വനദേവതയും ഭൗതികവാദിയും

01ഞാൻ ഗ്രാമവും നഗരവും ഉപേക്ഷിച്ചിരുന്നു. എന്നാൽ, പല വർഷങ്ങളായി ഞാൻ വനവാസിയായി ജീവിച്ചുപോരുന്നു. ആർക്കുമെന്നെ തിരിച്ചറിയാൻ കഴിയില്ല. ആരെങ്കിലും ഈ കാട്ടിലേക്ക് വരുമെന്നു തോന്നുമ്പോൾ ഞാൻ ഒരുതരം മുഖംമൂടി ധരിക്കും. ഞാനൊരു മരത്തിൽ ചാരിനിന്നാൽ ഞാന്‍ ആ മരത്തിന്റെ നിറമായി മാറും. നദിയില്‍ ഇറങ്ങിയാല്‍ ജലം പോലെയാകും. ഉദ്യാനത്തിലെത്തിയാല്‍ ഞാനൊരു പൂവായി മാറും. മല കയറിയാൽ ഞാൻ പാറയാകും. ഒരു വെള്ളച്ചാട്ടത്തിനടുത്തേക്കു ചെന്നാല്‍ ഞാൻ നുരയായി പൊങ്ങും....
Your Subscription Supports Independent Journalism
View Plans01
ഞാൻ ഗ്രാമവും നഗരവും ഉപേക്ഷിച്ചിരുന്നു. എന്നാൽ, പല വർഷങ്ങളായി ഞാൻ വനവാസിയായി ജീവിച്ചുപോരുന്നു. ആർക്കുമെന്നെ തിരിച്ചറിയാൻ കഴിയില്ല. ആരെങ്കിലും ഈ കാട്ടിലേക്ക് വരുമെന്നു തോന്നുമ്പോൾ ഞാൻ ഒരുതരം മുഖംമൂടി ധരിക്കും.
ഞാനൊരു മരത്തിൽ ചാരിനിന്നാൽ ഞാന്‍ ആ മരത്തിന്റെ നിറമായി മാറും. നദിയില്‍ ഇറങ്ങിയാല്‍ ജലം പോലെയാകും. ഉദ്യാനത്തിലെത്തിയാല്‍ ഞാനൊരു പൂവായി മാറും. മല കയറിയാൽ ഞാൻ പാറയാകും. ഒരു വെള്ളച്ചാട്ടത്തിനടുത്തേക്കു ചെന്നാല്‍ ഞാൻ നുരയായി പൊങ്ങും. ഗുഹയിൽ പ്രവേശിച്ചാൽ ഞാൻ ഇരുളായിടും.
ഒരു ദിവസം ചെറുപുല്ലുകള്‍ തഴച്ചുവളര്‍ന്ന സമതലത്തിൽ ചാഞ്ഞുകിടന്നിരുന്ന സമയത്ത് ഒരു കൂട്ടം മുയലുകൾ എന്റെ ശരീരമാകെ തൊട്ടുരുമ്മി കറങ്ങിനടക്കുന്നത് അനുഭവിച്ചതില്‍ പിന്നീടാണ് ഇനി മുതൽ തറയിൽ കിടക്കുമ്പോൾ മുഖംമൂടി ധരിക്കുന്നത് നല്ലതല്ലെന്ന് എനിക്കു മനസ്സിലായത്. ഒരു വനത്തില്‍ ജീവിക്കേണ്ടതെങ്ങനെയാണെന്ന് പടിപടിയായി ഞാന്‍ പഠിച്ചെടുത്തു.
എന്റെ ഈ ഓന്തിന്റെ വേഷം ഈ കാട്ടിൽ വരുന്ന മനുഷ്യർക്ക് മാത്രമാണ് തിരിച്ചറിയാൻ കഴിയാത്തത്. എന്റെ മനുഷ്യഗന്ധം മറ്റു മനുഷ്യഗന്ധത്തില്നിന്ന് എപ്പോഴും വേര്തിരിച്ചറിയുന്നതിനാല് മൃഗങ്ങള്‍ ഞാനുമായി സൗഹൃദത്തിലാണ്. എന്നില്‍നിന്ന് തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്ന കാര്യം മൃഗങ്ങള്ക്കെല്ലാമറിയാം. അവയെ കണ്ട് ഞാന്‍ ഭയക്കുന്നുമില്ല. എന്നാൽ, ഞാൻ ഈ കാട്ടില്‍ എവിടെയായിരുന്നാലും അവ എന്നെ തിരിച്ചറിയുന്നു.
ഇപ്പോഴൊക്കെ മനുഷ്യരാരും കാട്ടിലേക്ക് വരാറേയില്ല. ഞാനും മുമ്പത്തെപ്പോലെ കാടിന്റെ അരികില്‍ ജീവിക്കാതെ വനാന്തരത്തിലാണ് കഴിയുന്നത്.
ഞാൻ നടക്കുമ്പോൾ എന്റെ തോളിൽ, തൂങ്ങിക്കിടക്കുന്ന കുട്ടിക്കുരങ്ങുകളുണ്ട്. എന്റെ തലമുടികള്‍ അലങ്കോലമാക്കി കൂട്ടിപ്പിണയ്ക്കുന്ന പക്ഷികളുണ്ട്. എന്റെ കവിളുകൾ പൊതിയുന്ന പൂമ്പാറ്റകളുണ്ട്. എന്റെ കണ്ണിമകളില്‍ വന്ന് ഒട്ടിക്കിടക്കുന്ന കമ്പിളിപ്പുഴുക്കളുണ്ട്. എന്റെ കഴുത്തില്‍ ചുറ്റിപ്പടരുന്ന പൊന്വണ്ടുകളുണ്ട്. എന്റെ മാറിടത്തില്‍ ചുരുണ്ടുകൂടി കിടക്കുന്ന അണ്ണാന്കുഞ്ഞുങ്ങളുണ്ട്. എന്റെ മടിയില്‍ മാന്കുട്ടികള് കയറിക്കിടക്കുന്നുണ്ട്. എന്റെ ചുമലില്‍ പലതരം സര്‍പ്പങ്ങളും പെരുമ്പാമ്പുകളും നാഗങ്ങളും ചുറ്റിയിരിക്കുന്നുണ്ട്. അപരിചിതമായ മനുഷ്യഗന്ധത്തെ മണംപിടിക്കുന്ന കാവല്ക്കാരെപ്പോലെ ചെന്നായ്ക്കൾ എന്റെ പിന്നാലെ വരുന്നുമുണ്ട്.
അതെന്നോ ഇതെന്നോയെന്ന ഭേദവ്യത്യാസമില്ലാതെ അവയെല്ലാറ്റിനെയും അവയുടെ ശൈശവം മുതൽ ഞാനാണ് പരിപാലിച്ചുപോരുന്നത്. ഈ കാനനത്തിനുള്ളില്‍ അമ്മമാര്‍ ഉപേക്ഷിച്ചു പോകുന്ന യാതൊരു കുഞ്ഞും അനാഥരാകില്ല. അമ്മമാര്‍ ഉള്ളവരായിക്കൊള്ളട്ടെ ഇല്ലാത്തവരായിക്കൊള്ളട്ടെ ഈ കാട്ടിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഊട്ടുവാനുള്ള പാല് എന്നില്‍ ചുരക്കുന്നുണ്ട്. എന്റെ മുലകളില്‍നിന്നു മാത്രമല്ല, എന്റെ ഇരു കാല്വിരലുകളില്നിന്നും കൈവിരലുകളില്നിന്നും പാല് ചുരക്കുന്നുണ്ട്. എന്റെയരികില്‍ വരുന്ന ഏതൊരു കുഞ്ഞും വിശപ്പറിയുന്നില്ല. തങ്ങളുടെ ഊഴമെത്തുന്നതുവരെ കോട്ടുവായിട്ടുകൊണ്ട് ക്ഷമയോടെ കാത്തിരിക്കും വിധം ഞാനുമായി അവയെല്ലാം ബന്ധിതരാണ്. തങ്ങളുടെ ധാർമികത അവര്‍ കാത്തുസൂക്ഷിക്കുന്നു.
ഇവ്വിധം നഗ്നനേത്രങ്ങൾക്ക് കാണാന്‍ കഴിയാത്ത ഒരു വനദേവതയായി ഈ കാട് എന്റെ പദവി ഉയര്‍ത്തിയിരിക്കുന്നു. എല്ലാ അസ്തമന സമയത്തും കവിതകൾ പാടി ഞാൻ ഈ കുഞ്ഞുങ്ങളെ ഉറക്കും. ആ കവിതകൾ കേള്‍ക്കാന്‍വേണ്ടി മാത്രം എനിക്ക് പേരുപോലുമറിയാത്ത എത്രയോ പ്രാണികൾ ആകാശത്തുനിന്നും ഭൂമിക്കുള്ളില്നിന്നും ജലത്തില്‍നിന്നും ദിവസവും വന്നുപോകുന്നു.
കൈയൊപ്പു ചാര്‍ത്താത്ത ഏതോ ഉടമ്പടി പോലെയൊരു അരുമയായ ജീവിതത്തിന് ഞാന്‍ അവകാശിയായിരിക്കുന്നു. വാത്സല്യത്തോടും കരുണയോടും കൃപയോടും കൂടിയാണ് ഇവയെല്ലാം ഞാൻ ചെയ്തുപോരുന്നത്.
എല്ലാവരും ഉറങ്ങിക്കൊണ്ടിരിക്കുന്ന പാതിരാവില്‍ ഞാൻ പുഴയിലിറങ്ങി നീരാടി അൽപം ജലപാനം ചെയ്യും. അങ്ങനെത്തന്നെ നദീതീരത്ത് ചാഞ്ഞുകിടന്ന് ആകാശത്തേക്കു നോക്കിക്കൊണ്ടിരിക്കുമ്പോൾ ആദിയും അന്തവുമില്ലാത്ത ഒരു നക്ഷത്രമായി ഞാന്‍ മാറും. പിന്നീട് പുലര്‍വേളയില്‍ സൂര്യനുദിച്ച് തന്റെ ഇളംചുവപ്പ് നിറത്തിലുള്ള കതിരുകളാല്‍ എന്നിലേക്ക് തുളച്ചുകയറുമ്പോൾ മാത്രമാണ് ഞാനുണരുക. അതുവരെ എന്റെ കുഞ്ഞുകൂട്ടം അക്ഷമരാണെങ്കിലും ഈ അമ്മ തയാറായി വരുന്നതുവരെ എന്റെ ദേഹത്തില്‍ കയറാനായി ക്ഷമയോടെ കാത്തിരിക്കും. അതിനുശേഷം അവയെയെല്ലാം എന്റെ ദേഹത്തില്‍ പേറിക്കൊണ്ട് സന്ധ്യ വരെ വീണ്ടും ഞാൻ ഉലാത്തും. അതിനിടയിൽ കളിസമയം, വിശ്രമ സമയം തുടങ്ങിയവയുമുണ്ട്. ഇങ്ങനെയാണ് എന്റെ ദിവസങ്ങള്‍ കടന്നുപോവുക.
ഒരു ദിവസം പാതിരാവിൽ നദിയിൽ നീരാടി, ജലപാനം ചെയ്ത് നദീതീരത്തുവന്ന് ചാഞ്ഞുകിടന്നതു മാത്രം ഞാനോർക്കുന്നു. ആകാശത്തൊരു നക്ഷത്രമായി മാറാനും സമയം ലഭിച്ചില്ല. തറയിൽ പുല്കമ്പിളിയായി മാറാനും സമയം ലഭിച്ചില്ല. നിറമോ വേഷമോ മാറാതെ എന്റെ രൂപത്തില്‍ തന്നെയായിരുന്നു ഞാന്‍. അതേ, ശുക്രനക്ഷത്രം പോലുള്ള ഇരുമിഴികള്‍ പൊടുന്നനെ എവിടെനിന്നോ വന്ന് എന്റെയരികില്‍ ഉദിച്ചു. ഞാൻ അവയെ അത്ഭുതത്തോടെ നോക്കി. എനിക്ക് വളരെ പരിചിതമായ കണ്ണുകളായിരുന്നു അവ. എന്നാല്‍, അവയെ ഓർത്തെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല.
ആരാണിത്? മനുഷ്യരുമായി ഞാന്‍ ഇടപഴകുന്നതു പോകട്ടെ, ഒരു മനുഷ്യജന്മത്തെ കണ്ടകാലം പോലും എന്റെ ഓർമയിലില്ല. ഒന്നുമോര്‍ക്കാന്‍ കഴിയാതെ പഴയതൊക്കെ ഓര്‍ത്തെടുത്തു നോക്കാന്‍ ശ്രമിക്കുമ്പോഴാണ് അതെന്റെ ദേഹത്തേക്ക് കുതിച്ചത്. ഒരു കൂട്ടം കാട്ടുകുഞ്ഞുങ്ങളെ എന്റെ ശരീരത്തില്‍ ചുമന്നുകൊണ്ട് ദിവസം മുഴുവന്‍ അലഞ്ഞുതിരിഞ്ഞാല്‍ പോലും ഇത്രത്തോളം ക്ഷീണമോ ശ്വാസതടസ്സമോ എനിക്കുണ്ടാകാറില്ല.
എന്താണ് ഈ ജന്തു എന്നോടു കാണിക്കുന്നത്? ഉന്മാദം ബാധിച്ചതു പോലെയാണല്ലോ പെരുമാറുന്നത്! എനിക്കൊന്നും മനസ്സിലാകുന്നില്ല. നിർത്താതെ ഒരേപോലെ അത് ചലിച്ചുകൊണ്ടിരിക്കുന്നു. അതെന്നെ വേദനിപ്പിക്കുകയാണ് ചെയ്തത്. ശ്വസിക്കാൻ പോലും എന്നില്‍ ശക്തിയില്ലായിരുന്നു. ഉറങ്ങാനും കഴിഞ്ഞില്ല. ആ ജീവി ഏതായാലും അതിനു നല്ല വിശപ്പുണ്ടായിരുന്നെന്ന് എനിക്കു മനസ്സിലായി. ഒടുവില്‍ അതെന്റെ മാറിനു മീതെ കിടന്നുറങ്ങി.
ഉറങ്ങിയെന്ന് ഞാന്‍ കരുതിയപ്പോഴും അൽപനേരത്തിനുള്ളില് അതു വീണ്ടുമുണർന്നു. ഉണര്‍ന്നതും വീണ്ടും എന്റെ കണ്ണുകളിലേക്കുതന്നെ തുറിച്ചുനോക്കി. അന്നേരം ഞാൻ മുമ്പ് കണ്ടവയല്ലായിരുന്നു അതിന്റെ കണ്ണുകൾ. വേറെ രണ്ടു കണ്ണുകളായിരുന്നു ആ കണ്ണുകൾ. സാധാരണയായി, മൃഗക്കുഞ്ഞുങ്ങൾ എന്നിൽനിന്ന് വയറുനിറയെ പാൽ നുകര്‍ന്ന്, ഉറങ്ങിയെഴുന്നേറ്റ് കളിച്ച ശേഷം എന്റെയടുത്തേക്ക് വരുമ്പോള്‍ അവയുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയുന്ന നിർവൃതിയുള്ള കാഴ്ച തന്നെയാണ് ഈ കണ്ണുകളിലുമുണ്ടായിരുന്നത്.
അങ്ങനെയാണെങ്കിൽ ഞാന്‍ വല്ല സ്വപ്നവും കാണുകയാണോ?! യാതൊരു ജീവിയും എന്നോട് പെരുമാറിയിട്ടില്ലാത്ത വിധം വളരെ മോശമായ രീതിയിലല്ലേ ഇതെന്റെ ശരീരത്തില്‍ ചലിച്ചത്?! എന്നാലും ഒരു തവണ ഉറങ്ങിയെഴുന്നേറ്റ് എന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിട്ട് വീണ്ടും എന്റെ കവിളിൽ മുഖം ചായ്ച്ചുകൊണ്ട് ഏതോ ഒരു കരടിക്കുട്ടിയെപ്പോലെയല്ലേ വീണ്ടുമുറങ്ങുന്നത്?! എന്നാല്‍, ഒരു കരടിക്കുട്ടി പോലും എന്നെ ഇവ്വിധം പീഡിപ്പിച്ചിട്ടില്ലല്ലോ?!
ഇത്തരത്തിലുള്ള രണ്ടു മുഖങ്ങള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യർക്കു മാത്രമേ കഴിയുകയുള്ളൂവെന്ന് തോന്നുമ്പോള്‍ തന്നെ ഇതൊരു മനുഷ്യജീവിയാണെന്ന് എനിക്കു മനസ്സിലായി. ഇവന്, മനുഷ്യരുമായി ഞാന്‍ ഇടപഴകിയിരുന്ന കാലത്ത് എനിക്കറിയാമായിരുന്ന ഒരേയൊരു പുരുഷനല്ലേ എന്നതും അപ്പോഴാണ് എന്റെ ഓര്‍മയില്‍ വന്നത്.
അവൻ എങ്ങനെയാണ് ഇവിടെയെത്തിയത്? അങ്ങനെയെങ്കിൽ എത്ര കാലത്തിനു ശേഷമാണ് ഞാനിപ്പോള്‍ അവനെ കാണുന്നത്? എനിക്കൊന്നും ഓർമയില്ല. കുറഞ്ഞത് ഞാനവന്റെ മുഖമെങ്കിലും മറന്നിട്ടുണ്ട്. ആ നക്ഷത്രക്കണ്ണുകൾ മാത്രം എനിക്കു മുമ്പേ പരിചയമുള്ളതുപോലെ തോന്നി. സംഭവിച്ചതൊരു സ്വപ്നമാണെന്നാണല്ലോ കരുതിയിരുന്നത്? എന്നാലും, എന്റെ ദേഹത്തുകയറി എന്തിനാണ് അവനെന്നെ പീഡിപ്പിച്ചത്? ഒരക്ഷരം പോലും അവനില്‍നിന്ന് പുറത്തുവന്നിരുന്നില്ല. ഊമയായ ഒരു മൂങ്ങയെപ്പോലെയാണ് അവന് കിടന്നത്. ഞാനറിയുന്നവന്‍ സംസാരിക്കാന്‍ പറ്റുമല്ലോ! നന്നായി സംസാരിക്കുന്നതാണല്ലോ അവന്റെ സവിശേഷത?! അവന്റെ കഥകളെയല്ലേ ഞാനിഷ്ടപ്പെട്ടതും?!
02
അവളൊരു വനദേവത. എനിക്കറിയാവുന്ന ഒരേയൊരു മനുഷ്യസ്ത്രീയോട് സാമ്യമുള്ളവളായിരുന്നു അവൾ. എന്നാലും, ഞാൻ ആ മനുഷ്യസ്ത്രീയെ മനസ്സിലാക്കിയ കാലത്തുതന്നെ ഉപേക്ഷിച്ചു കളഞ്ഞില്ലേ! പിന്നീട് അവളുടെ ജീവിതത്തിൽ എന്തു സംഭവിച്ചുവെന്നുതന്നെ എനിക്കറിയില്ല.
അങ്ങനെയുള്ള ഒരുവളെ ഈ കാടിനു നടുവിൽ കാണുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാടുകൾ എനിക്കിഷ്ടമല്ല. ഒരു ഭൗതികവാദിയായിത്തന്നെ കഴിഞ്ഞവനാണ് ഞാന്‍. വനവാസിയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. ഗ്രാമത്തിൽനിന്ന് നഗരത്തിലേക്കും നഗരത്തിൽനിന്ന് ലോകം മുഴുവനും ചുറ്റിക്കറങ്ങുകയെന്ന ആഗ്രഹമായിരുന്നു എന്റെ സ്വപ്നം. അതിനുശേഷം, ബഹിരാകാശത്തേക്ക് പോകുന്നതുപോലെ പടിപടിയായി മുകളിലേക്കു പോകാനുള്ള ലക്ഷ്യങ്ങൾ മാത്രമാണ് എന്റെ ജീവിതത്തിലുണ്ടായിരുന്നത്. ബഹിരാകാശത്തേക്ക് പോകുന്നതൊഴിച്ചാൽ മറ്റുള്ളവയെല്ലാം എനിക്കാവശ്യമുള്ള രീതിയിലും ഞാനാഗ്രഹിച്ച രീതിയിലുമാണ് നടന്നത്. ഒരു റോക്കറ്റിൽ പോകുന്നതിനുമുമ്പ് വിമാനത്തിൽ പറന്നിരിക്കേണ്ടതിനാല് ഇടക്കിടെ ഞാൻ ആകാശയാത്രകൾ നടത്തി. എന്റെ കൈയിൽ ഒരു നയാപൈസ പോലുമില്ലാതിരുന്ന കാലത്തേതുപോലെ, ഉള്ള പണമെന്തു ചെയ്യണമെന്നറിയാതെ ഒടുവില്‍ മിഴിച്ചുനില്ക്കേണ്ട ഒരു കാലവും ആഗതമായി. അക്കാലത്താണ് കൂടുതലായി ഞാൻ ആകാശയാത്ര നടത്തുന്നത്. ചൂടു വാതക ബലൂണില്‍ കയറി തണുത്ത പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നത് എനിക്കിഷ്ടമാണ്. അവസാനമായി അങ്ങനെ യാത്ര ചെയ്ത വേളയിലാണ് ഞാന്‍ തനിയെ യാത്ര ചെയ്തൊരു ചൂടുവാതക ബലൂണ്‍ അപ്രതീക്ഷിതമായി മറ്റൊരിടത്തേക്ക് പൊങ്ങിപ്പോയത്. അതാണെങ്കിലോ, ഏഴു കടലുകൾക്കപ്പുറം സമുദ്രത്തിനു നടുവിലുള്ള ചെറിയൊരു ദ്വീപിലെ ഒരു കുഞ്ഞുകാടിന്റെ മധ്യഭാഗമായിരുന്നു.
സത്യത്തിൽ ഞാനിവിടെയൊരു പ്രസ്താവന നടത്താന്‍ ആഗ്രഹിക്കുകയാണ്. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ ആ വാതക ബലൂണിൽ കയറിയത്. ആ സമയത്ത് ജീവിക്കുകയെന്നതുതന്നെ ഒരു ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതി. എനിക്ക് ആനന്ദം നൽകുന്നതെല്ലാം പടിപടിയായി ശോകം നല്‍കുന്നതായി പരിണമിച്ചിരുന്നു. സ്വാദുള്ളതെല്ലാം കൈപ്പായി മാറിയിരുന്നു. ഞാൻ ആഗ്രഹിച്ചതെല്ലാം തന്നെ ഞാൻ വെറുത്തുപോയിരുന്നു. എല്ലാ ഭൗതിക കാര്യങ്ങളിലും പൂർണത പ്രാപിച്ചുവെങ്കിലും മാനസികമായി തുടരെത്തുടരെ ഞാന്‍ ശൂന്യത അനുഭവിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ, വൈദ്യപരിശോധനകളൊന്നും നടത്താതെ, ഞാന്‍തന്നെ എനിക്കേതോ അര്ബുദരോഗമുണ്ടെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു. ചിലപ്പോള്‍ എന്റെ ഹൃദയം ദുർബലമായതു കൊണ്ടായിരിക്കാം എനിക്ക് അര്‍ബുദരോഗം വന്നതെന്ന് ഞാന്‍ കരുതിയത്. എന്റെ ജീവിതത്തിൽ ഒരു വിചിത്രമായ തളര്‍ച്ച എനിക്കനുഭവപ്പെട്ടു. അതുകൊണ്ടാണ് ആരുമറിയാത്ത രീതിയില്‍ ആകാശത്തില്വെച്ച് ആത്മഹത്യ ചെയ്യാനായി കേടുവന്ന ഒരു വാതക ബലൂണ്‍ തിരഞ്ഞെടുത്തത്. എന്നാലും, ഞാൻ പ്രതീക്ഷിച്ചതുപോലെ ആ വാതക ബലൂണിന് തീപിടിക്കുകയോ അതു പൊട്ടിവീഴുകയോ ചെയ്തില്ല.
വിചിത്രമായ ഒരു ദ്വീപിനു മുകളിലൂടെ പറക്കുമ്പോഴാണ് ഏതോ വലിയൊരു ശക്തിയാല്‍ അല്ലെങ്കിൽ ഏതോ ഒരു ആകർഷണത്താല് ബലൂൺ താഴേക്ക് വലിക്കപ്പെടുന്നതായി എനിക്കനുഭവപ്പെട്ടത്. ബലൂൺ ഒരു മാമരത്തിനു മീതെ പതിച്ചു. എന്റെ ഗ്രാമത്തിലെ ഒരു മരത്തില്പോലും കയറാത്ത ഞാന്‍, എന്റെ കൈകാലുകള്‍ക്ക് പരിക്കൊന്നുമേൽപിക്കാതെ ആ വലിയ മരത്തിൽനിന്ന് ഇറങ്ങിയതെങ്ങനെയെന്ന് എനിക്കുതന്നെ അറിയില്ല. ആ കാട്ടിലെ ഈര്‍പ്പവും നിഗൂഢതയും സുഗന്ധം വീശുന്ന മനോഹാരിതയും എന്റെ ആത്മഹത്യാ ചിന്തയെ കെടുത്തിക്കളഞ്ഞിരുന്നു. ഇനിയും അൽപകാലം ജീവിച്ചുനോക്കാമെന്നും അതിനായി ഈ വനത്തോട് കുറച്ച് ശ്വാസവായു കടം വാങ്ങാമെന്നുപോലും എനിക്കു തോന്നി. എന്നാലും ഞാന്‍ ചോദിക്കുന്നതിനുമുമ്പേ അതെനിക്ക് ലഭിച്ചു. പൂക്കളുടെ നറുമണവും പാല് മണവും കലര്‍ന്ന ഗന്ധം ഒരു സാല്വ പോലെ വന്ന് എന്റെ മുഖത്തടിച്ചു. ആ ഗന്ധത്തിലേക്ക് ആകർഷിക്കപ്പെട്ട എന്റെയുള്ളിൽ എന്തോ സംഭവിച്ചു. ഈ നിബിഡവനത്തിൽ മുലയൂട്ടുന്ന അമ്മമാർ ഉണ്ടാകാൻ സാധ്യതയില്ലല്ലോ?! ആ സാല്വ എന്റെ മുഖം മറയ്ക്കേണ്ട താമസം, എനിക്കൊന്നും ദൃശ്യമായില്ല. ഞാൻ മരിച്ച് മറ്റൊരു ജന്മമെടുത്തതാണോയെന്ന സന്ദേഹവും എന്നിലുണ്ടായി. എന്നിരുന്നാലും, ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളല്ലല്ലോ! പക്ഷേ മരണശേഷം എന്താണ് സംഭവിക്കുന്നതെന്നറിയണമെങ്കിൽ മരിച്ചുതന്നെ നോക്കണം, അല്ലേ?
എന്തുതന്നെയായാലും, ഇപ്പോള്‍ എന്റെയടുക്കലൊരു ലക്ഷ്യമുണ്ട്. ദിവസം മുഴുവനും ആ സൗരഭ്യത്തിനു പിന്നാലെ മണം പിടിച്ച് ഞാനലഞ്ഞു. ഒരൊറ്റനിമിഷത്തില്‍ എന്റെയുള്ളിലൊരു കാട്ടുവാസിയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതെങ്ങനെയെന്ന് എനിക്കറിയില്ല. ഒരു കടുവയെപ്പോലെ സകലതിനെയും ഞാന്‍ സൂക്ഷ്മമായി വീക്ഷിക്കുകയും ഉറ്റുനോക്കുകയും ചെയ്തു. മറ്റു ദിവസങ്ങളിൽ രണ്ടു മൂന്ന് ചുവടുകള്‍ നടന്നാല്‍ പോലും തളരുമായിരുന്ന എനിക്ക് കാടിനുള്ളില്‍ ദിവസം മുഴുവനും നടന്നിട്ടും ക്ഷീണമറിഞ്ഞില്ല. ഞാനേതോ ഒരു മായയിൽ കുടുങ്ങിയിരിക്കുന്നതായി എനിക്കു തോന്നി!
ഇതാണെങ്കിലോ, ജീവിതത്തില്‍ ഞാന്‍ അറിഞ്ഞിട്ടേയില്ലാത്ത ഒരു വശം; ആരുംതന്നെ എന്നെ പഠിപ്പിച്ചിട്ടില്ലാത്ത ഒരു വശം; എനിക്ക് തിരയേണ്ട ആവശ്യമില്ലാത്ത ഒരു വശം; പാല് മണവും പൂക്കളുടെ നറുമണവും കലര്‍ന്ന സാല്വയാല് മാത്രം പറയപ്പെടുന്ന ഒരു കാവ്യം; ഒരിക്കലും ആരുടെയും പാദങ്ങള്‍ പതിയാത്ത നഗ്നയായ കന്യാവനം!
മൂവന്തിനേരത്ത് ഈ കാട്ടിനുള്ളിലെ നദിക്കരയില്‍ താരാട്ടുപാട്ടുകള്‍ കേള്‍ക്കും. എന്റെ ഭാഷയാണത്. കുട്ടിക്കാലത്ത് അവയില്‍ ചിലത് എന്റെ അമ്മയും എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ചില പാട്ടുകള്‍ ഞാൻ കേട്ടിരുന്നില്ല. മൂവന്തി മായുന്ന ആ വേളയില്‍ അത്രയും മാധുര്യമുള്ളതും മാതൃത്വം നിറഞ്ഞതുമായ മൃദുസ്വരമുയരുന്നത് ആരില്‍നിന്നാണെന്ന് സങ്കൽപിച്ചു നോക്കാൻപോലും എനിക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെയെങ്കിൽ പാല്‍മണം കലര്‍ന്ന സാല്വ ഒരമ്മയുടേതാണ്. എന്നാലും എന്തുകൊണ്ടാണ് ആ അമ്മ എനിക്കു മുന്നില്‍ വെളിപ്പെടാതിരിക്കുന്നത്?!
അവളുടെ ഗാനാലാപനം കേട്ട് എനിക്കുറക്കം വന്നു. എന്റെ ഇരു കണ്ണുകളില്‍ ഉറക്കം തളംകെട്ടി. എന്നാലും ഉറങ്ങാന്‍ ഞാനിഷ്ടപ്പെട്ടില്ല. അടുത്തതായി സംഭവിക്കാന്‍ പോകുന്ന ആ വിസ്മയമെന്താണെന്ന് എനിക്കറിയണം. അന്ന് ഞാന്‍ സ്വയമെന്നെ നുള്ളി നുള്ളി പാടുപെട്ട് മിഴിച്ചിരുന്നു. അവള് പാട്ടുപാടുന്നത് കേള്ക്കാനാരംഭിക്കുമ്പോള് സൂര്യന് മറയുവാന് തുടങ്ങിയിരുന്നു. പാട്ടുപാടി തീരുമ്പോഴേക്കും നിലാവ് ഉച്ചിയിലെത്തിയിരുന്നു. പരിസരം നിശ്ശബ്ദതയിൽ മുങ്ങിക്കിടന്നിരുന്നു. നദി മാത്രം ഉണര്‍ന്നിരിക്കുന്നുവോ?!
നദിയിലാരോ ഇറങ്ങിയതു പോലെയും ആരോ നീന്തുന്നതു പോലെയും ഒരൊച്ച കേട്ട് എന്റെ പാതി മയക്കത്തിനു ഭംഗം വന്നു. ഞാനാണെങ്കില്‍ ആരെയും കണ്ടില്ല. നദീതീരത്തെ കുറ്റിക്കാട്ടിൽ ഒരു സാല്വ ഉണങ്ങാനിട്ടിരിക്കുന്നതുപോലെ കണ്ടു. ഭാഗ്യവശാല്‍ നല്ല നിലാവെളിച്ചമുണ്ടായിരുന്നു. ഞാൻ സാല്‍വയിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് കുറ്റിക്കാട്ടിനരികില് ചെന്നു. ആ സാല്വ കഴുകി ഉണങ്ങാനിട്ടിട്ടുകൂടി അതിലുള്ള പാല്‍മണം നീങ്ങിയിരുന്നില്ല.
കുറച്ചു സമയം കടന്നുപോയി. നദിക്ക് ജീവന്‍വെച്ച പോലെ, നദിയിലെ മനോഹരിയായ ദേവതയെപ്പോലെ, സ്വർണപ്രതിമ പോലെ ഒരുവള്‍ നദിയില്‍നിന്ന് ഉദിച്ചുവരുന്നതുകണ്ട് ഞാന്‍ പുളകിതനായി. നനഞ്ഞിരുന്നത് അവളായിരുന്നെങ്കിലും ഞാനായിരുന്നു നടുങ്ങിക്കൊണ്ടിരുന്നത്. ഇവളൊരമ്മയല്ല, വെണ്ണക്കല്‍ ശിൽപം പോലെയുള്ള കന്യകയാണെന്ന് അവളെ കണ്ട മാത്രയില്‍ തന്നെ എനിക്കു മനസ്സിലായി. അവളുടെ തുടുത്ത മുലകൾ എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ മെലിഞ്ഞ അരക്കെട്ട് എന്നോട് സല്ലപിച്ചു. എപ്പോഴും പുഞ്ചിരി നിറഞ്ഞ അവളുടെ കണ്ണുകൾ എന്റെയോർമകളെ പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
ദൈവമേ...! എനിക്കിവളെ അറിയാമല്ലോ?! എന്റേതാണിവള്. ഇവള് ഇതുവരെ ആരുടേയും സ്വന്തമാകാത്തതുകൊണ്ടല്ലേ ഈ കാട്ടില്‍ ഇങ്ങനെ ഒരു ചന്ദ്രനെപ്പോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്നത്?! അക്കാലത്ത് ‘ഒരു ചുംബനം നല്കിയാല് മതി. ഏഴേഴു ജന്മങ്ങളിലും കൂടെപ്പോരാം’ എന്നെന്നോടു കെഞ്ചിയവള്‍. ആ സമയത്ത് ഇവള്‍ക്ക് പ്രായവും തികഞ്ഞിരുന്നില്ല. അതെല്ലാം അവൾ ഇപ്പോൾ ഓർക്കുന്നുണ്ടോയെന്നറിയില്ല.
ആ വേളയില്‍ അവൾക്ക് എന്നോട് എന്തോ ഒരു ആകര്‍ഷണമുണ്ടെന്നു മാത്രമാണ് കരുതിയത്. എന്നാലും ആ ഉന്മാദത്തിലടങ്ങിയിരുന്ന അവളുടെ പ്രണയം കാരണം ചുംബനം നൽകാതിരിക്കാന് എനിക്ക് കഴിഞ്ഞില്ല. ഒരേയൊരു ചുംബനം നൽകി അവളെ ഉപേക്ഷിച്ചുകളയാമെന്നാണ് കരുതിയത്. എന്നാല്‍, അവളെ സമീപിച്ചതും എനിക്കൊരു ചുംബനം മതിയായിരുന്നില്ല. ഞാൻ ആ കാര്യം മുഴുവനായി പൂർത്തിയാക്കും മുമ്പേ അവളെന്റെ കൈയിൽതന്നെ ഋതുമതിയായി മാറിയിരുന്നു. അവള് അപ്പോഴുമൊരു കൊച്ചു പെണ്‍കുട്ടിയാണെന്നത് അന്നേരമാണ് ഞാനോര്‍ത്തത്.
അന്ന് അവളെന്നോട് ഒരു ചുംബനം മാത്രമല്ലേ ആവശ്യപ്പെട്ടത്?! അവൾ ചോദിച്ചതിലും കൂടുതൽ നൽകാൻ ശ്രമിച്ചാൽ, എന്റെ ജീവിതകാലം മുഴുവൻ അവളെന്നെ വേട്ടയാടുമെന്ന് ഞാൻ ഭയപ്പെട്ടു. അതിനാല്‍ അന്നത്തെ ദിവസത്തിനുശേഷം ഞാൻ അവളെ കണ്ടുമുട്ടിയതേയില്ല. അവൾക്ക് സംഭവിച്ചതെന്താണെന്ന് ഞാനറിഞ്ഞതേയില്ല. എനിക്കു സംഭവിച്ചതെന്താണെന്ന് അവൾ അറിഞ്ഞിരിക്കാനും സാധ്യതയില്ല. എന്നാലും എന്റെ ഒരേയൊരു സ്വപ്നത്തിൽ ഇടക്കിടെ ആയിരക്കണക്കിന് തവണ അവൾ വന്നുമറഞ്ഞു. എന്റെ ഉള്ളംകൈയിൽ ഒതുങ്ങാൻ തക്ക ചെറിയ മാറിടങ്ങളും എന്റെ ചുണ്ടുകൾക്കിടയിൽ കുടുങ്ങിയ ചെറിയ ചുണ്ടുകളും വേദനയാല്‍ പുളയവേ, അവൾ എന്റെയടുത്തേക്കു വരുകയും പോവുകയും ചെയ്തു. പക്ഷേ ആ സ്വപ്നത്തിൽനിന്ന് ഉണർന്നപ്പോൾതന്നെ ഞാൻ അവളെ മറന്നുപോയിരുന്നുവല്ലോയെന്നതുപോലും ഇതാ ഇപ്പോൾ മാത്രമാണ് എന്റെ ഓർമയില്‍ വന്നത്.
ദേവതയെപ്പോലെ ഒരുവള്‍ നിലത്ത് ചാഞ്ഞുകിടന്നുകൊണ്ട്, ഒരു നക്ഷത്രം പോലെ ആകാശത്തേക്കു നോക്കി, ഈ കാട്ടിനുള്ളില്‍ ഇരിക്കുന്നതുകണ്ട് ഞാനെന്റെ കഴിഞ്ഞുപോയ ആത്മാക്കളുടെയുള്ളില് നിർത്താതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. സൂര്യനുദിക്കുന്ന വേളയിലും അവളെ കണ്ടുകൊണ്ടാണ് ഞാനുണർന്നത്. അവളാണെങ്കില്‍ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ചെറുപ്രാണികള്‍ അവളെ ചുറ്റിപ്പറ്റിയും, വിവിധതരം പഴങ്ങളും ഇലക്കുമ്പിളുകളില്‍ പാനീയങ്ങളുമായും കാട്ടുപൂക്കള്‍ പടര്ത്തിവെച്ചും തങ്ങളുടെ അമ്മദേവതയെ ഏറ്റവും മികച്ച രീതിയിൽ വരവേല്‍ക്കാനായി അവ അണിനിരന്നിരുന്നു. അവളെഴുന്നേറ്റ് ക്ഷീണമകറ്റി പുഞ്ചിരിയോടെ വായ കഴുകിക്കൊണ്ടിരിക്കുമ്പോഴേ, ചെറുപ്രാണികള്‍ മത്സരിച്ച് അവളുടെ ശരീരത്തിലേക്ക് കയറാൻ തുടങ്ങിയിരുന്നു.
അവളാണെങ്കിലോ, അവയെയെല്ലാം വലിയ കാരുണ്യത്തോടെ ആശ്ലേഷിച്ചതും, അവളിൽനിന്ന് പാലൊരു നീരുറവ പോലെ പ്രവഹിച്ച്, വെള്ളപ്പൊക്കം പോലെ ഒഴുകി, അവളെ ആവരണം ചെയ്തപ്പോള്‍ അവിടെയൊരു പാല്തടാകം തന്നെ രൂപംകൊണ്ടു. അവളുടെ ഇരു പാദങ്ങളിലെ വിരലുകളിൽനിന്നുപോലും പാൽ ഒലിച്ചൊഴുകാൻ തുടങ്ങി. അവളുടെ മുലക്കണ്ണുകളിൽനിന്ന് ഒലിച്ചിറങ്ങിയ പാലില്‍ അണ്ണാൻ കുഞ്ഞുങ്ങളും മാൻകുഞ്ഞുങ്ങളും മുയൽകുഞ്ഞുങ്ങളും നനഞ്ഞു. അവളുടെ വിരല്‍തുമ്പുകളിൽ തൂങ്ങിക്കിടന്ന് കുഞ്ഞുപാമ്പുകൾ പോലും പാൽ കുടിച്ചു. അത്രത്തോളം പാൽ ഒഴുകിയെങ്കിലും ഒരു തുള്ളി പോലും ഭൂമി വലിച്ചെടുക്കുകയോ നദി തന്നില്‍ ലയിപ്പിക്കുകയോ പാഴാവുകയോ ചെയ്തില്ല. തന്റെ അവസാന തുള്ളിവരെ ആരുടെയെങ്കിലും വിശപ്പിനെ ആ പാൽ ശമിപ്പിച്ചു.
ഞാൻ കണ്ട ആ കാഴ്ച എനിക്കുതന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകി. ഒടുവിൽ അവൾ എഴുന്നേറ്റുനിന്നു. എഴുന്നേറ്റുനിന്ന് തന്റെ സാല്വയെടുത്ത് പൊതിഞ്ഞതും ആ ചെറുപ്രാണികള്‍ അവളുടെ ശരീരത്തിൽ അവിടെയവിടെയായി വ്യാപിച്ചു. ഒരു ജലച്ഛായ ചിത്രത്തിന് ജീവൻ വെച്ചതുപോലെ ഞാൻ ഒളിച്ചിരുന്ന കുറ്റിക്കാട്ടിന്റെ അരികിലൂടെ അവൾ നടന്നുപോയി. ആരുടെയും സ്വന്തമല്ല അവള്. എന്നിരുന്നാലും, മുഴുവൻ കാടും അവള് തനിക്ക് അര്‍ഹതപ്പെട്ടതെന്ന് പൂജിച്ചുകൊണ്ടിരുന്നു. അവളെ സ്നേഹിച്ചുകൊണ്ടിരുന്നു.
ഈ കാട്ടിനുള്ളിൽ എന്റെ അടുത്തുകൂടെ ഒരു നദി ഒഴുകുമ്പോഴും, ഞാനാണെങ്കില്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ തളർന്നുപോയിരുന്നു. മരങ്ങളില്‍ പൂക്കളും പഴങ്ങളും നിറഞ്ഞിരിക്കുമ്പോഴും, ഞാൻ യാതൊന്നും കഴിക്കാതെ പട്ടിണി കിടന്നു. എന്റെയുള്ളിൽ ഒരു തരം വെറുപ്പും ക്രൂരതയുമാണ് പൂർണമായും ഞാനനുഭവിച്ചത്. ആകയാല്‍, ആ കുറ്റിക്കാട്ടിൽതന്നെ ഒളിച്ചിരിക്കാൻ ഞാൻ തീരുമാനിച്ചു.
അവൾ വീണ്ടും ഈ സ്ഥലത്തേക്ക് മടങ്ങിവരുന്നതുവരെ ഞാനൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യില്ല. പട്ടിണി കിടന്ന് എന്റെ ജീവന് പോകുന്നെങ്കില്‍ പോകട്ടെ! അവളിൽ പടര്‍ന്ന് എന്റെ വിശപ്പ് ശമിപ്പിക്കുന്നതുവരെ എനിക്ക് വെള്ളം പോലും ആവശ്യമില്ല. മുഴുവൻ കാടുതന്നെ അവളില്‍നിന്ന് തന്റെ വിശപ്പിനു ശമനം തേടുന്നുവെങ്കിൽ എനിക്കെന്തുകൊണ്ട് പറ്റില്ല?! മറ്റാരുടെയും സ്വന്തമാകുന്നതിനു മുമ്പ് എന്റേതായിരുന്നു അവൾ. ഇപ്പോഴോ, വിചിത്ര പ്രാണികളെല്ലാം അവളുടെ ശരീരത്തെ സ്വന്തമായി കൊണ്ടാടിക്കൊണ്ടിരിക്കുന്നു.
വിശപ്പും ദാഹവും ഭൂതകാല ഓർമകളും എന്നെ ആശയക്കുഴപ്പത്തിലാക്കി. പ്രാണികള്‍ അവളുടെ ഉടലില്‍ പടര്‍ന്നുപടര്‍ന്ന് അവളെ നുകര്‍ന്ന രീതി ഓര്‍മയില്‍ വന്നപ്പോഴെല്ലാം ഒരു വിചിത്രമായ കാമത്താൽ എന്റെ മനസ്സും ശരീരവും കത്തിജ്വലിച്ചു. ആ പെരുംതീയിൽ മുഴുകി ഒരു കുറ്റിക്കാട്ടിനുള്ളില്‍ ചാരമായി പോകാന്‍ ഞാൻ എന്റെ മനസ്സിനെ ഒരുക്കിക്കൊണ്ടിരുന്നു. എങ്ങനെയെങ്കിലും മരിക്കാനായിരുന്നല്ലോ ഞാനാഗ്രഹിച്ചതും?!
സ്വബോധം നഷ്ടപ്പെട്ട്, ഉറക്കത്തിനും ഉണർവിനുമിടയിൽ, ആഗ്രഹത്തിനും നിരാശക്കുമിടയിൽ, ജീവിതത്തിനും മരണത്തിനുമിടയിൽ, എത്ര നേരം അവ്വിധം കടന്നുപോയെന്ന് എനിക്കറിയില്ല. എന്റെ കണ്ണുകളിൽ മഞ്ഞുതുള്ളികൾ വീണ് ഞാൻ മിഴിച്ചുനോക്കിയപ്പോൾ നദി സംസാരിക്കുന്നതുപോലെ കേട്ടു. കൃത്യസമയത്ത് പ്രകൃതി എന്നെ ഉണർത്തിക്കളഞ്ഞു.
ആ കന്യക വെള്ളത്തിൽനിന്ന് ഒരു പളുങ്കു പ്രതിമ പോലെ പൊങ്ങിവന്നു. രണ്ടുമൂന്നു തവണ തന്റെ തലകുടഞ്ഞ് നീണ്ട തലമുടി വിടര്‍ത്തി അതിലെ ഈര്പ്പമകറ്റിക്കൊണ്ടിരുന്നു. ആ നീര്‍ത്തുള്ളികളാണ് എന്റെ മുഖത്തു തെറിച്ചത്. തുടര്‍ന്ന് വിശ്രമിക്കാനായി അവൾ നിലത്തേക്ക് ചാഞ്ഞുകിടന്നതും, ഞാൻ അവളുടെ നേര്‍ക്ക് ചെന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി കുനിഞ്ഞു.
മുഖത്തേക്കു നോക്കുക മാത്രമല്ല, അവളുടെ ദേഹം മുഴുവനും ഞാന്‍ പടര്‍ന്നു. ഞാൻ അവളെ ആവേശത്തോടെ കടന്നുപിടിക്കുകയും പ്രാപിക്കുകയും ചെയ്തു. എത്ര തവണ ചെയ്തുവെന്നതിന് കണക്കേയില്ല. ഞാനോ, മരിക്കാനായി പുറപ്പെട്ടവന്. എന്റെ ശരീരത്തില്‍ ബലമില്ലായിരുന്നു. എന്നാലും എവിടെ നിന്നോ ഒരു ശക്തി എന്റെയുള്ളിൽ ഉയർന്നുവന്നു. ഞാന്‍ നിര്‍ത്താതെ ചലിച്ചുകൊണ്ടിരുന്നപ്പോഴും അവള് യാതൊരു ശബ്ദവും പുറപ്പെടുവിച്ചതേയില്ല. കണ്ണുകളടച്ച് അക്രമാസക്തമായി എന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുകയായിരുന്നു ആ വേളയില്‍ ഞാന്‍ ചെയ്തത്. അവളുടെ മുഖത്തെ വികാരമെന്തായിരുന്നുവെന്നോ എന്റെ മനസ്സിലെന്തായിരുന്നുവെന്നോ ഒന്നും ഞാനറിഞ്ഞില്ല.
ഒടുവില്‍ ക്ഷീണിച്ച് നിശ്വാസവുമായി കണ്ണുകള്‍ തുറന്നപ്പോഴാണ് അവളുടെ മുഴുത്ത മാറിടം, എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടത്. ആ നിറകുടങ്ങളില്‍നിന്ന് നാവ് നനയ്ക്കണമെന്നു മാത്രമായിരുന്നല്ലോ ഞാനാദ്യം ആലോചിച്ചിരുന്നതെന്ന കാര്യം അപ്പോഴാണ് എന്റെ ഓര്‍മയില്‍ വന്നത്. പക്ഷേ സംഭവിച്ചതോ, മറ്റൊന്നായിരുന്നു!
ഞാനോ കിരാതനും മനോരോഗിയുമായ ഒരു സ്വാർഥന്. ഉടനെ ആ ചെറുമുലകളില് എന്റെ ഇരു ചുണ്ടുകള്‍ പതിപ്പിച്ചതും, അവയില്‍നിന്ന് ഉറവ പോലെ പാല് കവിഞ്ഞൊഴുകി. ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം പോലും കയ്പായി മാറിയിരുന്ന എന്റെ നാവിലെ രുചിമുകുളങ്ങൾക്ക് ഒരു പുത്തനുണര്‍വ് ലഭിച്ചതും ശരീരത്തിലെ രുചി ഞരമ്പുകളെല്ലാം ഊര്‍ജസ്വലമായി മാറി. ആ നിമിഷം, അവളുടെ മൃദുവായ വിരൽത്തുമ്പുകൾ എന്റെ തലമുടിയിലൂടെ കടന്നുചെന്ന് എന്നെ പാലിൽ കുളിപ്പിച്ചു. തുടര്‍ന്ന് ആ പാല്‍നദി നിർത്താതെ എന്റെ മേല്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
ശ്വാസം മുട്ടുന്നതുവരെ പാല് നുകര്‍ന്ന ഒരു കുഞ്ഞ് മയങ്ങി തന്റെ അമ്മയുടെ നെഞ്ചിനുമീതെ കിടന്നുറങ്ങുന്നതുപോലെ, ഞാനവളെ കെട്ടിപ്പിടിച്ച് ഉറങ്ങിയതു മാത്രമേ എനിക്കോർമയുള്ളൂ. വീണ്ടും കണ്ണുകള്‍ മിഴിച്ചു നോക്കുമ്പോള്‍ ഉച്ചിവെയില്‍ പൊള്ളിക്കുന്ന മധ്യാഹ്ന നേരം. അവളില്ലായിരുന്നു. കനികളും ഇലക്കുമ്പിളുകളില്‍ പാനീയങ്ങളും എന്നരികില്വെച്ച് അവള് പോയിരുന്നു. എന്തുതരം പെണ്ണാണിവള്‍?! എന്തൊക്കെയാണ് ഞാനവളോടു പ്രവര്‍ത്തിച്ചത്? പക്ഷേ അവള് എന്നോടെന്താണ് ചെയ്തത്? എന്നെക്കുറിച്ച് അവളിപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക?
പാൽക്കടലിലേക്ക് ചാടി പാലുറവ മുഴുവനായും വറ്റുംവിധം വലിച്ചു കുടിച്ചും, പാലിൽ നീരാടിയും എന്റെ ശരീരവും ആത്മാവും ജീവൻ പ്രാപിച്ചിരുന്നു. ശരീരംപോലെത്തന്നെ എന്റെ ആത്മാവും ആശ്വാസംകൊണ്ട ആ നിമിഷത്തിലാണ് ഞാന്‍ സ്വബോധം വീണ്ടെടുത്തത്. എന്നാലും, കുറ്റബോധം തുടങ്ങിയിരുന്നു.
ഒരു സാധാരണ സ്ത്രീയോട് ഞാൻ ഇതുപോലെ പ്രവര്‍ത്തിച്ച് അവളെ ഞാന്‍ കൊല്ലാതെ വിട്ടിരുന്നെങ്കിൽ അവളെന്റെ പല്ലുകളെല്ലാം അടിച്ചുകൊഴിക്കുകയും എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് എന്റെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയും ചെയ്യുമായിരുന്നില്ലേ?! എന്നാല്‍ അവളോ എനിക്കെതിരെ ഒരു ചെന്നായക്കുട്ടിയെപോലും അഴിച്ചുവിട്ടില്ല. ഞാനത്രത്തോളം പീഡിപ്പിച്ചിട്ടുപോലും അവളെന്നെ തലോടുകയാണുണ്ടായത്.
അൽപംകൂടി ആഴത്തിൽ ചിന്തിച്ചുനോക്കിയാല്‍ അവളൊരു വനദേവതയാണ്. അമ്മ ദേവത. എല്ലാത്തിനോടും കരുണ കാട്ടുന്ന സ്നേഹമതമാണ് അവളുടേത്. ഏതു വിധത്തിലാണോ എല്ലാ ജീവികളോടും അവള് പെരുമാറുന്നത്, അതേ രീതിയിലാണ് അവൾ എന്നോടും പെരുമാറിയത്. ഞാന്‍ ആരാണെന്ന് അവൾക്ക് അറിയില്ലായിരിക്കാം. ഭൂതകാലത്തെക്കുറിച്ചുള്ള ഓർമയും അവൾക്കില്ലാതിരിക്കാം. ഞാനോ ഒരു പുരുഷന്. പുരുഷന് ഒരു സ്ത്രീയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരത ഇതാണെന്ന് അവൾക്കറിയില്ലേ? ഇപ്പോഴും അവൾ ഇത്രത്തോളം നിഷ്കളങ്കയാണോ? ആയിരക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞുനില്ക്കുന്ന എന്റെ മുൻകാല പ്രണയചരിത്രത്തില്‍ എന്റെ മാളികയിലെ കിടപ്പുമുറിയുടെ അരികിലേക്ക് സ്വയം നടന്നുവന്നവളാണ് അവള്. അങ്ങനെ വന്നിട്ടും തന്റെ ഇളംചുവപ്പു മുറിയിലേക്ക് യാതൊരു ആപത്തും സംഭവിക്കാതെ സുരക്ഷിതമായി മടങ്ങിച്ചെന്ന ഒരേയൊരു പെൺകുട്ടി അവളായിരുന്നു. അന്നെന്തോ എന്റെ സദ്ഗുണത്താല് അവളോടു പാവം തോന്നി അവളെ മടക്കിയയച്ചതല്ല. ആ ചെറുവയസ്സില് പോലും അവൾക്കുണ്ടായിരുന്ന ദൈവികമായ സ്വഭാവമായിരുന്നു അതിനുള്ള കാരണം. തന്റെ അടുത്തേക്കുവരുന്ന ആരെയും സ്വന്തം സ്വഭാവത്തിലേക്ക് മാറ്റാനുള്ള ഗുണം അക്കാലത്തുപോലും അവളിലുണ്ടായിരുന്നു.
മറ്റുള്ളവര്‍ പറയുന്നതുകേട്ട് നടക്കുന്ന ഒരാളല്ല ഞാന്‍. എനിക്കാവശ്യമെന്നു തോന്നുന്നത് ഞാന്‍ ചെയ്യും. എനിക്കു വേണ്ട വിധത്തിലാണ് ഞാന്‍ കഴിഞ്ഞത്. എന്നാലും അങ്ങനെ കഴിയുമ്പോഴും ആ ദിവസം ആ ചെറുപ്പക്കാരി കാരണം ഒരു നിമിഷത്തേക്കെങ്കിലും ഞാന്‍ ആശയക്കുഴപ്പത്തിലായി. കൃത്യമായി പറഞ്ഞാൽ, അവളുടെ നിഷ്കളങ്കതക്ക് അനുസൃതമായി ഞാനും മാറണമെന്ന് എനിക്ക് തോന്നി. അതേ ആശയക്കുഴപ്പമാണ് ഇന്നലെ രാത്രിയിലും സംഭവിച്ചത്.
എന്നാലും, ഒടുവില്‍ ഞാനുദ്ദേശിച്ചതുപോലെയല്ലാതെ ഒരു കാമഭ്രാന്തനെപ്പോലെയല്ലേ അവളോടു പെരുമാറിയത്?! ഇടതടവില്ലാതെ ആ കന്യാമാതാവിനെ ഞാൻ ബലാത്സംഗം ചെയ്തു. അവൾക്കൊരിക്കലും ചെയ്യാൻ കഴിയാത്ത ഒരു കാര്യവും ആരും അവളോട് ചെയ്യാൻ തുനിയാത്ത കാര്യവും ഞാനവളോട് ചെയ്തു. ഒരുതരം അഭിനിവേശത്തോടെയും മാനസികപിരിമുറുക്കത്തോടെയും അക്ഷമയോടെയും അപരിമിതമായ വേദനയോടെയും ഞാൻ അവളുടെ മേൽ പ്രവര്‍ത്തിച്ചു. എത്രതന്നെ വലിയ ക്രൂരതയുള്ള മൃഗം പോലും ഇത്രമേല്‍ ക്രൂരമായോ അക്രമാസക്തമായോ അവളോട് പെരുമാറിയിട്ടുണ്ടാവില്ല. ഉടന്‍തന്നെ എനിക്കവളോട് ക്ഷമ ചോദിക്കണം. എന്നാലും ക്ഷമ ചോദിക്കാന്‍ മാത്രമുള്ള യോഗ്യത എനിക്കുണ്ടോ?! ആകയാല്‍ വീണ്ടും കുറ്റിക്കാട്ടിനുള്ളില്‍ ഒളിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

03
ജന്തുക്കള്‍ അക്കാര്യം ചെയ്യുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. മനുഷ്യർ അതിനെ പ്രത്യുൽപാദനം എന്നാണു പറയുന്നത്. എന്നാലും അവനെന്താണ് ചെയ്തത്?! അവൻ ചെയ്തതിനെ അതിരറ്റ ആനന്ദം എന്ന് ഞാന്‍ പറയും. അതിനെ പിന്നെ എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല.
ലോകത്തിലുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും ഇത് ഇങ്ങനെ തന്നെയാണ് ചെയ്യുന്നതെന്ന് ഉറപ്പിച്ചുപറയാൻ പോലും എനിക്കറിയില്ല. കാരണം ഇതിനു മുമ്പൊരിക്കലും അത്തരത്തിലുള്ള ഒരു വിഷയത്തില്‍ ഞാൻ ഏര്‍പ്പെട്ടിട്ടില്ല. അതെല്ലാം ചെയ്തു നോക്കണമെന്ന് ഞാനാഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴോ, ആ കാലത്ത് ഞാനെന്തൊക്കെയായിരുന്നു ആഗ്രഹിച്ചുകൊണ്ടിരുന്നതെന്നുപോലും എനിക്ക് കൃത്യമായി ഓർമയില്ല.
ഞാനിപ്പോള്‍ കഴിയുന്നത് ഒരു ഗ്രാമത്തിലോ അല്ലെങ്കില്‍ നഗരത്തിലോ അല്ലായെന്നതിനാല് തന്നെ ഇപ്പോള്‍ എനിക്കു ലഭിച്ചിരിക്കുന്ന ഈ ജീവിതം എനിക്കിഷ്ടമാണ്. ഇവിടെ ആരുമായിക്കൊള്ളട്ടെ ഏതുമായിക്കൊള്ളട്ടെ എന്റെ മനസ്സിനെ വ്രണപ്പെടുത്താറില്ല. ഞാൻ ഇപ്പോൾ ഒരു വനദേവത. ഇവിടെയുള്ളവയെല്ലാം എന്നെ ആരാധിക്കുന്നു. അവ ആരാധിക്കുന്നുണ്ടോ ഇല്ലയോ, അവയുടെ ഇളംവയസ്സു മുതല്‍ ഞാനവയെ കരുതലോടെ പരിചരിച്ചുവരുന്നു. അതിലെനിക്ക് യാതൊരു കഷ്ടവുമില്ല; ക്ഷീണവുമില്ല. ഈ പ്രകൃതിയുടെയൊരു ഭാഗമാണു ഞാൻ. എനിക്കിഷ്ടമുള്ള നേരത്ത് ഞാനാഗ്രഹിച്ചതായി മാറാൻ എനിക്കു കഴിയും. അതിനപ്പുറം, ഈ ജീവിതത്തിൽ മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. രാവിലെ സൂര്യൻ മുടങ്ങാതെ ഉദിക്കുന്നതും, മഴ കൃത്യസമയത്ത് പെയ്യുന്നതും, നദി നിർത്താതെ ഒഴുകുന്നതിനുമപ്പുറം മറ്റെന്തു പ്രതീക്ഷയാണ് എനിക്കു വേണ്ടത്?!
എന്നാലും, ഇപ്പോൾ എന്നിലൊരു പ്രശ്നമുടലെടുക്കുന്നുണ്ട്. എന്റെ പോയകാലത്തില്നിന്നു വന്ന മനുഷ്യനാണ് ആ പ്രശ്നം. എങ്ങനെയാണാവോ കൃത്യമായി അവന് ഈ കാട്ടിനു നടുവിലെത്തിയത്. ഈ വനത്തിലേക്ക് ഞാന്‍ വരാനുള്ള കാരണവും അവനാണല്ലോയെന്ന ചിന്ത പൊടുന്നനെ എന്റെയുള്ളില്‍ മിന്നൽപിണര് പോലെ മിന്നിമറഞ്ഞു.
‘വേദനയെന്നത് ആ മനുഷ്യൻ എവിടെ നിന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് എന്റെ ശരീരത്തില്‍ വരുത്തിയ വേദന മാത്രമല്ല, അല്ലേ?’ എന്റെ മനസ്സ് വീണ്ടും ചിന്തയിലേക്ക് പതിച്ചു. ആ സമയത്ത് അനുഭവിച്ച വേദനയുടെ കാഠിന്യം, അതു വെക്കുന്ന തുലാസിന്റെ തട്ട് ഭൂമിയോളം താഴും വിധം വലിയ ഭാരമുള്ളതായിരുന്നു. ആ വേദനയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്നലെ രാത്രി അവന് നൽകിയ വേദന, ഒരു ഉറുമ്പ് കടിക്കുമ്പോഴുണ്ടാകുന്ന വേദനക്ക് സമമല്ലെന്നു പോലും പറയാം.
ഭൂതകാലത്തെ ആ പഴയതും വളരെ ക്രൂരവുമായ ദുഃഖം എന്റെ മനസ്സിനെ മഥിക്കാന്‍ തുടങ്ങി. ആ വിഷമം പങ്കിടാൻ പോലും എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ദുഃഖങ്ങൾ പങ്കുവെക്കാൻ എനിക്കുണ്ടായിരുന്ന ഒരേയൊരു വ്യക്തിയും എന്റെ സങ്കടങ്ങള്‍ എഴുതി അയക്കാനായി എനിക്കുണ്ടായിരുന്ന ഒരേയൊരു വ്യക്തിയും ഒറ്റയടിക്കു എന്നെ വഞ്ചിച്ചാൽ, അതേക്കുറിച്ച് ആരോടാണ് പറയുകയും ആശ്വാസം തേടുകയും ചെയ്യുക? ആര്‍ക്കാണ് എഴുതുക? അതിനു മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്? ആ മനുഷ്യനെ കണ്ടതും ആദ്യവാചകം കേട്ടതും മുതൽ ഞാനയാളെ ഇഷ്ടപ്പെടാൻ തുടങ്ങി. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് വായ തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും എഴുതിയയച്ചു. ഇടതടവില്ലാതെ എഴുതി അയച്ചുകൊണ്ടിരുന്നു. കാരണം, സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പേ അക്ഷരങ്ങൾ എഴുതാൻ പഠിച്ച ഒരാളാണ് ഞാൻ. സംസാരിക്കുന്നതിനേക്കാളും എഴുതുന്നതാണ് എനിക്കെളുപ്പം.
അവനെ ഇഷ്ടപ്പെട്ടു എന്നതായിരുന്നു ഞാൻ ചെയ്ത ഒരേയൊരു തെറ്റ്. ആരോടും ഞാൻ അതു പറഞ്ഞില്ല. എന്നാലും, “ദിവസവും എന്താണ് ഇത്രയധികം എഴുതിക്കൊണ്ടിരിക്കുന്നത്?’എന്നു ചോദിച്ച എന്റെ അടുത്ത സുഹൃത്തിനോടു മാത്രം ഞാൻ കാര്യം പറഞ്ഞു. പക്ഷേ ഞാന്‍ എന്താണെഴുതുന്നതെന്ന് അവള്‍ക്കു മനസ്സിലായില്ല! എനിക്കു പോലും അതു മനസ്സിലായില്ല. അപ്പോള്‍ ഞങ്ങളിരുവരും ബാലികമാരായിരുന്നല്ലോ!
ബാലികമാരാണെങ്കിലും ഋതുമതിയാകാന്‍ പോകുന്ന പ്രായമായിരുന്നു ഞങ്ങള്‍ക്ക്. അറിയാതെ തന്നെ തെറ്റുകൾ പറ്റാൻ സാധ്യതയുള്ള സമയമായിരുന്നു അത്. വര്‍ഷങ്ങളോളം ഞാനെഴുതിക്കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുമില്ല. എനിക്കറിയാവുന്ന എല്ലാ പെൺകുട്ടികളും രണ്ടോ മൂന്നോ കാമുകന്മാരുമായി മാറി മാറി പ്രണയത്തിലായിരുന്നപ്പോൾ, ഞാൻ മാത്രം കുട്ടിത്തവുമായി അപ്പോഴും അദ്ദേഹത്തിന് കത്തുകൾ എഴുതിക്കൊണ്ടിരുന്നു. കുറഞ്ഞപക്ഷം ആ കത്തുകൾക്ക് ഒരു മറുപടി പോലും എനിക്ക് ലഭിച്ചില്ല.
ചിലപ്പോൾ അവൻ എന്നോട് എന്തെങ്കിലും പറയുമെന്നു കരുതി ഞാൻ ചെന്ന് അവന്റെ അടുത്തു തന്നെ ഇരിക്കും. അവനോ, എന്നോടൊന്നും സംസാരിക്കുകയേയില്ല. എന്നെ ഓടിച്ചുവിട്ടതുമില്ല. അവൻ എന്നെ ഓടിച്ചുവിടാത്തതുതന്നെ എന്നെ സന്തോഷിപ്പിച്ചു. അവൻ വലിച്ചെറിഞ്ഞ ചവറുകള്‍ പോലും ഞാൻ തിരഞ്ഞു പെറുക്കിയെടുത്തു. ഞാൻ അവ എടുത്തുകൊണ്ടുവന്ന് എന്റെ ചിത്രശലഭ പെട്ടിയിലിടുകയും ദിനചര്യപ്പുസ്തകത്തില് ഒട്ടിച്ചുവെക്കുകയും ചെയ്തു.
ഇതിനിടെ ഒരു കൊച്ചു പെൺകുട്ടിയാണെന്ന് കരുതിയിരുന്ന എന്റെ ചങ്ങാതി എന്നോടു പോലും പറയാതെ വലിയൊരു കാര്യം ചെയ്തു. അവള് അതു ചെയ്യുന്നതിനു മുമ്പ് എന്റെയടുക്കല്‍ വന്ന് തന്റെ മറ്റൊരു മാനസിക വിഷമം പങ്കിട്ട സമയത്ത് എന്തുചെയ്യണമെന്നുതന്നെ എനിക്കറിയില്ലായിരുന്നു. പുരുഷന്മാരുമായുള്ള ശാരീരിക ബന്ധത്തെക്കുറിച്ച് ആ പ്രായത്തിൽ എനിക്കൊന്നും അറിയില്ലല്ലോ! ആകയാല്‍, എനിക്കറിയാവുന്ന ഒരേയൊരു മുതിര്‍ന്ന ആളും ഉപദേശം ലഭിച്ചേക്കാവുന്ന വ്യക്തിയുമായ അവന്റെയടുക്കലേക്കു ചെന്ന് ‘‘എന്റെ സ്നേഹിത പുലമ്പുന്നതെന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല, ദയവായി അവളെ സഹായിക്കൂ’’ എന്നു പറഞ്ഞു.
അവര്‍ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയിട്ട് അന്നു ഞാന്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. അവനെന്റെ സ്നേഹിതക്ക് നല്ലൊരു പരിഹാരം നൽകിയിരിക്കുമെന്നാണ് ആ വേളയില്‍ എനിക്കു തോന്നിയത്. എന്നാല്‍, കത്തു തന്നെ വരാത്ത എനിക്കു പിറ്റേന്ന് ഒരു കത്ത് ലഭിച്ചു. അതും എന്റെ സ്നേഹിതയില്നിന്ന്! തന്റെ കാമുകന്റെ പ്രണയാതുരത കാരണം അവളും അവളുടെ കാമുകനും ഒരു ദിവസം സംഗമിച്ചതുപോലെ, എന്റെ കാമുകനോടും അവൾ അതേ കാര്യം ചെയ്തിരിക്കുന്നു. അതു പറഞ്ഞ് കത്തില്‍ അവള് കരഞ്ഞിരിക്കുകയാണ്.
അവർ ഇരുവരും ചേർന്ന് രണ്ടു കത്തികൾ കൊണ്ടെന്നെ കുത്തിയിരിക്കുന്നു. അവളോ, പിന്നില്‍നിന്നു എന്റെ മുതുകിലാണ് കുത്തിയിരിക്കുന്നത്. അവനാണെങ്കില്‍ മുന്നില്‍നിന്ന് എന്റെ നെഞ്ചിലാണ് കുത്തിയിരിക്കുന്നത്. ആ രണ്ടു കത്തികൾ എന്റെ ഹൃദയത്തെ കീറിമുറിച്ചു. ഒരു സ്നേഹിതയെക്കൊണ്ടു സാധിക്കുമോ ഇവ്വിധം വഞ്ചന കാണിക്കുവാന്‍? ഒരു കാമുകനെക്കൊണ്ടു കഴിയുമോ ഇത്രത്തോളം മോശമായി പെരുമാറാൻ?!
എന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ വന്നതേയില്ല. എന്റെ തലയിൽ ഒരേയൊരു ചോദ്യം മാത്രമാണ് ഉയർന്നുവന്നത്. ഞാനത് വലിയൊരു വെള്ളക്കടലാസിലെഴുതിയെടുത്തുകൊണ്ട് അവന്റെ വീട്ടിൽ ചെല്ലുകയും ആ കടലാസ് ചുരുട്ടി അവന്റെ മുഖത്തടിക്കുകയും ചെയ്തു. ഞാനവന്റെ വീട്ടിൽ ചെന്ന് അവന്റെ മുഖത്തു തുറിച്ചുനോക്കുമെന്ന് അവനൊരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. കണ്ണീരിന്റെ അടയാളമൊന്നുമില്ലാത്ത എന്റെ കണ്ണുകള്‍ കണ്ടാണ് അവന് ഭയപ്പെട്ടുപോയത്. അവൻ കരഞ്ഞു. ‘ഞാനല്ലേ കരയേണ്ടത്. ഈ കഴുത എന്തിനാണ് കരയുന്നത്?’ എന്നാണ് ആ നിമിഷം എനിക്കു തോന്നിയത്.
“ലോകത്തിലുള്ള എല്ലാ കൊടിച്ചിപ്പട്ടികളോടുമൊപ്പം ശയിച്ചിട്ടു വന്നാല്‍ പോലും എന്റെ പ്രണയം ചിതലരിച്ച് നശിച്ചു പോകില്ല കഴുതേ! മറ്റെന്തു ഭ്രാന്തും കാണിക്കാതെ ഇവിടെ വെച്ചുതന്നെ എന്റെ കഴുത്തുഞെരിച്ചെന്നെ കൊന്നു കളഞ്ഞേക്ക്. ഇപ്പോള്‍ തന്നെ”
പേ പിടിച്ചവളെപ്പോലെ തന്റെ മുന്നില്‍ ഇപ്പോള്‍ അലറിക്കൊണ്ടിരിക്കുന്നത് താനറിയുന്ന ആ കൊച്ചു പെൺകുട്ടിയല്ലെന്ന് അവനു മനസ്സിലായിട്ടുണ്ടാകണം. അതുകൊണ്ടുതന്നെ ഞാന്‍ മറ്റെന്തെങ്കിലും പറയുന്നതിനു മുമ്പേ അവന് വന്ന് എന്നെ താഴോട്ടു തള്ളി എന്റെ മേനിയിലാകെ പടര്‍ന്ന് എന്നെ ചുംബിച്ചു, ചുംബിച്ചു, ചുംബിച്ചു. ചുംബിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്ന് ചെയ്യുവാനായി ഒരേയൊരു കാര്യം മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാലും, പൊടുന്നനെ ഭയന്നുകൊണ്ട് അവന് എന്നില്‍നിന്ന് പിന്‍വലിഞ്ഞു. അവന്റെ വലതുകൈയിൽ രക്തം പുരണ്ടിരുന്നു.
ആ സമയത്തെ എന്റെ അലര്‍ച്ചയിലാണ് ഞാന്‍ ഋതുമതിയായത്. ഉടനെ ചോരപുരണ്ട അതേ കൈകൊണ്ട് എന്റെ കൈപിടിച്ചുയർത്തിയിട്ട് ‘ഇപ്പോൾ തന്നെ വീട്ടിലേക്ക് പോ’എന്നു പറഞ്ഞു. അപ്പോഴാണ് അവനൊരിക്കലും ധരിച്ചിട്ടില്ലാത്ത ഒരു സ്വർണമോതിരം അവന്റെ മോതിരവിരലിൽ കിടക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. അന്നുമുതൽ ഒരു സാധാരണ ജീവിതമായിരുന്നില്ല എന്റെ ജീവിതം. എന്റെ വിഷമങ്ങളെല്ലാം ഞാൻ ഉള്ളിലൊതുക്കി. എന്റെ കണ്ണുനീരിനെ ഞാൻ തടവിലാക്കി. മനുഷ്യരെ എനിക്കിഷ്ടമില്ലാതെയായി. പുരുഷന്മാരായിക്കൊള്ളട്ടെ സ്ത്രീകളായിക്കൊള്ളട്ടെ, ഇരു ലിംഗക്കാരും ഒരുപോലെ എനിക്കു കയ്പുള്ളവരായി! എന്റെ വിഷമങ്ങൾ എഴുതാൻ കടലാസുകളില്ലാതായി. ആലോചിക്കാന്‍ ഹൃദയമില്ലാതായി. ഒടുവില്‍, എന്റെ വിരലുകൾ പോലും മരവിച്ചുപോയിരുന്നു
ആകയാല്‍, എല്ലാ അന്തിനേരത്തും നാട്ടിലൂടെ ഒഴുകുന്ന അരുവിക്കപ്പുറത്തുള്ള വനത്തെ ഇരവാകുന്നതുവരെ നോക്കിനിൽക്കാന് ഞാന്‍ ശീലിച്ചു. എന്റെ കണ്ണുകൾ ഇരുളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു ദിവസം അരുവിക്കപ്പുറത്തുള്ള ഒരു പാറയുടെ മുകളില്‍ രണ്ടുപേര്‍ പുണര്ന്നുകൊണ്ടിരിക്കുന്നത് എന്റെ കണ്ണില്‍പെട്ടു. മൃദുവായ ഞരക്കം പോലും കേട്ടു. ഇരുട്ടുമായി പരിചയിച്ച കണ്ണുകളായിരുന്നതിനാല് എനിക്കെല്ലാം വ്യക്തമായി കാണാൻ കഴിഞ്ഞു. ആ പ്രണയകേളി അവസാനിക്കുന്നതുവരെ ഞാൻ അതു കണ്ടുകൊണ്ടിരുന്നു.
അതേ. എനിക്കിപ്പോഴും വ്യക്തമായി അതോർമയുണ്ട്. കാരണം അന്നാണ് എന്റെ കണ്ണുനീർ അണപൊട്ടി വെള്ളപ്പൊക്കം പോലെ പ്രവഹിച്ചത്. എന്റെ കാമുകൻ, ഇങ്ങനെത്തന്നെയായിരിക്കില്ലേ എന്റെ ആത്മസുഹൃത്തുമായി പുണര്ന്നിരിക്കുകയെന്ന് ഞാൻ സങ്കൽപിച്ചു നോക്കി. ജീവിതത്തെക്കുറിച്ച് എനിക്കെന്തറിയാം? ഞാനൊരു വിഡ്ഢിയാണെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.
അവന് എന്നോടു കാണിക്കാൻ കഴിയാത്ത സ്നേഹം നാട്ടില്‍ അലഞ്ഞുതിരിയുന്ന ഒരു കൊടിച്ചിപ്പട്ടിയോടു കാണിക്കുന്നിടത്തോളം എന്തു കുറവാണ് അവൻ എന്നിൽ കണ്ടതെന്നാലോചിച്ചുകൊണ്ട് അവിടെയുള്ളയൊരു പാറയിൽ ഞാനെന്റെ തല ഇടിച്ചു. പിന്നീട് മുഖം മുഴുവനായും അവിടെയുള്ള വലിയൊരു മരപ്പൊത്തിലേക്ക് പൂഴ്ത്തി നിലവിളിക്കുകയും ശപിക്കുകയും ചെയ്തു. ആ രാത്രി, ആ മരപ്പൊത്തിൽ ചുരുണ്ടുകിടന്നിരുന്ന ജന്തുക്കളും പാമ്പുകളും മിന്നാമിനുങ്ങുകളും തേളുകളുമെല്ലാം എന്റെ മുഖത്തും കൈകളിലും സ്പർശിച്ചു. എന്റെ നിലവിളി കേട്ട് അവ പേടിച്ചുപോയിട്ടുണ്ടാകാം. എന്നാലും, എനിക്കു വേദന തോന്നിയതേയില്ല. ആ വിഷത്താല്‍ എന്റെ വിഷം നശിച്ചില്ല. ഞാന്‍ നശിച്ചുപോയതുമില്ല. അന്നാണ് ഞാൻ എന്നെത്തന്നെ വെറുക്കാൻ തുടങ്ങിയത്.
ആ ദിവസം രാത്രി വീണ്ടും എന്റെ ജീവിതത്തിന്റെ ഗതി മാറി. അരുവി നദിയായി മാറുകയും നദിക്കടുത്ത് ഒരു പരന്ന പുൽമേട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതുവരെ ഞാൻ ആ കാട്ടിലൂടെ പുലരുവോളം നടന്നുകൊണ്ടേയിരുന്നു. എന്റെ വിരലുകളില്‍ വിഷം നിറഞ്ഞ് എന്റെ നഖങ്ങളിലും വിരല്സന്ധികളിലുമെല്ലാം നീലം തളം കെട്ടിയിരുന്നു. എന്റെ മുഖവും അങ്ങനെ തന്നെയായിരിക്കും ഉണ്ടായിരുന്നിരിക്കുക. എന്നാലും, എന്റെ മുഖത്തെക്കുറിച്ച് ഞാന്‍ ഒട്ടും വിഷമിച്ചതേയില്ല. പുരുഷന്മാരെ വശീകരിക്കാനാണല്ലോ സ്ത്രീകൾക്ക് സുന്ദരമായ വദനം ആവശ്യമുള്ളത്?! എനിക്കോ, അവരെ വശീകരിക്കാന്‍ ഒരു വിരലനക്കം മാത്രം മതിയെന്ന് എനിക്ക് തോന്നി. അപ്പോള്‍ എന്റെ വിരലുകളിൽ വിഷം നിറഞ്ഞിരുന്നു. അതും സാധാരണ പ്രാണിവിഷം മാത്രമാണോ?! അതുകൂടാതെ അപ്പോഴത്തെ അവള് മുമ്പത്തെ സാധാരണ കൊച്ചു പെണ്‍കുട്ടിയല്ലല്ലോ?!
പുരുഷന്മാര് മുട്ടുകുത്തി വണങ്ങിക്കൊണ്ടും കരഞ്ഞു പ്രാർഥിച്ചുകൊണ്ടും എന്റെ പാദങ്ങള്‍ കഴുകി പൂജിച്ച് തങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരാന്‍ കെഞ്ചി തൊഴുതുന്ന ഒരു പ്രതിമയായി മാറിയിട്ടേ ഇതിനൊരു അവസാനമുണ്ടാവൂ എന്ന് അന്നു ഞാന്‍ തീരുമാനിച്ചു. അങ്ങനെയെങ്കില്‍ സ്ത്രീകള്‍...?! അൽപം പോലും മനഃസാക്ഷിയോ തലച്ചോറോ ഇല്ലാത്ത മിക്ക സ്ത്രീകളും മറ്റൊരു സ്ത്രീയെ നോക്കി അസൂയപ്പെട്ടുകൊണ്ട് നെഞ്ചുതകര്‍ന്ന് മരിക്കുക തന്നെയാണു വേണ്ടത്. അതിനാല്‍ തന്നെ തങ്ങളുടെ ഭര്ത്താക്കന്മാരും ആണ്മക്കളും ജ്യേഷ്ഠന്മാരും അനിയന്മാരുമെല്ലാം കാലില്‍ വീഴുന്ന ഈ പ്രതിമയെ നോക്കി എന്തു കുറവാണ് തങ്ങളിലുള്ളതെന്ന് ആലോചിച്ചാലോചിച്ച് താരതമ്യം ചെയ്ത് സ്വന്തം സ്ത്രീത്വത്തെക്കുറിച്ചുതന്നെ ലജ്ജിപ്പിക്കുന്നിടത്തോളം അത്തരം സ്ത്രീകളെയെത്തിക്കും. അതുകഴിഞ്ഞ് അത്തരം ആളുകള്ക്കുമീതെ പറന്നുയർന്ന് ഞാനൊരു ദേവതയാകും. ആ വേളയില്‍, എന്റെ തീരുമാനത്തിലെ ആവേശം മനസ്സിലാക്കിയതുപോലെ, അടുത്തുള്ളയൊരു നാഗമരത്തിന്റെ ചില്ലയിലുണ്ടായിരുന്ന മൂർഖൻ പത്തി വിടര്‍ത്തിയാടി. ഞാന്‍ അതിനെ വലിച്ചെടുത്ത് രണ്ടായി മടക്കി നദിയിലേക്കെറിഞ്ഞു.
ഞാൻ തീരുമാനിച്ചതുപോലെത്തന്നെ, അന്നുമുതൽ നദിയിൽ കുളിക്കാൻ വരുന്ന പുരുഷന്മാരെ എന്റെ വിഷവിരലുകളാല് ഞാൻ സ്പര്‍ശിക്കുകയും മയക്കുകയും ചെയ്തു. വശീകരിച്ച് മലമുകളിലേക്കും ഗുഹകളിലേക്കും മരശിഖരങ്ങളിലേക്കും ഞാനവരെ ധ്യാനിക്കാൻ അയച്ചു. ചില സ്ത്രീകളോ, നദീതീരത്തുള്ള ഈ മോഹിനിയെ ഓടിക്കാൻ പലതരം പൂജകൾ പോലും നടത്തി. ഒടുവില്‍ ആ മന്ത്രവാദികളെയും പൂജാരികളെയും മലമുകളിലേക്ക് ആനയിക്കുന്നതായി ഭാവിക്കുകയും അവരെ താഴേക്കു തള്ളിയിടുകയും ചെയ്തു. അതുകൊണ്ട് ഗ്രാമവാസികളെക്കൊണ്ടുപോലും എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഇപ്രകാരം കുറച്ചു ദിവസങ്ങള്‍ കടന്നുപോയതിനുശേഷം മരശിഖരങ്ങളില്നിന്നും മലമുകളില്‍നിന്നും വീണ് അംഗവൈകല്യം ബാധിച്ച പുരുഷന്മാരില് ചിലര്‍ കരഞ്ഞുകൊണ്ട് എന്നെ അന്വേഷിച്ചു വന്നു. എന്നെപ്പോലെ പവിത്രയായ ഒരു പെണ്ണിനോട് മോശമായി പെരുമാറാൻ ശ്രമിച്ചതിന് അവർ എന്നോട് ക്ഷമ ചോദിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്തു. ഇനിയൊരിക്കലും ഏതൊരു ഒരു സ്ത്രീയോടും ഇത്തരമൊരു തെറ്റ് ചെയ്യുകയേയില്ലെന്ന് അവര്‍ വാക്കു നൽകി. അതിനാല്‍ അവരെ അനുഗ്രഹിച്ച് അവരുടെ നാട്ടിലേക്ക് തിരിച്ചയക്കാനായി അവർ എന്നോട് അനുവാദം ചോദിച്ചുനിന്നു.
പൂര്ണചന്ദ്രന് പാലൊളി വിതറുന്ന അതിനുശേഷമുള്ള എല്ലാ രാവുകളിലും ഗ്രാമത്തിലെ സ്ത്രീകൾ എനിക്കു വെള്ള വസ്ത്രങ്ങൾ സമര്‍പ്പിച്ച് പൂജ നടത്തി. കുറച്ചു ദിവസം ഞാന്‍ അവിടെ തുടർച്ചയായി നടന്ന ഈ കളി കണ്ടു രസിച്ചുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞു. പോകപ്പോകെ ആ സ്ത്രീകള്‍ ഒന്നുചേര്‍ന്ന് ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം തങ്ങളുടെ പരാതികളുമായി വിലപിച്ചുകൊണ്ട് എന്നെത്തേടി വരാന്‍ തുടങ്ങി. അവര്‍ അങ്ങനെ വരുമ്പോള്‍ എന്റെ ദുഃഖങ്ങള്‍ മറക്കാനും മറ്റുള്ളവരുടെ സങ്കടങ്ങള്‍ ഏറ്റെടുക്കാനും ഞാന്‍ ശീലിച്ചിരുന്നു. അപ്രകാരം മറ്റുള്ളവരുടെ ദുഃഖങ്ങൾ വലിച്ചെടുത്തെടുത്ത് എന്റെ വിഷം പൂർണമായും എന്നിൽനിന്ന് അപ്രത്യക്ഷമായി. നീലിച്ചുപോയിരുന്ന എന്റെ ശരീരം ശുദ്ധമാവുകയും അൽപാൽപമായി സ്വർണനിറമാവുകയും ചെയ്തു. ഞാൻ രണ്ടായി മടക്കി നദിയിലേക്കെറിഞ്ഞ മൂര്‍ഖന്‍ വീണ്ടും വലിയൊരു നാഗരാജാവായി രൂപാന്തരപ്പെട്ടു വരുകയും ഒരു വലിയ ആൽമരത്തിനരികിൽ എനിക്കുവേണ്ടി കാവൽ നിൽക്കാൻ തുടങ്ങുകയും ചെയ്തു.
പിന്നീട് ആ വലിയ ആൽമരത്തിനരികിലുള്ള ദേവതയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള വാർത്ത ഗ്രാമങ്ങൾക്കപ്പുറം നഗരങ്ങളിലേക്കും വ്യാപിച്ചതിനാല്‍ എന്നെ അന്വേഷിച്ച് നഗരങ്ങളിൽനിന്നും ആളുകൾ വരാൻ തുടങ്ങി. വന്നവരിൽ ചിലർ എഴുത്തുകാരായിരുന്നു, ചിലർ ചിത്രകാരന്മാരായിരുന്നു; ചിലർ ഗായകരും.
അങ്ങനെ വന്ന യുവാക്കളും കുട്ടികളും മുതിര്‍ന്നവരും എന്നുവേണ്ട എല്ലാ പ്രായത്തിലുള്ളവരും സംസാരിക്കുന്നതുതന്നെ ശല്യമെന്നു എനിക്കു തോന്നുന്നിടത്തോളം എന്നെ ചോദ്യം ചെയ്ത് അസഹ്യപ്പെടുത്തി. ഞാൻ സംസാരിക്കാതിരിക്കുമ്പോൾ പോലും, അവരെല്ലാം എന്തോ എന്നോടു ആകർഷണമുള്ളതുപോലെ പെരുമാറി. ചിലർ എഴുതിയതു വായിക്കുമ്പോള്‍, ചിലർ വരച്ചതു കാണിക്കുമ്പോള്‍ ഞാനും അതിലേക്കു ആകർഷിക്കപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. എന്നാലും, എന്നെ സംബന്ധിച്ച് അതൊരു ശല്യമായിരുന്നു. ആ സമയത്ത്, എന്റെ വിരൽത്തുമ്പിലോ കണ്ണുകളുടെ കോണിലോ ഒരു തുള്ളി വിഷം പോലും ഇല്ലാതിരുന്നതിനാല്‍ അവരെ തൊടാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഞാന്‍ തള്ളപ്പെടുന്നതായി എനിക്കനുഭവപ്പെട്ടു.
ആകയാല്‍ എന്റെ ജീവിതം വീണ്ടും മാറിമറിഞ്ഞു. ക്ഷീണിതയായും കരഞ്ഞും ഞരങ്ങിയും ശപിച്ചും കൊണ്ട് ഞാനെന്റെ തലയിടിച്ച പാറക്കെട്ടും തേടി വീണ്ടും അലഞ്ഞു. കോരിച്ചൊരിയുന്ന മഴയിൽ പോലും അലിഞ്ഞുപോകാതെ എന്റെ രക്തക്കറ ആ പാറയിൽ അങ്ങനെത്തന്നെ കിടപ്പുണ്ടായിരുന്നു. മരപ്പൊത്ത് ദ്രവിച്ചു പോയിരുന്നു. എങ്കിലും ഞാനെന്റെ ചെവി അതിലേക്ക് ചേർത്തുവെച്ച് ശ്രദ്ധിച്ചപ്പോള്‍, എന്റെ ദുഃഖം അപ്പോഴും അതിനുള്ളിൽ മാറ്റൊലിക്കുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അതുകേട്ട് പൊടുന്നനെ ഞാൻ ഞെട്ടിപ്പോയി.
അപ്പോഴും എന്റെ സങ്കടം അവിടെ തന്നെയുണ്ടായിരുന്നു. മൂര്‍ഖന്‍ പത്തി വിടര്‍ത്തുന്നതുപോലെ ആ മരപ്പൊത്ത് എന്റെ ദുഃഖം എനിക്കുതന്നെ പത്തിവിടര്‍ത്തി കാണിച്ചുകൊണ്ടിരുന്നു. അതുകണ്ട് പേടിച്ച് ഞാന്‍ നടുങ്ങിപ്പോയി. യാതൊന്നിനെയും ഭയപ്പെടാത്ത ഞാൻ എന്റെ ദുഃഖങ്ങള്‍ കണ്ട് ഭയപ്പെട്ടു.
മറ്റെല്ലാവരും അറിഞ്ഞതുപോലെ അവനും എന്നെക്കുറിച്ച് അറിഞ്ഞുകാണുമോ? അവൻ എവിടെ നിന്നെങ്കിലും വന്നാല്‍?! എന്റെയടുക്കലേക്ക് വരുന്നവര്‍ക്കിടയില്‍ അവനുമുണ്ടെങ്കില്? എന്റെ ദിവ്യസ്വരൂപം അപ്രത്യക്ഷമാവുകയും ഒരു സാധാരണ സ്ത്രീയെപ്പോലെ അവന്റെ തോളിൽ ചായ്ച്ച് ഞാൻ കരയുകയും ചെയ്താൽ എന്തായിരിക്കും സംഭവിക്കുക? അത്രയും വലിയ അപകടം അഭിമുഖീകരിക്കാൻ ഞാൻ തയാറല്ല. അതുപോലെ മറ്റുള്ളവരുടെ ചിത്രങ്ങളിലും കവിതകളിലും ഇതിഹാസങ്ങളിലും ചാഞ്ഞുകിടക്കുന്നതല്ല എന്റെ ജീവിതം. എനിക്ക് മറ്റൊരു ജീവിതം വേണം. മറ്റൊരു ഉത്തരവാദിത്തം വേണം. അതിനാലാണ് മനുഷ്യരില്ലാത്ത ഒരിടം തേടിപ്പോകാൻ ഞാൻ തീരുമാനിച്ചത്.
ഒരു ദിവസം, എനിക്ക് ലഭിച്ച വെള്ളത്തുണികളെല്ലാം എടുത്തുകൊണ്ട് കാട്ടിനു നടുവിലേക്കു ഞാന്‍ വന്നു. മനുഷ്യര്‍ അവര്‍ക്കു പരിചിതമായ രൂപം തേടി എന്റെയടുക്കലേക്ക് വരുമെന്നതിനാല്‍ മുഖംമൂടി ധരിക്കാന്‍ ഞാന്‍ പഠിച്ചു. ഞാനൊരു വനദേവതയായി. കന്യാമാതാവായി.
എന്നാലും അവൻ വന്നു. എന്നാല്‍, അവന്റെ മുഖമൊരിക്കലും ഓർക്കാൻ പോലും സാധിക്കാത്തിടത്തോളം വളരെ കാലമായി ഞാന്‍ വനത്തില്‍ ജീവിച്ചുവരവെ അവന് വന്നു. വരുകയും വന്നെന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്നാലും എന്റെ മനസ്സുകൊണ്ട് ഞാന്‍ അവനെ അനുഭവിച്ചതേയില്ല. എന്റെ ശരീരം വേദനിച്ചിരുന്നുവെന്നത് നേരാണ്. എങ്കിലും ഈ ശാരീരിക പീഡനം സഹിക്കാൻ കഴിയാത്ത വിധം ഞാനിപ്പോൾ വളരെ മൃദുവായി മാറിയിട്ടുണ്ടെന്ന് എനിക്കുതോന്നി. അതേപോലെ അവനെ അവമതിക്കാനും എനിക്കിപ്പോള്‍ കഴിയില്ല. അവനെ ഇവിടെയുള്ളയൊരു കാട്ടുമൃഗമായി പരിപാലിക്കാന്‍ എനിക്കു സാധിക്കും. എന്നാല്‍, എന്റെ ശരീരത്തില്‍ അവനുണ്ടാക്കുന്ന പീഡനങ്ങൾ ഏറ്റുവാങ്ങാന്‍ എനിക്കു ശീലിക്കേണ്ടതായിവരും. ഇന്നലെ ചെയ്തതുപോലെ അവൻ ഇന്നും ചെയ്യുമോയെന്നറിയില്ല. എനിക്കു വേണമെങ്കിൽ അവന്റെ നേര്‍ക്ക് ഒരു ചെന്നായയെ അഴിച്ചുവിടാന്‍ പറ്റും. പക്ഷേ അങ്ങനെയൊരു കാര്യം ഞാനെങ്ങനെ ചെയ്യും?! ഈ കാട്ടിൽ ആരെയും ഉപദ്രവിക്കാൻ എനിക്ക് അവകാശമില്ല. ആരെങ്കിലും വന്നെന്നെ പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചാൽ, മരിച്ചു വീഴുകയല്ലാതെ ജീവിക്കാനായി പോരാടേണ്ട ആവശ്യം എനിക്കില്ല. എല്ലാം തന്നെ എപ്പോഴെങ്കിലുമൊരു അവസാനത്തിലെത്തിച്ചേരേണ്ടതല്ലേ?!
ധര്മസങ്കടവുമായി ഞാന്‍ നാളുകള്‍ ചെലവഴിച്ചു. കവിതകൾ ചൊല്ലി. താരാട്ടു പാടി. എല്ലാത്തിനെയും ഉറക്കത്തിലേക്ക് നയിച്ചു. നീരാടുകയും വെള്ളം കുടിക്കുകയും ചെയ്തു. ഇന്നത്തെ എന്റെ എല്ലാ ജോലികളും കഴിഞ്ഞുവെന്ന് ഞാൻ കരുതുമ്പോള്‍ തന്നെ മരത്തിനടുത്തുള്ള വലിയ കുറ്റിക്കാട് അനങ്ങി. ദിവസം മുഴുവൻ അപ്രത്യക്ഷനായിരുന്നവന് അതിനുള്ളിൽനിന്ന് പുറത്തുവന്നു. അവന്റെ പീഡനം സ്വല്പം മാത്രം നടന്നാല്‍ മതിയെന്ന് നെടുവീർപ്പിട്ടുകൊണ്ട് ഞാനെന്റെ മനസ്സിനെ അതിനായി സജ്ജമാക്കി. എന്നാലും, ഇന്നത്തെ വ്യക്തി ഇന്നലത്തെ വ്യക്തിയല്ലേ എന്ന തോന്നലും എന്നിലുണ്ടായി. അവൻ വന്ന് എന്റെ മീതെ കിടക്കാതെ എന്റെ അരികില്‍ വന്ന് കിടന്നു. എന്റെ ഇടതു കൈ അവൻ ഇറുക്കിപ്പിടിച്ചു. അവന് കൈ പിടിച്ച രീതി അവന്റെ നേര്‍ക്കു തിരിയാന്‍ പറയുന്നതു പോലെയുണ്ടായിരുന്നു.
ഞാൻ അവനുനേരെ തിരിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ കരയാൻ വേണ്ടി തയാറായി നിൽപുണ്ടായിരുന്നു. അവനെന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകളൊന്നും പുറത്തേക്കു വന്നില്ല. തുടര്‍ന്ന് അവനെന്റെ മുഖത്ത് തലോടിക്കൊണ്ടിരുന്നു. അപ്പോഴാണ് അവന്റെ കണ്ണുനീർ പുറത്തേക്ക് പൊട്ടിയൊഴുകിയത്. അങ്ങനെയെങ്കില്‍ ഈ കരച്ചില് വ്യാജമല്ല. ശരിക്കും കണ്ണുനീർ തുളുമ്പിയിട്ടുണ്ട്. അവൻ ക്ഷമ ചോദിക്കാൻ തയാറെടുക്കുന്നതായി എനിക്കു തോന്നി. എന്നിരുന്നാലും അവന്റെ വായിൽനിന്ന് ഒരു വാക്കുപോലും പുറത്തുവന്നില്ല. കുറ്റബോധത്തില്‍ നിന്നുണ്ടാവുന്ന ഉൽക്കടവ്യഥയേക്കാളും വലിയ മറ്റൊരു ശിക്ഷ ഒരു കുറ്റവാളിക്ക് എങ്ങനെ നൽകാന് കഴിയും?! ഒരു അന്ധൻ കൈകൊണ്ട് തടവിത്തടവി തിരിച്ചറിയാൻ ശ്രമിക്കുന്നതുപോലെ ഒറ്റക്ക് കരഞ്ഞുകൊണ്ട് എന്റെ ഉച്ചന്തല മുതൽ ഉള്ളങ്കാൽ വരെ അവന് തടവിക്കൊണ്ടിരുന്നു. ഒടുവിൽ, എന്റെ ഇടതുകൈയുടെ തള്ളവിരൽ വായിലിട്ടുകൊണ്ട് ഒരു കരടിക്കുട്ടിയെപ്പോലെ അവന് ഉറക്കത്തിലേക്കു പോയി.
ഇനി മുതൽ ഈ വിചിത്ര മൃഗത്തോടൊപ്പം ഇടപഴകേണ്ടതായ സാഹചര്യവും എനിക്കു വന്നുപെട്ടിരിക്കുന്നു. എന്നാലും, ഈ ജന്തു മറ്റു ജന്തുക്കളെപ്പോലെയല്ല. ഇന്നലെ ഒരു പ്രത്യേക രീതിയിലാണ് പെരുമാറിയത്. ഇന്ന് മറ്റൊരു രീതിയിലാണ് പെരുമാറുന്നത്. നാളെ വ്യത്യസ്തമായ രീതിയിലായിരിക്കാം പെരുമാറുക. മറ്റന്നാളത്തെ പെരുമാറ്റം വേറെ വിധത്തിലായിരിക്കും. എങ്കിലും അതിനു എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. അവന് ഒരിക്കലും എന്നെ തിരിച്ചറിഞ്ഞിട്ടില്ല. ഞാനവനെ തിരിച്ചറിഞ്ഞതായി കാണിക്കാനും അവൻ ഇതുവരെ അനുവദിച്ചിട്ടുമില്ല. നാളെ അവൻ എന്നെ തിരിച്ചറിയുമോയെന്നും എനിക്കറിയില്ല. അവന് അവനു സന്തോഷം നല്കുന്ന എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ.

04
പതിവുപോലെ അവൾ നദിയിൽനിന്ന് പുറത്തുവരുമ്പോൾ ഞാൻ അവളുടെ അടുത്തേക്കു ചെന്നു. ഏതു വേഷത്തിലേക്കും പരിവര്‍ത്തനം ചെയ്യാൻ അവൾക്കു കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. എങ്കിലും, എന്നിൽനിന്ന് അവൾ ഒളിച്ചോടിയില്ല. അവളൊരു വനദേവത. അവൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതും എന്തൊക്കെ ചെയ്യാൻ സാധിക്കില്ലായെന്നതും ഞാന്‍ അറിഞ്ഞിരിക്കണം.
അവൾക്ക് മനോഹരമായ കവിതകൾ പാടാൻ കഴിയുമെങ്കിലും, എന്നോടു സംസാരിക്കേണ്ട ആവശ്യം അവൾക്കില്ല. എന്നെ ശകാരിക്കാൻ പോലും അവൾ വായ തുറന്നില്ല. എന്നെ തുറിച്ചുനോക്കാൻ പോലും അവള് മിഴികളുയര്ത്തിയില്ല. കുറഞ്ഞപക്ഷം, ‘എന്തിനാണ് നീ എന്നോട് അങ്ങനെ ചെയ്തത്?’ എന്നു ചോദിക്കുക പോലും ചെയ്തില്ല. ഒരുവേള അവളെന്നെ വെറുക്കുന്നുണ്ടോയെന്നും അറിയില്ല.
എന്നിരിക്കിലും, അവള് എന്നോടു എന്തു പറയാനാണ്?! ഞാനല്ലേ അവളോട് ക്ഷമ ചോദിക്കേണ്ടത്? നിർഭാഗ്യവശാൽ, എനിക്കു വായ തുറക്കാൻ തന്നെ കഴിഞ്ഞില്ല. അവളുടെ സ്വഭാവം കണ്ട് ഞാൻ പേടിച്ചുപോയി. എന്റെ വായാടിത്തമെല്ലാം ഗ്രാമത്തിനും നഗരത്തിനും ലോകത്തിനുമാണ് യോജിക്കുക. വേണ്ടിവന്നാൽ പോലും ഈ കാട്ടിൽ എനിക്ക് വായ തുറക്കാൻ കഴിയില്ല. പ്രത്യേകിച്ചും അവളുടെ സാന്നിധ്യത്തിൽ! ആകയാല്‍ ഞാൻ അവളുടെ കൈ പിടിച്ചു. അവളുടെ വികാരങ്ങൾ മനസ്സിലാക്കാനായി ഞാൻ അവളുടെ മൂർധാവ് മുതൽ പാദം വരെ തലോടി ക്കൊടുത്തു. എന്നാലും, എനിക്കു അവളെ മനസ്സിലാക്കാനേ കഴിഞ്ഞില്ല. ഞാന്‍ അവളില്‍ അകപ്പെട്ടു കഴിഞ്ഞിരുന്നു. ആലോചിച്ചു നോക്കിയാല്‍, സ്ത്രീകളുമായുള്ള എന്റെ സമ്പര്‍ക്കത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. തിരഞ്ഞുപിടിച്ച് അവരെ കണ്ടെത്തേണ്ട ആവശ്യമേ എനിക്കില്ല.
എങ്കിലും, ആരോടും വായ തുറന്നു പരസ്യമായി പറയാൻ സാധിക്കാത്തപ്പോഴും അവളുടെ ഈ സൗമ്യവും ദയയുള്ളതുമായ സ്വഭാവം ഇത്രയും ആഴത്തില്‍ മറ്റാരിലും ഞാൻ കണ്ടിട്ടില്ല. ഒരു തൂവൽ പോലെ മൃദുവായി എന്റെ നെഞ്ചിലേക്ക് ശ്വാസക്കാറ്റ് ഊതാൻ അവൾക്ക് കഴിയും. മാർദവമായ ആ ശ്വാസത്തിന് എന്റെ കാമത്തിന്റെ ഉഗ്രമായ താപത്തെ കെടുത്താനും അതേപോലെ കൂടുതൽ ജ്വലിപ്പിക്കാനും സാധിച്ചേക്കും. അക്കാലത്ത് ഞാനൊരു അവിവേകിയായിരുന്നു. അവളൊരിക്കലും എന്നോട് വലിയ കാര്യങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല. മഷി തീർന്നുപോയാൽ ഞാൻ വലിച്ചെറിയുന്ന പേനകൾ അവൾ കൂട്ടിവെച്ചു.
എന്തെങ്കിലും മധുരം കഴിച്ചിട്ട് അതിന്റെ കടലാസാവരണം വലിച്ചെറിഞ്ഞാൽ അതെല്ലാം അവൾ ശേഖരിച്ചുവെച്ചു. മുല്ലപ്പൂ കൊണ്ടുവന്നു കൊടുത്ത് ‘ഇതു നിനക്കു വേണ്ടി മാത്രം കൊണ്ടുവന്നതാണ്’ എന്നു പറഞ്ഞാല്‍, ഞാന്‍ ഊന്നിപ്പറയുന്ന ‘മാത്രം’ എന്ന വാക്കില്‍ അവള് ആവേശഭരിതയായി. അപ്പോഴൊക്കെ അവളുടെ കൈ പിടിക്കേണ്ട ആവശ്യം തന്നെയുണ്ടായിരുന്നില്ല. മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ എന്റെ പുറംകൈ അവളുടെ കൈയില്‍ അൽപം കൂടുതലായി കിടക്കുന്നതുതന്നെ അവളെ സന്തോഷിപ്പിക്കാൻ പോന്ന കാര്യമായിരുന്നു. അവള് ചായ കഴിക്കുന്ന കോപ്പയുടെ, അവളുടെ ചുണ്ടുകള്‍ പതിയുന്ന ഇടത്തില്‍ ഞാന്‍ വായ വെച്ചു കുടിച്ചുകൊണ്ട് ഇടംകണ്ണാല്‍ അവളെ നോക്കിയാല്‍ വളരെക്കാലം അക്കാര്യം ഓര്‍മയില്‍ സൂക്ഷിച്ച് അവള് കവിതകളെഴുതി.
ഇത്രയും മൃദുലവും മധുരവും സൂക്ഷ്മവുമായ സുവര്ണസ്വരം സൃഷ്ടിക്കുന്ന സംഗീതോപകരണം പഞ്ചശിഖന്റെ വാദ്യവൃന്ദത്തില്‍ പോലുമുണ്ടായിരിക്കില്ല. പക്ഷേ, അതെനിക്കുണ്ടായിരുന്നു. എങ്കിലും ഞാൻ പഞ്ചശിഖനല്ല. അത്രയും മൃദുലമായ ഒരു സ്വരമില്ലാതാക്കിയ ശേഷം, ഞാൻ വീണയിൽ മാറാല നെയ്യാൻ തുടങ്ങി. അവയെല്ലാറ്റിനുമുപരി വളരെക്കാലത്തിനുശേഷം അവളെ കാണാനുള്ള സന്ദര്‍ഭമുണ്ടായപ്പോള്‍, അതിയായ ആവേശത്തോടെയും ക്രൂരമായും അവളെ പുണര്ന്നിരുന്നുവല്ലോയെന്ന ചിന്തയുടെ ഭാരം തല ഉയർത്താൻ കഴിയാത്തവിധം എന്നില്‍ പുതിയൊരു സമ്മർദം സൃഷ്ടിച്ചു. വേദനാജനകവും പ്രയാസകരവുമായ ആ വികാരങ്ങളാൽ ഞെരുങ്ങുകയും അവളെ സ്പർശിക്കുകയും ചെയ്തപ്പോൾ പ്രകൃതി എന്റെ പക്ഷം ചേർന്നു. അതെന്നെ പ്രബുദ്ധനാക്കി. ഉത്തരം നൽകുകയും ചെയ്തു.
‘ഈ കാടിന്റെ രക്ഷകയായ അമ്മ ദേവതയാണ് അവൾ. പുറത്തുനിന്നു വരുന്ന ആർക്കും അവളുടെ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ കഴിയില്ല. അവൾക്കുള്ളതാണ് എല്ലാ അധികാരവും’
എന്നിരുന്നാലും അക്കാലത്ത് ഞാനവളെ തീവ്രമായി ആഗ്രഹിച്ചിരുന്നപ്പോഴും എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ലായെന്നു മാത്രമല്ല പ്രകൃതി അവളെ കാത്തുസംരക്ഷിച്ചതിനാല് അവളെന്റെ കൈകളിൽ തന്നെ ഒരു സ്ത്രീയായി പൂത്തുവിരിയുകയും ചെയ്തു. പ്രകൃതിയെ പരിപാലിക്കുന്നവരെയും സമതുലിതമായി കൊണ്ടുനടക്കുന്നവരെയും പ്രകൃതി നിരീക്ഷിച്ചുകൊണ്ടിരിക്കും.
ആകയാല്‍ ഇനിമേല്‍ എനിക്കു വിഷമിക്കേണ്ടതില്ല. ഞാന്‍ അവളെ കളങ്കപ്പെടുത്തിയില്ല. നേരെമറിച്ച് ഞാന്‍ നിര്‍മലനായി മാറുന്നതാണ് ഇവിടെ സംഭവിച്ചത്. അവളുടെ പാലുറവയില് കുളിപ്പിച്ച് എന്നെ മുക്തനാക്കുകയും എന്റെ ശരീരത്തിലെ കാമങ്ങളെയെല്ലാം അലിയിച്ചുനീക്കുകയും ചെയ്തു അവള്. ഒടുവിൽ ഓരോ മുക്കും മൂലയും എന്റെ കണ്ണുനീർ കൊണ്ടുതന്നെ കഴുകി അവളെന്നെ ശുദ്ധീകരിച്ചുകളഞ്ഞു.
ഞാനോ, മരിക്കാനായി ഇറങ്ങിത്തിരിച്ചവന്. ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ട ഒരു മനുഷ്യന്. ആ ചിന്തയുമായി ഞാൻ മുകളില്‍ പൊങ്ങിക്കിടക്കുമ്പോൾ കാരുണ്യവും സൗമ്യതയും നിറഞ്ഞ തന്റെ പൊൻകിരണങ്ങൾ മുകളിലേക്ക് അയച്ചുകൊണ്ട് അവളെന്നെ ഈ ഭൂമിയിലേക്കു വലിച്ചിറക്കിയിരിക്കുന്നു. ആത്മഹത്യ എന്നതൊരു പാപകര്മമാണ്. ആ പാപത്തില്‍നിന്ന് അവളെന്നെ വീണ്ടെടുത്തിരിക്കുകയാണ്. ഒരിക്കലെങ്കിലും അവളുമായി ഇടപഴകിയിട്ടുള്ളവർ പുണ്യാത്മാക്കളായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല. എന്ത്! ആത്മഹത്യ ചെയ്യുകയെന്നത് പാപമാണോ?! എന്തുകൊണ്ടാണ് എനിക്കങ്ങനെ തോന്നിയത്?! എനിക്കാണെങ്കില്‍ മതമോ ജാതിയോ ഇല്ലല്ലോ! പുനര്‍ജന്മവുമില്ല. ഞാനെല്ലാം പൂർത്തിയാക്കിയിരുന്നു.
അതെ! ഞാനും അങ്ങനെയാണു കരുതിയിരുന്നത്. പക്ഷേ, ഇപ്പോള്‍ എനിക്കെന്താണു സംഭവിച്ചിരിക്കുന്നത്? ഞാൻ അവളിൽ കുടുങ്ങിപ്പോയി. ഞാൻ അവളുടെ മതം പിന്പറ്റുന്നവനായി മാറിയിരിക്കുന്നു. തന്നോടു തന്നെ വാത്സല്യം കാണിക്കാൻ അറിയാത്തവന് മഹത്തായ കാരുണ്യത്തിന്റെ പാത പിന്തുടരാൻ കഴിയില്ല. ആരോടും അല്ലെങ്കിൽ മറ്റൊന്നിനോടും കരുണ കാണിക്കാൻ കഴിയില്ല. അതെ, അവളിലൂടെ ഞാൻ വീണ്ടും പുനർജനിച്ചിരിക്കുന്നു.
നിഗൂഢവും മാന്ത്രികവുമായ അമ്മയാണവള്‍. അടുത്തു വരുന്നവരെയെല്ലാം തന്റെ മൃദുലമായ ശരീരത്താല്‍ ആശ്ലേഷിച്ച് അവൾ കാണിക്കുന്ന ഈ മാന്ത്രികതയെക്കുറിച്ച് അവൾ തന്നെ അറിയുന്നുണ്ടാകുമോ?! മറ്റെന്തിനെക്കുറിച്ചും അവൾ അറിയുന്നുണ്ടാകാം ഇല്ലായിരിക്കാം, എന്നാല്‍ അവളെന്നെ തിരിച്ചറിയണമെന്നു മാത്രം ഞാനാഗ്രഹിക്കുന്നു. എനിക്ക് അവളെ ഓർമിപ്പിക്കണം. പണ്ട് ഞാനാർക്കുവേണ്ടിയും കരഞ്ഞിട്ടില്ലെങ്കിലും അവള്‍ക്കുവേണ്ടി ഞാൻ കണ്ണുനീർ പൊഴിച്ചുവെന്ന് അവളറിയണം.

05
ഇപ്പോഴൊക്കെ രാത്രിയില്‍ മാത്രമല്ല പകലിലും അവന് എന്നെ പിന്തുടരാന് തുടങ്ങിയിരിക്കുന്നു. രാത്രി മുഴുവൻ എന്നെ പറ്റിപ്പിടിച്ച് കിടക്കുന്നതിനാല്‍ എന്റെ ഗന്ധം അവനിലും പതിഞ്ഞിരിക്കുന്നു. ആകയാല്‍, ഞാനൊഴികെ മറ്റൊരു പ്രാണിയും അവനെ മറ്റൊരു മൃഗമായോ മനുഷ്യനായോ കരുതുന്നതേയില്ല.
ഒരു ദിവസം രാവിലെ ഞാനുണർന്നപ്പോൾ, പാരിജാതപ്പൂക്കളാല് അവനൊരു മാല കോര്‍ത്തുവെച്ചിരിക്കുന്നു. ചെറിയ പ്രാണികള്‍ കൊണ്ടുവന്നുവെച്ച പൂക്കള്‍ കൊണ്ട് അവന് അതെനിക്കായി ചെയ്തുവെച്ചിരിക്കുകയാണ്. കല വിളയാടുന്ന വിരലുകളാണല്ലോ അവന്റേത്. ആദ്യമായിട്ടായിരുന്നു അതിലൊരു കല അവന് എനിക്കുവേണ്ടി വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഒരു വാക്കുപോലും ഞാൻ അവനോട് സംസാരിച്ചതേയില്ല. ആ പൂമാലയെടുത്ത് ഞാൻ ധരിച്ചു. അവനും മിണ്ടിയില്ല.
സ്നേഹിക്കുന്നുവെന്ന് കാണിക്കാനായി പതിവുപോലെ തന്റേതായ രീതിയിൽ അവൻ ശ്രമിക്കുകയാണ്. ഞാനവനെ മറന്നുവെന്നാണ് അവന് വിചാരിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തിൽ, ഞാനവനെ മറന്നുപോയിരുന്നു. ഇപ്പോഴാണ് അൽപാൽപമായി എനിക്കോര്‍മ വരുന്നത്. ചുണ്ടുകളുടെ നിരന്തരമായ സമ്മർദവും അക്ഷമമായ ശ്വാസോച്ഛ്വാസവും മധുരമായ നാവിന്റെ തഴുകലും മൃദുലമായ കടികളും എന്റെ ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ഒരിക്കല്‍ അവനുണ്ടായിരുന്ന സ്ഥലത്തെക്കുറിച്ച് ഓര്മപ്പെടുത്താന് ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആ വേളയില്‍ ഞാൻ ഉള്ളിൽ പുഞ്ചിരിക്കുകയാണെന്ന കാര്യം ആകാശത്തിലെ നക്ഷത്രങ്ങൾക്ക് മാത്രമേ അറിയൂ. അതേപോലെ, അവനെന്റെ മീതെ ചലിച്ചുകൊണ്ട് എനിക്കുനേരെ ഉയരുകയും ഞാന്‍ മൂര്‍ധന്യാവസ്ഥ പ്രാപിച്ചോ എന്നറിയാനായി എന്നെ നോക്കുകയും ചെയ്യുന്ന ഓരോ തവണയും അവന്റെ തിളങ്ങുന്ന കണ്ണുകളെ നോക്കി ആ കണ്ണുകളുടെ പ്രകാശമായി മാറുന്നത് ഞാനാണെന്ന കാര്യം അവന് ഇപ്പോഴുമറിയില്ല.
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
