കെട്ടും കെട്ടി ആരെക്കാണാന്‍


പാദബലം താ...ദേഹബലം താ... ദേഹബലം താ... പാദബലം താ... ദേവനേ... ദേവിയേ... ഉള്ളുരുകിയുള്ള ശരണംവിളിക്കിടയില്‍ കെട്ടുനിറക്കുള്ള സാധനങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തുവെച്ച ഗുരുസ്വാമിക്ക് ഈര്‍ഷ്യ വന്നു. സ്വാമിക്കുള്ള നെയ്‌ത്തേങ്ങയുണ്ട്. മാളികപ്പുറത്തിനുള്ള വെറ്റിലയും പട്ടുംമഞ്ഞളുമുണ്ട്. കടുത്തക്കും കൊച്ചുകടുത്തക്കും ഇത്തിരി മഞ്ഞള്‍ കൊടുത്ത് ഒപ്പിക്കാം. പണ്ടെന്നാല്‍ വളരെ പണ്ട് ഗുരുസ്വാമി മലകേറിപ്പഠിക്കുന്ന കാലത്തൊക്കെ ഒരിത്തിരി കഞ്ചാവ് എവിടന്നെങ്കിലുമൊക്കെ ഒപ്പിച്ച് കടുത്തക്കു മുന്നില്‍ ഒളിച്ചും പാത്തും വെക്കുമായിരുന്നു. ഇന്ന് അതൊന്നുമില്ല. നല്ലത്. ഗുരുസ്വാമി ഇരുന്നയിരിപ്പില്‍ ചുറ്റും തപ്പി....
Your Subscription Supports Independent Journalism
View Plansപാദബലം താ...
ദേഹബലം താ...
ദേഹബലം താ...
പാദബലം താ...
ദേവനേ...
ദേവിയേ...
ഉള്ളുരുകിയുള്ള ശരണംവിളിക്കിടയില്‍ കെട്ടുനിറക്കുള്ള സാധനങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തുവെച്ച ഗുരുസ്വാമിക്ക് ഈര്‍ഷ്യ വന്നു.
സ്വാമിക്കുള്ള നെയ്‌ത്തേങ്ങയുണ്ട്. മാളികപ്പുറത്തിനുള്ള വെറ്റിലയും പട്ടുംമഞ്ഞളുമുണ്ട്. കടുത്തക്കും കൊച്ചുകടുത്തക്കും ഇത്തിരി മഞ്ഞള്‍ കൊടുത്ത് ഒപ്പിക്കാം. പണ്ടെന്നാല്‍ വളരെ പണ്ട് ഗുരുസ്വാമി മലകേറിപ്പഠിക്കുന്ന കാലത്തൊക്കെ ഒരിത്തിരി കഞ്ചാവ് എവിടന്നെങ്കിലുമൊക്കെ ഒപ്പിച്ച് കടുത്തക്കു മുന്നില്‍ ഒളിച്ചും പാത്തും വെക്കുമായിരുന്നു. ഇന്ന് അതൊന്നുമില്ല. നല്ലത്. ഗുരുസ്വാമി ഇരുന്നയിരിപ്പില്‍ ചുറ്റും തപ്പി. മുന്‍കെട്ടിലെ നെയ്‌ത്തേങ്ങയും അവിലും മലരും കല്‍ക്കണ്ടവും മുന്തിരിയും എല്ലാമുണ്ട്. പത്തുനാല്‍പത് പേരുടെ പിന്‍കെട്ടിലേക്ക് കെട്ടുനിറയില്‍ മരുന്നിനുപോലും കുരുമുളകില്ല!
ഗുരുസ്വാമി ലിസ്റ്റിലേക്ക് നോക്കി ദേഷ്യംകൊണ്ട് വിറച്ചു.
അരി, ഉപ്പ്, മുളക്, മഞ്ഞള്‍, കുരുമുളക്... എല്ലാം എഴുതിക്കൊടുത്തതാണ്.
ഈയിടെയായി പ്രഷര്‍ വല്ലാതെ അധികമാണ്. സ്വാമി ഒരുവട്ടം കൂടി തിരഞ്ഞുനോക്കി. എണ്ണയും തേങ്ങയുമെല്ലാം എടുത്ത് പുറത്തിട്ടു.
മരുന്നിനൊരുമണി കുരുമുളകില്ല!
‘‘ഞാന്‍ തന്ന ലിസ്റ്റ് നോക്ക്്, ലക്ഷണക്കേട്.’’ ഗുരുസ്വാമി ദേഷ്യപ്പെട്ടു.
‘‘സ്റ്റോറില്‍നിന്ന് കെട്ടുനിറസാധനങ്ങള്‍ ഒരു സെറ്റാക്കി കിട്ടിയതാണ് സ്വാമീ...’’ മാളികപ്പുറങ്ങളിലാരോ പതിയെ പറഞ്ഞു.
‘‘കുരുമുളകില്ലാത്ത ഇരുമുടിക്കെട്ട് ഇന്നേവരെ ഞാന്‍ കെട്ടീട്ടില്ല, ഇനി കെട്ടുകേമില്ല.’’ ഗുരുസ്വാമി തീര്‍ച്ച പറഞ്ഞ് എഴുന്നേല്‍ക്കാന്‍ നോക്കി. താലത്തിലെ കര്‍പ്പൂരം കെട്ടുപോകുമെന്നും വിളക്ക് കരിന്തിരി കത്തുമെന്നും പേടിച്ച് കാറ്റിനെ കടത്തിവിടാതെ മാളികപ്പുറങ്ങള്‍ വട്ടത്തിലിരുന്നു. പിന്നില്‍നിന്ന് വലുതും ചെറുതും ഇത്തിരിക്കുഞ്ഞന്മാരുമായ സ്വാമിമാര്‍ ഉറക്കെപ്പാടി.
ആരെക്കാണാന്‍...
സ്വാമിയെക്കാണാന്‍...
മാളികപ്പുറമേ
കടുത്ത സ്വാമിയേ
കൊച്ചുകടുത്തേ...
ബാക്കി ശരണംവരികള്‍ കിട്ടാതെ ഉണ്ണിസ്വാമിമാര്‍ വായില്‍ത്തോന്നിയത് പാടി.
ഗുരുസ്വാമി ആ ശരണം വിളിയില്‍ അടങ്ങി ഇരുന്ന് നെയ്‌ത്തേങ്ങ നിറക്കാന്‍ തുടങ്ങി. കൈവിറച്ചതുകൊണ്ടാവും നെയ്‌ത്തേങ്ങ നിറഞ്ഞുതൂവി തട്ടിലെ കര്‍പ്പൂരത്തില്‍ വീണ് ആളിക്കത്തിയത്. കൈ പൊള്ളിയതറിഞ്ഞിട്ടും ആ ലക്ഷണക്കേട് എല്ലാരും കാണെത്തന്നെ വിരലിലേക്ക് പടര്‍ന്നു. ഗുരുസ്വാമി അതു ഗൗനിക്കാതെ നെയ്‌ത്തേങ്ങ നന്നായി തുടച്ച് അടപ്പ് അടിച്ചുകയറ്റി തുണി നനച്ച്, പപ്പടം നനച്ച് തേങ്ങാക്കണ്ണുകളെ മൂടി.
ശരണംവിളികള്‍ കുറയുമ്പോള്‍ ഗുരുസ്വാമി കോപിച്ചു. തൃപ്തി എന്നൊന്ന് ആ മുഖത്ത് തെളിഞ്ഞില്ല. മാലയിട്ടാലും മാലയൂരിയാലും എല്ലാക്കാലവും ഗുരുസ്വാമിക്ക് ഒരേ ഗൗരവവും ഒരുപോലെ കര്‍പ്പൂരഗന്ധവുമാണ്. ഇനിയങ്ങോട്ടുള്ളതെല്ലാം സ്വാമിക്ക് തൃപ്തിയാവാന്‍ പോകുന്നില്ലെന്നറിയാവുന്ന മലകയറ്റക്കാര്‍ ആ തൃപ്തിയില്ലായ്മയെ ഒരു കുറവായി കണ്ടില്ല.
‘‘ആ റിക്കാഡൊന്ന് ഒച്ചത്തില്‍ വെക്ക്.’’
ശരണം വിളിക്കാതെ സ്വാമിമാരും മാളികപ്പുറങ്ങളും വര്‍ത്തമാനം പറയുന്നത് കണ്ട് കോപം മുട്ടിയ ഗുരുസ്വാമി സഹായിയോട് കല്‍പിച്ചു. റിക്കാഡ് ഉറക്കെ പാടാന്‍ തുടങ്ങി. ഗുരുസ്വാമി റിക്കാഡിനൊപ്പം പാടിക്കൊണ്ട് ഇരുമുടിക്കെട്ട് തന്നാലാവും വിധം മുറുക്കിക്കൊണ്ട് ഓരോരുത്തരുടെ തലയിലേക്ക് വെച്ചുകൊടുത്തു. ഇക്കുറി നാല്‍പത്തിയൊന്നുപേരെ മല കയറ്റാനുണ്ട്. നാലുപേര്‍ കന്നിസ്വാമികളാണ് പന്ത്രണ്ട് മാളികപ്പുറങ്ങള്‍, നാലഞ്ച് ഉണ്ണിസ്വാമിമാര്‍. റിക്കാഡിലെ പാട്ടിനുമുന്നേ വരികള്‍ പാടുന്ന ഗുരുസ്വാമിയെ നോക്കിനില്‍ക്കുകയാണ് ഉണ്ണി സ്വാമിമാര്‍.
ഗുരുസ്വാമി എത്രകാലമായി പാടുന്നു! റിക്കാഡൊക്കെ വരുന്നേന് മുമ്പേ. ഗുരുസ്വാമിയെ ഏറ്റുപാടുന്ന റിക്കാഡിനെ നോക്കി ഉണ്ണി സ്വാമിമാര്‍. പെട്ടെന്നാണ് ഗുരുസ്വാമി പാട്ടുനിര്‍ത്തിയത്. റിക്കാഡില്‍ ഒരു കരകരപ്പ്. അണപ്പലകയില്‍ വാക്കത്തിയുരക്കുന്നപോലെ പല്ലുപുളിച്ചുപോകുന്ന കരകരപ്പ്! പിന്നെ റിക്കാഡ് ഒന്നുമറിയാത്തപോലെ പാടുന്നു.
ആരെക്കാണാന്‍...
സ്വാമിയെക്കാണാന്‍...
സ്വാമിയെക്കണ്ടാല്‍...
മോക്ഷം കിട്ടും...
സ്വാമിയേ...
ഗുരുസ്വാമിയുടെ ശങ്കയെ നിസ്സാരമാക്കാനായി ചുറ്റും കൂടിയവരെല്ലാം ഉറക്കെ പാടി.
ഇരുമുടിക്കെട്ടുകള്‍ തലയില്‍ വെച്ചുകൊടുത്തു.
തേങ്ങയുടച്ചു. ആരുടെയും ഉടയാതെ പോയില്ല. എല്ലാവര്‍ക്കും ആശ്വാസമായി.
‘‘കാടാമ്പുഴയോ ഗുരുവായൂരോ എത്തുമ്പോള്‍ ചോറ് നോക്കാം. അതുവരെ പഴമോ പയറോ എന്തെങ്കിലുമായിട്ട് ഒപ്പിക്കണം.’’ ഗുരുസ്വാമി ബസില്‍ കയറിയപ്പോള്‍ എല്ലാവരോടുമായി പറഞ്ഞു.
‘‘രണ്ട് കിലോമീറ്റര്‍ എത്തിയാല്‍ നമ്മളെ ആള്‍ക്കാര് ചായ റെഡിയാക്കിയിട്ടുണ്ട്.’’ കെട്ടുനിറക്കാത്ത നാലുപേരെ അപ്പോഴാണ് ഗുരുസ്വാമി ശ്രദ്ധിച്ചത്. ബസിന്റെ ആളുകളായിരിക്കും. മാറിമാറി ഓടിക്കണ്ടേ. എവിടെയെത്തേണ്ടതാണ്.
ബസുകാരുടെ പാക്കേജില്‍ ഭക്ഷണമുള്ളത് നന്നായി. ഗുരുസ്വാമി പ്രഷറിന്റെ ഗുളികയെടുത്ത് വായിലിട്ടു.
ഗുരുസ്വാമി ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിലേക്ക് ബാഗ് വെച്ചു. നിര്‍ത്തേണ്ട സ്ഥലങ്ങളൊക്കെ പറഞ്ഞുകൊടുക്കണം. ചെയ്യേണ്ട ആചാരമര്യാദകളൊക്കെയുണ്ട്.
‘‘സ്വാമി അവിടേക്ക് ഇരുന്നോ. ഇവിടെ ഞങ്ങളാണ്.’’ കെട്ടുനിറക്കാത്ത നാലുപേര് മുന്നോട്ട് കയറിയിരുന്നു. അവരിലൊരുത്തന്‍ ഗുരുസ്വാമിയുടെ ബാഗെടുത്ത് പിറകില്‍ ഒരു സീറ്റിന്റെ മൂലയിലേക്കിട്ടു. ഗുരുസ്വാമി അവനെത്തന്നെ നോക്കി. ഒരു ചീള് ചെക്കന്‍. ചെങ്കല്ല് ചെത്തി മിനുക്കിത്തഴമ്പിച്ച ഗുരുസ്വാമിയുടെ ഒരു കൈവിരലിന്റെ വലുപ്പമില്ല.
ലക്ഷണക്കേട്. ഗുരുസ്വാമി പറയാന്‍ നോക്കി. മിണ്ടിയില്ല. ബാഗിനടുത്ത് പോയി പതുക്കേ ഇരുന്നു.
ഇനി ആരു വിളിച്ചാലും പോകുന്നില്ല. ഇക്കൊല്ലംകൂടി. ഇങ്ങനെ ഓരോ കൊല്ലവും ചിന്തിക്കുന്നതാണ്. വൃശ്ചികം പിറന്നാല്‍ പിന്നെ അതൊക്കെയങ്ങ് മറക്കും.
ഗുരുസ്വാമി പുറത്തേക്ക് നോക്കിക്കൊണ്ട് ബസിലെ റിക്കാഡിനൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ചു. കെട്ടുനിറക്കുമ്പോള്‍ പാട്ടിനുണ്ടായ അതേ കരകരപ്പ് ഇപ്പോഴും. കുഴപ്പം റിക്കാഡിനല്ല, പാട്ടിനകത്താണ്. നന്നായി ശരണം വിളിച്ചുകൊണ്ടിരിക്കുന്ന ഭക്തനെ കാട്ടുപന്നി കുത്തിയപോലൊരു പെരങ്ങല്‍. മണ്ണില്‍ ഇറച്ചി പുരണ്ട ഒരു ശബ്ദം. ആ പെരങ്ങിപ്പോയ വരികള്‍ നാക്കിന്‍ തുമ്പില്‍ വന്നുനില്‍ക്കുന്നുണ്ട്, പുറത്തേക്ക് വരാന്‍ ഓര്‍മ സമ്മതിക്കുന്നില്ല. നാല്‍പ്പത്തിയൊന്നു കൊല്ലം മല താണ്ടിയ ഗുരുസ്വാമി അത് മറന്നുപോയെന്ന്!
ഈ വൃശ്ചികം പിറന്നപ്പോള്‍ ഇതുവരെ മുപ്പത്തിരണ്ട് ഭജനക്ക് പോയിട്ടുണ്ട് ഗുരുസ്വാമി. അപ്പോളൊന്നും ഇതുപോലെ വരികള്‍ വിട്ടുപോയത് ഓര്‍മയില്ല. അയ്യപ്പന്‍വിളക്ക് അഞ്ചെണ്ണം കഴിഞ്ഞു. അന്നൊന്നും റിക്കാഡ് ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ലായിരുന്നു. തിരക്കോട് തിരക്കായിപ്പോയി.
സ്വാമിയേ ശരണമയ്യപ്പാ... ഗുരുസ്വാമി കഴുത്തിലെ മാലയിലെ അയ്യനെ കണ്ണില്‍ തൊട്ടുതൊഴുതു.
പുറപ്പെടുന്നതിനു മുമ്പേ ബസിന്റെ ഇടത്തും വലത്തും ആ നാലുപേര്‍ തീമഞ്ഞക്കൊടി നാട്ടിയമര്‍ത്തുന്നത് ഗുരുസ്വാമി നോക്കി. കറുപ്പല്ലാതെ വേറൊന്നും പാടില്ല എന്നു പറയാനോങ്ങി ഗുരുസ്വാമി. ബസിനകത്തെ ചെറുപ്പക്കാരായ സ്വാമിമാരില്‍ ചിലര്‍ സംസ്‌കൃതമെഴുതിയ കാവിഷാളാണ് ചുറ്റിയിരിക്കുന്നത്. ഷാളിലെ ചിത്രപ്പണികളില്‍ നിറഞ്ഞുനിന്ന ത്രിശൂലവും കുന്തവും സംഹാരരുദ്രയുമെല്ലാം അവരുടെ കഴുത്തില്‍ ചുറ്റിവളഞ്ഞുകിടക്കുന്നതും നോക്കി ഗുരുസ്വാമി പതുക്കെ ചന്തിയമര്‍ത്തി ഇരുന്നു.
ആരെക്കാണാന്‍...
ഗുരുസ്വാമി പതുക്കെ മൂളി.
സ്വാമിയെക്കാണാന്‍...
ഗുരുസ്വാമി തന്നെ ഉത്തരവും പറഞ്ഞു.
ബസ് മുന്നോട്ടെടുത്തതും റിക്കാഡില്‍നിന്നും വലിയ ശരണം വിളി ഉയര്‍ന്നു. മാളികപ്പുറങ്ങളും കന്നിസ്വാമിമാരും ഉറക്കെ ശരണം വിളിച്ചു. കുറച്ചങ്ങ് പോയതും രണ്ടുപേര്‍ ബസിനുനേരെ കൊടി ഉയര്‍ത്തിക്കാണിക്കുന്നത് ഗുരുസ്വാമി കണ്ടു. ബസ് പതുക്കെ നിര്‍ത്തി.
‘‘നമ്മളുടെ പോയിന്റാണ് എല്ലാവരും ചായ കുടിച്ചോ. ബാത്‌റൂമില്‍ പോകണേല്‍ പോയ്‌ക്കോ. വ്രതമെടുത്തവരുണ്ടാക്കുന്ന ഭക്ഷണമാണ്. നമ്മളാക്കൂട്ടരെയല്ലാതെ ആരേം കയറ്റൂല. ധൈര്യമായിട്ട് കഴിച്ചോ.’’ നാലുപേരില്‍ ഒരുത്തന്‍ എല്ലാവരോടുമായി പറഞ്ഞു.
പൊറോട്ടയും സോയാബീന്‍ ഫ്രൈയും കഴിച്ച് ഉണ്ണിസ്വാമിമാര്‍ സന്തോഷത്തോടെ തിരികെ കയറി. മൂത്രമൊഴിച്ച ആശ്വാസത്തില്‍ മാളികപ്പുറങ്ങളും. ഗുരുസ്വാമിക്ക് ഒരു കാലിച്ചായ കുടിക്കണമെന്നുണ്ടായിരുന്നു. ആരും ഒന്നുകൂടി വിളിക്കാത്തതുകൊണ്ട് അവിടെത്തന്നെയങ്ങ് ഇരുന്നു.
കെട്ടുംകെട്ടി...
ആരെക്കാണാന്‍...
പിന്‍കെട്ടില്‍നിന്നും അരിയും ഉപ്പും മഞ്ഞളും മുളകും എല്ലാം കൂടി ഒരു വട്ടപ്പാത്രത്തിലേക്ക് ചൊരിഞ്ഞ കാലം. കണ്ണില്‍കണ്ട ചപ്പും ചുള്ളീം കൂട്ടി വഴിയോരത്തെ കല്ലുകള്‍ അടുക്കിവെച്ച് തീകത്തിച്ച് വഴിയറിയാ, പേരറിയാ സ്വാമിമാരെല്ലാം കൂടി അരി വേവും വരെ തീകാഞ്ഞ കാലം. എരുമേലിയെത്തുമ്പോഴേക്കും പിന്‍കെട്ടിന്റെ കനം ഇല്ലാതായിട്ടുണ്ടാവും. അവിടന്നങ്ങോട്ട് പേട്ടതുള്ളി പമ്പകടന്ന് പതിനെട്ടാം പടിയിലേക്ക്...
ഇന്നൊക്കെ ഇരുമുടിക്കെട്ടിന് ഒരു കഷ്ണം കല്ലിന്റെ കനമില്ല.
സ്വാമിയേ... ശരണമെന്റയ്യപ്പ.
‘‘സ്വാമീ, പോകുന്ന പോക്കില്‍ നമ്മളെങ്ങെനാ?’’
ബസ് മുന്നോട്ടെടുത്തതും മുതിര്‍ന്ന സ്വാമിമാര്‍ രണ്ടുപേര്‍ വന്നുചോദിച്ചു.
‘‘കാടാമ്പുഴയും ഗുരുവായൂരും ചോറ്റാനിക്കരയും തൊഴുത്...അതിപ്പോ എന്ത് ചോദിക്കാനാണ്?’’
‘‘സ്വാമീ വേറെ എവിടേം പോകരുതെന്ന് ഒരു വര്‍ത്തമാനം വരുന്നുണ്ട്.’’
‘‘ആരുടെ വര്‍ത്തമാനം?’’
ഗുരുസ്വാമി എഴുന്നേല്‍ക്കാനാഞ്ഞതും ആ നാലുപേര്‍ മുന്നിലേക്ക് വന്നു.
‘‘നേരെ പമ്പയ്ക്ക്. തിരിച്ചുവരുമ്പോള്‍ മാലയൂരി ഭക്ഷണോം കഴിച്ച് വീട്ടിലേക്ക്. എല്ലാടത്തും വെറുതേ ഭണ്ഡാരത്തിലിട്ട് ആര്‍ക്കുണ്ടാക്കാനാണ്? ഇപ്പറഞ്ഞ അമ്പലമൊന്നും നമ്മളേലല്ലല്ലോ.’’ നാലിലൊരുത്തന്‍ പറഞ്ഞു.
എന്നാല്‍, ഞാനിവിടെ ഇറങ്ങുന്നു എന്നു പറയാന്‍ ഗുരുസ്വാമി നാക്ക് വളച്ചെങ്കിലും നെഞ്ചിലെ മാലയില്‍നിന്നും ഒരു പിടച്ചില്‍ തോന്നിപ്പോയതുകൊണ്ട് കൈവിരലുകള്‍ വെറുതേ വളച്ചു.
തര്‍ക്കത്തിനു നില്‍ക്കരുത്. ഗുരുസ്വാമിയോട് ഉള്ളില്‍നിന്നൊരു ഗുരു പറഞ്ഞുകൊടുത്തു.
ആ നാലുപേര് പറഞ്ഞ ‘നമ്മളാള്‍ക്കാരുടെ’യടുക്കലെല്ലാം ബസ് നിന്നു. ചായ കുടിച്ചു. വെള്ളം കുടിച്ചു, ചോറ് തിന്നു, മൂത്രമൊഴിച്ചു, നടുനിവര്‍ത്തി. ബസ് നിര്‍ത്തിയ എല്ലായിടത്തും എല്ലാവരെക്കൊണ്ടും കൗണ്ടറിലെ നോട്ട് ബുക്കില്‍ പേരും ഫോണ്‍നമ്പറും എഴുതിക്കാന്‍ നാലുപേരും നാലുപാടേ ശ്രദ്ധിച്ചു.
‘‘ഇവിടൊക്കെ പണം കൊടുക്കണ്ടേ, അതല്ലേ അമ്പലത്തിലെ അന്നദാനം മതിയെന്ന് ഞാന്‍ പറഞ്ഞത്?’’ ഗുരുസ്വാമി ബെല്‍റ്റിലെ അഞ്ഞൂറ് രൂപ വിരല്‍കൊണ്ട് തൊട്ടുനോക്കി ഉറപ്പുവരുത്തിയ ശേഷം പിറുപിറുത്തു.
‘‘പൈസ വേണ്ടപോലും! എല്ലാം ഫ്രീയാണ്. പേരും നമ്പറും കൊടുത്താല്‍ മതി. എത്രാള്‍ക്കാരാന്ന് ഒരു ദിവസം തിന്നുപോകുന്നത്! ആയിരത്തി മൂന്നാമത്തേതാണ് ബുക്കില്‍ എന്റെ പേര്.’’ സ്വാമിമാരിലൊരാള്‍ ഗുരുസ്വാമിയെ അതിശയത്തില്‍ നോക്കി.
‘‘എല്ലാരും കൊടുത്തോ പേരും നമ്പറും?’’
നാലാമത് നിര്‍ത്തിയിടത്തുനിന്നും കുടിച്ച കാലിച്ചായക്ക് പേരെഴുതിയില്ലെങ്കില്‍ അതൊരു ചേപ്രയാവുമോ എന്നു കരുതി ഗുരുസ്വാമി പതുക്കെ ബസില്‍നിന്നിറങ്ങി പേരെഴുതാന്‍ പോയി.
‘‘കുട്ട്യോള് കഞ്ഞീം പപ്പടോം കണ്ട് മൊഖം തിരിക്കണ്ടല്ലോ, ബീഫിനെ വെല്ലുന്ന സോയാബീന്‍ ഫ്രൈയാന്ന്.’’ ഗുരുസ്വാമിയേക്കാള്‍ മൂപ്പുകുറഞ്ഞ സ്വാമി പൊട്ടിച്ചിരിച്ചു.
എരുമേലിയെത്തുമ്പോള്‍ ഗുരുസ്വാമിയൊഴികെ മറ്റെല്ലാവരും ഉറക്കപ്പാതിരയിലായിരുന്നു. നാലുപേര്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഗുരുസ്വാമി എഴുന്നേല്‍ക്കാന്‍ നോക്കി. വണ്ടി നിര്‍ത്തുന്ന മട്ടില്ലെന്ന് കണ്ട് മിണ്ടാതെയിരുന്നു. എരുമേലി കഴിഞ്ഞാലും പമ്പയെത്തുമല്ലോ.
പമ്പയെത്തി. കയറ്റം തുടങ്ങി.

കുട്ടികളൊന്നും കല്ലുംമുള്ളുമറിഞ്ഞില്ല. ഗുരുസ്വാമി തീക്കല്ലില്‍ ചവുട്ടി. നാലുപേര്‍ നാല്പതായി, നൂറ്റിനാല്‍പതായി തലങ്ങും വിലങ്ങും വട്ടമിടുന്നതുപോലെ തോന്നി.
പ്രഷര്‍കൂടി കണ്ണുകുഴഞ്ഞതാവുമെന്ന് സമാധാനിച്ച് തൊണ്ടപൊട്ടി ശരണം വിളിച്ചു.
കണ്ണില്‍ തത്ത്വമസി തെളിഞ്ഞപ്പോഴാണ് മുകളിലെത്തിയതറിഞ്ഞത്. തിരിഞ്ഞുനോക്കിയാല്‍ ആള്‍പ്പുഴ ഒഴുകുകയാണെന്നേ തോന്നൂ.
അയ്യനെ കണ്ടു. മാളികപ്പുറത്ത് പട്ടും മഞ്ഞളും കൂമ്പാരം കിടന്നു. വലിയ കടുത്തയും കൊച്ചു കടുത്തയും മഞ്ഞളില്‍ കഴുത്തറ്റം മുങ്ങി മിണ്ടാതെ ഇരിക്കുന്ന പോലെ തോന്നി ഗുരുസ്വാമിക്ക്.
ഇനി പടിഞ്ഞാട്ടൊരു ദര്‍ശനം.
ഗുരുസ്വാമി പതുക്കേ വിളിച്ചു: ‘‘കൂട്ടരേ, ഇങ്ങോട്ട്...’’
ആരും കേട്ടില്ല.
‘‘ഇങ്ങോട്ടെന്ന്.’’ ഗുരുസ്വാമി അലറി.
ഉണ്ണിസ്വാമിമാര്‍ വിളികേട്ടു. മാളികപ്പുറത്തമ്മമാര്‍ കൂടെയുള്ള സ്വാമിമാരെ നോക്കി. സ്വാമിമാര്‍ നാലുപേരെ നോക്കി. നാലുപേരും ഗുരുസ്വാമിയെത്തന്നെ നോക്കി.
ഗുരുസ്വാമി പതുക്കെ മുന്നില്‍ നടക്കാന്‍ തുടങ്ങിയിരുന്നു. പടികള്‍ ഇറങ്ങുമ്പോള്‍ കാലിന് വലിച്ചില്‍.
‘‘കുരുമുളകില്ലല്ലോ...’’
മാളികപ്പുറങ്ങളിലൊന്ന് ഗുരുസ്വാമി കേള്‍ക്കാനും കേള്‍ക്കാതിരിക്കാനുമായി പറഞ്ഞു.
ഗുരുസ്വാമി തിരിഞ്ഞുനിന്ന് തുറിച്ചുനോക്കി. പിന്നാലെ നടക്കാന്‍ ആംഗ്യം കാണിച്ച് മുന്നേ നടന്നു.
ഒരടി നടന്നേയുള്ളൂ. ഗുരുസ്വാമിയുടെ നടുവിനൊരു പിടിത്തം വീണു. ഒന്നല്ല, നാലുജോടി പിടിത്തം. മുന്നോട്ടുവെച്ച അടിയത്രയും നിലം തൊടാതെ ഗുരുസ്വാമി പിന്നാക്കം പോയി.
‘‘കുരുമുളകിന്* വന്നോര് ഇവിടെയങ്ങ് പടിഞ്ഞാട്ടും നോക്കി ഇരുന്നുകളഞ്ഞതിന് പിന്നേം പിന്നേം നമ്മള് കുറീംതൊട്ട് മാലേമിട്ട് ഒരുമ്പെടുന്നതെന്തിനാ സ്വാമീ..?’’ ഗുരുസ്വാമിയുടെ ചെവിയിലൊരുത്തന്‍ പല്ല് അമക്കി.
വെറുതെയെങ്കിലും സ്വാമി കുതറാന്‍ നോക്കി. നാലുജോടി കൈപ്പൂട്ടില്‍നിന്നും അനങ്ങാനായില്ല.
പൂട്ടിക്കെട്ടിയ നില്‍പില്‍ നാല്‍പത്തിയൊന്നു കൊല്ലം കല്ലുംമുള്ളും തന്ന തഴമ്പില്‍ ഗുരുസ്വാമി ഉറക്കെ പാടി. റിക്കാഡില്‍ പെരങ്ങിപ്പോയ ഭാഗം കുട്ടികള്‍ വ്യക്തമായി കേട്ടു.
കെട്ടും കെട്ടി ആരെക്കാണാന്‍
കെട്ടും കെട്ടി സ്വാമിയെക്കാണാന്‍
സ്വാമിക്കൊപ്പം ആരെക്കാണാന്‍
സ്വാമിക്കൊപ്പം വാവരെക്കാണാന്‍
വാവരെക്കണ്ടാല്‍
സ്വാമിയെക്കണ്ടു...
സ്വാമിയെക്കണ്ടാല്‍
വാവരെക്കണ്ടു
സ്വാമിയേ...
വാവരു സ്വാമിയേ...
ശരണമയ്യപ്പ...
സ്വാമിയേ...
തിരിച്ചിറങ്ങുമ്പോള്‍ ഗുരുസ്വാമിക്ക് ഇരുമുടിക്കെട്ടിന്റെ കനമേ ആ നാലുപേര്‍ക്കും തോന്നിയുള്ളൂ.
==========
*കുരുമുളക് തേടിയാണ് കേരളത്തിലേക്ക് വാവര്‍ സാഹസികയാത്ര നടത്തിയതെന്ന ഒരു ഐതിഹ്യം അടിസ്ഥാനം.