ദസ്തയേവ്സ്കിയുടെ നാട്ടിലേക്ക് ‘സങ്കീര്‍ത്തന’ത്തിന്‍െറ കഥാകാരന്‍
text_fieldsകൊച്ചി: വായനയുടെ ആവേശത്തില്‍ തന്‍െറ മനസ്സില്‍ ആരാധനയുടെ അനശ്വര വികാരങ്ങള്‍ തീര്‍ത്ത സാഹിത്യകാരന്‍െറ നാട്ടിലേക്ക് ആദ്യയാത്രക്കൊരുങ്ങുകയാണ് മലയാളത്തിന്‍െറ സ്വന്തം എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍. ഒരുഘട്ടത്തില്‍ അദ്ദേഹത്തോട് ഇഷ്ട ഭ്രാന്ത് വരാറുണ്ടായിരുന്നെന്നും ഇപ്പോഴും അതില്‍നിന്ന് തീര്‍ത്തും മുക്തനല്ളെന്നും പെരുമ്പടവംതന്നെ പറയുന്ന, ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയേവ്സ്കിയുടെ നാട്ടിലേക്ക് പെരുമ്പടവം ഒറ്റക്കല്ല, എഴുത്തുകാരന്‍ സക്കറിയയുമുണ്ട് ഒപ്പം.
ദസ്തയേവ്സ്കിയുടെ ജീവിതവും സ്റ്റെനോ അന്നയുമായുള്ള പ്രണയവും വിപ്ളവത്തിന്‍െറ ബാനറില്‍ ഹൃദയസ്പര്‍ശിയായി പെരുമ്പടവം എഴുതിയ നോവല്‍ ‘ഒരു സങ്കീര്‍ത്തനംപോലെ’ സക്കറിയയുടെ തിരക്കഥയില്‍ ഷൈനി ജേക്കബ് ബെഞ്ചമിന്‍െറ സംവിധാനത്തില്‍ ഡോക്യുഫിക്ഷനാക്കുന്നതിന്‍െറ ചിത്രീകരണത്തിനാണ് അദ്ദേഹത്തിന്‍െറ റഷ്യന്‍ യാത്ര. തന്‍െറ നോവലിന്‍െറയും കഥാപാത്രത്തിന്‍െറയും സങ്കല്‍പലോകത്തെ, എഴുത്തുകാരന്‍ നേരിട്ട് അഭിമുഖീകരിക്കുന്ന തീവ്രവും വിസ്മയകരവുമായ അനുഭവമാണ് ഡോക്യുഫിക്ഷന്‍െറ വിഷയം. കഥാകാരനും തന്‍െറ കഥാപാത്രവും തമ്മിലെ വൈകാരിക ബന്ധം പ്രതിഫലിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാകും മുഖ്യ ആകര്‍ഷണം. ഫ്യോദര്‍ ദസ്തയേവ്സ്കി ജനിച്ചുവളര്‍ന്ന വീടും സായാഹ്നങ്ങള്‍ ചെലവിട്ട നേവ നദീതീരവും അനുഭവവേദ്യമാകുമ്പോള്‍ പെരുമ്പടവം എന്ന കഥാകാരനില്‍ സംഭവിക്കുന്ന മനോവ്യാപാരങ്ങളാണ് തന്‍െറ തിരക്കഥയില്‍ സക്കറിയയുടെ ഊന്നല്‍. അറുപത്തിയൊന്ന് പതിപ്പുകളിലായി ഒന്നര ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ‘ഒരു സങ്കീര്‍ത്തനംപോലെ’ ഒമ്പത് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.
ടോള്‍സ്റ്റോയ് ഉള്‍പ്പെടെ വിഖ്യാത എഴുത്തുകാരുടെ നാടെന്ന നിലയിലാണ് റഷ്യയോട് തനിക്ക് അടുപ്പം തോന്നിയതെന്നും ദസ്തയേവ്സ്കിയിലൂടെ ആ ബന്ധം വൈകാരികമായെന്നും പെരുമ്പടവം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ റഷ്യ കണ്ടിട്ടില്ല. സ്വര്‍ഗത്തെക്കുറിച്ച വിഖ്യാത വര്‍ണനകള്‍ സ്വര്‍ഗം കാണാതെയാണ്. റഷ്യ കാണാത്തതില്‍ തനിക്ക് വിഷമം തോന്നിയിട്ടില്ല. സോവിയറ്റ് സാഹിത്യങ്ങള്‍ വായിച്ച് ആവേശം കൊണ്ടും റഷ്യയുടെ വായനസംസ്കാരത്തിന്‍െറ ബലത്തിലുമാണ് റഷ്യന്‍ പശ്ചാത്തലത്തില്‍ തന്‍െറ നോവല്‍ എഴുതിയത്. റഷ്യയില്‍ യാത്ര ചെയ്ത സഞ്ചാര സാഹിത്യകാരന്‍ പൊറ്റെക്കാട്ട്, ദസ്തയേവ്സ്കിയെ കാണാതെ പോന്നത് ആശ്ചര്യകരമായാണ് താനിന്നും കാണുന്നതെന്നും പെരുമ്പടവം പറഞ്ഞു.
സമാന്തര സിനിമകള്‍ നിര്‍മിക്കുന്ന ബേബി മാത്യു സോമതീരത്തിന്‍െറ നേതൃത്വത്തിലുള്ള സോമ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ‘ബ്ളാക് ഫോറസ്റ്റ്’ ഓസ്കര്‍ അവാര്‍ഡ് ജേതാവ് പോള്‍ കോക്സിന്‍െറ ‘ഫോഴ്സ് ഓഫ് ഡെസ്റ്റിനി’ എന്നിവയുടെ നിര്‍മാതാവാണ് ബേബി മാത്യു. സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെപ്പറ്റിയുള്ള ദേശീയ പുരസ്കാരം നേടിയ ഒറ്റയാള്‍, ജര്‍മനിയിലെ മലയാളി നഴ്സുമാരെക്കുറിച്ചുള്ള ‘ട്രാന്‍സ്ലേറ്റഡ് ലിവ്സ്’, ‘എ മൈഗ്രേഷന്‍ റീ വിസിറ്റഡ്’ എന്നീ ഡോക്യുമെന്‍ററികളുടെ സംവിധായികയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.ജി. ജയനാണ് കാമറ കൈകാര്യം ചെയ്യുന്നത്. നവംബറില്‍ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ ചിത്രീകരണം ആരംഭിക്കും. പെരുമ്പടവത്തും ചിത്രീകരണമുണ്ട്. 40 മിനിറ്റോളമുള്ള ഡോക്യുഫിക്ഷനില്‍ പെരുമ്പടവത്തിനുപുറമെ റഷ്യക്കാരായ രണ്ട് തിയറ്റര്‍ കലാകാരന്മാരുമാണ് അഭിനേതാക്കള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.