മാഗിയിലുള്ളതിനേക്കാള്‍ വിഷം സാഹിത്യത്തില്‍: എം.മുകുന്ദന്‍
text_fieldsകോഴിക്കോട്: മാഗി നൂഡ്ല്‍സിനേക്കാള്‍ കൂടുതല്‍ ‘വിഷം’ സാഹിത്യത്തിലുണ്ടെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. വിഷാംശം പരിശോധിക്കാന്‍ ലാബ് ഇല്ലാതെപോയത് എഴുത്തുകാരന്‍െറ സൗഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ഉറൂബ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവിതയിലും നോവലുകളിലുമാണ് ഏറ്റവും കൂടുതല്‍ വിഷം കലരുന്നത്. കഥയില്‍ താരതമ്യേന കുറവാണ്. എഴുത്തുകാര്‍ക്ക് ധാരാളം പണം ലഭിക്കുന്നതാണ് സാഹിത്യത്തിലെ വിഷാംശത്തിന് പ്രധാന കാരണം. ഇഷ്ടം പോലെ പണം ലഭിക്കുന്നത് നല്ലതോ ചീത്തയോ എന്നതല്ല പ്രശ്നം. പണം കിട്ടുന്നതില്‍ എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതുണ്ട്. പഴയ കാലത്ത് എഴുത്തുകൊണ്ട് ആരും പണമുണ്ടാക്കിയിരുന്നില്ല. പട്ടിണിയായിരുന്നു കഥകളില്‍ പ്രതിഫലിച്ചിരുന്നത്. പണ്ടത്തെപ്പോലെ രണ്ടു വര്‍ഷം കൂടുമ്പോള്‍ പുസ്തകങ്ങളുടെ ആയിരം കോപ്പിയല്ല, ഒരു ലക്ഷം വരെ കോപ്പികളാണ് ഒറ്റയടിക്ക് അച്ചടിക്കുന്നത്. പുസ്തക വില്‍പനയില്‍ കേരളത്തിലെ മാര്‍ക്കറ്റ് കണ്ട് ചേതന്‍ ഭഗത് പോലും അദ്ഭുതപ്പെട്ടുപോയെന്നും മുകുന്ദന്‍ പറഞ്ഞു.
ശുദ്ധസാഹിത്യം തിരിച്ചറിയാന്‍ ഉറൂബിനെപ്പോലുള്ളവരിലേക്ക് തിരിച്ചുപോവുകയാണ് പോംവഴി. എഴുത്തിന്‍െറ നൈര്‍മല്യം കാത്തുസൂക്ഷിച്ച മഹാനായിരുന്നു ഉറൂബ്. അദ്ദേഹത്തെക്കുറിച്ച് ഇനിയും ഒരുപാട് പഠനങ്ങള്‍ ആവശ്യമാണ്. അതിന് ധാരാളം വിമര്‍ശകരെ ആവശ്യമുണ്ട്.
എന്നാല്‍, വിമര്‍ശകരെ ഇപ്പോള്‍ ആര്‍ക്കും ഇഷ്ടമില്ല. ഉറൂബിന്‍േറതുപോലെയുള്ള കൃതികള്‍ ഇനി ആര്‍ക്കെങ്കിലും എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാര്യമായ എഡിറ്റിങ് ഇല്ലാത്തതിനാല്‍ വലിയ നോവലുകള്‍ ഉണ്ടാകുന്നുവെന്നേയുള്ളൂ. ജീവിച്ചിരിക്കുമ്പോള്‍ വേണ്ടത്ര ആദരവ് ലഭിക്കാത്തതിനാല്‍ ഉറൂബിന്‍െറ ഓര്‍മകള്‍ നിലനിര്‍ത്താന്‍ അര്‍ഹിക്കുന്ന സ്മാരകം വേണമെന്നും മുകുന്ദന്‍ പറഞ്ഞു.
വി.ആര്‍. സുധീഷ് അധ്യക്ഷത വഹിച്ചു. ഉറൂബിന്‍െറ നൂറാം ജന്മദിനത്തില്‍ ഉറൂബ് സാംസ്കാരിക സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. എ.പി. കുഞ്ഞാമു, പി.ജെ. ജോഷ്വോ, കെ.പി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.