ഡിപ്സ്റ്റിക്

അങ്ങനെ നാൽപത്തിമൂന്നാമത്തെ വയസ്സിൽ ബാല വീണ്ടും ഗർഭിണിയായി. ഒരു തണുത്ത വെളുപ്പാൻകാലത്ത്, മൂന്നു മണിക്കേ എഴുന്നേറ്റ്, ഡിപ്സ്റ്റിക്കിൽ ശ്രദ്ധയോടെ അഞ്ചാറ് തുള്ളി മൂത്രം ഇറ്റിച്ച് അവൾ പ്രതികാരേച്ഛയുള്ള വിജയം ഉറപ്പുവരുത്തി. ശേഷം കുളിമുറിയിൽനിന്നും കിടപ്പുമുറിയിലെ അരണ്ട വെളിച്ചത്തിലേക്ക് ഓടിക്കയറി. അന്നേരം അവളുടെ മഞ്ഞനിറമുള്ള അടിവയറ്റിൽ ആരോ കനത്ത ചുണ്ടുകൾ അമർത്തി ഇക്കിളി പടരുംവിധം ആഴത്തിൽ ഒരുമ്മ കൊടുത്തതായും തോന്നി!അന്ന്, ഇരുപത്തിരണ്ട് വർഷം...
Your Subscription Supports Independent Journalism
View Plansഅങ്ങനെ നാൽപത്തിമൂന്നാമത്തെ വയസ്സിൽ ബാല വീണ്ടും ഗർഭിണിയായി. ഒരു തണുത്ത വെളുപ്പാൻകാലത്ത്, മൂന്നു മണിക്കേ എഴുന്നേറ്റ്, ഡിപ്സ്റ്റിക്കിൽ ശ്രദ്ധയോടെ അഞ്ചാറ് തുള്ളി മൂത്രം ഇറ്റിച്ച് അവൾ പ്രതികാരേച്ഛയുള്ള വിജയം ഉറപ്പുവരുത്തി. ശേഷം കുളിമുറിയിൽനിന്നും കിടപ്പുമുറിയിലെ അരണ്ട വെളിച്ചത്തിലേക്ക് ഓടിക്കയറി. അന്നേരം അവളുടെ മഞ്ഞനിറമുള്ള അടിവയറ്റിൽ ആരോ കനത്ത ചുണ്ടുകൾ അമർത്തി ഇക്കിളി പടരുംവിധം ആഴത്തിൽ ഒരുമ്മ കൊടുത്തതായും തോന്നി!
അന്ന്, ഇരുപത്തിരണ്ട് വർഷം മുമ്പ്, ശിബിയെ ഗർഭിണിയായ വേളയിൽ ഇക്കിളിയോ ഡിപ്സ്റ്റിക്കിലെ മാന്ത്രിക വരകളോ ഒന്നും അവൾ അനുഭവിച്ചിരുന്നില്ല. കഴുത്തിൽ കുത്തിപ്പിടിച്ചൊരു ഛർദിയാണ് കഥയെല്ലാം പുറത്താക്കിയത്. ഒരു ആവിയന്ത്രത്തിന്റെ ഇരമ്പൽ ഉണ്ടായിരുന്ന ആ ഛർദിയിൽനിന്നും അമ്മാവിയമ്മ അക്കാര്യം വായിച്ചെടുത്തു. തൊണ്ടിമുതലോടെ ഒരു കള്ളനെ പിടികൂടിയ ഒരു മന്ത്രവാദിനിയുടെ ആവേശമുണ്ടായിരുന്നു അവർക്ക്. ബാലക്കാണെങ്കിൽ, ഈ പ്രപഞ്ചത്തോളം വളർന്നു മുറ്റിയ ഒരു മഹാ അപരാധം ചെയ്തെന്ന തോന്നലും!
‘‘കൊച്ചു കള്ളീ… ഒന്നരമാസത്തിനുള്ളിൽ ഒപ്പിച്ചു കളഞ്ഞല്ലോടീ…’’ എന്നവർ പറഞ്ഞതിലെ ‘ഒപ്പിക്കൽ’ എന്ന വാക്ക് മുലക്കണ്ണുകളിൽ തേച്ച കട്ടിച്ചെന്നായത്തിന്റെ കയ്പിനേക്കാളും ഏറെനാൾ ഉള്ളിൽ കയ്ച്ചും കനച്ചും കിടന്നു. അന്നൊന്നും ഡിപ്സ്റ്റിക്കിനെക്കുറിച്ചൊന്നും അവൾക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ രണ്ടു തവണയും അതിൽ ഒറ്റവര മാത്രമേ തെളിഞ്ഞിരുന്നുള്ളൂ. ഇത്തവണ അത് ഒരു തേരട്ടയുടെ ചുവപ്പായി. മാസമുറ പിണങ്ങിയ ഒമ്പതാമത്തെ ദിവസമായിരുന്നു അത്. ഒരു ഗർഭപാത്രത്തിനുള്ളിലെന്നോണം ശിശുസഹജമായ നിഷ്കളങ്കതയോടെ അർധ ചന്ദ്രാകൃതിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദർശനെ അന്നേരം അവൾ അരക്കെട്ടിൽ തട്ടി ഉണർത്തി. ഇരട്ട വര വീണ ഡിപ്സ്റ്റിക് എടുത്ത് കണ്ണിനു നേരെ പിടിച്ച് കാണിച്ചുകൊടുത്തു.
ഉറക്കവലക്കണ്ണികൾ തൂത്തുകളഞ്ഞ് ദർശൻ അവളെ അടിവാരം പൂക്കുംവിധം തന്നിലേക്ക് ചേർത്തുപിടിച്ചു. പിന്നെ ആ കണ്ണുകളിൽ തേൻമണമുള്ള മൂന്ന് ഉമ്മകൾ കൊടുത്തു. വേഗം ബാത്ത് റൂമിലേക്ക് പാഞ്ഞ് രാത്രി മുഴുവൻ കെട്ടിനിർത്തിയിരുന്ന മൂത്രശങ്കയെ ലിംഗകവാടത്തിന്റെ ഷട്ടറുകൾ തുറന്ന് ആശ്വാസത്തോടെ ഒഴുക്കിവിട്ടു. മടങ്ങിവന്ന് അവളുടെ നിശ്ചയദാർഢ്യമുള്ള കൈകൾ എടുത്ത് മടിയിൽ െവച്ചു. പിന്നെ ആ പുലർച്ചക്ക് ഇണങ്ങുന്ന വികാരാർദ്രതയോടെ ചോദിച്ചു:
‘‘സന്തോഷമായില്ലേ? ഈ ഭൂമിയിലെ കോടാനുകോടി ജീവികൾക്കൊപ്പം ജീവിക്കുന്നതായി തോന്നുന്നില്ലേ?’’
അവൾ മറുപടിയൊന്നും പറയാനാകാതെ വാക്കുകളുടെ ചെളിക്കെട്ടിൽ കഴുത്തറ്റം പുതഞ്ഞുനിന്നു. ഇനി വഴുക്കലുള്ള വർത്തമാനങ്ങളില്ല. മുന്നോട്ട്. മുന്നോട്ട് മാത്രം. ഈ ദിവസത്തിന്റെ ഓർമത്താളിൽ സൂക്ഷിക്കാനായി മാത്രം ബാല ചിലതൊക്കെ മുമ്പേ കരുതിെവച്ചിരുന്നു. പത്തുമണി കഴിഞ്ഞയുടൻ ഫോറസ്റ്റ് ലൈനിനുള്ള കൃഷിഭവനിൽ പോയി തണ്ടിന് കനമുള്ള ഒരു തേക്കിൻതൈ വാങ്ങി. ദർശൻ വെയിലുള്ള വീട്ടുമുറ്റത്ത് അരയോളം ആഴമുള്ള ഒരു കുഴി എടുത്തു. രണ്ടുപേരും ഓരോ കപ്പ് വെള്ളം അതിന്റെ ചുവട്ടിൽ ഒഴിച്ചു. നനവ് ഒരു സ്നേഹംപോലെ ചുറ്റിലും പടർന്നു. പിന്നെ അവർ നഗരത്തിലെ പ്രമാദമായ ഒരു ചിട്ടിക്കമ്പിനിയിൽ പോയി. ഇരുപത് ലക്ഷത്തിന്റെ ഒരു ചിട്ടിയിൽ ചേർന്ന് ഉദരപ്പൊടിപ്പിന്റെ ഭാവി ഇൻഷുർചെയ്തു. കൺപോളകളിൽ ചായത്തിളക്കത്തോടെ ഇരുന്ന മാനേജർ അതീവ സന്തുഷ്ടയായി. അവർ പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ഒരു ഡയറിയും രണ്ട് കലണ്ടറും അവർക്ക് സമ്മാനിച്ചു. പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു അന്നേരം.
അവിടെനിന്ന് നടന്നുപോകാവുന്ന അകലത്തിൽ ഒരു വെജിറ്റേറിയൻ ഹോട്ടലുണ്ടായിരുന്നു. ഫാമിലി റൂമിന്റെ തണുപ്പിലിരുന്ന് അവർ ഓരോ മസാലദോശയും സ്പെഷ്യൽ ഫിൽട്ടർ കോഫിയും കഴിച്ചു. കാപ്പി ഉദാത്തമായൊരു ഉന്മേഷം അവരുടെ ഞരമ്പുകളിൽ വിതറിയിട്ടു. കാപ്പിപ്പാട മീശ വരച്ച ചിറി തുടച്ച് പുറത്തിറങ്ങുമ്പോൾ ഒരു നാടോടി സ്ത്രീ ആറുമാസം പ്രായം വരുന്ന ഒരു കുഞ്ഞിനെയും ഒക്കത്തുെവച്ച് അവരുടെ മുന്നിൽ വന്ന് കൈ നീട്ടി.
‘‘കൊച്ചിനെ വെയിലു കൊള്ളിക്കാതടീ...’’
എന്ന് ഉച്ചത്തിൽ അവരെ ആട്ടിയിട്ട് ബാല ജീൻസിന്റെ പിൻപോക്കറ്റിൽനിന്നും ഒരു അമ്പത് രൂപയുടെ നോട്ടെടുത്ത് കൊടുത്തു. ദർശൻ ആ നാടോടി സ്ത്രീക്ക് ബാങ്ക് മാനേജർ സമ്മാനിച്ച കലണ്ടറുകളിൽ ഒന്നെടുത്ത് നീട്ടി. അവർ അത് വാങ്ങി കണ്ണിൽ െവച്ചു. പിൻസഞ്ചിയിൽ തിരുകി. ബാല അന്നേരം ദർശനെ ഉയർന്നു നോക്കി. ‘‘അവർക്ക് ഉപകാരപ്പെടും. നമ്മളേക്കാൾ…’’ ദർശൻ പറഞ്ഞു.
ഒന്നര മണിയോടെ അവർ വീട്ടിൽ മടങ്ങിയെത്തി. വന്നയുടൻ അവൾ മറ്റെല്ലാം മാറ്റിെവച്ച് ഇരുപത്തിമൂന്ന് വർഷം പഴക്കമുള്ള അവരുടെ കല്യാണ ആൽബം പുറത്തെടുത്തു. തുറക്കുമ്പോൾ പഴയൊരു ഇരുമ്പു വാദ്യത്തിന്റെ മുഴക്കമുള്ള തടി അലമാരയിലെ കീഴ്ത്തട്ടിൽനിന്നാണ് അതെടുത്തത്. ഉദ്ഖനനം നടത്തുന്ന ഒരു പുരാവസ്തു പര്യവേക്ഷകയുടെ ആകാംക്ഷ അത് വീണ്ടും തുറന്നു കാണുന്നതിൽ അവൾക്കുണ്ടായിരുന്നു.
‘‘ഓഹോ... ഇതിപ്പോഴും ഉണ്ടോ?’’ എന്ന് അന്നേരം ദർശൻ ചോദിച്ചു. തുണികളെല്ലാം അഴിച്ചുമാറ്റി ഒരു നീലനിറമുള്ള അടിവസ്ത്രത്തിൽ നിൽക്കുകയായിരുന്നു അവൻ. ഒരു പച്ചത്തവളയുടെ വയറിനെ ഓർമിപ്പിച്ച അയാളുടെ കുലുങ്ങിയുള്ള ചിരി അവൾക്കത്ര ബോധിച്ചില്ല.
ചുവന്ന വെൽവെറ്റ് പുറംചട്ടയായിരുന്നു, ആ ആൽബത്തിന്. തൊടുമ്പോൾ നനുത്ത കുഞ്ചിരോമങ്ങളുടെ മിനുമിനുപ്പ്. വർഷങ്ങളോളം അനക്കമറ്റ് കിടന്നതിനാൽ സ്പർശം ഏറ്റയുടനെ താളുകളിൽ ഉറങ്ങിക്കിടന്ന ചിത്രങ്ങൾ ഒരു ചവിട്ടുനാടകത്തിന്റെ അരങ്ങിലെന്നോണം പിടഞ്ഞെഴുന്നേറ്റു. വിയർപ്പുവാടയുള്ള ഒരു മുണ്ട് കുടഞ്ഞുടുത്ത് അന്നേരം അടുത്തുവന്നിരുന്ന ദർശന്റെ ഇടത്തേ തുടയിലേക്ക് അവൾ അതിന്റെ കനമുള്ള മുൻതാൾ പകുത്ത് നിവർത്തിെവച്ചു. താളുകൾ ഓരോന്നായി മറിയവെ, ജിമിക്കി കമ്മലുകൾ ഇട്ട ഒരു നാണം ബാലയുടെ ചീർത്ത കവിളിൽനിന്നും പുറത്തേക്ക് ഒഴുകിയിറങ്ങി. കനത്ത ചുണ്ടുകൾ അല്ലിയല്ലികളായി വിടർന്ന് ഒരു പാൽപ്പുഞ്ചിരി പൂത്തു. തുടർന്ന് കണ്ണുകളിൽ സ്വപ്നങ്ങൾ വേഗച്ചുവടുകൾ െവച്ചു. ഒരു ചിരി പാതിവഴിയിൽ വായ് പൊത്തി നിന്നു. കാക്കക്കാൽ ഓടിയ നെറ്റിത്തടത്തുനിന്നും രണ്ട് പതിറ്റാണ്ടു കാലം പൊടിഞ്ഞുവീണു. ഉള്ളംകാൽ പൊള്ളിയ ഒരു നായയെപ്പോലെ താളുകൾ പിന്നെ കൊന്നി കൊന്നി പിന്നിലോട്ടു പാഞ്ഞു.
ഫോട്ടോകൾക്കിടയിൽ കടന്ന് കാറ്റ് ധൃതികൂട്ടി. ‘‘ആ ഫാൻ ഒന്ന് കുറയ്ക്ക്…’’ ദർശൻ പറഞ്ഞു. ബാല അത് കേട്ടില്ല.
അന്നേരം ഇറങ്ങിപ്പോരാനാകാത്തവിധം അവൾ ആ ആൽബത്തിനുള്ളിലേക്ക് ഏറെ ദൂരം കയറിപ്പോയിരുന്നു. ദർശനും പതിയെ അതിനുള്ളിലേക്ക് നടന്നുകയറി. കൈ പിടിച്ചുകുലുക്കുന്ന സ്നേഹിതർ. അവർ പറയുന്ന ആശംസകൾക്ക് പഴംകറികളുടെ ഗന്ധം! തോളിൽ തട്ടുമ്പോൾ കൂടം വീഴുന്ന നോവ്.
ഉടുപ്പിന്റെ കൈ മുട്ടോളം തെറുത്ത് കയറ്റുമ്പോൾ വല്ലാതെ ബലം പിടിച്ചു. ഉയരം കൂടിയ കറുത്ത ലെതർ ചെരിപ്പിലേക്ക് കാലുകൾ കടത്തിയതും അത് വിരൽത്തുമ്പിൽ കൊത്തി. കാൽ മടമ്പിൽ തൊട്ടുനിന്ന മുണ്ടിന്റെ കരയിൽ കാലം തിരയിളക്കി. അറബി സമ്മാനിച്ച വലിയ ഡയൽ ഉള്ള വാച്ച് സമയം തെറ്റിച്ച് കൊഞ്ഞനം കുത്തി. താലികെട്ടുന്ന താളിന്റെ കരയിൽ അവർ കുറച്ചു നേരം ആശങ്കകളോടെ നിന്നു. പിന്നെ പതിയെ മണ്ഡപത്തിലേക്ക് കയറി. കറുത്ത ചട്ടയണിഞ്ഞ രണ്ട് സ്റ്റിൽ കാമറകളുടെ വലിയ കണ്ണുകൾ ‘ക്വിൽ ക്വിൽ’ എന്ന് മിന്നിയടഞ്ഞു. നാഗസ്വരം. തകിൽ. ഒരു വീഡിയോ കാമറ വിയർത്തും വിയർപ്പൊപ്പിയും വെളിച്ചത്തിനൊപ്പം അവിടമാകെ ഒഴുകിനടക്കുന്നു.
ആരോ ഒരാൾ ഒരു നേർത്ത ചരട് വലിച്ചപ്പോൾ വിവാഹ മണ്ഡപത്തിനുള്ളിൽനിന്നും പൂക്കൾ ചിതറി. ഭാരമുള്ള മെറൂൺപട്ടു സാരിയിൽ ബാല അമിതഭാരം കയറ്റിയ ഒരു കപ്പലായി പുതഞ്ഞുനിന്നു.
മൂന്ന് പായസവും രസകദളി പഴവും ചേർത്ത് കലാശം ഒരുക്കിയ കല്യാണസദ്യ ബാലയുടെ അടിവയറ്റിൽ കിടന്ന് തപ്പും തകിലും കൊട്ടി. ദർശന്റെ മൂക്കിൽ പുളിയിഞ്ചിയുടെ കൂർത്ത മണം ഒരു ആവി തീവണ്ടി ഓടിച്ചു. അന്നവൾ രണ്ടാം വർഷ ബിരുദ പരീക്ഷ നെടുകെ മുറിച്ചിട്ടിട്ടാണ് വിവാഹ മണ്ഡപത്തിലേക്ക് ഓടിക്കയറിയത്. മുറിഞ്ഞ വാൽ നെഞ്ചിൽ കിടന്ന് പടപടാന്ന് തുടിച്ചു. അവൾക്കന്ന് ഇരുപത് വയസ്സും പതിനഞ്ച് ദിവസവും! ഇന്നത്തെപ്പോലെ ഒരു വെള്ളിയാഴ്ച. അവളുടെ ഇറുകിയ ബ്ലൗസിനു കീഴെ ഉത്കണ്ഠകൾ വിയർപ്പു ചാലിച്ച് പപ്പടവട്ടം വരച്ചു. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാൾ ശേഷിച്ച പരീക്ഷകൾകൂടി എഴുതാൻ പോകണം, എന്നവൾ പറഞ്ഞപ്പോൾ അവൻ അവളുടെ ഒതുങ്ങിയ അരക്കെട്ടിൽ തഴമ്പ് കനത്ത കൈകൾകൊണ്ട് അമർത്തിപ്പിടിച്ചു. അതൊരു വെളുപ്പാൻകാലമായിരുന്നു.
‘‘നീ ഇനി ഈ വീടിന്റെ ധനതത്ത്വശാസ്ത്രം നോക്കിയാൽ മതി” എന്നവൻ കാതിൽ ചിരിയുടെ പൂക്കുല ചിതറിച്ചു. അവൾ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് ഓടി. ബീഡിപ്പുകയുടെ വാട ഓക്കാനത്തോടെ ചുണ്ടിൽനിന്നും കഴുകിക്കളഞ്ഞു.
വിദഗ്ധനായ ഒരു ക്രെയിൻ ഓപറേറ്ററായിരുന്നു ദർശൻ. അവനന്ന് സൗദി അറേബ്യയിലെ ഒരു ഇടത്തരം എണ്ണക്കമ്പനിയിലായിരുന്നു ജോലി. ഒട്ടകത്തോളം ഉയരമുണ്ടായിരുന്ന ഒരു കറുത്ത അറബിയായിരുന്നു അവന്റെ ബോസ്. ‘‘എനിക്ക് വിവാഹം കഴിക്കണം, നാട്ടിൽ പോകണം’’ എന്നവൻ പറഞ്ഞപ്പോൾ അയാൾ അവന്റെ ഇരുമ്പുറപ്പുള്ള കൈകളിൽ അമർത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു:
‘‘നീ ആ പെണ്ണിനെ ഒറ്റമാസത്തിനുള്ളിൽ ഗർഭിണിയാക്കും. അവൾ എട്ടാം മാസത്തിൽ നിനക്കൊരു മീശയുള്ള ആൺകുട്ടിയെ തരും.’’ ചിരിച്ചുകൊണ്ടയാൾ എന്നിട്ട് അവന്റെ കനത്ത ഭുജങ്ങളിൽ ആരാധനയോടെ രണ്ട് ഇടി ഇടിച്ചു. ആ ഇടിയിൽ ഭൂമിയിലെ ഏറ്റവും കരുത്തുറ്റ പുരുഷലിംഗങ്ങളിൽ ഒന്നാണ് അവന്റേത് എന്ന സാക്ഷ്യപത്രവും ഉണ്ടായിരുന്നു. കടൽ കാറ്റടിച്ചിട്ടാകണം, അപ്പോഴേക്കും ദർശന്റെ നീളൻമുടി ചെമ്പിക്കാൻ തുടങ്ങിയിരുന്നു.
കമ്പനിയിൽ ധാരാളം പണിയുണ്ടായിരുന്ന ഒരു വേനൽക്കാലമായിരുന്നു അത്. അതിനാൽ രണ്ടു മാസത്തിൽ കൂടുതൽ അയാൾ അവന് അവധി നൽകിയില്ല. പോരാത്തതിന് ആദ്യം സമ്മതിച്ച ഒന്നരമാസം എന്നത് വെറും ഒരു മാസമായി വെട്ടിക്കുറക്കുകയുംചെയ്തു. യാത്ര പുറപ്പെടുമ്പോൾ, വിവാഹസമ്മാനമായി കറുത്ത ഡയലുള്ള ഒരു വാച്ച് കൊടുത്തിട്ട് അറബി ചെറിയ കണ്ണുകൾ ഇറുക്കി, കനത്ത ഒച്ചയിൽ പറഞ്ഞു:
‘‘പോയി വാ… ഇടയ്ക്കിടയ്ക്ക് സമയം നോക്കിക്കോ, നിനക്ക് ഒരു മാസംതന്നെ ധാരാളം.’’
വിവാഹം ഉറപ്പിച്ച നാളുകളിൽ ദർശൻ പലവട്ടം ബാലയെ ഫോണിൽ വിളിച്ചിട്ടുണ്ട്. ആ നാലഞ്ച് വിളികളിൽ മുഴുവൻ ഉഷ്ണക്കാറ്റിന്റെ ലൈംഗികാലിംഗനമുള്ള വർത്തമാനങ്ങളുമായിരുന്നു.
കറുത്ത തുണികൊണ്ട് മുഖം മറച്ച് തൂക്കുകയറിന് മുന്നിലേക്കുള്ള ഒരു യാത്ര അവൾ തുടർന്നുള്ള നാലഞ്ചു രാത്രികളിൽ സ്വപ്നവും കണ്ടു. ചങ്ങലക്കുടുക്കുകൾക്കുള്ളിൽ കൂറ്റൻ ലോഹ പൈപ്പുകൾ കയറ്റുന്ന ഒരു ക്രെയിൻ ഓപറേറ്ററോടൊത്തുള്ള തന്റെ രാത്രികൾ എത്രമാത്രം ഇരുൾ നിറഞ്ഞതായിരിക്കും എന്നോർത്ത് പിന്നീട് അവൾക്ക് ഒട്ടും ഉറങ്ങാനായില്ല. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബ് വീഴാൻ സാധ്യതയുള്ള ഒരു കറുത്ത ഭൂഖണ്ഡമായി അവൾ സ്വന്തം ഉടലിനെ കണ്ടു. വിവാഹത്തലേന്ന് ആത്മഹത്യ ചെയ്താലോ എന്ന് പുലർച്ചെ മൂന്നുമണി വരെ ചിന്തിച്ചു! ജപമാലയുമായി അന്ത്യദിനങ്ങളിലേക്ക് പോകുന്ന ഒരാളെപ്പോലെ അവൾ ഒരുപാട് ഇഷ്ടങ്ങൾ അമ്മയോട് പറഞ്ഞു.
കൈ നിറയെ കുപ്പിവളകൾ ഇടണം. കാലിലും കൈയിലും മൈലാഞ്ചി ഇടണം. ഉപ്പുമാങ്ങ തിന്നണം. ഊഞ്ഞാലിലിരുന്ന് ആടണം...
വിവാഹദിവസം രാവിലെ അവൾ നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ഒത്തിരി കരഞ്ഞു.
പുട്ടു പുഴുങ്ങുന്ന മട്ടിലൊരു ജീവിതമായിരുന്നു പിന്നീടവളുടേത്.
എണ്ണമറ്റ ഒത്തുതീർപ്പുകൾക്കു മുന്നിൽനിന്ന് പാകത്തിൽ നനഞ്ഞു. സ്വസ്ഥത എന്ന തണലിനു വേണ്ടി പതം വരുവോളം കുഴഞ്ഞു. സമാധാനം എന്ന ആശ്വാസ കുറ്റിയിൽ നിറയുംവരെ കയറി. പ്രശ്ന പരിഹാരങ്ങളുടെ ആവിയിൽ ഇരുന്ന് ആവോളം പുഴുങ്ങി. പലരുടെ വിശപ്പിനു മുന്നിലും ചൂടോടെ നിരന്നു. കണ്ടവരും കേട്ടവരുമെല്ലാം പൊടിച്ചുടച്ച് തിന്നു. അങ്ങനെ അടുക്കളപ്പുറത്തൊരു അടത്തുണി. വരാന്തയിൽ ഒരു ചവിട്ടി. കുളിമുറിയിൽ കരപ്പനടിച്ച ഒരു തോർത്ത്. കിടക്കയിൽ ചവിട്ടി മൂടാനുള്ള പുതപ്പ്. മുറ്റത്തൊരു കുറ്റിച്ചൂൽ. തേഞ്ഞ ഒരു ഹവായ് ചെരുപ്പ്. ജീവിതമെന്ന വിരലിന്റെ വേഗം കുറഞ്ഞു. നഖം ചന്ദ്രക്കലകൾ പോലെ തേഞ്ഞു. കഴുകി കമിഴ്ത്തിയ സങ്കടങ്ങളിൽനിന്നും വാർന്നു പോകാതെ സ്വപ്നങ്ങൾ നനവോടെ നിന്നു.
അന്നേരം അവർ ആ ആൽബത്തിന്റെ അവസാന താളുകളിലായിരുന്നു. തിടുക്കത്തിൽ അവളുടെ അമ്മ അതിൽനിന്നൊരു താളിൽനിന്നും ഇറങ്ങി വന്നു. ‘‘നിനക്കിതൽപം നേരത്തേ ആയിക്കൂടായിരുന്നോ? വയസ്സാംകാലത്തിട്ട് എന്നെ ബുദ്ധിമുട്ടിക്കാൻ…?’’ എന്നവർ ചോദിച്ചു.
വിവാഹ മണ്ഡപത്തിൽനിന്നും ദർശന്റെ വീട്ടിലേക്ക് തിരിക്കുവാൻ കാറിൽ കയറുന്ന ചിത്രത്തിൽനിന്നാണ് അതു ചോദിക്കാൻവേണ്ടി മാത്രം ഇറങ്ങിവന്നത്. അവർക്ക് പ്രായത്തിന്റെ വിവശതകളുണ്ടായിരുന്നു.
ബാല അമ്മയുടെ വേവലാതിയെ കടുകുമണിയോളവും ചോരാതെ ചേർത്തുപിടിച്ചു. ആ ഉടലിൽ സാമ്പാറും പാൽപായസവും കുഴഞ്ഞ സദ്യയിലയുടെ മണമുണ്ടായിരുന്നു. ആൽബത്തിലെ മങ്ങിത്തുടങ്ങിയ ആ താളിൽ ഹാരം അണിഞ്ഞ ഒരു മാർക് ഫോർ വെളുത്ത അംബാസിഡർ കാർ മുൻവാതിൽ തുറന്നു പിടിച്ച് ഇരമ്പിനിന്നു. ഒരു വാക്കും നിലത്തു വീഴ്ന്നുപോകാത്ത വിധം ശ്രദ്ധയോടെ അവൾ അമ്മയുടെ ചെവിയോട് ചേർന്നുനിന്ന് പറഞ്ഞു:
‘‘നിങ്ങൾക്കു വേണ്ടിയാണ് ഞാൻ ഇരുപതാമത്തെ വയസ്സിൽ വിവാഹം കഴിച്ചത്. ഇരുപത്തിയൊന്നിൽ സിബിയെ പെറ്റത്. ഓയിൽ മണമുള്ള കിതപ്പും െക്രയിനിന്റെ കുതിപ്പും ഏറ്റുവാങ്ങിയത്. ഇതിപ്പോൾ എനിക്കുവേണ്ടിയാണ്. ജീവിച്ചതിന് ഒരു അടയാളം.’’
ബാലക്ക് അമ്മ എന്നാൽ കലർപ്പില്ലാത്ത ഒരു വയൽപ്പൂവിന്റെ സ്നേഹമായിരുന്നു. മഞ്ഞുവീഴ്ചയുള്ള ഒരു പുലർച്ചെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ ഭർത്താവ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു വാഴയിലയിൽ തെക്കോട്ടിറങ്ങിക്കിടന്നപ്പോൾ അവർക്ക് പ്രായം ഇരുപത്തിയൊമ്പത് വയസ്സ്! അന്നുമുതൽ സ്വന്തം ജീവിതത്തിൽ തിളച്ചുതൂവേണ്ട ആനന്ദങ്ങൾ മറന്ന് അവർ ഒറ്റ മകൾക്കുവേണ്ടി ജീവിച്ചു.
കുറേ നാളായി മാറ്റിെവച്ചിരുന്ന കിലുക്കുള്ള വെള്ളി പാദസരം എടുത്ത് കാലിലെടുത്തണിഞ്ഞുകൊണ്ട് ബാല അമ്മയെക്കുറിച്ചോർത്തു. ഒപ്പം ഉണ്ടായിരുന്നെങ്കിൽ പാവം ഇപ്പോൾ വയറിലും കാലിലുമൊക്കെ തടവി തന്നേനെ! ഇലയടയും കൊഴുക്കട്ടയും ചക്കപ്പുഴുക്കുമൊക്കെ ഉണ്ടാക്കി തന്നേനെ. കട്ടിലിന്റെ കീഴെ പനമ്പായ നിവർത്തി നായ്ക്കുഞ്ഞിനെപ്പോലെ ചുരുണ്ടു കിടന്നേനെ. ചരിഞ്ഞാലും മറിഞ്ഞാലുമൊക്കെ വഴക്കു പറഞ്ഞേനെ. അടിവയറിന്റെ തൂക്കം നോക്കി കുട്ടി ആണാണോ പെണ്ണാണോ എന്ന് പറഞ്ഞേനെ! അവൾ അമ്മയിലേക്കെത്തുന്ന ഒരു ദീർഘനിശ്വാസത്തെ ആയത്തിൽ ഉയരങ്ങളിലേക്ക് അഴിച്ചുവിട്ടു. ശിബിക്ക് ചിത്രകഥയിലെ കുട്ടിച്ചെകുത്താന്റെ മുഖമായിരുന്നു. രക്തംവരെ ഉറുഞ്ചിയെടുക്കുന്ന അവന്റെ മുലകുടി! രാത്രിക്കും പകലിനും മീതെ ഒരുപോലെ കരച്ചിൽ ചൊരിയുന്ന കീറ്റുവാങ്കറ! മൂത്രം ഒഴിച്ചും മലം തെറിപ്പിച്ചുമുള്ള കൊടും വെറുപ്പിക്കൽ..!
സ്വപ്നങ്ങളുടെ കിളുന്തു കൈകൾ അരിഞ്ഞുകളഞ്ഞതിന്, പ്രതീക്ഷകളുടെ തായ് വേരറുത്തതിന്, സ്വാതന്ത്ര്യത്തെ കട്ടിത്തുടലിട്ട് പൂട്ടിയതിനെല്ലാം അമ്മയുടെ തലയിൽ കരിന്തേൾ പുഴുക്കണേ, എന്നവൾ പ്രാകിയിട്ടുണ്ട്. ഉറക്കത്തിൽ ശിബി സൂചിക്കുത്തേറ്റപോലെ ഞെട്ടിയുണർന്ന് കരയുമ്പോൾ അവൾ തലമുടി പിന്നി വാരിയെറിഞ്ഞ് ഇങ്ങനെ സങ്കടപ്പെട്ടു:
‘‘ദൈവമേ… ഇതിനൊക്കെ ഞാൻ എന്തു പാപംചെയ്തു?’’
അതു കേൾക്കുമ്പോൾ അമ്മ പറയും:
‘‘നീ കിടന്ന് ഉറങ്ങിക്കോ… കൊച്ചിനെ ഞാൻ നോക്കിക്കൊള്ളാം.”
‘‘എന്തരിന്? അതിനെന്നെ ഏതു നേരവും കറക്കണ്ടേ? നിങ്ങള് തുറന്നിട്ടു കൊടുക്കുമോ, കറക്കാൻ?’’
അവൾ നാണവും മാനവുമൊക്കെ ഉരിഞ്ഞുകളഞ്ഞ് ഉച്ചത്തിൽ ചോദിച്ചു.
കാലത്തിന്റെ കൂകിപ്പാച്ചിലിനെക്കുറിച്ചോർത്തപ്പോൾ ബാല അതിശയിച്ചു. അന്നത്തെ നാൽപത്തിമൂന്നുകാരിയായ അമ്മയിലേക്ക് താനിന്ന് ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗത്തിൽ സഞ്ചരിച്ചെത്തിയിരിക്കുന്നു! പൊടി ചുറ്റിയ ബോഗിയിൽ ഒടുക്കത്തെ യാത്രക്കാരിയുടെ അവശതകളോടെ ആടിയും ഉലഞ്ഞും! ബാല അവിശ്വസനീയതയോടെ തന്റെ മൂക്കുത്തിയിലെ നീലക്കല്ലിൽ തൊട്ടു. പിന്നെ ക്ഷീണിച്ച കൈകാലുകളിലേക്ക് നോക്കി. എല്ലാ പെൺമക്കളും അമ്മയിലേക്ക് ചാരിയ ഒരു ഏണിയാണ്. അതിലേക്കാണ് അവരുടെ സഞ്ചാരം. താനും അവിടേക്ക് സാവധാനം നടന്നുകയറുകയാണെന്ന് അവൾക്ക് ഒരിക്കൽക്കൂടി ബോധ്യമായി.
അവൾ കൊലുസ്സ് കിലുങ്ങെ നടന്നു. ദർശൻ അവളെ ഒളി കണ്ണാൽ നോക്കി. ബാലയുടെ മുന്നിൽ അമ്മയെന്ന ശൂന്യതക്കിപ്പോൾ മൂന്നു വയസ്സിന്റെ ചാവറിവ്. ശിബി കഴിഞ്ഞ മൂന്നു വർഷമായി ഹൈദരാബാദിലെ ഒരു ഐ.ടി കമ്പനിയിലാണ്. ദർശൻ ആയിടെയാണ് പ്രവാസം മതിയാക്കിയത്. ഒരു വൈകുന്നേരം ഷാർജയിൽനിന്നുള്ള ഒരു എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
ക്രെയിനുകളെ നിയന്ത്രിക്കുമ്പോൾ താനൊരു കിതയ്ക്കുന്ന നായയാണെന്ന് അപ്പോഴേക്കും അവന് തോന്നിത്തുടങ്ങിയിരുന്നു.
ഇപ്പോൾ ഓർമകൾ കടന്നൽകൂടൊരുക്കുന്ന ഈ വലിയ വീട്ടിൽ അവർ രണ്ടുപേർ മാത്രം. രാവിലെ എഴുന്നേറ്റ് വീടിന്റെ ഓരോ രഹസ്യമൂലകളിലും ചെളി കുഴച്ച് കൂടൊരുക്കാൻ വരുന്ന നിശ്ശബ്ദതകളെ ആട്ടിയോടിച്ച് കൂടുകൾ തട്ടിയുടയ്ക്കുക എന്നതാണ് ബാലയുടെ പ്രധാന ജോലി. അതു കഴിയുമ്പോൾ അവൾ പല ദിവസങ്ങളിലും ദർശനോട് പറയും:

‘‘ഒരിക്കൽ ആർക്കോ വേണ്ടി ഒഴുകിയ ഒരു പുഴ ഇപ്പോൾ നമുക്കുവേണ്ടി മാത്രം തിരിച്ചൊഴുകുന്നു. കുന്നിലേക്ക്. കുന്നിൽനിന്നും ഉറവയിലേക്ക്…’’
പകൽനേരങ്ങളിൽ അവൾ ഉച്ചത്തിൽ പാടാൻ മറന്നുപോയ പാട്ടുകളെ ഹൃദയക്കൂടിൽനിന്നും പറത്തിവിടും. ഒച്ചയന്നേരം ഒരു പശപോലെ തൊണ്ടയിൽ ഒട്ടിപ്പിടിക്കും. ഓർമകൾ ശൂലങ്ങളുമായി വന്ന് തൊണ്ടക്കുഴിയെ ആഴത്തിൽ കുത്തി വേദനിപ്പിക്കും.
‘‘കറങ്ങുമ്പോൾ വൃത്തം വരയ്ക്കുന്ന ഒരു പാവാട എനിക്കു വേണം’’, ഒരുദിവസം അവൾ ദർശനോട് പറഞ്ഞു.
“എന്തിന്?”
“നൃത്തം ചെയ്യാൻ.”
“നൃത്തം കറക്കമല്ലല്ലോ?” ദർശൻ നെയിൽ കട്ടർകൊണ്ട് കാൽനഖം മുറിക്കുകയായിരുന്നു. മരുഭൂമി വിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നഖങ്ങൾ മുറിക്കുമ്പോൾ അവന് വിരലുകളിൽ എണ്ണ മണക്കുമായിരുന്നു.
“എനിക്കിനി വൃത്തം വരയ്ക്കുന്ന നൃത്തങ്ങളേ ചെയ്യാനാകൂ...’’ അവൾ പറഞ്ഞു.
അത്തരം മൂന്നു പാവാടകൾ അവൾ വാങ്ങി. നൃത്തം അവളെ ഇടംവലം മൂടി.
അടുക്കളയിൽ മീൻ വറുക്കുമ്പോൾ അവൾ ഗുലാം അലിയുടെ പിടയ്ക്കുന്ന ഗസലുകൾകൂടി വറചട്ടിയിലേക്ക് ഇടും. ദർശൻ അന്നേരം അവളുടെ അരക്കെട്ടിൽ ഒരു കോരുവലയായി ചുറ്റും. എണ്ണയിൽ മൊരിയുന്ന ശീലുകൾ അവരുടെ മൂക്കുകളെ ഉന്മത്തമാക്കും. പൊള്ളുന്ന അയലയുടെയും വങ്കടയുടെയും നടുത്തുണ്ടങ്ങൾ അയഞ്ഞ ശീലുകൾ ചേർത്ത് നുള്ളി അവൾ അവന്റെ വായിലേക്ക് ഇട്ടുകൊടുക്കും. അവൻ അവളുടെ വിരലുകളിലെ പഴയ വിഷാദത്തെ പുതിയ ഒരു പ്രണയത്തോടെ കടിക്കും. ലോകം അവർക്കു മുന്നിൽ മേഘ വലിപ്പമുള്ള പ്രണയക്കുടകൾ നിവർത്തും. മൊരിഞ്ഞ മീൻകഷ്ണം വായിൽ െവച്ചു കൊണ്ട് “വാഹ്… വാഹ്…’’ എന്നവൻ പറയും. അവർ നനഞ്ഞ് നനഞ്ഞ് ഒഴുകും. മഴ തുള്ളിയിട്ടല്ല പെയ്യുന്നത്. ഒരൊറ്റ നൂലുപോലെ! പൊട്ടിച്ചെടുക്കാനാകാത്ത നീണ്ട ഒറ്റയൊറ്റ നാരുകൾ! ആദിയും അന്തവും ഇല്ലാത്ത നാരുകൾ!
തുണികൾ അടുക്കിവെക്കുമ്പോഴും വിരിക്കുമ്പോഴും അവൾ പാടി. കിഷോർ കുമാറിന്റെ, പങ്കജ് ഉധാസിന്റെ, ദാസേട്ടന്റെ ഒക്കെ പാട്ടുകൾ. നല്ല മൂഡിലാണെങ്കിൽ ഉച്ചമയക്കത്തിലേക്ക് കോട്ടുവായിടുമ്പോൾ ഉഷാ ഉതുപ്പിന്റെ കൂവലിലേക്ക് ചായും. സമയം ഏറെ ഉള്ളവർക്കുള്ള ബോണസാണല്ലോ, ഉച്ചമയക്കം. കുളിക്കുമ്പോൾ തെറിയും അശ്ലീലവും ഒക്കെ കലർന്ന പാരഡികളുടെ ജുഗൽബന്തി. ചിലപ്പോൾ കുളിമുറിയിൽനിന്നും നൃത്തത്തോടെ ഇറങ്ങിവരും. ദർശൻ അന്നേരം ഏതെങ്കിലും ജനാലയോ വാതിലോ ഒക്കെ തുറന്നു കിടപ്പാണോ എന്ന് നാലുപാടും ചിതറിനോക്കും.
‘‘എടാ, നിന്റെ അമ്മ ഒരു രക്ഷയുമില്ല! ആകെ ഒരു പ്രളയം തന്നെ..!’’
ദർശൻ ചിലപ്പോഴൊക്കെ നെഞ്ചും കക്ഷവും പുറത്തു കാട്ടുന്ന ബനിയനും അരയിൽ പാവാടച്ചുളുക്കുള്ള ബെർമൂഡയും ധരിച്ച് ബാംബു കർട്ടനിട്ട ബാൽക്കണിയിൽ കയറിനിന്ന് ശിബിയോട് പറയും. ഒച്ചയുടെ കഴുത്തിൽ കുരുക്കിട്ടുകൊണ്ടുള്ള പതിഞ്ഞ വർത്തമാനമായിരുന്നു അത്.
ചിലനേരം അവൾ മകനോട് ഏഷണിയുടെ പൊതിക്കെട്ടഴിക്കാൻ നിർലോഭം ദർശനെ പ്രോത്സാഹിപ്പിച്ചു. വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്ന അമ്മ അവനിലെ കൗമാരക്കാരനിൽ അസ്വസ്ഥത പടർത്തുമെന്ന് ബാലക്ക് ഉറപ്പായിരുന്നു.
ഉപ്പൂറ്റി വിണ്ടു കീറിയ പാദങ്ങളിൽ രക്തം പൊടിയുന്നതുവരെ നൃത്തംചെയ്തും തൊണ്ട ഞരമ്പുകൾ മണ്ണിരയുടെ കനത്തിൽ പിടയുന്നതുവരെ പാട്ടുകൾ പാടിയും നീല കാൻവാസിൽ കുതിച്ചുപായുന്ന വെള്ളക്കുതിരകളുടെ ചിത്രങ്ങൾ വരച്ചും ക്ഷമയോടെ കുഞ്ഞുടുപ്പുകൾ തുന്നിയും അവൾ ഓരോ ദിനവും നവോന്മേഷ ശാലിനിയായി. അത്തരം അർമാദിക്കലുകൾ അതിരുവിടുമ്പോൾ ദർശൻ വൃഷണങ്ങളിൽ വീക്കമുള്ള ഒരു കഴുതയുടെ കാമ പരവശതയോടെ കട്ടിലിൽ കയറി കമിഴ്ന്ന് കിടന്നുകൊണ്ട് അവളെ പുരുഷാധികാരത്തോടെ വിളിക്കും:
‘‘വാടീ…’’
തുണി മുറിക്കുന്ന നീളൻ കത്രികയോ ചായം മുക്കിയ ബ്രഷോ ഒക്കെ ഉയർത്തിക്കാണിച്ച് അന്നേരം അവൾ “നോ... നോ…’’ എന്ന് പറയും. പിന്നെ രണ്ടുപേരും ഒരു ചിരിയിലേക്ക് ചായും. ചിരിക്കുന്നേരം മുക്തി എന്നൊരു അർഥംകൂടി വരും. എത്രയോ കാലം പുറത്തിറങ്ങാതെ മാളത്തിൽ ഒളിച്ചിരുന്ന രണ്ട് മുഴുത്ത ചിരികൾ. അവ ചീറ്റിയും പുളഞ്ഞും ആടും. ലോകമേ കേൾക്ക്, കാണ് എന്ന ചടുലത. ആനന്ദം. ജീവിതമെന്ന വളയമില്ലാ ചാട്ടത്തെ തിരിച്ചുപിടിക്കൽ.
എല്ലാം കഴിയുമ്പോൾ അവൻ ചോദിക്കും:
‘‘പ്രായം എത്രയായെന്നാ വിചാരം? ചെറുക്കനെങ്ങാനും അറിഞ്ഞാലുണ്ടല്ലോ...’’
‘‘അറിഞ്ഞാലെന്തു ചെയ്യും? മൂക്കു ചെത്ത്വോ?” അവൾ എരിഞ്ഞ് കയറും.
അങ്ങനെ വെളുക്കുവോളം പലതും പറഞ്ഞ് കിടക്കും. തണുപ്പുണ്ടെങ്കിൽ നിർവാണത്തിനു ശേഷം
ഒരൊറ്റ പുതപ്പ്.
ഒരു സെക്കൻഡ് സൂചിയുടെ ഹൃദയമിടിപ്പുപോലും ഇല്ലാത്ത അവരുടെ കിടപ്പുമുറിയിൽ സാമാന്യം വലിപ്പമുള്ള രണ്ട് തൂക്കുവിളക്കുകളുണ്ടായിരുന്നു. അവ കെടുത്തി, ആകാശക്കോണിൽ മറിഞ്ഞു കിടക്കുന്ന ഏതെങ്കിലുമൊരു ഒറ്റനക്ഷത്രത്തെ നോക്കിനിന്ന് ഇരുപത് വയസ്സു മുതലുള്ള സ്വന്തം ജീവിതത്തെ ചില നേരങ്ങളിൽ അവൾ ഇങ്ങനെ ഏറ്റവും ചെറിയ വാക്കുകളിൽ ചുരുക്കിപ്പറയും:
‘‘വാതിലടച്ചാൽ വേണ്ടപ്പെട്ട ഒരാൾ എപ്പോഴും പുറത്താണെന്ന് തോന്നിക്കുന്ന ഒരു പെണ്ണിന്റെ ജീവിതമാണ് പുരുഷന്റെ പ്രവാസം.’’ അതു കേൾക്കുമ്പോൾ ദർശന് സങ്കടം വരും. അവൻ അവളെ ഒരു കടലോളം വാരിയെടുക്കും. ഉപ്പു കുന്നാക്കി കുറുക്കും.
പുലർച്ചകളിൽ അവർ ഇളിയിൽ കനത്ത ചരടുകളുള്ള ട്രാക്സ്യൂട്ടും ചിത്രശലഭങ്ങൾ പറന്നു കളിക്കുന്ന അയഞ്ഞ ടീ ഷർട്ടും ധരിച്ച് മ്യൂസിയം കോമ്പൗണ്ടിൽ നടക്കാനിറങ്ങും.
വീടിന്റെ മുകൾനില ഇപ്പോൾ ഇര വിഴുങ്ങിയ ഒരു പെരുമ്പാമ്പാണ്. ശിബി ബാംഗ്ലൂരിലേക്ക് പോയശേഷം ആരും മുകളിലേക്ക് കയറാറില്ല. പണ്ടവന്റെ അലങ്കോലങ്ങൾ അടിച്ചുവാരാൻ ഇടക്കിടെ ബാല കയറുമായിരുന്നു. ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ, തുറന്ന പേന, ടാബ്, മട്ടിയുറഞ്ഞ ചായ ഗ്ലാസ്, ഊരിയെറിഞ്ഞ അണ്ടർവെയർ, അണയ്ക്കാത്ത വിളക്കുകൾ, ഫാൻ, നനഞ്ഞ് കുമിഞ്ഞ സോക്സ്, ഫ്ലഷ് ചെയ്യാത്ത ടോയ്ലെറ്റ്…
നല്ല പാഠങ്ങൾ പറയുന്നതൊന്നും അവന് ഇഷ്ടമായിരുന്നില്ല. അമ്മ അവന്റെ ടെക്സ്റ്റ് ബുക്കുകളിലൊന്നിലും ഉണ്ടായിരുന്നില്ല.
മിണ്ടിപ്പറഞ്ഞു തുടങ്ങിയാൽ അവർ മിക്കപ്പോഴും ഉരഞ്ഞു കത്തുന്ന അരണിയാകും. തമ്മിൽ ഇടഞ്ഞപ്പോഴൊക്കെ അവർ ന്യായങ്ങളുടെ തിടമ്പേറ്റി കൊമ്പുകൾ കോർത്ത് നിന്നു. ശിബി പലവട്ടം തള്ളയെ മുറിയിൽനിന്നും പിടിച്ചുതള്ളി. കതക് ഉച്ചത്തിൽ പിടിച്ചടച്ചു. ബാല അവനെ “നായെ…’’ എന്ന് അലറിവിളിച്ചു. അവൻ ബൈക്കിനെ തീപ്പന്തമാക്കി തെക്കുവടക്ക് പാഞ്ഞു. ഇന്നിപ്പോൾ ഒരു കുഞ്ഞ് കാറ്റുപോലും അവിടത്തെ ജനാലകളെ തുറന്നടയ്ക്കുന്നില്ല!
മ്യൂസിയം വളപ്പിൽ മടിയുടെ ഇരുമുടിക്കെട്ടുമായി ഇഴഞ്ഞിഴഞ്ഞ് നാലഞ്ച് റൗണ്ട് നടന്നു കഴിയുമ്പോൾ ദർശൻ ഒരു ശീമപ്പന്നിയുടെ കിതപ്പോടെ ഏതെങ്കിലും സിമന്റ് ബെഞ്ചുകളിലൊന്നിൽ കയറി കുത്തി ഇരിക്കും. എന്നാൽ അവളുടെ കണക്ക് കതിന പൊട്ടുന്ന വേഗമുള്ള പത്ത് റൗണ്ടാണ്. അതു കഴിഞ്ഞ് അവർ ഒരു ഹെർബൽ ജ്യൂസ് കടയിൽ കയറി പച്ചിലകളും വേരുമൊക്കെ അരച്ചു ചേർത്ത ഒരു ജംബോ ഗ്രീൻജ്യൂസ് കുടിക്കും. സാമാന്യം നല്ല തിരക്കാണവിടെ. ഉടലിനെയും ഉയിരിനെയും ഉത്തേജിപ്പിക്കുന്ന പച്ചനിറമുള്ള ആ ദ്രാവകം കുടിച്ചു കഴിയുമ്പോൾ സാമാന്യം നല്ല ആരോഗ്യ ബോധവും ഉന്മേഷവും തോന്നും.
പരസ്പരം നോക്കി കേമൻ എന്ന് ആശ്വസിക്കുന്ന ഒരു കൂട്ടത്തിനിടയിൽനിന്നും അവർ പതിയെ ഇറങ്ങി നടന്ന് അടുത്തു തന്നെയുള്ള ഒരു പച്ചക്കറിക്കടയിൽ കയറും.
ഒരു കവർ മോര്, ഹാഫ് കുക്ക് ചെയ്ത ചപ്പാത്തി, ജാം, ഏത്തൻപഴം… അങ്ങനെ നഗരജീവിതത്തിനിണങ്ങുന്ന ചിലതൊക്കെ വാങ്ങും. എല്ലാം കഴിഞ്ഞ് മുറിഞ്ഞ വർത്തമാനങ്ങൾ കോർത്തു കെട്ടി വീട്ടിലേക്ക് നടക്കും. ലോകഗതിയെ ഒരു തട്ടിലും അടുത്ത തട്ടിൽ തങ്ങളുടെ ജീവിതത്തേയും കയറ്റിെവച്ച് സൂചിത്തൂക്കം നോക്കിയുള്ള നടത്തയാണത്. നഷ്ടബോധവും സങ്കടങ്ങളുമൊക്കെ വന്ന് തട്ടിമറിച്ചിടാൻ നോക്കും. അങ്ങനെയുള്ളൊരു നടത്തയ്ക്കിടയിലെ വെളിപാടായിരുന്നു, ബാലക്ക് വീണ്ടും ഒരു അമ്മയാകണമെന്നത്. അതവളുടെ ഉടലിനെയാകെ മഞ്ഞ പൂക്കൾ മാത്രമുള്ള ഒരു വസന്തകാലമാക്കി. എവിടെ തൊട്ടാലും പരാഗരേണുക്കൾ പൊഴിയുന്ന ഒരു ദേവതാരു.
അവൾ അക്കാര്യം ദർശനോട് പറയുമ്പോൾ ഏഴരമണിക്ക് വരുന്ന സ്കൂൾ വാനിൽ കുട്ടികളെ കയറ്റിവിടാൻ കുറേ അച്ഛനമ്മമാർ അവിടെ കൂടി നിൽപ്പുണ്ടായിരുന്നു. ആ വർത്തമാനം സ്കൂൾ വാനുകളുടെ ഒച്ചയ്ക്കിടയിലൂടെ ഒരു ഓലപ്പീപ്പിയും ഊതി പാഞ്ഞു പോയി. ഒരു ഉച്ചയുറക്കത്തിനു ശേഷം അന്നവർ നഗരത്തിലെ സാമാന്യം വലിയ ആ മാർജിൻ ഫ്രീ മാർക്കറ്റിലേക്ക് പോയി. ഉഷ്ണകാലമായിരുന്നിട്ടും വെയിലിന് തീ നിറം കുറവായിരുന്നു. വൈകുന്നേരമായിരുന്നു ആ പോക്ക്. കുറെ കാര്യങ്ങൾ അവൾക്ക് ദർശനോട് പറയുവാനുണ്ടായിരുന്നു.
മഞ്ഞനിറമുള്ള ഒരു നീളൻ ഉന്തുവണ്ടിയുമെടുത്ത് അവർ ആദ്യം അരിയും പയറും ഒക്കെ െവച്ചിരുന്ന ഇടത്തേക്കാണ് പോയത്. സൂപ്പർമാർക്കറ്റിന്റെ വിശാലമായ വടക്കേ മൂലയായിരുന്നു അത്. അവൾ ദർശന്റെ തോളിനോട് ചേർന്ന് ചുരുണ്ട രോമങ്ങൾ ഉള്ള അവന്റെ ചെറിയ കാതിലേക്ക് ചുണ്ടുകൾ ചേർത്ത് ഏറ്റവും മൃദുവായ ശബ്ദത്തിൽ പറഞ്ഞു:
‘‘മികച്ച ഒരു ഗൈനക്കോളജിസ്റ്റിനെ നമുക്ക് കാണണം. വീടുപണികൾ ചെയ്യാൻ ഒരു സഹായിയെ കണ്ടെത്തണം. ആവശ്യമെങ്കിൽ ആശുപത്രിയിൽതന്നെ കഴിയാം. എന്താണെങ്കിലും ഓരോയിടത്തും നീ ഒപ്പം ഉണ്ടാകണം.’’
അന്നേരം ഒന്നര കിലോ മട്ടയരിയും, ഒരു കിലോ മുളകും രണ്ട് കിലോ മൈദയും പൊതിഞ്ഞു തന്ന ചെറുപ്പക്കാരൻ മുൻകാല പ്രാബല്യത്തോടെ ചിരിച്ചെങ്കിലും വർത്തമാനത്തിനിടയിൽ അവൾക്കത് ശ്രദ്ധിക്കാനായില്ല.
ദർശൻ നേർത്ത പ്ലാസ്റ്റിക് കവറിൽ വൃത്തിയായി പൊതിഞ്ഞ് വിലവിവരം ഒട്ടിച്ച അവയെല്ലാം വാങ്ങി ചിട്ടയോടെ ട്രോളിയിൽ അടുക്കിെവച്ചു.
വീലുകൾ തിരിഞ്ഞുനിന്ന വണ്ടിയെ പതിയെ പിന്നിലോട്ട് എടുത്ത് അൽപം ആയം കൊടുത്ത് പിന്നെയും മുന്നിലേക്ക് ചലിപ്പിച്ച്, ആരെയും മുട്ടാതെ പഞ്ചസാരയും നെയ്യും ഒക്കെ െവച്ചിരിക്കുന്നയിടത്തേക്ക് ഉന്തി മുന്നിൽ നടന്നത് ദർശനാണ്.
“ഒരുമിച്ച് നമുക്ക് ആശുപത്രിയിൽ പോകണം. നടക്കാൻ എനിക്ക് പ്രയാസമുണ്ടെങ്കിൽ നീ എന്നെ താങ്ങണം. താങ്ങിയാൽ പോരെങ്കിൽ എടുക്കണം. കിളവനെപ്പോലെ കിതയ്ക്കരുത്.’’
ദർശനന്നേരം വണ്ടി ഉന്തുന്നത് നിർത്തി ബാലയുടെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. പ്രായം അയാളുടെ ഉന്തിയ വയറിലും അയഞ്ഞ ടീ ഷർട്ടിലും ഒരു കോമാളിയെ പോലെ പറ്റിപ്പിടിച്ചിരിക്കുന്നതായി അവൾക്ക് തോന്നി.
നെയ്യും പഞ്ചസാരയും ശർക്കരയും എടുക്കുമ്പോൾ അവൾ പ്രത്യേകം ബ്രാൻഡുകൾ നോക്കിയെടുത്തു. ദർശൻ ബ്രൗൺ നിറമുള്ള പഞ്ചസാരയുടെ കട്ടി കവറിൽ വിലവിവരം നോക്കി നിൽക്കെ അവൾ പച്ചക്കറികൾ നിരത്തിയ വിശാലമായ ഏരിയയിലേക്ക് നടന്നു.
‘‘ഞാൻ പച്ചമാങ്ങയ്ക്കും ഉണക്കമീനിനും വരിക്കച്ചക്കയ്ക്കും ഒക്കെ കൊതി പറയും. നീ അതെല്ലാം വാങ്ങിത്തരണം. എന്നിട്ട് രഹസ്യമായി അതെല്ലാം സ്നേഹിതരോടൊക്കെ വിളിച്ചു പറയണം. ഞാനും തരംപോലെ പറഞ്ഞോളാം.”
ഒരു മുഴുത്ത പച്ചമാങ്ങയുടെ ഞെട്ടിൽ മണത്തു നോക്കിയ ശേഷം അവൾ ഉത്സാഹത്തോടെ അതെടുത്ത് ട്രോളിയിൽ ഇട്ടു.
‘‘പ്രസവിക്കുന്ന ദിവസം ലേബർ റൂമിന്റെ മുന്നിൽ നീ അക്ഷമയോടെ നിൽക്കണം. അവിടെ കൂടിനിൽക്കുന്ന മറ്റ് ചെറുപ്പക്കാരുടെ അഭിനയത്തിനെ വെല്ലണം. ഞാൻ പ്രസവിച്ചു എന്നും, കുട്ടി പെണ്ണാണെന്നും പറഞ്ഞു വരുന്ന സിസ്റ്ററിനെ നോക്കി മറക്കാതെ കൃത്യസമയം ചോദിക്കണം.’’
അത്രയും നേരം ഒന്നും മിണ്ടാതെ നടന്ന ദർശൻ, ഒരുപിടി ചീരവെള്ളം കുടഞ്ഞ് എടുത്തുകൊണ്ട് ചോദിച്ചു:
“പെണ്ണാണെന്ന് ഉറപ്പിച്ചോ?’’
“എന്താ സംശയം?”
ആപ്പിൾകൂടയിലേക്ക് കൈയിട്ടുകൊണ്ട് അവൾ അൽപം ഗൗരവത്തിൽ പറഞ്ഞു:
‘‘ഒരു സ്ത്രീ ആഗ്രഹിച്ച് പ്രസവിക്കുമ്പോഴാണ് അവൾക്ക് പെൺകുട്ടികൾ പിറക്കുന്നത്. ആൺകുട്ടികൾ അവൾ കണ്ണടച്ച് മടുപ്പോടെ കിടക്കുമ്പോൾ ഉള്ളിൽ ചാടിക്കയറുന്നതാണ്. നായകളെപ്പോലെ…!’’
ഒരു തൂണിന്റെ മറവിൽ നിൽക്കുകയായിരുന്നു അവർ. ദർശൻ അവളുടെ അരയിൽ ഒന്ന് മൃദുവായി തൊട്ടു.

ചിത്ര എലിസബത്ത്
“പ്രസവം കഴിഞ്ഞശേഷം അമ്മയേയും കുഞ്ഞിനേയും പുറത്തേക്ക് കൊണ്ടുവരുമ്പോൾ വഴിയിൽ നീ അങ്ങനെ കാത്തുനിൽക്കണം. അഭിനയം ഓവറാക്കാതെ എന്റെ കൈകളിൽ ആർദ്രമായി പിടിക്കണം. കുഞ്ഞിനെ ‘മാതു’ എന്ന് വിളിക്കണം. മിഠായി വാങ്ങി എല്ലാർക്കും കൊടുക്കണം. ഇന്ന് എനിക്കൊരു പെൺകുഞ്ഞ് പിറന്നു എന്ന് എല്ലാവരോടും പറയണം.’’
പിന്നീട് അവർ ഈത്തപ്പഴം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് തുടങ്ങിയവ സ്ഫടിക ഭരണികളിൽ െവച്ചിരുന്ന ഇടത്തേക്ക് വണ്ടിയും ഉന്തി നടന്നു.
‘‘ചെയ്യാം, എല്ലാം ചെയ്യാം.” അവൻ പരിപക്വതയാർന്ന് പറഞ്ഞു.
മടങ്ങുന്ന വഴി കാറിൽ അവൾ അവന്റെ തോളിൽ ചാരിയിരുന്നു. വേനൽമഴക്കുള്ള ഇടിമുഴക്കം പുറത്തു കേട്ടപ്പോൾ ഗ്ലാസ് ഡോറുകൾ പതുക്കെ ഞെക്കി അടച്ചു. മിനറൽ ബോട്ടിൽ എടുത്ത് ഒരു കവിൾ വെള്ളം കുടിച്ചു. പിന്നെയും പറഞ്ഞു:
‘‘രാത്രി കുഞ്ഞ് നിർത്താതെ കരയുമ്പോൾ ഞാൻ താരാട്ടും. അന്നേരം നീ ഉറങ്ങാൻ നോക്കരുത്. കുഞ്ഞിന്റെ മലം നിറഞ്ഞ തുണികൾ കഴുകിയിടണം. ഇരുപത്തിമൂന്ന് വർഷം മുമ്പ് എന്നെ ബലാൽക്കാരംചെയ്തതിനുള്ള ശിക്ഷയാണതെന്ന് കൂട്ടിക്കോ…”
അവൻ അന്നേരം വണ്ടിയുടെ വേഗം കുറച്ചു.
‘‘ചോറൂണ് ഗുരുവായൂരിൽ. നഗരത്തിലെ റെസിഡൻഷ്യൽ സ്കൂളിൽ കൊച്ചിനെ പഠിപ്പിക്കണം. നമ്മൾ തന്നെ സ്കൂളിൽ കൊണ്ടാക്കുകയും വിളിച്ചു കൊണ്ടുവരികയും ചെയ്യും. ബാഗ് നീ ചുമക്കണം. അതെന്റെ ചുണ്ടുകൾ ആദ്യരാത്രി തന്നെ കടിച്ചു പൊട്ടിച്ചതിനുള്ള ശിക്ഷയാണ്.”
അന്നേരം ഒരു ആംബുലൻസ് ചീറിപ്പാഞ്ഞ് അവരേം കടന്നു പോയി. ഏതാനും നിമിഷം അവൾ നിശ്ശബ്ദതയിലേക്ക് ആഴ്ന്നു. ഒരു അന്തിച്ചന്ത വഴിയാണ് വണ്ടി അപ്പോൾ നീങ്ങിയത്.
“പിന്നെ ശിബിക്ക് കൊടുത്തതുപോലുള്ള ട്യൂഷനൊന്നും വേണ്ട. അവളെ നമ്മൾ പഠിപ്പിക്കും. നമുക്ക് ധാരാളം സമയമുണ്ടല്ലോ…” അത്രയും പറഞ്ഞ് അവൾ പിന്നിലേക്ക് അയഞ്ഞിരുന്നു. ഇരുപത്തിമൂന്ന് വർഷങ്ങൾക്കിടയിൽ ഒരു തിരശ്ശീല പോലെ രണ്ടായി പകുത്തൊരു ജീവിതത്തെ മുന്നിൽ കണ്ടു.
വണ്ടി തിരക്കു തീരെ കുറഞ്ഞ ഒരു ഇടറോഡിലേക്ക് കയറി. പൊടി നിറഞ്ഞ ഒരു റോഡായിരുന്നു അത്. അവർക്കിടയിൽ കനത്തു കറുത്ത നിശ്ശബ്ദത. അതിൽ കാലം കലങ്ങിമറിഞ്ഞു. ഇറങ്ങുമ്പോൾ ഗേറ്റ് പൂട്ടാൻ മറന്നുപോയിരുന്നു. വണ്ടി അകത്തു കയറ്റിയിട്ടശേഷം രണ്ട് വൻകരകൾ ചുണ്ടോട് ചുണ്ടു ചേർത്ത് പുണരുംപോലെ അവൾ ഗേറ്റ് ചേർത്തടച്ചു. പറയാൻ പലതും ബാക്കിെവച്ചുകൊണ്ട് സോഫയിൽ കാലുകൾ കയറ്റിെവച്ച് ഇരുന്നു. തിമിര ശസ്ത്രക്രിയ കഴിഞ്ഞ കണ്ണുകളിൽ വെട്ടിത്തിളങ്ങുന്ന വെളിച്ചമായി ഈ പ്രകൃതിയാകെ തനിക്കു ചുറ്റും നൃത്തംവെക്കുന്നതായി അവൾ അറിഞ്ഞു. പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലായിരുന്നെങ്കിലും അന്നേരം ദർശന് നെഞ്ചിൽ ഒരു വിറ തോന്നി. പൊടുന്നനെ എന്തോ ഓർത്തിട്ടെന്ന മട്ടിൽ അവൾ എഴുന്നേറ്റ് സാധനങ്ങളെല്ലാം എടുത്ത് അടുക്കളയിൽ കൊണ്ടുെവച്ചു. സാമാന്യം നല്ല ഭാരമുണ്ടായിരുന്നു അതിന്. അടിവയറ്റിൽ അന്നേരം ഒരു സൂചിക്കുത്തേറ്റതുപോലെ അവൾക്ക് തോന്നി. അമർത്തിപ്പിടിച്ച വേദനയോടെ കാലുകൾ അകത്തി സാവധാനം അവൾ ബാത്ത് റൂമിലേക്ക് കയറി. കുളിമുറിയിലെ കുഞ്ഞ് വാഷ് ബെയ്സിനു മുകളിൽ െവച്ചിരുന്ന ചുവന്ന വരകൾ വീണ ഡിപ്സ്റ്റിക് അന്നേരം ആരോ തട്ടിമറിച്ചതുപോലെ ക്ലോസറ്റിനുള്ളിലേക്ക് മറിഞ്ഞു വീണു. കാലുകൾക്കിടയിൽ അന്നേരം അവൾ കറുത്ത രണ്ടു തുള്ളി രക്തം കണ്ടു!