ഒച്ചയുടെ ശബ്ദം

പാർട്ടി ഒരു സംഗീതമാണ് ഇരുപത്തിയഞ്ച് വർഷത്തോളം ഒരു സാധാരണ പാർട്ടി മെമ്പർ മാത്രമായിരുന്ന ദാമു എന്ന ഒച്ച ദാമു മൂന്നുവർഷം മുന്നേ നാൽപത്തിരണ്ടാം വയസ്സിലാണ് കുണ്ടൻതോടിന്റെ സെക്രട്ടറിയായത്. ഞങ്ങൾ കുട്ടികളടക്കം മുഴുവൻ നാട്ടുകാരുടെയും വലിയൊരു അഗ്രഹമായിരുന്നു ഒച്ച ഒതേനന്റെ മകൻ ദാമുവിന്റെ സെക്രട്ടറി പദവി. ഞങ്ങൾക്ക് അന്നത്തെ കുട്ടികൾക്ക് ദാമുവേട്ടനോട് പ്രത്യേകം സ്നേഹമുണ്ടായിരുന്നു.ദാമുവേട്ടൻ രാവിലെയും വൈകുന്നേരവും ബസ് സ്റ്റോപ്പിൽ ഉണ്ടായാൽ എല്ലാ...
Your Subscription Supports Independent Journalism
View Plansപാർട്ടി ഒരു സംഗീതമാണ്
ഇരുപത്തിയഞ്ച് വർഷത്തോളം ഒരു സാധാരണ പാർട്ടി മെമ്പർ മാത്രമായിരുന്ന ദാമു എന്ന ഒച്ച ദാമു മൂന്നുവർഷം മുന്നേ നാൽപത്തിരണ്ടാം വയസ്സിലാണ് കുണ്ടൻതോടിന്റെ സെക്രട്ടറിയായത്. ഞങ്ങൾ കുട്ടികളടക്കം മുഴുവൻ നാട്ടുകാരുടെയും വലിയൊരു അഗ്രഹമായിരുന്നു ഒച്ച ഒതേനന്റെ മകൻ ദാമുവിന്റെ സെക്രട്ടറി പദവി. ഞങ്ങൾക്ക് അന്നത്തെ കുട്ടികൾക്ക് ദാമുവേട്ടനോട് പ്രത്യേകം സ്നേഹമുണ്ടായിരുന്നു.
ദാമുവേട്ടൻ രാവിലെയും വൈകുന്നേരവും ബസ് സ്റ്റോപ്പിൽ ഉണ്ടായാൽ എല്ലാ ബസും ഞങ്ങൾക്കുവേണ്ടി കൃത്യമായി നിർത്തും. ബസിൽ ഞങ്ങളെ മുഴുവൻ കയറ്റി സേഫ് ആക്കിയിട്ടേ ദാമുവേട്ടൻ സ്റ്റോപ്പിൽനിന്നും പോകൂ... ഡ്രൈവറോടും കണ്ടക്ടറോടും ദാമുവേട്ടൻ പറയും, ‘‘ഇന്ന് പഠിക്കുന്ന കുട്ടികളാണ് നാടിന്റെ നാളത്തെ മുതല്... അതിനുവേണ്ടിയാണ് ഈ നാട്ടിലെ സകല സംവിധാനവും! അതിന് ആര് എതിരു വന്നാലും ഞങ്ങൾ പ്രതികരിക്കും...’’
ദാമുവേട്ടൻ സെക്രട്ടറിയായതിന് പിന്നിൽ നടന്ന സംഭവങ്ങളിൽ ഞാനടക്കമുള്ളവർക്ക് കുറേ ദിനങ്ങൾ വലിയ യാതനകൾ അനുഭവിക്കേണ്ടി വന്നെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യകാല നേതാക്കൾ അനുഭവിച്ച കൊടിയ പീഡനങ്ങൾ ആലോചിക്കുമ്പോൾ ഞങ്ങളൊക്കെ അനുഭവിച്ചത് എന്ത്? എന്ന് ആലോചിക്കാനുള്ള ബുദ്ധിയും അനുഭവവും ഞങ്ങൾക്ക് ഉണ്ടായിരുന്നു.
കണ്ണൂരിലെ സെന്റ് മൈക്കിൾ സ്കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച ബാൻഡ് സഖ്യം അന്ന് ഞങ്ങളുടെ സ്കൂളിലായിരുന്നു. സോഷ്യൽ സയൻസ് എടുത്തിരുന്ന സജിത്ത് മാഷ് സംസ്ഥാന യുവജനോത്സവത്തിന് പോകുന്നതിന്റെ തലേന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തിരിക്കുമ്പോഴാണ് കേരളത്തിലെ എക്കാലത്തെയും വലിയ തൊഴിലാളി നേതാവിന്റെ കഥ ആദ്യമായി പറഞ്ഞുതന്നത്...
മാഷ് കഥ പറഞ്ഞത് ആ വർഷവും ബാൻഡ് മേളത്തിലെ കപ്പ് ഞങ്ങൾക്ക് ലഭിക്കാനുള്ള പ്രചോദനമായാണ്. പക്ഷേ, മാഷുടെ കഥ പിൽക്കാലം മുഴുവൻ ഞങ്ങളുടെ ജീവിതത്തെ പല തരത്തിൽ മാറ്റിമറിച്ചു.
‘‘ബാൻഡിലെ നിങ്ങളുടെ പലരുടെയും ശബ്ദം ഒറ്റ, ഒറ്റയാകാതെ ഒന്നിച്ചൊരു താളം ആകുമ്പോൾ അതൊരു വലിയ ഊർജമാകും. ആ ഉന്മേഷം, അനുഭൂതി കേൾവിക്കാരിലേക്കും പടരും. അതിനാണ് ജഡ്ജസ് നിങ്ങൾക്ക് മാർക്ക് തരുന്നത്!’’
കണ്ണൂരിലെ സകല തെരുവുകളിലൂടെയും വഴികളിലൂടെയും ഒരു ബാൻഡ് മാസ്റ്ററെപ്പോലെ ഒറ്റക്ക് നടന്നുപോയ തൊഴിലാളി നേതാവുണ്ടായിരുന്നു സഖാവ് കണ്ണേട്ടൻ.
സമൂഹത്തിൽ പലതരത്തിൽ ചിതറിയ മനുഷ്യരെ അദ്ദേഹം ഒന്നിച്ച് ചേർത്തപ്പോൾ അവർക്ക് ഉണ്ടായ ശക്തി, ധൈര്യം... അപാരമായിരുന്നു. ആരും കൂടെയില്ലാതെ എപ്പോഴും ഒറ്റക്കു നടന്ന ആ മനുഷ്യൻ സകലരെയും സംഘടിപ്പിച്ചു. തോട്ടിത്തൊഴിലാളികളെ, ചുമട്ടുകാരെ, കടല വിൽക്കുന്നവരെ, ഹോട്ടലിൽ പാത്രം കഴുകുന്നവരെ, കാവൽ നിൽക്കുന്നവരെ... അതെ, മോട്ടിവേഷന്റെ മോട്ടിവേഷൻ..!
സഖാവ് ഒരു തെരുവിന്റെ ഏതെങ്കിലും മൂലയിൽ കാല് കുത്തിയാൽ തെരുവ് ഓട്ടോമാറ്റിക്കായി ഓണാകും... കാലിൽ ചെരിപ്പുപോലുമില്ലാതെ നടന്നുപോകുന്ന സഖാവിനെ കണ്ടാൽ തെരുവിലെ പുൽക്കൊടിപോലും എഴുന്നേൽക്കും... ഇതൊന്നും ആരും പറഞ്ഞിട്ടല്ല, ചില മനുഷ്യർ ചുറ്റുപാടിലേക്കു പ്രസരിപ്പിക്കുന്ന താളമാണ്!
ഗാന്ധിജി ഒറ്റമുണ്ടിട്ട ഒരു സഖാവാണെങ്കിൽ സഖാവ് വെള്ളമുണ്ടും ഷർട്ടുമിട്ട കമ്യൂണിസ്റ്റ് ഗാന്ധിജിയാണ്!
മാഷ് കഥ പറഞ്ഞപ്പോൾ നമ്മുടെയൊക്കെ ഇല്ലാത്ത രോമം പോലും കുന്തംപോലെ ഉയർന്നു. പിന്നീട് ഞങ്ങളിൽ ഒരുത്തന് ഒരു പ്രശ്നം വന്നപ്പോൾ സഖാവ് പറഞ്ഞതുപോലെ ഞങ്ങളും സംഘടിച്ചു. അതുവരെയും ഉണ്ടായിരുന്ന ബ്രാഞ്ച് സെക്രട്ടറി കെ.ജി.ബി എന്ന കെ.ജി. ബാബുവിനെ ഞാൻ അടക്കം അന്നത്തെ പ്ലസ് വൺ കുട്ടികൾ ഓഫീസിൽ കയറി അടിച്ചു.
വായനശാലയിൽ പുതുതായി ആരംഭിച്ച ബാൻഡ് മേളം പരിശീലനത്തിനായി പോയ ഞങ്ങളുടെ കൂട്ടത്തിലെ ആരവിനെ സ്റ്റേറ്റ് കമ്മിറ്റിപോലും ഉറ്റുനോക്കുന്ന കുണ്ടൻതോട് ചെന്താരകം ബാൻഡ് കാലങ്ങളായി അവരുടെ ഏറ്റവും വിലയേറിയ സ്വത്തായി കരുതുന്ന വിശേഷപ്പെട്ട ബ്യൂഗിൾ വായിക്കാൻ തരാമെന്നും പറഞ്ഞാണ് അന്നത്തെ ബ്രാഞ്ച് സെക്രട്ടറി കെ.ജി. ബാബു ആരവിനെ മുറിയിലേക്ക് കൊണ്ടുപോയത്.
(വലിയ ചരിത്രമുള്ള ആ ബ്യൂഗിൾ 1978 മുതൽ സെക്രട്ടറി കസേരയുടെ തൊട്ട് പിറകിൽ ഉന്നത പദവിയോടെയാണ് ബ്രാഞ്ച് കമ്മിറ്റി ആഫീസിൽ സൂക്ഷിക്കുന്നത്)
പാർട്ടി പ്രവർത്തകരുടെ വികാരമായ ബ്യൂഗിളാണ് കെ.ജി. ബാബു പ്ലസ് വൺകാരന് വായിക്കാനായി നൽകാം എന്ന് പറഞ്ഞത്. ചുമരിൽ മനോഹരമായി അലങ്കരിച്ച ബ്യൂഗിൾ ചൂണ്ടി കെ.ജി.ബി പറഞ്ഞു, കേരളത്തിലെ പാർട്ടി ബാൻഡ് സംഘത്തിൽ ഇന്നുള്ളതിൽ ഏറ്റവും വിലയേറിയ ബ്യൂഗിൾ ഇതാണ്...
നിന്റെയീ ചുവന്ന തേൻ കിനിയുന്ന ചുണ്ടുകളിൽ ആ ബ്യൂഗിൾ ഞാൻ വെച്ചുതരും... അതിലൂടെ പുറത്തേക്ക് വരുന്ന നിന്റെ ശബ്ദം കേട്ട് ഞാനും ലോകവും കോരിത്തരിക്കും! എന്റെ പൊന്നു... ഇങ്ങോട്ട് വാ നിന്റെ തെചുണ്ടുകൾ ഞാനൊന്ന് തൊട്ടുനോക്കട്ടെ. ഇതും പറഞ്ഞയാൾ അയാളുടെ അര ആരവിന്റെ മുഖേത്തക്ക് അടുപ്പിച്ചു. .
ആരവ് പരമാവധി തട്ടിമാറ്റിയും മറ്റും ചെറുത്തുവെങ്കിലും പിന്നീടുള്ള അവധി ദിനങ്ങളിലെല്ലാം അയാളുടെ ബ്യൂഗിൾ അവനെക്കൊണ്ട് പലതരം പ്രലോഭനങ്ങൾ പറഞ്ഞ് വായിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് ഹരമായി. അയാളുടെ ഭീഷണിയും ഉപദ്രവവും നിരന്തരമായപ്പോൾ ആരവിന്റെ മാനസികനില തെറ്റി.
സ്കൂളിലും കൂട്ടത്തിലും അവൻ മൗനിയായി. ബ്യൂഗിളിന്റെ നേർത്ത ശബ്ദംപോലും അവന്റെ ഭയം ഇരട്ടിപ്പിച്ചു. പഠനത്തിൽ ശ്രദ്ധയില്ലായ്മ, സ്കൂളിലെ ബാൻഡ് സംഘത്തിൽനിന്നുള്ള പിൻവാങ്ങൽ... കാര്യങ്ങൾ അത്രയും എത്തിയപ്പോൾ കൂട്ടുകാരായ ഞങ്ങൾ കാര്യം ചോദിച്ചറിഞ്ഞു.
ആരവ് വള്ളിപുള്ളി വിടാതെ എല്ലാം തുറന്നുപറഞ്ഞു.
ഞങ്ങൾ സംഘടിക്കാനും ശക്തരാകാനും തീരുമാനിച്ചു.
ലോകം ഇടിഞ്ഞുവീണാലും ഞങ്ങൾ അവന്റെ കൂടെ നിൽക്കുമെന്ന് കട്ട ഉറപ്പുകൊടുത്തു.
ബ്രാഞ്ച് സെക്രട്ടറിയല്ല ഇനി അമേരിക്കൻ പ്രസിഡന്റ് ആയാലും ഇമ്മാതിരി തെമ്മാടിത്തം കാണിച്ചാൽ നമ്മൾ പണി കൊടുത്തിരിക്കും! നമുക്ക് ഇഷ്ടമില്ലാത്തതൊന്നും നമ്മുടെ മേൽ പ്രയോഗിക്കാൻ നാം ആരെയും അനുവദിക്കില്ല. ഇതും പറഞ്ഞ് ഞങ്ങളന്ന് ഒരുമിച്ച് കൈ പിടിച്ചു.
തുടർന്ന് ഞങ്ങൾ എ, ബി, സി എന്നിങ്ങനെ പ്ലാൻ തയാറാക്കി. തൊട്ടടുത്ത അവധിദിനം ആരവ് വായനശാലയിൽ ചെന്നു കെ.ജി.ബി ബ്യൂഗിൾ വായനക്കായി വിളിച്ചു. ഒന്നോ രണ്ടോ നിമിഷങ്ങൾക്കകം കെ.ജി.ബിയുടെ ബ്യൂഗിൾ ഞങ്ങൾ ലോകസമക്ഷം ലൈവ് ആയി അവതരിപ്പിച്ചു.
ഇതിനിടയിൽ പ്ലാൻ ബിയുമായി ഒളിഞ്ഞുനിന്ന മറ്റുള്ളവർ ഒരു കുലംകുത്തിയെപ്പോലെ കെ.ജി.ബിയെ ദാക്ഷിണ്യമൊന്നും കാണിക്കാതെ ഓഫിസിൽ ചവിട്ടിക്കൂട്ടി ഉടുതുണിയില്ലാതെ പുറത്തേക്ക് വലിച്ചെറിഞ്ഞു.
എങ്ങനെയൊക്കെയോ രക്ഷപ്പെട്ട കെ.ജി.ബി റോഡിലൂടെ ഇഴഞ്ഞും നിരങ്ങിയും നേരെ ഒളിവുജീവിതത്തിലേക്ക് നീങ്ങി. അങ്ങനെയാണ് നിലവിലെ ബ്രാഞ്ച് കമ്മിറ്റിയിലെ ഏറ്റവും മുതിർന്നയാളും കുറഞ്ഞത് പതിനഞ്ച് വർഷം മുന്നേയെങ്കിലും ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ ഏരിയ കമ്മിറ്റിയംഗവുമാകേണ്ടിയിരുന്ന ഒച്ചദാമുവേട്ടനിലേക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ ഉത്തരവാദിത്തം മേൽക്കമ്മിറ്റി ഏൽപിച്ചുകൊടുക്കുന്നത്. ദാമുവേട്ടനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മഹത്തരവും ഉന്നതവുമായ പദവി!
തന്റെ ജനതയുടെ സ്വപ്നങ്ങളോടും പോരാട്ടങ്ങളോടും ചേർന്നുനിന്ന് അവരെ നയിക്കാനുള്ള ഉത്തരവാദിത്തം... ലെനിൻ, രണദിവെ, ഇ.എം.എസ്, വി.എസ് എന്നീ മഹാൻമാർ ഇരുന്ന കസേരയാണ് പാർട്ടി സെക്രട്ടറി കസേര. ആ വലിയ സ്ഥാനത്തേക്കാണ് ചെറിയവനായ ഈ ഞാൻ!
കെ.ജി.ബി എന്ന മുൻ സെക്രട്ടറിയാകട്ടെ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സംഘടനകളിൽ പ്രവർത്തിച്ച പരിചയത്തിൽ ഉദ്യോഗ പദവിയിൽനിന്നും വിരമിച്ചയുടനെ കുണ്ടൻതോടിലെ പ്രബലനായ ഏരിയ കമ്മിറ്റി അംഗം മഹേഷ് നൊടിശ്ശേരിയുടെ പിന്തുണയോടെ ബ്രാഞ്ച് സെക്രട്ടറിയായ ആളായിരുന്നു.
അടുത്ത സമ്മേളനത്തിൽ കെ.ജി.ബിയെ ലോക്കൽ സെക്രട്ടറിയാക്കുകയും ശേഷം ഏരിയ കമ്മിറ്റിയിൽ എത്തിക്കുക ഇതായിരുന്നു നൊടിശ്ശേരിയുടെ പ്ലാൻ.
തന്റെ പ്ലാൻ പിഴച്ചുപോകാതിരിക്കാനും കെ.ജി. ബാബുവിനെ കേസിൽനിന്നും ഊരിക്കാനുമായി നൊടിശ്ശേരി തന്റെ രണ്ടോ മൂന്നോ ഉറ്റ അനുയായികളെ ആരവിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു.
നഗരത്തിലെ ബാർ ജീവനക്കാരനായ ആരവിന്റെ അച്ഛന് വന്നവരുടെ സ്വഭാവം കൃത്യമായി അറിയാവുന്നതിനാൽ ഒതുങ്ങിയെങ്കിലും ആരവിന്റെ ഏട്ടൻ ചർച്ചകളിലൊന്നും സന്ധിയാകാതെ കേസുമായി മുന്നോട്ടുപോകുമെന്നുള്ള ഉറച്ച തീരുമാനത്തിൽ നിന്നു. ഞങ്ങളും അവർക്ക് മാനസിക പിന്തുണ നൽകി. രണ്ടാമത്തെയോ മൂന്നാമത്തെയോ ചർച്ചക്കായി നൊടിശ്ശേരി ആരവിന്റെ വീട്ടിലെത്തി...
നഗരസഭ സെക്രട്ടറിയായ കാലത്ത് കെ.ജി.ബി നാട്ടുകാർക്കും പാവങ്ങൾക്കും വേണ്ടി ഒരുപാട് പ്രയോജനകരമായ പദ്ധതികൾ കൊണ്ടുവന്ന ഉദ്യോഗസ്ഥനാണെന്നും ആ കാര്യം ആലോചിച്ച് കേസിൽനിന്നും പിന്മാറണമെന്നും നൊടിശ്ശേരി പറഞ്ഞു.
അച്ഛൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി. ഏട്ടൻ അച്ഛനോട് അകത്തേക്ക് പോകാൻ ആംഗ്യം കൊടുത്ത ശേഷം നൊടിശ്ശേരിയുടെ മുഖത്ത് നോക്കി പറഞ്ഞു.
‘‘നമ്മൾ ഒരാളുടെ വാദം ഏറ്റെടുക്കുമ്പോൾ അയാൾ നമുക്ക് എത്ര വേണ്ടപ്പെട്ടവനാണെങ്കിലും അയാളെക്കൊണ്ട് ദുരിതം അനുഭവിക്കപ്പെട്ടവനെയും ഓർക്കാൻ കഴിയണം... നീതിയെയും ന്യായത്തെയും സംബന്ധിക്കുന്ന മിനിമം ധാരണയെങ്കിലും നമുക്ക് അപ്പോൾ ഉണ്ടായിരിക്കണം....
ഇതൊന്നുമില്ലാത്തൊരാൾ പൊതുപ്രവർത്തകനല്ല എന്തിന് ഒരു മനുഷ്യൻപോലുമല്ല. നിങ്ങളൊക്കെ വെറുമൊരു അധോലോകം മാത്രമാണ്!
പിറ്റേന്ന് പുലർച്ചെ നേരം വെളുത്തതും ആരവിന്റെ വീട്ടുകിണർ ഭൂമിക്കടിയിലേക്ക് തലവെച്ച് കിടക്കുന്ന കരടിയെപ്പോലെ രോമങ്ങളാൽ നിറഞ്ഞിരുന്നു. അടുത്ത ദിനം മുടിക്ക് മീതെ പൂക്കളം വാരിയെറിഞ്ഞതുപോലെ തീട്ടവും.
നാട്ടിലും വീട്ടിലും ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഉറപ്പായ ആരവിന്റെ വീട്ടുകാർ ഫാഷിസത്തിനും അധിനിവേശത്തിനും സംസ്ഥാനമൊട്ടാകെ നടത്തുന്ന രാപ്പകൽ സമരദിനം നോക്കി ഉള്ളതൊക്കെ വാരിക്കെട്ടി മറ്റേതോ നാട്ടിലേക്ക് സ്ഥലംവിട്ടു.
കൃത്യം ഒരാഴ്ച മുന്നേ ബ്രാഞ്ച് സെക്രട്ടറിയായ ദാമുവിന്റെ ജാഗ്രത കുറവാണ് കുടുംബത്തിന്റെ പലായനത്തിന് കാരണം എന്ന് മേൽകമ്മിറ്റിയിലെ നൊടിശ്ശേരിയും രണ്ട് അംഗങ്ങളും വിമർശനം ഉന്നയിച്ചു.
ഇത് കണ്ടെത്താനായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടംഗ അന്വേഷണ കമീഷനെയും... മേൽകമ്മിറ്റി ദാമുവിനെ വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയുംചെയ്തു.
ഒരു പാർട്ടി അംഗം അല്ലെങ്കിൽ പാർട്ടിയുടെ ഏതെങ്കിലും തിരഞ്ഞെടുത്ത സ്ഥാനത്തിരിക്കുന്ന സഖാവ് വെള്ളത്തിൽ മീനെന്ന പോലെ ജനങ്ങളോടൊപ്പം ഇടപഴകി ജീവിക്കണമെന്നും ദാമുവിന്റെ ഭാഗത്തുനിന്നും അത്തരമൊരു ജാഗ്രത കൈമോശം വന്നു എന്ന് അന്വേഷണ കമീഷൻ ഏരിയ കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ട് മുതിർന്ന അംഗങ്ങൾ വായിച്ചു.
കുടുംബത്തിന്റെ ഒളിച്ചോട്ടം പാർട്ടിയെ തകർക്കാനുള്ള ആയുധമാക്കി പ്രതിപക്ഷ മാധ്യമങ്ങൾ മാറ്റി...
അവർ ഒളിച്ചോടിയത് നിലവിലെ ബ്രാഞ്ച് സെക്രട്ടറി അറിഞ്ഞില്ല...അല്ലെങ്കിൽ അറിഞ്ഞിട്ടും പാർട്ടിയിൽനിന്നും മറച്ചുപിടിച്ചു. ഇതൊക്കെയായിരുന്നു കുറ്റാരോപണങ്ങൾ. ജീവിതത്തിൽ ഒരിക്കലും ഒച്ചത്തിൽ സംസാരിക്കാത്ത ദാമു യോഗത്തിൽ പരമാവധി ശബ്ദത്തിൽ തന്റെ കാര്യം വിശദീകരിച്ചു. തെറ്റും അനീതിയും ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം... പാർട്ടി എന്നു പറയുന്നത് കുറേ സാധാരണ മനുഷ്യരുടെ ഉയരങ്ങളിലേക്ക് പറക്കാനുള്ള ചിറകും നീതി കണ്ടെത്താനുള്ള ത്രാസുമാണ്.
ജനങ്ങളുടെ തെറ്റിനെ നമ്മൾ ശരിയെന്ന് പറഞ്ഞു പ്രവർത്തിക്കുമ്പോൾ നമ്മളെ വിശ്വസിക്കുന്ന സമൂഹം തകർന്നു പോകുകയും നമ്മളിൽനിന്നും അവർ അകലുകയും ചെയ്യും...
സമൂഹം പാർട്ടിയെ കൈവിട്ടാൽ പാർട്ടി തകരും... തെറ്റു ചെയ്യുന്നവരെ രക്ഷിക്കുക എന്നതാണ് പാർട്ടിയുടെ പുതിയ നയമെങ്കിൽ ഇനിയും ഈ നാട്ടിൽനിന്ന് ഒളിച്ചോട്ടങ്ങൾ കൂടും!
മേൽക്കമ്മിറ്റിക്ക് എന്റെ പ്രവർത്തനങ്ങളിൽ അവിശ്വാസം ആണെങ്കിൽ പാർട്ടി എന്നിലേൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഞാൻ ഈ നിമിഷം രാജിക്കായി സന്നദ്ധനാണ്...
ഒച്ചയില്ലാത്ത ഒരാൾ ഒച്ചയിൽ പറയുമ്പോൾ എല്ലാവരും ഉറ്റുനോക്കും. മഹേഷ് നൊടിശ്ശേരിയും രണ്ടോ മൂന്നോ ചെറുപ്പക്കാരും ഒഴിച്ച് ഏരിയ സെക്രട്ടറി തുണ്ടിയിൽ കണാരേട്ടൻ, മറ്റു മുതിർന്ന അംഗങ്ങളായ വി.കെ. കൃഷ്ണൻ, മുല്ലയ്ക്കൽ അഹമ്മദ് എന്നീ സഖാക്കൾ ഒച്ച ദാമുവിന്റെ കൂടെ ഉറച്ചുനിന്നു.
സഖാവ് ഇപ്പോൾ ഒരു സ്ഥാനവും രാജിവെക്കേണ്ടതില്ല എന്നും നാട്ടിലെ ബഹുജനങ്ങളുടെ പിന്തുണ ഉറപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് വേണ്ടതെന്നും അവർ ഉറപ്പിച്ചു. ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്നും കുടിച്ചില്ലെങ്കിൽ നമ്മൾ കുടിപ്പിക്കുമെന്നും സെക്രട്ടറി തുണ്ടിയിൽ കണാരേട്ടൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
മീറ്റിങ് കഴിഞ്ഞ് വൈകുന്നേരം ഒച്ച ദാമു ആരവിന്റെ ആൾത്താമസമില്ലാത്ത വീട്ടിലേക്ക് പോയി മുടിയും തീട്ടവും കലങ്ങിയ കിണർ വൃത്തിയാക്കാനിറങ്ങി.
രാത്രി വഴിയേ പോകുന്ന ചിലർ വീട്ടിലേക്ക് കയറി ദാമുവിനോട് ചോദിച്ചു, ഇവർ നമ്മുടെ പാർട്ടിയുടെ ശത്രുക്കളല്ലേ... ശത്രുക്കളെ പാർട്ടി സെക്രട്ടറിതന്നെ..!
ഇവർ എന്നല്ല ആരും പാർട്ടിയുടെ ശത്രുക്കൾ അല്ല. ചിലർ ചിലരുടെ ആവശ്യങ്ങൾക്കുവേണ്ടി ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്...
ഈ കുടുംബത്തോട് ബ്രാഞ്ചിലെ എല്ലാ പാർട്ടി അംഗങ്ങളും അനുഭാവികളും നീതിയും സ്നേഹവും പുലർത്തണം, അവരെ അവരുടെ സ്വന്തം വീട്ടിലേക്ക്, നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മൾ മുൻകൈയെടുക്കണം... ആഴമുള്ള കിണറിൽനിന്നും ദാമുവിന്റെ ഒച്ച കരയിലുള്ളവർ കൃത്യമായി കേട്ടു. അവരൊക്കെയും അടുത്ത നിമിഷം കിണറിലേക്കിറങ്ങി. കൂടെ ഞങ്ങൾ ചെറുപ്പക്കാരും.
2
ഒച്ച ദാമുവിന്റെ അച്ഛൻ ഒച്ച ഒതേനന് നാടകമായിരുന്നു ജീവിതം. ആ ജീവിതം മുഴുവൻ ഒറ്റക്കും കൂട്ടമായും ഇരുട്ടിലും വെളിച്ചത്തിലും നാടകം കളിച്ചു. വയലെന്നോ പറമ്പെന്നോ വ്യത്യാസമില്ലാതെ... ഒതേനന്റെ ശരീരത്തിലെപ്പോഴും ഒരു പഴയ ബ്യൂഗിൾ ഒട്ടിച്ചേർന്നിരുന്നു. ഒതേനനെ കാണുന്നത് മുതലേ ഒരു ബ്യൂഗിളും നാട്ടുകാർ കണ്ടിരുന്നു. എല്ലാ നാടകവും തുടങ്ങുന്നതും അവസാനിക്കുന്നതും അതിന്റെ ഒച്ചയോടെയായിരുന്നു. തീർത്തും പഴകി ഇടർച്ച ഉള്ളതെങ്കിലും ഒതേനന്റെ താളാത്മകമായ വായന കാന്തം പൂഴിത്തരികളെ ആകർഷിക്കുന്നതുപോലെ ആളുകളെ ഒതേനനിൽനിന്നും അനങ്ങാൻ പറ്റാതെയാക്കും.
ഇങ്ക്വിലാബ് സിന്ദാബാദ്.
കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്... ഇതായിരുന്നു എല്ലാറ്റിന്റെയും തുടക്കം. പിന്നെ അങ്ങോട്ട് അഹൂജയുടെ സ്പീക്കർ തോറ്റു പോകുന്ന ശബ്ദത്തിൽ ഒതേനൻ ഒച്ച ഒതേനനാകും. ഫ്രഞ്ച് വിപ്ലവം ജനങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ, ലെനിന്റെ കമ്യൂണിസ്റ്റ് ഭരണത്തിൽ സോവിയറ്റ് യൂനിയന്റെ ഉയിർപ്പ്, ജന്മിത്തത്തിനെതിരെ കരിവെള്ളൂരും കാവുമ്പായിയിലും കർഷകർ നടത്തിയ പോരാട്ടങ്ങൾ, എ.കെ.ജിയുടെ പട്ടിണിജാഥ, ഇ.എം.എസിന്റെ ജനകീയ മന്ത്രിസഭയുടെ ഉദയം... ഇങ്ങനെ വ്യത്യസ്ത വിഷയങ്ങൾ ഒതേനന്റെ ഒറ്റയാൾ നാടകത്തിലൂടെ ജനങ്ങൾ അറിഞ്ഞു.
ബ്യൂഗിളിൽനിന്നുള്ള അവസാനത്തെ ഇങ്ക്വിലാബ് സിന്ദാബാദ് മുഴങ്ങുമ്പോഴേക്കും അവിടെ നിറഞ്ഞുകൂടിയ മനുഷ്യരും കൈകൾ ഉയർത്തി ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് ഏറ്റുപാടും..
തന്റെ നാടകങ്ങൾ കണ്ട സാധാരണ മനുഷ്യരെ ഒച്ച കൂട്ടത്തോടെ കമ്യൂണിസ്റ്റുകാരാക്കി. പിരിഞ്ഞു പോകുമ്പോൾ ആ മനുഷ്യർ അവരുടെ കയ്യിലുള്ള തേങ്ങയും മാങ്ങയും നാണയ തുട്ടുകളും ഒച്ചക്ക് നൽകി...
ഒച്ച ഊണിനും നിത്യച്ചെലവിനുള്ളതും മാത്രം എടുത്ത് ബാക്കി അതത് പാർട്ടി ഓഫിസുകളിൽ ഏൽപിച്ചു. എവിടെ പാർട്ടി പൊതുയോഗമോ രാഷ്ട്രീയ വിശദീകരണമോ നടക്കുമ്പോൾ പിന്നീട് അങ്ങോട്ട് ഒച്ചയുടെ നാടകവും ബ്യൂഗിൾ വിളിയും ഓരോ പ്രദേശത്തെയും പാർട്ടിയുടെ ആൾക്കാർ ഉറപ്പാക്കി.
1975 ജൂൺ 25
ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും നാട് ബ്രിട്ടീഷ് ഭരണത്തിലെന്നപോലെ പോലീസിന്റെ ബൂട്ടിന് കീഴിലായി. മാടായി ഹരിപുരം പബ്ലിക് ലൈബ്രറിയിൽ നാടകം അവതരിപ്പിച്ച് ഒച്ച രാത്രി പുറപ്പെട്ടു. ഏഴോം എത്തിയപ്പോഴേക്കും നേരം പാതിര കഴിഞ്ഞിരുന്നു. ഏഴോം വായനശാലയിൽ വർത്തമാനം പറഞ്ഞിരിക്കുന്ന രണ്ട് ചെറുപ്പക്കാർ ഒച്ച ഒതേനനെ കണ്ടയുടനെ റോഡിലേക്കിറങ്ങി –ഒതേനേട്ടാ സൂക്ഷിച്ച് പോകണം. രാജ്യം അടിയന്തരാവസ്ഥയിലായി നമ്മുടെ നേതാക്കളെ മുഴുവൻ പിടിച്ച് ജയിലിൽ അടച്ചുകൊണ്ടിരിക്കുകയാണ്... പൊലീസ് പിരാന്ത് പിടിച്ച നായ്ക്കളെപ്പോലെ അതിലൂടെയും ഇതിലൂടെയും ഓടുന്നുണ്ട്, സൂക്ഷിക്കണം!
ചെറുപ്പക്കാർ ഇതും പറഞ്ഞ് വെളിച്ചത്തിൽനിന്നും ഇരുട്ടിലേക്ക് മറഞ്ഞു. ഒതേനൻ ചെറുപ്പക്കാരോട് ചിരിച്ചു. വായനശാലയുടെ മൂലയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കിലേക്ക് ബ്യൂഗിൾ പൊതിഞ്ഞ് വാഴക്കൈ മുറിച്ച് തന്റെ തലയിൽ വെച്ച് ഒച്ച മുറുക്കി കെട്ടി. ഒച്ചയെ അങ്ങനെ കണ്ടപ്പോൾ കൂട്ടത്തിലൊരു ചെറുപ്പക്കാരന് ഇപ്പോൾ മുന്നിൽ നിൽക്കുന്നത് കുട്ടിച്ചാത്തനാണെന്ന് തോന്നി... അടുത്തനിമിഷം മുതൽ മുന്നിലുള്ള ആൾ ഇല്ലാതായി. ഒതേനൻ പോട്ടയും കറുവയും നിറഞ്ഞ കൈപ്പാടിലൂടെ നടന്നും നീന്തിയും പട്ടുവമെത്തി. പട്ടുവം പുഴ നീന്തി കര പിടിക്കാൻ നോക്കിയതും കരയിൽ പൊലീസ് വണ്ടി!

ഒതേനൻ തന്റെ നീന്തലിന്റെ ലക്ഷ്യം പുഴയുടെ നടുവിൽ രണ്ടോ മൂന്നോ പേർക്കിരിക്കാനുള്ള തുരുത്തിയിലേക്ക് മാറ്റി. ഒതേനൻ തുരുത്തിയിലെ മരങ്ങൾക്കിടയിൽനിന്നും കരയിലേക്ക് നോക്കി. പൊലീസുകാരന്റെ ബീഡിയിലെ തീ അങ്ങേയറ്റത്തെ അപകട വെളിച്ചംപോലെ കര നിറയെ പുകയുന്നു. പൊലീസ് നീങ്ങിയതോടെ നീർനായയുടെ ശ്രദ്ധയോടെ അടുത്ത നിമിഷം ഒതേനൻ കരപിടിച്ചു.
ഏരിയ കമ്മിറ്റിയുടെ രഹസ്യ നിർദേശം ലഭിച്ചതിനാൽ പിന്നീടുള്ള കുറേ ദിവസങ്ങൾ ഒതേനൻ പട്ടുവം, വെള്ളിക്കീൽ പുഴക്കുള്ളിൽ ആരും ഇതുവരെയും കാല് കുത്താത്ത ദ്വീപുകളെയും തുരുത്തുകളെയും അന്വേഷിച്ചു. കണ്ടെത്തിയ സ്ഥലങ്ങൾ മാർക്ക് ചെയ്ത ഒച്ച പലയിടങ്ങളിൽനിന്നും വന്ന സഖാക്കളെ പല തുരുത്തികളിലേക്കും മാറി മാറി കൊണ്ടുപോയി... ചിലർക്ക് കൈപ്പാടിൽ നടന്ന് ശീലമില്ലാത്തതിനാൽ ഒച്ച അവരെ ചുമലിലും കഴുത്തിലും കയറ്റി..
കൂടെ വരുന്നവരോടും പോകുന്നവരോടും ഒരക്ഷരം മിണ്ടരുത് എന്ന് പാർട്ടി പറഞ്ഞതിനാൽ ഒതേനൻ ശ്വാസംപോലും വിട്ടില്ല.
ഒതേനന് തന്റെ ശരീരത്തെയോർത്ത് അഭിമാനം ഉണർന്നു.
പ്രതിസന്ധി ഘട്ടത്തിൽ അനേകം നേതാക്കളെ പലയിടങ്ങളിലായി വിന്യസിച്ച ഒരു അവയ്ലബിൾ പോളിറ്റ്ബ്യൂറോ!
പത്രങ്ങളിൽ നിരന്തരം ഫോട്ടോ വരുന്ന ഒരു വലിയ സഖാവിനെ വെള്ളിക്കീൽ പുഴയും കൈപ്പാടും കടത്തി മൊറാഴയിലെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് തിരികെ കരയിൽ എത്തിയപ്പോൾ എല്ലാ വെളിച്ചവും കെടുത്തി കണ്ടൽക്കാടുകളുടെ കനത്ത ഇരുട്ടിൽ പൊലീസ്!
ഒച്ച കര തൊട്ടതും അവർ ചാടി വീണ് ജീപ്പിലേക്ക് വലിച്ചുകയറ്റി. വണ്ടി നേരെ പോയത് മാങ്ങാട്ടുപറമ്പിലെ കൊടുംകാട്ടിൽ.
1940 സെപ്റ്റംബർ 15ന് കൃഷ്ണൻകുട്ടി എന്ന ബ്രിട്ടീഷ് അടിമ പൊലീസുകാരൻ മൊറാഴ കർഷക കലാപത്തിൽ മരിച്ചതോടെ ബ്രിട്ടീഷ് സായുധ ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് താവളമാക്കി.
മൊറാഴയിലും ആന്തൂരിലും വെള്ളിക്കീലുമുള്ള കർഷക തൊഴിലാളികളെയും കമ്യൂണിസ്റ്റ് അനുഭാവികളെയും കള്ള കേസിൽ കുടുക്കി പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു, ചിലരെ കൊന്നു.
അതേ കാട്, അതേ മർദനം! ഒച്ചയുടെ ഉള്ളിലൂടെ ചരിത്രം ഇളകി മറിഞ്ഞു. നിനക്ക് നായനാരെ അറിയാമോ, എം.വി.ആറിനെ കൂവോടിൽനിന്നും ഒഴക്രോത്തിലേക്ക് കൊണ്ടുപോയത് നീയല്ലേ..? ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് യൂത്ത് സെക്രട്ടറിയല്ലേ നിന്നെ കൺട്രോൾ ചെയ്യുന്നത്? പൊലീസ് ഇരുട്ടിന്റെ നാലു ഭാഗത്തും വളഞ്ഞ് അനവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഒച്ചയുടെ ശബ്ദം പോയിട്ട് മൂളൽപോലും പുറത്തേക്ക് വന്നില്ല.
പൊലീസുകാർക്ക് വാശി കയറി. അവർ ഒച്ചയുടെ ലിംഗം മേശമേൽ വെച്ച് അതിനുള്ളിലേക്ക് തീപ്പെട്ടിക്കോൽ കയറ്റി... ഒച്ചയുടെ ഇരുപത് നഖത്തിലേക്കും പതിനഞ്ച് സെന്റിമീറ്റർ നീളമുള്ള ഈർക്കിലും.
നിങ്ങളിങ്ങനെ ഞങ്ങളിൽ എത്ര പേരെ കൊന്നുതള്ളിയാലും ഒരു ഒച്ചക്ക് പകരം നൂറ് ഒച്ച പൊങ്ങും!
രാത്രി കൊമ്പൻമീശക്കാരനായ ഒരു തടിയൻ പൊലീസ് ഈർക്കിൽ കയറ്റി പഴുപ്പിച്ച ലിംഗത്തിലേക്ക് മുളക് പൊടി വിതറി.
പുലർച്ചെ അതേ പൊലീസുകാരൻ വീണ്ടും മുറിഞ്ഞ തൊലികളിലേക്ക് ചൂടുവെള്ളം ഒഴിച്ചു. ഇതിന് മുന്നേ ഞങ്ങളുടെ മുറിവുകളിലേക്ക് കൈപ്പാട്ടിലെ ചളിയും ഉപ്പും എത്രയോ കയറിയിരുന്നു... എന്നിട്ട് ഞങ്ങൾ മരിച്ചുപോയോ, നിങ്ങൾക്ക് ആളുമാറി... ബോധം മുറിയുന്നതിന് മുന്നേ ഒതേനൻ മനസ്സിൽ പറഞ്ഞു.
മാങ്ങാട്ടുപറമ്പിലെ ചീവീടുകൾ മുഴുവൻ ചുറ്റോടുചുറ്റും ശ്ശീ എന്നൊരു ശബ്ദം ഉണ്ടാക്കി. ഇയിറ്റിങ്ങള മുക്കി കൊല്ലാൻ പാകത്തിൽ വലിയ ഡാമോ വെള്ളച്ചാട്ടമോ ഇവിടെയില്ലാത്തത് വളരെ മോശമായി എന്നും പറഞ്ഞ് പൊലീസ് അടുത്ത ക്യാമ്പിലേക്ക് വണ്ടികയറി.
1977 മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു. അതിന്റെ പിറ്റേന്ന് തന്റെ സുദീർഘമായ ജീവിതസമരം അവസാനിപ്പിച്ച് എ.കെ.ജി സഖാക്കളോട് എന്നേക്കുമായി വിടപറഞ്ഞു. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടത് എ.കെ.ജിയും അറിഞ്ഞിരിക്കും. അല്ലാതെ പെട്ടെന്ന് എ.കെ.ജിയുടെ ഭാഗത്തുനിന്നും അങ്ങനെയൊരു തീരുമാനം ഉണ്ടാകാൻ വഴിയില്ല. അടിയന്തരാവസ്ഥ അറബിക്കടലിലായി. ഒച്ചയും അനേകം നേതാക്കളും പ്രവർത്തകരും ജയിലിൽനിന്നും നാട്ടിലേക്കിറങ്ങി.
പാർട്ടിയുടെ ലോക്കൽ, ഏരിയ കമ്മിറ്റി യോഗങ്ങൾ മുറപോലെ നടന്നു. ആറു വർഷത്തിനുശേഷം നടക്കുന്ന പാർട്ടി കോൺഗ്രസ് ആയതിനാൽ ബ്രാഞ്ച് സമ്മേളനത്തിനുപോലും പ്രവർത്തകരുടെ വീറും വാശിയും ഉണ്ടായി. കണ്ണൂർ ജില്ലാ സമ്മേളനം ഒച്ചയെ സംബന്ധിച്ച് ചരിത്രമായി... നീണ്ടകാലത്തെ ഇരുണ്ട ജയിൽവാസത്തിനുശേഷം നടക്കുന്ന തെളിച്ചമുള്ള പരിപാടി... ഉപയോഗിക്കാതെ ഒച്ചയടഞ്ഞുപോയ ബ്യൂഗിൾ തുടച്ച് മിനുക്കി ഒതേനൻ സമ്മേളന നഗരിയിലേക്ക് പോയി. വലുതും ചെറുതുമായ ഓരോ നേതാവ് വരുമ്പോഴും ഒച്ചയുടെ ബ്യൂഗിൾ മുഴങ്ങി.
അവരിൽ ചിലർ ഒച്ചയെ കണ്ടയുടനെ ഓടിവന്നു ചേർത്തുപിടിച്ചു. സമാപന സമ്മേളനത്തിൽ പ്രസംഗിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വരുന്നു. രാവിലെ മുതലേ ഒച്ച കാത്തിരുന്നു. സെക്രട്ടറി കാറിൽനിന്നും ഇറങ്ങിയതും ജനങ്ങൾ ഒന്നാകെ ഇങ്ക്വിലാബ് മുഴക്കി. നൂറുകണക്കിനുള്ള ആൾക്കാരുടെ ശബ്ദത്തിനപ്പുറം ഒച്ചയുടെ ബ്യൂഗിളും വലിയൊരു ബാൻഡ് സംഘത്തിന്റെ പണി ഒറ്റക്ക് ചെയ്തു.
ഒച്ചയെ നേരത്തേതന്നെ അറിഞ്ഞിരുന്ന സെക്രട്ടറി കാറിൽനിന്നും ഇറങ്ങവേ ഒരു പുതുപുത്തൻ ബ്യൂഗിൾ കയ്യിലെടുത്ത് ഒതേനന്റെ അരികിലേക്ക് നടന്നു ചേർത്തുപിടിച്ചു.
‘‘ഇത് നിനക്ക് നമ്മുടെ പാർട്ടിയുടെ സമ്മാനം,
നല്ല ഒറിജിനൽ റഷ്യൻ മെയ്ഡ്. നീയൊക്കെയാണ് ഈ പാർട്ടിയുടെ കരുത്ത്! ലാൽ സലാം സഖാവേ...’’
ആകാശത്തോളം ആഞ്ഞടിക്കുന്ന ആവേശം നിറഞ്ഞ സമ്മേളന നഗരി പൂർണ നിശ്ശബ്ദം. ഒതേനൻ പുതിയ ബ്യൂഗിളിലേക്ക് ചുണ്ട് ചേർക്കുന്ന നിമിഷത്തിനായി എല്ലാവരും കാത്തിരുന്നു. അടുത്ത നിമിഷം ഒതേനൻ കണ്ണുകളടച്ചു. ബ്യൂഗിളിൽനിന്നും ഒരു മാസ്മരിക ശബ്ദം അത്ഭുത മരുന്നുപോലെ പുറത്തേക്ക് തെറിച്ചു...
ഒതേനന്റെ പിന്നിൽ പല കമ്മിറ്റികളുടെ ചുവപ്പ് ബാൻഡ് സംഘം അണിനിരന്നു... അറബിക്കടൽ വലിയൊരു തെങ്ങോളം ഉയരത്തിലേക്ക് ഇളകിമറിഞ്ഞു.
3. അവസാന രാത്രിയുടെ പ്രഭാതങ്ങൾ
അവസാനം സഖാക്കളുടെ നിർബന്ധത്താൽ ഒച്ച ദാമു തന്റെ നാൽപതുകളുടെ തുടക്കത്തിൽ കല്യാണം കഴിച്ചു. അകാലത്തിൽ അന്തരിച്ച സഖാവ് ചാത്തുവിന്റെ മകൾ ഗൗരിയായിരുന്നു വധു. ഗൗരിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിന് ആറുമാസം മാത്രമായിരുന്നു ആയുസ്സ്.
അയാളും വീട്ടുകാരും കൊള്ളില്ല എന്നുപറഞ്ഞ് ഗൗരി സ്വയം ബന്ധം ഒഴിവാക്കിയതാണ്.
സ. ചാത്തു മരണക്കിടക്കയിൽവെച്ച് അന്ത്യാഭിലാഷം എന്ന നിലയിൽ തന്നെ കാണാൻ വന്ന പാർട്ടി പ്രവർത്തകരോട് ഗൗരിയുടെ കല്യാണക്കാര്യം ആവശ്യപ്പെട്ടു.
ഇനി കല്യാണമേ വേണ്ട എന്ന ആശയത്തിൽ നീങ്ങിയ ഗൗരി ഗത്യന്തരമില്ലാതെ മുപ്പത്തിമൂന്നാം വയസ്സിൽ കല്യാണത്തിന് സമ്മതം മൂളി... പാർട്ടി പല ചെറുപ്പക്കാരെയും സമീപിച്ചെങ്കിലും ആരും കല്യാണത്തിന് നിന്നില്ല. അവസാനം പല പ്രതിസന്ധിഘട്ടങ്ങളിലും പാർട്ടിക്ക് രക്ഷകനായി നിന്ന ഒച്ച ഒതേനന്റെ മകൻ ദാമുവിലേക്ക് അന്വേഷണം വന്നു.
പുറമ്പോക്കിലെ അഞ്ച് സെന്റ് സ്ഥലവും പഴയ വീടും മാത്രമുള്ള ദാമു, തന്റെ കടുത്ത ഏകാന്ത ജീവിതത്തിന് എങ്ങനെയെങ്കിലും അവസാനം ആഗ്രഹിച്ചിരുന്നു.
നാട്ടിലെ വീടായ വീട് മുഴുവൻ വെള്ളപൂശുകയും പെയിന്റടിക്കുകയും ചെയ്തിരുന്ന ദാമുവിന്റെ വീട് സഖാക്കളും മറ്റുള്ളവരും ചേർന്ന് വൃത്തിയാക്കി.
കാലക്രമേണ എല്ലാ ദാമ്പത്യത്തിലുമെന്നപോലെ ചുമരിലെ പെയിന്റടർന്നു. ചുമര് ചുമരിന്റെ സ്വഭാവവും പെയിന്റ് അതിന്റെ സ്വഭാവവും കാണിച്ചു. മനുഷ്യർ അവരായി മുന്നോട്ടുപോകുമ്പോൾ അവർക്കിടയിലും വൈരുധ്യാത്മക ഭൗതികവാദം ഉടലെടുക്കും. ഇതിൽനിന്നും യോജിക്കുവാനുള്ള ഇടങ്ങൾ കണ്ടെത്തി യോജിച്ച് പോവുക... ദാമു സ്വയം പറഞ്ഞു.
കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന ഗൗരി സ്കൂൾ യുവജനോത്സവ സമയങ്ങളിൽ നിന്നുതിരിയാൻ നേരമില്ലാത്തത്രയും തിരക്കിലാകും. സൗന്ദര്യവും സൗന്ദര്യവർധക വസ്തുക്കളും പുതിയ ഫാഷനുകളും ഗൗരിയുടെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളായി... ഇത്തരം കാര്യങ്ങൾ വല്ലാതെ കൂടുന്നതായി ദാമു ഗൗരിയോട് സൂചിപ്പിച്ചു.
മറുപടിയായി ഗൗരി ദാമുവിനോട് പറഞ്ഞു, നിങ്ങൾക്ക് സൗന്ദര്യത്തോടാണ് വിയോജിപ്പെങ്കിൽ നിങ്ങളൊരിക്കലും പെയിന്റിങ്ങിന്റെ പണിക്ക് പോകരുത്... വീടിന്റെയായാലും ക്ലബിന്റെയായാലും അതൊക്കെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മോടികൂട്ടലാണ്. മാർക്സിനുപോലും സൗന്ദര്യത്തോട് വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ല...
ചില സന്ദർഭങ്ങളിൽ ഭാരതീയ ദർശനം മാർക്സിന്റെ ദർശനങ്ങളെക്കാളും മുകളിലുമാണ്! ഗൗരി ഇത് പറഞ്ഞതോടെ ദാമുവിന് കാര്യങ്ങളുടെ പോക്കിനെ സംബന്ധിച്ച് കൃത്യമായ ധാരണ ലഭിച്ചു. ദാമു അന്ന് രാത്രി ഉറക്കത്തിൽ പിറുപിറുത്തു. ഞാനൊരു തൊഴിലാളി മാത്രമാണ്... അല്ലാതെ സൗന്ദര്യ പൂജകൻ അല്ല, ഒരു ബൂർഷ്വാസിക്ക് മാത്രമാണ് സൗന്ദര്യം കൊണ്ടുള്ള നേട്ടങ്ങൾ!

ഇതിനിടയിൽ അടുത്ത ഏരിയ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ആയിരം പേരുടെ മെഗാ തിരുവാതിര പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം ആഘോഷ കമ്മിറ്റി ചെയർമാൻ കൂടിയായ മഹേഷ് നൊടിശ്ശേരി ഗൗരിയെയാണ് ഏൽപിച്ചത്. സമ്മേളനത്തിന് നാലോ അഞ്ചോ ദിനം മുമ്പ് മാത്രമായിരുന്നു മെഗാ തിരുവാതിര സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
തുടർന്നുള്ള ദിനങ്ങളിൽ രാവെന്നോ പകലെന്നോ ഇല്ലാത്ത വിധമായിരുന്നു പരിശീലനം. പതിനെട്ട് വയസ്സ് മുതൽ അറുപത് വയസ്സ് വരെയുള്ളവരുടെ പങ്കാളിത്തം ഉണ്ടായതിനാൽ ഗൗരിയെ സംബന്ധിച്ച് പരിശീലനം സങ്കീർണമായി... ഗൗരി ആരുടെയൊക്കെയോ കാറിൽ പോകുന്നു. പുലർച്ചയോ മറ്റോ വരുന്നു.
അതിനെക്കാൾ കഠിനമായി ഒച്ച ദാമുവിന്റെ ജീവിതം. ദാമു പണിക്ക് പോകുന്നു. പണികഴിഞ്ഞ് വസ്ത്രങ്ങൾ അലക്കുന്നു, അടുക്കളയിലേക്ക് കയറുന്നു... നാട്ടുകാരുടെ ആവശ്യങ്ങൾക്ക് പിറകെ പോകുന്നു. പാർട്ടി സമ്മേളനങ്ങളിൽ ഇത്തരം കെട്ടുകാഴ്ചകളേ പാടില്ല. പകരം അവിടെ മനുഷ്യരെ സംബന്ധിച്ച ഗൗരവമേറിയ ചർച്ചകൾ നടക്കണം... ഓരോ സമ്മേളനവും മനുഷ്യരെ സംബന്ധിക്കുന്ന പാഠശാലകളാകണം... ഒച്ച ദാമു ഗൗരി കേൾക്കേ പറഞ്ഞു.
ഗൗരി ദാമുവിനെ പുച്ഛത്തോടെ നോക്കി. നിങ്ങൾ കാറൽ മാർക്സിന്റെ മൂലധനവും കെട്ടിപ്പിടിച്ച് കിടന്നോ. നാട്ടിലെ വിവരമുള്ള ആണുങ്ങൾ അതിലെ ധനം മുഴുവൻ എന്നോ കൊണ്ടുപോയി. നിങ്ങക്കൊക്കെ ഇനി അതിന്റെ ബാക്കി മാത്രമേള്ളൂ... മൂലം!
ഒന്നും രണ്ടും കാറും നഗരത്തിൽ ഷോപ്പിങ് കോംപ്ലക്സും കണ്ണായ സ്ഥലങ്ങളിൽ ഭൂമിയും ഇല്ലാത്ത ഏത് നേതാവാണ് ഇന്ന് നാട്ടിലുള്ളത്. പൂഴിയും കുന്നും കുളവും ഉപയോഗിച്ച് പൈസ ഉണ്ടാക്കുന്നവൻ ഉണ്ടാക്കിക്കൊണ്ടിരിക്കും. അല്ലാത്തവൻ അടിയും തൊഴിയുംകൊണ്ട് ഉണ്ട തിന്നും... ഗൗരി പറഞ്ഞതിനൊന്നും മറുപടി പറയാതെ ഒച്ച ചുറ്റും പരക്കുന്ന ഇരുട്ടിലേക്ക് നോക്കി.
മെഗാ തിരുവാതിരയുടെ ഫൈനൽ റിഹേഴ്സൽ നടക്കുന്നതിനാൽ രണ്ട് ദിവസത്തിലേക്ക് വരില്ല എന്നും പറഞ്ഞ് ഗൗരി വീട്ടിൽനിന്നും ഇറങ്ങി... മൂന്നുദിവസം കഴിഞ്ഞിട്ടും കാണാതായപ്പോൾ ദാമു ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പോയി. ഏരിയ സെക്രട്ടറി തുണ്ടിയിൽ കണാരേട്ടൻ ഓഫീസിൽ ഉണ്ടായിരുന്നു. സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ എന്ത്, എങ്ങനെ, എവിടെ ഒന്നും എനിക്ക് അറിയില്ല...
ഈയിടെയായി ഈ കമ്മിറ്റിയിൽ എന്ത് നടക്കുന്നു എന്നു പോലും മുഴുവനായും ഞാനറിയില്ല... പ്രായമായി, അതിന്റേതായ പ്രശ്നങ്ങളും എനിക്കുണ്ട്.
ഇതെന്റെ അവസാന പാർട്ടി സമ്മേളനമാണ്!
രാത്രിയിൽ ദാമു തെരുവിലൂടെ തിരിച്ചു നടക്കുമ്പോൾ സമ്മേളനത്തിന്റെ ഭാഗമായി തെരുവിന്റെ പലഭാഗങ്ങളിൽ പലതരം ഫെസ്റ്റിവലുകൾ നടക്കുന്നുണ്ടായിരുന്നു.
ബിരിയാണി ഫെസ്റ്റ്
ഫിലിം ഫെസ്റ്റ്
സാഹിത്യ ഫെസ്റ്റ്
ബിസിനസ് മീറ്റ് ഫെസ്റ്റ്
ഫാഷൻ ഫെസ്റ്റ്...
ഒച്ച ദാമു തിരികെ ബ്രാഞ്ച് ഓഫീസിൽ എത്തുമ്പോൾ സമയം പാതിര കഴിഞ്ഞിരുന്നു. അയാൾ ഓഫീസിൽ അലങ്കരിച്ചുവെച്ച ബ്യൂഗിൾ എടുത്തു... അതേ ഇരുട്ടിലേക്ക് വീണ്ടും നടന്നു. വെള്ളിക്കീലും മൊറാഴയും കടന്ന് സമ്മേളന സ്ഥലത്തെത്തുമ്പോഴേക്കും നേരം പുലർന്നിരുന്നു...
ശബ്ദം പുറത്തുവരാത്ത തന്റെ ചുണ്ടുകളിലേക്ക് അയാൾ ബ്യൂഗിൾ ചേർത്തു... ഉള്ളിൽനിന്നും അച്ഛനെക്കാളും വലിയൊരു ഒച്ച കൂറ്റൻ റെഡ് വളന്റിയർ മാർച്ചിലെന്നപോലെ പുറത്തേക്ക് പ്രവഹിക്കുന്നതായി അയാൾ സ്വപ്നം കണ്ടു. കുറച്ച് സമയത്തെ ബ്യൂഗിൾ വായനക്കുശേഷം ദാമു മൈതാന മധ്യത്തിലേക്ക് മറിഞ്ഞുകെട്ടി വീണു. അപ്പോഴേക്കും സമ്മേളന നഗരിയിലും പ്രഭാതം പുലർന്നു. ഏതാനും നിമിഷങ്ങൾക്കകം മൈതാനം വലിയ വാഹനങ്ങളാലും കാറുകളാലും നിറഞ്ഞുതുടങ്ങിയിരുന്നു.