ഇരുളേ നടുവാമരുളേ...


കടപ്പുറത്തേക്ക് ഇറങ്ങണമെന്ന് കരുതിയതല്ല. സ്ഥിരം പോവാറുള്ള ചാരായക്കടയായിരുന്നു ലക്ഷ്യം. പക്ഷേ കൂട്ടംകൂടി നിൽക്കുന്ന മൂന്നു ചെറുപ്പക്കാർ എന്റെ ശ്രദ്ധതിരിച്ചു. വെളിച്ചം മായുന്ന, പറവകൾ കൂട്ടത്തോടെ വീടണയുന്ന, ഈ വൈകുന്നേരം, അവർക്കിതെന്താണിവിടെ കാര്യം? പുരികക്കൊടികൾക്കു മീതെ കൈ കോട്ടിവെച്ച് ഞാനവരെ ആഴ്ന്നുനോക്കി. മനസ്സിനില്ലെങ്കിലും, ശരീരത്തിന് നല്ല പ്രായമുണ്ട് എന്ന് തിരിച്ചറിയാറുള്ളത് അപരിചിതരെ കാണുമ്പോഴാണ്. അപ്പോൾ...
Your Subscription Supports Independent Journalism
View Plansകടപ്പുറത്തേക്ക് ഇറങ്ങണമെന്ന് കരുതിയതല്ല. സ്ഥിരം പോവാറുള്ള ചാരായക്കടയായിരുന്നു ലക്ഷ്യം. പക്ഷേ കൂട്ടംകൂടി നിൽക്കുന്ന മൂന്നു ചെറുപ്പക്കാർ എന്റെ ശ്രദ്ധതിരിച്ചു. വെളിച്ചം മായുന്ന, പറവകൾ കൂട്ടത്തോടെ വീടണയുന്ന, ഈ വൈകുന്നേരം, അവർക്കിതെന്താണിവിടെ കാര്യം? പുരികക്കൊടികൾക്കു മീതെ കൈ കോട്ടിവെച്ച് ഞാനവരെ ആഴ്ന്നുനോക്കി.
മനസ്സിനില്ലെങ്കിലും, ശരീരത്തിന് നല്ല പ്രായമുണ്ട് എന്ന് തിരിച്ചറിയാറുള്ളത് അപരിചിതരെ കാണുമ്പോഴാണ്. അപ്പോൾ നെഞ്ചിങ്കൂടിനുള്ളിൽനിന്നൊരു കൊളുത്തിപ്പിടിത്തം വരും. എഴുപത്തിരണ്ട് ചെറിയ പ്രായമല്ലതാനും.
അവർ, ഈ നാട്ടുകാരല്ലെന്നത് വ്യക്തം. നാടല്ല, നഗരം- ഞാൻ സ്വയം തിരുത്തി. നഗരത്തിനു മേലെയാണ് കടൽ. പുറമെ കാണുന്ന ഈ കരയിൽ, ഇടിഞ്ഞുപൊളിഞ്ഞ കുമ്മായവീടുകളും, പണ്ട് ലന്തക്കാർ പണിതൊരു ക്രിസ്ത്യൻ പള്ളിയുമല്ലാതെ മറ്റെന്തു വകയുണ്ട് കാണാൻ! ആ, അല്ല... ചുവന്ന ഇലകളുള്ള കുറച്ചു മുൾച്ചെടികളുമുണ്ട്. അതിന്റെ മുള്ളുകൊണ്ടൊന്ന് കോറിയാൽ മതി, ഉയിര് പോവും. അവർക്കരികിലേക്ക് ഞാൻ നടക്കാൻ തുടങ്ങി.
“ഓ രാഘവാ...”
കടയുടെ വാതിലിൽ ചാരിനിന്ന് മുത്തുവേൽ നീട്ടിവിളിക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നോക്കാൻ പോയില്ല. അല്ലെങ്കിലും അവൻ അങ്ങനെയാണ്; വെക്കമങ്ങു പ്രത്യക്ഷപ്പെടും. വന്നപോലെയങ്ങു പോവുകയും ചെയ്യും.
ചെറുപ്പക്കാരിൽ, ഒരാൾ മൂക്കുത്തിയും കമ്മലുമണിഞ്ഞിട്ടുണ്ട്. ഒരുത്തൻ കമ്മൽ മാത്രം. മറ്റവന്റെ കൈയിലൊരു തണ്ട, വെങ്കലനിറത്തിലുള്ളത്. വട്ടം കൂടി നിന്ന, അവർ കൈപ്പിടിയിൽ എന്തോ െവച്ചുനോക്കുകയാണ്.
“മക്കളേ, നിങ്ങളെവിടന്ന് വരണ്?”
അനവസരത്തിലാണെന്ന് ഉറപ്പായിട്ടും എനിക്ക് ചോദിക്കാതിരിക്കാനായില്ല. ആരും ഒന്നും മിണ്ടിയില്ല. കമ്മൽ മാത്രമിട്ടവൻ തിരിഞ്ഞൊന്ന് നോക്കുകയെങ്കിലും ചെയ്തു. അതും എന്നെയാണെന്നുറപ്പില്ല, മുത്തുവേലിനെ കണ്ടിട്ടുമായിരിക്കാം. അവരെ കുറ്റംപറയാൻ വയ്യ, എന്റെ ഉടുമുണ്ട് മുഷിഞ്ഞു നാറാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ കൊല്ലങ്ങളായിട്ട്, ഉടുപ്പിടുന്ന ശീലമില്ല. നെഞ്ചിലെ വെള്ളരോമങ്ങളെല്ലാം കട്ടപിടിച്ചുകിടക്കുകയാണ്.
ഞാൻ മാറാതെ, അവിടെത്തന്നെ തങ്ങിയതിനാലാവണം, എന്നെ ഒഴിവാക്കാനെന്നപോലെ അവർ മുന്നോട്ടു നടന്നു. പള്ളിയുടെ പടങ്ങളെടുക്കുകയാണ്. ഞാനവരെ വിട്ടില്ല, എനിക്കെന്തൊക്കെയോ സംസാരിക്കണമായിരുന്നു. പിറകെ ആഞ്ഞുനടന്നു. വേഷം കൊണ്ടുമാത്രം ആരെയും അളക്കരുതെന്നെങ്കിലും ചെറുപ്പക്കാരോട് പറയാൻ ഞാൻ തീർച്ചയാക്കി. നടന്നുനടന്നു കിതപ്പ് മൂർച്ഛിച്ചത് മിച്ചം. ഓടിയും ചാടിയും അവർ പടങ്ങളെടുത്തുകൊണ്ടേയിരുന്നു -ഞാനവർക്ക് ഏറെ പിറകിലായി.
“രാഘവൻ -അഡ്മിഷൻ നമ്പർ 1847, ചാല ഹൈസ്കൂൾ” -കാര്യമേതുമില്ലെന്നുറപ്പായിട്ടും ഞാൻ എപ്പോഴത്തെയും പോലെ ഉറക്കെ വിളിച്ചുപറഞ്ഞു.
അവരൊന്ന് തിരിഞ്ഞുനോക്കി, എന്തൊക്കെയോ അടക്കം പറഞ്ഞ് പൊട്ടിച്ചിരിച്ചു. വീണ്ടും പടമെടുപ്പ് തന്നെ. മുക്കാലിയും പെട്ടിയും കനമുള്ള കാമറയും ചുമക്കാതെ, എളുപ്പം പടം പിടിക്കുന്ന, ഒരു വല്ലാത്ത കാലം! എനിക്ക് സത്യവതിയെ ഓർമ വന്നു, പടമെടുക്കാനുള്ള അവളുടെ അടങ്ങാക്കൊതിയെപ്പറ്റി. ഒരാഗ്രഹത്തിനും ഒരിക്കലും ഞാൻ എതിരുനിന്നിരുന്നില്ല. വെറുമൊരു വാധ്യാരുപണിക്കാരന് മിച്ചംപിടിക്കാൻ പറ്റാവുന്നത്ര സ്വരുക്കൂട്ടി െവച്ചെങ്കിലും, അപ്പോഴേക്കും അവൾക്കതിലെ കമ്പം കൈമോശംവന്നു കഴിഞ്ഞിരുന്നു. കണ്ണാടിപോലും നോക്കാതെയായിപ്പോയിരുന്നു അവൾ.
ചെറുപ്പക്കാർ, ഒഴുകിയൊഴുകി കടലിനോടു ചേർന്നുള്ള ചെറിയ പാറക്കെട്ടിലിരുന്നു. അതിനടിയിലൂടെയാണ് കാലമൊഴുകിപ്പോവുന്നത്- കണ്ണിമ ചിമ്മാതെ ഞാനത് നോക്കിനിന്നു. എനിക്ക് വല്ലായ്മ തോന്നി. അവർ കടലിലേക്കെന്തെങ്കിലും വലിച്ചെറിഞ്ഞേക്കുമോ? കടലിനടിയിൽ അടിഞ്ഞുകിടക്കുന്ന ജീവനുകളുടെ നിസ്സഹായതയെക്കുറിച്ച് എന്നെപ്പോലെ അറിയാൻ അവർക്കൊക്കില്ലല്ലോ.
“ഓ രാഘവാ...”
കടയുടെ പലക വാതിൽ ഒച്ചപ്പെടുത്തി, മുത്തുവേൽ വീണ്ടും വിളിച്ചു. കടലിനും മുത്തുവേലിനുമിടയിൽ സായാഹ്ന കാറ്റേറ്റ് ഞാൻ! ഇനിയുമങ്ങോട്ട് ചെന്നില്ലെങ്കിൽ കൈകൾ പിന്നിൽ കെട്ടി കൂനിക്കൂനി നടന്ന് അവനിങ്ങോട്ട് വരും. എൺപതു വയസ്സിന്റെ പ്രസരിപ്പിനു മുന്നിൽ എന്റെ എഴുപത്തിരണ്ടിനെപ്പോഴും വാർധക്യമാണ്. ഈ നാട്ടിൽ എനിക്കായുള്ളത് അവൻ മാത്രമാണല്ലോ എന്ന തോന്നലിൻ പുറത്ത് ഞാൻ അവന്റെ നേർക്ക് നടന്നു. മുത്തുവേൽ എന്നെ നോക്കി ചിരിക്കുന്നുണ്ട്. അപ്പോഴേക്കും ചെറുപ്പക്കാരുടെ കാര്യം ഞാൻ പാടെ മറന്നുകഴിഞ്ഞിരുന്നു.
ഞങ്ങളൊരുമിച്ച് അകത്തേക്കു കയറി. ഞങ്ങൾ രണ്ടും, പിന്നെ ഇരുട്ടും മാത്രം കടന്നുവരാറുള്ള ചാരായക്കട. എവിടെ വേണമെങ്കിലും പോയിരിക്കാം, എത്ര വേണമെങ്കിലും മോന്താം, എത്ര ഉച്ചത്തിൽ വേണമെങ്കിലും സംസാരിക്കാം. കാലങ്ങൾക്ക് മുമ്പേ ആരോ ചുമരിലെ ആണിയിൽ തൂക്കിപ്പോയൊരു കള്ളിപ്പേശ മാത്രമുണ്ട്, എല്ലാത്തിനും സാക്ഷിയായി.

“ശരിക്കും രാഘവാ, നീയന്ന് എങ്ങനെയാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്? നീയാ കഥയൊന്ന് പറയ്.”
ഓരോ വട്ടം മൊന്തയിലേക്ക് ചാരായമൊഴിച്ചുതരുമ്പോഴും മുത്തുവേൽ ഇങ്ങനെ ചോദിക്കാൻ തുടങ്ങിയിട്ട് കൊല്ലം നാൽപതായി. അതു കേൾക്കുമ്പോഴേ എനിക്ക് ചിരി ഊറിവരും. എന്നാൽ, ലഹരിയുടെ കെട്ടൊഴിഞ്ഞ നേരങ്ങളിൽ ഈ ചോദ്യമുണ്ടാവുകയുമില്ല. അവനെയും എന്നെയും ഒരുപോലെ മറവി തീണ്ടും. രണ്ടു ദേശങ്ങളിൽനിന്ന്, ഒരേ ദിവസം, ഒരേ തീവണ്ടിയിൽ ഈ കടപ്പുറത്തെത്തിയവരാണ് ഞങ്ങൾ എന്നതല്ലാതെ കൂടുതലൊന്നും പരസ്പരം ഇന്നുമറിയില്ല.
“അത് വിട്, നീയന്ന് എങ്ങനെയാ രക്ഷപ്പെട്ടതെന്ന് ആദ്യം പറയ്. അത് കേൾക്കട്ട്..”
മുത്തുവേൽ അതിന് മറുപടി പറയില്ല എന്നെനിക്കറിയാം. ഒഴിഞ്ഞ തുകൽപാത്രവുമായി വേഗത്തിൽ തിരിഞ്ഞുനടക്കും. ഒരഞ്ചു നിമിഷം കഴിഞ്ഞ്, ഒരു ചെറിയ വട്ടപ്പാത്രത്തിൽ ചാള പൊരിച്ചതുമായി വരും.
“കഴിക്ക്, ഞാൻ അതിരാവിലെ കടലിൽപ്പോയി കൊണ്ടുവന്നതാണ്.”
അപ്പോഴും മുത്തുവേൽ മുഖത്തേക്ക് കണ്ണയക്കില്ല, അത് കാണെ എനിക്ക് പിന്നെയും ചിരി വരും.
സത്യവതിയും അങ്ങനെയായിരുന്നു, കള്ളം പിടിക്കപ്പെടുമെന്നാവുമ്പോൾ കുതറിയോടാൻ നോക്കും. അവൾക്കൊപ്പമുള്ള ജീവിതകാലം, ഒരേ സമയം തീവേനലും കൊടുങ്കുളിരുമായിരുന്നു. നനഞ്ഞുനനഞ്ഞിരിക്കേ ഊഷരമാവാൻ കഴിവുള്ള വിശേഷപ്പെട്ട ഒരു ഭൂമിപോലെ അവൾ. എന്തും ഏതും എപ്പോഴും സംഭവിച്ചേക്കും എന്നപോലെ, സർവസന്നാഹവുമൊരുക്കി സദാ ഞാൻ. സകലതിനെക്കുറിച്ചും ഉത്കണ്ഠ- അല്ലലുകളോട് സമരസപ്പെടാൻ ആവതില്ലാത്ത മനസ്സായിരുന്നവൾക്ക്.
കല്യാണം കഴിച്ചുകൊണ്ടുവന്നതിന്റെ പിറ്റേനാളായിരുന്നു ആദ്യമായി സത്യവതിക്ക് മാസമുറയെത്തിയത്. അന്ന്, അലമുറയിട്ട് അയൽവക്കക്കാരെയാകെ അവൾ പേടിപ്പിച്ചിട്ടുണ്ട്. വാധ്യാരു പണിയുടെ കൗശലം കൈയിലുള്ളതിനാൽ ഞാൻ എങ്ങനെയൊക്കെയോ അവളെയന്ന് അടക്കി. ക്ഷമയോടെ കൂടെ നിന്നു. തെച്ചിപ്പൂ നിറത്തിലുള്ള ജമ്പറും മഞ്ഞനിറത്തിലുള്ള പാവാടയും തലയിൽ ചൂടാൻ ഒരു മുഴം കനകാംബരപ്പൂവും കൊഴുന്തും തിളങ്ങുന്ന സൂര്യകാന്തി മൂക്കുത്തിയും ഒക്കെ വാങ്ങിക്കൊടുത്തു. ആരോരുമില്ലാത്ത ഒരുവന്, സത്യവതിയെപ്പോലുള്ള ഒരു മനോഹരിയെ സമ്മാനിച്ച വീട്ടുകാരുടെ സ്വൈരം കെടുത്താൻ പോയില്ല.
പള്ളിക്കൂടം വിട്ടെത്തുമ്പോൾ കൈ നിറയെ പലഹാരങ്ങളുണ്ടാവണമെന്നത് അവൾക്ക് വലിയ നിർബന്ധമായിരുന്നു. കുത്തുപോണി രൂപമുള്ള ചെറിയ പാത്രം നിറയെ ചക്കരയൊഴിച്ച വെറും ചായ ഉണ്ടാക്കിവച്ചിട്ടുണ്ടാവും.
ആര്യവേപ്പു മരച്ചുവട്ടിൽ പരമ്പ് വിരിച്ച്, അതിലിരുന്ന് ഇലയപ്പവും പരിപ്പുവടയും ഉണ്ണിയപ്പവും മടക്കുസേവയും കൂട്ടി നിറയെ ചായ കുടിക്കും. മടക്കുസേവയുടെ അരികിൽ, തരിപോലും പൊടിഞ്ഞുപോകാതെ സൂക്ഷ്മതയോടെ കടിക്കുന്നവളെ ഞാൻ സന്തോഷത്തോടെ നോക്കിയിരിക്കും. ഒന്നിനെച്ചൊല്ലിയും ചങ്കയില്ലാത്ത, തീർത്തും വേറിട്ട ഒരു സത്യവതിയെ കാണാനാവുക അപ്പോഴാണ്. തീറ്റിയും കുടിയും തീർന്നാൽ പിന്നെ പരിഭ്രാന്തിയുടെ സമയമാണ്. ഇത്രയും ഭക്ഷണമെങ്ങനെ വയറ്റിൽകൊള്ളും, ഇത്രയുമെണ്ണ ശരീരമാകെ ഒഴുകി നടക്കില്ലേ തുടങ്ങി നിസ്സാരമായ ചോദ്യങ്ങളാൽ എന്നെ നട്ടംതിരിക്കും. തൃപ്തികരമായ ഉത്തരം കിട്ടുന്നതുവരെ അവൾ വിടില്ല. നെഞ്ചിൽ, നീണ്ട നഖങ്ങൾകൊണ്ട് പോറലുണ്ടാക്കാനും മടിക്കില്ല. ദിവസങ്ങൾ പോകപ്പോകെ എന്റെ സൂത്രങ്ങളൊന്നും വിലപ്പോവാതെയായി.
എനിക്ക് വല്ല ആപത്തും വരുമെന്ന വേവലാതിയും, കാര്യമേതുമില്ലാതെ അവളെ ബാധിച്ചിരുന്നു. തോട്ടുവരമ്പത്ത് ആരോ കുടിയിരുത്തിയ, അമ്മന്റെ മുന്നിൽപ്പോയി കരഞ്ഞുതൊഴാൻ തുടങ്ങി. അതിന്റെ മുന്നിലൊരു കിണ്ണത്തിൽ നിറച്ചുവച്ച മഞ്ഞൾ കൊണ്ടുവന്ന് എന്റെ മുഖത്തു പൂശിത്തന്നു. ദൈവവിശ്വാസിയല്ലാത്ത, വ്യാജസിദ്ധാന്തങ്ങളിലെല്ലാം അവിശ്വാസമുള്ള ഞാൻ അതിനെയും തടഞ്ഞില്ല.
രാവിലെ പള്ളിക്കൂടത്തിലേക്ക് ഇറങ്ങുമ്പോൾ സത്യവതിയും കൂടെയിറങ്ങാൻ തുടങ്ങി. കെഞ്ചിപ്പറഞ്ഞിട്ടും വരാതിരുന്നില്ല. വൈകുന്നേരം വരെ കവലയിലെ ചായക്കടയിൽ ഇരുന്നോളാം എന്ന് ഉറപ്പ് പറയുമെങ്കിലും, ഓരോ അരമണിക്കൂർ ഇടവിട്ടും പള്ളിക്കൂടത്തിന്റെ മുറ്റത്തേക്ക് അവളെത്തി. ദൂരെ നിന്നെന്നെ കാണുമ്പോൾ സത്യവതിയുടെ മുഖത്തൊരു ചിരിയുണരും, അത് കാണെ എന്റെ അസ്വസ്ഥത താനെ ശമിക്കും. കുട്ടികൾ അവൾക്ക് പല പേരുകൾ ചാർത്തിക്കൊടുത്തു. പള്ളിക്കൂടം ഇനി രാഘവൻ സാറിന്റെ വീട്ടുമുറ്റത്തേക്ക് മാറ്റിയാലോ എന്ന്, ഹെഡ്മാസ്റ്ററും ഒരു ദിവസം മുനവച്ച് പറഞ്ഞു.
പെട്ടെന്നാണ് ചാരായക്കടയുടെ മുറ്റത്ത് ചെറുപ്പക്കാർ പ്രത്യക്ഷപ്പെട്ടത്. മുത്തുവേലിന്റെ മുഖത്താകെ പകപ്പ്. പടമെടുപ്പ് തന്നെയാവുമോ ഉദ്ദേശ്യം? അതിലൊരാൾ പെട്ടെന്ന് ഉള്ളിലേക്ക് ഓടിക്കയറി. ചുറ്റും വല്ലാതെ നോക്കി. ഞാൻ എന്തിനും തയാറെന്നപോലെ നിന്നു. ഒന്നുമില്ല. ഒന്നും മിണ്ടാതെ, ഇരുട്ടുതുറന്ന് പിൻവാതിലിലൂടെ അയാൾ ഇറങ്ങിപ്പോയി.
“നോക്ക്, അതു നോക്ക്...”
കൈയിൽ തണ്ടയിട്ടവൻ, ഇടിഞ്ഞുപൊളിഞ്ഞ പള്ളിയുടെ നേർക്ക് വിരൽ ചൂണ്ടുകയാണ്. അവർ ഒന്നിച്ച് അങ്ങോട്ടേക്കോടി. ഞങ്ങൾ ജനാലയിലൂടെ അവരെ നോക്കി.
ഇതുപോലെ സത്യവതിയെ നോക്കിയിരുന്ന ദിവസങ്ങൾ എനിക്കോർമ വന്നു. തൂക്കം കാണാൻ പോയപ്പോൾ ഞാൻ വാങ്ങിച്ചുകൊടുത്ത, വലിയ വെളുത്ത പുള്ളികളുള്ള ഒരു സാരിയുണ്ടായിരുന്നു. അതിന്റെ തുമ്പ് തിരുപ്പിടിച്ചുനിൽക്കുന്ന അവളെ, സ്റ്റാഫ് മുറിയുടെ ഉരുളൻ ജനാലയഴികളിലൂടെ നോക്കി, അക്ഷോഭ്യനായി നിൽക്കുകയേ ഞാൻ എപ്പോഴും ചെയ്തുള്ളൂ. എന്നെ സ്നേഹിക്കൂ എന്ന് വിളിച്ചോതുംപോലെ, പിടക്കുന്ന മിഴികളുള്ളവളെ, ഞാനെങ്ങനെ ശകാരിക്കാൻ? സത്യവതിയുണ്ടാക്കുന്ന ഓരോ പ്രശ്നങ്ങൾക്കുമൊടുക്കം, അവളെ ഗാഢമായി ചുംബിക്കാനല്ലാതെ മറ്റൊന്നിനും എനിക്കാവില്ലായിരുന്നു.
ഒരിക്കൽ, പള്ളിക്കൂടത്തിന്റെ മുറ്റത്തുനിന്ന് പരവേശപ്പെടുന്ന അവളെ, എന്റെ ചില ചങ്ങാതിമാർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ നോക്കി. കുട്ടികൾ തരംതിരിഞ്ഞ് കൂക്കി വിളിക്കുന്നത് കണ്ട് സഹിക്കവയ്യാതെയാണ് അവരതിന് ശ്രമിച്ചത്.
“പോവിനെടാ...” അവർ കുട്ടികളെ ഓടിക്കാൻ നോക്കി. പിന്നെയവളെ, തഞ്ചത്തിൽ കൊണ്ടുപോകാനും.
സത്യവതി അവർക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല. അത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നതുപോലെ, ചൂണ്ടുവിരൽ മുകളിലേക്കുയർത്തി വട്ടംകറക്കി ദൂരേക്ക് നോക്കിനിന്നു.

ഒടുവിൽ, സഹിക്കവയ്യാതെയാണ്, ഞാൻ വാധ്യാരുപണി ഉപേക്ഷിച്ചത്. പുറമേക്ക് വിഷമം കാണിച്ചെങ്കിലും, സത്യവതിക്ക് ആ കാര്യത്തിൽ സന്തോഷമേ കാണൂവെന്ന് എനിക്ക് തീർച്ചയായിരുന്നു. അവൾക്ക് വേണ്ടി ഞാൻ വീട്ടിൽത്തന്നെ ചടഞ്ഞുകൂടിയിരിപ്പായി. അരി തിളപ്പിക്കുമ്പോഴും, തിളക്കുന്ന വെള്ളത്തിലേക്ക് തേയിലയിടുമ്പോഴും അരികിൽനിന്ന് മാറാതെ എനിക്ക് നിൽക്കേണ്ടിവന്നു. അടച്ചിട്ട മുറികൾ അവളെ എല്ലായ്പോഴും ശ്വാസം മുട്ടിച്ചു. ആര്യവേപ്പു മരത്തിനരികിൽ മെടഞ്ഞോലകൊണ്ടു മറച്ച, മേലാപ്പ്, ആകാശത്തിന്റെ വിസ്തൃതിയിലേക്ക് തുറക്കുന്ന ഒരൊറ്റമുറി ഞാൻ പണിതു. എന്നോടൊട്ടിച്ചേർന്ന്, സകല ദണ്ണങ്ങളെയും അഴിച്ചെറിഞ്ഞെറിഞ്ഞെന്നപോലെ അവൾ ദീർഘമായി ഉറങ്ങാൻ തുടങ്ങി. മഞ്ഞു വീഴ്ചയോ തുള്ളിയായി ഒഴിയുന്ന മേഘങ്ങളോ അതിൽനിന്നവളെ തടഞ്ഞില്ല. ഉറക്കം മുറുകുവോളം, ആത്മവിദ്യാലയമേ എന്ന പാട്ട്, മടുപ്പില്ലാതെ ഞാൻ പാടിക്കൊടുത്തു. അച്ചിക്കോന്തനെന്നു പലരും നേർക്കുനേർ നിന്ന് വിളിച്ചു. വ്യത്യസ്തരായ ഞങ്ങളിൽനിന്ന് അയൽക്കാരെല്ലാം അകന്നു, അതിൽ സത്യവതി ആശ്വാസവും കണ്ടെത്തി.
“നോക്ക്, അവന്മാർ പള്ളിക്ക് മേലേക്ക് വലിഞ്ഞുകയറണ്. അതു പൊളിഞ്ഞു വീഴില്ലേ?”
മുത്തുവേൽ ആശങ്കപ്പെട്ടു. ശരിയാണ്, ഇനി നാലു ചുമരുകൾ മാത്രമേ അതിൽ അവശേഷിക്കുന്നുള്ളൂ. പിന്നെ, മുൻഭാഗത്തെ ചുവരിനു മുകളിൽ, പാതി പൊട്ടിയ ഒരു കുരിശും. ഇവരെന്തിനാണ്, ഒരിക്കൽ നശിച്ചതിനെ വീണ്ടും നശിപ്പിക്കാൻ തുനിയുന്നത്? ചുമരിൽനിന്ന്, അവരൂർന്നിറങ്ങുന്നതുവരെ ഞങ്ങൾ കണ്ണുകൾ മാറ്റിയതേയില്ല.
സത്യവതിയുടെ ശീലങ്ങളുമായി പൊരുത്തപ്പെട്ട്, അല്ലലില്ലാതെ മുന്നോട്ടുപോകവേയാണ്, വെള്ള മുണ്ടും ഇളം വെള്ള നിറത്തിലുള്ള മുഴുക്കൈയൻ കുപ്പായവും ധരിച്ച, ഒരുപദേശി ഗ്രാമത്തിലെത്തിയത്. നാഗപട്ടിണത്ത് നിന്നെത്തിയ അയാളുടെ കൈയിൽ തുകൽച്ചട്ടയുള്ള ബൈബിളും ചെറിയൊരു തുണി സഞ്ചിയും ഉണ്ടായിരുന്നു. ക്ലീൻ ഷേവ് ചെയ്ത മുഖം, വശത്തേക്ക് പറ്റിച്ച് ഒതുക്കി ചീകിവച്ച മുടി- ആകക്കൂടി ശാന്തത കളിയാടുന്ന രൂപം. കവലയിലും കടത്തിണ്ണകളിലും ഉപദേശി വന്നുനിന്നു, ബൈബിൾ വചനങ്ങൾ വായിക്കാൻ തുടങ്ങി. അയാൾക്ക് അസാമാന്യമായ വിവരമുണ്ടെന്ന് ആൾക്കാർ വിശ്വസിച്ചു. ആരൊക്കെയോ രോഗശാന്തിയുടെ കഥകൾ പ്രചരിപ്പിച്ചു. രോഗികളുടെ നെറ്റിയിൽ കൈവെപ്പിക്കാനും അവർക്കായി പ്രാർഥിക്കാനും ആൾക്കാർ അയാളോട് കണ്ണീരോടെ കെഞ്ചി. സന്താനമില്ലാത്തവരും മനഃസുഖം നഷ്ടമായവരും സൗഖ്യത്തിനായി ഓടിപ്പിടിച്ചുവന്നു. മഹാപാപികളെന്നു കരുതിയ പലരെയും അയാൾ ദൈവവഴിക്കെത്തിച്ചു.
രണ്ടേ രണ്ടു ദിവസംകൊണ്ട്, നൂറുകണക്കിനാളുകൾ ഉപദേശിക്ക് മുന്നിൽ മുട്ടുകുത്തിനിന്ന് യാചിച്ചു. അതിൽ പലരും തൊട്ടടുത്ത ദിവസം തന്നെ സുഖപ്പെട്ടു എന്ന വാർത്ത അത്ഭുതത്തോടെയാണ് ഞാൻ കേട്ടത്. ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ, ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുന്ന സത്യവതിയെ കിട്ടുക എന്നത് അപ്പോഴേക്കും വലിയൊരു കൊതിയായി എനിക്ക് മാറിയിരുന്നു. ഏകദേശം കാര്യങ്ങളെല്ലാം പറഞ്ഞ് അവളെയും കൂട്ടി ഉപദേശിയെ കാണാൻ കവലയിലേക്ക് ഇറങ്ങിയപ്പോഴേക്കും, അയാൾ അടുത്ത ഇടംനോക്കി സ്ഥലംവിട്ടു കഴിഞ്ഞിരുന്നു.
എന്റെ അവസാന പ്രതീക്ഷയാണ് ഇല്ലാതായതെന്ന് എന്നേക്കാൾ മനസ്സിലാക്കിയത് സത്യവതിയാണ്. അയാൾ നാട്ടിൽ വിതരണം ചെയ്ത പുസ്തകത്തിനു പിന്നിൽ ഒരു വിലാസം അച്ചടിച്ചിട്ടുണ്ടായിരുന്നു. അവിടേക്ക് സത്യവതിയെയും കൂട്ടിപ്പോകാൻ തന്നെ ഞാൻ നിശ്ചയിച്ചു. അവൾ എതിർപ്പ് കാണിച്ചില്ല. ഒരു നാരങ്ങാമിഠായി കാണിച്ച് കൊതിപ്പിക്കുന്നപോലെ എളുപ്പമായിരുന്നു അവളെ അതിനായി ഒരുക്കൽ. കടലും തീവണ്ടിയും ഒറ്റക്കല്ലിൽ തീർത്ത കോവിലുകളും വില്ലടിച്ചാൻപാട്ടും കാണിക്കാമെന്ന് ഞാനവൾക്ക് വാക്കു കൊടുത്തു.
പക്ഷേ, തീവണ്ടിയാപ്പീസ് എത്തിയതും അവളുടെ മട്ട് മാറി. തലേനാൾ മുഴുവനുമിരുന്ന്, ഒരു വലിയ വെള്ളക്കടലാസിൽ തീവണ്ടി വരച്ച്, അതിന്റെ പ്രവർത്തനത്തെപ്പറ്റി സത്യവതിയെ പഠിപ്പിച്ചതെല്ലാം വൃഥാവിലായി. തീവണ്ടിയിൽ കയറില്ലെന്ന് വാശി പിടിച്ച്, നെഞ്ചുഴിഞ്ഞുകൊണ്ടവൾ തീവണ്ടിയാപ്പീസിന്റെ തറയിലിരുന്നു. ദീർഘമായി ഉച്ചത്തിൽ ശ്വാസമയച്ചു. യാത്ര വേണ്ട, ബോഗികൾ വേർപെട്ടു അപകടമുണ്ടാവുമെന്ന് അവൾ തറപ്പിച്ചു പറഞ്ഞു. എങ്ങനൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഞാൻ പരാജയപ്പെട്ടു. ആൾക്കൂട്ടമാകെ ഒരു കോമാളിയെപ്പോലെ സത്യവതിയെ നോക്കുന്നത് കണ്ടപ്പോഴാണ് ഞാനാകെ തകർന്നുപോയത്. ഉപദേശിയെ തേടിയിറങ്ങിയത് തന്നെ, അയാളാണ് അവസാന അത്താണിയെന്നു കരുതിയതിനാലാണ്. അതാണ് ഒറ്റയടിക്ക് സത്യവതി ഇല്ലാതാക്കിയത്. ചുറ്റുമുള്ള ലോകം ഇരുട്ടിലേക്കാഴ്ന്നപോലെ തോന്നിയതും, ഒരു കുഞ്ഞിനെപ്പോലെ അവളുടെ മടിയിലേക്ക് തലയാഴ്ത്തി ഞാൻ ഏങ്ങിക്കരഞ്ഞു.
അത്ഭുതമെന്നു പറയട്ടെ, അവൾ പെട്ടെന്ന് ശാന്തയായി. തുണിസഞ്ചി വാരിയെടുത്ത്, എന്നെയും എണീപ്പിച്ചു തീവണ്ടിയിൽ കയറി. പുറമെ നിന്ന് കാണുന്നതുപോലെയല്ല, ഒച്ചയോടെ കുതിക്കുന്ന തീവണ്ടിയേക്കാൾ വേഗതയുണ്ട് അവളുടെ ഹൃദയമിടിപ്പിനെന്ന് എനിക്കറിയാമായിരുന്നു. സത്യവതിയെ ഞാൻ കനിവോടെ അണച്ചുപിടിച്ചു. അവൾ മെല്ലെ ഉറക്കം പിടിച്ചു.
നാഗപട്ടിണമെത്തിയപ്പോഴേക്കും ഉപദേശി അവിടന്നും പോയിക്കഴിഞ്ഞിരുന്നു. കൈവശം ബാക്കിയായ പണം എണ്ണി തിട്ടപ്പെടുത്തി, ഇനിയെന്തെന്നോർത്ത് ഞാൻ ഏറെനേരം നിന്നു.
‘‘ഉപദേശി മറ്റൊരിടത്തേക്ക് പോയെന്നാണ് കേട്ടത്. നമുക്കങ്ങോട്ട് പൂവാം.”
അത് പറയുമ്പോൾ സത്യവതിയുടെ മുഖം താഴ്ന്നിരുന്നു. ചായയും പലഹാരങ്ങളും കഴിച്ച് നേരെ അടുത്ത വണ്ടിയിൽ കയറി. ആ പോക്കും ഗുണപ്പെട്ടില്ല. പിന്നെയും യാത്രകൾ തന്നെ. ഉപദേശിയെ കാണുംവരെ യാത്ര തുടരാനായിരുന്നു അവളുടെ തീരുമാനം. ഞാനത് അനുസരിച്ചു.
മുത്തുവേൽ വീണ്ടും ചാരായമൊഴിക്കുന്നുണ്ട്. മതിയെന്ന് തലയാട്ടുന്നതൊന്നും അവൻ കണ്ട ഭാവമേയില്ല. മുത്തുവേലും എന്നെപ്പോലെയാണ്- സ്വന്തമല്ലാത്ത ഒരു നാട്ടിലാണ് ഞങ്ങളിരുവരും സ്വന്തമാണെന്ന നാട്യത്തിൽ ജീവിച്ചുപോരുന്നത്. അവന്റെ കഥയറിയാൻ വല്ലാത്ത ആശയുണ്ട്, പക്ഷേ ചോദിയ്ക്കാൻ വയ്യ. അതിനു മുമ്പ് എന്റെ കഥ പറഞ്ഞുകൊടുക്കുന്നതാണല്ലോ മര്യാദ. കഥയായി മാറിക്കഴിഞ്ഞതാണ് സ്വന്തം ജീവിതമെന്ന് ഉൾക്കൊള്ളാൻ എനിക്കിന്നും പറ്റിയിട്ടില്ല. അതിനാവുമ്പോൾ ഞാൻ എല്ലാം പറയും.
മുത്തുവേലിനെ പരിചയപ്പെട്ടതാണെങ്കിൽ അതിലും രസകരമാണ്. ഒരു രാത്രി കടലിലേക്കിറങ്ങി ഞാൻ നടക്കുകയായിരുന്നു. മനസ്സിനൊരു ഭാഗത്ത് നിറയെ സത്യവതി, മറുഭാഗത്ത് കടൽ. ഏതോ വിചാരത്തിൽ അങ്ങനെ നടന്നു നടന്നു തലയോളം വെള്ളത്തിലെത്തി. അപ്പോഴാണ് അതിനുള്ളിൽനിന്നും മുത്തുവേൽ പൊന്തിവന്നത്. ഞങ്ങൾ ഇരുവരും ഒരു നിമിഷം പേടിച്ചു.
“പോയി മെനക്കെടണ്ട, അവിടെങ്ങുമാരുമില്ല. ആരും..”
മുത്തുവേൽ പറഞ്ഞു. പിന്നെ, എന്റെ ചുമലിൽ പിടിച്ചു. ഞങ്ങൾ കര ലക്ഷ്യമാക്കി നടന്നു. ചീയാൻ തുടങ്ങിയ കുളവാഴയുടെ മണമായിരുന്നവന്. ഒരുപക്ഷേ കടലിനടിയിലെ നഗരത്തിനും അതേ മണമായിരിക്കാം. അതോ അഴുകാൻ തുടങ്ങിയ അനേകം ജീവനുകളുടെ മണമോ? ഇന്നും ഞാനവനോട് ചോദിച്ചിട്ടില്ല, അവിടെ കണ്ടതിനെക്കുറിച്ച്.
എല്ലാ വിചാരങ്ങളെയും മനസ്സിലാക്കുന്നുവെന്നപോലെ മുത്തുവേൽ എന്നെത്തന്നെ നോക്കി ചിരിക്കുകയാണ്. ഞാൻ, ബാക്കിയിരുന്ന ചാരായം കൂടി അകത്താക്കി. ഇരുട്ട് ഞങ്ങൾക്ക് ചുറ്റും പുതഞ്ഞു. അധികം വൈകാതെ കടപ്പുറം ശൂന്യമാവും. പള്ളിയുടെ ഇടിഞ്ഞ കോണുകളിൽ കള്ളന്മാരും വേശ്യകളും തമ്പടിക്കും. ഞങ്ങളതൊന്നും കാണാൻ നിൽക്കാറില്ല.
ദൂരെനിന്നും ഒരു നാദസ്വര കച്ചേരിയുടെ റെക്കോഡ് മുഴങ്ങാൻ തുടങ്ങി. രാത്രി തുടങ്ങുന്നതിന്റെ അടയാളമാണത്.
“ഷെയ്ഖ് ചിന്ന മൗലാനയാണ്. കച്ചേരി കേട്ടിറ്റൊണ്ടാ?”
മുത്തുവേൽ പതിവുപോലെ ചോദിച്ചു. ഞാൻ ഇല്ലെന്ന് തലയാട്ടി. ഉത്സവകാലത്ത് നടക്കാറുള്ള നാദസ്വരക്കച്ചേരികൾ സത്യവതിക്ക് വലിയ ഇഷ്ടമായിരുന്നു. അവൾ അതിനെയാണോ ഇഷ്ടപ്പെട്ടത്, അതോ നാരങ്ങയും ഭസ്മവും ജമന്തിപ്പൂക്കളും മഞ്ഞളും മണക്കുന്ന ഉത്സവരാത്രികളിൽ, നാദസ്വരം കേട്ടുകൊണ്ട് എന്റെ കൈകളെ വട്ടംപിടിച്ച് ആൾത്തിരക്കിലൂടെ നടക്കുന്നതിനെയോ? അറിയില്ല. ഞാൻ ചുറ്റും നോക്കി.
ചാരായക്കടക്കുള്ളിൽ ഇനി, എങ്ങുനിന്നോ ഒരു വെട്ടം വന്നു പതിക്കും. അതിന്റെ മഞ്ഞച്ച ശോഭയിൽ കടയുടെ തറയിലൂടെ, ഞരമ്പുപോലെ നേർത്തൊഴുകുന്ന തീവണ്ടിപ്പാളം കാണാനൊക്കും. തുരുമ്പിച്ച ഇരുമ്പിന്റെ മണം ചുറ്റും പരക്കും. പാളത്തിന്മേലാണ് ഞാൻ ഉറങ്ങാൻ കിടക്കുക. എനിക്കപ്പോൾ സത്യവതിയെ തൊടാനാവും, അവളുടെ എല്ലാ ഉത്കണ്ഠകളെയും വാരിപ്പുണർന്ന് ഞാൻ കിടക്കുമ്പോൾ അവൾ ആശ്വസിക്കുമെന്ന് എനിക്കറിയാം. മുത്തുവേൽ ഉടൻ ഇവിടെനിന്ന് ഇറങ്ങും. അവന്റെ ഉറക്കസ്ഥലം എവിടെയാണെന്നത് മഹാരഹസ്യമാണ്. ഒരു പക്ഷേ, മുൾച്ചെടികളെ പുണർന്നുകൊണ്ടായിരിക്കാം. എനിക്കറിയാം, മുത്തുവേലിനും ആരെയോ ആശ്വസിപ്പിക്കാൻ കാണുമെന്ന്.
ചെറുപ്പക്കാരുടെ ശബ്ദം വീണ്ടും കേൾക്കുന്നുണ്ട്. അവർ ഈ നേരമായിട്ടും പോയില്ലായിരുന്നോ? കടലെടുത്ത ഒരു മഹാനഗരത്തിന്റെ അവശിഷ്ടങ്ങളിലൂടെ നടക്കുമ്പോൾ അവർക്കെന്ത് സുഖമാണാവോ കിട്ടുക? അതിശയംതന്നെ! അവർ മൂന്നുപേരും കൂടുതൽ അടുത്തേക്ക് വരികയാണ്, സംസാരിക്കുന്നത് ഇപ്പോൾ കൂടുതൽ സ്പഷ്ടമായി കേൾക്കാനാവുന്നുണ്ട്.
“എന്നാലും, ഒരു ജീവൻപോലും ബാക്കിവക്കാതെ...”
തീവണ്ടിപ്പാളം ചവിട്ടിയാണ് അവർ നടക്കുന്നത്, അതിന്മേൽ കിടക്കുന്ന എനിക്ക് നോവുമെന്ന് അവർക്കറിയില്ലേ? എനിക്ക് മാത്രമല്ല, സത്യവതിക്കും നോവില്ലേ? അങ്ങനെയുള്ള നൂറു കണക്കിന് മനുഷ്യർക്ക് നോവില്ലേ? എനിക്ക് പേടിയായിത്തുടങ്ങി.
ഞാൻ അലമുറയിട്ടു.
“മുത്തുവേൽ, ഓ മുത്തുവേൽ...”
അന്ന്, തീവണ്ടി, ഒടുവിലത്തെ സ്റ്റേഷനിൽ എത്തുമ്പോൾ, ആരോ, മുത്തുവേൽ എന്ന പേര് വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. സത്യവതി എനിക്കു മുമ്പേ ഉണർന്നിരുന്നു. അവളുടെ മുഖം പതിവിന് വിപരീതമായി നന്നേ ശാന്തമായിരുന്നു, യാതൊരു മുറുക്കവുമില്ല. തീവണ്ടി ജനാലയിലൂടെ, ദൂരെ കാണുന്ന കുരിശു രൂപത്തിലേക്ക് അന്നേരം സത്യവതി വിരൽചൂണ്ടി.
“ഉപദേശി അവിടെക്കാണും, ഒറപ്പ്. നമുക്ക് വെക്കം പോണം, അയാൾ പൊയ്ക്കളഞ്ഞാലോ...’’
അവൾ വേഗമെണീറ്റ്, തുണിസഞ്ചിയെടുത്തു. എണീക്കാൻ, എനിക്ക് കൈ തന്നു. ഞാൻ സത്യവതിയെ തൊടും മുന്നേ തീവണ്ടിയൊന്ന് കുലുങ്ങി. ഞങ്ങളുടെ കൈകൾ അകന്നു. അവളുടെ അച്ചം കണ്ടിട്ടാകണം, കടൽ തീവണ്ടിമുറിക്കുള്ളിലേക്ക് ആരവത്തോടെ കടന്നുവന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന ബോഗിയെയും ഇറുത്തെടുത്ത് പള്ളി ലക്ഷ്യമാക്കി ഒഴുകാൻ തുടങ്ങി.