സങ്കടലഹരി

ചൂടില്ലാത്ത ചുവന്ന വെയിലും തണുത്ത കാറ്റുമുള്ള, പറമ്പിലെ കാട്ടുമരങ്ങൾക്കിടയിലൂടെ കനു ഒന്നു കൂടെ നോക്കി... പ്രാപ്പിക്കുട്ടു, രഘുവേട്ടൻ, നാസർക്ക... പപ്പേട്ടൻ... പരിചയമില്ലാത്ത പല മുഖങ്ങൾ പിന്നെയുമുണ്ട്... കടന്നൽകൂട്ടംപോലെ ഇരമ്പിനിൽക്കുന്ന ജനത്തെ വകഞ്ഞുമാറ്റി പറമ്പിൽനിന്നും അവൻ ഇടവഴിയിലേക്ക് ഇറങ്ങിനടന്നു. മണ്ണ് പുരണ്ട് മലർന്ന് കിടക്കുന്ന പ്രാപ്പിയുടെ അടഞ്ഞ കണ്ണുകളെ ഓർത്തപ്പോൾ ചങ്കിൽനിന്നും ഒരു മുഴുത്ത മാംസം പിടഞ്ഞുരുണ്ടു.കെണിയിലകപ്പെട്ട ഇരയെപ്പോലെ സ്വന്തം ശ്വാസം മുരളുന്നത് നടത്തത്തിനിടയിൽ ആദ്യമായി ശരിക്കുമറിഞ്ഞു. ഒടിമലയുടെ ഉയർന്ന ഭൂമികയിൽ ഇരയും വേട്ടക്കാരനും തമ്മിൽ ...
Your Subscription Supports Independent Journalism
View Plansചൂടില്ലാത്ത ചുവന്ന വെയിലും തണുത്ത കാറ്റുമുള്ള, പറമ്പിലെ കാട്ടുമരങ്ങൾക്കിടയിലൂടെ കനു ഒന്നു കൂടെ നോക്കി... പ്രാപ്പിക്കുട്ടു, രഘുവേട്ടൻ, നാസർക്ക... പപ്പേട്ടൻ... പരിചയമില്ലാത്ത പല മുഖങ്ങൾ പിന്നെയുമുണ്ട്... കടന്നൽകൂട്ടംപോലെ ഇരമ്പിനിൽക്കുന്ന ജനത്തെ വകഞ്ഞുമാറ്റി പറമ്പിൽനിന്നും അവൻ ഇടവഴിയിലേക്ക് ഇറങ്ങിനടന്നു. മണ്ണ് പുരണ്ട് മലർന്ന് കിടക്കുന്ന പ്രാപ്പിയുടെ അടഞ്ഞ കണ്ണുകളെ ഓർത്തപ്പോൾ ചങ്കിൽനിന്നും ഒരു മുഴുത്ത മാംസം പിടഞ്ഞുരുണ്ടു.
കെണിയിലകപ്പെട്ട ഇരയെപ്പോലെ സ്വന്തം ശ്വാസം മുരളുന്നത് നടത്തത്തിനിടയിൽ ആദ്യമായി ശരിക്കുമറിഞ്ഞു. ഒടിമലയുടെ ഉയർന്ന ഭൂമികയിൽ ഇരയും വേട്ടക്കാരനും തമ്മിൽ നടക്കുന്ന മരണലീലകളുടെ നിഴലനക്കങ്ങൾ പതിവായിരുന്നു. എന്നാലിതുവരെ ഒരു മനുഷ്യനും ഇരയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഇന്നത്തോടെ അത് തെറ്റിയിരിക്കുന്നു. മനുഷ്യന്റെ ചോര മണക്കുന്ന കാറ്റിൽ കനു ശരിക്കും വീർപ്പുമുട്ടിത്തുടങ്ങി. പ്രാപ്പിയുടെ ഉടലിനരികെ തകർന്ന കാല് പിണച്ചു കിടക്കുന്ന പപ്പേട്ടന്റെ കൊമ്പൻമീശക്ക് ചുറ്റും മൂളിക്കൊണ്ടിരിക്കുന്ന ഈച്ചകളുടെ ശബ്ദം അവനെ 20 കൊല്ലങ്ങൾക്കപ്പുറത്തുള്ള ഒരു പകലിലേക്ക് പായിച്ചു.
അടിച്ചു പതം വരുത്തിയ ഒരു കുഞ്ഞുടുമ്പിന്റെ വായ്ക്ക് ചുറ്റും ആറിത്തണുത്ത കട്ടച്ചോരയിൽ ഓർമകൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു. ഇന്നത്തെ പോലെ അന്ന് പറമ്പുകളിൽ ഉടുമ്പിന് മേഞ്ഞുനടക്കാനുള്ള സ്വാതന്ത്ര്യമോ ധൈര്യമോ ഉണ്ടായിരുന്നില്ല. ഉടുമ്പിറച്ചിയുടെ സ്വാദും മണവും, പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത അന്നത്തെ ഉശിരൻ ചെറുപ്പക്കാരുടെ നാവുകളിൽനിന്ന് വാമൊഴിയായും പലരുചിയായും പകർന്നെടുത്ത കൊതിക്കാറ്റ് വീശിയടിച്ചിരുന്ന ഒരു കാലം.
പപ്പേട്ടൻ, നാസർക്ക, ആണ്ടിയച്ചൻ, പ്രാപ്പിക്കുട്ടു, രഘുവേട്ടൻ... തുടങ്ങി നായാട്ട് സംഘത്തിൽ ഒരു എട്ടുപേരെങ്കിലും ഉണ്ടായി രുന്നു.
ഒരിക്കൽ പപ്പേട്ടന്റെ പറമ്പിലെ ചെങ്കൽക്കൊള്ളിന്റെ അരികുപറ്റി ഒരു ഹിഡുംബൻ ഉടുമ്പ് പൊള്ളുന്ന വെയിലിനെ നോക്കി മലർന്ന് കിടന്ന് ദിവാസ്വപ്നം കാണുന്നു. പട്ടാപ്പകൽ അതും പപ്പേട്ടന്റെ പറമ്പിൽ ഇത്ര ധീരനായി മലർന്ന് കിടന്ന് മരണക്കിനാവിൽ മയങ്ങുന്ന ഉടുമ്പിനെ രക്ഷപ്പെടുത്തിയേ മതിയാവൂ എന്നുറച്ച് അവൻ ഒരു, വാടി വീണ വെളിച്ചിൽ [മച്ചിങ്ങ] എടുത്ത് ഒട്ടും വേദനിപ്പിക്കാതെ വാലിലൊന്നെറിഞ്ഞു. അത്ര ഭീരുവായി ലോകത്ത് മറ്റൊരു ജീവിയുമില്ലെന്ന് ഓർമപ്പെടുത്തുന്ന രീതിയിലായിരുന്നു ആ സമയത്തുള്ള അവന്റെ മരണപ്പാച്ചിൽ.
അതിധീരതയാണെന്ന് തോന്നുന്ന ചില കാഴ്ചകൾ അറിവില്ലായ്മകൊണ്ടാണെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വരാറില്ലല്ലോ.
മണ്ടയില്ലാത്ത ഒരു തെങ്ങിലേക്ക് അത് ചാടിക്കയറി പിന്നീട് വളരെ സമാധാനത്തോടെ സ്ലോ മോഷനിൽ മുകളിലേക്ക് കയറിപ്പോവുമ്പോഴാണ് മറ്റൊരാപത്ത് കണ്ണിൽപെട്ടത്.
തെങ്ങിന്റെ പൊത്തിൽ കൊക്കുരുമ്മുന്ന ഒരു തത്തക്കുടുംബം. ഉടുമ്പ് മലർന്ന് കിടന്ന് കണ്ട കിനാവ് തത്തബിരിയാണിയായിരിക്കുമോയെന്ന് ആവലാതിപ്പെട്ട നിമിഷങ്ങൾ.
ദൈവമേ, വെറുമൊരു ആറാം ക്ലാസുകാരന്റെ കുഞ്ഞുമനസ്സിൽ ഇത്രക്ക് സന്ദിഗ്ധ നിമിഷങ്ങളിട്ടു കൊടുത്ത് പരീക്ഷിക്കരുതേയെന്ന് അന്ന് ആരും പ്രാർഥിച്ചുപോവുന്ന നിമിഷങ്ങൾ.
തത്തയെ ഉടുമ്പ് കാണരുത്, ഉടുമ്പിനെ പപ്പേട്ടൻ കാണരുത്. വെയിലിന്റെ വെളുത്ത ദംഷ്ട്രയേറ്റ് വിയർപ്പിൽ പൊതിർന്ന ആ നട്ടുച്ച , ഓർമയിൽ കത്തിക്കൊണ്ടിരുന്നു.
ഇരുത്തിത്തിണ്ണയിലെ മരത്തൂണിൽ ചാരി നിർത്തിയ ഒരു കണ്ണാടി തുണ്ടിൽ നോക്കി തുരുമ്പിച്ച കത്രികയാൽ തന്റെ കൊമ്പൻ മീശക്ക് മൂർച്ച കൂട്ടുകയായിരുന്നു പപ്പേട്ടനപ്പോൾ.
വാപൊളിച്ച് നിൽക്കുന്ന കത്രികക്കിടയിലൂടെ തുറിച്ചുവരുന്ന കൃഷ്ണമണിയിൽ ഉടുമ്പന്റെ സ്ലോ മോഷനിലുള്ള ലോങ് ഷോട്ട് കണ്ടയുടനെ വേട്ടയുടെ കാര്യത്തിൽ തീരുമാനമായി എന്ന് അവൻ ചിന്തിച്ചതേയുള്ളൂ. ചുമലിലിട്ട തോർത്ത് പെെട്ടന്ന് കാൽത്തളയായി. കൈത്തണ്ടയിൽ മസിലുകൾ ഉരുണ്ടു തുടിച്ചു. കണ്ണാടിത്തുണ്ട് ഇറയിൽ തിരുകി. സ്പൈഡർമാൻ പപ്പേട്ടൻ തെങ്ങിന് മുകളിലേക്ക് പറന്നു.
തടിയുണ്ടെങ്കിൽ തിന്നാതെയും ജീവിക്കാമെന്നുറച്ച് ഉടുമ്പ് അറുപതടി ഉയരത്തിൽനിന്ന് പറമ്പിലേക്ക് എടുത്തു ചാടി.
കിളച്ചിട്ട മൺകട്ടക്കിടയിൽ നിശ്ചലനായി കിടന്നത് കണ്ടപ്പോൾ വീഴ്ചയിൽ തന്നെ ഹാർട്ട് അറ്റാക്കായിട്ടുണ്ടാവുമെന്ന് കരുതി പപ്പേട്ടൻ ഒരു സൈക്കിൾ ചിരിയുമായി ഇരയുടെ വാലിൽ തൂക്കിയടിക്കാനായി പതുക്കെ തെങ്ങിൽനിന്ന് മണ്ണിലേക്ക് ഊർന്നു. എത്രയധികം ഉടുമ്പിൻ തടിയിൽ ശക്തിയിൽ അടിക്കുന്നുവോ അത്രക്ക് മാംസവും മാംസത്തിന് സ്വാദുമുണ്ടാവുമെന്ന കാര്യം പപ്പേട്ടനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.
ഉടുമ്പിറച്ചിയുടെ വാഴ്ത്ത് പാട്ടുകൾ കേട്ടുവളർന്ന കനുവിന്റെ വായിലും സ്വാദുള്ള ഉടുമ്പു ചാറ് കരുണയില്ലാതെ കിനിഞ്ഞു.
നീണ്ട് വളർന്ന നഖങ്ങൾക്കിടയിൽ ചേറ് നിറഞ്ഞ് തടിച്ചുരുണ്ട പെരുവിരലുള്ള പപ്പേട്ടന്റെ കാൽപെരുമാറ്റത്തിന്റെ കാനൽ കണ്ടതും ഉടുമ്പൻ ഉയിർത്തെഴുന്നേറ്റ് ഓടിയതും പെെട്ടന്നായിരുന്നു.
പപ്പേട്ടന്റെ പുരയുടെ തൊട്ടുപിന്നിലുള്ള പറമ്പ് പറന്ന് കടന്ന് ഉടുമ്പൻ ഒടിമലയിലെ കാട്ടപ്പക്കാട്ടിലൊളിച്ചു.
നിന്ന നിൽപിൽനിന്ന് പെെട്ടന്ന് മണ്ണിലേക്ക് നാൽക്കാലിൽ വീണ പപ്പേട്ടൻ പിന്നിൽ, നിൽക്കുന്ന കനുവിനെ തിരിഞ്ഞുനോക്കി ചൂണ്ടുവിരൽ ചുണ്ടോടടുപ്പിച്ച് ''ശ്ശ്ശ്ശ്...’’ എന്ന് നിശ്ശബ്ദത പാസാക്കി. എന്നിട്ട് കൈകൊണ്ടവനെ മാടി വിളിച്ചു.
കണ്ടൻ പൂച്ചയെപോലെ പതുങ്ങിയിരിക്കുന്ന ആ കൊമ്പൻ മീശക്കാരനിലേക്ക് കനു പമ്മി ചെന്നപ്പോൾ വളരെ സ്വകാര്യമായി ഒരു കാര്യം പറഞ്ഞു.
ഉടനെ വലതുകാൽ അവൻ മണ്ണിലേക്ക് ആഞ്ഞുചവിട്ടി അവന്റെ മായാവാഹനം സ്റ്റാർട്ട് ചെയ്തു. കാട്ടപ്പക്കാടിന്റെ ഇലകളിൽ വന്ന് കിടന്ന വെയിൽ പൊടി മൺ നിറമാക്കിക്കൊണ്ട് കനു ആണ്ടിയച്ചന്റെ വിട്ടിലേക്ക് കുതിച്ചു. ബട്ടനില്ലാത്ത കുപ്പായം കാറ്റിൽ ചിറകു വിടർത്തി മായാവാഹനം നാലഞ്ച് വീട് കയറി നിമിഷ നേരംകൊണ്ട് പപ്പേട്ടനടുത്തെത്തി. ഭാവിയിൽ പപ്പേട്ടന്റെ വലംകൈയായി മാറ്റുമെന്ന അതിമോഹത്താൽ അയാളെ തൊട്ട് കനു ഞെളിഞ്ഞുനിന്നു.
കനുവിൽനിന്ന് ലഭിച്ച സന്ദേശം സ്വീകരിച്ചുകൊണ്ട് ആണ്ടിയച്ചനും പ്രാപ്പിക്കുട്ടുവും നാസർക്കയും കാട്ടപ്പക്കാടിനെ വളഞ്ഞു കഴിഞ്ഞിരുന്നു.
തളിരിലകളിൽ ഒരനക്കം പെെട്ടന്നായിരുന്നു. കാട്ടപ്പച്ചെടികളുലച്ചുകൊണ്ട് വേട്ടക്കാരുടെ കാലുകൾക്കിടയിലൂടെ ഒറ്റപ്പെട്ട ആ ഉരഗജീവി മിന്നിമറഞ്ഞു.
ഇല്ലപ്പറമ്പിറങ്ങി ഒടിമലയിലേക്ക് വൈകിയെത്തിയ രഘുവേട്ടന്റെ ‘‘ഓടി വാ... സാധനം ഇബ്ടണ്ട്’’ എന്ന നിലവിളി യുറേക്കാ... യുറേക്കാ... എന്ന മാറ്റൊലിയായി ആ സമയം അവന്റെയുള്ളിൽ പരിഭാഷപ്പെട്ടിരുന്നു.
ഒടിമലയുടെ ഉയർന്ന തട്ടുകൾ ചാടിയിറങ്ങി വേട്ടസംഘം ഉടുമ്പിനു പിന്നാലെ കുതിച്ചു. ആർത്ത് വിളിച്ച് കുട്ടികളുടെ സംഘം അതൊരുത്സവമാക്കി. സംഗതിയുടെ ഗുട്ടൻസ് പിടികിട്ടാതെ അവരവരുടെ വീടിന്റെ തിണ്ടുകളിൽ വായും പൊളിച്ച് വിവരകുതുകികളായ പെണ്ണുങ്ങൾ കാഴ്ചക്കാരായി.
ഓടുക അല്ലെങ്കിൽ മരിക്കുക എന്ന ഒറ്റ ചിന്തയുമായി ഒരു തുണ്ട് മാംസവും പേറി അര മണിക്കൂർ നേരത്തെ മാരത്തോണിനൊടുവിൽ ഉടുമ്പൻ അടുത്തുകണ്ട പൊട്ടക്കിണറിലേക്ക് എടുത്തു ചാടി.
മഴക്കാലത്തുപോലും ജലമോ അലിവോ ഇല്ലാത്ത ഒമ്പത് പൊട്ടക്കിണറുകൾ ഒടിമലയുടെ കൊച്ചു ജീവികളുടെ ശ്മശാനങ്ങൾ കൂടിയായിരുന്നു. കിണറിൽ പലതും കുപ്പിച്ചില്ലുകളും കാഞ്ഞിരക്കുറ്റികളും മൂർഖൻ പാമ്പുകളും നിറഞ്ഞതായിരുന്നു. എന്നാൽ ഉടുമ്പന്റെ ഗതികേടിന് അത് ആഴം കുറഞ്ഞ അൽപം വൃത്തിയുള്ള കുഴിയിലാണ് ചാടിയത്. ആ കുഴിയിൽ ക്രിക്കറ്റ് ബോളെടുക്കാൻ അവർ കുട്ടികൾവരെയിറങ്ങാറുണ്ട്. പിന്നെയാണോ ഈ ഉശിരന്മാർ.
ആദ്യം കുഴിയിലേക്ക് ഇറങ്ങിയത് പ്രാപ്പിക്കുട്ടുവായിരുന്നു.
‘‘ഇതില് നെറയെ മഞ്ചയാന്നെല്ലോ പപ്പേട്ടാ’’ എന്ന് കുട്ടു നിരാശപ്പെട്ടപ്പോ ആണ്ടിയച്ചൻ വിട്ടില്ല,
‘‘തപ്പെടാ മാളത്തില്...’’
പ്രാപ്പി തല ചൊറിഞ്ഞു.
‘‘ഏതില് തപ്പാൻ... നാലെഞ്ചണ്ണണ്ട്.’’
പ്രാപ്പിയുടെ ഉശിരിലും ഉഷാറിലും പണ്ടേ അതൃപ്തിയുണ്ടായിരുന്ന പപ്പേട്ടന്റെ മൂക്ക് ചുവന്നു.
‘‘സമയം മെനക്കെടാതെ ഇങ്ങോട്ട് കേറ്...’’
‘‘മൈഗുണാ... പ്രാപ്പി ഇന്റപ്പനിട്ടാ മതി... ഇഞ്ഞ് ബെറും അപ്പിയാ... അപ്പി.’’
അപ്പഴേക്കും രഘുവേട്ടൻ നേരത്തേതന്നെ ശാസ്ത്രം മനസ്സിലാക്കി ചകിരിയും തീപ്പെട്ടിയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ചകിരിയിൽ തീപ്പിടിപ്പിച്ച് മാളത്തിൽ വെച്ച് പപ്പേട്ടൻ അരയിൽനിന്നെടുത്ത ദിനേശ് ബീഡിക്ക് കൂടി തീക്കൊടുത്ത് കിണറിന്റെ തിണ്ടിലേക്ക് ചാടിയിരുന്ന് പുക മുഴുവൻ ഉള്ളിലേക്കെടുത്ത് പുകക്കുഴലുപോലെ ആകാശത്തേക്ക് ഊതിക്കൊണ്ട് പറഞ്ഞു.
‘‘ആണായാല് അണ്ടിക്ക് ഒറപ്പ് ബേണം.’’
പ്രാപ്പി ചൂളിക്കൊണ്ട് കനുവിനെ നോക്കി.
‘‘മിക്കവാറും പ്രാപ്പിമോനെ പപ്പേട്ടന്റെ കച്ചറ കമ്പനിയിൽനിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന് കനുവിന്റെ മനസ്സ് പറഞ്ഞു.
പുക പൊട്ടക്കിണറിന് മുകളിലേക്ക് ഉയർന്നു. ചിതക്കരികിൽ നിന്ന് പിരിഞ്ഞു പോവുന്നതുപോലെ കിണറിനടുത്തുനിന്ന് നായാട്ടു സംഘമൊഴികെ എല്ലാവരും പിരിഞ്ഞു.

ഒടിമലയിൽ നിറഞ്ഞ് കിടക്കുന്ന മാവുകളിൽനിന്ന് ഉണക്കയിലകൾക്കൊപ്പം മാമ്പഴവും വീഴുന്നത് കേൾക്കാം. തൊട്ടടുത്തുള്ള അമ്പലത്തിൽനിന്ന് സന്ധ്യക്കുള്ള ദീപാരാധനക്കായി ചെണ്ടകൊട്ട് തുടങ്ങി. മലക്ക് താഴെ അമ്പലത്തിനരികിൽ വെള്ളം വറ്റാറായ കുളത്തിൽനിന്നും ഒറ്റലുകൊണ്ട് മീൻപിടിക്കുന്ന കുട്ടികളുടെ ആരവം കേൾക്കാം. പൊട്ടക്കിണറിൽനിന്ന് വെളിച്ചം വെയിലിനൊപ്പം കയറിപ്പോയി. ഒരു ദീർഘയാത്രയിലേക്ക് എന്ന പോലെ കാക്കകൾ ആകാശത്തിലൂടെ തിടുക്കത്തിൽ പറന്നകന്നു. മണ്ണിനടിയിൽനിന്നും ഇരുട്ട് ഉയർന്നുപൊങ്ങി.
ആണ്ടിച്ചൻ കൊണ്ടുവന്ന ഒരു ഫുൾ ബോട്ടിൽ മദ്യത്തിന്റെ മൂടി തുറന്നുകൊണ്ട് പ്രാപ്പി കനുവിനെ നോക്കി.
‘‘കുട്ടിയേൾക്കന്താ ഇബ്ടക്കാര്യം’’ എന്ന് ചോദിച്ചപ്പോൾ
‘‘ഉടുമ്പിറച്ചി വേണ’’മെന്ന് അവൻ പറഞ്ഞു.
പപ്പേട്ടനാണ് അതിന് ഉത്തരം പറഞ്ഞത്.
‘‘പിടിച്ചാ ഞാനങ്ങ് കൊണ്ടാരും... ഇപ്പം പൊരേ പോട്...’’
പപ്പേട്ടനെ അനുസരിച്ചു.
മുട്ടവിളക്കിനരികെ പുസ്തകം തുറന്നുവെച്ച് കനു ഒടിമലയിലേക്ക് നോക്കിയിരുന്നു. കട്ടൻചായയും ചക്കപ്പുഴുക്കും തിന്നുകൊണ്ട് ഉടുമ്പിന് വിശക്കുന്നുണ്ടാവില്ലേയെന്ന് സങ്കടപ്പെട്ട അതേ മനസ്സ് തന്നെ ഉടുമ്പിറച്ചി കാത്തിരിക്കുന്ന വൈരുധ്യ മോർത്ത് ചിരിവന്നു. തലേദിവസം പ്രാപ്പി അമ്പലക്കുളത്തിൽനിന്നും ചൂണ്ടയിൽ പിടിച്ച മുഴുവും കൈച്ചിലും ജീവൻ പോവാതെ അമ്മയുടെ വിരലിനും അരിവാളിനുമിടയിൽ പിടയുന്നു.
അന്നേരം ഒടിമലയിറങ്ങി ആടിക്കുഴഞ്ഞ് പിറുപിറുത്തുകൊണ്ട് പപ്പേട്ടനും സംഘവും വന്നു. പ്രാപ്പിയുടെ തോളിൽ ചാഞ്ഞു കിടന്ന് കരയുന്നത് പപ്പേട്ടൻ തന്നെയാണെന്ന് വിശ്വസിക്കാനായില്ല.
ദൈവമേ തന്റെ ബോസ് ആവേണ്ടുന്ന ഈ ധീരവീര ഉശിരനെ പൊട്ടക്കിണറിൽനിന്ന് വല്ല പാമ്പോ മറ്റോ കൊത്തിയോ എന്ന് സംശയിക്കേ കനുവിന്റെ വീടിന്റെ കോലായിലേക്കങ്ങ് ചാഞ്ഞ് ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
‘‘പപ്പനിന്നേവരെ ഒരുടുമ്പിനെ പോലും തിന്നിട്ടില്ല.’’
അതിനിങ്ങനെ അലമുറയിടാൻ മാത്രം എന്താണുണ്ടായതെന്ന് വിചാരിക്കെ മാവിന് മറവിലെ മങ്ങിയ വെളിച്ചത്തിൽ ആടിക്കുഴയുന്ന ആണ്ടിയച്ചന്റെ തോളിലൊരനക്കം.
പത്തുമാസം പ്രായമായ ഒരു കുഞ്ഞ് അമ്മയുടെ തോളിൽ വാടിക്കിടക്കുംപോലെ ആണ്ടിയച്ചന്റെ തലോടലേറ്റ് മയങ്ങുന്നത് സാക്ഷാൽ ഉടുമ്പ് തന്നെയാണെന്ന് ആദ്യം വിശ്വസിക്കാനായില്ലെങ്കിലും തുടർന്നുള്ള പപ്പേട്ടന്റെ ഡയലോഗിൽ കാര്യങ്ങൾ തെളിയാൻ തുടങ്ങി.
നാസർക്കയും രഘുവേട്ടനുംകൂടി വെളിച്ചത്തിലേക്ക് ഇറങ്ങിനിന്നപ്പോൾ മദ്യത്തിന്റെ ഗന്ധോപരിതലത്തിൽ ആ പരിസരം പൊങ്ങിക്കിടന്നു. ശുദ്ധവായു മാഞ്ഞ് മദ്യവാതകത്താൽ ശ്വാസത്തിന് തീപിടിക്കുമാറ് ഒറ്റലഹരിയിൽ അവനുമലിഞ്ഞു.
ജീവനുള്ള ഉടുമ്പെങ്ങനെ ഇത്ര അനുസരണയോടെ കിടക്കുന്നുവെന്ന സംശയം ‘‘ഈ അലമ്പൻ ഒറ്റ പെഗ്ഗ് കൊണ്ട് ഫ്ലാറ്റായി’’ എന്ന് പറഞ്ഞ് കൊണ്ട് ആണ്ടിയച്ചൻ ഉടുമ്പന്റെ നടുപ്പുറത്ത് ഉമ്മ വെച്ചതോടെ ക്ലിയറായി.
കുറച്ച് നേരത്തെ മൗനത്തിനുശേഷം പപ്പേട്ടൻ വീണ്ടും മോങ്ങിത്തുടങ്ങി.
‘‘ന്റെ മനസ്സിന്ന് പോകുന്നില്ലെന്റെ ആണ്ടിച്ചാ... തൊഴുകൈയുമായി കൊല്ലരുതെന്ന് കാണിക്കുന്ന ഒരേ ഒരു ഉടുമ്പ്മോൻ... ഞാനെന്തൊരു മഹാപാപി എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി. അതു കേട്ടപ്പൊ പ്രാപ്പിക്കുട്ടു സമാധാനിപ്പിച്ചു.
‘‘കൊന്നാ പാപം തിന്നാതീരുന്ന പ്രശ്നമേയുള്ളൂ.’’
‘‘അയിന് പപ്പനിതുവരെ കൊന്നിട്ടല്ലേയുള്ളൂ...’’
പ്രാപ്പി മനസ്സ് മാറ്റാൻ മെനക്കിട്ടു.
‘‘തിന്നാനല്ലേ ഒരു മൂന്നു കിലോ ആണ്ടിച്ചന്റെ തോളില് കിടക്കണത്.’’
കട്ടൻചായ കുടിച്ച് വെച്ച ഗ്ലാസെടു ത്ത് പപ്പേട്ടൻ പ്രാപ്പിയെ ഒറ്റയേറ്. ഗ്ലാസ് കൊണ്ടത് ആണ്ടിച്ചന്. തോളിലെ ഉടുമ്പിനെ ആണ്ടിച്ചൻ പപ്പേട്ടന്റെ മടിയിലേക്കിട്ടു. മദ്യത്തിന്റെ ചൂര് ഒട്ടും ശമിക്കാത്ത ഉടുമ്പ് മടിയിൽ അടങ്ങിക്കിടന്നു.
‘‘എന്റെ കൈയ്യാൽ കൊല്ലപ്പെട്ട ഉടുമ്പന്മാരെ നിങ്ങളൊന്ന് ഇവനെ പോലെ കൈകൂപ്പിയിരുന്നെങ്കിൽ ഞാനുണർന്നേനെ...’’
പപ്പേട്ടന്റെ പശ്ചാത്താപം കേട്ട് പ്ലാവിന് ചുവട്ടിൽ അടിക്കുടല് മറിയുന്നതരത്തിൽ വാള് വെച്ച് തളർന്ന നാസർക്ക പപ്പേട്ടനരികിലേക്ക് വീണു.
‘‘ഇന്നോടെ നമ്മൾ കൊന്ന് തിന്നൽ നിർത്തണം. പാപികൾക്ക് നരകത്തിൽ പോലും സീറ്റുണ്ടാവില്ല...’’
രഘുവേട്ടന് മുഷിഞ്ഞ് തുടങ്ങി.
‘‘സമയം പത്താവാറായി. ഇതിനെ കുരുമുളകിട്ട് വരട്ടുന്നോ അതോ കറിയാക്കുന്നോ.’’
പപ്പേട്ടൻ ഒന്നും പറഞ്ഞില്ല. ഉടുമ്പിനെയെടുത്ത് ചുമലിൽവെച്ച് ലുങ്കി മാടിക്കെട്ടി വെളിയിലേക്ക് ഒറ്റ നടത്തം. എന്നിട്ട് നിവർന്നു നിന്ന് യോഗീ മാനസനായി മൊഴിഞ്ഞു.
‘‘നമ്മടെ കമ്പനിയിൽ അഹിംസാ വാദികൾമാത്രം നിന്നാൽ മതി. സഹജീവികളോട് കരുണ കാണിക്കുന്നവർക്ക് എപ്പഴും സ്വാഗതം.’’ എന്നിട്ട് കനുവിനെ കണ്ണുകൊണ്ട് മാടിവിളിച്ച് പിറ്റേ ദിവസം മുതൽ ചെയ്യാനുള്ള ജോലി ചെവിയിൽ സ്വകാര്യമായി പറഞ്ഞേൽപിച്ചു.
അന്ന് രാത്രി കച്ചറ കമ്പനി പൊളിഞ്ഞു. ഓലച്ചീന്തുകൾക്കിടയിലൂടെ നിലാവൊലിച്ചിറങ്ങുന്ന തെങ്ങിൻ ചോട്ടിലൊന്നിച്ചു നിന്ന് ഓരോരുത്തരും അവരവരുടെ ജീവിതം തീരുമാനിച്ചു.പിറ്റേന്ന് മുതൽ കനു പപ്പേട്ടന്റെ വലം കൈയായി. ഉടുമ്പിനുള്ള തീറ്റ സംഘടിപ്പിക്കലായിരുന്നു അവന്റെ ജോലി.കരിഞ്ചേരട്ട, പച്ചത്തുള്ളൻ [പുൽച്ചാടി]... തുടങ്ങി കോഴിപാർട്സ് വരെ.
ഇങ്ങനെ മിണ്ടാപ്രാണികളെ ജീവനോടെ ഉടുമ്പിന് തിന്നാൻ കൊടുത്താൽ പാപം കിട്ടില്ലേയെന്ന അവന്റെ നിഷ്കളങ്കത പപ്പേട്ടൻ ഒരു ചിരിയിൽ ഒതുക്കിക്കളഞ്ഞ അന്ന് കനു പണി നിർത്തി.
നമ്മൾ കാണിക്കുന്ന കരുണയിൽ പോലും സൗകര്യത്തിനനുസരിച്ച് വിവേചനം കാണിക്കുന്ന ഹാസ്യാത്മക അഹിംസാവാദത്തിന്റെ ഉപജ്ഞാതാവെന്ന പട്ടംകൂടി പപ്പേട്ടന് ചാർത്തി. പിന്നീട് ഒമ്പത് പൊട്ടക്കിണറുള്ള ഒടിമല വലിയ വില കൊടുത്ത് അയാൾ സ്വന്തമാക്കി.അതിലെല്ലാം നൂറുകണക്കിന് ഉടുമ്പുകളെ വളർത്താൻ തുടങ്ങിയെന്നതും അതിശയോക്തി കലർത്തി ഒടിമലചരിതത്തിൽ രേഖപ്പെട്ടുവെന്നതും ചരിത്രം.
ഉടുമ്പുകളെ കൊന്നാൽ നിയമപരമായി വലിയ ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞത് മുതലാണ് പപ്പേട്ടന് മനംമാറ്റം സംഭവിച്ചത് എന്നും അസൂയാലുക്കൾ പറഞ്ഞു നടന്നിട്ടുണ്ട്.
കനു നാടുവിട്ട് പോയിട്ട് കാലങ്ങളായെങ്കിലും കൊല്ലത്തിൽ മൂന്ന് തവണയെങ്കിലും വന്നു പോവുമ്പോൾ നാട്ടിലെ ചേറും ചളിയും മണക്കുന്ന ഓർമകളെ അയവിറക്കുന്നത് കനുവിന് ഒരു ലഹരി ആയിരുന്നു. ട്രെയിൻ യാത്രയിൽ അവൻ സൃഷ്ടിക്കുന്ന സ്‌മൃതിലഹരിയിൽ അന്യരുടെ സങ്കടങ്ങളെ സ്വന്തം സങ്കടമായി ഏറ്റടുത്തു വിങ്ങി വിങ്ങി കരയുന്നത് പതിവായിരുന്നു. പ്രാപ്പിക്കുട്ടുവിന്റെ നിരപരാധിയായ അച്ഛൻ ലോക്കപ്പിൽ കൊല്ലപ്പെട്ടത്, രഘുവേട്ടന്റെ ഒരേയൊരു മകൻ പഞ്ചാരമാവിൽ തൂങ്ങിമരിച്ചത്, കൊല്ലാകൊല്ലമുള്ള ഏപ്രിലിൽ പപ്പേട്ടന്റെ ഭാര്യയെ പിടിച്ചുകെട്ടി പ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
ഇങ്ങനെ താനുമായി പരിചയമുള്ള പല മനുഷ്യരുടെയും ജീവിതത്തിലുണ്ടാവുന്ന അവിചാരിത സംഭവങ്ങളെയും സങ്കടങ്ങളെയും ഓർത്തോർത്തു കരഞ്ഞ എത്രയെത്ര ട്രെയിൻയാത്രകൾ...ഞായറാഴ്ചകളിൽ മുറതെറ്റാതെ പള്ളിയിൽ പ്രാർഥന നടത്താറുള്ള ചിന്തകൊണ്ടുപോലും ആരെയും ദ്രോഹിക്കാത്ത നല്ലത് മാത്രംചെയ്ത സുഹൃത്ത് റീമാ ജോസഫിനെ കാറിടിപ്പിച്ചു തെറിപ്പിച്ച് ഒന്നരക്കൊല്ലം കിടപ്പിലാക്കിയ ദൈവത്തെ അന്ന് മറന്നതാണ്. എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ കഴിവില്ലാത്ത എല്ലാ മത ദൈവങ്ങളോടും കനുവിന് പുച്ഛം തോന്നിത്തുടങ്ങി. കുട്ടിക്കാലത്ത് തന്റെ അതേ പ്രായത്തിലുള്ള കൂട്ടുകാർക്ക് തന്നെപ്പോലെ ഭക്ഷണം കഴിക്കാനോ പഠിക്കാനോ സാധിക്കാത്തതിൽ അവനു നല്ല സങ്കടം തോന്നിയിട്ടുണ്ട്.
അവൻ വളരുംതോറും സഹജീവികളോടുള്ള ദയയും കരുതലും വളർന്നു. ബുദ്ധിയും കഴിവുമൊക്കെ ധാരാളം ഉണ്ടായിട്ടും യാതനകൾ മാത്രം നിറഞ്ഞ ജീവിതം നയിച്ച് ചത്തുപോകുന്ന മനുഷ്യരെ ഓർത്ത് പലപ്പോഴും അസ്വസ്ഥനായി. ചൂഷണങ്ങളും ക്രൂരതകളുംകൊണ്ട് വെട്ടിപ്പിടിച്ച അളിഞ്ഞ സമ്പത്തിനു മുകളിലിരുന്ന് അഹങ്കരിക്കുന്ന മനുഷ്യരൂപംപൂണ്ടവർക്ക് നേരെ കനുവിന്റെ പ്രതികാരവും വളർന്നു. അധികാരങ്ങൾക്കും അതിന്റെ സകലമാന സൂചനകളും ചിഹ്നങ്ങളും വരെ അവനെ ചൊടിപ്പിച്ചു. ഉറക്കം വരാത്ത ഒച്ചകളമർന്ന രാത്രിയുടെ ഞരമ്പുകളിൽ അവന്റെ ചോര തിളക്കാൻ തുടങ്ങി. അപ്പോഴെല്ലാം സ്വന്തം ഹൃദയം ഒരു അരുമയായ പൂച്ചക്കുഞ്ഞിനെപ്പോലെ അവനെ നോക്കി മാവോ... മാവോ എന്ന് സ്നേഹത്തോടെ കരഞ്ഞു.

തണ്ടർ ബോൾട്ടിന്റെ ഒന്ന് രണ്ടു വാഹനങ്ങൾകൂടി ഒച്ചയില്ലാതെ വന്നുനിന്നു. ഒടിമലയുടെ കുത്തനെയുള്ള ഇടവഴിയിലൂടെ വീണ്ടും പോലീസുകാർ ഓടിക്കയറുമ്പോൾ സൂര്യൻ ഒരു മഞ്ചാടിക്കുരുപോലെ മലയുടെ ചങ്കിലേക്ക് താഴ്ന്നു. മലയിടുക്കിലെ ഇടവഴിയിലൂടെ കനു ഓടിയിറങ്ങുമ്പോൾ മലയുടെ പള്ളച്ചെരിവിലൂടെ ഒരു കൂറ്റൻ ഉടുമ്പ് മുകളിലേക്ക് നിവർന്ന് ശവത്തിന് കാവൽ നിൽക്കുന്ന പോലീസുകാരെത്തന്നെ നോക്കിനിന്നു. ചോര മണക്കുന്ന ഒടിമലയിലെ കുഞ്ഞിക്കാറ്റ് കനു ഓടിക്കയറിയ ട്രെയിനിനു പിന്നാലെ പാഞ്ഞു. അതുവരെ അനുഭവിക്കാത്ത ഒരു സങ്കടലഹരിയിൽ അവനൊരു കൊടുങ്കാറ്റായി മാറി.
ഇനിയൊരു തിരിച്ചുവരവില്ലെന്ന് മനസ്സിലുറപ്പിച്ച് അവന്റെ ട്രെയിൻ തെലങ്കാനയിലേക്ക് ലക്ഷ്യംവെച്ച് പതുക്കെ ഇളകിത്തുടങ്ങി. ഒരു കൂറ്റൻ ഉടുമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന ട്രെയിനിനെ ഒടിമലയുടെ ഉച്ചിയിൽനിന്ന് പോലീസുകാർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.