തീർത്തും അപ്രതീക്ഷിതം

എന്റെ മുടിവെട്ട് ഏതാണ്ട് പാതിയായപ്പോഴാണ് അടുത്ത കസേരയിലേക്ക് ആ കൊച്ചുകുട്ടി വന്നത്. കഷ്ടിച്ച് അഞ്ചോ ആറോ വയസ്സുമാത്രം പ്രായമായ അവൻ വളരെ അനായാസമായാണ് ഒരു ചിരപരിചിതനെപോലെ ബാർബർഷാപ്പിന്റെ ഉള്ളിലേക്ക് വന്നതും ആ കറങ്ങും കസേരയിലേക്ക് കയറിയിരുന്നതും. ഇത് കണ്ട് ഞാൻ ഉള്ളിൽ പറഞ്ഞു: ‘‘കൊള്ളാമല്ലോ. സ്മാർട്ട് ബോയ്.’’ അവൻ സത്യത്തിൽ സ്മാർട്ട് മാത്രമായിരുന്നില്ല. കണ്ടാൽ ആരും ഇഷ്ടപ്പെട്ടുപോകുന്നവനുമായിരുന്നു. അവന്റെ...
Your Subscription Supports Independent Journalism
View Plansഎന്റെ മുടിവെട്ട് ഏതാണ്ട് പാതിയായപ്പോഴാണ് അടുത്ത കസേരയിലേക്ക് ആ കൊച്ചുകുട്ടി വന്നത്. കഷ്ടിച്ച് അഞ്ചോ ആറോ വയസ്സുമാത്രം പ്രായമായ അവൻ വളരെ അനായാസമായാണ് ഒരു ചിരപരിചിതനെപോലെ ബാർബർഷാപ്പിന്റെ ഉള്ളിലേക്ക് വന്നതും ആ കറങ്ങും കസേരയിലേക്ക് കയറിയിരുന്നതും. ഇത് കണ്ട് ഞാൻ ഉള്ളിൽ പറഞ്ഞു:
‘‘കൊള്ളാമല്ലോ. സ്മാർട്ട് ബോയ്.’’
അവൻ സത്യത്തിൽ സ്മാർട്ട് മാത്രമായിരുന്നില്ല. കണ്ടാൽ ആരും ഇഷ്ടപ്പെട്ടുപോകുന്നവനുമായിരുന്നു. അവന്റെ സാമാന്യത്തിലധികം നീണ്ടമുടിയിൽ വിരലോടിച്ചുകൊണ്ട് ശങ്കരേട്ടൻ സ്നേഹത്തോടെ പറഞ്ഞു:
‘‘പതിവ് സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. രണ്ട് മാസത്തിലധികമായിക്കാണും. അല്ലേ? എന്തേ ഇത്ര വൈകിയത്?’’
അയാൾ പറഞ്ഞത് വെളിയിലേക്ക് നോക്കിക്കൊണ്ടായിരുന്നു.
അപ്പോഴാണ് എന്റെ ശ്രദ്ധയും അങ്ങോേട്ടക്ക് തിരിഞ്ഞത്.
അവിടെ വരാന്തയിൽ അവന്റെ അമ്മ നിൽക്കുന്നുണ്ടായിരുന്നു.
അവർ പറഞ്ഞു:
‘‘ശരിയാണ്. മുടി വല്ലാതെ വളർന്നിട്ടുണ്ട്. എന്റെ കുറ്റമാണ്. ഞങ്ങൾ ഇത്തവണയും വെക്കേഷന് ദുബായിൽ പോയിരുന്നു. അവന്റെ ‘പപ്പയ്ക്ക്’ അവിടെയാണല്ലോ ജോലി. മടങ്ങാനുള്ള സമയമായപ്പോൾ പപ്പ പറഞ്ഞു:
‘ഇത്തവണ ഞാനും നിങ്ങളുടെ കൂടെയുണ്ട്. എറെക്കാലമായല്ലോ നാട്ടിൽ വന്നിട്ട്. ഇൗ മണൽക്കാട്ടിലെ വരൾച്ചയിൽനിന്ന് ഏതാനും നാളുകളെങ്കിലും രക്ഷപ്പെട്ട്... മൂന്നാർ, മാട്ടുപ്പെട്ടി, കൊടൈക്കനാൽ, പൊൻമുടി... മഴനനഞ്ഞ്, മഞ്ഞ് കൊണ്ട്... പ്രകൃതിയിൽ അങ്ങനെ അലിഞ്ഞു ചേർന്ന്...
...കമ്പനിയിൽ നല്ല തിരക്കുള്ള സമയമാണ്. വലിയവർ, ചെറിയവർ എന്ന വ്യത്യാസമൊന്നുമില്ല. എല്ലാവർക്കും പിടിപ്പത് പണിയുണ്ട്. ചിലപ്പോഴെങ്കിലും വിചാരിച്ചു പോകാറുണ്ട് –ഇതൊെക്ക എന്നേക്കുമായി ഇെട്ടറിഞ്ഞ് നാട്ടിലേക്ക് പോയാലോ? പക്ഷേ അപ്പോഴൊക്കെ അറബി തരുന്ന ഭാരിച്ച ശമ്പളവും മറ്റു സൗകര്യങ്ങളും ഒാർമ വരും... പിന്നെ, നാട്ടിലെ ഇപ്പോഴത്തെ സ്ഥിതി, മൂത്ത രണ്ടുപേരുടെയും പഠിത്തച്ചിലവ്... ഇതൊക്കെ ഒാർക്കുേമ്പാൾ, കുറച്ചുകൂടി പിടിച്ചുനിൽക്കാം... നിൽക്കണം... എന്നു ഒാർത്ത് പോകുന്നു...’ ’’
അൽപനേരം ഒന്നും പറയാതെ നിന്നതിനുശേഷം കുട്ടിയുടെ അമ്മ ശങ്കരേട്ടനോടു പറഞ്ഞു:
‘‘കാത്തു, കാത്തുനിന്നിട്ടും ലീവ് സാങ്ഷൻ ചെയ്തു കിട്ടിയതേയില്ല. ഒടുവിൽ ഇന്നലെ ഞാനും ഇവനും ഇങ്ങോട്ടു പോരികയും െചയ്തു. ഇതിനിടയിൽ ഞാൻ പലതവണ ഇവനോട് പറഞ്ഞു:
‘‘നമുക്ക് ഇവിടുത്തെ ഏതെങ്കിലും നല്ല ഒരു സലൂണിൽനിന്ന് വെട്ടിക്കാം എന്ന്. പക്ഷേ, അവൻ സമ്മതിച്ചില്ല. അവന് നിങ്ങൾ തന്നെ വേണം.’’
അപ്പോൾ ശങ്കരേട്ടൻ പറഞ്ഞു:
‘‘അവൻ നിങ്ങളെ പോലെയല്ല... ബുദ്ധിയുള്ളവനാണ്...’’
അപ്പോൾ രണ്ടുപേരും ^അല്ല മൂന്നുപേരും^ അമ്മയും മകനും ശങ്കരേട്ടനും ^വളരെ മധുരമായി ചിരിച്ചു.
എന്റെ പ്രവൃത്തിയും കഴിഞ്ഞിരുന്നു^
ശങ്കരേട്ടൻ തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി.
അദ്ദേഹത്തിനും തൃപ്തിയായിരിക്കുന്നു.
ശങ്കരേട്ടൻ പറഞ്ഞു:
‘‘ഇനി അടുത്ത മാസം.’’
ഞാൻ ഏറെ പണിപ്പെട്ട്, രാമചന്ദ്രന്റെയും ശങ്കരേട്ടന്റെയുമൊക്കെ സഹായത്തോടെ കറങ്ങുന്ന കസാലയിൽനിന്ന് താഴേക്കിറങ്ങി. എന്നിട്ട് സ്വൽപനേരം നീണ്ടുനിവർന്നു നിന്നു.
പഴയ എല്ലുകളുടെ ‘സന്ധിബന്ധ’ങ്ങളെല്ലാം ഒന്നു നിവർന്നു കിട്ടണമല്ലോ.
അപ്പോഴാണ് ഞാൻ കുട്ടിയുടെ അമ്മയുടെ ദൃഷ്ടിയിൽ പൂർണമായും പതിഞ്ഞത്.
തെല്ലുനേരം എന്നെ ആശ്ചര്യത്തോടെ നോക്കിനിന്ന ശേഷം അൽപം ഉറക്കെ തന്നെ അവർ പറഞ്ഞു:
‘‘ഒാ മൈ ഗോഡ്! വാട്ട് എ സർപ്രൈസ്! ഇൗ കണ്ണൂരിൽ ഇത്രയും കാലം ജീവിച്ചിട്ടും ടി. പത്മനാഭനെ, അല്ലാ എന്റെ പപ്പേട്ടനെ ഇപ്പോഴാണല്ലോ കാണുന്നത്!’’
സ്വതവേ സുന്ദരിയായ അവർ അപ്പോൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.
ഞാൻ അപ്പോൾ പറഞ്ഞു:
‘‘എനിക്ക് മനസ്സിലായില്ല, നിങ്ങൾ...’’
അവർ അവരുടെ പേരും ജോലിചെയ്യുന്ന സ്ഥലവുമൊക്കെ പറഞ്ഞു.
ടൗണിലെ ഏറെ പ്രശസ്തമായ ഒരു ക്രിസ്ത്യൻ റെസിഡൻഷ്യൽ സ്കൂളിലെ മലയാളം ടീച്ചറായിരുന്നു അവർ.
ഞാൻ അപ്പോൾ എന്നോടെന്നപോലെ
പതുക്കെ പറഞ്ഞു:
‘‘ഏതാനും ആഴ്ചകൾക്ക് മുമ്പ് നിങ്ങളുടെ സ്കൂളിൽ ഞാൻ വന്നിരുന്നു. ‘മാതൃഭൂമി’യും നിങ്ങളുടെ സ്കൂളുംകൂടി സംയുക്തമായി നടത്തിയ ഒരു പരിപാടിയുടെ ഉൽഘാടനത്തിന്, നല്ലൊരനുഭവമായിരുന്നു...’’
അവർ പറഞ്ഞു:
‘‘ഞാനുമുണ്ടായിരുന്നു അവിടെ. പുരുഷാരത്തിൽ ഒരുവളായി. അടുത്തുവരാൻ, എന്തെങ്കിലും ചോദിക്കാൻ, പരിചയപ്പെടാൻ ധൈര്യം വന്നില്ല. കേട്ടതൊക്കെ അങ്ങിനെയായിരുന്നല്ലോ –മുരടനാണ്, കഥകളിൽ കാണുന്നതുപോലെയൊന്നുമല്ല– ആളുകളെ അടുപ്പിക്കില്ല. ചോദ്യങ്ങൾ ചോദിച്ചാൽ ഇഷ്ടപ്പെടുകയില്ല...’’
ഞാൻ പറഞ്ഞു:
‘‘ഇപ്പോൾ ധൈര്യം വന്നു അല്ലേ?’’
അവർ മധുരമായി ചിരിക്കുക മാത്രം ചെയ്തു.
രാമചന്ദ്രന്റെയും ശങ്കരേട്ടന്റെയും സഹായത്തോടെ വരാന്തയിലേക്കിറങ്ങിയപ്പോൾ അവർ പൊടുന്നനെ ചോദിച്ചു:
‘‘ഒരു ഫോേട്ടാ എടുത്തോെട്ട...’’
അനുകൂലമായ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവർ എന്നോട് ചേർന്നുനിൽക്കുകയും ഹാൻഡ്ബാഗിൽനിന്ന് മൊബൈലെടുത്ത് രാമചന്ദ്രന് കൊടുക്കുകയുംചെയ്തു.
രാമചന്ദ്രൻ ക്ലിക്ക് ചെയ്യാൻ തുടങ്ങുേമ്പാൾ അവർ പെെട്ടന്നു പറഞ്ഞു:
‘‘അല്ലെങ്കിൽ വേണ്ട; കുറച്ചുകൂടി ഇന്റിമേറ്റായി പോസ് ചെയ്യാം...’’
അവർ എന്നോട് ഒന്നുകൂടി ചേർന്നുനിൽക്കുകയും അവരുടെ മനോഹരമായ കൈകൊണ്ട് എന്നെ വരിഞ്ഞുമുറുക്കുകയുംചെയ്തു.
രാമചന്ദ്രൻ അവന്റെ ജോലി നിർവഹിച്ചതിനുശേഷം മൊൈബൽ മടക്കിക്കൊടുത്തു.
ഭ്രാന്തമായ ഒരാവേശത്തോെട അവർ പറയുന്നുണ്ടായിരുന്നു:
‘‘ഞാനിത് എന്റെ പരിചയക്കാർക്കൊക്കെ അയച്ചുകൊടുക്കും. ലോകം മുഴുവൻ കാണെട്ട... എല്ലാവരും കാണെട്ട.’’
ഞാൻ ചോദിച്ചു:
‘‘നിങ്ങളുടെ ഭർത്താവിനും?’’

‘‘തീർച്ചയായും, നിങ്ങളറിയില്ല... പത്മനാഭൻ കഥകളുടെ ഏറ്റവും വലിയ ആരാധകൻ അദ്ദേഹമാണ്. എന്നേക്കാളും വലിയ... എത്രതവണ ഞങ്ങൾ ഒന്നിച്ചിരുന്ന് ‘ഗൗരി’യും ‘കടലും’ ‘കാലവർഷ’വുമൊക്കെ ഡിസ്കസ് ചെയ്തിരിക്കുന്നു. ഫോേട്ടാ കണ്ടാൽ അസൂയയാണ് വരിക. വരെട്ട. അദ്ദേഹത്തേക്കാൾ മുേമ്പ എനിക്കിതു സാധിച്ചുവല്ലോ...’’
റോഡിന്റെ അങ്ങേവശത്ത് പാർക്ക് ചെയ്തിരുന്ന ‘ഒാേട്ടാ’ രാമചന്ദ്രൻ സലൂണിന്റെ മുമ്പിലേക്ക് കൊണ്ടുവന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ ഒാേട്ടായിൽ കയറി.
ടൗണിലെ തിരക്കേറിയ റോഡുകളിലൂടെ ഒാേട്ടാ പോയപ്പോൾ ഞാൻ പലതും ചിന്തിക്കുകയായിരുന്നു...
കാലവർഷത്തിലെ ആദ്യത്തെ മഴ, മടിച്ചുമടിച്ചു വീഴുന്ന ആദ്യത്തെ തുള്ളികൾ... പുതുമഴയെ എല്ലാ സന്തോഷത്തോടും കൂടി ഏറ്റുവാങ്ങുന്ന ഭൂമിയിൽനിന്നുയരുന്ന സുഗന്ധം...
തൊണ്ണൂറ്റിയാറിൽനിന്ന് തൊണ്ണൂറ്റിയേഴിലേക്ക് കാലെടുത്തുവെക്കുന്ന ഒരു വൃദ്ധനായിരുന്നില്ല അപ്പോൾ വണ്ടിയിലുണ്ടായിരുന്നത്.