മഴവിൽനിറങ്ങളിൽ ആകാശം

അനിയത്തി ഹിമയുടെ വിവാഹച്ചടങ്ങുകൾക്കിടയിൽവെച്ചാണ് അമ്മ ശ്യാമയുടെ ചെവിയിൽ മന്ത്രിക്കുന്നത്. ‘‘എനിക്ക് നിന്നോടും ഹിമയോടും പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്. അടുത്തയാഴ്ച നിങ്ങൾ വീട്ടിലേക്കൊന്നു വരണം.’’ അമ്മ തിരക്കുകൾക്കിടയിൽ അപ്രത്യക്ഷയായി. ഒരു നിമിഷം കഴിഞ്ഞ് ചുണ്ടുകളിൽ ഒട്ടിച്ചുവെച്ച ഒരു ചിരിയുമായി അവർ അതിഥികൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു. ഇടക്ക് അലക്ഷ്യമെന്നോണം പാറിവന്ന അവളുടെ നോട്ടങ്ങളെ അമ്മ അവഗണിക്കുകയുംചെയ്തു....
Your Subscription Supports Independent Journalism
View Plansഅനിയത്തി ഹിമയുടെ വിവാഹച്ചടങ്ങുകൾക്കിടയിൽവെച്ചാണ് അമ്മ ശ്യാമയുടെ ചെവിയിൽ മന്ത്രിക്കുന്നത്.
‘‘എനിക്ക് നിന്നോടും ഹിമയോടും പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്. അടുത്തയാഴ്ച നിങ്ങൾ വീട്ടിലേക്കൊന്നു വരണം.’’
അമ്മ തിരക്കുകൾക്കിടയിൽ അപ്രത്യക്ഷയായി. ഒരു നിമിഷം കഴിഞ്ഞ് ചുണ്ടുകളിൽ ഒട്ടിച്ചുവെച്ച ഒരു ചിരിയുമായി അവർ അതിഥികൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടു. ഇടക്ക് അലക്ഷ്യമെന്നോണം പാറിവന്ന അവളുടെ നോട്ടങ്ങളെ അമ്മ അവഗണിക്കുകയുംചെയ്തു. അവർ കാര്യമായി എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് അപ്പോൾതന്നെ ശ്യാമക്ക് ബോധ്യമായി. അന്നു വൈകുന്നേരം വരന്റെ വീട്ടിലെ സൽക്കാരം കഴിഞ്ഞ് ഏറെ വൈകി വീട്ടിലെത്തിയപ്പോൾ ആകാംക്ഷ അടക്കാനാകാതെ ശ്യാമ ചോദ്യമാവർത്തിച്ചു.
‘‘ഞാനും നിന്റെ അച്ഛനുംകൂടി ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.’’ നിർബന്ധിച്ചപ്പോൾ അമ്മ എങ്ങും തൊടാത്തമട്ടിൽ പറഞ്ഞു.
‘‘അത് നിങ്ങളെ അറിയിക്കാനാണ് വീട്ടിലേക്ക് എത്തണമെന്നു പറഞ്ഞത്. ഹിമയും അന്നവിടെയെത്തും.’’
അപ്പോഴേക്കും ബന്ധുക്കളായ സ്ത്രീകളുടെ ചെറുസംഘങ്ങൾ ഒരു തിരമാലപോലെ പാഞ്ഞുവന്ന് അമ്മയെ കൂട്ടിക്കൊണ്ടുപോയി. പട്ടുസാരികളുടെയും ആഭരണങ്ങളുടെയും തിളക്കത്തിനിടയിൽ ഒരു വെളിച്ചപ്പൊട്ടുപോലെ അമ്മ മറഞ്ഞു.
പിന്നീട് കൃത്യം ഒമ്പതുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ശ്യാമ ‘‘എന്തായിരിക്കും കാര്യം?’’ എന്നൊരു ചോദ്യം അവളുടെ ഭർത്താവ് നിഖിലിന്റെ നേർക്കെറിഞ്ഞു. അനിയത്തി ഹിമയും അവളുടെ ഭർത്താവ് ആകാശും നേരത്തേ എത്തിയിരുന്നു. വിവാഹശേഷമുള്ള വിരുന്നുകളിലും സൽക്കാരങ്ങളിലും മുങ്ങിനിവരുന്നതിനിടയിൽ എങ്ങനെയൊക്കെയോ സമയം കണ്ടെത്തിയിട്ടാണ് ഇങ്ങോട്ടു വന്നതെന്ന് അവർ സൂചിപ്പിച്ചു. ഫോണിലൂടെ പങ്കുവെക്കാൻ കഴിയാത്ത എന്തു രഹസ്യമാണ് അച്ഛനമ്മമാരുടെ ജീവിതത്തിൽ പൊടുന്നനെ സംഭവിച്ചതെന്ന് ഹിമ അതിശയിച്ചു.
ശ്യാമയുടെ, മാസങ്ങളായി അടച്ചിട്ടിരുന്ന മുറിയിൽ അഭിമുഖമായിട്ട രണ്ടു കസേരകളിൽ ഇരിക്കുകയായിരുന്നു അവർ. ജനാല തുറന്നപ്പോൾ മുറ്റത്തിന്റെ അതിരിനോടു ചേർന്നുനിൽക്കുന്ന റോസാച്ചെടിയിൽ ഏറെക്കാലത്തിനുശേഷം രണ്ടു പൂക്കൾ വിടർന്നിരിക്കുന്നത് കണ്ടു. അവയുടെ കടുംനിറം ഒരു നിമിഷം കണ്ണിലേക്ക് തറച്ചുകയറി.
‘‘നമുക്ക് പുറത്തിരുന്ന് സംസാരിക്കാം.’’
അമ്മ അവരെ സ്വീകരണമുറിയിലേക്കു വിളിച്ചു. അച്ഛൻ ദിനപത്രവുമായി സോഫയിൽ നേരത്തേ ഇടംപിടിച്ചിരിക്കുന്നുവെന്ന് അവർ കണ്ടു. വായിച്ചുകൊണ്ടിരുന്ന അക്ഷരങ്ങൾക്കുമപ്പുറം മറ്റെന്തൊക്കെയോ ആശയങ്ങളാണ് അദ്ദേഹത്തിന്റെ കണ്ണടയിൽ പ്രതിഫലിക്കുന്നതെന്ന് ശ്യാമക്കു തോന്നി.
‘‘എന്ത് അത്യാവശ്യ കാര്യം പറയാനാണ് ഞങ്ങളെ ഇപ്പോൾ വിളിച്ചുവരുത്തിയത്?’’ അക്ഷമ കലർന്ന ശബ്ദത്തിൽ ഹിമയാണ് ആദ്യം ചോദിച്ചത്.
‘‘പറയാം.’’ അച്ഛൻ പതിവ് ശാന്തതയോടെ പറഞ്ഞു.
‘‘എല്ലാ കാര്യങ്ങളും ഒരു വാട്സ്ആപ് മെസേജായി ഞങ്ങൾ ഇപ്പോൾ അയച്ചിട്ടുണ്ട്. അതൊന്നു വായിച്ചുനോക്കൂ.‘‘
ശ്യാമ തിടുക്കത്തിൽ മൊബൈലെടുത്ത് വാട്സ്ആപ് തുറന്നുനോക്കി. അതിൽ അച്ഛന്റെയും അമ്മയുടെയും നമ്പരിൽനിന്നും ഓരോ മെസേജ് വീതം വന്നിട്ടുണ്ട്. അവൾ അതിൽ വിരലമർത്തി. ഒരു ക്ഷണക്കത്തായിരുന്നു അത്.
‘‘സുഹൃത്തുക്കളേ,
ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് ഞങ്ങൾ വിവാഹമോചിതരാകുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനം. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. എന്നാൽ, യോജിച്ചുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ വേർപിരിയുന്നു. കഴിഞ്ഞുപോയ ദിവസങ്ങളുടെ ഓർമകൾ മനസ്സിലെന്നുമുണ്ടായിരിക്കും. ഒരുമിച്ചുള്ള ജീവിതം ഇനിയില്ല എന്നുമാത്രം. ഞങ്ങൾക്കിടയിലുള്ള സൗഹൃദം തുടരും.
പുതിയ പ്രതീക്ഷകളിലേക്ക് ഞങ്ങൾ വേറിട്ട വഴികളിലൂടെ യാത്രയാരംഭിക്കുന്ന സന്തോഷത്തിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിക്കുന്നു.
സ്ഥലം: ജെ.വി. ഹാൾ; സമയം: വൈകുന്നേരം 5.00 മണി.
എന്ന്
സസ്നേഹം
ലക്ഷ്മണൻ, ലതിക’’
ശ്യാമയും ഹിമയും ഒരു നടുക്കത്തോടെ മൊബൈലിൽനിന്നും മുഖമുയർത്തി പരസ്പരം നോക്കി. അച്ഛനും അമ്മയുമായിട്ടല്ലാതെ, ലതികയും ലക്ഷ്മണനുമായി, രണ്ടു സ്വതന്ത്ര വ്യക്തികളായി തനിക്ക് അവരെ എപ്പോഴെങ്കിലും സങ്കൽപിക്കാൻ കഴിയുമോ എന്ന് ശ്യാമ ഒരു നിമിഷം അമ്പരപ്പോടെ ചിന്തിച്ചുനോക്കി. അവർക്ക് അങ്ങനെയുമൊരു അസ്തിത്വമുണ്ട് എന്ന് ഈ നിമിഷം വരെയും തിരിച്ചറിഞ്ഞില്ലല്ലോ.
‘‘നിങ്ങൾ... പിരിയാൻ പോകുന്നെന്നോ? എന്തൊരു തമാശയാണിത്! എന്താണ് ഈ മെസേജിന്റെ അർഥം?’’ ശ്യാമയാണ് ആദ്യം പ്രതികരിച്ചത്.
‘‘ഗ്രേ ഡിവോഴ്സ്!’’ ആകാശ് നിഖിലിന്റെ ചെവിയിൽ മന്ത്രിച്ചു.
‘‘എന്നുവച്ചാൽ?’’ നിഖിൽ നെറ്റി ചുളിച്ചു.
‘‘പ്രായമായവർക്കിടയിലെ ഡിവോഴ്സ്.’’ ആകാശ് ഒച്ചയടക്കി പറഞ്ഞു.
‘‘അതിപ്പോൾ കൂടിവരികയാണത്രെ.’’
‘‘ആണോ?’’ നിഖിൽ അതിശയിച്ചു.
‘‘ഞാൻ കേട്ടിട്ടില്ല.’’
ലതികയും ലക്ഷ്മണനും മക്കളുടെ ഭാവമാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ട് എതിർവശത്തുള്ള സോഫയിലിരുന്നു. ഈ പ്രതികരണങ്ങളൊക്കെ പ്രതീക്ഷിച്ചതുതന്നെ എന്നൊരു മട്ട് അവരുടെ ചലനങ്ങളിലുണ്ടെന്ന് ശ്യാമക്ക് പെട്ടെന്നു തോന്നി. ഈയൊരു നിമിഷത്തെ അതിജീവിക്കാനായി അവർ ഏറെ നാളത്തെ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടാകുമെന്നും.

‘‘എന്തിനുവേണ്ടിയാണ് നിങ്ങൾ വേർപിരിയുന്നത്? ജീവിതം കുട്ടിക്കളിയാണോ?’’ ശ്യാമ വീണ്ടും ചോദിച്ചു.
‘‘അമ്മേ, ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റുകൾ ആണ് ആവശ്യം. അതാണ് മാരീഡ് ലൈഫിന്റെ അടിസ്ഥാനം.’’ ഒരാഴ്ചക്കു മുമ്പുമാത്രം വിവാഹിതയായ ഹിമ ഉറപ്പിച്ചുപറഞ്ഞു.
‘‘അമ്മ എന്നോടു പറഞ്ഞിട്ടില്ലേ പലതും കണ്ടില്ല, കേട്ടില്ല എന്നു നടിക്കണമെന്ന്? രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന വ്യക്തികൾ ഒരുമിച്ചു ചേരുമ്പോൾ പൊരുത്തക്കേടുകൾ ഉണ്ടാകും; അങ്ങനെയല്ലാത്ത ഒരു ദാമ്പത്യവും ലോകത്തിലില്ല എന്ന്? അമ്മ പറഞ്ഞതൊക്കെ ഞാൻ അക്ഷരംപ്രതി അനുസരിച്ചു.’’ ശ്യാമ വിജയിച്ചമട്ടിൽ പറഞ്ഞു.
‘‘അതുകൊണ്ടാണ് കഴിഞ്ഞ മൂന്നുവർഷമായി ഞങ്ങളുടെ ദാമ്പത്യം കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നത്.’’
‘‘ഞാൻ പണ്ടൊക്കെ എന്റെ ഫ്രണ്ട്സിനോട് അഭിമാനത്തോടെ പറയുമായിരുന്നു -എന്റെ പേരെന്റ്സ് തമ്മിൽ ഒരു കാര്യത്തിനും വഴക്കുണ്ടാകാറില്ല എന്ന്.’’ ഹിമ കരയാൻ ഭാവിച്ചു.
‘‘എന്നിട്ടിപ്പോൾ...’’
‘‘എന്താണിപ്പോൾ നിങ്ങൾക്കിടയിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നം?’’ ശ്യാമ പൊട്ടിത്തെറിച്ചു.
‘‘ഇപ്പോഴെനിക്ക് ഒരു കാര്യം ബോധ്യമായി -പ്രായം ഉള്ളതുകൊണ്ടു മാത്രം പക്വത ഉണ്ടാകണമെന്നില്ല.’’
‘‘ശ്യാമ പറഞ്ഞതു ശരിയാണ്.’’ നിഖിൽ പിന്താങ്ങി.
‘‘പ്രശ്നങ്ങൾ എന്തുതന്നെയായാലും നമുക്ക് ചർച്ചചെയ്തു പരിഹരിക്കാം. അച്ഛനും അമ്മയും എന്നും ഒരുമിച്ചു ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’’
‘‘നിങ്ങളെപ്പോഴും നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.’’ അതുവരെ നിശ്ശബ്ദനായിരുന്ന ലക്ഷ്മണൻ പറഞ്ഞു.
‘‘ഞങ്ങൾ -പ്രായമായവർക്കും ഞങ്ങളുടേതായ ആഗ്രഹങ്ങൾ ഉണ്ടാകില്ലേ? നിങ്ങളെപ്പോഴെങ്കിലും അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?’’
‘‘അതെ.’’ ലതിക ഒരു ചെറുചിരിയോടെ പറഞ്ഞു.
‘‘പരസ്യത്തിൽ പറയുന്നത് കേട്ടിട്ടില്ലേ? ‘ഞാൻ റിട്ടയർ ആകുന്നത് എന്റെ ജോലിയിൽനിന്നു മാത്രം; എന്റെ സ്വപ്നങ്ങളിൽനിന്നല്ല’ എന്ന്?’’
‘‘ആഗ്രഹങ്ങൾ എന്നു പറയുമ്പോൾ... നിങ്ങൾക്ക് ഇനിയെന്ത് ആഗ്രഹം?’’ നിഖിൽ സംശയിച്ചു.
‘‘ഇനി... മറ്റൊരു കല്യാണം?’’ ശ്യാമ മടിച്ചു മടിച്ചു ചോദിച്ചു.
‘‘അച്ഛനെ ഒരു സ്ത്രീ ഇടക്കൊക്കെ ഫോണിൽ വിളിക്കാറുണ്ടല്ലോ. അതാരാണ്? അച്ഛന്റെ ബെസ്റ്റിയാണോ?’’ ഹിമ ഇടയിൽകയറി ചോദിച്ചു.
‘‘നമ്മുടെ ആഗ്രഹങ്ങളിൽ കല്യാണം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണോ?’’ ലതിക പെട്ടെന്ന് ചോദിച്ചു.
‘‘അല്ലാതെ പിന്നെ.... അമ്മയെന്താണ് ഉദ്ദേശിക്കുന്നതെന്ന് തെളിച്ചുപറ.’’ നിഖിൽ അക്ഷമനായി.
ശ്യാമയും ഹിമയും ആകാശും ആകാംക്ഷയോടെ ലതികയെ നോക്കി.
‘‘ജോലിയിൽനിന്നും റിട്ടയർ ആകുന്നതുവരെ ഞാൻ ഒന്നിനെപ്പറ്റിയും ആലോചിച്ചിട്ടില്ലായിരുന്നു.’’ ലതിക സാവധാനം പറഞ്ഞുതുടങ്ങി.
‘‘ആവശ്യത്തിന് സമയമില്ലാത്തതു മാത്രമായിരുന്നു എന്നെ അലട്ടിയ പ്രശ്നം. സമയത്തിനു പിന്നാലെയുള്ള ഒരു മത്സര ഓട്ടം പോലെയായിരുന്നു ജീവിതം. എന്നും രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു. പാതിനുറുക്കിയ പച്ചക്കറികൾ ഫ്രിഡ്ജിൽ ഉണ്ടായിരുന്നു. അവ പ്രഷർകുക്കറിലിട്ട് പാചകംചെയ്തു. കഷണങ്ങളാക്കിയ മീൻ ഫ്രീസറിൽനിന്നെടുത്ത് മീൻചട്ടിയിലേക്ക് കുടഞ്ഞിട്ടു. ആറുമണിക്ക് ഭർത്താവിനെയും കുട്ടികളെയും വിളിച്ചുണർത്തി. ചെയ്തുതീർക്കേണ്ട ജോലികൾ ഒരു ജാഥപോലെ മനസ്സിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. കലണ്ടറിന്റെ മറിയുന്ന താളുകളും ക്ലോക്കിന്റെ കറങ്ങുന്ന സൂചികളും ദിവസങ്ങളെ അടയാളപ്പെടുത്തി. ഓഫീസും വീടും ജോലിക്കിടയിലെ ഇടത്താവളങ്ങൾ പോലെയായിരുന്നു. ഒരിടത്തും ഉറച്ചിരിക്കാൻ കഴിഞ്ഞില്ല.
ഇനി? ജോലിയിൽനിന്നും വിരമിച്ച ദിവസം ഞാൻ സ്വയം ചോദിച്ചു. പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ സ്വപ്നം കണ്ടതുപോലെ ദീർഘമായ ഒരു മധ്യവേനലവധിക്കാലമാണ് മുന്നിലെന്നു തോന്നി. വിശ്രമജീവിതത്തെപ്പറ്റി ഏറെക്കാലം മുമ്പുതന്നെ കിനാവു കാണാൻ തുടങ്ങിയിരുന്നു. ഓരോ നിമിഷവും ഇങ്ങനെ വേണമെന്നു സങ്കൽപിക്കാനും കുറെസമയം വേണ്ടിയിരുന്നു. ഒരു പ്രതിശ്രുത വധു വിവാഹജീവിതത്തെപ്പറ്റി സ്വപ്നം കാണുന്നതുപോലെ ആയിരിക്കണം അത്.
പക്ഷേ, വിരമിച്ചതിനുശേഷം സങ്കൽപങ്ങളിൽ പൊടുന്നനെ ഇടിവ് വന്നുതുടങ്ങി. ‘ഇത്രയേയുള്ളൂ ജീവിതം?’ ഉള്ളിൽനിന്നും നിസ്സഹായതയോടെ ആരോ ചോദിച്ചു. ‘ഇത്രയേയുള്ളൂ?’ സമയമായിരുന്നു അതുവരെയുള്ള ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിയോഗി. ആദ്യമായി ചുവരിലെ ഘടികാരത്തിലേക്ക് ഞാൻ നിർവികാരയായി നോക്കി. ക്ലോക്കിലെ സൂചികൾ ലക്ഷ്യബോധമില്ലാത്ത ഒരു യാത്രയിലാണെന്നു തോന്നി. പൊടുന്നനെ എങ്ങോട്ടെന്നില്ലാത്ത ഒരു യാത്രക്കുള്ള ആഗ്രഹം എന്റെയുള്ളിൽ മുളപൊട്ടി.
എല്ലാ തയാറെടുപ്പുകളും നടത്തിയശേഷം അപ്രതീക്ഷിതമായി മുടങ്ങിപ്പോയ യാത്രകളുടെ ഓർമകൾ എന്റെ മനസ്സിലൂടെ അപ്പോൾ സഞ്ചരിക്കാൻ തുടങ്ങി. കുട്ടിക്കാലത്തെ സ്കൂൾ ടൂർ മുതൽ കഴിഞ്ഞ വർഷത്തെ മൈസൂർ ട്രിപ്പ് വരെ എത്രയെത്ര സംഭവങ്ങൾ! ഇതിനിടയിൽ ബന്ധുക്കളുടെ ചെറുസംഘത്തോടൊപ്പം ഞാൻ തഞ്ചാവൂരിലേക്കും കാശിയിലേക്കും രാമേശ്വരത്തേക്കും പളനിയിലേക്കും യാത്ര പോയി. ഭക്തി മാത്രമായിരുന്നു ഇത്തരം യാത്രകൾക്കുള്ള പ്രേരണ. ലക്ഷ്യസ്ഥാനം ആരാധനാലയങ്ങളും. എന്റെ സങ്കൽപങ്ങളിലെ യാത്രകൾ വൈവിധ്യങ്ങളുടെ ആകാശം തേടിപ്പോയി. ചെറിയ കാൻവാസുകളിൽ ഒതുങ്ങാത്ത വളരെ വലിയൊരു ചിത്രമായിരുന്നു എന്റെ മനസ്സ്. ലോകത്തിൽ എത്രയേറെ സ്ഥലങ്ങൾ കണ്ടുതീർക്കാനുണ്ട്! അത്ഭുതത്തോടെ ഞാൻ പലപ്പോഴും ചിന്തിച്ചു. ഇതിനകം നൂറ്റിനാൽപത്താറു രാജ്യങ്ങൾ സന്ദർശിച്ച ഒരു സ്ത്രീയെപ്പറ്റി ഞാനടുത്തയിടെ വായിച്ചു. ഒറ്റക്കുള്ള ലോകസഞ്ചാരമായിരുന്നു അവരുടേത്. ഓരോ നാടും അവരുടെ ഓർമകളിൽ എപ്രകാരമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്? കൗതുകത്തോടെ ഞാൻ ഓർത്തു.

ഈജിപ്ത്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ സംഘടിപ്പിക്കുന്നുവെന്ന അറിയിപ്പ് ഞാൻ അടുത്തയിടെ ഒരു മാസികയിൽ കണ്ടു. ‘ടൂർ വേൾഡ് ഡെസ്റ്റിനേഷൻസ്’ എന്ന സ്ഥാപനത്തിന്റെ പരസ്യമായിരുന്നു അത്. അതിൽ കൊടുത്തിരുന്ന ഫോൺനമ്പറിലേക്ക് ഞാൻ വിളിച്ചുനോക്കി. മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമൊക്കെ സ്ത്രീകൾമാത്രം ഉൾപ്പെടുന്ന യാത്രാസംഘങ്ങളും ഉണ്ടെന്നറിഞ്ഞ് ഞാൻ അതിശയിച്ചു. എനിക്കും വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹം തോന്നി. പുതിയ കൂട്ടുകാർക്കൊപ്പം ഇനിയൊരിക്കലും കാണാനാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങൾ കാണണം. ഇനിയൊരിക്കലുമറിയാത്ത രുചികൾ, പരിചയപ്പെടാനിടയില്ലാത്ത മനുഷ്യർ, കേൾക്കാനിടയില്ലാത്ത ഭാഷകൾ അല്ലെങ്കിൽ ഭാഷകളേയില്ലാത്ത ആശയവിനിമയം.
ഭൂപ്രകൃതിയെപ്പോലെ മനുഷ്യജീവിതവും എന്നെ ആകർഷിച്ചു. ആ നാട്ടിലെ മനുഷ്യർ -നമ്മളെപ്പോലെയാണോ അവരും ജീവിക്കുന്നത്? നമ്മുടെ മുറിയിൽ നമ്മളുറങ്ങുന്ന അതേ പഞ്ഞിമെത്തയിൽ കിടന്ന്? നമ്മൾ കുടിക്കുന്ന അതേ രുചിയുള്ള വെള്ളം കുടിച്ച്? ഇവിടത്തെ ചെടികളും മരങ്ങളും പഴങ്ങളും ഒക്കെ അവിടെയുമുണ്ടാകുമോ? അവർ നിത്യവും കാണുന്ന കാഴ്ചകൾ എന്തൊക്കെയാവാം? അവരുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന രുചികൾ നമുക്കും സ്വീകാര്യമാകുമോ? ഒരു സ്വകാര്യ ഏജൻസിയുടെ യാത്രാസംഘത്തോടൊപ്പം പോകുമ്പോൾ, അവരുടെ എ.സി റൂമിൽ താമസിക്കുമ്പോൾ എനിക്കിതൊക്കെ അനുഭവിച്ചറിയാൻ കഴിയുമോ? അറിയില്ല. പക്ഷേ, ഉഷ്ണരാജ്യങ്ങളിലെ കൊടുംചൂടിൽ വെന്തുരുകിയും ശൈത്യനാടുകളിൽ തണുത്തുവിറച്ചും കുറച്ചു ദിവസങ്ങൾ ജീവിക്കുന്നത് ഞാനീയിടെ കൂടുതലായി സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു.
ഓരോ യാത്രക്കു ശേഷവും ആ നാടിനെപ്പറ്റിയുള്ള എന്റെ അനുഭവക്കുറിപ്പുകൾ ഒരു ഡയറിയിലെഴുതി സൂക്ഷിക്കണം. യാത്രാവിവരണമെഴുതി പ്രസിദ്ധീകരിക്കാനൊന്നുമല്ല. ജീവിതാവസാനം ‘ഇത്രയേയുള്ളൂ ജീവിതം’ എന്നൊരു നിരാശ ഉള്ളിൽ നിന്നുയരുമ്പോൾ ആ ഡയറിക്കുറിപ്പുകൾ കാട്ടി എനിക്ക് പറയണം -ഇതാ ഞാൻ നേരിട്ട് പകർത്തിയ വ്യത്യസ്ത ജീവിതക്കാഴ്ചകൾ! ഇവ ലോകമഹാത്ഭുതങ്ങൾ അല്ലായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് അവ അതിശയങ്ങൾതന്നെയാണ്. വർഷങ്ങൾക്കുശേഷം ആ അക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാൻ അവ നേരിട്ടുകണ്ട നിമിഷങ്ങളുടെ വിസ്മയം എന്നെ വന്നുതൊടുമോ? അതും എനിക്കറിയില്ല’’ -ലതിക ഒരു നിമിഷം നിർത്തി.
‘‘ഞാൻ ഒരു ദിവസം ഇതൊക്കെപ്പറഞ്ഞപ്പോൾ ബാലിശമായ ആഗ്രഹങ്ങളായിട്ടാണ് നിങ്ങളുടെ അച്ഛനു തോന്നിയത്. ഇതുപോലെയുള്ള വിചിത്രമായ സ്വപ്നങ്ങൾ മനസ്സിൽകൊണ്ടുനടക്കുന്ന ഒരു സ്ത്രീയോടൊപ്പമാണോ ഇക്കാലമത്രയും ജീവിച്ചതെന്നുപോലും അദ്ദേഹം സംശയിച്ചു. ഞങ്ങളുടെ സങ്കൽപങ്ങൾ പരസ്പരം ഉടക്കിനിന്നു. ഇരു ദിശകളിലുമിരുന്നു രണ്ടു തോണിക്കാർ തുഴയുന്ന ഒരു തോണി അനങ്ങാനാവാതെ കടവത്തു കിടക്കുന്നത് ഞാൻ സങ്കൽപിച്ചു. അപ്പോൾ... ഇക്കാലമത്രയും രണ്ട് അഭിപ്രായങ്ങളിലാണ് ഞങ്ങൾ ജീവിച്ചതെന്ന് ഞാൻ മനസ്സിലാക്കി. വൈരുധ്യങ്ങളുടെ, സമരസപ്പെടലിന്റെ വലിയൊരു പാതയാണു താണ്ടിയതെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തെ, അതിന്റെ മടുപ്പിക്കുന്ന ഏകതാനതയിൽനിന്ന് മോചിപ്പിക്കുന്നത് ഞാൻ കിനാവു കണ്ടുതുടങ്ങി.
ഹിമയുടെ വിവാഹമുറപ്പിച്ച രാത്രിയിൽ ‘‘എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിഞ്ഞു’’ എന്നോ മറ്റോ നിങ്ങളുടെ അച്ഛൻ പറഞ്ഞതോർക്കുന്നു.
‘‘ജീവിതത്തിൽ ഇനിയുമെന്തൊക്കെയോ ചെയ്യാൻ ബാക്കിയുണ്ട്’’ -ലഹരി ആവേശിക്കും മുമ്പേ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ അഞ്ചാമത്തെ മദ്യപാനമായിരുന്നു അത്. അത്യധികമായ സന്തോഷത്തിൽനിന്നോ സങ്കടത്തിൽനിന്നോ കരകയറാനായി മാത്രം അദ്ദേഹം മദ്യത്തിന്റെ കൂട്ടുതേടിപ്പോയി. താൻ ഈ ശീലത്തിന് അടിമയാകുമോ എന്ന ഭയം അദ്ദേഹം ഈ അഞ്ചുതവണയും പങ്കുവെച്ചു.’’ ലതിക ശ്യാമയെയും ഹിമയെയും മാറിമാറി നോക്കിക്കൊണ്ട് തുടർന്നു.
‘‘ആ ദിവസമാണ് അദ്ദേഹം തന്റെ ഭാവിപരിപാടികളെപ്പറ്റി എന്നോടു വിവരിച്ചത്. അപ്പോൾ ഞാൻ അവിശ്വസനീയതയോടെ മനസ്സിലാക്കി -അദ്ദേഹത്തിനുമുണ്ട് ഒരിക്കലും നിറവേറാനിടയില്ലാത്ത ചില സ്വപ്നങ്ങൾ. അപ്രായോഗികമായ ഇത്തരം ആഗ്രഹങ്ങളെ പിന്തുണക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ വഴികൾ വ്യത്യസ്തമായിരിക്കുമെന്ന് ആ നിമിഷത്തിൽ എനിക്ക് വെളിപാടുണ്ടായി.
‘‘ഇനി… എന്താണ് അച്ഛന്റെ ആഗ്രഹങ്ങൾ?’’ ശ്യാമ ആശയക്കുഴപ്പത്തോടെ ചോദിച്ചു.
‘‘ഞാനത് പറയാനിരിക്കുകയായിരുന്നു.’’ ലക്ഷ്മണൻ കണ്ണടയൂരി മേശപ്പുറത്തു െവച്ചുകൊണ്ടു പറഞ്ഞു.
‘‘ഫോട്ടോഗ്രാഫിയായിരുന്നു എന്റെ എക്കാലത്തെയും ആവേശം. ഒരുപാടു കാലത്തിനു മുമ്പുള്ള കാര്യമാണ്. അന്നൊക്കെ പല പത്രങ്ങളിലും വാരികകളിലും ഞാനെടുത്ത ഫോട്ടോകൾ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അവയുടെ കോപ്പികൾ ഞാനിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.’’ ലക്ഷ്മണൻ ഉത്സാഹത്തോടെ അകത്തെ മുറിയിലേക്കു പോയി. പഴയ അലമാര തുറക്കുന്നതിന്റെയും ചില സ്യൂട്ട്കേസുകൾ പുറത്തെടുക്കുന്നതിന്റെയും ശബ്ദങ്ങൾ കേട്ടു. ഏതാനും മിനിറ്റുകൾക്കുശേഷം ചില പഴയ ഫയലുകളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
‘‘ദാ... നോക്കൂ.’’ അവ തുറന്ന് കാലപ്പഴക്കത്താൽ മഞ്ഞച്ചുപോയ ചില പത്രത്താളുകൾ കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
‘‘ഇതൊക്കെ ഞാനെടുത്ത ഫോട്ടോകളാണ്.’’ നിഖിൽ അവ കൈയിലെടുത്ത് താൽപര്യമില്ലാതെ മറിച്ചുനോക്കാൻ തുടങ്ങി.
‘‘ശരിക്കു പറഞ്ഞാൽ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആകണമെന്നായിരുന്നു എന്റെ മനസ്സിൽ.’’ ലക്ഷ്മണൻ പറഞ്ഞു.
‘‘ഞാനാദ്യമായി എടുത്ത ഫോട്ടോ...’’ അദ്ദേഹം ആവേശത്തിലായി.
‘‘ഞാനിപ്പോഴും ഓർക്കുന്നു -ഒരു കരിയിലക്കിളിയുടെ പടമായിരുന്നു അത്. എന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ.’’
ഹിമയും ആകാശും മടുപ്പോടെ പരസ്പരം നോക്കി.
‘‘ഒരു വാഴക്കയ്യിൽ തെല്ല് സംഭ്രമത്തോടെയിരിക്കുന്ന ഒരു പക്ഷി. പശ്ചാത്തലത്തിൽ വാഴയിലകളുടെ ഇളം പച്ചനിറം, അടുത്തുള്ള തെങ്ങോലകളുടെ കടും പച്ചനിറം, അകലെയുള്ള മരങ്ങളുടെ മങ്ങിയ പച്ചനിറം… ശരിക്കുപറഞ്ഞാൽ പച്ചയുടെ വിവിധ ഭാവങ്ങളായിരുന്നു ആ പടം. പ്രകൃതിതന്നെ വരച്ച മനോഹരമായൊരു പെയിന്റിങ് പോലെ നിറങ്ങളുടെ കൂടിച്ചേരൽ.’’
അദ്ദേഹം ഒന്നു നിറുത്തി.
‘‘ആ ഫോട്ടോയെടുക്കുമ്പോൾ... അതൊരു തുടക്കമാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് എന്റെ ജീവിതത്തിൽ ഞാനിതിനുവേണ്ടി ചെലവഴിക്കാൻപോകുന്ന നീണ്ട സമയത്തെപ്പറ്റി എനിക്കന്നേരം ഒരു സൂചനപോലും കിട്ടിയില്ല.’’ കുറച്ചു സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ലക്ഷ്മണൻ തുടർന്നു.
‘‘പിന്നീട് ആഴ്ചകൾക്കുശേഷം ആ ഫോട്ടോ പ്രസിദ്ധീകരിച്ചുവന്നപ്പോൾ ഞാൻ മാസിക തുറന്ന് ആ പടത്തിനു മീതെ കൈയോടിച്ചു. ചിത്രത്തിൽനിന്നും ആ പക്ഷി ഉണർന്നുവന്ന് എന്റെ കൈവെള്ളയിൽ കൊക്കുരുമ്മിയതായി എനിക്കു തോന്നി. ഞാനാകെ കോരിത്തരിച്ചു.’’
ഏതോ ഓർമയിൽ മുഴുകിയെന്നോണം അദ്ദേഹം സംസാരം തുടർന്നു.
‘‘ഒരു ക്ലിക്കിനു പിന്നിലെ ഒറ്റ നിമിഷത്തിന്റെ നിശ്ശബ്ദത... അതാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ നിശ്ശബ്ദതയെന്നു തോന്നും. ലോകം മുഴുവൻ ഈയൊരു നിമിഷത്തിനുവേണ്ടി ശ്വാസമടക്കി കാത്തിരിക്കുന്നുവെന്നും. പക്ഷികളുടെയും മൃഗങ്ങളുടെയും ശലഭങ്ങളുടെയും പ്രാണികളുടെയും ചിത്രങ്ങൾ പകർത്താൻ എനിക്കെന്നും താൽപര്യമായിരുന്നു. അവയുടെ ജീവിതത്തിലെ ചലനാത്മകമായ ഒരു നിമിഷം എനിക്ക് സ്വന്തമായതായി തോന്നി.
അപകടങ്ങളോ മരണങ്ങളോ എന്റെ ഫോട്ടോകൾക്ക് വിഷയമായില്ല. ദുരന്തങ്ങളും മനുഷ്യന്റെ നിസ്സഹായത വിളിച്ചോതുന്ന സന്ദർഭങ്ങളും വളരെ അപൂർവമായി മാത്രമേ ഞാൻ ക്യാമറയിൽ പകർത്തിയുള്ളൂ. അത്തരം ഫോട്ടോകൾ പിന്നീടൊരിക്കൽകൂടി എടുത്തുനോക്കാൻ ഞാൻ താൽപര്യപ്പെട്ടതുമില്ല. എന്താണ് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറുടെ യഥാർഥ ദൗത്യം? ഞാനതിനെപ്പറ്റി ഏറെയൊന്നും ചിന്തിച്ചിട്ടില്ല. ഞാൻ പകർത്തുന്ന ചിത്രങ്ങൾ എന്നെ വ്യക്തിപരമായി സന്തോഷിപ്പിക്കുന്നതുകൂടിയാകണം എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്. അത് ശരിയോ തെറ്റോ? എനിക്കറിയില്ല.
സ്റ്റുഡിയോയിൽ ഫോട്ടോകൾ വാഷ് ചെയ്യുന്നതുംകാത്ത് ഞാൻ ഉത്കണ്ഠ കലർന്ന ഒരു വിങ്ങലോടെ ഇരുന്നിട്ടുണ്ട്. എന്റെ സങ്കൽപത്തിന്റെ പൂർണത ചില ചിത്രങ്ങളിലെങ്കിലും ഞാൻ അനുഭവിച്ചു. ചില അവസരങ്ങളിൽ മനസ്സ് അസംതൃപ്തികളിൽ കുരുങ്ങിക്കിടന്നു. പ്രസിദ്ധീകരിച്ചുവന്ന ഫോട്ടോകൾ ആവേശത്തോടെ വീണ്ടുംവീണ്ടും എടുത്തുനോക്കി. അവ തലയണയുടെ അടിയിൽ വെച്ചുറങ്ങി. ആ പത്രത്തിന്റെ കിട്ടാവുന്ന കോപ്പികളൊക്കെ വാങ്ങി സൂക്ഷിച്ചു. ഒരുപാട് സർക്കുലേഷനൊന്നുമില്ലാത്ത ചെറുകിട പ്രസിദ്ധീകരണങ്ങളായിരുന്നു മിക്കതും. ഞാൻ പ്രതീക്ഷിച്ചതുപോലെ ആരും ആ ഫോട്ടോകൾ ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നി. അത് എന്നെ നിരാശപ്പെടുത്തിയോ? ഇതിലും കൂടുതൽ പരിഗണനകൾ ഞാൻ അർഹിച്ചിരുന്നോ? തിരിഞ്ഞുനോക്കുമ്പോൾ വ്യക്തമായൊരുത്തരം കിട്ടുന്നില്ല.
ക്രമേണ എനിക്ക് ഫോട്ടോഗ്രാഫിയോടുള്ള കമ്പം കുറഞ്ഞുവന്നു. മികച്ച പ്രകൃതിദൃശ്യങ്ങളോ പ്രത്യേകതയുള്ള കാഴ്ചകളോ എന്നെ പ്രചോദിപ്പിക്കാതെയായി. എന്റെ ക്യാമറ ഉപയോഗിക്കപ്പെടാതെ പൊടിപിടിച്ചു നശിച്ചു. പിന്നീട് മൊബൈൽ ഫോണുകളുടെ കാലമായി. മൊബൈൽ ക്യാമറയിൽ ഫോട്ടോകൾ എടുക്കാമെന്നായി. ഈയിടെ വീട് വൃത്തിയാക്കിയപ്പോൾ പൊടിമൂടിയ, കേടുവന്ന എന്റെ ക്യാമറ കണ്ടു. ഒരു നിമിഷത്തേക്ക് എന്റെ നെഞ്ച് തകർന്നുപോയി എന്നു പറയുന്നതാകും ശരി.’’ അദ്ദേഹം ഒന്നു നിർത്തി. മറ്റുള്ളവർ അവിശ്വസനീയതയോടെ പരസ്പരം നോക്കി.
‘‘ഒരു കാലത്തെ എന്റെ സ്വപ്നം... എന്റെ ജീവസ്പന്ദനം… ക്യാമറ കൈയിലെടുക്കുമ്പോൾ ഞാനോർത്തു. അത് അവസാനം പകർത്തിയ ദൃശ്യമേതെന്ന് എനിക്ക് ഓർത്തെടുക്കാനായില്ല. കണ്ണീരിന്റെ മറയിൽ എന്റെ കാഴ്ചയും മങ്ങിപ്പോയിരുന്നു.’’
ഒരു നിമിഷത്തിനുശേഷം ഭാരമേറിയ ശബ്ദത്തിൽ അദ്ദേഹം തുടർന്നു.
‘‘എന്തുകൊണ്ടാണ് ഫോട്ടോഗ്രാഫിയോടുള്ള എന്റെ താൽപര്യം കുറഞ്ഞത്? ഞാൻ ചിന്തിച്ചു. പുതിയ ജീവിതസാഹചര്യങ്ങളാണോ? ജോലിത്തിരക്കുകളാണോ? കുടുംബജീവിതമാണോ? എനിക്ക് തീർപ്പു കൽപിക്കാനായില്ല.’’
കുറെ സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ചുവരിലെ ക്ലോക്കിലേക്ക് എത്തിനോക്കിയപ്പോൾ നേരം ഏറെ ആയിരിക്കുന്നു എന്ന് ശ്യാമ കണ്ടു.
‘‘ഫോട്ടോഗ്രാഫി എന്നും എനിക്കൊപ്പം ഉണ്ടാകണം. ഞാനാ നിമിഷത്തിൽ തീരുമാനമെടുത്തു. ഒരാൾ ജീവിതസായാഹ്നത്തിൽ തന്റെ യഥാർഥ സ്നേഹം തിരിച്ചറിയുന്നതുപോലെയായിരുന്നു അത്.’’ ലക്ഷ്മണൻ പറഞ്ഞുനിർത്തി.
‘‘ഇപ്പോൾ മനസ്സിൽ പുതിയ ആശയങ്ങളും പ്രതീക്ഷയുമാണ്.’’ അദ്ദേഹം ചിരിച്ചു.
‘‘ആദ്യം ഒരു പുതിയ ക്യാമറ വാങ്ങണം -ഏറ്റവും പുതിയ മോഡലിലുള്ളത്. പിന്നെ...’’
അദ്ദേഹം എന്തൊക്കെയോ സങ്കൽപങ്ങളിൽ മുഴുകിയെന്നോണം നിശ്ശബ്ദനായി.
‘‘വേർപിരിയാൻ തീരുമാനിച്ചപ്പോൾ വിവാഹമോചനം എല്ലാവരെയും അറിയിച്ചുകൊണ്ട് ഒരു ചടങ്ങായി നടത്തണമെന്ന് ഞങ്ങൾ നിശ്ചയിക്കുകയായിരുന്നു.’’ ലതിക കുറച്ചു സമയത്തിനുശേഷം പറഞ്ഞു.
‘‘ഞങ്ങൾ ഒക്ടോബർ 11 എന്ന തീയതി തിരഞ്ഞെടുത്തു. ഒരുമിച്ചുപോയി ജെ.വി ഹാൾ ബുക്ക് ചെയ്തു. പിന്നീട് ഒരു ക്ഷണക്കത്തിന്റെ മാതൃക സെലക്ട് ചെയ്തിട്ട് പരിചയക്കാർക്കൊക്കെ വാട്സ്ആപ് മെസേജ് അയച്ചു. ഇത് നിങ്ങളോട് നേരിട്ടു പറയണമെന്നുണ്ടായിരുന്നു.’’ ലതിക പറഞ്ഞു.
‘‘പക്ഷേ... സ്വപ്നങ്ങൾക്കുവേണ്ടി ഡിവോഴ്സ് ചെയ്യാവുന്ന പ്രായമാണോ നിങ്ങളുടേത്?’’ നിഖിൽ ചോദിച്ചു.
‘‘ഇത്രയും കാലം ഒരുമിച്ചു ജീവിച്ചിട്ട് പിരിയുമ്പോൾ വിഷമമില്ലെന്നു ഭാവിക്കുന്നത് വെറും കാപട്യമല്ലേ? അതിനുവേണ്ടിയല്ലേ ഈ ഒരു ഫങ്ഷൻ?’’ ശ്യാമ ചോദിച്ചു.
‘‘ഇനി... നിങ്ങൾ ഏതെങ്കിലും സെലിബ്രിറ്റീസിനെ ഇമിറ്റേറ്റ് ചെയ്യുകയാണോ?’’ ഹിമ സംശയിച്ചു.
‘‘എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നിങ്ങളുടേതായ ഉത്തരങ്ങൾ കണ്ടെത്താം.’’ സംസാരം അവസാനിപ്പിച്ചുകൊണ്ട് ലക്ഷ്മണൻ പറഞ്ഞു. ശ്യാമയും ഹിമയും വീണ്ടും എന്തോ പറയാൻവന്നത് ശ്രദ്ധിക്കാതെ ലതികയും ലക്ഷ്മണനും എഴുന്നേറ്റു.

‘‘എന്തായാലും ഇങ്ങനെയൊരു ചടങ്ങിന് ഞങ്ങൾ പങ്കെടുക്കില്ല.’’ വീടിന്റെ ഗേറ്റ് കടക്കുംമുമ്പേ ഹിമയും ആകാശും പ്രഖ്യാപിച്ചു. അപ്പോൾ അവരുടെ തീരുമാനത്തോടു യോജിച്ചെങ്കിലും അവൾക്കുതന്നെ പിടികിട്ടാത്ത ഏതോ ഒരു വികാരം ശ്യാമയെ ഒക്ടോബർ 11നു ജെ.വി ഹാളിൽ എത്തിച്ചു.
ശ്യാമ എത്തിയപ്പോഴേക്കും ഹാളിൽ ആളുകൾ നിറഞ്ഞുകവിഞ്ഞിരുന്നു. ഫോട്ടോഗ്രാഫർമാർ അവിടവിടെ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ആകാംക്ഷയും കൗതുകവും പല മുഖങ്ങളിലും തെളിഞ്ഞു കണ്ടു. വേദിയിലെങ്ങും നിറപ്പകിട്ടാണെന്ന് ശ്യാമ ശ്രദ്ധിച്ചു. ചുവപ്പും പച്ചയും മഞ്ഞയും നീലയുമായി ബലൂണുകൾ, സമാന നിറങ്ങളിലെ അലങ്കാരങ്ങൾ, ബഹുവർണക്കസേരകൾ, ചുവപ്പും മഞ്ഞയുമായി ശീതള പാനീയങ്ങൾ… പല നിറങ്ങൾ ഇടകലർന്ന തിളങ്ങുന്ന സാരിയണിഞ്ഞ ലതികയും മോടിയുള്ള വസ്ത്രങ്ങളിൽ സന്തോഷവാനായ ലക്ഷ്മണനും വേദിയുടെ ഒത്തനടുക്കായി നിൽക്കുന്നുണ്ട്. ലക്ഷ്മണൻ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അതിന്റെ അവസാന വാചകങ്ങൾ മാത്രമാണ് ശ്യാമക്ക് കേൾക്കാനായത്.
‘‘... അതിനാൽ ഭാവിജീവിതം സന്തോഷകരമാകട്ടെ എന്ന് ഞങ്ങളിരുവരും പരസ്പരം ആശംസിക്കുന്നു. അനിശ്ചിതത്വവും സാഹസികതയും നിറഞ്ഞ ദിവസങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളാണ് ഇപ്പോൾ മനസ്സിൽ. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു. ബാലിശമായ ചില സ്വപ്നങ്ങൾക്കു പിന്നാലെയുള്ള കുതിച്ചുചാട്ടംകൂടിയാണല്ലോ ജീവിതം’’
ഇരുവരും ചുവന്ന പാനീയം നിറച്ച ഗ്ലാസുകൾ പരസ്പരം കൂട്ടിമുട്ടിച്ചു. ക്യാമറാഫ്ലാഷുകൾ തുരുതുരാ മിന്നി. മുൻനിരയിൽ നിന്ന ഏതാനും അതിഥികൾ കൈയടിച്ചു.