Begin typing your search above and press return to search.
proflie-avatar
Login

ഡയപ്പർ

ഡയപ്പർ
cancel

1 പാൻ ഇന്ത്യൻ ഫേമസ് ആക്ട്രസ് നിഖിതയെ അഞ്ചരയടി നീളത്തിൽ ഇഞ്ചോടിഞ്ച് വാർത്തു​െവച്ചിരിക്കുന്നു. ഫിലിം പ്രൊഡ്യൂസർ കുഞ്ഞിക്കണ്ണൻ ആ സിലിക്കൺ ഡമ്മിയുടെ ചുണ്ടുകളിലൂടെ വിരലോടിച്ചു. അയാളുടെ പെരുമാറ്റത്തിൽ വെറുപ്പ് തോന്നിയെങ്കിലും ഒന്നും പ്രകടിപ്പിക്കാതെ ഞാൻ എഴുത്തുമേശയുടെ മുന്നിലിരുന്നു. അയാൾ പുറത്തേക്കിറങ്ങി. ഡമ്മിയുടെ കഴുത്തിലെ കാക്കപ്പുള്ളിയിൽ മൂന്ന് കുഞ്ഞിരോമങ്ങൾ സൂക്ഷ്മമായി തുന്നിച്ചേർത്തിട്ടുണ്ട്. ഡമ്മി കൊണ്ടുവരാൻവേണ്ടി ഉപയോഗിച്ച കുഷ്യനുകൾ സീറ്റിലേക്ക് തിരികെ അടുക്കിയിട്ട് കുഞ്ഞിക്കണ്ണൻ അയാളുടെ ഡിഫ​ൻഡർ ഓടിച്ചുപോയി. ഡമ്മിയുടെ നഗ്നതയും സ്വകാര്യതയും മറയ്ക്കണമെന്ന്...

Your Subscription Supports Independent Journalism

View Plans

1

പാൻ ഇന്ത്യൻ ഫേമസ് ആക്ട്രസ് നിഖിതയെ അഞ്ചരയടി നീളത്തിൽ ഇഞ്ചോടിഞ്ച് വാർത്തു​െവച്ചിരിക്കുന്നു. ഫിലിം പ്രൊഡ്യൂസർ കുഞ്ഞിക്കണ്ണൻ ആ സിലിക്കൺ ഡമ്മിയുടെ ചുണ്ടുകളിലൂടെ വിരലോടിച്ചു. അയാളുടെ പെരുമാറ്റത്തിൽ വെറുപ്പ് തോന്നിയെങ്കിലും ഒന്നും പ്രകടിപ്പിക്കാതെ ഞാൻ എഴുത്തുമേശയുടെ മുന്നിലിരുന്നു. അയാൾ പുറത്തേക്കിറങ്ങി. ഡമ്മിയുടെ കഴുത്തിലെ കാക്കപ്പുള്ളിയിൽ മൂന്ന് കുഞ്ഞിരോമങ്ങൾ സൂക്ഷ്മമായി തുന്നിച്ചേർത്തിട്ടുണ്ട്. ഡമ്മി കൊണ്ടുവരാൻവേണ്ടി ഉപയോഗിച്ച കുഷ്യനുകൾ സീറ്റിലേക്ക് തിരികെ അടുക്കിയിട്ട് കുഞ്ഞിക്കണ്ണൻ അയാളുടെ ഡിഫ​ൻഡർ ഓടിച്ചുപോയി.

ഡമ്മിയുടെ നഗ്നതയും സ്വകാര്യതയും മറയ്ക്കണമെന്ന് തോന്നിയതിനാൽ പുതപ്പിച്ചശേഷം ഞാൻ അതിനെയെടുത്ത് മുറിയുടെ മൂലയ്ക്ക് കൊണ്ടുനിർത്തി. മൃദുത്വംകൊണ്ട് അതിന് ശരിക്ക് നിൽക്കാനാവാത്തതിനാൽ കസേരയിൽ ഇരുത്തി പൂർണമായി മൂടി​െവച്ചു.

മമ്മിയുടെ പേരിലെ ബേബി ചേർത്താണ് മാർട്ടിൻ ആയിരുന്ന ഞാൻ സിനിമയിൽ ‘ബേബി മാർട്ടിൻ’ ആയത്. മമ്മി കിടപ്പുരോഗിയാണ്. അതുകൊണ്ട് സിനിമക്കുവേണ്ടിയുള്ള ചർച്ചയും എഴുത്തും നടത്തുന്നത് വീടിനോടു ചേർന്നുള്ള ഈ എഴുത്തുപുരയിലാണ്. തലയിടിച്ചുള്ള ഒരു വീഴ്ചയിൽനിന്ന് മാസങ്ങൾക്കുശേഷം മമ്മി ഉണർന്നപ്പോ​ഴേക്കും അപ്പൻ ഞങ്ങളെ ഉപേക്ഷിച്ച് പോയിരുന്നു. മകൻ ഉപേക്ഷിച്ച പെണ്ണിനെ വല്ല്യമ്മച്ചി പിന്നെയും ചികിത്സിച്ചു. മമ്മിക്ക് ഇനി എഴുന്നേറ്റു നടക്കാൻ ആവില്ല എന്നൊന്നും അന്ന് പതിമൂന്ന് വയസ്സുമാത്രമുണ്ടായിരുന്ന എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്നൊരു ദിവസം മേലായ്കവന്ന് വല്ല്യമ്മച്ചി മരിച്ചു. അടക്കം കഴിഞ്ഞ് ആളുകൾ ഒഴിഞ്ഞതോടെയാണ് ഇനി ഞങ്ങൾക്ക് രണ്ടിനും ഞങ്ങള് മാത്രമേയുള്ളൂ എന്ന് മനസ്സിലായത്. ശേഷം മമ്മിയെ കുളിപ്പിക്കുന്നതും ഉടുപ്പിക്കുന്നതും കഴിപ്പിക്കുന്നതും ഒഴിപ്പിക്കുന്നതുമെല്ലാം ഞാനാണ്. മറ്റു ചലനങ്ങൾ ഒന്നുമില്ലാത്തതിനാൽ, കണ്ണുകൾ തുറന്നിരിക്കുന്നെങ്കിൽ മമ്മി ഉണർന്നിരിക്കുകയാണെന്നും അടച്ചാണെങ്കിൽ ഉറങ്ങുകയാണെന്നുമാണ്. മമ്മിയുടെ നെഞ്ചിൽ തലവെക്കുമ്പോൾ കിട്ടുന്ന താളവും ഡയപ്പർ മാറ്റുമ്പോൾ കിട്ടുന്ന മണവും മാത്രമാണ് മമ്മിക്കും എനിക്കുമിടയിലെ ആകെ ആശയവിനിമയം. നാട്ടുകാർക്ക് മമ്മിയെന്നാൽ സുഗന്ധലേപനങ്ങൾ പൂശി കൊതുകുവലക്കുള്ളിലെ വാട്ടർബെഡിൽ ഞാൻ ഇരുപതു വർഷമായി സൂക്ഷിക്കുന്ന ശരീരമാണ്; എനിക്ക് എ​ന്റെ പ്രാണനും.

ഏതെങ്കിലും തിരക്കഥയുമായി തിരക്കിലാവുമ്പോൾ മാത്രം ലില്ലിക്കുട്ടിയെ സഹായത്തിന് വിളിക്കും. ലില്ലിക്കുട്ടി, മമ്മിയുടെ കൂടെ പഠിച്ചവളാണ്. വർഷങ്ങൾക്കു മുമ്പ് വിദേശത്തു​െവച്ച് കെട്ട്യോൻ മരിച്ചുപോയതിനാൽ നാട്ടിലേക്ക് തിരികെവന്ന ലില്ലിക്കുട്ടി ദയകൊണ്ടു മാത്രമല്ല; കൊടുക്കുന്ന ശമ്പളംകൊണ്ടുകൂടിയാണ് മമ്മിയെ നോക്കാൻ വരുന്നത്.

കായൽ എന്ന സിനിമക്കുവേണ്ടി ആർട്ട് ഡയറക്ടർ സേതുവാണ് നിഖിതയുടെ ഡമ്മി ഒരുക്കിയത്. മനുഷ്യശരീരം പൂർണമായും അച്ചാക്കി മാറ്റുകയായിരുന്നു. അതിനുവേണ്ടി അഞ്ചര മണിക്കൂറാണ് നിഖിത മലർന്നും കമിഴ്ന്നും കിടന്നത്. സിനിമ റിലീസായപ്പോൾ, കായലിൽനിന്ന് പൊക്കിയെടുത്ത പൂർണനഗ്നയായ ശവത്തെ കരയിലിട്ടു ഭോഗിച്ച, കൊടും വില്ലനെ അവതരിപ്പിച്ച നട​ന്റെയും പടത്തി​ന്റെ സംവിധായക​ന്റെയും മതിലിൽ ആളുകൾ അസഭ്യം എഴുതി​െവച്ചു. ആ റോൾചെയ്ത നിഖിതക്കെതിരെയും ധാരാളം നെഗറ്റീവ് കമന്റ്സ് വന്നു. ക്രൈം ത്രില്ലർ മേക്കിങ്ങിലെ ബ്രില്യൻസിനെ ഒരുവിഭാഗം പുകഴ്ത്തുമ്പോഴും അഭിനേതാക്കളെ ശാരീരികമായി അവഹേളിക്കുന്ന വീഡിയോകൾ യൂട്യൂബിൽ വൈറൽ ആവുന്നുണ്ടായിരുന്നു. അത്രക്ക് ഒറിജിനാലിറ്റി ആയിരുന്നു ആ ഷോട്ടുകൾക്ക്. ഡമ്മിയുടെ മേക്കിങ് വീഡിയോ സേതു, അപ് ലോഡ് ചെയ്തതോടെ വിവാദങ്ങൾ അവസാനിച്ചു. നിഖിതയല്ല; പൂർണനഗ്നയായി പൊന്തിക്കിടന്നത് അവരേക്കാൾ ഫിനിഷിങ് ഉള്ള ഈ ഡമ്മിയാണ് എന്ന് അറിഞ്ഞപ്പോൾ തെറിവിളി നിന്നു.

പുതിയ പടത്തി​ന്റെ തിരക്കഥാകൃത്തായതുകൊണ്ടോ സുഹൃത്തായതുകൊണ്ടോ അല്ല; പ്രൊഡ്യൂസർ അയാളുടെ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന ഡമ്മി ഇപ്പോൾ എ​ന്റെ എഴുത്തുപുരയിൽ കൊണ്ടു​െവച്ചത്. ഈ ഡമ്മി ശ്രദ്ധിക്കപ്പെട്ടതോടെ അതി​ന്റെ നിർമാണത്തിൽ അവകാശം പറഞ്ഞുകൊണ്ട് മറ്റൊരാൾ ആർട്ട് ഡയറക്ടർക്കെതിരെ ഒരു യൂട്യൂബ് ചാനലിലൂടെ വ്യാജ ഇന്റർവ്യൂ കൊടുത്തു. ചില അവതാരകർ ഡമ്മി തപ്പി പ്രൊഡ്യൂസറെ തേടിവന്നു. അങ്ങനെ അയാൾ സിലിക്കൺ നിഖിതയെ ഫ്ലാറ്റിൽനിന്ന് കടത്തി അധികമാരും കയറിവരാത്ത ഈ എഴുത്തുപുരയിൽ കൊണ്ടു​െവച്ചിട്ട് പോയി.

തൂത്തുവാരാനെന്ന വ്യാജേന ലില്ലിക്കുട്ടി എഴുത്തുപുരയിൽ കയറി ഡമ്മിയുടെ പുതപ്പ് മാറ്റി. എന്തോ വലിയൊരു കള്ളത്തരം കയ്യോടെ പിടിച്ചപോലെ എന്നെ നോക്കി പുച്ഛഭാവത്തിൽ മുഖം കുലുക്കിക്കാട്ടി പഴുത്ത ഒരു വാചകം ഉലത്തിയിട്ടു: ‘‘പത്തുമുപ്പത്തിനാല് വയസ്സായില്യോ! നിനക്കൊരു പെണ്ണുകെട്ടാൻ കഴിയത്തില്യോ? തലപൊകച്ച് എഴുതിക്കുത്തി ഇരുന്നാലൊന്നും ഒടലി​ന്റെ കത്തല് മാറില്ല ചെറുക്കാ...’’

മുടിഞ്ഞ തള്ള വല്ലവിധേനയും മുറിയിൽനിന്നിറങ്ങിപ്പോയാൽ മതി എന്ന വിചാരത്തിൽ ലാപ്പിൽനിന്ന് കണ്ണെടുക്കാനോ അവർക്ക് ചെവികൊടുക്കാനോ തോന്നിയില്ല. എഴുത്തുകാർക്ക് പ്രേമവും കാമവും കൂടുതലാണെന്ന് ലില്ലിക്കുട്ടി അവരുടെ കൊച്ചുഫോണിലൂടെ ആരോടോ അടക്കത്തിൽ പറയുന്നത് കഴിഞ്ഞാഴ്ചയും കേട്ടതാണ്. ഈ വായപേയ കിഴിച്ചാൽ ഇവരുടെയത്രേം വിശ്വസിക്കാനാവുന്ന മറ്റൊരാളെ മമ്മിക്ക് കിട്ടില്ലെന്നതുകൊണ്ടാണ് മിണ്ടാതെ സഹിക്കുന്നത്. എന്നാലും മാസത്തിൽ എട്ടോ പത്തോ ദിവസത്തിൽ കൂടുതൽ തുടർച്ചയായി അവരെ ഇവിടെ ​െവച്ചോണ്ടിരിക്കാനാവില്ല. ആക്ഷൻ ത്രില്ലറുകളും സസ്പെൻസ് ത്രില്ലറുകളും കോമഡി സീനുകളും മാത്രം നന്നായി എഴുതാനറിയാവുന്ന ഒരാളെ ലില്ലിക്കുട്ടി വെറുതെ വൃത്തികെട്ട കരുതലി​ന്റെ വള്ളിക്കെട്ട് കൊണ്ട് തളയ്ക്കാൻ ശ്രമിക്കുകയാണ്. റൊമാന്റിക് സീനുകൾ എഴുതിഫലിപ്പിക്കാൻ പാടുപെടുന്ന ഒരാളെയാണ് ചുവയോടെ കളിയാക്കി അവർ വെറുതെ സമയം കളയുന്നത്.

ഇരുപത്തിയാറി​ന്റെ ഒടുക്കത്തിലാണ് ആദ്യമായി ഒരു സ്ക്രീൻ ​േപ്ല ചെയ്തത്. കൂട്ടുകാർ കൂടിയുള്ള ആദ്യശ്രമമായതിനാൽ പ്രൊഡ്യൂസറും ഡയറക്ടറും ക്യാമറാമാനുമെല്ലാം ഒന്നിച്ചാണ് താമസം. പ്രൊഡ്യൂസറുടെ അപ്പ​ന്റെ ഉടമസ്ഥതയിൽ, തമിഴ്നാട്ടിലുള്ള ഒരു പുത്തൻ ബംഗ്ലാവിലാണ് ഡിസ്കഷൻ. മമ്മിയെ നോക്കാൻ രണ്ടാഴ്ചയോളം ലില്ലിക്കുട്ടി വീട്ടിൽനിന്നത് അപ്പോഴാണ്.

എഴുത്ത് മുന്നോട്ടുപോവാത്തതിനാൽ, നിനക്ക് അത്തരം അനുഭവമില്ലാത്തതുകൊണ്ടെന്ന് കൂട്ടുകാർ കളിയാക്കിയതിന്റെ പിറ്റേന്ന്, കച്ചിയിറക്കാൻ വന്ന തമിഴ​ന്റെ കൂടെപ്പോയി കോടമ്പാക്കത്തെ പവിഴത്തെ കണ്ടു. ഷർട്ടൂരാൻ അവൾ ശ്രമിച്ചെങ്കിലും ഞാൻ അത് തടസ്സപ്പെടുത്തി; അവൾ പറഞ്ഞുനിർത്തിയ കഥയുടെ ബാക്കി അവളെക്കൊണ്ട് പറയിപ്പിച്ചു. ഒരു ഓപറേഷൻകൂടി കഴിഞ്ഞാൽ, മകന് നടക്കാനാവും. ആശുപത്രിവാസത്തിന് അറുതിവരും. പിന്നെ ഈ പണിനിർത്തി തുണിക്ക് ചായം പിടിപ്പിക്കുന്ന ഗോഡൗണിലെ പണി മാത്രമേ ചെയ്യൂവെന്നും അവൾ പറഞ്ഞു. എങ്ങനെയാണ് റൊമാന്റിക് ആയിരിക്കുക എന്നറിയാൻ പോയിട്ട്, എ​ന്റെ കൈയിലുണ്ടായിരുന്ന മോതിരം ഊരി അവളുടെ കൈയിൽ ​െവച്ചുകൊടുത്ത് പോരുകയാണ് ഉണ്ടായത്.

അവളുടെ കുറ്റമല്ല... ഇടുപ്പ് എന്നോട് ചേർത്ത് കഴുത്തിലേക്ക് പിണയാൻ അവൾ ശ്രമിച്ചതാണ്. എനിക്കാണ് ഒട്ടാൻ തോന്നാതിരുന്നത്.

ഇപ്പോഴും ഓർമയിലുണ്ട്... അവൾക്ക് ആശുപത്രിമണം ആയിരുന്നു. അല്ല, എന്റെ മമ്മിയുടെ മണമായിരുന്നു. ‘‘ഓപറേഷൻ നടത്ത്’’ എന്നുപറഞ്ഞ് ഞാൻ ഷർട്ടെടുത്തിട്ടു. ഒരു അനുഭവവും വേണ്ട എന്ന് വിചാരിച്ച് അവളിൽനിന്ന് തിരികെ പോന്നു.

ആ പടത്തിനു ശേഷമാണ് വീടുവിട്ടുള്ള താമസം നിർത്തിയത്. എന്നെ കുറേനാൾ കാണാഞ്ഞിട്ടാവാം അന്ന് മമ്മി എന്തൊക്കെയോ അസ്വസ്ഥതകൾ കാണിച്ചു. ലില്ലിക്കുട്ടി എ​ന്റെ കൂട്ടുകാരിൽ ഒരാളുടെ വീട്ടിൽ പറഞ്ഞ്, പെട്ടെന്ന് തിരിച്ചു ചെല്ലാൻവേണ്ടി വിളിപ്പിച്ചു. പിന്നെയെപ്പോഴൊ എ​ന്റെ കൈയിൽ മോതിരമില്ലെന്ന് കണ്ടുപിടിച്ചപ്പോൾ: ‘‘മാർട്ടിൻ കയ്യേക്കടന്ന മോതിരം വരെ വിറ്റു കുടിച്ചെടി മറിയേ... വലിച്ചും കുടിച്ചും പാഴായാൽ അവ​ന്റെ തള്ള കിടക്കുന്ന കട്ടിലി​ന്റെ അപ്പുറത്തെ കട്ടിലേൽ അവനും കെടക്കാം. ഒടുക്കം ഗാന്ധിഭവൻകാര് എടുക്കേണ്ടി വരും രണ്ടിനേം...’’ എന്ന് ലില്ലിക്കുട്ടി ഫോണിൽ വിളിച്ച് പറയുന്നതു കേട്ടു. അപ്പോൾ ഉള്ളിൽക്കയറിയ വാശിയാണ് കഴിഞ്ഞ ഏഴു വർഷമായി മമ്മിയെ വിട്ട് നിൽക്കാതിരിക്കാനുള്ള ഉൾപ്രേരണ. പിന്നെ അതൊരു ശീലമായി. വിട്ട് നിൽക്കാനാവില്ല എന്നത് എ​ന്റെ മാത്രം കാര്യമായി മാറി. എഴുത്തിൽ എത്ര തിരക്കായാലും പാചകം മാത്രം ലില്ലിക്കുട്ടിയെ ഏൽപിച്ച് മമ്മിയുടെ കാര്യങ്ങൾ ഞാൻതന്നെ നോക്കണം എന്നത് മമ്മിയേക്കാൾ നിർബന്ധം എനിക്കായി മാറി.

ശ്രദ്ധയുടെ ആയിരത്തിലൊന്നു കുറഞ്ഞുപോയെങ്കിൽ മമ്മിയുടെ ഉടൽ പൊട്ടി നീരൊലിക്കും. പുറത്തോ അരയിലോ ഉണ്ടാവുന്ന ചെറുപാടുകളിൽ സൂചിയോളം പോന്ന ഒരു കുത്ത് മാത്രമേ പുറത്തേക്ക് കാണൂ. ചെരിച്ചു കിടത്തി ഞെക്കിയെടുക്കുമ്പോൾ നിറയെ പുഴുക്കൾ പുറത്തുചാടും. പുഴുക്കുഴി ഞാൻ വൃത്തിയാക്കുമ്പോൾ നിറഞ്ഞുകവിയുന്ന മമ്മിയുടെ കണ്ണുകൾ അതിൽ മരുന്നു​െവച്ച്‌ മൂടുമ്പോഴേക്കും വറ്റി അടഞ്ഞുപോവും. മമ്മിയുടെ പുഴുക്കൾക്കും മമ്മിയുടെ മണമാണ്. എല്ലാത്തിനെയും കോട്ടനിൽ പൊതിഞ്ഞെടുത്ത് കൊണ്ടുപോയി കത്തിച്ചുകളയും; ഇനിയും മമ്മിയുടെ ഉടലിൽ പുനർജനിക്കാതിരിക്കാൻ...

ആഹാരം കോരി കൊടുക്കുമ്പോൾ മലമോ മൂത്രമോ വരുത്തുക എന്നത് മമ്മിയുടെ സ്ഥിരം കുറുമ്പാണ്. അണുനാശിനി കലർത്തിയ ചൂടുവെള്ളംകൊണ്ട് മമ്മിയെ മുക്കിത്തുടച്ച്, ഖാദിക്കടയിൽനിന്ന് വരുത്തിച്ച സുഗന്ധപ്പൊടി ചാലിച്ച് പുരട്ടും. പിന്നെ കുറേ നേരത്തേക്ക് മമ്മിക്ക് ചന്ദനത്തിന്റെ ഗന്ധമാണ്. നരച്ചമുടി ഉച്ചിയിലേക്ക് റിബൺകൊണ്ട് കെട്ടി​െവച്ചുകൊടുക്കും. വരിവരിയായി ബട്ടൻസുള്ള ഒറ്റക്കളർ ഒഴുക്കനുടുപ്പ് ഇടുവിച്ച് തലയിണ ​െവച്ച് കിടത്തും. ഒഴുക്കനുടുപ്പ് തയ്ച്ചുകൊണ്ടുവരുന്നത് ലില്ലിക്കുട്ടിയാണ്. നിഖിതയുടെ ഡമ്മിക്ക് അതിലൊരു ഉടുപ്പ് എടുത്ത് ഞാൻ ഇടുവിച്ചതിന്, ഇത്ര കഷ്ടപ്പെട്ട് അതിനെ ഇവിടെ വെക്കാതെ ആ പ്രൊഡ്യൂസർക്ക് തിരിച്ചുകൊടുത്തുവിട്ടു കൂടെ എന്ന് അവർ ചിരികോട്ടി പിറുപിറുത്തു. ഒരുദിവസം ഞാൻ ബാത്‌റൂമിൽനിന്ന് ഇറങ്ങിവരുമ്പോൾ, അവർ ഡമ്മിയിലൂടെ വിരലോടിക്കുകയായിരുന്നു. സിലിക്കൺ ഡമ്മിയുടെ മാദക സൗന്ദര്യവും മൃദുലതയും ലില്ലിക്കുട്ടിയെ ദിനംപ്രതി അസൂയപ്പെടുത്തുന്നുണ്ടായിരുന്നു. പുറകെ ചെന്ന് നോക്കിയപ്പോൾ മമ്മി കിടക്കുന്ന മുറിയിലെ നീളൻ കണ്ണാടിയുടെ മുന്നിൽനിന്ന് അവർ തൂങ്ങിയാടുന്ന തന്റെ ഉടൽ തൊട്ടു പരിശോധിക്കുകയായിരുന്നു. ‘‘പത്തമ്പത്തഞ്ചു കഴിഞ്ഞില്ല്യോ’’ എന്ന് ആരെങ്കിലും പറഞ്ഞാൽ, ‘‘ഓ അതൊക്കെ ഒരു പ്രായമാന്നൊ; എനിക്കിപ്പൊഴും നാൽപതെ പറയൂ’’ എന്നവർ തീർത്തുപറയും. അതേ അമ്പതുകളിലൂടെ കടന്നുപോവുന്ന മമ്മിയെ നോക്കി, ‘‘മദിക്കേണ്ട കാലത്ത് മലത്തിൽ കിടക്കുന്നു’’ എന്ന് ഒരിക്കൽ അവർ പറഞ്ഞു. അതിനുശേഷം എ​ന്റെ മമ്മിയുടെ മുറിയിൽ കയറാൻപോലും അവരെ ഞാൻ അനുവദിച്ചിട്ടില്ല. അടുക്കളപ്പണിയും തൂത്തുതൊടയും മാത്രം ചെയ്‌താൽ മതിയെന്നു പറഞ്ഞാലും ഈ വീട്ടിൽ അവർ ഇടപെടാത്ത കാര്യങ്ങളില്ല. ഒടുക്കം അവരുടെ സാന്നിധ്യത്തിൽ എഴുതാനാവാത്ത സീനുകളിൽ തടഞ്ഞുനിൽക്കുന്ന കഥയോട് നീതിപുലർത്താൻ, രണ്ടാഴ്ച കഴിഞ്ഞ് വന്നാൽ മതി എന്നു പറഞ്ഞ് അവരെ വീട്ടിലേക്കു പറഞ്ഞുവിട്ടു.

ഉള്ളിലുള്ളത് ഡെവലപ് ചെയ്യുന്ന അത്ര എളുപ്പമല്ല; മറ്റൊരാൾ തരുന്ന ഒരു ത്രെഡ് അയാൾ ആഗ്രഹിക്കുന്ന രീതിയിൽ വികസിപ്പിച്ചു നൽകൽ...

മഴയും പ്രളയവും ഉരുൾപൊട്ടലും കേരളത്തിൽ ആവർത്തിച്ചതുകൊണ്ടാവാം ഡാം പശ്ചാത്തലമാക്കി ഒരു സിനിമ, ഇതേ കാറ്റഗറിയിൽ ‘കായൽ’ എന്ന പടം ചെയ്തിട്ടുപോലും കുഞ്ഞിക്കണ്ണൻ വീണ്ടും ചെയ്യാനാഗ്രഹിക്കുന്നത്. പണ്ട് ഒരു വിഷയം സിനിമയിലൂടെ കാണിക്കൽ ആയിരുന്നെങ്കിൽ, ഇന്ന് കാണിക്കേണ്ട വിഷയത്തെ സിനിമ സ്വയം തിരഞ്ഞെടുക്കുകയാണ്. ലാപ്പ് ഓണാക്കി ഐ.എസ്.എം തുറന്നുവരുന്നത് നോക്കിയിരുന്നു. എല്ലാം നീലമയം. സ്ക്രീൻ, കെട്ടിക്കിടക്കുന്ന ജലംപോലെയാണ്. ആപ്പുകൾ തുറന്നാൽ പ്രളയം. സിനോപ്സിന്റെ ടൈറ്റിൽ ടൈപ്പ് ചെയ്തു...

DAM(N) –നാശം പിടിച്ച ഒരു ഡാം മനസ്സിൽ തെളിഞ്ഞു.

2

‘‘DAMN!

ലിയോ -ബ്രിട്ടീഷ് എൻജിനീയറായ ഫെർഗസ് ഗിൽബർട്ടി​ന്റെ ഇളയ പേരക്കുട്ടിയുടെ എൻജിനീയറായ മകൻ.

മാർത്ത -ലിയോയുടെ കാമുകി

ഡാം നിർമിച്ച ഫെർഗസ് സായിപ്പിനെ മുരുകനൊപ്പം വെച്ചാരാധിക്കുന്ന ജനങ്ങളുള്ള ഒരു നാട്. അവിടെ ഒരു വീട്ടിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുട്ടി... പെട്ടെന്ന്, വീട് കുലുങ്ങുന്നതുപോലെ തോന്നിയ കുട്ടി പുറത്തിറങ്ങി അമ്മൂമ്മയുടെ അരയിൽ കെട്ടിപ്പിടിച്ചു. രണ്ടുപേരും അമ്പരന്ന് നിൽക്കുമ്പോൾ, രണ്ടു തെങ്ങ് പൊക്കത്തിൽ മേഘം ഉരുണ്ടിറങ്ങി വരുന്നു. തണുത്ത കാറ്റ് വീഴ്ത്തിയ ചില്ലകളിൽനിന്ന് കിളികൾ പറന്നുയരുന്നു. ശക്തിയിലടിച്ച കരിയിലകൾക്കൊപ്പം ഒരു പശു കയർപൊട്ടിച്ച് താഴേക്ക് പറക്കുന്നു. മേഘമല്ല; വെള്ളമാണ് ആകാശം മുട്ടി ഇരമ്പിവരുന്നത് എന്ന് മനസ്സിലായപ്പോൾ അമ്മൂമ്മ കുട്ടിയുടെ കൈ പിടിച്ച് ഉരുളൻ കല്ലുകൾക്കിടയിലൂടെ താഴേക്ക് ഓടി. പിടിച്ചു കെട്ടിയപോലെ കാലുകൾ കനം​െവച്ച്‌ അമ്മൂമ്മ പാറകൾക്കിടയിലേക്ക് വീണു. കുട്ടി കൈവിട്ടുപോയി. തൊട്ടുപുറകെ കൂട്ടമായി വന്നവർ എഴുന്നേൽക്കാൻ ശ്രമിക്കുന്ന അമ്മൂമ്മയെ ചവിട്ടിമെതിച്ചു. മനുഷ്യരുടെ കൈകാലുകൾ കുത്തിനിർത്തിയ ഒരു വൻ പാറക്കെട്ടെന്ന് തോന്നിക്കുന്ന വെള്ളക്കെട്ട് താഴേക്ക് പൊട്ടിവീണു.

അതിന് മുകളിൽ ചട്ടികളും പച്ചമരങ്ങളും കലങ്ങളും പട്ടികളും തെന്നിയൊഴുകുന്നു. മുന്നോട്ട് ഒഴുകിയ കുട്ടി ഒപ്പമൊഴുകിയവർക്കൊപ്പം മുങ്ങിപ്പോയി. പിന്നെയും താഴ്ന്നപ്പോൾ, അമ്മൂമ്മയുടെ കഥകളിലെ മത്സ്യകന്യകയെ കണ്ടു. അവൻ ആ മത്സ്യകന്യകയുടെ കൊട്ടാരത്തിലകപ്പെട്ടു. ജലമരങ്ങളും ചെടികളും പൂക്കളും ചുറ്റും നിറഞ്ഞു. പൂന്തോട്ടത്തിൽ വിശ്രമിക്കുന്ന മത്സ്യകന്യകയുടെ ചുറ്റും വാലുള്ള പൂമ്പാറ്റകൾ. വർണച്ചുവരുകൾക്കിടയിൽ നീന്തിത്തുടിക്കുന്ന സ്വർണമീനുകൾ. അതിനിടയിലേക്കു പുളഞ്ഞുവരുന്ന വെള്ളിമീനുകൾ. കാലിൽ തടയുന്ന മുത്തുമാലകൾ, ഉടലിൽ ഒട്ടുന്ന കുഞ്ഞുടുപ്പുകൾ; അവയിൽനിന്നുയരുന്ന വായുകുമിളകൾ. അവൻ വാങ്ങിക്കാൻ ആഗ്രഹിച്ച ഹെർക്കുലീസ് സൈക്കിളുകൾ ഇഷ്ടനിറങ്ങളിൽ, ഒന്ന് തൊടാൻപോലും ആവാതെ ചുറ്റുമൊഴുകുന്നു. പത്തുദിവസം മാത്രം പ്രായമുള്ള, അയൽവീട്ടിലെ കുഞ്ഞാപ്പു അമ്മയുടെ നെഞ്ചിലൊട്ടി അമ്മിഞ്ഞയിൽ തൂങ്ങി കണ്ണുകൾ തുറന്നുപിടിച്ച് അടിയിലൂടെ ഒഴുകിപ്പോവുന്നു... കുഞ്ഞാപ്പുവിലേക്ക് കൈകൾ വിടർത്തിയ കുട്ടി നിസ്സഹായനായി പൊട്ടിക്കരഞ്ഞു...

അമ്മൂമ്മ അവനെ തട്ടിവിളിച്ചു. കുട്ടിയുടെ കുതറുന്ന കാലുകൾ ത​ന്റെ ദേഹത്തുനിന്ന് മാറ്റി. കണ്ണുതുറന്ന കുട്ടിക്ക് ചങ്ക് വരണ്ടുപൊട്ടിയതുപോലെ തോന്നി. ‘ചെക്കൻ ഇന്നും ഡാം പൊട്ടിയൊഴുകുന്ന സ്വപ്നം കണ്ടതാവും’ –അമ്മൂമ്മ പറഞ്ഞതുകേട്ട് അപ്പൂപ്പൻ എഴുന്നേറ്റുപോയി ഒരു മൊന്ത വെള്ളം കൊണ്ടുവന്നു. അയാളുടെ നരച്ച നെഞ്ചിലേക്ക് അവ​ന്റെ തല ചാരിവെച്ച് വായിലേക്ക് വെള്ളം ഇറ്റിച്ചുകൊടുത്തു. ‘ഡാം അങ്ങനൊന്നും പൊട്ടില്ല കുഞ്ഞേ... പണിഞ്ഞപ്പോൾ ഉറയ്ക്കാൻ നിന്റെ അപ്പൂപ്പന്റപ്പൂപ്പന്റപ്പൂപ്പനെ ജീവനോടെ കല്ലിനിടയിൽ ചേർത്തിട്ടുണ്ട്. അന്ത അപ്പാപ്പൻ നമ്മളെ കൈവിടില്ല...’’ ഒരു നിമിഷത്തേക്ക് കുട്ടിയുടെ തൊണ്ടയിൽ വെള്ളം കെട്ടി. തൊണ്ട വീർത്തുവന്നു. അവനത് കൈകൊണ്ട് ഉഴിഞ്ഞിറക്കി. വയറിൽ നിറയെ ചളിവെള്ളമുണ്ടെന്ന തോന്നലിൽ അവൻ കിടക്കപ്പായയിലേക്ക് ഛർദിച്ചു.

അതേസമയം, ഇവിടെ കടൽത്തീര നഗരത്തിൽ, ഫൈവ് സ്റ്റാർ ഹോട്ടലിലെ റൂമിൽ, വെളുത്ത ക്വിൽറ്റ് വുഡ് പൾപ്പ് പുതപ്പിനടിയിൽനിന്ന് ലിയോയെ വിട്ട് മാർത്ത എഴുന്നേറ്റു. ബ്ലൂ വെൽവെറ്റ് ഗൗണെടുത്തിട്ട് മുറിയിലെ മുഴുവൻ ലൈറ്റുകളും ഓൺ ആക്കി. ഒപ്പം എഴുന്നേറ്റ ലിയോക്ക് മറുപടി നൽകാതെ ട്രൗസേർസ് എറിഞ്ഞുകൊടുത്ത മാർത്ത കബോഡിൽനിന്ന് പഴയ ഒരു ഫയലെടുത്തു. ഫെർഗസ് ഗിൽബർട്ടി​ന്റെ കയ്യൊപ്പോടുകൂടി അവസാനിക്കുന്ന ഫയലിലെ രഹസ്യങ്ങൾ ഉറക്കെ വായിച്ചു. ലിയോ ഉറക്കച്ചടവോടെ മൂളി കേട്ടു. ഇവിടത്തെ ആളുകൾ പറയുന്ന ‘വെള്ളക്കാരൻ’ (‘വാട്ടർമാൻ’ എന്നാണ് ലിയോ ധരിച്ചുവെച്ചിരിക്കുന്നത്) തന്റെ മുതുമുത്തച്ഛനാണ്. പണ്ട് അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റിനുവേണ്ടി ഇന്ത്യയിൽവന്ന് കേരളത്തിൽ ഒരു ഡാം നിർമിച്ചു. അതിന്റെ തുറക്കാനാവാത്ത ഷട്ടർ തുറക്കാനുള്ള രഹസ്യഫയലുമായി വന്ന അതിഥിയാണ് താൻ. പറ്റിയാൽ തുറക്കാം എന്നല്ലാതെ ലിയോക്ക് ഇതിൽ യാതൊരു ഗൗരവവുമില്ല.

 

സംസ്ഥാനത്ത് പെരുമഴ തുടരുന്നു. ലിയോയും മാർത്തയും ഉദ്യോഗസ്ഥരും ജീപ്പിൽ ദുർഘടമായ പാതയിലൂടെ ഡാം ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരിക്കുന്നു. അവരെ പിന്തുടരുന്ന മാധ്യമങ്ങളുടെ വാഹനങ്ങൾക്കുള്ള പ്രവേശനപരിധി പിന്നിട്ടിരിക്കുന്നു. ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത ഇരുട്ടും ഏകാന്തതയും അജ്ഞാതമായ ഒരു മണവും ലിയോയെ കീഴ്പ്പെടുത്തി.

ഹെഡ് ലൈറ്റി​ന്റെ ഗതി ശരിയാക്കിയശേഷം ലിയോ ഡാമിനകത്തെ രഹസ്യ അറയിലേക്കുള്ള പടവുകൾ ഇറങ്ങി. വലതുവശത്തെ നനവൂറിയ പൊള്ളയായ ഭിത്തിയിൽ, പൂർത്തിയാകാത്ത, തീരെ ചെറിയ അറകൾ. തണുപ്പും നനവും കൂടുന്തോറും ലക്ഷ്യത്തിലേക്കടുത്തു എന്ന തോന്നൽ ലിയോയുടെ ഉള്ളിൽ നിറഞ്ഞു. ഫെർഗസ് പപ്പയിൽ വിശ്വാസം തോന്നിത്തുടങ്ങി. അയാൾ കൈചുരുട്ടി കുതിർന്ന ഭിത്തിയിൽ ഇടിച്ചു. നൂറ്റാണ്ടുകൾക്കു മുമ്പ് ഗ്രേറ്റ്‌ ഗ്രാൻഡ്പാ കണ്ടയിടങ്ങൾ... ബ്രിട്ടീഷ് ആർക്കൈവ്സിൽ ഗവേഷകയായ മാർത്തയെന്ന കാമുകി നിർബന്ധിച്ചതുകൊണ്ടാണ്, ഈ ഉദ്യമത്തിന് തയാറാണെന്ന് ലിയോ സംസ്ഥാനത്തിന് റിപ്ലെ മെയിൽ അയച്ചത്. കേരളമെന്ന ഹെറിറ്റേജ് കൺഡ്രി സന്ദർശിക്കാമെന്ന് പറഞ്ഞ് അവളായിരുന്നു ആ മെയിൽ ഡ്രാഫ്റ്റ് ചെയ്തിട്ടത്.

വലതുവശത്ത്, ഉന്തിനിൽക്കുന്ന വലിയ ചക്രങ്ങൾ. ഇന്നലെ രാത്രി മാർത്തയുടെ നഗ്നപാദങ്ങളിലേക്ക് നോക്കിയിരിക്കുമ്പോഴാണ് അവൾ ഫയലിലെ തന്ത്രഭാഷ വായിച്ചു കേൾപ്പിച്ചത്. ഓർത്തെടുത്ത് ലിയോ ചക്രങ്ങൾ ഓരോന്നായി തിരിച്ചു. ഭിത്തിക്കപ്പുറം മുരൾച്ചയോടെ ഒരു കുഴൽ തുറക്കുന്നതും ത​ന്റെ കാൽച്ചുവട്ടിലെ ഏതോ അടരിനടിയിലൂടെ ഒരൊഴുക്ക് സ്ഥാപിക്കപ്പെടുന്നതും പുഞ്ചിരിയോടെ അറിഞ്ഞു. ഡാമിനു മുകളിൽ രണ്ട് മൂന്ന് ഉദ്യോഗസ്ഥർ ചെവികൂർപ്പിച്ചു. ചാനലുകാരും രാഷ്ട്രീയക്കാരും ദൂരെനിന്ന് സൂം ചെയ്തു. കവിയുന്നതിനും പൊട്ടുന്നതിനും മുന്നെ, ജലമൊഴുക്കാൻ എത്തിയ ‘വെള്ളക്കാരെ’ കാണാൻ ആളുകൾ ടി.വിക്ക് മുന്നിൽനിന്നു. നിറഞ്ഞുനിൽക്കുന്ന ജലസംഭരണിക്ക് ഒത്ത നടുവിൽ വായുകുമിളകൾ ഉയരുകയും ഒരു ചുഴി രൂപപ്പെടുകയുംചെയ്തു. വലിയൊരു ഫണലി​ന്റെ ആകൃതിയിലേക്ക് അത് മാറ്റപ്പെട്ടു. വെള്ളം ഒഴുകിത്തുടങ്ങിയിരിക്കുന്നു. പക്ഷേ, എങ്ങോട്ടാണ് ഒഴുകുന്നതെന്ന് തിരിച്ചറിയുന്നില്ല. ഉദ്യോഗസ്ഥർ പ്രതീക്ഷിച്ച സ്പിൽവേയിലൂടെ വെള്ളം ഒഴുകിവന്നില്ല. ത​ന്റെ കാലിനടിയിലൂടെയാണ് വെള്ളം കുതിച്ചൊഴുകുന്നതെന്ന് തിരിച്ചറിഞ്ഞ ലിയോ പരിഭ്രമത്തോടെ ചക്രത്തിൽനിന്ന് കൈകൾ മാറ്റി. ശ്വാസം വീഴും മുമ്പേ, ഉറപ്പിച്ചു ചവിട്ടിയിരുന്ന ലോഹപ്രതലം അയാളോടുകൂടി താഴ്ന്നുപോയി.

അപകടം മണത്ത മാർത്തയുടെ തണുത്ത വിരലുകൾ ആ പഴഞ്ചൻ ഫയലി​ന്റെ അവസാന ഭാഗം ധൃതിയിൽ പരതി. ഫെർഗസ് ഗിൽബർട്ട് സായിപ്പി​ന്റെ ഒപ്പിനു മുകളിൽ അക്ഷരങ്ങൾ തെളിഞ്ഞു വന്നു...

‘Be forever ‘dam’ned with Lucifer.’

മാർത്തയുടെ കണ്ണുകൾ നിറഞ്ഞു. അക്ഷരങ്ങൾ മങ്ങി. കൈവിട്ട ഫയൽ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു മുങ്ങി.

മണ്ണിനടിയിലൂടെയുള്ള വലിയ കുഴലിലൂടെ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന ലിയോക്ക് ശ്വാസം കുറഞ്ഞു. മാർത്തയുള്ള, നീല നിയോൺ വെളിച്ചം നിറഞ്ഞ മുറിയിലേക്ക് താൻ താഴ്ന്നു പോവുന്നതായി ലിയോക്ക് തോന്നി. സുഖകരമായ നീലമെത്തയിൽ കിടന്ന് ജനലിലൂടെ അയാൾ ശുക്രനക്ഷത്രത്തെ കണ്ടു. ലിയോ മാർത്തയെ ചുംബിച്ചു. ജലം ലിയോയെ ചുംബിച്ചു. ലിയോ മാർത്തയുടെ ഉടലിലൂടെ ഒഴുകിയിറങ്ങി. നീലജലം ലിയോയെ മുറുകെപ്പുണർന്നു...’’

3

സിനോപ്സ് ടൈപ്പിങ് നിർത്തി ഞാൻ ലാപ്പ്ടോപ്പ് മാറ്റിവെച്ചു. മരണത്തിനു തൊട്ടുമുമ്പ് ലിയോക്ക് മാർത്തയോടനുഭവപ്പെട്ട ആ ഡിവൈൻ സെക്സ് ചിത്രീകരിക്കപ്പെടാൻ എങ്ങനെയാണ് അക്ഷരങ്ങളെ നിരത്തേണ്ടത്! ജലംകൊണ്ട് നിലക്കുന്ന ലിയോയുടെ അവ്യക്തബോധത്തിലൂടെ മാർത്ത എങ്ങനെയാണ് അവനെ ഉടലോടെ സ്വർഗത്തിലേക്ക് നയിക്കേണ്ടത്! മരണത്തെയും കാമത്തെയും ഒരുപോലെ നിശ്ചലമാക്കുന്ന ഏത് വരികളിലൂടെയാണ് ഞാൻ ഈ എഴുത്തിനെ ഭേദമാക്കേണ്ടത്!

മൈൻഡ് ബ്ലോക്കേജ്...

മമ്മിയുടെ ഡയപ്പർ മാറ്റുന്നതിനിടയിൽ നീല വാട്ടർബെഡിലേക്ക് പറ്റിയ വിസർജ്യം തൂത്തു തുടച്ചെടുത്തു. അണുനാശിനി കലക്കിയ വെള്ളത്തിൽ കോട്ടൺമുക്കി മമ്മിയെ വൃത്തിയായി തുടപ്പിച്ച്, സുഗന്ധലേപനങ്ങൾ പൂശി, അലക്കിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. കുഞ്ഞിനെയെന്നപോലെ ലാളിച്ച്‌ ആഹാരം കോരിക്കൊടുത്തു. ഞാൻ അവരുടെ മകനാണെന്നെങ്കിലും മമ്മിക്ക് തിരിച്ചറിയുന്നുണ്ടോ ആവോ. ഉണ്ടാവണം... അതല്ലെങ്കിൽ, ഒരു നേരം കാണാതെ വരുമ്പോൾ ഉണ്ടാവുന്ന ഈ വയറിളക്കം പിന്നെ എന്തി​ന്റെയാണ്. ഇരുപതു വർഷം മുമ്പ് മുതിർന്നവർക്കുള്ള ഡയപ്പർ ഒരു മാസത്തേക്കുള്ളത് ഒന്നിച്ച് വാങ്ങിക്കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൺലൈനിൽ ബുക്ക് ചെയ്ത് ഒന്നിച്ചുള്ള ഹോം ഡെലിവറിയായതുകൊണ്ട് ഒരു ടെൻഷനുമില്ല. എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. തിരിച്ചറിയാത്തിടത്തോളം താൻ എന്തിനാണ് ഇങ്ങനെ കിടക്കുന്നത് എന്ന് മമ്മി ഒരിക്കലും ഓർക്കില്ലല്ലോ. ചില നേരങ്ങളിൽ എ​ന്റെ നഖത്തിനുള്ളിൽപോലും മമ്മിയുടെ മണമാണ്. പണ്ട് വല്യമ്മച്ചിയുടെ കൈ മുത്തുമ്പോൾ നഖങ്ങൾക്കുള്ളിൽനിന്ന് മത്തിച്ചൂര് എടുക്കുമായിരുന്നു. പക്ഷേ, വല്യമ്മച്ചി മരിച്ച ദിവസം നഖങ്ങൾക്ക് തീട്ടമണമായിരുന്നു. അന്ന് മാത്രം വല്യമ്മച്ചിയോട് അറപ്പുതോന്നി. പിറ്റേന്നായിരുന്നു അടക്കം. അടക്കത്തി​ന്റന്ന് അറപ്പ് എന്ന വാക്ക് വല്യമ്മച്ചിയോടൊപ്പം എനിക്കില്ലാതായി...

ചിന്ത കയറിപ്പോയാൽ, DAMN എന്ന ടൈറ്റിൽ ഇന്നും പൂർത്തിയാവില്ല. ലാപ്പ്ടോപ്പ് തുറന്നാൽ മാത്രമേ ക്രിയേറ്റീവായി ചിന്തിക്കാൻ കഴിയൂ എന്നതിലേക്ക് തലച്ചോറ് മാറ്റപ്പെട്ടിട്ടുണ്ട്. ടൈപ്പ് ചെയ്യാൻ വീണ്ടുമിരുന്നു. മാർത്തയുടെ വെണ്ണക്കട്ടി പോലുള്ള ഉടൽ സങ്കൽപിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. മാർത്തയുടെയും ലിയോയുടെയും ഇന്റിമസി സീനിലെ ആ ജലാവരണം ഭേദിച്ച് ആഴത്തിൽ എഴുതാൻ എനിക്കാവില്ലെന്ന് തോന്നുന്നു.

എഴുത്തുപുരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ, അക്ഷരങ്ങൾക്ക് വേണ്ടിയുള്ള തിരച്ചി​ലിന്റെ മുറുകലിൽ നിഖിതയുടെ സിലിക്കൺ ഡമ്മിയിൽ കണ്ണുകൾ ഉടക്കി. മമ്മിയുടെ പുത്തനുടുപ്പിൽ അവൾക്ക് ജീവൻ വെക്കുന്നതുപോലെ... മമ്മിയുടെ ഉടുപ്പ് അവളിൽനിന്ന് ഊരിമാറ്റാൻ തോന്നുന്നു. മനോഹരം. സേതുവി​ന്റെ സൃഷ്ടിപരതയിൽ കൗതുകവും പൂർണതയിൽ തൃപ്തിയും തോന്നി. നീണ്ട വിരലുകളുള്ള അവളുടെ കൈകൾ എടുത്ത് തോളിൽ ​െവച്ചു. ഡാമിൽനിന്ന് കുഴൽപ്പെട്ട ജലത്തിലൂടെ പിണഞ്ഞൊഴുകിയ തണുത്ത ഉടലുകൾ ഉള്ളിൽ നിറഞ്ഞു. വരികൾ മനസ്സിലേക്കൊഴുകി. ഞാൻ ലിയോയും അവൾ മാർത്തയുമായി. സുന്ദരം. അത്രയും വഴക്കമുള്ള ഒരുവളിലുരഞ്ഞ് രോമങ്ങൾ എഴുന്നുനിന്നു. താളാത്മകമായ ഒഴുക്കിനിടയിൽ ഒരു കടുംനീല ജലമെത്തയിലേക്ക് ഞങ്ങൾ പതിച്ചു. ഉള്ളറയിലേക്കുള്ള എ​ന്റെ കുതിപ്പിൽ ചവിട്ടേറ്റ പാവയെപ്പോൽ അവൾ കുഴിഞ്ഞു. എനിക്ക് എന്നെയൊന്ന് കുടഞ്ഞുകളയണം. ഞാൻ അവളുടെ വയറിൽ ചുംബിച്ചു. അവളുടെ ഉടലിലാകെ ചെതുമ്പൽ മുളച്ചു. ചെതുമ്പൽ കുത്തിത്തറച്ച് രോമാവൃതമായ ഉടൽ കീറി, ജലമെത്ത പൊട്ടി. മലത്തിന്റെ മണം മൂക്കിൽ തുളഞ്ഞുകയറി നെറുകിലൂടെ അരിച്ചപോലെ... ആകെ കുഴങ്ങുന്നു. ഞാൻ അവളിൽനിന്ന് കുതറിയൂരി തറയിലേക്കിരുന്നു. കൂടിയ ഹൃദയമിടിപ്പോടെ കട്ടിലിലേക്ക് തിരിഞ്ഞുനോക്കി.

ഒരു ഡമ്മി കട്ടിലിൽ പൊട്ടിയൊലിച്ച് മലർന്നു കിടക്കുന്നു...

‘‘എന്റെ ദൈവമേ...’’

News Summary - Malayalam Story