മലയാളം–അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് തുടക്കമായി
text_fieldsതൃശൂര്‍: ഗസ്സയിലെ കൂട്ടക്കുരുതി സംസ്കാര സമ്പന്നരായ സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് മന്ത്രി കെ.സി.ജോസഫ്. സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദ്വിദിന മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ഇസ്രായേലിലെ സിയോണിസ്റ്റ് ഭരണകൂടം കിരാതമായി ആക്രമണം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ ഭാരതീയരുടെയും പ്രത്യേകിച്ച് മലയാളികളുടെയും പിന്തുണ ഫലസ്തീന്‍ ജനതക്കുണ്ട്.
ഇന്ത്യയും അറബിരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ അറബി- മലയാളം സാഹിത്യോത്സവം അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.കേരളം അതിപുരാതന കാലം മുതല്‍ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ്.
പ്രാചീനകാലം മുതല്‍ക്കെ അറേബ്യയുമായുള്ള കേരളത്തിന്‍െറ ബന്ധം ദൃഢമാണ്. ഈ ബന്ധം ഇനിയും ദൃഢമാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് സാഹിത്യോത്സവമെന്നും മന്ത്രി പറഞ്ഞു.
ടാഗോര്‍ സമാധാന പുരസ്കാര ജേതാവും ഇന്ത്യന്‍ കവിതകളുടെ അറബി പരിഭാഷകനുമായ ഡോ.ഷിഹാബ് ഗാനത്തെ ചടങ്ങില്‍ മന്ത്രി പൊന്നാടയണിയിച്ചു. അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ സര്‍ക്കാറിന്‍െറ ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ ഒബൈദ് ഗാബിശ്, അക്കാദമി വൈസ് പ്രസിഡന്‍റ് അക്ബര്‍ കക്കട്ടില്‍, അക്കാദമി നിര്‍വാഹക സമിതിയംഗം പി.കെ.പാറക്കടവ്, സാഹിത്യോത്സവം കോഓഡിനേറ്റര്‍ എസ്.എ.ഖുദ്സി, അബ്ദു ശിവപുരം, ഫലസ്തീന്‍ എഴുത്തുകാരി ല്യാന ബദര്‍, കവിയും പരിഭാഷകനുമായ അലി കന്‍ആന്‍, ഈജിപ്ഷ്യന്‍ കവി മുഹമ്മദ് ഈദ് ഇബ്രാഹിം, ഇറാഖി നോവലിസ്റ്റ് മഹമ്മൂദ് സഈദ്, ഒമാന്‍ എഴുത്തുകാരി അസ്ഹാര്‍ അഹമ്മദ്, യു.എ.ഇ എഴുത്തുകാരി ഡോ.മര്‍യം അല്‍ അശ്ശിനാസി, കുവൈത്ത് കവി ഖാലിദ് സാലീം മുജബില്‍ അല്‍ റുമൈത്തി എന്നിവര്‍ പങ്കെടുത്തു.
അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ സ്വാഗതവും അക്കാദമി അംഗം ജോണ്‍ സാമുവല്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.