Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമഴപോലെ മനോഹരം ഈ...

മഴപോലെ മനോഹരം ഈ ‘നീര്‍മണിമുത്തുകള്‍’

text_fields
bookmark_border
മഴപോലെ മനോഹരം ഈ ‘നീര്‍മണിമുത്തുകള്‍’
cancel

മഴക്ക് എന്തൊരു അഴകാണ്, കാണാന്‍ ചന്തമെങ്കിലും മഴ കൂടിയാല്‍ അത് നാശം വരുത്തും. ഇനിയും മഴയെ പറ്റി ഒത്തിരി അറിയണോ, എങ്കില്‍ ഇതാ ഒരു പുസ്തകം. വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ അന്വേഷണാത്മക പ്രവര്‍ത്തനങ്ങളിലൂടെ പിറവിയെടുത്തത്. പുസ്തകത്തിന്‍െറ പേര് ‘നീര്‍മണിമുത്തുകള്‍’. ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരിച്ച പുസ്തകം മികച്ച മഴപഠന ഗ്രന്ഥമാണ്. ജില്ലാ സാമൂഹിക ശാസ്ത്ര കൗണ്‍സിലിന്‍െറ മാര്‍ഗനിര്‍ദേശത്തില്‍നടന്ന ശില്‍പശാലകളുടെ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ തന്നെ ശേഖരിച്ച വിവരങ്ങളാണ് പുസ്തകത്തില്‍. കേരളത്തിലെ മഴ ലഭ്യതയെയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളെയുംകുറിച്ച നിരവധി വസ്തുതകളുണ്ട്. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചൂവെന്ന് ഊറ്റംകൊള്ളുന്ന മലയാളികള്‍ക്ക്, ആവശ്യംവേണ്ട ജലസാക്ഷരതയില്ളെന്ന് പുസ്തകം പറയുന്നു. ഇതിന്‍െറ പ്രശ്നങ്ങളിലേക്ക് കുട്ടികള്‍ വിരല്‍ ചൂണ്ടുന്നു. അയല്‍ സംസ്ഥാനത്ത് ലഭിക്കുന്നതിന്‍െറ നാലിരട്ടിമഴ കേരളത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. 44 നദികളും അവയുടെ പോഷകനദികളും കൊണ്ടു സമ്പന്നമാണ് കേരളം. എന്നിട്ടും പെയ്യുന്നമഴ സംഭരിച്ചുവെക്കാനോ, ഭൂമിയില്‍ ആഴ്ന്നിറങ്ങാനോയുള്ള സംവിധാനങ്ങളില്ല. ഇതില്‍ കേരളീയര്‍ പരാജയമാണ്.
വേനല്‍ക്കാലമാകുമ്പോഴേക്കും നാടുംനഗരവും വരള്‍ച്ചകൊണ്ട് വീര്‍പ്പുമുട്ടുന്നു. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മഴമേഘങ്ങള്‍, കാലാവസ്ഥ, വിവിധ കൃഷി രീതികള്‍, മഴനാട്ടറിവുകള്‍, പഴഞ്ചൊല്ലുകള്‍, വിശ്വാസാചാരങ്ങള്‍, മഴക്കാല ആഘോഷങ്ങള്‍, വിവിധ ജീവജാലങ്ങളില്‍ മഴക്കാലം ചെലുത്തുന്ന സ്വാധീനം, വിവിധ മതഗ്രന്ഥങ്ങളിലെ മഴ, സാഹിത്യ കൃതികള്‍, ചലച്ചിത്രങ്ങള്‍ എന്നിവയിലെ മഴപരാമര്‍ശങ്ങളും ഇതിലുണ്ട്. പരിഷ്കരിച്ച പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പുസ്തകം വിദ്യാലയങ്ങളില്‍ പ്രയോജനപ്പെടുത്താം. ജില്ലയിലെമുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇതിന്‍െറ കോപ്പി സൗജന്യമായി ലഭ്യമാക്കും. ‘കടലിരമ്പും കൈത്തോടുകള്‍’ എന്ന പേരില്‍ വിദ്യാഭ്യാസവകുപ്പിന്‍െറ സഹകരണത്തോടെ കുട്ടികളുടെ കഥാസമാഹാരവും ജില്ലാപഞ്ചായത്ത് ഈയിടെ പുറത്തിറക്കിയിരുന്നു. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എഴുത്തുകാരനുമായ ബാവ കെ. പാലുകുന്നാണ് എഡിറ്റര്‍. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീറാണ് ആമുഖമെഴുതിയത്. മഴപഠന ശില്‍പശാലകളുടെ മുഖ്യസംഘാടകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ സി.കെ. പവിത്രനാണ് പുസ്തകത്തിന്‍െറ കവര്‍ രൂപകല്‍പന ചെയ്തത്. മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. തങ്കമണി, കഥാകൃത്ത് ഷാജി പുല്‍പള്ളി, സി.കെ. പവിത്രന്‍, സി. ജയരാജന്‍, എം. സുനില്‍കുമാര്‍, കെ.ഐ. തോമസ്, പി. ശിവപ്രസാദ്, എ.കെ. മുരളീധരന്‍, എന്‍. അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍. ചിത്രകാരനും അധ്യാപകനുമായ എന്‍.ടി. രാജീവിന്‍െറ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തന്നെ വരച്ച ചിത്രങ്ങളുമുണ്ട്. വിവിധ വിദ്യാലയങ്ങളിലെ 35 വിദ്യാര്‍ഥികളാണ് വിവരശേഖരണ ശില്‍പശാലകളില്‍ പങ്കെടുത്തത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story