Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമാനസ സാരസ മഞ്ജരി

മാനസ സാരസ മഞ്ജരി

text_fields
bookmark_border
മാനസ സാരസ മഞ്ജരി
cancel

പാതി ഉടലിലും കരളുറപ്പും അചഞ്ചലമായ വിശ്വാസവും കരുത്താക്കി ലോകത്തിന് പുതിയ പ്രതീക്ഷയും ഊര്‍ജവും പകരുകയാണ് സരസു തോമസിന്‍െറ ജീവിതം. ശാരീരിക വൈകല്യങ്ങളെയും വേദനകളെയും വെല്ലുവിളിച്ച് ആഗ്രഹങ്ങള്‍ക്കും നിരാശകള്‍ക്കും ഇടം നല്‍കാതെ സന്യാസതുല്യമായ ജീവിത പാതകള്‍ കണ്ടത്തെുന്നു ഈ 60കാരി. ചലിപ്പിക്കാനാകാത്ത ശരീരത്തെയും ജീവിതത്തെയും ഇച്ഛാശക്തികൊണ്ടും ഹൃദയവിശാലതകൊണ്ടും തോല്‍പിച്ച് ചലനാത്മകമാക്കുകയും വാക്കിലും പ്രവൃത്തിയിലും പുതുതലമുറക്ക് സാന്ത്വനം പകരുകയും ചെയ്യുന്ന സരസു, മാറുന്ന കാലത്തിന് മാതൃകയാവുന്നു. കഴുത്തും മൂന്നു വിരലുകളും മാത്രം ചലിപ്പിക്കാനാവുന്ന സരസു എഴുതുകയും വായിക്കുകയും ചിത്രം വരക്കുകയും പാടുകയും ചിന്തിക്കുകയും ചെയ്യുന്നത് ആരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.

37 വര്‍ഷമായി തലസ്ഥാനത്തെ ചെഷയര്‍ ഹോമില്‍ അന്തേവാസിയായി കഴിയുന്ന സരസുവിന്‍െറ ഭാഗിക ചലനം മാത്രമുള്ള വിരല്‍ത്തുമ്പുകളില്‍നിന്ന് വിരിഞ്ഞത് നിരവധി കഥകളും കവിതകളും ചിത്രങ്ങളും. 2000ത്തില്‍ പ്രകാശനംചെയ്ത ‘ഇതാണെന്‍െറ കഥയും ഗീതവും’ എന്ന ആത്മകഥ സാഹിത്യലോകത്ത് ഏറെ ശ്രദ്ധനേടി. 2009ല്‍ പ്രകാശനംചെയ്ത ‘ജയത്തിനുമുണ്ടോ കുറുക്കുവഴി’ എന്ന പുസ്തകം അതിജീവനത്തിന്‍െറ പുതുവഴിയിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്നവിധത്തില്‍ വേറിട്ട രചനയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘സ്നേഹദൂതുമായി ജയിലുകളില്‍’ എന്ന പുസ്തകത്തിന്‍െറ ഉള്ളടക്കം ഒരു മിഷനറി വനിതയുടെ ജീവിത ചരിത്രമായിരുന്നു.

നൈജീരിയയും റഷ്യയും ഉള്‍പ്പെടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ തടവറകളില്‍ അറിഞ്ഞും അറിയാതെയും എത്തിപ്പെട്ടവര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ തുറന്നുകാട്ടുകയാണ് ഈ പുസ്തകം. മരണമടഞ്ഞ റെയ്ച്ചല്‍ ബെന്നിയെന്ന മിഷനറിയുടെ ഡയറിക്കുറിപ്പുകള്‍ സരസു വിദഗ്ധമായി പ്രയോജനപ്പെടുത്തുകയായിരുന്നു. പ്രകൃതിയെയും ദൈവത്തെയും ഇഷ്ടപ്പെടുന്ന സരസുവിന്‍െറ ചിത്രങ്ങളിലും കവിതകളിലും അതിന്‍െറ ആത്മസ്പര്‍ശം ഉണ്ടാകാറുമുണ്ട്.


പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്ക എന്ന കാര്‍ഷിക ഗ്രാമത്തില്‍ പള്ളിക്കല്‍ വീട്ടിലായിരുന്നു സരസുവിന്‍െറ ജനനം. ഇടത്തരം കര്‍ഷകരായ പി.ജി. തോമസിന്‍െറയും അന്നാമ്മയുടെയും എട്ടു മക്കളില്‍ ഇളയവള്‍. പാടത്തും പറമ്പിലും ഓടിനടന്ന ആ കുരുന്നിനെ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുംമുമ്പ് വിധി കീഴ്പ്പെടുത്തി. പോളിയോ രൂപത്തിലത്തെിയ ദുരന്തമാണ് കുരുന്നിനെ എന്നെന്നേക്കുമായി കിടപ്പിലാക്കിയത്.
പിന്നെയുള്ള വര്‍ഷങ്ങള്‍ പരസഹായമില്ലാതെ കഴിയാനാകാത്ത ദിനങ്ങളായിരുന്നു. എണീറ്റ് നടക്കാനും സ്കൂളില്‍ പോകാനും കൂട്ടുകാരൊത്ത് കളിക്കാനും ആഗ്രഹിച്ച നാളുകള്‍. നിരാശയും മാനസിക സംഘര്‍ഷങ്ങളും വേറെ. ജീവിതം കൂടുതല്‍ ഇരുട്ടിലേക്ക് തള്ളപ്പെടുമോയെന്ന ആശങ്ക. എന്നാല്‍, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്നേഹലാളനകള്‍ അതിനെ അതിജീവിക്കാന്‍ കരുത്തുനല്‍കി.

സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞതോടെ തന്‍െറ ജീവിതത്തില്‍ ഉണ്ടാകേണ്ട മാറ്റം സരസു മുമ്പേ ചിന്തിച്ചിരുന്നു. അങ്ങനെ 23ാം വയസ്സില്‍ തിരുവനന്തപുരത്തെ ചെഷയര്‍ ഹോമിലത്തെി. പത്ര തലക്കെട്ടുകള്‍ വായിച്ച് കിട്ടിയ അറിവും സ്റ്റീഫന്‍ ഹോക്കിങ്, എ.പി.ജെ. അബ്ദുല്‍കലാം തുടങ്ങിയ ശാസ്ത്രജ്ഞരുടെ നേട്ടങ്ങളും കേട്ടറിഞ്ഞ സരസുവിന് ഇവിടത്തെ ജീവിതം പുതിയ ചിന്താരീതികള്‍ സമ്മാനിച്ചു. ഇത് മെല്ളെ എഴുത്തിലേക്ക് നയിച്ചു. എന്നാല്‍, ഇത് ഏറെനാള്‍ തുടരാനായില്ല. അധികൃതരുടെ ചില നടപടികളില്‍ മനംനൊന്ത സരസു ചെഷയര്‍ഹോം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരികെപോയി. അവിടെവെച്ചാണ് ആദ്യ പുസ്തകം പൂര്‍ത്തിയാക്കിയത്. വീണ്ടും തിരിച്ചത്തെിയ സരസു തന്‍െറ രചന തുടരുകയായിരുന്നു.

വീല്‍ചെയറില്‍ കിടന്നുമാത്രം സഞ്ചരിക്കുന്ന സരസു കമിഴ്ന്ന് കിടന്നാണ് എഴുതുന്നത്. ഇരു കൈകളിലുമായി ചലിപ്പിക്കാന്‍ കഴിയുന്ന മൂന്നു വിരലുകള്‍ ചേര്‍ത്താണ് എഴുത്ത്. വേദനകള്‍ സഹിച്ച് ദിവസവും ഒന്നര മണിക്കൂറോളം എഴുതുമായിരുന്നു. ശാരീരിക വൈകല്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ദൂരദര്‍ശന്‍ അവതരിപ്പിച്ച നാടകത്തില്‍ സരസുവിനും പ്രധാന റോളുണ്ടായിരുന്നു. 2004ല്‍ സരസുവിന്‍െറ ജീവിതം ആസ്പദമാക്കിയ ഹ്രസ്വചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. ‘ആന്‍ എന്‍കൗണ്ടര്‍ വിത് എ ലൈഫ് ബീയിങ് ’എന്ന സുജു വിനു എബ്രഹാം സംവിധാനം ചെയ്തതായിരുന്ന ഹ്രസ്വചിത്രം.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു 60ാം ജന്മദിനം. പ്രായമേറുന്നെങ്കിലും സരസു പറയുന്നതിങ്ങനെ. എനിക്ക് ഓരോ ദിവസവും ചെറുപ്പമാകുകയാണ്. കുട്ടികള്‍ അടുത്തുവന്നാല്‍ എനിക്കും അവരുടെ പ്രായമാണ്. നിറഞ്ഞ പുഞ്ചിരിയില്‍ വിരിയുന്ന ഈ വാക്കുകള്‍ ആരെയും ഊര്‍ജസ്വലരാക്കും. പിന്നെ തന്‍െറ ശരീരം തളര്‍ത്തിയ വിധിയുടെ ക്രൂരതയോടോ ദൈവത്തോടോ അവര്‍ക്ക് വിരോധമില്ല. ദൈവം തന്നെ സ്നേഹിക്കുന്നു എന്ന് വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം. അതാണ് തന്‍െറ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സരസു പറയുന്നു.

തളരാത്ത മനസ്സുമായി പുതിയ പുസ്തകത്തിന്‍െറ രചനയിലാണ് ഇപ്പോള്‍ സരസു. ആരോഗ്യപ്രശ്നങ്ങള്‍ ഇടക്കിടെ അലട്ടുന്നതിനാല്‍ എല്ലാ ദിവസവും എഴുതാനാകുന്നില്ല എന്ന പ്രയാസം മാത്രം. ദൈവകൃപയില്‍ അതും സാധിക്കുമെന്ന പ്രതീക്ഷയിലാണ്. ആദ്യം സ്വയം വിശ്വസിക്കുക. എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്യാനാകും എന്ന സന്ദേശമാണ് ഈ ജീവിതം നല്‍കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story