അയാൾ

ഈ മാസം 15 മുതൽ ഞാൻ ദുശ്ശീലങ്ങൾ അവസാനിപ്പിക്കും. ദുശ്ശീലങ്ങളെന്ന് പറഞ്ഞാൽ സിഗരറ്റ് വലി, മദ്യപാനം, ബംഗാളി തട്ടുകടക്കാരനായ നജീബിന്റെ കയ്യിൽനിന്ന് വലിയ വിലകൊടുത്ത് വാങ്ങുന്ന ഗുട്ക എന്നിവയുടെ ഉപയോഗം നിർത്തും (സിന്തറ്റിക് സാധനങ്ങൾ വാങ്ങിക്കാനുള്ള പാങ്ങും ധൈര്യവുമില്ലാത്തതിനാൽ അത്രത്തോളം പോയിട്ടില്ല). പതിനാറ് റെസ്റ്റ് ഡേ. പതിനേഴ് മലയാള മാസം ഒന്നാം തീയതി. അന്നുമുതൽ...
Your Subscription Supports Independent Journalism
View Plansഈ മാസം 15 മുതൽ ഞാൻ ദുശ്ശീലങ്ങൾ അവസാനിപ്പിക്കും. ദുശ്ശീലങ്ങളെന്ന് പറഞ്ഞാൽ സിഗരറ്റ് വലി, മദ്യപാനം, ബംഗാളി തട്ടുകടക്കാരനായ നജീബിന്റെ കയ്യിൽനിന്ന് വലിയ വിലകൊടുത്ത് വാങ്ങുന്ന ഗുട്ക എന്നിവയുടെ ഉപയോഗം നിർത്തും (സിന്തറ്റിക് സാധനങ്ങൾ വാങ്ങിക്കാനുള്ള പാങ്ങും ധൈര്യവുമില്ലാത്തതിനാൽ അത്രത്തോളം പോയിട്ടില്ല).
പതിനാറ് റെസ്റ്റ് ഡേ. പതിനേഴ് മലയാള മാസം ഒന്നാം തീയതി. അന്നുമുതൽ രാവിലെ നടക്കാൻ പോകും. കവലയിലെ ബദാം മരത്തിന് കീഴിലിരുന്ന് എട്ടാൾ കേൾക്കെ ആയിരുന്നു സന്ദീപ് ബാലചന്ദ്രനെന്ന എന്റെ പ്രഖ്യാപനം. പോരാത്തതിന് ഇക്കാര്യം വെള്ളക്കടലാസിൽ എഴുതി നാലായി മടക്കി പോക്കറ്റിലിടുകയുംചെയ്തു.
‘‘പിന്നെ നടന്നത് തന്നെ. അതും താൻ.’’ ബിജിലി പരിഹസിച്ചു.
‘‘ഒന്ന് പോടാ കൂവേ. നടക്കണമെന്ന് തീരുമാനിച്ചാൽ നടന്നിരിക്കും. അതിനൊരുത്തന്റെയും കൂട്ടുവേണ്ട.’’ എനിക്ക് ദേഷ്യം വന്നു.
വർത്തമാനകാല കേരളത്തിലെ യുവാക്കളും മധ്യവയസ്കരും നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ ആൾരൂപങ്ങളിലൊന്നാണ് ഞാനെന്ന് സ്വയം പറഞ്ഞു. ഉന്തിയ വയറും തെറിച്ചുനിൽക്കുന്ന കവിളും ശരീരത്തെ താങ്ങാൻ ശേഷിയില്ലാത്ത വിധമുള്ള കാലുകളും എന്നെ ഇളിഭ്യനാക്കി.
‘‘നിന്റെ കൊടവയറ് കണ്ടാൽ ചത്തുപോയ അയാളൊടെത് പോലെണ്ടൊല്ലോടാ.’’ അമ്മയുടെ പരിഹാസം എന്നെ ശുണ്ഠി പിടിപ്പിച്ചു.
രാത്രി നെഞ്ചിൽ പറ്റിപ്പിടിച്ച് കിടക്കുന്നതിനിടെ സജിനി ചോദിച്ചു. ആരാ അയാൾ?
മൂളിയത് അല്ലാതെ മറുപടി നൽകിയില്ല.
അയാൾ ഒരു പേരല്ല, പ്രതീകമാണെന്ന് തോന്നിയിട്ടുണ്ട്. കേവലമൊരു വിളിപ്പേര് മാത്രമായിരുന്നില്ല. ആറടിയോളം ഉയരവും ഒത്ത ശരീരവുമുള്ള ഒരുവന്റെ മേൽവിലാസംകൂടിയായിരുന്നു. എനിക്കെന്നല്ല ഞങ്ങളുടെ നാട്ടിലുള്ള ആർക്കും കക്ഷിയുടെ ശരിയായ പേരെന്തെന്ന് 20 കൊല്ലം മുമ്പുവരെ അറിയുമായിരുന്നില്ല.
എവിടെനിന്നോ വന്ന് പണിയും കുടിയുമായി. അതിനപ്പുറത്തേക്ക് നാട്ടുകാർ തിരഞ്ഞുപോയതായി കേട്ടിട്ടില്ല. അധികം സംസാരിക്കില്ല എന്നതായിരുന്നു ന്യൂനത. സർക്കാർ രേഖകളൊന്നുമില്ലാത്ത അയാൾക്ക് ഒരു കത്തുപോലും വന്നതായി ആരും കണ്ടിട്ടില്ല. പറഞ്ഞുകേട്ടിട്ടുമില്ല.
ഞാനും അയാളും തമ്മിലുള്ള മതിൽക്കെട്ടിന്റെ അതിര് ഭയമായിരുന്നു. ചെറുപ്പത്തിൽ സ്കൂളിൽ പോകാൻ മടി കാട്ടിയപ്പോൾ അയാളുടെ അരയിലെ തുരുമ്പുപിടിച്ച കത്തി ചൂണ്ടിക്കാട്ടിയാണ് അമ്മ ഭയപ്പെടുത്തിയത്.
‘‘പള്ളിക്കൂടത്തില് പോയില്ലേൽ പാക്ക് വെട്ടുന്നത് പോലെ അരിഞ്ഞിടും.’’
മുതിർന്നപ്പോൾ പലകുറി അയാളെയറിയാതെ പിന്തുടർന്നു. പേടിപ്പെടുത്തുന്ന എന്തോ ഒന്ന് ചുറ്റിവരിഞ്ഞുണ്ടെന്ന് തോന്നി.
സർക്കാർ സർവിസിൽനിന്ന് അടിത്തൂൺ പറ്റി പേരപ്പനെ നാട്ടിലേക്ക് പറിച്ചുനട്ടപ്പോഴാണ് അയാളുമായി ഞാൻ അടുത്തത്. ദിവസവും വീട്ടിലെത്തും. കാണുമ്പോളൊക്കെ വെറ്റിലക്കറ പുരണ്ട പല്ല് കാട്ടി ചിരിക്കും.
സാറേ...യ്... നീട്ടിയുള്ള ആ വിളിയിൽ പേരപ്പൻ അയാൾക്ക് അരികിലേക്ക് തിടുക്കത്തിലെത്തും. കയ്യിൽനിന്ന് ബീഡി വാങ്ങും. വെള്ളം വല്ലോം കുടിച്ചോടാ എന്ന് ചോദിച്ചാൽ തലയാട്ടും. തിണ്ണയിൽ കിടക്കുന്ന പത്രം മറിച്ച് നോക്കും.
വാർത്തകൾക്കിടയിലെ പടങ്ങളിൽ തുറിച്ച് നോക്കിയിരിക്കും.
രാജമ്മ അപ്പച്ചിയെ അയാൾക്ക് പേടിയായിരുന്നു.
വല്യ സാറെന്നാണ് വിളിച്ചിരുന്നത്. അപ്പച്ചിയുടെ വാമൊഴി വഴക്കത്തിന്റെ അയലത്ത് എത്താതെ പലപ്പോഴും ഒഴിഞ്ഞുമാറി. പശുവിന് വല്ലപ്പോഴും പോച്ച പറിച്ച് തൊഴുത്തിലെത്തിക്കും. അല്ലെങ്കിൽ കാടി കലക്കി കൊടുക്കും.
വല്യ സാറിന്റെ നിഴൽവെട്ടം കണ്ടാൽ ചുറ്റിപ്പറ്റി നിൽക്കാറില്ല. ചമ്പൻ പാക്ക് വല്ലതുമുണ്ടോയെന്ന് ചോദിച്ചാൽ മടിക്കുത്തിലെ പൊതിയഴിച്ച് തിണ്ണയിൽ വെക്കും. പിന്നെയൊരു പോക്കാണ്.
പേരപ്പനെ പോലെ ഇങ്ങേരും പഴയ വല്ല നക്സലൈറ്റാണോ?
‘‘പോടാ... ഏതൊമ്പരാത്തവനാണ്. വേണ്ടാതീനം പറഞ്ഞ് നടന്നേക്കരുത്.’’ അമ്മയുടെ ശകാരത്തോടെ ആ സംശയത്തിന് കുറച്ചുകാലം അവധിയിട്ടു.
അപ്പച്ചിയാണ് പറഞ്ഞത്. ‘‘നിന്റെ പേരപ്പനെ പണ്ട് നക്സലൈറ്റാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചോണ്ട് പോയി. ചത്തേന്ന് പറഞ്ഞ് ആശുപത്രീല് ഇട്ടിട്ട് പോയതാ. അവന്റെ കാലൊന്ന് നിലത്തൊറപ്പിക്കാൻ കാണാത്ത വൈദ്യന്മാരില്ല. ചേർത്തല വൈദ്യൻ 41 ദിവസം ആട്ടിൻസൂപ്പ് കൊടുക്കാൻ പറഞ്ഞപ്പോൾ ഇവനാണ് നാട് മൊത്തം അലഞ്ഞ് മുട്ടനാടിന്റെ എല്ല് കൊണ്ടുതന്നത്. വരത്തനാണേലും ഉപകാരിയാ.’’
അതിൽപിന്നെ എനിക്കും അയാളോട് ചെറിയ മമത തോന്നിത്തുടങ്ങി.
ഒരുദിവസം അയാൾ ചോദിച്ചു. കുഞ്ഞ് ഇ.എം.എസിനെ കണ്ടിട്ടുണ്ടോ?
ഇല്ല.
‘‘ഞാൻ അഞ്ച് തവണ.’’ വലത് കൈയിലെ വിരലുകളൊന്നായി ഉയർത്തിയിട്ട്, വെള്ളമാറി കറുപ്പ് നിറമാർന്ന പല്ലു കാട്ടി ചിരിച്ചു.
അങ്ങേര് കമ്യൂണിസ്റ്റ് ആണെന്ന് തെല്ല് അഭിമാനത്തോടെ പറഞ്ഞപ്പോൾ പേരപ്പന്റെ മകൻ രാജൻ ചേട്ടന് ഇഷ്ടപ്പെട്ടില്ല. നിന്റെ പ്രായത്തിന് അപ്പറത്തുള്ള കൂട്ടുകെട്ടൊന്നും വേണ്ട.
വീട്ടുകാർ ഉറങ്ങിക്കഴിഞ്ഞപ്പോൾ ഞങ്ങളൊരു സിനിമക്കു പോയി. ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും രാജൻ ചേട്ടനും. പടം കഴിഞ്ഞിറങ്ങിയപ്പോൾ പൊടുന്നനെ എത്തിയ മഴ ഞങ്ങളെ നനയിച്ചു. ജങ്ഷനിലെ ഫൽഗുനൻ കൊച്ചാട്ടന്റെ ചായക്കടയിലേക്ക് ഓടിക്കയറിയപ്പോൾ ഒഴിഞ്ഞ ബെഞ്ചിലിരുന്ന് ആരോ ബീഡി പുകയ്ക്കുന്നുണ്ട്. അരണ്ട വെളിച്ചത്തിൽ സൂക്ഷിച്ച് നോക്കി.
പൊയിലക്കടയിലെ പഴയ ബീഡി തെറുപ്പുകാരൻ ദേവസ്യ. കൈവിരലുകൾക്കിടയിലെ കുറ്റി ബീഡി താഴേക്കെറിഞ്ഞിട്ട് ചുണ്ട് മലർത്തിക്കാട്ടി.
‘‘ഇങ്ങോട്ട് കയറിയിരുന്നോ പിള്ളാരേ. വലിക്കുന്നോ?’’
കൈലിത്തെറുപ്പിൽ പത്രക്കടലാസിൽ പൊതിഞ്ഞുവെച്ച ബീഡികൾ രണ്ടെണ്ണമെടുത്ത് നീട്ടി. ഞാനൊന്ന് മടിച്ചെങ്കിലും രാജൻ ചേട്ടൻ നനവ് പടർന്ന കൈയാൽ വാങ്ങി പോക്കറ്റിലിട്ടു.
ഞാൻ സംശയിച്ച് നിൽക്കുന്നതിനിടെ രാജൻ ചേട്ടൻ തീ മേടിച്ചപ്പോൾ ആത്മവിശ്വാസമായി. പാത്തിക്കീഴിലെ തുളയിലൂടെ വീണ മഴത്തുള്ളി കൈലിമുണ്ട് നനയിക്കുന്നതിനിടെ ബദ്ധപ്പെട്ട് ഒരു പുകയെടുത്തു.
ആദ്യമായിട്ടാണല്ലേ?
എനിക്ക് വല്ലാത്ത കുറച്ചില് തോന്നി.
കുറച്ച് നേരത്തേക്ക് ഞങ്ങളൊന്നും മിണ്ടിയില്ല.
പിന്നെ ഞാനായിട്ട് ഒരു വിഷയമെടുത്തിട്ടു.
അയാളെ എന്തിനാ തല്ലിയത്?
ഓർക്കാപ്പുറത്തുള്ള എന്റെ ചോദ്യത്തിൽ ദേവസ്യാച്ചൻ ഞെട്ടി. രാജൻ ചേട്ടൻ കാലിലൊരു ചവിട്ട് തന്നു. കഴിഞ്ഞ ആഴ്ച കവലയിൽ അന്തിപ്പച്ച വാങ്ങാനെത്തിയപ്പോഴായിരുന്നു ആ കാഴ്ച. ആജാനുബാഹുവായ അയാളെ ദേവസ്യാച്ചൻ പൊതിരെ തല്ലുന്നു. ഒരടിപോലും തിരിച്ചുകൊടുക്കാത്തതിൽ അത്ഭുതം തോന്നി.
‘‘ഞാനില്ലാത്ത നേരത്ത് വീട്ടിക്കയറി ചെറ്റത്തരം കാണിച്ചാലുണ്ടല്ലോ? കുത്തിക്കീറും കഴുവേറിയേ.’’ രോഷത്തോടെ ദേവസ്യാച്ചൻ എരിഞ്ഞ് തീരാറായ ബീഡിക്കുറ്റി ഓടയിലേക്കെറിഞ്ഞു. പിന്നെ നെഞ്ച് കുലുക്കി ചുമച്ചു. ആ പ്രകമ്പനത്തിൽ കടയിലെ ചുമരിടിഞ്ഞുവീഴുമെന്ന് തോന്നി. കിഴക്കുനിന്ന് വന്ന കാറ്റ് കുരിശടിയിലെ മുത്തുക്കുട മറിച്ചിട്ടപ്പോൾ ദേവസ്യച്ചായനൊപ്പം ഞങ്ങളും എണീറ്റു.
ദേവസ്യാച്ചൻ പറഞ്ഞുതുടങ്ങി. 40 കൊല്ലം മുമ്പത്തെ സംഭവം. നാട്ടിലെ പ്രധാന തൊഴിൽ മേഖലയായ എസ്റ്റേറ്റിൽ സമരക്കൊടിയുയർന്നു. തൊഴിലാളികൾ മുതലാളിമാരോട് മല്ലിട്ട കാലം. അക്കാലത്ത് നാട്ടിൽ ബൂർഷ്വാസിയെന്ന വാക്ക് കേട്ടിട്ടുള്ളവർതന്നെ ഏറിവന്നാൽ പതിനഞ്ചോ ഇരുപതോ പേർ മാത്രമാകും. തെക്കും വടക്കും പൊട്ടിത്തെറിച്ച തീപ്പൊരിയുടെ കനൽ ഇവിടെയും വീണു. എസ്റ്റേറ്റിലെ പൊട്ടക്കിണറ്റിലും ചാക്കോ സാറിന്റെ കല്ലുവെട്ടാൻ കുഴിയിലുമായി മൂന്നുവട്ടം സഖാക്കളിരുന്നു. ഒടുക്കം മലബാറിൽനിന്ന് വന്നവർ കാര്യം തീരുമാനിച്ചു. മുതലാളിമാർ ഇരുമ്പ് അലമാരയിൽ വെച്ചിട്ടുള്ള പൈസയെടുത്ത് തൊഴിലാളികൾക്ക് വിതരണം ചെയ്യണം. ഓപറേഷന് പതിനഞ്ചു പേർ.
ഐക്കുഴി തങ്കച്ചൻ ചേട്ടനും മാങ്കുളം ജോയിക്കുമായിരുന്നു പ്രാദേശിക ചുമതല. അപ്രതീക്ഷിത മഴയും മുതലാളിയുടെ വീട്ടിലുണ്ടായിരുന്ന ജോലിക്കാരും ഓപറേഷന് തടസ്സമായി. അന്ന് ഓടിയ ഓട്ടംപോലൊന്ന് ദേവസ്യാച്ചൻ ജീവിതത്തിലിതുവരെ ഓടിയിട്ടില്ല.
പിറ്റേന്ന് മൂത്ത ചേട്ടച്ചാര് പീലിപ്പോച്ചനെ ഐ.സി തമ്പാൻ പിടിച്ചുകൊണ്ടുപോയതിനേക്കാൾ ദേവസ്യാച്ചന്റെ ഇടനെഞ്ചിടിച്ചത് എസ്റ്റേറ്റിലെ സംഗതി നടക്കാഞ്ഞതിലാണ്.
‘‘തോട്ടമൊക്കെ വല്യ വല്യ നേതാക്കന്മാരുടെ സ്വന്തക്കാരുടേതല്ലേന്നേ.’’ ദേവസ്യാച്ചൻ പറഞ്ഞ് നിർത്തിയപ്പോൾ ഒരു പൊലീസുവണ്ടി കിഴക്കോട്ട് പോയി.
‘‘സലിൻരാജ് ആണല്ലോ..!’’
ദേവസ്യാച്ചൻ കുറച്ചുനേരം എന്തോ ആലോചിച്ചു നിന്നശേഷം പറഞ്ഞുതുടങ്ങി.
‘‘ന്യായത്തിനാണ് സമരം തുടങ്ങിയതെങ്കിലും എന്തോ അതത്ര ഏശിയില്ല. രാവിലെ കപ്പ പുഴുങ്ങിയതും കട്ടനുമടിച്ചോണ്ടിരിക്കുമ്പോഴാ പോലീസ് വരുന്നത്. അന്ന് ആ കപ്പക്കാലാ വഴി ചാടി മറിഞ്ഞ് കൂത്രപ്പള്ളീലെ ചേടത്തീടെ വീട്ടിൽ കയറിപ്പറ്റി. അതുകൊണ്ടെന്നാ ഇടികൊണ്ട് ദേഹമുണങ്ങിയില്ല. പിന്നെ തോട്ടത്തിലെ റബറ് വെട്ട് പോയാലും പുല്ലെന്ന് വെച്ചു. തെറുപ്പ് പഠിച്ചു.’’ ദേവസ്യ നെഞ്ചിൻകൂട് തടവി.
നാട്ടിൽ പൊലീസിന്റെ ഇടിവണ്ടികൾ നിരന്ന ഇരുണ്ട പകലിലാണ് അയാൾ പണി അന്വേഷിച്ച് വന്നതെന്ന് ഐക്കുഴി മത്തായി പറഞ്ഞ് ദേവസ്യാക്ക് അറിയാം. മത്തായിയുടെ ഇളയവൻ ജോർജ് കുട്ടി പൊലീസിലാണ്. പണിക്ക് ആളെ തപ്പി കങ്കാണിമാർ തേരാ പാരാ നടന്നപ്പോൾ ജോർജ് കുട്ടിയാണ് എസ്റ്റേറ്റിലേക്ക് പറഞ്ഞുവിട്ടത്. അധികം സംസാരിക്കില്ല. മിണ്ടിയാലൊട്ട് തിരിയില്ല. മാട് പോലെ പണിയെടുത്തോളും. ജോലി സ്ഥിരമാക്കിയപ്പോൾ മുതലാളിമാരിൽ ഒരാളായ ചാക്കോ സാർ മസ്റ്ററിൽ എഴുതിച്ചേർത്തു.
‘അയാൾ’
കൊല്ലമൊന്ന് തികയും മുമ്പ് ജോർജ് കുട്ടീം പോയി. ദേ ആ പ്ലാവേലാ അവൻ തൂങ്ങിനിന്നത്. ദേവസ്യാച്ചൻ ഇടത്തോട്ട് വിരൽ ചൂണ്ടിയപ്പോൾ ഞാൻ ഭയന്ന് രാജൻ ചേട്ടന്റെ കൈത്തണ്ടയിൽ കൈവെള്ളയമർത്തി.
‘‘പിന്നെ അവനെ കുറച്ചെങ്കിലും അറിയാവുന്ന ഒരാളുണ്ട്. കൊച്ചുബേബി. ശ്രീധരന്റെ പീടികേന്ന് പത്ത് കുറിച്ചി മേടിച്ചാൽ ആമ്പ്രന്നോനായ എനിക്ക് കിട്ടീലെങ്കിലും അവൾ ആ ചെറ്റയ്ക്ക് വെച്ചുവിളമ്പും.’’ ദേവസ്യാച്ചൻ ക്ഷോഭത്തോടെ കാൽചുവട്ടിലേക്കിട്ട ബീഡിക്കുറ്റി ചവിട്ടിയരച്ചു.
ശക്തി ചോർന്ന് നൂലുപോലെയുള്ള ചാറ്റൽ നനഞ്ഞ് വീട്ടിലേക്ക് നടക്കുന്നതിനിടെ ഞങ്ങളൊന്നും മിണ്ടിയില്ല. രാജൻ ചേട്ടൻ എന്താണ് ആലോചിക്കുന്നതെന്ന് ഊഹിച്ചു.
അയാൾക്കേ അയാളെ അറിയത്തൊള്ളടാ...
വീട്ടുപടിക്കലെത്തിയപ്പോൾ ചേട്ടൻ പറഞ്ഞു. ഞാനൊന്ന് അമർത്തി മൂളി.
* * * *
ഡിഗ്രി പഠനം കഴിഞ്ഞു. പാരലൽ കോളജിലെ പണിയും അൽപസ്വൽപം പൊതുപ്രവർത്തനവുമായി നടക്കുന്ന കാലം.
ഒരുദിവസം രാവിലെ ആറരയായിക്കാണും. എടാ സന്ദീപേ... സന്ദീപേ...
കതക് പൊളിഞ്ഞ് വീഴുംപോലെ ആയിരുന്നു ഇടിയും വിളിയും.
ആരുടെ ചാക്കാല പറയാൻ വന്നതാണെന്ന് നോക്കെടാ?.. കട്ടൻ കാപ്പി അനത്താൻ അടുപ്പൂതി കണ്ണുനീറി വന്ന അമ്മക്ക് ദേഷ്യം വന്നു.
കതകിനുള്ള ശക്തമായ ഇടിയിൽ എനിക്കെന്തോ വശപ്പിശക് തോന്നി.
കോളജിലെ പഴയ അടി കേസ് വല്ലതും തപ്പിയെടുത്ത് വന്നതാണെന്ന് കരുതി ആരാണെന്ന് തെരക്കാൻ അനിയനെ ചട്ടപ്പെടുത്തി.
ഈത്തയൊലിപ്പിച്ച് കണ്ണും തിരുമ്മി വന്ന സനോജിന് തിണ്ണയ്ക്ക് കയറിനിന്ന ആളെ മനസ്സിലായില്ല.
അവനില്ലേടാ കൂവേ..?
ആരാ?
നിന്റെ അമ്മേ വിളിക്കെടാ ചെറുക്കാ. കാക്കി പാന്റും നീല ചെക്ക് ഷർട്ടുമിട്ട ആൾ കൈ കൂട്ടിത്തിരുമ്മി. കൂടെ വന്നതെന്ന് തോന്നിയ രണ്ടുപേർ ചെമ്പരത്തി വേലിക്ക് പുറത്ത് ഒതുങ്ങിനിന്നു.
എന്താ രാവിലെ? അമ്മ തിണ്ണയ്ക്ക് നിന്ന ആളെ സൂക്ഷിച്ച് നോക്കി.
‘‘സന്ദീപൊണ്ടേൽ ഒന്ന് വിളിക്കാമോ?’’
എന്താ കാര്യം. അമ്മ തിരക്കി.
‘‘അല്ല... സന്ദീപൊരു ജോലിക്ക് അപേക്ഷിച്ചിരുന്നു. അവനെപ്പറ്റി ഒന്ന് അന്വേഷിക്കാൻ ഇറങ്ങിയതാ.’’
ഇത്ര രാവിലയോ. അവരൊന്ന് സൂക്ഷിച്ച് നോക്കി.
‘‘സാറ് പൊലീസായിരുന്നോ? കേറ് ഇങ്ങോട്ടിരിക്കാം.’’
ഇരിക്കാനും നിക്കാനുമൊന്നും നേരമില്ല. വന്നയാൾ തിടുക്കം കാട്ടി.
‘‘അവനിന്നല പോയതാണേ. കുറുമ്പനാടത്ത്. വാക്കേലെ തോമസ് കുട്ടീടെ മോന്റെ കല്യാണമല്ലേ ഇന്ന്.’’
ഉം...
കോളേജിലെ പ്രശ്നമാണോ..?
അല്ല. പൊലീസുകാരൻ മുഖം ചുളിച്ചു.
നാളെയോ മറ്റന്നാളോ നേരിട്ട് വന്ന് കണ്ടോളാം. ഇതെന്നാ പണിയാനായിരുന്നു?
കിഴക്ക് ഭാഗത്ത് കെട്ടിയ കൂനാച്ചി മുറിയിലേക്ക് വന്നയാൾ കൈ ചൂണ്ടി.
‘‘ഒന്നും പറയേണ്ട. ബോർമ്മേന്ന് പറഞ്ഞ് കെട്ടിയോനുണ്ടാക്കിയ ഓരോ എടാകൂടമാ. ഇപ്പോ ജപ്തി... തേങ്ങാക്കുലേന്ന് പറഞ്ഞ് ബാങ്കുകാര് കയറിയിറങ്ങുവല്ലേ. അങ്ങേര് ഒരു പോക്ക് പോയി. ഞാനുമീ പിള്ളേരുമല്ലേ അനുഭവിക്കേണ്ടത്. ഉം. അതുമൊരു യോഗം.’’ തോളത്തെ തോർത്തുകൊണ്ട് അമ്മ മുഖം അമർത്തി.
രാവിലെ പതിവില്ലാതെ പൊലീസ് ജീപ്പ് പോകുന്നത് കണ്ട് ജങ്ഷനിലെ കടത്തിണ്ണയിലിരുന്നവർ ഭവ്യതയോടെ എഴുന്നേറ്റു.
ചങ്ങനാശ്ശേരിയിൽനിന്ന് തിരുവനന്തപുരത്തിനുള്ള സൂപ്പർ ഫാസ്റ്റിൽ ഞാൻ കയറിപ്പറ്റിയപ്പോൾ നഗരം ഇരുട്ടിന്റെ കവചത്തിലായിരുന്നു. വിൻഡോ സീറ്റിലെ കാഴ്ചകൾക്ക് മങ്ങലേറ്റപ്പോൾ വെറുതെ കണ്ണുകളടച്ചു. ഉറക്കംവിട്ട് ഉണർന്നപ്പോൾ പട്ടത്തെ പി.എസ്.സി ഓഫിസിന്റെ മതിൽ മിന്നായംപോലെ കണ്ടു.
തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ കത്തിക്കാളുന്ന വിശപ്പായിരുന്നു. ഇന്ത്യൻ കോഫി ഹൗസിൽനിന്ന് മൂന്ന് പൊറോട്ടയും ഒരു മുട്ടക്കറിയും. ബില്ല് കിട്ടിയപ്പോൾ പേഴ്സിന്റെ കനം കുറയുന്നത് ബോധ്യപ്പെട്ടു.
പൂജപ്പുരയെവിടെ പോണം? പ്രീ പെയ്ഡ് ടിക്കറ്റെടുത്ത് ഓട്ടോയിൽ കയറിയപ്പോൾ പെരുത്ത് കയറി.
ആ ജയിലിന് മുന്നിലെങ്ങാനും നിർത്തിയാൽ മതി.
‘‘ജയിലിന് മുന്നിലോ?’’ തലമുടി നരച്ച് വട്ടക്കണ്ണട വെച്ചയാൾ പിന്നിലേക്ക് തിരിഞ്ഞു.
എവിടുന്നാ?
‘‘കുറച്ച് വടക്കൂന്നാ.’’
സെൻട്രൽ ജയിലിന് എതിർവശത്തെ പെട്ടിക്കടയിൽനിന്ന് ഫോം വാങ്ങി പൂരിപ്പിച്ച് ഓഫിസിൽ കൊടുത്തു.
നാലുമണിയോട് അടുത്ത് പതിനാറാമനായി സൂപ്രണ്ട് അരുൺ ജോർജിന്റെ മുറിയിലേക്ക് കയറിയപ്പോൾ നെഞ്ചിൻകൂട് പടപടാ അടിച്ചു. കാക്കിധാരിയുടെ നോട്ടത്തിൽ ഞാൻ വിറച്ചു. മുറിയിലെ ശീതീകരണിക്ക് കെടുത്താനാകാത്ത ഒരു വലിയ തീ ദേഹത്തേക്ക് കയറി.
‘‘എന്തിനാ അപേക്ഷിച്ചത്?’’
എനിക്ക് മറുപടി നൽകാനായില്ല.
‘‘പിന്നെ ഒരു തൊഴിലും കിട്ടാഞ്ഞിട്ടാണോ ഇതിന് വന്നത്. അടുത്ത ആളെ വിളിക്കെടോ.’’ അരുൺ ജോർജ് ആരോടെന്നില്ലാതെ പറഞ്ഞു.
വൈകീട്ട് വഞ്ചിനാട് എക്സ്പ്രസിന് മടങ്ങവെ ഫയലിനുള്ളിൽ നാലായി മടക്കിവെച്ച പത്രക്കടലാസെടുത്ത് നിവർത്തി. ആരാച്ചാരെ ക്ഷണിച്ചുള്ള ജയിൽ വകുപ്പിന്റെ പരസ്യം രണ്ടുതവണ വായിച്ചു. കറുപ്പ് മഷിയിൽ ചതുരാകൃതിയിലുള്ള ഭാഗത്ത് ബോൾ പെന്നെടുത്ത് കുനുകുനാ തലങ്ങും വിലങ്ങും വരച്ചു. അംഗച്ഛേദം നടത്തിയ പത്രക്കഷണം ജനാലയിലൂടെ താഴേക്ക് നിക്ഷേപിച്ചു.

രാജേഷ് ചിറപ്പാട്
* * * *
അയാളെ കൊണ്ടുപോയേ... പോലീസ് പിടിച്ചേ...
സൊസൈറ്റിയിൽ പാലു കൊടുക്കാൻ പോയ ആരോ ആണ് കാട്ടുതീ പോലെ ആ വാർത്ത പടർത്തിയത്. എനി വല്യ വല്ല മോഷണ കേസോ, പിള്ളേരെ പിടുത്തുമോ ആകും. ഊരും പേരുമറിയാത്തവനൊക്കെ പാ വിരിച്ച് കൊടുക്കുവല്ലേ? ചിട്ടി തമ്പി കൊള്ളിച്ച് പറഞ്ഞത് ദേവസ്യാക്കുട്ടിക്ക് പിടിച്ചില്ല.
കീഴ് വായ്പൂർ പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ടയറുകൾ മലമ്പാറ ആശുപത്രിക്ക് മുന്നിലെ ഗട്ടറിൽ വീണപ്പോൾ അയാൾ വണ്ടിക്കുള്ളിലേക്ക് ചുരുണ്ടുകൂടി ഇരുന്നു. സി.പി.ഒ വിജയകുമാർ അയാളുടെ പുറത്ത് തലോടി.
‘‘ആ ചെറുക്കനൊരു അപേക്ഷ അയച്ചിരുന്നില്ലേൽ താനിപ്പോഴും കാണാമറയത്തായേനെ.’’
കാലുകൾ പിണച്ചുവെച്ച അയാൾ സീറ്റിലേക്ക് അമർന്നിരുന്നു. ഇടക്ക് എപ്പോഴോ പുറത്തേക്ക് നോക്കി. വീശിയടിക്കുന്ന കാറ്റിന് പഴമയുടെ ഗന്ധം. നാഞ്ചിനാടിന്റെ തന്നെ. വയലേലകൾക്ക് മേൽ ചരിഞ്ഞിറങ്ങുന്ന വെയിലിന് പ്രത്യേക സൗന്ദര്യമാണ്. അതുപോലൊന്ന് അടുത്ത കാലത്തൊന്നും കൊണ്ടിട്ടില്ല. ആ വെയിൽ തടുക്കാൻ പച്ചപ്പട്ട് തലയിൽ ചുറ്റിയ ഭൃത്യന്മാർ.
അവരിലൊരാളായി അരയിൽ വാളും തൂക്കി ചെറിയമ്മാവൻ നടന്നുനീങ്ങുന്നത് അയാളുടെ മനസ്സിലേക്ക് തികട്ടിവന്നു.
തിരുവിതാംകൂറിലെ അവസാന ആരാച്ചാരായിരുന്നു അയാളുടെ അമ്മാവൻ പരമേശ്വരൻ പിള്ള. മുപ്പത് പേരെയാണ് തൂക്കിലേറ്റിയത്. കരമൊഴിവായ ഏക്കർകണക്കിന് ഭൂമിയും പണക്കിഴിയും വല്യമ്മാവന്മാർക്ക് കണക്കിന് കിട്ടിയിട്ടുണ്ട്. അമ്മാവൻ മരിച്ചപ്പോൾ അടുത്ത തലമുറയിൽനിന്ന് പാത പിന്തുടരേണ്ട ചുമതല തനിക്കായിരുന്നുവെന്ന് അയാൾ ഓർത്തു.
‘‘ബലിത്തറയിൽ കോഴിയുടെ ചോര കാണുമ്പോൾ തല കറങ്ങുന്ന നിങ്ങളോ പുതിയ ആരാച്ചാർ?’’ കുളക്കടവിൽനിന്ന് ഈറനുടുത്ത് വന്ന സുഭദ്ര കുലുങ്ങിച്ചിരിച്ചു. നാഞ്ചിനാട്ടിൽ മീശ വെച്ചവരാരുമില്ലേ? അവൾ കാറിത്തുപ്പിയത് തന്റെ മുഖത്തേക്ക് ആയിരുന്നുവെന്ന് അയാൾ ഓർത്തു.
കുടുംബ പാരമ്പര്യം നിലനിർത്താനാവുമോയെന്ന് പലവട്ടം ചിന്തിച്ചു. കുടുംബങ്ങളിലെ സ്ത്രീകൾക്ക് മക്കളെല്ലാം ആരാച്ചാരാകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ? അവരെ സംബന്ധിച്ചിടത്തോളം പൊന്നുതമ്പുരാന്റെ ചക്രവും മൃഷ്ടാന്ന ഭോജനത്തിനുള്ള അരിയുമാണല്ലോ പ്രധാനം.
വയസ്സ് പതിനെട്ട് തികയുന്നതിന്റെ പിറ്റേന്നാണ് അമ്മാവനൊപ്പം ആദ്യം പോകുന്നത്. കറുത്ത ആവരണമിട്ട് കൂടെ നിന്നതേയൊള്ളൂ. കഴുമരച്ചോട്ടിലെത്തിയാൽ പരമേശ്വരൻ പിള്ള വേറൊരാളാണെന്ന് അന്ന് മനസ്സിലായി. അന്ന് പാറശ്ശാലക്കാരൻ തങ്കയ്യനെ ആണ് കഴുവിലേറ്റിയത്. ഒന്നേ നോക്കിയൊള്ളൂ. കാലുകൾ കീഴ്പോട്ടിറങ്ങി വരുന്നത് സ്വപ്നം കണ്ട് എത്ര രാത്രിയിലെ ഉറക്കമാണ് പോയത്.
പാപം ചെയ്യുന്നതിന് പ്രതിഫലം വാങ്ങി ഇനിയും പള്ള വീർപ്പിക്കണോ? തിരുവനന്തപുരത്തെ ജയിലിലെ മുദ്രവെച്ച കവർ വാങ്ങവെയുള്ള എന്റെ ചോദ്യം അമ്മയെ രോഷം കൊള്ളിച്ചു. ‘‘ഞാനെന്തൊക്കെ കേൾക്കണം. പൊന്നു തമ്പുരാക്കന്മാരായി തന്ന വേലയില്ലാതെ വരുമോ?’’
‘‘രാജാ ഒരുത്തനെ കൊല്ലാനുള്ള അവകാശം ആചാരംപോലെ അല്ല.’’ അച്ഛന്റെ വാക്കുകൾ ഇടിമുഴക്കംപോലെ ആയിരുന്നു. അത് കാറില്ലാത്ത മാനത്ത് പൊട്ടുന്ന വെള്ളിടിപോലെ ആണെന്ന് അച്ഛനും അറിയാമായിരുന്നു.
തപാലിൽ വന്ന കത്ത് താമരഭരണിയാറിൽ ഒഴുക്കി എങ്ങോട്ടെന്നില്ലാതെ ഇറങ്ങുമ്പോൾ ഒരു ശരീരത്തിനും മനസ്സിനുംകൂടി തീ കൊളുത്തി.
മഴ ചാറിയ നേരത്തെത്തിയ ജീപ്പ് കണ്ട് ഗേറ്റിങ്കൽ നിന്ന പാറാവുകാർ സല്യൂട്ടടിച്ചു. വണ്ടി നേരെ നിന്നത് ജയിൽവളപ്പിലെ ഡിസ്പെൻസറിയിൽ.
പേര് രാജൻ പിള്ള
വയസ്സ് 81
ഡോക്ടർ സ്റ്റെതസ്കോപ്പെടുത്ത് നെഞ്ചത്തും പുറത്തും അമർത്തി. ശ്വാസോച്ഛ്വാസം നേരെയാക്കാൻ പാടുപെട്ടു. മതിൽക്കെട്ടിനകത്തെ കാരാഗൃഹങ്ങളുടെ താക്കോൽ പഴുത് പോലെയാണ് ജീവിതമെന്ന് അയാൾക്ക് തോന്നി.
‘‘കേരളത്തിലെ അവസാനത്തെ ഔദ്യോഗിക ആരാച്ചാർക്ക് സ്വാഗതം.’’
ജയിൽ സൂപ്രണ്ട് അരുൺ ജോർജിന്റെ തെല്ലുറക്കെയുള്ള ചിരി അയാളെ അസ്വസ്ഥനാക്കി. കൊല്ലം സേവ്യർ കൊലക്കേസ് പ്രതി നോബിളിന്റെ വധശിക്ഷാ വിവരം അസിസ്റ്റന്റ് സൂപ്രണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ വായിച്ച് കേൾപ്പിച്ചു.
കേട്ടോ...
അയാൾ ചെവിയാട്ടി. ചുമരിൽ തൂങ്ങിയാടിയ കലണ്ടറിലേക്ക് ബദ്ധപ്പെട്ട് നോക്കി. ഒരുവന്റെ ജീവനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിന് ഇനി 22 നാൾ കൂടി. അപ്പോൾ ആ മുറിയിലൂടെ ഒരു ചെറുകാറ്റ് കടന്നുപോയി. അതിനൊരു പ്രത്യേക മണമായിരുന്നു. ആ ഗന്ധം മൂക്കിൻതുമ്പത്ത് എത്തിയപ്പോൾ അയാൾ മന്ദഹസിച്ചു. അഞ്ച് പതിറ്റാണ്ട് മുമ്പ് മുഖത്ത് തെളിഞ്ഞ മാതിരി.
മാർച്ച് 26. പുലർച്ച നാലുമണി. കറുത്ത വേഷവും തൊപ്പിയും ധരിച്ച അയാളും സഹായികളും ജയിൽ സൂപ്രണ്ടിന്റെ ഓഫിസിനോട് ചേർന്ന കഴുമരച്ചോട്ടിലെത്തി. ഉള്ള് കാളിയെങ്കിലും രാജരാജൻപിള്ളയെന്ന അയാൾ മുകളിലേക്കും താഴേക്കും നോക്കി. പലക തട്ടിന് മുകളിലെ ലിവർ വലിക്കുക മാത്രമാണ് ജോലി. പാപത്തിന്റെ കൂലി രണ്ട് ലക്ഷം. ഇതുവരെ കൺവെട്ടത്ത് കണ്ടിട്ടില്ലാത്ത വലിയ തുക. ആ പണം ഏറ്റുവാങ്ങാൻ തഴമ്പ് പിടിച്ച് പരുപരുത്ത കൈവെള്ള ദാഹിച്ചു.

കറുത്ത തുണിയിട്ട് മുഖം മറച്ചയാളെ മജിസ്ട്രേറ്റ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഇനി അയാളുടെ ഊഴമാണ്. അറപ്പ് തടിക്കും കൊടുവാളിനുമിടയിൽ തലവെച്ച് കിടക്കുന്ന കോഴിയെ പോലെ ആ രൂപം ദയനീയമായി നോക്കി. പിത്തളവളയം കെട്ടിയ കയറെടുത്ത് അയാൾ ആ മനുഷ്യനെ നോക്കി ചിരിച്ചു. ആ ചിരി നിന്നപ്പോൾ രാജരാജൻ പിള്ള മലർന്നടിച്ച് താഴേക്ക് വീണു. മജിസ്ട്രേറ്റും സൂപ്രണ്ടും കണ്ണ് മിഴിച്ചുനിന്നു. കസേരയിൽ താങ്ങിയിരുത്തിയ അയാൾക്ക് ആരോ ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ടുകൊടുത്തു. ശ്വാസം നേരെ വീണപ്പോൾ മടിക്കുത്തിൽ മടക്കിവെച്ച കടലാസ് ചുരുട്ടി ഒരേറ് കൊടുത്തു.
പുലർച്ച അഞ്ചിന് അലാറം അടിച്ചപ്പോഴാണ് ഞാൻ എണീറ്റത്. കുറച്ച് ദിവസം കൂടി അഞ്ച് മണി കാണുന്നതുകൊണ്ടാകും
മടി ശരീരത്തെ മുഴുവൻ ബാധിച്ചു. ഞാനൊരു കുഴിമടിയനായിരിക്കുന്നുവെന്ന് ലോകത്തോട് മുഴുവൻ വിളിച്ചുപറയാൻ തോന്നി. ശരീരത്തിന് മാത്രമല്ല ഇടുന്ന തുണികൾക്കുപോലും അലസത ബാധിച്ചിരിക്കുന്നു. അലക്കിവെച്ച ട്രാക്ക് സ്യൂട്ടും ടീ ഷർട്ടും എന്നോട് പൊരുത്തപ്പെടാൻ വൈമനസ്യം കാട്ടി. ഫുട്ബാൾ ബ്ലാഡർ ഉന്തിയ പോലെയുള്ള എന്റെ വയറിന് മേൽ ഒഴുക്കൻമട്ടിൽ കിടക്കാറുള്ള ടീ ഷർട്ട് ശകലം ക്ലേശിച്ചാണ് വയറ് തടവി കിടന്നത്. അൽപദൂരം നടന്നപ്പോൾ കർ... എന്ന ശബ്ദത്തോടെ തുന്നൽ വിട്ട് പ്രതിഷേധിക്കുകയുംചെയ്തു.
ആഹാ, നീ വീണ്ടും നടപ്പ് തുടങ്ങിയോ?
ഇരുട്ടത്ത് ആരാന്ന് വ്യക്തമായില്ല. കുറച്ച് ദൂരം നടന്നപ്പോൾ കാല് കഴച്ചു. വാച്ചിലേക്ക് നോക്കി. സമയം 5.35. ഇപ്പോഴേ വീട്ടിൽ പോയാൽ ഉറക്കം കളഞ്ഞതിനും മടി പിടിച്ച് തിരിച്ചുവന്നതിനും സജിനിയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും. ഞാൻ അടുത്ത് കണ്ട വെയ്റ്റിങ് ഷെഡിലേക്ക് കയറി ഇരുന്നു. അപ്പുറത്ത് ആരോ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ട്. അതും സ്ത്രീകൾക്ക് ക്രമീകരിച്ച നീളൻ ബെഞ്ചിൽ.
ആരാണെന്ന് അറിയാൻ ഞാൻ മൊബൈലിലെ ടോർച്ച് തെളിയിച്ചു. പ്രായമുള്ള ആരോ ആണ്. അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി. അത്രയും നേരത്തെ ധൈര്യം മുഴുവൻ ചോർത്തി ഒരു ഭയം കാലിലേക്ക് തരിച്ച് കയറി. അത് അയാൾതന്നെ. ശ്വാസമെടുത്ത് ഉയർന്ന് താഴുന്ന വയറിലേക്ക് നോക്കി. പിന്നെ അപ്പുറത്തേക്ക് മാറി ഇരുന്നു. അയാൾതന്നെ ആണോ അതെന്ന് ഉറപ്പിക്കാൻ.