Begin typing your search above and press return to search.
proflie-avatar
Login

മൺഡേ സിക്ക്നെസ്

മൺഡേ സിക്ക്നെസ്
cancel

“എനിക്കിനി ജീവിക്കണ്ട. മരിച്ചാ മതി.” പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവളതു പറഞ്ഞത്. പതിവില്ലാതെ വെളുപ്പാൻകാലം ആറേ കാലിനാണ് വിളിച്ചിരിക്കുന്നത്. അയാളുടെ ചങ്ക് പിടഞ്ഞു. “നീ കാര്യം പറ. എല്ലാത്തിനും ഒരു പോംവഴിയുണ്ടല്ലോ.” “എന്തോന്ന് പോംവഴി. കൊച്ചിന് തീരെ വയ്യ. ഇന്നലെ ഞാൻ പറഞ്ഞിരുന്നല്ലോ.” അവൾ അലമുറയിട്ടു. “രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ഒരേ കുറുവൽ. ഇപ്പം കണ്ണു തുറക്കുന്നില്ല. മൂക്കിൽ കൈവച്ചിട്ട് ശ്വാസവും എടുക്കുന്നില്ല.” കൊച്ചിന് തീരെ വയ്യ എന്ന് കേട്ടപ്പോൾ ഇന്നലെ വൈകീട്ട് അത്രടം പോയി നോക്കേണ്ടതായിരുന്നു. കുറ്റബോധത്താൽ അയാളുടെ ഹൃദയം കനത്തു. “ഞാനുടനെ പുറപ്പെട്ട് വരാം.” അയാൾ ഒച്ചകുറച്ച് പറഞ്ഞു....

Your Subscription Supports Independent Journalism

View Plans

“എനിക്കിനി ജീവിക്കണ്ട. മരിച്ചാ മതി.”

പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവളതു പറഞ്ഞത്. പതിവില്ലാതെ വെളുപ്പാൻകാലം ആറേ കാലിനാണ് വിളിച്ചിരിക്കുന്നത്. അയാളുടെ ചങ്ക് പിടഞ്ഞു.

“നീ കാര്യം പറ. എല്ലാത്തിനും ഒരു പോംവഴിയുണ്ടല്ലോ.”

“എന്തോന്ന് പോംവഴി. കൊച്ചിന് തീരെ വയ്യ. ഇന്നലെ ഞാൻ പറഞ്ഞിരുന്നല്ലോ.”

അവൾ അലമുറയിട്ടു.

“രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ഒരേ കുറുവൽ. ഇപ്പം കണ്ണു തുറക്കുന്നില്ല. മൂക്കിൽ കൈവച്ചിട്ട് ശ്വാസവും എടുക്കുന്നില്ല.”

കൊച്ചിന് തീരെ വയ്യ എന്ന് കേട്ടപ്പോൾ ഇന്നലെ വൈകീട്ട് അത്രടം പോയി നോക്കേണ്ടതായിരുന്നു. കുറ്റബോധത്താൽ അയാളുടെ ഹൃദയം കനത്തു.

“ഞാനുടനെ പുറപ്പെട്ട് വരാം.” അയാൾ ഒച്ചകുറച്ച് പറഞ്ഞു.

“ആരാ ഫോണിൽ? പതിവില്ലാതെ ഒരു പരുങ്ങലും കുശുകുശുപ്പും?”

അടുക്കളയിൽനിന്നും ഭാര്യ ചട്ടുകവുമായി പൂമുഖം വരെ വന്ന് എത്തിനോക്കി. ഭാര്യക്ക് മുയലിന്റെ ചെവിയാണ്. സഹ ഡോക്ടർമാരോട് മിണ്ടുമ്പോൾ, ആസ്പത്രിയിലെ സബോഡിനേറ്റ് സ്റ്റാഫിനോട് മിണ്ടുമ്പോൾ, പ്രമാണിമാരായ പേഷ്യൻസിനോട് മിണ്ടുമ്പോൾ, സാധാരണക്കാരായ രോഗികളോട് മിണ്ടുമ്പോൾ, സംശയാലുക്കളായ ബൈസ്റ്റാൻഡേഴ്സിനോട് മിണ്ടുമ്പോൾ, കാഞ്ചന സിസ്റ്ററിനോട് മിണ്ടുമ്പോൾ, മെഡിക്കൽ റെപ്പുമാരോട് മിണ്ടുമ്പോൾ ഒക്കെയുള്ള വോയിസ് മോഡുലേഷൻ തരംതിരിച്ച് അറിയേം ചെയ്യാം. ‘ഇത് മറ്റേ തമാശക്കാരൻ റെപ്പല്ലേ ഗ്യാസുകുറ്റി കിട്ടാതായപ്പോ എയർഫ്രയർ കൊണ്ട് തന്ന... ഇത് മറ്റേ ശല്യക്കാരൻ റെപ്പല്ലേ... പേഷ്യന്റിന്റെ ഇടയിക്കൂടി ഇടിച്ചുകേറിയപ്പോ ഗെറ്റൗട്ടടിച്ച...’ എന്നൊക്കെയുള്ള അവാന്തര നുവാൻസസു പോലും ഫോൺ വിളിക്കുമ്പോഴുള്ള ശബ്ദവ്യതിയാനം നോക്കി കണ്ടുപിടിച്ചു പറയും. ഇന്നിത് പൊക്കിയതുതന്നെ.

“ഒരു പേഷ്യന്റാ... ഇച്ചിരി ക്രിട്ടിക്കൽ.”

വിശ്വസിക്കില്ല എന്നറിയാമെങ്കിലും അയാൾ ഒച്ചതാഴ്ത്തി പറഞ്ഞു.

“പെണ്ണുമ്പിള്ള പൊക്കി അല്ലേ? അറിയാല്ലോ ഞാൻ വല്ല എമർജൻസിയോ ആക്സിഡന്റോ ഇല്ലാതെ ഈ സമയം വിളിക്കത്തില്ല എന്നുള്ളത്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ആദ്യായിട്ടല്ലേ ഇങ്ങനെ ശല്യപ്പെടുത്തുന്നത്!”

“അതൊന്നും സാരമില്ല. കൊച്ചിനിന്നലെ മരുന്നു വല്ലതും?”

“ഞാൻ ചത്താൽ നീ അങ്ങോട്ട് വരണ്ട.”

“അതൊക്കെ പിന്നത്തെ കാര്യമല്ലെ! നീ ആദ്യം അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോ. ഞാനിപ്പോൾ തിരിച്ചാൽ തന്നെ അവിടെ എത്താൻ രണ്ടര മണിക്കൂർ എങ്കിലും എടുക്കും.”

“അതിന് നിന്നെ ആര് ക്ഷണിച്ചു? ഞാനും കൊച്ചും ചത്തു കിടക്കുമ്പോൾ കാണാൻ വരണ്ട എന്നുപറയാനാ വെളുപ്പാൻകാലം വിളിച്ചത്. മരണശേഷം വെറുതേ ചീത്തപ്പേര് കേൾപ്പിക്കണ്ടല്ലോ. പെണ്ണുമ്പിള്ള അറിഞ്ഞതിന് സോറി. അതെങ്ങനെ, ഒച്ച താത്താതെ നല്ല കോൺഫിഡൻസിൽ പറഞ്ഞെങ്കിൽ പേഷ്യന്റാണെന്ന് വിചാരിച്ചേനെ.”

“ഇവിടത്തെ വിഷയം മെഡിക്കൽ എമർജൻസി അല്ലേ, നീ കൊച്ചിനെ ക്ലിനിക്കിൽ കൊണ്ടുപോ. പ്ലീസ്! ഞാൻ കുര്യൻ ഡോക്ടറെ വിളിച്ചു പറയാം.”

“എന്റേം കൊച്ചിന്റേം ജഡം പോസ്റ്റ്മോർട്ടത്തിന് അങ്ങേര് വേണോങ്കി കൊണ്ടുപോട്ടെ. അങ്ങനെയെങ്കിലും ഭാര്യക്കും മോൾക്കും വേണ്ടി ദേഹമനങ്ങി എന്തെങ്കിലും ചെയ്യട്ടെ.”

ദേഷ്യവും സങ്കടവും മാറിമാറി പ്രയോഗിക്കുന്ന പ്രകൃതമാകയാൽ എപ്പോഴാണ് വിതുമ്പി പൊട്ടുന്നത്തെന്ന് അറിയാൻ വയ്യ. വിതുമ്പിത്തീരുന്നതുവരെയുള്ള ഏതാനും മിനിറ്റുകൾ എന്ത് പറയണം എന്ന് അയാൾക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ‘കൂടെയുണ്ട്. പൊന്നേ..’ എന്നൊക്കെ ​െവച്ചാൽ എറിക്കുമോ, ഇഷ്ടപ്പെടുമോ എന്നൊരു ഇത്.

“തട്ടാനെ സോപ്പിട്ട് മെർക്കുറി ഒപ്പിച്ചത് നന്നായി. കൊച്ചില്ലാതെ ഞാൻ ജീവിക്കത്തില്ലടേ... ഐ ആം അട്ടർ ഫെയിലുവർ ആസ് എ മദർ.”

അവൾ വീണ്ടും ഏങ്ങലടിച്ചു. ഫോൺ കട്ട് ചെയ്തപ്പോഴുള്ള മൂളലിൽ ഏങ്ങലടി അവസാനിച്ചതും അയാൾ കാർ സ്റ്റാർട്ട് ചെയ്തു. പാതികുടിച്ച ബെഡ് കോഫി മനോരമ പത്രത്തിൽ തൂവിയതിന് ഭാര്യയുടെ പ്രാക്കുണ്ടാവേണ്ടതാണ്. ഇന്നിപ്പോ കള്ളത്തരം കയ്യോടെ പൊക്കിയ സ്ഥിതിക്ക് അതിനൊരു പ്രയോറിറ്റി ഇല്ല. അതൊക്കെ പിന്നീട് പറഞ്ഞുതീർക്കാം. തീരുന്നില്ലങ്കി ഒഴിഞ്ഞുപോട്ടെ. മെഡിക്കൽ എമർജൻസിയുള്ളപ്പോൾ മറ്റൊന്നും പരിഗണിക്കരുതെന്ന് റസാഖ് സാർ എപ്പോഴും പറയും. കാർ ഇടറോഡിൽനിന്നും രാജപാതയിലേക്ക് തിരിയവേ അയാൾ മനസ്സിൽ ഓർത്തു. സത്യം പറഞ്ഞാൽ മെഡിക്കൽ എമർജൻസി ഹോസ്പിറ്റലിൽ ആണുള്ളത്. രണ്ടു സർജറികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനസ്തെറ്റിസ്റ്റും നേഴ്സുമാരും പണി തുടങ്ങിക്കാണും. പേഷ്യന്റ്സ് ഇന്നലെതന്നെ അഡ്മിറ്റ് ആയി പ്രോട്ടോക്കാളും പ്രിപ്പറേഷനും പൂർത്തിയാക്കിയിട്ടുണ്ട്. സർജറി പോസ്റ്റ്പോൺ ചെയ്യാൻ പറ്റില്ല. ഡോ. അലക്സിന്റെ കാലുപിടിക്കുകതന്നെ. കാറിന്റെ ബ്ലൂ ടൂത്ത് ഫോണിന് രണ്ടര മണിക്കൂർ വിശ്രമം ഉണ്ടാവാൻ വഴിയില്ല.

“നീ എന്തോന്നെടെ ഒരു മെഡിക്കൽ എത്തിക്സില്ലാതെ. സർജറി പോസ്റ്റ് ചെയ്തിട്ട് കാമുകിയുടെ പുറകെ പോവാൻ, അതും തൊണ്ണൂറ് കിലോമീറ്റർ ദൂരെ!”

ഡോ. അലക്സ് ചൂടായി.

“എത്തിക്സ് ഉള്ളതുകൊണ്ടാടോ നിന്നെ വിളിച്ചത്. ഈ അവസ്ഥയിൽ ഞാൻ പോയി സർജറി ചെയ്തിട്ട് വല്ലതും പറ്റിയാൽ. പോരാത്തതിന് ആയുസ്സ് അറ്റ് വല്ലവനും ചത്താലും നാട്ടുകാര് ആശുപത്രി തല്ലിപ്പൊളിക്കുന്ന കാലവും.”

“ശരി ശരി ഞാൻ വേറെ ഓപറേഷൻ പോസ്റ്റ് ചെയ്തിരുന്നെങ്കിൽ എന്തു ചെയ്തേനെ? ഇതൊന്നും അത്ര വെടിപ്പല്ല കേട്ടോ. നമ്മുടെ വീട്ടിൽ അറിഞ്ഞാൽ എന്നേം കൂടി സംശയിക്കും. നിന്റെ പെണ്ണുമ്പിള്ള ഇപ്പംതന്നെ വിളിച്ചു പറഞ്ഞുകാണും. അവരു തമ്മിൽ വലിയ കൂട്ടാണല്ലോ. എന്നോട് ചോദിച്ചാ നീ വിളിച്ച കാര്യം പറയത്തില്ല. ഹോസ്പിറ്റലീന്ന് പറഞ്ഞു. ഞാൻ ചെയ്തു. അത്രേ ഉള്ളു. ഞാൻ ഇതിൽ ഇല്ല.”

“സാധാരണ ഒമ്പതരയ്ക്കും അഞ്ചരയ്ക്കുമേ വിളിക്കാറുള്ളൂ. എന്ന് വച്ചാ അവൾ ഓഫീസിൽ പോകുമ്പോഴും വരുമ്പോഴും. അപ്പോൾ ഞാൻ ടീ ബ്രെക്ക് എടുക്കും. ഇന്നാദ്യായിട്ടാ രാവിലെ. സംഗതി സീരിയസ് ആണ്.”

“ശരി ഡ്രൈവിങ്ങല്ലേ ഫോൺ വയ്. എന്തെങ്കിലും ഉണ്ടെങ്കിൽ രാജേഷിനെ വിളിച്ച് അപ്ഡേറ്റ് ചെയ്താൽ മതി. ഓപ്പറേഷൻ ചെയ്യണ ഡോക്ടറ് മാറിയാൽ നിന്റെ പേഷ്യന്റ്സ് കലിക്കുവോടേ?”

“സർജറി കഴിഞ്ഞിട്ട് പേഷ്യന്റ്സ് അറിഞ്ഞാൽ മതി. ഞാൻ കാഞ്ചനയോട് പറഞ്ഞേക്കാം.”

ആറര-ആറേ മുക്കാൽ സമയം ആയതുകൊണ്ട് റോഡിൽ വലിയ തിരക്കില്ല. സാധാരണ ഫോൺ വിളിച്ചോണ്ട് ഓടിക്കുമ്പോൾ അറുപത്-എഴുപതാണ് സ്പീഡ്. ഫോണില്ലാതെ ഫുൾ കോൺസെൻട്രേഷനിൽ ആണെങ്കിൽ എൺപത്-എൺപത്തഞ്ച്. ഇന്നിപ്പം ഫോൺ വിളിച്ചോണ്ട് തൊണ്ണൂറ്-നൂറ് വരെ കടന്നു. ഇച്ചിരി കഴിഞ്ഞാൽ സ്കൂൾ ബസായി... ഓട്ടോ റിക്ഷയായി... പണ്ടാരം പിടിക്കാൻ. രാജേഷിനെ ഒന്ന് വിളിച്ചേക്കാം. എം.ഡി അറിഞ്ഞു ചൂടാവുമ്പോൾ കക്ഷി ഇടപെട്ട് തണുപ്പിച്ചോളും. അവര് തമ്മിൽ നല്ല കെമിസ്ട്രി ആണല്ലോ.

“കൊച്ചും തള്ളേം മരിച്ചുകിടക്കുന്നു എന്ന് തന്നെ വയ്ക്കുക, നീ അവിടെ ചെന്ന് എന്ത് ചെയ്യും?”

വിവരം അറിഞ്ഞ പാടെ രാജേഷ് ആശ്ചര്യപ്പെട്ടു.

“നീ ആ വീട്ടിൽ മുമ്പ് പോയിട്ടുണ്ടോ?”

“ഇല്ല. അവൾ പറഞ്ഞു കേട്ട് ലൊക്കേഷനും ലാൻഡ് മാർക്കും അറിയാം.”

“നീ ഒന്നൂടൊന്നു വിളിച്ചു നോക്ക്. കൊച്ചു ചിലപ്പോ കണ്ണ് തുറന്നെങ്കിലോ. ആസ്ത്മ വന്ന് ആരാ മരിക്കുന്നത്. വെറുതെ. ഉടനെ ആ കുര്യൻ ഡോക്ടറെ കാണിക്കാൻ പറ.”

“അമ്പിനും വില്ലിനും അടുക്കാതെ ഒരേ ഒപ്പാരും നിലവിളിയും അല്ലേ. എന്തായാലും ഒന്നൂടൊന്നു ഫോൺചെയ്ത് നോക്കാം.”

വിളിച്ചിട്ട് റിങ് ചെയ്യുന്നതല്ലാതെ പ്രതികരണം ഒന്നും ഇല്ലാത്ത സ്ഥിതിക്ക് വണ്ടി ആററുപതിൽ കത്തിച്ചു വിട്ടു. രണ്ടു ബെല്ലേ അടിപ്പിച്ചുള്ളു. രാവിലെ ഈ സമയത്തു അങ്ങോട്ടും വിളിക്കാറില്ലല്ലോ. ആ മോറോൺ കെട്ടിയവനോ മൂധേവിത്തള്ളയോ കേട്ടാൽ താനായിട്ട് വെറുതേ. അല്ലങ്കിത്തന്നെ. ഏഴരയായപ്പോൾ വഴിമുടക്കാനായിട്ട് ഒരു സ്കൂൾവാനും ടിപ്പറും കിട്ടി. ഹോണടിച്ചിട്ടൊന്നും ഒരു ഫലവും ഇല്ല. അടുത്ത ജങ്ഷനിൽ അവറ്റകൾ സ്വയം ഇടത്തോട്ടോ വലത്തോട്ടോ ഒഴിഞ്ഞു പോയാൽ ഭാഗ്യം.

“എന്തായെടെ?”

വീണ്ടും രാജേഷിന്റെ ഫോൺ

“വിളിച്ചിട്ട് എടുക്കുന്നില്ല.”

“റിങ് ഉണ്ടോ?”

“അതുണ്ട്.”

“കൊച്ചിന് എന്തു പ്രായം വരും?”

“പ്ലസ് വണ്ണിന് പഠിക്കുന്നു.”

“പെൺകുട്ടിയല്ലേ?”

“യെസ്”

“പതിനാറുവയസ്സുള്ള പെൺകുട്ടി ആസ്ത്മ വന്ന് ഒറ്റരാത്രിയിൽ മരിക്കാനോ?”

“അതിന് മരുന്നൊന്നും കൊടുക്കത്തില്ലടേ. കീമോഫോബിയ!”

“കീമോഫോബിയ കൊച്ചിനോ തള്ളയ്ക്കോ?”

“തള്ളയ്ക്ക്”

“ശ്ശേ!”

“അതിനില്ലാത്ത അസുഖം ഒന്നും ഇല്ല. ആസ്ത്മ, കോൺസ്റ്റിപ്പേഷൻ. സ്ലീപ്പിങ് പാറ്റേണും ശരിയല്ല.”

“നീ ഉപദേശിക്കാത്തതെന്ത്?”

“രണ്ടും കൂടി ഒൻപത് മണി വരെ ഉറങ്ങും. എണീറ്റ പാടെ തള്ള ആപ്പീസിലും പിള്ള സ്കൂളിലും പോകും. കുളീം നനേം ഒക്കെ കണക്കാ! നോ പ്രോപ്പർ ബ്രെക്ക്ഫാസ്റ്റ്... നൊ പ്രോപ്പർ ടോയ്ലറ്റിങ്..! അപ്പോഴാ സാധാരണ എന്നെ വിളിക്കുന്നത്. ഞാൻ പറഞ്ഞില്ലേ ഒമ്പതരയ്ക്ക്.”

“ഹാർഡ് കോർ കീമോഫോബിയ?”

“മോഡേൺ മെഡിസിൻ തീരെ കഴിക്കില്ല. തീരെ നിവൃത്തിയില്ലെങ്കി ഇച്ചിരി ഹോമിയോ, ഇച്ചിരി ആയുർവേദം ഇച്ചിരി നേച്ചറോപ്പതി.”

“സൂയിസൈഡ് ചെയ്യാനുള്ള ധൈര്യം ഒക്കെ ഉണ്ടോ?”

“മൂഡ് സ്വിങ്സ് ഉണ്ട്. ബൈപോളാർ ആണ്. ബോർഡർലൈൻ ആവാൻ ചാൻസുണ്ടെന്നാ നമ്മുടെ സൈക്യാട്രിസ്റ്റ് പറയുന്നത്. എനിക്കങ്ങനെ തോന്നിയിട്ടില്ല. കൊച്ചിനെ വല്യ കാര്യം ആണ്. അവൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്നൊക്കെ പറയാറുണ്ട്. പുള്ളിക്കാരനുമായി അത്ര രസത്തിൽ അല്ല.”

“അതു തോന്നി. അതോണ്ടല്ലേ നിന്നെ കേറി…”

“അങ്ങേര് ഒരു ബോറനാ... മൊശകോടൻ.”

“ശരി ചെല്ല് എന്തെങ്കിലും ഉണ്ടെങ്കി വിളി. ഇവിടത്തെ സർജറി ഞാൻ കോഓഡിനേറ്റ് ചെയ്യാം. വീട്ടിൽ കട്ടക്കലിപ്പായിക്കാണുമല്ലോ?”

“മിക്കവാറും.”

“അത് സോൾവ് ചെയ്യാൻ നമ്മളില്ല കേട്ടോ.”

സമയം എട്ടേകാലായി. സ്കൂൾ ബസും ടിപ്പറും പോരാത്തതിന് രണ്ടിടത്ത് റോഡുപണിയുമുണ്ട്. ഈ ബി.എം ഡബ്യൂവും കോപ്പും ഉണ്ടായിട്ട് കാര്യം ഒന്നും ഇല്ല. കൊള്ളാവുന്ന റോഡ് വേണ്ടേ. മ*&*&@! ആധി കാരണം അവളെ വീണ്ടും വിളിച്ചിട്ട് ഇപ്പം ബെല്ലും അടിക്കുന്നില്ല. ഫോൺ ഡെഡ് ആയി. അയാൾ പൾമനോളജിസ്റ്റ് വിവേകിന്റെ നമ്പർ ഡയൽ ചെയ്തു.

“വിവേക് സാറല്ലേ... ഞാൻ ഡോക്ടർ...”

“മനസ്സിലായി. എന്താ രാവിലെ? ഇന്ന് സർജറി ഡേറ്റല്ലേ?

“വേറൊരു സംശയം ചോദിക്കാനാണ്.”

“പറയ്..”

“ആസ്ത്മ വന്ന് പേഷ്യന്റ് മരിക്കാനുള്ള ചാൻസ് എത്രയുണ്ട്?”

“ധാരാളം. ഇന്ത്യയിൽ വർഷംതോറും അഞ്ചുലക്ഷത്തോളം പേർ മരിക്കുന്നുണ്ട്.”

“അതിൽ കുട്ടികൾ എത്ര ശതമാനം വരും?”

“പേഷ്യൻസിൽ അമ്പത് ശതമാനം പിള്ളേർ ആണ്. പതിനഞ്ച്-പതിനാറ് വയസ്സുള്ള. ഡെത്തിന്റെ കാര്യത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അത്ര നോക്കിയിട്ടില്ല. ജെറിയാട്രിക്സിലാണ് കൂടുതലും. പിള്ളേർ മരിക്കുന്നത് പൊതുവെ ട്രീറ്റ്മെന്റ് ഫെസിലിറ്റി തീരെ ഇല്ലാത്ത വല്ല റിമോട്ട് വില്ലേജിൽ ഒക്കെയായിരിക്കും. ഇവിടിപ്പം എന്തു പറ്റി?”

“ഇവിടേം ട്രീറ്റ്മെന്റ് കിട്ടാത്തപോലെ തന്നെ. പാരന്റിന് കീമോഫോബിയ.”

“ചൈൽഡ് വിത്ത് സി.ഒ.പി.ഡി?”

“ആണെന്നാ തോന്നുന്നത്.”

അപ്പോഴേക്കും വീട്ടിൽനിന്നും ഭാര്യയുടെ ഫോൺ വന്നു.

“ശരി വിവേക് സർ... ഞാൻ പിന്നെ വിളിച്ചോളാം.”

“ഓക്കേ. എനിക്കും ഇറങ്ങാറായി.”

വാമഭാഗത്തിനെ തിരികെ വിളിച്ചിട്ട് എടുക്കുന്നില്ല. ഫോൺ എൻഗേജ്ഡ് ആണോന്ന് ചെക്ക് ചെയ്തത് ആവും... പൊട്ട് പുല്ല്! മണി എട്ടേ മുക്കാലായി. നാൽപതു കിലോമീറ്റർ ഇനിയും കിടക്കുന്നു. സ്കൂൾ ബസുകൾ ഒന്നടങ്ങി. അപ്പോഴേക്കും ഓഫിസിൽ പോകുന്നവരുടെ ബൈക്കുകൾ കൂടി. ഇവന്മാർ ലെഫ്റ്റിന്നാണോ റൈറ്റിന്നാണോ ഏത് കാലിന്റെ ഇടയിൽക്കൂടിയാണോ തൊലിച്ചോണ്ട് വരുന്നത് എന്നൊരു എത്തുംപിടിയും ഇല്ല. ചെറിയൊരു സിഗ്നൽ കിട്ടിയാൽ വലതുവശത്തു വന്ന് പൊതിയും. അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥ. പറഞ്ഞിട്ട് കാര്യമില്ല. ഇനി ഇഴഞ്ഞിഴഞ്ഞേ പോകൂ. തൊണ്ട വരളുന്നു. ഒരു ചായ കുടിക്കാം എന്ന് വച്ചാൽ കക്കൂസിൽ പോവാൻ തോന്നും. സത്യം പറഞ്ഞാൽ ചായ കുടിക്കാതെ തന്നെ..

“അർജുനൻ, ഫൽഗുനൻ, കിരീടി, ശ്വേതവാഹനൻ, ബീഭത്സു, വിജയൻ, സവ്യസാചി, ധനഞ്ജയൻ...”

മനോവ്യാപാരങ്ങൾ അവസാനിപ്പിച്ച് അയാൾ അർജുനന്റെ പര്യായപദങ്ങൾ നൂറ്റെട്ട് പ്രാവശ്യം ഉരുവിടാൻ തീരുമാനിച്ചു.

രണ്ട്: “അർജുനൻ, ഫൽഗുനൻ, കിരീടി, ശ്വേതവാഹനൻ, ബീഭത്സു, വിജയൻ, സവ്യസാചി, ധനഞ്ജയൻ...”

മൂന്ന്: “അർജുനൻ, ഫൽഗുനൻ, കിരീടി, ശ്വേതവാഹനൻ, ബീഭത്സു, വിജയൻ, സവ്യസാചി, ധനഞ്ജയൻ...”

….. ….. …. ….

പതിനൊന്ന്: “അർജുനൻ, ഫൽഗുനൻ, കിരീടി, ശ്വേതവാഹനൻ, ബീഭത്സു, വിജയൻ, സവ്യസാചി, ധനഞ്ജയൻ...”

ടാങ്കർലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച് തുമ്പിലെത്തിയപ്പോൾ ബൈക്കുകാരൻ എതിരേ വന്ന് നടുവിരൽ കാണിച്ചു. അപ്പോഴേക്കും എണ്ണം തെറ്റി. ഇനി മൃത്യഞ്ജയമന്ത്രം ഉരുവിടാം. മൃത്യവിനെ ജയിക്കുകയാണല്ലോ ഇപ്പോൾ വേണ്ടത്.

“ഓം ത്ര്യമ്പകം യജാമഹേ

സുഗന്ധിം പുഷ്ടിവർധനം

ഉർവാരുകമിവ ബന്ധനാൻ

മൃത്യോർ മുക്ഷീയ മാമൃതാത്”

ഇത്തവണ എണ്ണം നോക്കാൻ നിന്നില്ല. ജപിച്ചുകൊണ്ടേയിരിക്കുക. എപ്പോഴെങ്കിലും നൂറ്റിയെട്ട് ആവുമല്ലോ. അഥവാ കൂടിപ്പോയാലും കുഴപ്പമില്ല. സമയം ഒമ്പതരയായി. ഇനിയും ഉണ്ട് എട്ട് കിലോമീറ്റർ. മന്ത്രത്തിന്റെ മൂർധന്യത്തിൽ മണിയൊച്ച കേട്ടു. സ്വപ്നമല്ല. ഫോൺ ബെല്ലടിച്ചതാണ്. അതാ അവൾ വിളിക്കുന്നു. ചത്ത ഫോണിന് ജീവൻ വച്ചിരിക്കുന്നു.

“എന്തായി?”

അങ്ങനെ ചോദിക്കാനാണ് അയാൾക്ക് അപ്പോൾ തോന്നിയത്. അതിൽ അപാകതയുണ്ടോ എന്നറിയില്ല.

“എന്താവാൻ? എന്നത്തേയും പോലെ ഓഫീസിൽ കാറോടിച്ചുപോകുന്നു. നീ ബാക്ഗ്രൗണ്ടിൽ മ്യൂസിക് കേൾക്കുന്നില്ലേ? സൗണ്ട് കൂട്ടാം.”

‘ആരും കൊതിക്കുന്ന നിൻ പ്രേമപുഷ്പത്തെ പലവുരു ചോദിച്ചതെന്റെ കുറ്റം...’ അനന്തരം അവൾ പാട്ടിന്റെ ഒച്ച കുറച്ചു.

“എന്തുവാടേ തിങ്കളാഴ്ചയായിട്ട് ഒരു മൂഡോഫ്! സർജറി വല്ലതും ഫെയിലായാ?”

“നീ ഓഫീസിൽ പോവേണോ?”

“യെസ് ഡിയർ. ഇന്ന് വർക്കിങ് ഡേ അല്ലേ?”

“കൊച്ചിന് വയ്യാന്നു പറഞ്ഞിട്ട്..!”

“പിള്ളേരാവുമ്പോ പനിയും മൂക്കടപ്പും ഒക്കെ കാണും. എന്നുവച്ച് നമുക്ക് ഓഫീസിൽ പോണ്ടേ? ഇതുകൊള്ളാം!”

“അവളെവിടെ?”

“സ്കൂളിൽ പോയി. എണീറ്റ് തൂങ്ങിത്തൂങ്ങി ഇരുന്നു. ഞാൻ നല്ല കിഴുക്കും കൊടുത്ത് ഓടിച്ചു വിട്ട്. തിങ്കളാഴ്ച സ്കൂളിൽ പോവാൻ പണ്ടേ മടിയല്ലേ. നിനക്ക് അറിയാല്ലോ.”

“കണ്ണു തുറക്കുന്നില്ല ശ്വാസം എടുക്കുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്?”

“ഓ അത്... വെളുപ്പാൻ കാലം ഉണർന്നപ്പോ ഞാനൊരു ട്രാൻസിൽ... അവൾക്ക് ഇന്നലേ വയ്യായിരുന്നല്ലോ. അതെങ്ങനെ ആസ്ത്മേം വച്ചോണ്ട് ഐസ് ക്രീം കഴിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കൂല്ല. നീയതും ഓർത്തോണ്ടിരിക്കേണോ. പോടേ പോയി സർജറികളും മറ്റും ചെയ്യെടേ. ഇപ്പൊ പോണ്ട, എന്നത്തെയും പോലെ അരമണിക്കൂർ മിണ്ടീട്ട് പോയാ മതി. രസമുള്ള വല്ലതും പറ, ആ മൂഡോഫ് ഒക്കെ അങ്ങ് മാറട്ട്. നിനക്കും കൊച്ചിനെപ്പോലെ ‘മൺഡേ സിക്ക്നെസ്’ ആണെല്ലോ!”

News Summary - malayalam story