ശതാഭിഷിക്തനായി പത്മനാഭന്‍
text_fieldsകണ്ണൂര്‍: മലയാളത്തില്‍ ചെറുകഥക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരേയൊരു എഴുത്തുകാരന്‍, കഥയുടെ പെരുന്തച്ചന്‍ ടി. പത്മനാഭന്‍ ശതാഭിഷിക്തനായി. ജീവിതം കൊണ്ട് ആയിരം പൂര്‍ണ ചന്ദ്രന്മാര്‍ക്ക് സാക്ഷിയായ കഥയുടെ രാജശില്‍പിക്ക് 84 തികഞ്ഞ ഫെബ്രുവരി അഞ്ചും സാധാരണ ദിനം പോലെ കടന്നുപോയി. പൊന്നാട, അവാര്‍ഡ്, ഉപഹാരം, സ്തുതി എന്നിവയേക്കാള്‍ ‘പപ്പേട്ടന്‍െറ കഥകള്‍ വായിച്ച’ ഒരാള്‍ എന്ന് പരിചയപ്പെടുത്തി വരുന്ന ഓരോ വിളികളെയും അതിഥിയെയും അദൃശ്യമായ ഉപഹാരങ്ങളായി സ്വരുക്കൂട്ടി വെച്ചിരിക്കുന്ന മലയാള ചെറുകഥയുടെ ഒറ്റയാന് ശതാഭിഷിക്ത ദിനങ്ങള്‍ കടന്നുപോകുന്നത് ഏകാന്തതയിലൂടെ എന്ന പ്രത്യേകത മാത്രം. ഭാര്യ മരിച്ച് മൂന്നുമാസം കഴിയുമ്പോഴാണ് പത്മനാഭന്‍െറ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്്.
ജീവിതത്തെ ഈ ഘട്ടത്തില്‍ നിന്നും തിരിഞ്ഞുനോക്കുമ്പോള്‍ എങ്ങനെ തോന്നുന്നുവെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒറ്റവാക്കില്‍ മറുപടി പറയും ‘സന്തോഷം’. ‘ഈ ജീവിതം കൊണ്ട് ഞാന്‍ സന്തുഷ്ടനാണ്. എനിക്ക് അധികം ആര്‍ത്തികളില്ല. 190 കഥകള്‍ മാത്രമാണ് ഞാന്‍ എഴുതിയത്. ഒരു ലേഖന സമാഹാരം. എന്‍െറ ആത്മകഥയെന്നു പറയാവുന്ന ‘പള്ളിക്കുന്ന്’. 16 പുസ്തകങ്ങളാണ് എന്‍േറതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവസാനം പുറത്തിറങ്ങിയത് ‘നിങ്ങളെ എനിക്കറിയാം’ എന്ന സമാഹാരമാണ്’.
മനുഷ്യനും മിണ്ടാപ്രാണികള്‍ക്കും തന്‍െറ കഥയില്‍ തുല്യസ്ഥാനം നല്‍കിയ പത്മനാഭന്‍ മലയാളത്തില്‍ നവഭാവുകത്വത്തിന് വഴിമരുന്നിട്ട എഴുത്തുകാരന്‍ എന്ന് അറിയപ്പെട്ടു. സ്തുതിപാഠകരെയും അവാര്‍ഡ് ദാതാക്കളെയും വീടിന്‍െറ പടിക്കുപുറത്തുനിര്‍ത്തിയ പത്മനാഭന്‍െറ വീടകം പൂച്ചകളെയും പട്ടികളെയും കൊണ്ട് നിറഞ്ഞു. അവക്ക് പേരിട്ടു. വീട്ടിലുള്ളവര്‍ക്ക് എന്ന പോലെ എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞുവരുമ്പോഴേക്കും അവക്കും ഭക്ഷണം ഒരുക്കിവെച്ചു. പരിസ്ഥിതിയോടും സഹജീവികളോടുമുള്ള ഈ സ്നേഹം കഥകളില്‍ വേഷമിട്ടു. മറ്റുള്ളവരുടെ കഥകളില്‍ നിന്നും പത്മനാഭനെ അജയ്യനാക്കിയത് പ്രമേയവും അനുരൂപമായ ഭാഷയുമാണ്. മനുഷ്യനില്ലാതാകുന്നത് ജീവികളില്‍ ദര്‍ശിച്ച പത്മനാഭന്‍ കഥകള്‍കൊണ്ട് പുതിയ ദര്‍ശനമുണ്ടാക്കി. ഏറ്റവുമൊടുവില്‍ ഇറങ്ങിയ ‘എനിക്ക് നിങ്ങളെ അറിയാം’ എന്ന പുസ്തകത്തില്‍ കുട്ടന്‍ പൂച്ച കിണറ്റില്‍ വീണപ്പോള്‍ അസ്വസ്ഥനായ കഥാകാരന്‍ അത് പുതിയ കാലത്തെ മനുഷ്യനുള്ള സന്ദേശമാക്കി മാറ്റി. ഈ സമീപനം അദ്ദേഹത്തിന്‍െറ മിക്ക കഥകളിലും കാണാം.
1931ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ ജനിച്ച പത്മനാഭന്‍ 1948 മുതല്‍ കഥകള്‍ എഴുതി. കുറച്ചുകാലം കണ്ണൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ശേഷം ഫാക്ടില്‍ ഉദ്യോഗസ്ഥനായി. 1989ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായി വിരമിച്ചു. കല്ലന്മാര്‍തൊടി ഭാര്‍ഗവിയാണ് ഭാര്യ. മൂന്നുമാസം മുമ്പ് അവര്‍ മരിച്ചു. ഇവര്‍ക്ക് മക്കളില്ല.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും കഥകളുടെ പരിഭാഷ വന്നുകഴിഞ്ഞു. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി 11 ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012), എഴുത്തച്ഛന്‍ പുരസ്കാരം (2003), വയലാര്‍ അവാര്‍ഡ് (2001), ലളിതാംബിക അന്തര്‍ജനം പുരസ്കാരം (1998), സ്റ്റേറ്റ് ഓഫ് അല്‍ ഐന്‍ അവാര്‍ഡ് (1997), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1996), ഓടക്കുഴല്‍ പുരസ്കാരം (1995), സാഹിത്യ പരിഷത്ത് അവാര്‍ഡ് (1988), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1973) എന്നിവ പത്മനാഭനെ തേടിയത്തെി.
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി (1955), ഒരു കഥാകൃത്ത് കുരിശില്‍ (1956), മഖന്‍ സിംഗിന്‍െറ മരണം (1958), ടി. പത്മനാഭന്‍െറ തിരഞ്ഞെടുത്ത കൃതികള്‍ (1971), സാക്ഷി (1973), ഹാരിസണ്‍ സായ്വിന്‍െറ നായ (1979), വീടു നഷ്ടപ്പെട്ട കുട്ടി (1983), കാലഭൈരവന്‍ (1986), കത്തുന്ന ഒരു രഥചക്രം, നളിനകാന്തി (1988), ഗൗരി (1991), കടല്‍ (1994), പത്മനാഭന്‍െറ കഥകള്‍ (1995), പള്ളിക്കുന്ന് (ലേഖന സമാഹാരം), ഖലീഫാ ഉമറിന്‍െറ പിന്മുറക്കാര്‍, നിങ്ങളെ എനിക്കറിയാം (2014) എന്നിവ മലയാള സാഹിത്യത്തിന് പത്മനാഭന്‍െറ സംഭാവനകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.