കുഞ്ഞിരാമേട്ടൻ എന്ന പുരുഷൻ

കരിങ്കൊറപ്പാടത്തെ അറ്റംകലായി ചാടിക്കടന്നപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. അറ്റംകലായിയിൽ പരൽമീനുകൾ ഒഴുകിപ്പോകുന്നുണ്ടായിരുന്നു. അതിനിടയിൽ തെളിഞ്ഞ വെള്ളത്തിൽ തന്റെ പുരുഷത്വം ഇളകിക്കളിക്കുന്നതിൽ കുഞ്ഞിരാമേട്ടന് അൽപം കൗതുകവും തെല്ല് അഭിമാനവും തോന്നി. കുഞ്ഞിരാമേട്ടൻ വല്ലപ്പോഴും മാത്രമാണ് അടിവസ്ത്രം ധരിക്കാറ്. കുഞ്ഞിരാമേട്ടനെ എല്ലാവരും സഖാവ് കുഞ്ഞിരാമേട്ടൻ എന്നാണ് വിളിക്കാറ്. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും പരിഹാരവുമായി...
Your Subscription Supports Independent Journalism
View Plansകരിങ്കൊറപ്പാടത്തെ അറ്റംകലായി ചാടിക്കടന്നപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. അറ്റംകലായിയിൽ പരൽമീനുകൾ ഒഴുകിപ്പോകുന്നുണ്ടായിരുന്നു. അതിനിടയിൽ തെളിഞ്ഞ വെള്ളത്തിൽ തന്റെ പുരുഷത്വം ഇളകിക്കളിക്കുന്നതിൽ കുഞ്ഞിരാമേട്ടന് അൽപം കൗതുകവും തെല്ല് അഭിമാനവും തോന്നി. കുഞ്ഞിരാമേട്ടൻ വല്ലപ്പോഴും മാത്രമാണ് അടിവസ്ത്രം ധരിക്കാറ്.
കുഞ്ഞിരാമേട്ടനെ എല്ലാവരും സഖാവ് കുഞ്ഞിരാമേട്ടൻ എന്നാണ് വിളിക്കാറ്. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും പരിഹാരവുമായി സഖാവ് കുഞ്ഞിരാമേട്ടൻ ഉണ്ടാകും. അതങ്ങനെയാണ്. അവസാനവാക്ക് പലപ്പോഴും സഖാവ് കുഞ്ഞിരാമേട്ടന്റേതു തന്നെ ആയിരിക്കും. കുഞ്ഞിരാമേട്ടന്റെ തറവാട് വീടിന്റെ വരാന്തയിലെ ചുമരിൽ കാൾ മാർക്സ്, എംഗൽസ്, ലെനിൻ, എ.കെ.ജി, കൃഷ്ണപിള്ള, ഇ.എം.എസ് തുടങ്ങിയവരുടെ ഫോട്ടോകൾ കട്ടിയുള്ള ഫ്രെയിംചെയ്ത് തൂക്കിയിട്ടുണ്ട്. വിപ്ലവത്തിന്റെ കനൽവഴികളിലൂടെ നടന്ന കാരണവൻമാരായിരുന്നു ആ ഫോട്ടോകൾ അവിടെ തൂക്കിയിട്ടത്. എന്നാൽ, രാഷ്ട്രീയക്കാരനാകാൻ കുഞ്ഞിരാമേട്ടൻ ഒരിക്കലും ആഗ്രഹിച്ചില്ല. കാരണവൻമാർക്ക് നാട്ടുകാർ ആദരിച്ചു നൽകിയ സഖാവ് എന്ന വിളിപ്പേര് അങ്ങനെയാണ് കുഞ്ഞിരാമേട്ടനും പതിച്ചുകിട്ടിയത്.
കാൾ മാർക്സിന്റെ ഫോട്ടോക്കു മുന്നിൽ നിന്ന കുട്ടിയായ കുഞ്ഞിരാമേട്ടൻ മാർക്സിന്റെ താടിയും മീശയും തനിക്കുമുണ്ടാകുന്നതായി സ്വപ്നം കണ്ടു. കുഞ്ഞിരാമേട്ടന്റെ പ്രതീക്ഷക്ക് വിപരീതമായി കുഞ്ഞിരാമേട്ടന് താടിയും മീശയും ഉണ്ടായില്ല. രോമം കിളിർക്കാത്ത നെഞ്ച് തടവി സഖാവ് കുഞ്ഞിരാമേട്ടൻ കോലായയിൽ ഇരുന്ന് ദീർഘനിശ്വാസമുതിർക്കും. താടിയും മീശയും ഇല്ലാത്തതിനാൽ പലരും കുഞ്ഞിരാമേട്ടനെ കളിയാക്കി. ആണും പെണ്ണും കെട്ടവൻ എന്ന് വിളിച്ചു. കല്യാണപ്രായമായപ്പോൾ ഒന്നു രണ്ടു പെണ്ണുകാണൽ ചടങ്ങ് നടത്തിയെങ്കിലും മീശേം താടീമില്ലാത്ത ചെക്കന് പെണ്ണ് കിട്ടിയില്ല. കുഞ്ഞിരാമേട്ടൻ നിത്യഹരിത നായകനായി നാട്ടിൽ കഴിഞ്ഞുകൂടി.
പിന്നീട് എപ്പോഴോ കുഞ്ഞിരാമേട്ടൻ നാട്ടുകാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ തുടങ്ങി. ഏതെങ്കിലും വീട്ടിൽ വൈദ്യുതി നിലച്ചാൽ, ഏതെങ്കിലും വീട്ടിൽ പമ്പുസെറ്റ് കേടുവന്നാൽ അതു നന്നാക്കാൻ എവിടെനിന്നെങ്കിലും മൂപ്പര് എത്താതിരിക്കില്ല. ആരെങ്കിലും വെള്ളത്തിൽ വീണാൽ മുങ്ങിയെടുക്കാനും കുഞ്ഞിരാമേട്ടൻ വേണം. കിണറ്റിൽ ഉള്ള വെള്ളം കോരി എടുക്കാൻ വരെ കുഞ്ഞിരാമേട്ടൻ ഇല്ലാതെ പറ്റില്ലാന്ന് ആയി. അതിർത്തിപ്രശ്നം, അടിപിടി തുടങ്ങി വ്യഭിചാരം വരെ കുഞ്ഞിരാമേട്ടൻ ഇടപെടുന്ന വിഷയങ്ങളായി.
നിലാവത്ത് അറ്റംകലായിയിലേക്ക് നോക്കിനിൽക്കുകയായിരുന്ന കുഞ്ഞിരാമേട്ടൻ ചിറക്കപ്പുറത്ത് കക്കുംവള്ളി തോടിന് കുറുകെയിട്ട കവുങ്ങിൻതടിപ്പാലം കടന്നെത്തുന്ന വീട്ടിലെ ചിമ്മിനിവിളക്ക് കെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. വാതിൽപ്പലക ചാരി പുറത്തുവന്ന തങ്കമണി ദൂരെ പാടത്ത് അറ്റംകലായിക്ക് മേലെ കാല് കവച്ചുവെച്ച് അറ്റംകലായിയിലേക്കും തന്റെ വീട്ടിലേക്കും മാറിമാറി നോക്കുന്ന സഖാവ് കുഞ്ഞിരാമേട്ടനെ കണ്ട് നീട്ടിവിളിച്ചു.
‘‘കുഞ്ഞിരാമേട്ടാ... ങ്ങട്ട് ബന്നാളി... അബടെ കരിങ്കൊറേല് ബെർളി കുത്തിയ മാതിരി നിക്കണ്ട...’’
ഒന്നു ചമ്മിയെങ്കിലും സഖാവ് കുഞ്ഞിരാമേട്ടൻ കക്കുംവള്ളി തോടിന്റെ പാലം കടന്ന് മനം മയക്കുന്ന കണ്ണുകളിൽ നോക്കാൻ മടിച്ച് തങ്കമണിയുടെ വീട്ടിൽ ചെന്നുകേറി.

‘‘ഞാൻ ഇതിലേങ്ങനെ പോയപ്പോ...’’
‘‘ങ്ങും... നട്ടപ്പാതിരക്കാണല്ലോ കരിങ്കൊറപ്പാടത്തൂടെ പോണത്. ക്ക് മനസ്സിലായ്ക്ക്ണ്. ഏതായാലും ങ്ങള് കേറിക്കോളി മൻസാ.’’
ഇറയത്ത് മുട്ടാതിരിക്കാൻ തല കുനിച്ചുകൊണ്ട് കുഞ്ഞിരാമേട്ടൻ തങ്കമണിയുടെ വീടിന്റെ കോലായയിലേക്ക് കയറി. ചാണകം മെഴുകിയ തറയോട് ചേർന്നുള്ള അരതിണ്ടിൽ തങ്കമണി പായവിരിച്ചു. ചിമ്മിനി വിളക്കിന്റെ പാളിവീഴുന്ന വെളിച്ചത്തിൽ തങ്കമണിയാണ് നാട്ടിലെ ഏറ്റവും വലിയ സുന്ദരിയെന്ന തിരിച്ചറിവിൽ കുഞ്ഞിരാമേട്ടൻ തരളിതനായി.
ഒരു കുഞ്ഞു ഇരുമ്പുപെട്ടിയിൽനിന്ന് വെറ്റിലയും പുകയിലയുമെടുത്ത് ചുണ്ണാമ്പു കൂട്ടി മുറുക്കി തങ്കമണി മുറ്റത്തേക്ക് നീട്ടി തുപ്പി കുഞ്ഞിരാമേട്ടന്റെ അരികിലിരുന്നു. തങ്കമണിയുടെ ശരീരത്തിന് ചുണ്ണാമ്പിന്റെ ഗന്ധമാണ് എന്ന് കുഞ്ഞിരാമേട്ടൻ ഓർത്തു. രോമങ്ങളില്ലാത്ത കുഞ്ഞിരാമേട്ടന്റെ നെഞ്ചിൽ തന്റെ ചുണ്ടുകളിലെ മുറുക്കാൻ ചുവപ്പുകൊണ്ട് തങ്കമണി ചിത്രം വരച്ചു.
നാട്ടിൽ മറ്റു പലരെയുംപോലെ തന്നെ കുഞ്ഞിരാമേട്ടനും തങ്കമണിയുടെ വീട്ടിലെ പതിവ് സന്ദർശകനാണെന്ന് നാട്ടിൽ പരസ്യപ്പെടാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല. തങ്കമണിയുടെ വീട്ടിൽ ഉയർന്നവനും താഴ്ന്നവനും പണക്കാരനും പാവപ്പെട്ടവനും ദലിതനും സവർണനും ഒന്നുമുണ്ടായിരുന്നില്ല. സമഭാവനയുടെ എന്തൊരു ജനാധിപത്യബോധമാണവിടെ. ഓരോരുത്തർക്കും വേണ്ട സമയം കൃത്യമായി നീക്കിവെച്ചു തങ്കമണി. ആർക്കും പരിഭവമുണ്ടാകാത്ത വിധത്തിൽ ദിവസത്തെ പകുത്തുവെക്കാൻ തങ്കമണി മിടുക്കു കാണിച്ചു. കല്യാണം കഴിഞ്ഞവരും കുടുംബനാഥൻമാരും ചെറുവാല്യക്കാരും കള്ളൻമാരും കൊലപാതകികളുംവരെ തങ്കമണിയെ തേടിച്ചെന്നു. നാടിന്റെ സുഗന്ധമായി അവൾ മാറി.
വൃശ്ചികമാസത്തിലെ മണ്ഡലകാലത്ത് ഭജനമണ്ഡപത്തിനു ചുറ്റും സ്വാമിമാർ കല്ലും മുള്ളും കാലുക്ക് മെത്ത എന്ന് പാടിക്കൊണ്ട് നടക്കുന്ന അന്നാണ് തങ്കമണി ഒരു സത്യം തിരിച്ചറിഞ്ഞത്. തന്റെ വയറ്റിൽ ഒരു ജീവൻ ഊറിക്കൂടി വളരാൻ തുടങ്ങിയിരിക്കുന്നു. തന്റെ ജന്മവും ശരീരവും മനസ്സുമൊക്കെ മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയായിരിക്കണമെന്ന അപാരമായ ദാർശനിക ചിന്ത പുലർത്തുന്ന തങ്കമണിക്ക് ഒരു കുഞ്ഞിനെ പെറ്റുവളർത്താൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. ഇടിഞ്ഞുതൂങ്ങുന്ന തന്റെ സൗന്ദര്യവും സുഗന്ധം നഷ്ടപ്പെടുന്ന ശരീരവും അവൾക്ക് ഓർക്കാനേ കഴിയുമായിരുന്നില്ല.
തങ്കമണി ചിന്തിക്കും മുമ്പ് നാട്ടിൽ അത് പാട്ടായി. തങ്കമണിയുടെ വീട്ടിലെ ചിമ്മിനിവിളക്കിന്റെ വെട്ടം തേടിയെത്തുന്നവരുടെ എണ്ണം കുറഞ്ഞു. വിളക്കിനു ചുറ്റും പാറ്റകൾ പറന്നു. കൂട്ടംതെറ്റി ചിലത് ചിമ്മിനിയുടെ ഉള്ളിലേക്ക് വീണ് നിശ്ചലമായി. ചിലത് ചിറകുകൾ നഷ്ടപ്പെട്ട് മണ്ണിൽ വീണ് പുഴുക്കളായി. കരിപ്പത്തിലെ ജാനകീം തെക്കേലെ സാവിത്രീം വടക്കേലെ മാളുക്കുട്ടിയമ്മയും കുഞ്ഞാപ്പാന്റെവിടത്തെ പാത്വേയിയും മറ്റു ചിലരും തങ്കമണിയുടെ വീർത്തുവരുന്ന വയറിനെക്കുറിച്ച് അടക്കം പറഞ്ഞു. വീർത്തു വീർത്തു വരുന്ന വയറു നോക്കി ആണോ പെണ്ണോ എന്ന് പ്രവചിച്ചു. ആണുങ്ങൾ കരിങ്കൊറ പാടത്തേക്കുള്ള വഴി ബോധപൂർവം മറക്കാൻ ശ്രമിച്ചു.
നാട്ടുകാരെ സംബന്ധിച്ചിടത്തോളം തങ്കമണിയുടെ വീർത്ത വയറിന് ഒരാളെ വേണമായിരുന്നു. അവർ കൂട്ടിയും കിഴിച്ചും പല പേരുകൾ പറഞ്ഞു. ഒടുവിൽ ഒടുവിൽ എല്ലാവരും കുഞ്ഞിരാമേട്ടനിൽ എത്തിച്ചേർന്നു. നാട്ടിൽ കല്യാണമൊന്നും കഴിക്കാതെ പുരനിറഞ്ഞു നിൽക്കുന്നത് കുഞ്ഞിരാമേട്ടനാണല്ലോ. ഇടക്കിടക്ക് തങ്കമണീടെ ചിമ്മിനിവെട്ടം തേടി മൂപ്പര് പോണത് ചിലർക്കെങ്കിലും നേരിട്ട് അറിയാമായിരുന്നു. നാട്ടുകാരുടെ നാവ് തുന്നിക്കെട്ടാനാവില്ലല്ലോ. പറഞ്ഞു പറഞ്ഞ് അത് കുഞ്ഞിരാമേട്ടന്റേം തങ്കമണിയുടെയും ചെവിയിലുമെത്തി. തങ്കമണിയുടെ ചിമ്മിനീടെ വെളിച്ചം തേടി പോകുന്ന മറ്റുള്ളവർക്ക് പിതൃത്വം കുഞ്ഞിരാമേട്ടന്റെ പേരിൽ ചാർത്താൻ മതിയായ കാരണങ്ങൾ കണ്ടെത്തുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല.
സത്യത്തിൽ ഈ വാർത്ത കേട്ട് ഏറെ സന്തോഷിച്ചത് കുഞ്ഞിരാമേട്ടൻ ആയിരുന്നു. അങ്ങനെയെങ്കിലും ഒരു പുരുഷനാണെന്ന പേര് ലഭിക്കുമല്ലോ എന്ന് ഓർത്ത് ഗൂഢ ആനന്ദവും ഉള്ളിലൊതുക്കി സഖാവ് കുഞ്ഞിരാമേട്ടൻ കേട്ട ആരോപണങ്ങളെ നിഷേധിക്കാതെ പുഞ്ചിരികൊണ്ട് നേരിട്ടു. പുരുഷൻമാർക്കുള്ളതെല്ലാം തനിക്കുമുണ്ടെന്ന് ഒരുവേള വിളിച്ചുപറയാനും കുഞ്ഞിരാമേട്ടൻ ഒരുക്കമായി.
നാട്ടുകാർ മൂക്കത്ത് വിരൽവെച്ചു.
‘‘ഓറ് ഇതെങ്ങനെ ഒപ്പിച്ചു?’’
ഒരാൾ നടുവിരൽ ഉയർത്തി.
‘‘മൂപ്പർക്ക് അയ്ന് ഇത് ഉണ്ടോ...’’
‘‘ഏതായാലും ആണാണ് എന്ന് തെളിയിച്ച സ്ഥിതിക്ക് ഇനി പെണ്ണ് കിട്ടിക്കോളും.’’

ആളുകൾ അടക്കം പറഞ്ഞു. അഭിപ്രായങ്ങൾ പെരുകി. കരിങ്കൊറ പാടത്തെ വരമ്പിലൂടെ തല ഉയർത്തിപ്പിടിച്ച് സഖാവ് കുമാരേട്ടൻ നടന്നു.
ഒടുവിൽ സഹികെട്ട് തങ്കമണി തരകൻ ഡോക്ടറെ കാണാൻ തീരുമാനിച്ചു. തരകൻ ഡോക്ടർ കലക്കുന്നതിൽ മിടുക്കനാണത്രേ. കരു എത്ര വളർന്നാലും മൂപ്പർക്ക് അരമണിക്കൂർ മതി. മൂന്ന് മണിക്കൂർ കഴിഞ്ഞാൽ പെണ്ണിന് ചേല ചുറ്റി ക്ലിനിക്ക് വിടാം. ഇത്തിരി ചോരണ്ടാകും. അത് രണ്ടീസംകൊണ്ട് നിക്കും. പൈസ കൊറച്ചായാലെന്താ. തങ്കമണിയുടെ മുഖത്ത് വല്ലാത്തൊരു ചിരി വിടർന്നു. ചുരുട്ടി കൂട്ടിവെച്ച നോട്ടുകൾ പ്ലാസ്റ്റിക് കിറ്റിൽനിന്ന് തങ്കമണി കുടഞ്ഞിട്ടു.
അങ്ങാടി തീരുന്നിടത്ത് ഒരു ഓടിട്ട ചെറിയ വീടാണ് തരകൻ ഡോക്ടറുടെ ക്ലിനിക്ക്. നിറവയറുമായി ഡോക്ടറുടെ ക്ലിനിക്കിലെത്തുന്ന പെണ്ണുങ്ങൾ ഒഴിഞ്ഞ വയറുമായി തിരിച്ചു പോയി.
തങ്കമണി ഉടുത്തൊരുങ്ങി തരകൻ ഡോക്ടറെ കാണാൻ പുറപ്പെട്ടു. കക്കുംവള്ളി തോട് കടന്ന് കരിങ്കൊറ പാടത്തെ ചിറ കടക്കും നേരം നാട്ടിലെ സദാചാര പൊലീസ് നേതാവ് അച്ചുട്ടി ഒരുകൂട്ടം ആളുകൾക്കൊപ്പം തങ്കമണിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആളുകൾ വട്ടംകൂടി. നീളത്തിലും വട്ടത്തിലും ചതുരത്തിലും സദാചാരക്കാർ നിരന്നു.
അച്ചുട്ടി തന്റെ ചിത്രപ്പണികളുള്ള നീണ്ട കളസം പുറത്തു കാണും വിധം നീലനിറമുള്ള മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് തങ്കമണിയോട് ചോദിച്ചു.
‘‘അല്ല... നീ എങ്ങോട്ടാ?’’
തങ്കമണി മിണ്ടിയില്ല.
ആരോ പറഞ്ഞു.
‘‘കുട്ടി മിണ്ടുന്നില്ല.’’
ഏതോ തമാശ കേട്ടപോലെ നാട്ടുകാർ ചിരിച്ചു. ചിരിച്ചു ചിരിച്ച് അവരുടെ കണ്ണ് തള്ളി. അപ്പോൾ വീണ്ടും അച്ചുട്ടി നേതൃത്വം ഏറ്റെടുത്തു.
‘‘കാര്യൊക്കെ ശരി. പക്ഷേ കുട്ട്യേ കൊല്ലാൻ പറ്റൂല.’’
മിണ്ടാതെ തലകുനിച്ചു നിന്ന തങ്കമണിയോട് അച്ചുട്ടി അലറിപ്പറഞ്ഞു.
‘‘ജ്ജ് പെറ്റോ... അങ്ങനെയെങ്കിലും കുഞ്ഞിരാമേട്ടന് ഒരു തുണ ആവൂലോ.’’
തങ്കമണി തല ഉയർത്തി. ചുറ്റും നോക്കി. കണ്ണ് ഉയർത്തി നോക്കി. ആളുകളുടെ നാക്കും തലയും വലുതാകുന്നത് അവൾ അറിഞ്ഞു. ഇപ്പോൾ കാതുകളിൽ തേനീച്ചക്കൂട് ഇളകിയതുപോലെ നാട്ടുകാരുടെ ഇരമ്പൽ...
ആകാശത്തുനിന്ന് നൂലുപൊട്ടി വീണപോലെ നാട്ടുകാരുടെ ഇടയിലേക്ക് സഖാവ് കുഞ്ഞിരാമേട്ടൻ എപ്പോഴാണ് പൊട്ടിവീണതെന്ന് അറിയില്ല. എല്ലാവരും ഇപ്പോൾ കുഞ്ഞിരാമേട്ടനെ നോക്കിയാണ് ചിരിക്കുന്നത്. എന്നാൽ, അഭിമാനിയെപ്പോലെ കുഞ്ഞിരാമേട്ടൻ തല ഉയർത്തിനിന്നു.
തനിക്ക് അങ്ങനെയെങ്കിലും ഒരു തുണ ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ. അതിന് നാട്ടുകാർക്കെന്താ.
‘‘പക്ഷെ കുട്ടീനെ കലക്കാൻ ഞങ്ങള് സമ്മതിക്കൂലാ...’’
അപ്പോഴാണ് കുഞ്ഞിരാമേട്ടന് കാര്യങ്ങൾ ഒരുവിധം വ്യക്തമാക്കപ്പെട്ടത്.
‘‘കലക്കേ..?’’
‘‘അതെ. ഈ ഒരുമ്പെട്ടോള് തരകൻ ഡോക്റ്ററെ അടുത്തേക്ക് കലക്കാൻ പോകാണ്.’’
‘‘തക്ക സമയത്ത് ഞങ്ങള് വന്നതോണ്ട് ആ കുഞ്ഞി രക്ഷപ്പെട്ടു.’’
സ്ഥലകാലമൊന്നും നോക്കാതെ കുഞ്ഞിരാമേട്ടൻ അലറി.
‘‘തങ്കമണീ...’’
തങ്കമണി തല ഉയർത്തി സഖാവ് കുഞ്ഞിരാമേട്ടനെ നോക്കി. അവളുടെ കണ്ണുകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയും പിന്നീട് ധാരധാരയായി ഉറവിടുകയുംചെയ്തു. കണ്ണുനീർ പെയ്ത് കരിങ്കൊറപ്പാടം നിറഞ്ഞു. കണ്ണീരു തോർന്നപ്പോൾ ഞരമ്പുകൾ പൊട്ടി രക്തം കിനിഞ്ഞു.
‘‘കുഞ്ഞിരാമേട്ടാ ഇങ്ങളല്ല...’’
കുഞ്ഞിരാമേട്ടൻ വാ പൊളിച്ചു. നാട്ടുകാർ മുഴുവൻ വാ പൊളിച്ചു.
ഇപ്പോൾ ബഹളങ്ങൾ നിലക്കുകയും പൊഴിഞ്ഞു വീഴുന്ന ഓരോ വാക്കിനും പരമാവധി ശബ്ദം കിട്ടാനെന്നോണം അന്തരീക്ഷം മുഴുവൻ നിശ്ശബ്ദമായി കാതോർത്ത് നിൽക്കുകയുംചെയ്തു.
കുഞ്ഞിരാമേട്ടന്റെ രോമങ്ങളില്ലാത്ത നെഞ്ചിലൂടെ വിയർപ്പ് ചാലിട്ടൊഴുകി. നെറ്റിയിലെ നനവ് ഇടതു കൈപ്പത്തികൊണ്ട് തുടച്ച് കുഞ്ഞിരാമേട്ടൻ കിതച്ചു.
‘‘തങ്കമണി... ജ്ജ് എന്താ പറേണത്?’’
തങ്കമണി ഉറപ്പിച്ചു പറഞ്ഞു.

‘‘ങ്ങളല്ല ന്റെ വയറ്റില് വളരണ കുട്ടിന്റെ തന്ത.’’
കുഞ്ഞിരാമേട്ടന്റെ തല കുനിഞ്ഞു. പതുക്കെ പുറം തിരിഞ്ഞ് ചെറക്കു മുകളിലൂടെ തോടിനെ ലക്ഷ്യമാക്കി നടന്നു. തങ്കമണിയുടെ വീട്ടിലെ ചിമ്മിനിവിളക്ക് അപ്പോൾ കത്തുന്നുണ്ടായിരുന്നില്ല.
ആളുകൾക്ക് വാശിയായി. തങ്കമണിക്കു ചുറ്റുംനിന്ന് കൈ ചൂണ്ടി.
ചിലപ്പോൾ അവർ തന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റുകയും തന്നെ പച്ചക്കു കത്തിക്കുകയും ചെയ്യുമെന്ന് തങ്കമണി വെറുതെയെങ്കിലും ഭയപ്പെട്ടു.
‘‘എന്നാ പറയ്... ആരാ... ആരാ അന്റെ വയറ്റിലെ കൊച്ചിന്റെ തന്ത..?’’
പലരുടേയും രൂപം മാറി. ഭാവം മാറി. തങ്കമണിയുടെ പതിവുകാരിൽ ചിലരൊക്കെ ആൾക്കൂട്ടത്തിൽനിന്ന് പിന്മാറിത്തുടങ്ങി. തങ്ങളുടെ പേരുകൾ തങ്കമണി വിളിച്ചു പറയുമോ എന്ന് അവർ പേടിച്ചത് സ്വാഭാവികം മാത്രം.
ഏറെ നിർബന്ധത്തിനൊടുവിൽ തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ആരെന്ന് പറയാനായി തങ്കമണി വാ തുറന്നു.