ഇനിയും എഴുതാനുണ്ട് -എം.ടി
text_fieldsകോഴിക്കോട്: ഇനിയും പലതും എഴുതാനുണ്ടെന്നും അതേക്കുറിച്ച് വാഗ്ദാനങ്ങളൊന്നും തരുന്നില്ളെന്നും കാലത്തിന്‍െറ കഥാകാരന്‍. പുതിയ എഴുത്തിന്‍െറ പണിപ്പുരയിലാണെന്ന് സൂചിപ്പിച്ച എം.ടി കാലം അതിനനുവദിക്കട്ടേയെന്ന പ്രാര്‍ഥനയുണ്ടെന്നും പറഞ്ഞു.
കോഴിക്കോട് വികസന അതോറിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ളബ് സംഘടിപ്പിച്ച ‘എം.ടി. ചിത്രം ചരിത്രം’ ഫോട്ടോപ്രദര്‍ശനത്തോടനുബന്ധിച്ച് വാര്‍ത്തകളിലെ എം.ടി പരിപാടിയില്‍ മുതിര്‍ന്ന പത്രാധിപന്മാരോടൊപ്പം സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രായത്തിന്‍െറ പരാധീനതകളുണ്ട്. എന്നാലും എഴുതും. എഴുതാനുള്ള പ്രമേയങ്ങളുണ്ട്. ഓര്‍മക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. പുതിയ പുസ്തകങ്ങളുടെ വായനയും നടക്കുന്നുണ്ട്. ലോകത്ത് എഴുത്തിന്‍െറ മേഖലയില്‍ എന്തൊക്കെ നടക്കുന്നു എന്ന് അറിയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട് -എഴുത്തിനെക്കുറിച്ച് എം.ടി മനം തുറന്നു. മലയാളപത്രങ്ങളില്‍ അശുഭകരമായ പദപ്രയോഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് തടയാന്‍ പത്രാധിപന്മാര്‍ കൂട്ടായ്മയോടെ ശ്രമിക്കണം.
ഭാഷയെ നവീകരിക്കാന്‍ പത്രങ്ങള്‍ മുന്‍കൈയെടുക്കണം. ‘മാണി വെട്ടില്‍ വീണു’ തുടങ്ങിയ ഭാഷാപ്രയോഗങ്ങള്‍ ദു$ഖകരമാണ്. മലയാളത്തില്‍ നല്ല വാക്കുകള്‍ക്ക് പഞ്ഞമില്ല. സമ്പന്നമാണ് മലയാളഭാഷ. പത്രത്തില്‍ വരുന്ന ഭാഷ ജനങ്ങളെ സ്വാധീനിക്കുന്നു. ഭാഷ നന്നാക്കിയെടുക്കാനുള്ള ഉപകരണമായി പത്രങ്ങള്‍ മാറണമെന്നും എം.ടി അഭിപ്രായപ്പെട്ടു.
മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാനാണ് പത്രങ്ങളും ചാനലുകളും മലയാളഭാഷയെ കൊന്നുകളയുന്നു എന്ന വിമര്‍ശം എം.ടിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഏച്ചു കൂട്ടിയ വാക്കുകളും ഇംഗ്ളീഷ് പദങ്ങളും എല്ലാംചേര്‍ത്ത് മലയാളഭാഷയെ മാധ്യമങ്ങള്‍ വികൃതമാക്കിയെന്നും അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ചതുകൊണ്ടുമാത്രം കാര്യമായില്ല, പുതിയ തലമുറക്ക് അത് ശരിയായി പ്രയോഗിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍. മാറ്റത്തിന് എം.ടി.വെളിച്ചം പകരണമെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു. സാഹിത്യപത്രപ്രവര്‍ത്തനത്തിനിടയില്‍ എം.ടി ഒരുപാട് നല്ല എഴുത്തുകാരെ കണ്ടത്തെിയെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. സാഹിത്യകാരന്മാര്‍ പത്രാധിപന്മാരായി വന്ന കാലത്തെല്ലാം അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അതില്‍ നിഴലിച്ചിരുന്നു. പക്ഷേ, എം.ടിയുടെ കാര്യത്തില്‍ അതുണ്ടായില്ളെന്ന് തോമസ് ജേക്കബ് പറഞ്ഞു. പുതിയ പത്രാധിപന്മാര്‍ പുതിയ എഴുത്തുകാരെയും ജേണലിസ്റ്റുകളെയും നല്ല എഴുത്തിന് അവസരം കൊടുക്കാതെ കൊന്നുകളയുന്നവരാണെന്ന് ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ അഭിപ്രായപ്പെട്ടു. എന്നാല്‍, എം.ടി ഒരുപാട് പുതിയ എഴുത്തുകാര്‍ക്ക് അവസരം നല്‍കി. അതുകൊണ്ടുതന്നെ എഴുത്തുകാരുടെ ലീഡറായി എം.ടിയുണ്ട് എന്ന് കരുതാന്‍ കഴിയുന്നുണ്ടെന്നും ചെറൂപ്പ പറഞ്ഞു. ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ പി.പി.അബൂബക്കര്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രസ്ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.