ഉല്ലാസയാത്രകൾ

വനഗർഭത്തിൽനിന്നും പൂർണ വളർച്ചയെത്താതെ പുറത്തുചാടിയ ഭ്രൂണംപോലെ ചോരച്ച എന്തോ ഒന്ന് ട്രാവലറിന്റെ പ്രകാശധാരക്ക് മുന്നിലേക്ക് തെറിച്ചുവീണതും ഇരട്ടിവേഗത്തിൽ ലൂയിസ് ബ്രേക്ക് ചവിട്ടി. പ്രതീക്ഷയും സന്ധ്യയും ബിൻസിമോളും ചേർന്നു പാടിക്കൊണ്ടിരുന്ന ഫാസ്റ്റ് നമ്പർ ‘അയ്യോ’ എന്ന അപശ്രുതിയോടെ പാതിയിൽ നിലച്ചുപോയി. മണ്ണിലരഞ്ഞു തീരാനുള്ള വിധി തൽക്കാലം മാറിക്കിട്ടിയ ആശ്വാസത്തിൽ മുറിവേറ്റ ജന്തു ഒന്നു തലയുയർത്തി നോക്കി, എങ്ങോട്ടോ വേഗത്തിൽ മറഞ്ഞു. ‘‘എന്നാ...
Your Subscription Supports Independent Journalism
View Plansവനഗർഭത്തിൽനിന്നും പൂർണ വളർച്ചയെത്താതെ പുറത്തുചാടിയ ഭ്രൂണംപോലെ ചോരച്ച എന്തോ ഒന്ന് ട്രാവലറിന്റെ പ്രകാശധാരക്ക് മുന്നിലേക്ക് തെറിച്ചുവീണതും ഇരട്ടിവേഗത്തിൽ ലൂയിസ് ബ്രേക്ക് ചവിട്ടി. പ്രതീക്ഷയും സന്ധ്യയും ബിൻസിമോളും ചേർന്നു പാടിക്കൊണ്ടിരുന്ന ഫാസ്റ്റ് നമ്പർ ‘അയ്യോ’ എന്ന അപശ്രുതിയോടെ പാതിയിൽ നിലച്ചുപോയി. മണ്ണിലരഞ്ഞു തീരാനുള്ള വിധി തൽക്കാലം മാറിക്കിട്ടിയ ആശ്വാസത്തിൽ മുറിവേറ്റ ജന്തു ഒന്നു തലയുയർത്തി നോക്കി, എങ്ങോട്ടോ വേഗത്തിൽ മറഞ്ഞു.
‘‘എന്നാ ചവിട്ടാ ലൂയിച്ചാ’’ പിറകിലെ സീറ്റിൽനിന്നും ഫ്രാൻസിച്ചേട്ടന്റെ നീരസം മുറ്റിയ സ്വരം പുറത്തുവരാൻ അണുവിട വൈകിയതിനാൽ പതിവുശീലമുള്ള ഒരു ചെറുപദം അതിനകം ലൂയിസ് വിക്ഷേപിച്ചു കഴിഞ്ഞിരുന്നു.
ലൈറ്റിന്റെ സ്വിച്ചിലേക്ക് ലൂയിസിന്റെ കൈയമർന്നു. തൊട്ടു പിറകിലിരുന്ന സ്ത്രീകളുടെ ഭാവമാറ്റം കണ്ണാടിയാൽ വെളിവാക്കപ്പെട്ട മാത്രയിൽതന്നെ ‘‘മയിലാടും കുന്ന് മറന്നേ പോയി...’’ എന്ന് മൂളി. പറ്റിയ അബദ്ധത്തെ സംഗീതംകൊണ്ട് പുതപ്പിക്കാനുള്ള ലൂയിസിന്റെ അപാരസിദ്ധി അംഗീകരിച്ചുകൊണ്ട് തൊട്ടു പിറകിലിരുന്ന രാജേഷും ജോണും തുടർന്നു പാടി. ഡ്രൈവർ പറഞ്ഞത് കേട്ടില്ലെന്ന നിഷ്കളങ്കതയിൽ പ്രതീക്ഷയും കൂട്ടരും പങ്കുചേർന്ന് ഗാനമേളക്ക് വീണ്ടും തിരികൊളുത്തി. ഇടക്കെപ്പോഴോ ലൂയിസിന്റെ കാൽപ്പെരുമാറ്റത്തിനും കയ്യൊതുക്കത്തിനുമനുസരിച്ച് ട്രാവലർ നീങ്ങിത്തുടങ്ങി.
‘‘ലൂയിസെ ആ പിറകിലെ ലൈറ്റൊന്ന് ഓഫ് ചെയ്തേര്.’’ സീറ്റുകളുടെ ബാക്ക് റെസ്റ്റിൽ തപ്പിപ്പിടിച്ചും കമ്പിയിൽ തൂങ്ങിയാടിയും മുമ്പിലെത്തി, അപേക്ഷിച്ച ഫ്രാൻസിച്ചേട്ടനെ മണത്ത് ലൂയിസ് പറഞ്ഞു ‘‘ഓഫു ചെയ്യാം, ചേട്ടൻ ചെന്നിരുന്നാട്ടെ.’’ തിരിഞ്ഞുനടക്കുന്നതിനിടെ ഒരു ചെറു ചിരിയോടെ ഫ്രാൻസി പറഞ്ഞു.
‘‘ഉറങ്ങുന്നവർ ഉറങ്ങിക്കോട്ടെ, അല്ലെ മക്കളെ.’’
‘‘ഫ്രാൻസിച്ചേട്ടനെ വല്ലാതെ ഉറക്കം നാറുന്നു അല്ലേടോ?’’ പാടുന്നതിനിടെ ബിൻസി മോളുടെ കൗണ്ടർ... മുൻനിരയിൽനിന്നുയർന്ന ചിരിയലകൾ വാഹനത്തിന്റെ വേഗതകൊണ്ടാവാം പെട്ടെന്ന് തന്നെ പിൻസീറ്റിലെത്തി, ഒപ്പം ഫ്രാൻസിയും.
ബാങ്കിൽനിന്നുള്ള സംഘയാത്രകളിൽ സേവാസെറ്റപ്പിന്റെ ചുമതല ഫ്രാൻസിച്ചേട്ടനാണ്. ആവശ്യത്തിലേറെ ഇന്ധനം, ഐസ് ഫ്ലാസ്ക്, സോഡ, വെള്ളം, ഗ്ലാസ്, ലഘു പലഹാരങ്ങൾ എന്നിവയുമായി ഏതു വൈകിയ വേളയിലും ഫ്രാൻസി തയാറായി ഉണ്ടാവും. തിടുക്കക്കാർക്ക് രണ്ടു റൗണ്ട് ആദ്യമേ ഒഴിച്ചു നൽകി തന്റെ പങ്ക് ഗ്ലാസിൽ നിറക്കാൻ തുടങ്ങുമ്പോൾ ജുബ്ബാ നനക്കുവാനായി മാത്രം ഒരു ജന്തു വണ്ടിക്ക് മുന്നിൽ ചാടിയതൊന്നും ചേട്ടൻ കണ്ടതുമില്ല, അറിഞ്ഞതുമില്ല. അല്ലായിരുന്നെങ്കിൽ വണ്ടി ഒരു പത്തു മിനിറ്റ് കാട്ടിൽ നിറുത്തിയേച്ച് മുറിവേറ്റ മൃഗത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടേ, യാത്ര തുടരാൻ ഫ്രാൻസിച്ചേട്ടൻ അനുവദിക്കുമായിരുന്നുള്ളൂ.
വണ്ടിയിൽ ഡ്രൈവറെ കൂടാതെ പത്തുപേരാണുള്ളത്. ഏതു യാത്രയിലും സഹമദ്യപന്മാരായ ദേവദാസ് മേനോനും റഷീദും സിദ്ധാർഥും ഒഴിഞ്ഞ ഗ്ലാസുകൾ നീട്ടിയപ്പോൾ ഫ്രാൻസി ചെറുതായൊന്നു നീരസം പ്രകടിപ്പിച്ചു.
‘‘വഴീന്ന് രണ്ടുപേർ കൂടി കയറാനുണ്ട് സാറമ്മാരെ.’’
‘‘സ്റ്റോക്ക് പക്കയല്ലേ ഫ്രാൻസിച്ചേട്ടാ, ദെൻ വൈ ആർ യൂ സോ ബോതേർഡ്’’ എന്നായി ദേവദാസ് മേനോൻ.
‘‘അതല്ല സാറെ, അവര് പുതിയ പയ്യന്മാരാ.’’
ഇനി വണ്ടിയിൽ കയറാനുള്ളത് ഹൈറേഞ്ച് ബ്രാഞ്ചിലെ പ്രൊബേഷൻ കഴിഞ്ഞിട്ടില്ലാത്ത രണ്ട് ജൂനിയർ എക്സിക്യൂട്ടീവുമാരാണ്. അവരുടെ മുന്നിൽ സീനിയർ മാനേജരുടെ കോട്ട് അഴിഞ്ഞുവീഴുന്നത് കാണാൻ ഫ്രാൻസിക്ക് താൽപര്യമില്ല.
‘‘എവിടുന്നാ അവര് കയറുമെന്ന് പറഞ്ഞത്?’’ ദേവദാസ് മേനോൻ എസ്.എമ്മിന്റെ മൈക്ക് സ്വയം ഉള്ളിലേറ്റി. മുൻനിരയിലെ ഗായകർ അതൊന്നും കേട്ടതായി തോന്നുന്നില്ല. അവിടെയിപ്പോൾ ഇളയരാജയാണ്. ‘‘മിൻമിനിയുടെ വോയ്സാണല്ലേ പ്രതീക്ഷയ്ക്ക്, അല്ലേ സാർ’’ സിദ്ധാർഥ് വിനയാന്വിതനായി ചോദിച്ചു.
‘‘ഏൻസർ മൈ ക്വസ്റ്റ്യൻ, ഐ ആം യുവർ ബോസ്?, മൈൻഡ് ഇറ്റ്.’’ ബാങ്കിൽവെച്ച് ഇടക്കിടെ മൂളിപ്പാട്ടുമായി പ്രതീക്ഷയുടെ സീറ്റിലേക്ക് സിദ്ധാർഥ് പോകാറുള്ളത് ദേവദാസ് മേനോന്റെ കണ്ണിലും പെട്ടിട്ടുണ്ട്. അറിഞ്ഞതായി ഭാവിക്കാറില്ലെങ്കിലും.
‘‘ലാസ്റ്റ് ഹെയർ പിൻ ബെൻഡ് കഴിഞ്ഞുള്ള വളവിൽനിന്ന് അവര് കയറും സാർ’’ സിദ്ധാർഥ് ജാള്യത മറച്ച് പറഞ്ഞൊപ്പിച്ചു.
‘‘ദെൻ ഹൗ െമനി ഹെയർപിൻ ബെൻഡ്സ് ലെഫ്റ്റു ടു കവർ?’’
ദേവദാസ് മേനോൻ അൽപം ഉച്ചത്തിലാണ് ചോദിച്ചത്. ചുറ്റും നിശ്ശബ്ദത പടർന്നു. അതുവരെ പിന്നിട്ട വളവുകളും തിരിവുകളും ആരുമെണ്ണിയിട്ടില്ല. പതിവു സംഘത്തിന്റെ അന്നത്തെ യാത്രയുടെ ഉദ്ദേശ്യംപോലും അവർ മറന്നുപോയിരുന്നു. രസികത്തംകൊണ്ട് അത്രമേൽ പരസ്പരം ഇഴുകിച്ചേർന്ന സഹയാത്രികരായിരുന്നു അവർ.
‘‘സാർ, വണ്ടിയൊന്നു നിർത്താൻ പറയണം അത്യാവശ്യമാണ്’’ അതുവരെ ഇല്ലാതിരുന്ന ഒരു സ്വരം മൂന്നാം വരിയിലെ സൈഡ് സീറ്റിൽനിന്നുയർന്നു. ചാരിയിരുന്ന് നിരുന്മേഷം ഉറങ്ങുകയായിരുന്നു ചിത്രാഞ്ജലി. പാട്ടും ബഹളവുമോ ജന്തു കുറുകെ ചാടിയതിന് വണ്ടി സഡൻ ബ്രേക്കിട്ടതോ, ഒന്നുംതന്നെ അവളെ ബാധിച്ചതായി കണ്ടില്ല. രാജേഷും ജോണും ചിത്രാഞ്ജലിയെ ശ്രദ്ധിച്ചു. ഏതോ മരുന്നിന്റെ മയക്കത്തിലായിരുന്നു അവളെന്ന് തോന്നിച്ചു.
‘‘സാർ, പ്ലീസ്.’’ ചിത്രാഞ്ജലിയുടെ സ്വരം യാചനയുടേതായി.
‘‘ലൂയിസെ, വണ്ടിയൊന്ന് സൈഡാക്ക്.’’ രാജേഷ് പറഞ്ഞു.
‘‘ഈ കാട്ടിലോ സാറെ, ഇനി മൂന്നു ബെൻഡ് കൂടി കഴിഞ്ഞാൽ ടൗണായി. ഇത്തിരി ക്ഷമി’’ -ലൂയിസ് ഒരു മുന്നറിയിപ്പെന്നോണം പറഞ്ഞു.
‘‘നിർത്തെടോ, തന്റെ മറ്റേടത്തെ വണ്ടി!’’
മുറിവേറ്റ കാട്ടുമൃഗത്തിന്റെ അലർച്ചപോലെയുള്ള സ്വരം എവിടെനിന്നാണെന്നറിയാതെ, വറുത്ത കശുവണ്ടി കൊറിച്ചു കൊണ്ടിരുന്ന ദേവദാസ് മേനോൻ സ്തബ്ധനായി. ട്രാവലർ ഒന്നു വിറച്ചുനിന്നു.
ഹാൻഡ് ബാഗെടുത്ത്, മറുകൈകൊണ്ട് ഡോർ തുറന്ന് ഒരു
ചുടുകാറ്റുപോലെ ചിത്രാഞ്ജലി പുറത്തിറങ്ങി നിരത്തിന്റെ ഇടതുവശത്തുള്ള മരങ്ങൾക്കിടയിലേക്ക് പാഞ്ഞു.
‘‘ആരെങ്കിലുമൊന്നു ടോർച്ചുമായി കൂടെ ചെല്ലൂ.’’ ഫ്രാൻസിച്ചേട്ടൻ കാരുണ്യവാനായി.
‘‘ടോർച്ചോ, ആരാ ഇക്കാലത്ത് ടോർച്ചു കൊണ്ടുനടക്കുന്നത്? മൊബൈലില്ലേ കയ്യിൽ?’’
‘‘അവള് പറഞ്ഞത് കേട്ടില്ലേ?, കൾച്ചർലെസ് ലേഡി.’’

‘‘ഇവളൊക്കെ വരേണ്ട വല്ല ആവശ്യമുണ്ടോ, വയ്യാത്ത അവളെയും കൂട്ടി പോകണമെന്ന് ആർക്കായിരുന്നു നിർബന്ധം?’’
ശരിയാണ്. ചിത്രാഞ്ജലി ബാങ്കിലെ സ്ഥിരം ജീവനക്കാരിയല്ല. ഡെയിലി ക്യാഷ് കലക്ടർ... അന്നത്തേതുപോലെയുള്ള യാത്രകളിൽ അവൾ ചേർന്നില്ലെങ്കിലും ആരും കുറ്റം പറയില്ല.
‘‘ചിത്രാഞ്ജലിക്ക് തന്നെയായിരുന്നു നിർബന്ധം. ലൂയിസേ ടോർച്ചു വല്ലതുമുണ്ടോ തന്റെ കയ്യിൽ?’’ ഫ്രാൻസി മുന്നോട്ടു ചെന്നു.
‘‘ടോർച്ചുണ്ട്. അതിപ്പോ തരാനൊക്കത്തില്ല ചേട്ടാ,’’ ഫ്രാൻസിയുടെ ക്ഷമയറ്റു, അയാൾ ലൂയിസിന്റെ ഷർട്ട് കോളറിൽ കയറിപ്പിടിച്ചു.
‘‘അപ്പന്റെ പ്രായമുള്ളവരോടാ തല്ലുകൊള്ളിത്തരം?’’
ലൂയിസിന്റെ കൈ ക്യാബിനിൽ പരതി ഒരു എമർജൻസി ലാമ്പ് വലിച്ചെടുത്തു. ‘‘ഇതുമതിയോ ചേട്ടാ?’’ എന്നായി പിന്നെ മര്യാദരാമൻ.
ഫ്രാൻസിസ് എമർജൻസി ലാമ്പ് വാങ്ങി പുറത്തിറങ്ങി.
‘‘ഫ്രാൻസിച്ചേട്ടാ സൂക്ഷിക്കണേ.’’ പ്രതീക്ഷയും സന്ധ്യയും ബിൻസി മോളും ഒന്നടങ്കം പറഞ്ഞു.
‘‘എന്നെ സൂക്ഷിക്കാൻ എനിക്കറിയാം. നിങ്ങളെപ്പോലെ ഒരുവളാ അങ്ങോട്ട് പോയിരിക്കുന്നത്. ആരേലും വരുന്നുണ്ടോ എന്റെ കൂടെ?’’
ഗായക സംഘം മൂകരായി പരസ്പരം നോക്കി.
‘‘എന്നാ മക്കള് പാട്ടും പാടി പുലിയേയും പേടിപ്പിച്ച് ഇതിനകത്തിരി, ചേട്ടനിപ്പോ വരാം.’’
ചിത്രാഞ്ജലിക്കു പിറകേ ഫ്രാൻസിച്ചേട്ടനും കാടു പൂകി.
കൂട്ടത്തിൽനിന്ന് അൽപനേരത്തേക്കെങ്കിലും മാറിപ്പോവുന്നയാൾ സംസാരവിഷയമാവുന്ന പതിവ് അവിടെയും ആവർത്തിച്ചു, റഷീദിലൂടെ.
‘‘ചേട്ടൻ ഭയങ്കര പാരന്റിങ് ആണല്ലോ.’’
പരദൂഷണം ഫ്രാൻസിച്ചേട്ടനെക്കുറിച്ചായതുകൊണ്ടും അയാളുടെ നാക്കിന്റെ മൂർച്ച അറിയാവുന്നതുകൊണ്ടും അതിനെ ആരും അനുകൂലിച്ചില്ല.
‘‘ചിത്രാഞ്ജലിയുടെ കൺഫർമേഷൻ എന്തായി സാർ?’’ പരമാവധി ഭവ്യനായി സിദ്ധാർഥ് ദേവദാസ് മേനോനോട് ചോദിച്ചു.
‘‘കൺഫർമേഷനാണോ ചിത്രാഞ്ജലിയുടെ പ്രസന്റ് ക്രൈസിസ്? ഡയറിയ അല്ലേടോ.’’
സീനിയർ മാനേജരുടെ തമാശക്ക് പക്ഷേ പ്രതീക്ഷിച്ച പിന്തുണ തന്നെ ലഭിച്ചു. പൊട്ടിച്ചിരികൾ നിറഞ്ഞ് ട്രാവലറിനകം തുളുമ്പി.
കൈകൾ ചുരിദാർ ഷാളിൽ തുടച്ചുകൊണ്ട് ചിത്രാഞ്ജലി തിരിച്ചുവന്നു. തൊട്ടുപിറകെ ഫ്രാൻസിച്ചേട്ടനും. ലൂയിസ് ഡോറു തുറന്നുകൊടുത്തു, അവൾ ഒന്നും മിണ്ടാതെ അകത്തുകയറി.
‘‘ഇന്നാ തന്റെ വിളക്ക്’’ ഫ്രാൻസി എമർജൻസി ലാമ്പ് തിരികെയേൽപിച്ചു.
‘‘വെള്ളം വല്ലതും വേണമായിരുന്നോ?’’ എന്ന ലൂയിസിന്റെ ചോദ്യത്തിന് മറുപടിയൊന്നും ലഭിച്ചില്ല.
‘‘എന്നാ വണ്ടി വിട്ടോ’’ സ്വന്തം സിംഹാസനത്തിലിരുന്നപ്പോൾ ഫ്രാൻസിച്ചേട്ടൻ ഉഷാറായി. ഞരമ്പുകളിലൂടെ വൈദ്യുതി പ്രവഹിച്ചതോടെ ട്രാവലറും കുതിച്ചു.
വിൻഡോ കർട്ടൻ വകഞ്ഞുമാറ്റി, വർണരഹിതമായ ഗ്ലാസിലൂടെ ചിത്രാഞ്ജലി പുറത്തേക്ക് നോക്കി. സ്ട്രീറ്റ് ലൈറ്റുകളില്ല... വിളക്കു കത്തിച്ചുവെക്കാൻ വിദൂരതയിൽപോലും ഒരു ജീവസാന്നിധ്യവുമില്ല... ഒന്നും കാണാനാവാതെ നോക്കിയിരിക്കുമ്പോൾ വേദന കൂടിക്കൂടി വരികയാണ്. അടിവയറ്റിൽനിന്നും അതങ്ങ് പൂക്കുറ്റിപോലെ പൊങ്ങി തലച്ചോറിനെ പൊള്ളിക്കുന്നു. കയ്യും കാലും കോച്ചി വലിക്കുന്നു...
‘‘കുടിക്കാൻ വല്ലതും വേണമായിരുന്നോ?’’ ആരാണ് ചോദിച്ചതെന്നറിയില്ല.
‘‘ചുരം കഴിഞ്ഞാൽ വല്ല ഹോട്ടലോ, തട്ടുകടയോ കാണും.’’
‘‘അതിനുമുമ്പ് അവര് കയറില്ലേ?’’
‘‘വിളിച്ചു നോക്കിയോ ആരെങ്കിലും?’’
ചിത്രാഞ്ജലി ഇടംകൈ അടിവയറ്റിലമർത്തി, കണ്ണുകളടച്ചു ചാരിക്കിടന്നു.
‘‘ആ മൈക്കൊന്നു പിറകിലേക്കു തന്നേ.’’ സിദ്ധാർഥ് ആവശ്യപ്പെട്ടതോടെ ഇടക്ക് നിലച്ചുപോയ സംഗീതധാര തുടരാനുള്ള ആവേശമായി മറ്റുള്ളവർക്കെല്ലാം...
‘‘അതേയതേ, സിദ്ധു ഇതുവരെ പാടിയില്ലല്ലോ, പോന്നോട്ടെ’’, ബിൻസിയും സന്ധ്യയും ആവേശം മുറ്റി പ്രോത്സാഹിപ്പിച്ചു. നവജാതശിശുവിന്റെ കഴുത്തിൽ കുരുങ്ങിയ പൊക്കിൾവള്ളി കൈകാര്യം ചെയ്യുന്ന സർജന്റെ വിരുതുള്ള പല കൈകൾ കടന്ന് മൈക്കും കേബിളും സിദ്ധാർഥിലെത്തി.
‘‘സിദ്ധു... സിദ്ധു’’ ഗ്രൗണ്ടിൽ മുന്നേറിക്കൊണ്ടിരിക്കുന്ന കളിക്കാരനോടെന്ന വണ്ണം പല കണ്ഠങ്ങൾ ഒന്നിച്ച് ആർത്തു വിളിച്ചു.
‘‘സോറി, ഞാനല്ല... എസ്.എം ആണ് പാടുന്നത്. സാർ പ്ലീസ്’’, സിദ്ധാർഥ് മൈക്ക് ദേവദാസ് മേനോന് കൈമാറി. മേനോൻ മുൻകൂട്ടി മൊബൈലിൽ തിരഞ്ഞെടുത്തുവെച്ച കരോക്കെ മ്യൂസിക് ബ്ലൂടൂത്ത് വഴി ആംപ്ലിഫയറുമായി ബന്ധിച്ച് പാടിത്തുടങ്ങി.
‘‘ആജ് സെ പഹലേ, ആജ് സെ ജ്യാദാ
ഖുഷി ആജ് തക് നഹി മിലീ...’’
സ്റ്റാഫ് ഒന്നടങ്കം ആരാധനയോടെ നോക്കി.
പാടിയവസാനിപ്പിച്ചതും ദേവദാസ് മേനോൻ കരയാൻ തുടങ്ങി.
‘‘നൊസ്റ്റു അടിച്ചോ സാറെ, സാരമില്ല.’’ റഷീദ് മേനോന്റെ പുറം തടവി.
‘‘വിസ്കി കഴിച്ചാൽ എനിക്ക് കരച്ചിൽ വരും. ബികാസ് വിസ്കി ഈസ് എ മെലങ്കൊളിക്ക് ഡ്രിങ്ക്, എന്നുവെച്ച് എന്റെ പുറം തലോടിയിട്ടൊന്നും ഒരു കാര്യവുമില്ല റഷീദെ.’’
റഷീദിന്റെ ഇനിയും ഫോർവേഡ് ചെയ്തിട്ടില്ലാത്ത ട്രാൻസ്ഫർ അപ്ലിക്കേഷനിൽ സ്പർശിച്ചുകൊണ്ട് മേനോൻ പറഞ്ഞു.

ചിരിയൊതുക്കാൻ കഷ്ടപ്പെട്ട ഫ്രാൻസിച്ചേട്ടന്റെ വായിലൂടെ മദ്യം സ്പ്രേ ചെയ്ത് റഷീദിന്റെ കണ്ണിലും മുഖത്തുമായി പതിച്ചു. സീനിയർ മേനേജരുടെ കമന്റ് കേട്ട ജാള്യതകൂടി രോഷത്തിലിട്ട് പതപ്പിച്ച് റഷീദ് ഫ്രാൻസിച്ചേട്ടനിട്ടു ഒന്നു കൊടുത്തു.
‘‘എടാ മേത്ത ചെറുക്കാ, നീയെന്നെ തല്ലിയല്ലേ പന്നീ.’’
കുടിച്ചു തീരാറായ കുപ്പി റഷീദിന്റെ തലയ്ക്കു നേരെ ഓങ്ങി ഫ്രാൻസി നിന്നു വിറച്ചു. സിദ്ധാർഥ് ഫ്രാൻസിയെ പൂണ്ടടക്കം പിടിച്ചു.
‘‘ലൂയിസെ’’ ദേവദാസ് മേനോന്റെ ആജ്ഞാസ്വരമുയർന്നു. അതു കേൾക്കും മുമ്പു തന്നെ ലൂയിസ് ബ്രേക്ക് ചവിട്ടിയിരുന്നു.
‘‘ഇതിങ്ങനെ പോയാൽ ശരിയാവില്ല.’’ മേനോൻ കുപിതനായി.
‘‘സാറെ, ഇവന്മാരെയൊന്നും കൂടെ കൊണ്ടുനടക്കാൻ പറ്റില്ല. ഏതുനേരത്താ കഴുത്തിൽ കത്തിയിറക്ക്വാന്ന് നോക്കിയാൽ മതി.’’ കൈയിൽനിന്നു കുപ്പി മേനോൻ പിടിച്ചുവാങ്ങിയിട്ടും ഫ്രാൻസി ഒട്ടും തണുത്തിരുന്നില്ല.
‘‘നമ്മളെന്തിനാണ് പോകുന്നത്? അറ്റ്ലീസ്റ്റ് അതെങ്കിലും ഓർമ വേണം എല്ലാവർക്കും,’’ എസ്.എം താക്കീതിന്റെ രൂപത്തിൽ പറഞ്ഞു.
അൽപം മുമ്പിലായി റോഡരികിൽ നിന്ന രണ്ടു ചെറുപ്പക്കാർ വണ്ടിക്കു നേരെ നടന്നു വന്നു ലൂയിസിനോട് എന്തോ ചോദിച്ചു.
‘‘സാറെ ഇവടത്തെ ബാങ്കിലെ സ്റ്റാഫാ.’’ ലൂയിസ് പുറകിലേക്ക് വിളിച്ചുപറഞ്ഞു.
‘‘ഓക്കെ, അവിടെ സീറ്റില്ലേ, ഇല്ലെങ്കിൽ മുന്നിൽനിന്ന് രണ്ടുപേർ ഇങ്ങോട്ടു വരൂ... അവരവിടെ ഇരുന്നോട്ടെ’’, ദേവദാസ് മേനോൻ സ്വരമൊതുക്കിക്കൊണ്ടു തുടർന്നു, ‘‘വന്നവർ നിങ്ങളെക്കാളൊക്കെ വളരെ ജൂനിേയർസ് ആണെന്ന് ഓർമ വേണം എല്ലാവർക്കും.’’
‘‘ഒരഞ്ചു മിനുട്ടു സാർ’’ വന്നവർ രണ്ടു പേരും ചേർന്ന് ലൂയിസിന്റെ ഒത്താശയോടെ ഒരു ഫ്ലക്സ് പോസ്റ്റർ വണ്ടിയുടെ മുമ്പിൽ ഇടതുവശത്തെ വിൻഡ് സ്ക്രീനിൽ പതിച്ചുവെച്ചു.
‘‘എസ്.എം സാറെ, ഇങ്ങനെ പോരെ?’’ കൂട്ടത്തിലൊരാൾ വിളിച്ചു ചോദിച്ചു. വണ്ടിയിൽനിന്നിറങ്ങി നോക്കാനുള്ള താൽപര്യമൊന്നും ആരും കാണിച്ചില്ല. പൊടുന്നനെ ഒരു മൂകത അവരെയാകമാനം വലയംചെയ്തു, സംഘർഷത്തിനു പിറകെ വന്ന ശാന്തതപോലെ. അത് അധികനേരം നീണ്ടുനിന്നില്ല.
‘‘വാട്ടീസ് യുവർ നെയിം യങ് മെൻ.’’ പരിചയപ്പെടാനായി പിൻനിരയിലേക്ക് വന്ന ചെറുപ്പക്കാരോട് മേനോൻ സൗഹൃദപൂർവം ചോദിച്ചു.
‘‘ഐ ആം നവീൻ ഗംഗാധരൻ, ഹി ഈസ് ഇഷാൻ ഫിലിപ്.’’
ജൂനിയർ എക്സിക്യൂട്ടിവുകളിലൊരാൾ പറഞ്ഞു.
‘‘അത് നന്നായി.’’ ഫ്രാൻസിച്ചേട്ടൻ പിറുപിറുത്തുകൊണ്ട് റഷീദിനെ നോക്കി.
‘‘സോറി, നമ്മുടെ ഫസ്റ്റ് മീറ്റിങ് ഇങ്ങനെയൊരു ഒക്കേഷനിലായിപ്പോയി.’’ മേനോൻ പരിചയപ്പെടൽ ചുരുക്കി.
‘‘ഇറ്റ്സ് ഓൾ റൈറ്റ് സാർ, നമുക്കെന്തു ചെയ്യാനാവും.’’ ഇഷാൻ ഫിലിപ് അതും പറഞ്ഞ് കൂടെ വന്നയാൾക്കൊപ്പം മുൻനിരയിൽ ഇരിപ്പിടം കണ്ടെത്തി.
‘‘ചെയർമാന്റെ വില്ലേജിലുള്ളവരാ... ആ രണ്ടുപേരും.’’ പിറകിലുള്ളവർക്കു മാത്രം കേൾക്കാവുന്നതരത്തിൽ മേനോൻ മൊഴിയവേ വണ്ടിയും നീങ്ങി.
‘‘അവർക്ക് ച്ചിരി വേണ്ടിവരുമോ സാറെ.’’ ഫ്രാൻസിച്ചേട്ടൻ വീണ്ടും ഉത്സാഹിയായി.
‘‘വേണ്ട, താനങ്ങോട്ട് ചെന്നവരെ ചീത്തയാക്കണ്ട.’’ സീനിയർ മാനേജർ വിലക്കി.
‘‘എന്നാ വല്ല ഹോട്ടലും കാണുമ്പോ നിർത്താൻ പറയാം, വല്ലാത്ത പൊരിച്ചില്... സാറിനില്ലേ?’’ ഏമ്പക്കം വിട്ടുകൊണ്ട് ഫ്രാൻസി ഡ്രൈവർ സീറ്റിനരികിലേക്ക് പോയി. അതിനിടെ ചിത്രാഞ്ജലിക്കരികിൽ ചെന്ന് ‘‘വണ്ടി നിറുത്തുമ്പോ, വല്ലതും കഴിച്ചോളണേ മോളെ’’ എന്ന് തട്ടിയുണർത്തി പറയാനും മറന്നില്ല.
സമനിരപ്പിലൂടെ കുറച്ചുദൂരം കൂടി വണ്ടിയോടി. റോഡരികിൽ നിറയെ ഹൽവക്കടകളാണ്... മലമുകളിലെ ചെറുപട്ടണത്തിലും തീരദേശ നഗരത്തിന്റെ ബ്രാൻഡ് വഹിച്ചുകൊണ്ട് മധുരം വിൽക്കുന്നു. അവിടത്തെ ഒരു തെരുവിനുപോലും പേരു നൽകിയ മധുരിക്കുന്ന മാംസം. ദേവദാസ് മേനോനിലെ ഗായകനെ കരയിച്ച അതേ ‘മെലങ്കൊളിക്ക് ഡ്രിങ്ക്’ അയാളിലെ സംശയാലുവിനെ ഉണർത്തിയിരിക്കുന്നു.
‘‘മധുരിക്കുന്ന മാംസം! വാട്ട് എ റെഡിക്യൂലസ് നെയിം?’’
ഫ്രാൻസി ഒന്നൂറിച്ചിരിച്ചു. പിന്നെ, റഷീദിനെ ഇടം കണ്ണാലെ നോക്കിക്കൊണ്ടു പറഞ്ഞു:
‘‘സാറെ, പോർക്കു കഴിക്കാത്തവർക്കൊന്നും അതറിയാനുള്ള ഭാഗ്യമില്ല... അല്ല. സാറിനു പോർക്ക് വേണേൽ ഇവിടേം കിട്ടും.’’
നല്ല പാർക്കിങ് സൗകര്യമുള്ള ഒരു താൽക്കാലിക റസ്റ്റാറന്റിന്റെ പരിസരത്തേക്ക് ലൂയിസ് വണ്ടിയൊതുക്കി നിർത്തി.
‘‘ബാത്ത് റൂമിൽ പോകാൻ ഇവിടെ സൗകര്യമുണ്ട്. തിരിച്ചു പോവുമ്പോ അതു കിട്ടിയെന്നു വരില്ല.’’
ലൂയിസ് പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ എല്ലാവരും ചാടിയിറങ്ങി. അത്രമേൽ വിശന്നിരുന്നു അവർക്കെല്ലാം.
ഭക്ഷണത്തിനായി റഷീദ് ദേവദാസ് മേനോന്റെയും ഫ്രാൻസിയുടെയും ടേബിൾ വിട്ട് മാറിയിരുന്നു. പാട്ട് കൂട്ടത്തിനിടയിൽ സിദ്ധാർഥ് സീറ്റ് പിടിച്ചു. രാജേഷും ജോണും ഏറെ നിർബന്ധിച്ചിട്ടും ചിത്രാഞ്ജലി ഇറങ്ങിവന്നില്ല. അവൾ മനംപുരട്ടലിനെ അമർത്തിവെക്കാൻ പാടുപെട്ടു.
‘‘ഒരു ലൈം ടീ കഴിച്ചാൽ എല്ലാം സെറ്റാവും ചിത്രാ.’’ രാജേഷിന്റെ സഹാനുഭൂതിക്കുള്ള മറുപടി ചിത്രാഞ്ജലി ഒരു നോട്ടത്തിലൊതുക്കി.
‘‘ഒരാൾക്ക് എന്തെങ്കിലും ഹെൽത്ത് ഇഷ്യൂ വന്നാ ട്രിപ് ആകെ സ്പോയിലാകും.’’ രാജേഷിനൊപ്പം റസ്റ്റാറന്റിലേക്ക് നീങ്ങവേ ജോൺ പറഞ്ഞു.
ഉല്ലാസയാത്രയിലെ രസംകൊല്ലിയായവൾ അന്നേരം ട്രാവലറിനകത്തിരുന്ന് ചുരിദാർ ഷാളുകൊണ്ട് അടിവയറ്റിനു മീതെ മുറുക്കിക്കെട്ടുകയായിരുന്നു. പിന്നീടവൾ ഹാൻഡ് ബാഗിനുള്ളിൽ കയ്യിട്ട് നോക്കി. കരുതിവെച്ചതിൽ രണ്ടു വലിയ പാക്കറ്റ് പൊട്ടിക്കാതെ ഭദ്രമായി ഇരിപ്പുണ്ട്. അതിൽ കൂടുതൽ വേണ്ടിവന്നാൽ പാതിരാക്ക് എവിടെ കിട്ടാനാണ്. കൈവിട്ടുപോയാൽ ഹോസ്പിറ്റലിൽ അഡ്മിറ്റാവേണ്ടി വരും. അപ്പോഴേക്കും യാത്ര അവസാനിച്ചാൽ മതിയായിരുന്നു. ചിത്രാഞ്ജലി അരയിലെ കുരുക്ക് ഒന്നുകൂടി മുറുക്കി, മുതുകു വളച്ചിരുന്ന് തൊട്ടു മുൻ സീറ്റിന്റെ ബാക്ക് റെസ്റ്റിൽ തലവെച്ചു കിടന്നു...
‘‘ചേച്ചി, ഇത് ലാസ്റ്റ് ചാൻസ്... ഇനിയങ്ങോട്ട് ഒന്നും കിട്ടില്ല.’’ റസ്റ്റാറന്റിലേക്ക് ആളുകളെ വിളിച്ചുകയറ്റുന്ന പയ്യൻ പറഞ്ഞത് ചിത്രാഞ്ജലി കേട്ടതായി ഭാവിച്ചില്ല. ലാസ്റ്റ് ചാൻസ്... ഇനിയങ്ങോട്ട് ഒന്നും കിട്ടില്ല. വാക്കുകളിൽ ഒട്ടും പുതുമയില്ല. പലകുറി ആവർത്തിച്ചതാണവ, പലകുറി.
ലാസ്റ്റ് ചാൻസ് ആയതുകൊണ്ടാവാം ഭക്ഷണത്തോട് യുദ്ധം ചെയ്ത് വിയർത്തു തളർന്നുപോയവർ ഓരോരുത്തരായി പലവിധത്തിലുള്ള നല്ല വാക്കുകൾ പറഞ്ഞ്, പല്ലിട കുത്തിക്കൊണ്ട് വണ്ടിക്കകത്തേക്കു കയറി.
‘‘ഫുഡ് കൊള്ളാം... ഇനി ഇതുവഴി പോകുമ്പോൾ ഇവിടെത്തന്നെ കയറണം... ഹോട്ടലിന്റെ പേരോർമിച്ചോ’’ എന്ന് ദേവദാസ് മേനോൻ ചുവന്ന മഷിയാലെഴുതിയപ്പോൾ അക്കാര്യം തീരുമാനമായി.
‘‘യാത്ര ലൂയിസിന്റെ വണ്ടിയിലാണെങ്കിൽ ലൂയിസ് ഇവിടെത്തന്നെ കയറ്റിയിരിക്കും’’, സുഭിക്ഷം ഭക്ഷിച്ചുവന്ന ഡ്രൈവർ അതു പറഞ്ഞുകൊണ്ട് സ്റ്റാർട്ട് ചെയ്തപ്പോൾ നിറവയറിന്റെ ആലസ്യത്തോടെ ട്രാവലറും നീങ്ങിത്തുടങ്ങി.
ഹൈവേയിൽനിന്ന് വലതുവശത്തേക്കു തിരിയുന്ന കട്ട്റോഡിലേക്ക് നവീൻ ഗംഗാധരനും ഇഷാൻ ഫിലിപ്പും വാഹനത്തെ നയിച്ചു.
‘‘ഇങ്ങോട്ടു തിരിയാൻ പ്രത്യേകിച്ച് ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല.’’ കട്ട് റോഡിന് കുറുകെ ഉയർത്തിക്കെട്ടിയ ബാനറിന്റെ പിൻഭാഗം റിയർവ്യൂ മിററിൽ വെളിപ്പെട്ട മാത്രയിൽ ലൂയിസ് പറഞ്ഞു.
‘‘അതു ഞങ്ങൾ വൈകീട്ട് വന്ന് കെട്ടിപ്പോയതാണ്.’’
സീനിയർ മാനേജർ കേൾക്കട്ടെയെന്നു കരുതി അൽപം ഉറക്കെയാണ് നവീനതു പറഞ്ഞത്. ‘‘വെൽഡൺ യങ് മെൻ’’, ദേവദാസ് മേനോന്റെ അനുമോദന വചനം ഒട്ടും താമസിച്ചില്ല.
ഭീമാകാരനായ കരിങ്കൽ മതിലിന്റെ വായപോലെ പടിയാരത്ത് ബംഗ്ലാവിന്റെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു.
‘‘മുറ്റത്ത് വണ്ടിയിടാൻ സൗകര്യമുണ്ട്.’’ ഗേറ്റിനരികിൽ നിന്ന നാട്ടുകാരിൽ ഒരാൾ പറഞ്ഞു.
ലൂയിസ് ട്രാവലർ അകത്തേക്കെടുത്തു. കരിങ്കൽപ്പലകകൾക്കിടയിൽ പച്ചപ്പുല്ലു പാകിയ, മഞ്ഞവെളിച്ചം വീണുകിടക്കുന്ന വിശാലമായ മുറ്റത്ത് കാത്തുകിടന്ന വലിയ കാറുകൾക്കും ആംബുലൻസിനുമപ്പുറം വണ്ടിയിടാൻ ലൂയിസ് സ്ഥലം കണ്ടുപിടിച്ചു.
‘‘എല്ലാവരും ഇവിടെ ഇറങ്ങിയാട്ടെ... എന്നിട്ട് വണ്ടി ദാ അപ്പുറത്തേക്കിടാം.’’ ലൂയിസ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ബിൻസി മോളും പ്രതീക്ഷയും സന്ധ്യയും ഇറങ്ങാൻ മടിച്ച് പിൻനിരയിലേക്കു നോക്കി.
‘‘സീനിയേഴ്സ് ആദ്യം ഇറങ്ങട്ടെ അല്ലേ?’’ സ്ത്രീജനങ്ങളുടെ പരുങ്ങൽ കണ്ട് രാജേഷ് പതുക്കെ പറഞ്ഞു.
‘‘മരണത്തിന് അങ്ങനെ സീനിയർ, ജൂനിയർ ഉണ്ടോ രാജേഷെ? ഇവിടെത്തന്നെ രാഘവൻ സാർ ഉള്ളപ്പോ.’’ ആരെയും കാത്തുനിൽക്കാതെ ജോൺ വണ്ടിയിൽനിന്നിറങ്ങി.
മുറ്റത്തെ പ്ലാസ്റ്റിക് കസേരയിലിരുന്ന് നേരം കൊന്നുകൊണ്ടിരുന്ന മെലിഞ്ഞ മനുഷ്യൻ പിടഞ്ഞെഴുന്നേറ്റു, വണ്ടി നമ്പർ നോക്കിയതിനു ശേഷം ചോദിച്ചു:
‘‘ബ്ലോക്കുണ്ടായിരുന്നോ ചുരത്തില്?’’
‘‘വലുതായിട്ടൊന്നുമില്ല. ഞങ്ങൾ ഹെഡ് ഓഫീസിലെ സ്റ്റാഫാ... വിവരമറിഞ്ഞു പുറപ്പെട്ടപ്പോഴേക്കും വൈകി.’’ ജോൺ പറഞ്ഞു.
‘‘ഏയ് അത് സാരമില്ല... പോസ്റ്റ്മോർട്ടം കഴിഞ്ഞു ബോഡി ഇപ്പോ എത്തിയതേയുള്ളു... നാട്ടുകാരും പാർട്ടിക്കാരുമൊക്കെ കാത്തുനിന്ന് റീത്ത് വെച്ച് പോയി.’’
ട്രാവലറിൽനിന്ന് വലിയ റീത്തും താങ്ങി ഇറങ്ങിയ ഫ്രാൻസിച്ചേട്ടനെയും റഷീദിനെയും നോക്കി അയാൾ തുടർന്നു.
ദേവദാസ് മേനോനും സിദ്ധാർഥിനും പിറകെ ബാക്കിയുള്ളവരും ഇറങ്ങി. ആളൊഴിഞ്ഞ മുറ്റത്ത് കുറെപ്പേരെ ഒന്നിച്ചു കണ്ട അയാൾ ഉറക്കച്ചടവ് കളഞ്ഞ് ആവേശത്തിലായി.
‘‘ഇന്നലെ രാത്രി പന്നീനെ പൊട്ടിക്കാൻ വേണ്ടി കാട് കയറിയതാ ചെറിയ മൂപ്പര്... തൊട്ട് വയ്യില് കൊമ്പൻ വന്ന് നിന്നതറിഞ്ഞിട്ടുണ്ടാവില്ല... തോക്കു കണ്ടിട്ടാ ആളെ തിരിച്ചറിഞ്ഞതെന്ന് വേണെങ്കിൽ പറയാം... അതായിരുന്നു അവസ്ഥ.’’
ഫ്രാൻസിച്ചേട്ടന്റെ വലതു കൈ റീത്തിൽനിന്നും വിട്ടുപോയി, പിന്നീടത് നെറ്റിയിൽനിന്ന് നെഞ്ചിലേക്കും ഇടതു ചുമലിൽനിന്ന് വലതു ചുമലിലേക്കും പ്രാർഥനയോടെ സഞ്ചരിച്ചു.
‘‘ഹെന്റെ കർത്താവെ, ഹെഡ് ഓഫീസിൽ കോൺഫറൻസിന് വന്ന് അടിച്ചുപൊളിച്ചു താമസിച്ചിട്ട് ഇപ്പോ ഒരു മാസമായോ?.. എന്തു നല്ല ചെറുപ്പക്കാരനായിരുന്നു. ലാസ്റ്റ് ഗ്രേഡായ എന്നെപ്പോലും ചേട്ടാന്നെ വിളിച്ചിട്ടുള്ളു... വയ്യ ആ മുഖം കാണാൻ.’’
അയാളുടെ വിവരണമാണോ, ഫ്രാൻസിയുടെ വേവലാതിയാണോ മറ്റുള്ളവരെ സ്തബ്ധരാക്കിയതെന്നറിയില്ല... വണ്ടി മാറ്റിയിടാൻവേണ്ടി, എൻജിൻ ഓഫു ചെയ്യാതെ നിന്ന ലൂയിസിന്റെ കാലുകളും അനങ്ങിയില്ല.
മരണവീടാണെന്ന് മറന്നതുപോലെ മെലിഞ്ഞ മനുഷ്യൻ ചെറുതായി ചിരിച്ചു.
‘‘അയ്യോ, സാറന്മാര് ഇങ്ങനെ പേടിച്ചാലോ, മെഡിക്കൽ കോളേജുകാര് ഒക്കെ നീറ്റായി കൈകാര്യംചെയ്തിട്ടുണ്ട്. ഇപ്പോ കണ്ടാൽ ഫ്രീസറിൽ കിടന്ന് ഉറങ്ങുകയാണെന്നേ തോന്നൂ... എല്ലാവരും വേഗം ചെന്ന് കണ്ടാട്ടെ.’’
ദേവദാസ് മേനോൻ റീത്തിന്റെ ഒരറ്റം പിടിച്ചു, ഒപ്പം റഷീദും. താങ്ങിക്കൊണ്ട് മുന്നോട്ട് നീങ്ങവേ മേനോൻ പറഞ്ഞു:
‘‘ലൂയിസെ, വണ്ടിയൊതുക്കിയിട്ടിട്ട് താനും വാ.’’
അനുശോചകസംഘം സീനിയർ മാനേജരുടെ പിറകെ, ഉള്ളിൽ മുഴങ്ങുന്ന ശോകഗാനത്തിന്റെ അകമ്പടിയോടെ പടിയാരത്ത് ബംഗ്ലാവിന്റെ സ്റ്റെപ്പുകൾ കയറി, വിശാലമായ സിറ്റൗട്ട് മുറിച്ചുകടന്ന് സ്വീകരണമുറിയിലേക്ക് പ്രവേശിച്ചു. ഒരാളും മറ്റൊന്നും ചിന്തിക്കുകയോ പിറുപിറുക്കുകയോ ചെയ്തില്ല. അത്രമേൽ വിഷാദികളായ സന്ദർശകരായി മാറിക്കഴിഞ്ഞിരുന്നു അവർ.
റീത്ത് കാൽക്കൽ സമർപ്പിച്ച് നമസ്കരിച്ചതിനുശേഷം സീനിയർ മാനേജരും സ്റ്റാഫും ചെയർമാനെ വലംവെക്കാൻ തുടങ്ങി. പുഷ്പപർവതത്തിനിടയിലൂടെ അൽപമാത്രം വെളിപ്പെട്ടു കണ്ട മുഖം നോക്കി ഫ്രാൻസിച്ചേട്ടൻ ഉള്ളിൽ പറഞ്ഞു,
‘‘അയാൾ പറഞ്ഞതു നേരാ... ഉറങ്ങുകയാണെന്നേ തോന്നൂ...’’
ചെയർമാനെ ഒന്നുകൂടി പ്രണമിച്ച് അവർ ഡബിൾ ഹൈറ്റുള്ള ഹാളിൽ അവിടവിടെയായി ചെറുതായി, അൽപനേരത്തേക്ക് പറ്റിക്കൂടി നിന്നു. അതിനിടെ ലൂയിസും അകത്തേക്ക് വന്ന് ബോഡിയെ ഒരുവട്ടം വെച്ച് തുറിച്ചുനോക്കി സ്റ്റാഫിനൊപ്പം ചേർന്നു. കത്തിച്ചുവെച്ച നിലവിളക്കിന് കാവലെന്നോണം സോഫയിലിരുന്ന ചെറുപ്പം വറ്റാത്ത വൃദ്ധൻ അവർക്കരികിലേക്ക് വന്നു.
‘‘നിങ്ങൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതാ ഞാനിരുന്നത്. ബാക്കിയുള്ളവരെല്ലാം ഏതൊക്കെയോ മുറികളിലുണ്ട്. കാലത്ത് ഒമ്പതു മണിക്കാണ് ക്രിമേഷൻ... അതു കഴിഞ്ഞിട്ടല്ലേ പോകുന്നുള്ളൂ..? റസ്റ്റെടുക്കാനും ഫ്രഷ് ആവാനും ഇവിടെ ധാരാളം സൗകര്യമുണ്ട്...’’ അതു പറഞ്ഞ് അയാൾ ആരെയോ നോക്കി.
ദേവദാസ് മേനോൻ എന്തു മറുപടി പറയണമെന്നറിയാതെ എങ്ങനെയോ തുടങ്ങി.
‘‘രാഘവൻ സാറല്ലേ? ഫൗണ്ടർ ചെയർമാൻ... സാറിന് എന്നെ കണ്ട ഓർമയുണ്ടോ, കോട്ടയത്തുണ്ടായിരുന്ന ദേവദാസ്?’’ ഡിമൻഷ്യയൊന്നും ഇതുവരെയില്ല ദേവദാസെ, ഞാൻ ജോലി കൊടുത്തവരെയൊക്കെ എനിക്കോർമയുണ്ട്... ങ്ഹാ റൂംസ് റെഡിയാക്കാൻ പറയട്ടേ. എട്ടുമണി വരെ എല്ലാവർക്കും വിശ്രമിക്കാം.’’
അകത്തേക്ക് നീങ്ങാനൊരുങ്ങിയ രാഘവൻ സാറിന്റെ കൈകൾ രണ്ടും ദേവദാസ് മേനോൻ ചേർത്തുപിടിച്ചു. കൺമുനകൊണ്ട് സ്റ്റാഫിനെ ഒന്നടങ്കം വിളിച്ചു ചുറ്റും നിർത്തിയിട്ട് തൊണ്ട വിറച്ചുകൊണ്ടു പറഞ്ഞു.
‘‘നിൽക്കണമെന്നുണ്ടായിരുന്നു സാർ... ബാങ്കിന് നാളെ ഹോളിഡേയാണെങ്കിലും ഹെഡ് ഓഫീസ് വർക്ക് ചെയ്യുന്നുണ്ട്... അവർ കൺഡോളൻസസ്... ഇറങ്ങിക്കോട്ടെ?’’
രാഘവൻ സാറിന്റെ അനുമതിക്ക് മുമ്പു തന്നെ എല്ലാവരും അനുകൂലിച്ചു. മുഖങ്ങളിലേക്കൊക്കെ ഒന്നോടിച്ചു നോക്കി, രാഘവൻ സാർ പറഞ്ഞു.
‘‘എല്ലാവരോടും പരിചയം പുതുക്കണമെന്നുണ്ടായിരുന്നു... സെൽഫിയെടുക്കാനൊന്നും പറ്റില്ലല്ലോ... ഇപ്പോ.’’
ആത്മപുച്ഛമോ നിലവിളിയോ എന്ന് തിരിച്ചറിയാനാവാത്ത, എന്തോ ഒന്ന് രാഘവൻ സാറിന്റെ ഉള്ളിൽനിന്നും തിളച്ചു പുറത്ത് വരാൻ തുടങ്ങിയതിനെ അടക്കിനിർത്താനെന്നോണം ദേവദാസ് മേനോൻ കൈ പിടുത്തംവിട്ട് ഫൗണ്ടർ ചെയർമാന്റെ ചുമലിൽ സാന്ത്വനം കൊട്ടി, നടന്നു. ചുരം കയറി അത്രമേൽ കഷ്ടപ്പെട്ട് അവിടെയെത്തിയ സ്റ്റാഫിൽ ഓരോരുത്തർക്കും ഹസ്തദാനം നൽകാൻ രാഘവൻ സാർ മറന്നില്ല. അവസാനത്തെയാളും പുറത്തിറങ്ങുന്നത് കണ്ട് അയാൾ മകനോടു പറഞ്ഞു.
‘‘ഡാഡി ഇനി ഇത്തിരി നേരം കിടന്നോട്ടെയെടാ?’’
ട്രാവലർ പാർക്ക് ചെയ്തിടത്തേക്ക് നീങ്ങിയ ലൂയിസിനൊപ്പം ഫ്രാൻസി മറ്റുള്ളവരെ പിന്നിലാക്കി നടന്നു. വെള്ളം തീർന്നിട്ടുണ്ടോ എന്നൊരു സംശയം. മദ്യത്തിന്റെ കണക്ക് ഒഴിച്ചുകൊടുക്കുന്നവന് കൃത്യമായി അറിയാം. വെള്ളം എല്ലാവരും ഇഷ്ടംപോലെ കുടിക്കുന്നതുകൊണ്ട് ഇനിയുള്ള യാത്രയിൽ ചിലപ്പോൾ വരൾച്ചയാവും ഫലം.
‘‘അല്ല, ഇത്ര ദൂരം വന്നിട്ട് നിങ്ങളിതിനകത്ത് ഇരിക്കുകയായിരുന്നോ? ബോഡി കാണണ്ടേ?’’
വണ്ടിക്കകത്തേക്ക് കയറിയ ഫ്രാൻസിച്ചേട്ടന്റെ ചോദ്യം കേട്ട് ചിത്രാഞ്ജലി മയക്കമുണർന്നു.
‘‘വേണ്ട.’’
കരുതിവെച്ചതുപോലെ അവൾ മറുപടി പറഞ്ഞു.
‘‘ഒരു കണക്കിന് കാണാഞ്ഞതും നന്നായി.’’
‘‘അത്രയ്ക്ക് വികൃതമായിട്ടുണ്ടോ അയാൾ?’’ ഫ്രാൻസിച്ചേട്ടന്റെ ചെവിയോരം ചേർത്താണ് ചിത്രാഞ്ജലി ചോദിച്ചത്. ഫ്രാൻസി മറുപടിയൊന്നും പറയാതെ പിൻസീറ്റിലേക്ക് ചെന്ന് വെള്ളത്തിന്റെയും സോഡയുടെയും സ്റ്റോക്ക് നോക്കി, ആവശ്യത്തിനുണ്ട്.
‘‘എന്നാൽ എല്ലാവരും വേഗം കയറിയാട്ടെ സാറന്മാരെ.’’
ഡോറിനരികെ ഇറങ്ങിനിന്ന് ഫ്രാൻസി ക്ഷണിച്ചു.
‘‘കാര്യങ്ങളൊക്കെ ഓക്കെയാണ്.’’
സീറ്റിന്റെ ക്രമത്തിനനുസരിച്ച് ഓരോരുത്തരായി കയറാൻ തുടങ്ങി.
ദേവദാസ് മേനോൻ, റഷീദ്, സിദ്ധാർഥ്.
ഹൈറേഞ്ച് ബ്രാഞ്ചിലെ പുതിയ പയ്യന്മാർ മേനോന്റെ അടുത്തേക്ക് തിടുക്കത്തിൽ ചെന്നു.
‘‘സാറെ, ഞങ്ങൾ നാളെ രാവിലെ ക്രിമേഷൻ കഴിഞ്ഞേ മടങ്ങുന്നുള്ളൂ.’’
അവരിലൊരാൾ പറഞ്ഞതു കേട്ടപ്പോൾ സീനിയർ മാനേജർക്ക് മറ്റൊരു പ്രധാനകാര്യം ഓർമ വന്നു.
‘‘നിങ്ങൾ ഒട്ടിച്ചുവെച്ച ആ ഫ്ലക്സ് അങ്ങ് ഇളക്കിയേക്ക്.’’
ചുരമിറങ്ങിയുള്ള തിരിച്ചുപോക്കിൽ അത് അനാവശ്യമാണ്, ദേവദാസ് മേനോൻ മനസ്സിൽ കൂട്ടിച്ചേർത്തു.
നവീൻ ഗംഗാധരനും ഇഷാൻ ഫിലിപ്പും ട്രാവലറിന്റെ മുമ്പിലേക്ക് നീങ്ങിനിന്ന് വിൻഡ് ഷീൽഡിൽ പതിഞ്ഞുകിടന്ന ഫ്ലക്സിലെ അക്ഷരങ്ങൾ ഒരിക്കൽകൂടി വായിച്ചു.
‘‘പ്രിയ ചെയർമാൻ ഉല്ലാസ് രാഘവൻ പടിയാരത്തിന് ആദരാഞ്ജലികൾ.’’
എല്ലാവരും കയറിക്കഴിഞ്ഞ്, ജൂനിയർ എക്സിക്യൂട്ടിവുമാർ ഫ്ലക്സ് ഇളക്കിയെടുക്കുന്നതും കാത്ത് വണ്ടി കിടക്കവേ, ചിത്രാഞ്ജലി സീറ്റിൽനിന്നെഴുന്നേറ്റു.
‘‘ഇനിയിപ്പം എങ്ങട്ടാ?’’ ഫ്രാൻസി ചേട്ടൻ അക്ഷമനായി.
അവൾ മറുപടിയൊന്നും പറയാതെ ഹാൻഡ് ബാഗെടുത്ത് ഇറങ്ങി, മുറ്റത്തിന്റെ ഒരു കോണിലൂടെ വീടിന്റെ പിൻവശത്തേക്ക് കടന്നു.
കോമൺ ബാത്ത് റൂം പോലും ഏറെ ആർഭാടകരമായാണ് പണിതിട്ടുള്ളത്. ഇളംറോസ് നിറത്തിലുള്ള വാൾ ടൈലുകൾ എൽ.ഇ.ഡി ലൈറ്റിന്റെ പ്രഭ പ്രതിഫലിപ്പിച്ച് വാഷ്ബേസിൻ മിററിലെ അവളുടെ രൂപത്തിന് രക്തച്ഛവിയേറ്റി. എന്തെന്നില്ലാത്ത ഒരാത്മവിശ്വാസത്തോടെ ചിത്രാഞ്ജലി ഡോറടച്ചു ലാച്ചിട്ടു.
ഹാൻഡ് ബാഗ് ടവൽറാഡിന്റെ വശത്തുള്ള ഹുക്കിൽ തൂക്കി. ചുരിദാർ ബോട്ടം അഴിച്ചു മാറ്റി കാലുകളെ സ്വതന്ത്രമാക്കി... തുണിയിൽ പലയിടത്തും ചോരപ്പശ നനഞ്ഞു മണക്കുന്നുണ്ട്. ഷാളിനോടൊപ്പം അതും ടവൽ റാഡിൽ വിടർത്തിയിട്ടതിനുശേഷം അവൾ ഏറെ സാനിറ്ററി പാഡുകൾ ചേർത്തൊട്ടിച്ച, ഗർഭിണിയുടെ വയറുപോലെ കനത്ത പാന്റീസ് അഴിച്ചുമാറ്റി. അത്രയും നേരം വെന്തുരുകുകയായിരുന്ന അടിവയറിനെ ഉമ്മ വെക്കുമാറ് ഒരു തണുത്ത കാറ്റിനെ എക്സോസ്റ്റ് ഫാൻ എടുത്തുയർത്തി വിട്ടു. മരുന്നുകൾ കഴിച്ചു മൃദുവാക്കപ്പെട്ട മുലഞെട്ടുകൾ ചുരിദാറിനുള്ളിൽനിന്നും കണ്ണാടിയിലേക്ക് തുറിച്ചുനോക്കി. ചിത്രാഞ്ജലി ക്ലോസറ്റിൽ അമർന്നിരുന്നു. രക്തത്തുള്ളികളുടെ പെരുക്കമേറിക്കൊണ്ടിരുന്ന അവളുടെ പെൺമുറിവിലേക്ക് കൈവിരലുകൾ ആഴത്തിൽ കയറ്റി കടുത്ത തവിട്ടുനിറത്തിലുള്ള ഒടുക്കത്തെ ജീവകോശങ്ങളെയും പറിച്ചെടുത്ത് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:

‘‘**@$**... തന്തയില്ലാത്ത വിത്ത് ഇവിടെ തന്നേച്ചു പോകുന്നു.’’ അവൾ ചോരക്കട്ട ക്ലോസറ്റിലിട്ടു. ഹാൻഡ് ഷവറുപയോഗിച്ച് സ്വയം വൃത്തിയാക്കി. ഫ്ലഷിന്റെ വലിയ ബട്ടൻ അമർത്തി ഉള്ളിൽ നിറഞ്ഞുനിന്ന വേദനയുടെ അവസാനത്തെ തുള്ളിയെക്കൂടി ആഴങ്ങളിലേക്ക് തള്ളിവിട്ടു. പിന്നെ ബാഗിൽനിന്നും കവറെടുത്ത് പൊട്ടിച്ചു എക്സ്ട്രാ ലാർജ് സൈസിലുള്ള കുറെ പാഡുകൾ വാരിയെടുത്ത് പുതിയ പാന്റീസിൽ ചേർത്തുവെച്ച് ധരിച്ചു... വാഷ്ബേസിൽ വെച്ച് കൈകളും മുഖവും അണുനാശക സോപ്പു തേച്ചു നന്നായി കഴുകി, കണ്ണാടിയിൽ പാറിക്കൂടിയ നീരാവി തുടച്ചുമാറ്റി സ്വന്തം പ്രതിരൂപത്തെ ഒന്നുകൂടി വെളിപ്പെടുത്തി.
ഡ്രൈവർ സീറ്റിലിരുന്ന് അക്ഷമ പതപ്പിക്കുകയായിരുന്ന ലൂയിസിനെ ഗൗനിക്കാതെ ചിത്രാഞ്ജലി വണ്ടിക്കകത്തേക്ക് കയറി.
‘‘ഇപ്പോൾ സുഖം തോന്നുന്നുണ്ടോ?’’
സ്ത്രീകളിലാരോ ചോദിച്ചു.
‘‘പരമസുഖം...’’ ചിത്രാഞ്ജലി ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് സീറ്റിലമർന്നു.
വണ്ടി കട്ട് റോഡ് താണ്ടി മെയിൻ റോഡിലേക്ക് തിരിയാൻ നേരം ലൂയിസ് ഒരു ശീലംപോലെ ഇത്തിരി നേരം ചവിട്ടിനിന്നതു കണ്ട് ഫ്രാൻസിച്ചേട്ടൻ ചോദിച്ചു.
‘‘ഇടത്തോട്ട് തിരിഞ്ഞാൽ നേരെ ഹെഡ് ഓഫീസിലെത്താം, അതല്ല വലത്തോട്ട് വെച്ച് പിടിച്ചാൽ സ്റ്റേറ്റ് ബോർഡർ... പിന്നെ നിറയെ ടൂർ സ്പോട്ടുകൾ... എന്താ വേണ്ടത് മേനോൻ സാറെ?’’ ദേവദാസ് മേനോൻ വാച്ചിലേക്കു നോക്കി പറഞ്ഞു:
‘‘നേരം പുലരുന്നത് ഒരന്യ സംസ്ഥാനത്തിലാവട്ടെ, അല്ലേ ഫ്രാൻസിച്ചേട്ടാ.’’
‘‘ലൂയിസെ, വിട്ടോ റൈറ്റിലേക്ക്.’’ ഫ്രാൻസിച്ചേട്ടൻ അലറിവിളിച്ചു. അതിനകം ഫിക്സ് ചെയ്ത ഡ്രിങ്ക് സീനിയർ മാനേജർക്ക് നൽകാൻ താമസിച്ചതുമില്ല.
ഇനി ആരെ നോക്കാനാ, അല്ലേ സാറെ.