീയ കവിതാ പുരസ്കാരം, പ്രേമസമിതി റൈറ്റര്‍ ഓഫ് ദി ഇയര്‍, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ സച്ചിദാനന്ദനെ തേടിയെത്തി.
ടി.പി. തുളസിയാണ് ഭാര്യ. ടി.പി. സരിത, ടി.പി. സബിത എന്നിവര്‍ മക്കള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.