ഹൈപ്പർ മാർക്കറ്റ്

അണ്ണൻ ഒരു ‘സ്നേഹത്തിന്റെ കട’ തുടങ്ങി. ഒരു പരീക്ഷണമായിരുന്നു അത്. പലതരം സ്നേഹങ്ങൾ പല സ്ഥലത്തുമായി വിൽക്കുന്നുണ്ടെങ്കിലും എല്ലാത്തരം സ്നേഹവും കിട്ടുന്ന ഒരു കട ആദ്യമാണ്. സ്നേഹത്തിന്റെ ഹൈപ്പർ മാർക്കറ്റ് തന്നെയാണ് അണ്ണൻ തുടങ്ങിയത്. ‘എല്ലാ സ്നേഹവും ഒരു മേൽക്കൂരയിൽ’ –അതായിരുന്നു അണ്ണന്റെ മുദ്രാവാക്യം. ഇനി ഒരു ഉപഭോക്താവും സ്നേഹങ്ങൾക്കുവേണ്ടി പല കടകൾ കയറിയിറങ്ങേണ്ടതില്ല. ഗുണമേന്മയുള്ള സ്നേഹമാണ് അണ്ണൻ വിൽക്കുന്നത്. വാറന്റിയുണ്ട്. കളിപ്പീരല്ല. കസ്റ്റമർ സാറ്റിസ്ഫാക്ഷനാണ് അണ്ണന്റെ മോട്ടോ. കസ്റ്റമറാണ് ഏത് ഉൽപന്നത്തിന്റെയും ബലം. സ്നേഹത്തിന് നല്ല...
Your Subscription Supports Independent Journalism
View Plansഅണ്ണൻ ഒരു ‘സ്നേഹത്തിന്റെ കട’ തുടങ്ങി.
ഒരു പരീക്ഷണമായിരുന്നു അത്.
പലതരം സ്നേഹങ്ങൾ പല സ്ഥലത്തുമായി വിൽക്കുന്നുണ്ടെങ്കിലും എല്ലാത്തരം സ്നേഹവും കിട്ടുന്ന ഒരു കട ആദ്യമാണ്. സ്നേഹത്തിന്റെ ഹൈപ്പർ മാർക്കറ്റ് തന്നെയാണ് അണ്ണൻ തുടങ്ങിയത്.
‘എല്ലാ സ്നേഹവും ഒരു മേൽക്കൂരയിൽ’ –അതായിരുന്നു അണ്ണന്റെ മുദ്രാവാക്യം. ഇനി ഒരു ഉപഭോക്താവും സ്നേഹങ്ങൾക്കുവേണ്ടി പല കടകൾ കയറിയിറങ്ങേണ്ടതില്ല.
ഗുണമേന്മയുള്ള സ്നേഹമാണ് അണ്ണൻ വിൽക്കുന്നത്.
വാറന്റിയുണ്ട്.
കളിപ്പീരല്ല.
കസ്റ്റമർ സാറ്റിസ്ഫാക്ഷനാണ് അണ്ണന്റെ മോട്ടോ. കസ്റ്റമറാണ് ഏത് ഉൽപന്നത്തിന്റെയും ബലം. സ്നേഹത്തിന് നല്ല കസ്റ്റമേഴ്സുണ്ടാകുമെന്ന് കണ്ടെത്തിയതിലാണ് അണ്ണന്റെ വിജയം.
എന്നാൽ, മാർക്കറ്റ് പിടിക്കാൻ എന്ത് ഉഡായിപ്പും ചെയ്യാൻ അണ്ണനെ കിട്ടില്ല. ചരക്ക് മോശമായാൽ അണ്ണൻ തിരിച്ചെടുക്കും. കസ്റ്റമറിന് ചെറിയ നഷ്ടപരിഹാരവും കൊടുക്കും. അണ്ണന് ‘സ്നേഹമാണഖിലസാരമൂഴിയിൽ’, അല്ലാതെ ലൊട്ടലൊടുക്ക് തട്ടിപ്പുകളല്ല. വാങ്ങുന്നവന് അതിന്റെ മെച്ചം കിട്ടണം. അതിൽ അണ്ണന് വിട്ടുവീഴ്ചയില്ല.
സ്നേഹത്തിന്റെ മാർക്കറ്റിൽ കോംപ്രമൈസ് ഇല്ല.
മാതൃസ്നേഹം മുതൽ രാജ്യസ്നേഹം വരെ അണ്ണന്റെ ഹൈപ്പർ മാർക്കറ്റിലുണ്ട്. എല്ലാം കസ്റ്റമേഴ്സിന് നേരിട്ടെടുക്കാം. വിശദവിവരങ്ങൾ പാക്കറ്റിലുണ്ട്. സൈഡ് ഇഫക്ടുകളും അതിലുണ്ട്. ഒളിച്ചുവെച്ച് ഒരു കച്ചവടം അണ്ണനില്ല.
സീസണായാൽ അണ്ണൻ ചില ഡിസ്ക്കൗണ്ടുകൾ പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യസ്നേഹത്തിന് 75 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് അണ്ണൻ ഞെട്ടിച്ചുകളഞ്ഞു.
പൊരിഞ്ഞ കച്ചവടമായിരുന്നു.
‘‘അണ്ണാ, രാജ്യസ്നേഹമെങ്ങനെ പോയി?’’ എന്ന് ചോദിച്ചാൽ അണ്ണൻ വിനയത്തോടെ പറയും.
‘‘ഓ! കൊഴപ്പമൊന്നുമൊണ്ടായില്ല കെട്ടാ...’’
ഇതാണ് അണ്ണൻ.
ഒരു നിർവികാരതയുണ്ട്.
ലാഭം കൂടുന്തോറും ഒരു താപസഭാവം! കാശെണ്ണി നോക്കി പെട്ടീലിടുമ്പോൾ ഇതൊന്നും എേന്റതല്ലെന്ന നിസ്സംഗത!
എന്നാൽ, കച്ചവടത്തിന്റെ ട്രിക്ക് അണ്ണന് നന്നായറിയാം.
അഞ്ച് കിലോയിൽ കൂടുതൽ പിതൃസ്നേഹം വാങ്ങുന്നവർക്ക് വൃദ്ധസദനത്തിലെ ഒരു മുറിയുടെ വാടക ആറുമാസത്തേക്ക് കൊടുക്കുമെന്ന് വയോജനദിനത്തിൽ അണ്ണൻ ഒരു സ്കീം പ്രഖ്യാപിച്ചു.
പിറ്റേദിവസം അണ്ണന് ബോർഡ് തൂക്കേണ്ടി വന്നു.
‘പിതൃസ്നേഹം –സ്റ്റോക്കില്ല.’
മാതൃസ്നേഹത്തോടൊപ്പം മെഴുകുതിരിയാണ് സൗജന്യം. ആ സ്കീം സ്ഥിരമാണ്.
അത് തുടങ്ങിയതിന് ഒരു കഥയുണ്ട്.
മാതൃസ്നേഹം വാങ്ങാൻ ഒരിക്കൽ ഒരു ചെറുപ്പക്കാരൻ വന്നു. മൊത്തം മാതൃസ്നേഹവും അയാൾ വാങ്ങി.
കൗണ്ടറിൽ ബില്ലടച്ച് കഴിഞ്ഞപ്പോൾ അയാൾ കുറച്ച് മെഴുകുതിരികൾ ആവശ്യപ്പെട്ടു.
അവിടെ മെഴുകുതിരിയില്ല.
അയാൾ വളരെ സങ്കടപ്പെടുന്നതായി കണ്ടു. സംശയത്തോടെ നോക്കിയ കൗണ്ടറിലെ പെൺകുട്ടിയോട് അയാൾ പറഞ്ഞു.
‘‘എന്റെ അമ്മ മരിച്ചപ്പോൾ ഞാൻ സ്ഥലത്തുണ്ടായില്ല. ഇപ്പോഴാണ് വന്നത്. ഞാൻ അമ്മയുടെ ശവകുടീരത്തിലേക്കാണ് പോകുന്നത്. ഈ മാതൃസ്നേഹം സമർപ്പിച്ച് എനിക്ക് കുറച്ച് മെഴുകുതിരികൾകൂടി കത്തിക്കണം.’’
അയാൾ കൂടുതൽ സങ്കടപ്പെട്ടു.
അപ്പോൾ ആ പെൺകുട്ടി സന്ദർഭത്തിന് അയവു വരുത്താൻ അനാവശ്യമായ ചോദ്യം ചോദിച്ചു.
‘‘അമ്മ മരിച്ചപ്പോ സാറ് എവിടെയായിരുന്നു?’’
‘‘ഞാനൊരു ടൂറിലായിരുന്നു. കമ്പനി തന്ന പാക്കേജാ. പൊറംരാജ്യത്താണ്. ടൂറ് മൊടക്കീല്ല. വല്ലപ്പോഴുമൊക്കേ ഇങ്ങനെ ഒരെണ്ണം കിട്ടൂ. അല്ല, വന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. ഇപ്പോ ചെയ്യുന്നതൊക്കെ തന്നെയല്ലേ അപ്പോഴും ചെയ്യാൻ പറ്റൂ.’’
അയാളിൽ അപ്പോൾ ഒരു ചെറിയ നിസ്സഹായത പ്രത്യക്ഷപ്പെടുകയും അത് ഒരു ചെറിയ ചിരിയായി മാറുകയുംചെയ്തു.
ആ സംഭവത്തിൽനിന്നാണ് മെഴുകുതിരിയുടെ വാണിജ്യപ്രാധാന്യം അണ്ണൻ തിരിച്ചറിഞ്ഞത്.
പുത്ര-പുത്രീ സ്നേഹങ്ങൾക്കൊക്കെ ഒരു മിനിമം കച്ചവടം എപ്പോഴുമുണ്ട്. സഹോദരസ്നേഹത്തിന് കൊള്ളാവുന്ന സൗജന്യമുണ്ട്. കോടതികാര്യങ്ങൾക്കുള്ള ചെലവിൽ പത്ത് ശതമാനം അണ്ണൻ കൊടുക്കും.
സമുദായസ്നേഹം, ഭാഷാസ്നേഹം തുടങ്ങിയ സാധനങ്ങളുമുണ്ട് അണ്ണന്റെ കടയിൽ. സമുദായസ്നേഹികൾക്ക് വെട്ടുകത്തി, വടിവാൾ, കോടാലി എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം സൗകര്യം പോലെയെടുക്കാം. അഞ്ചു കിലോയിൽ കൂടുതൽ ഭാഷാസ്നേഹം വാങ്ങുന്നവരുടെ മക്കൾക്കോ പേരക്കുട്ടികൾക്കോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ തരപ്പെടുത്തും. 10 കിലോയിൽ കൂടുതൽ വാങ്ങിയാൽ രണ്ട് അവാർഡ് ഉറപ്പാണ്. അതിനുള്ള സ്വീകരണം, മുല്ലമാല, പൂച്ചെണ്ട്, വെടിക്കെട്ട്, കരിക്കിൻവെള്ളം എന്നിവയും സൗജന്യം.
മിനിമം ഒരു കിലോ എടുത്താൽ ‘ഭാഷയും സംസ്കാരവും’ എന്ന വിഷയത്തിൽ ഒരു സെമിനാർ ഉദ്ഘാടനം ചെയ്യാനുള്ള അവസരം കൊടുക്കും.
ഹൈപ്പർമാർക്കറ്റ് ഉത്തരോത്തരം പുരോഗമിച്ചെങ്കിലും പിന്നീട് അൽപാൽപം മോശമായി തുടങ്ങി.
സ്നേഹത്തിന്റെ മാർക്കറ്റിടിഞ്ഞു, ആഗോളമായിത്തന്നെ.
കച്ചവടം തകർന്നു.
കടം കയറി.
കഞ്ഞിക്കിട്ട വെള്ളത്തിൽ കുളിക്കണം എന്ന മട്ടായി.
കട പൂട്ടി.
അണ്ണൻ പട്ടിണിയിലായി.
ഇനി എന്ത്?
അണ്ണൻ വിട്ടുകൊടുത്തില്ല.
അടിമുടി ആലോചിച്ചു.
ചിന്തയെ കാർന്നുതിന്നു.
ഒടുവിൽ ഐഡിയ!
പിറ്റേന്ന് അണ്ണൻ പുതിയ ബോർഡ് വെച്ചു.
‘വെറുപ്പിന്റെ കട.’
സംഭവം ക്ലിക്കായി.
ജനം കുത്തിമറിഞ്ഞു.
കട പൂരപ്പറമ്പായി.
തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിളിച്ചു.
എല്ലാത്തരം വെറുപ്പും അണ്ണന്റെ കടയിൽ കിട്ടും. വെറുപ്പിന്റെ ഹൈപ്പർ മാർക്കറ്റ്.
ജാതി-മത-വർണ-വർഗ-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാത്തരം വെറുപ്പും സ്റ്റോക്കെത്തി.
വെറുപ്പിൽ ഉയർച്ചതാഴ്ചകളില്ല. എല്ലാ വെറുപ്പും ഒരുപോലെ. നല്ല വെറുപ്പും ചീത്ത വെറുപ്പും ഇല്ല.
സമത്വസുന്ദര വെറുപ്പ്.
സ്വർഗീയ സുന്ദര വെറുപ്പ്.
വെറുപ്പിൽ ഉള്ളവനും ഇല്ലാത്തവനും ഇല്ല.
വെറുക്കാനും ഒരു മതം വേണം.
വെറുക്കാനും ഒരു വിശ്വാസം വേണം.
വെറുക്കാനും ഒരു ദൈവം വേണം.
ഞാൻ എന്നെ വിശ്വസിക്കുമ്പോൾ വെറുപ്പുണ്ടാകുന്നു. ഞാൻ നിന്നെ വിശ്വസിക്കുമ്പോൾ വെറുപ്പില്ലാതാകുന്നു. പക്ഷേ, എനിക്ക് നിന്നെ വിശ്വസിക്കാനാവില്ല. എനിക്ക് എന്നെ മാത്രമേ വിശ്വസിക്കാനാകൂ.
അതുകൊണ്ട് വെറുപ്പിന്റെ കച്ചവടത്തിന് മരണമില്ല.
വെറുപ്പിന്റെ അനന്തസാധ്യത കണ്ട് അണ്ണൻ അമ്പരന്ന് പോയി.
സ്നേഹിക്കാൻ ഒരു അനുഭവമെങ്കിലും വേണം.
പക്ഷേ വെറുക്കാൻ അതുവേണ്ട.
വെറുതെ വെറുക്കാം.
നിറത്തെ വെറുക്കാം.
തൊലിയെ വെറുക്കാം.
വാക്കിനെ വെറുക്കാം.
കാഴ്ചയെ വെറുക്കാം.
കേൾവിയെ വെറുക്കാം.
സ്വന്തക്കാരെ വെറുക്കാം.
ബന്ധക്കാരെ വെറുക്കാം.
അയൽക്കാരെ വെറുക്കാം.
അന്യനെ വെറുക്കാം.
അവരവരെത്തന്നെ വെറുക്കാം.
വെറുപ്പ്, ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയാണ്, എണ്ണിയാൽ തീരില്ല.
അത്രയേറെ വെറൈറ്റി വെറുപ്പുകളുണ്ട്; വെറുപ്പിന്റെ വൈബും.
എല്ലാത്തരം വെറുപ്പിനും ആവശ്യക്കാർ ധാരാളം.
പ്രശ്നം, ഡിമാൻഡനുസരിച്ച് സപ്ലൈ ഇല്ല എന്നതാണ്.
അണ്ണൻ ചിന്തകനായി.
‘‘മനുഷ്യൻ അടിസ്ഥാനപരമായി വെറുപ്പിനെ സ്നേഹിക്കുന്നു. പരസ്പരം വെറുക്കാൻ തുടങ്ങുന്നിടത്തുനിന്നാണ് ജീവിതം ആരംഭിക്കുന്നത്. ബാക്കിയെല്ലാം വെറും വേഷംകെട്ടോ ജാടയോ ആണ്.
കൊല്ലരുതനിയാ കൊല്ലരുത് എന്ന് നാടകത്തിൽ പറഞ്ഞ് കയ്യടി വാങ്ങാം. കൊല്ലണമനിയാ കൊല്ലണം എന്ന് പറഞ്ഞാലേ മാർക്കറ്റിൽ കയ്യടി കിട്ടൂ.’’
അണ്ണന്റെ ഗോഡൗണിലേക്ക് വെറുപ്പിന്റെ ലോഡുകൾ വന്നു. എത്ര സ്റ്റോക്ക് വേണമെങ്കിലും എടുക്കാം.
ചീത്തയാവില്ല.
മാർക്കറ്റിടിയില്ല.
ഡിമാൻഡ് കുറയില്ല.
വിശ്വസിച്ച് വാങ്ങാവുന്ന ഒരേയൊരു സാധനം.
കള്ളമില്ല, ചതിയില്ല, മായമില്ല. ആജീവനാന്ത വാറന്റിയുള്ള ഒരേയൊരു സാധനം.
കച്ചവടം പൊടിപൊടിച്ചു.
അണ്ണൻ തകർത്തു.
അണ്ണൻ വൻ ഹിറ്റായി.
സമ്പാദിച്ചു കൂട്ടിയ കോടാനുകോടി രൂപയുടെ മീതെ മനസ്സമാധാനത്തോടെ ഉറങ്ങാൻ കിടന്നപ്പോൾ അണ്ണനോർത്തു.
‘എല്ലാ വെറുപ്പും വിൽക്കാനുള്ളതാണ്... വിറ്റ് കാശാക്കാനുള്ളതാണ്...’