കാണിമൂങ്ങ


കുരുടിമൂങ്ങ ഞാൻ വായിച്ചത് പതിെനാന്നാം വയസ്സിൽ ആയിരുന്നിരിക്കാം. സാദിഖ് ഹിദായത് എന്ന പേർ ഓർക്കുന്നു. ആ പരിഭാഷയുടെ ആദ്യത്തെ ഏതാനും വാക്യങ്ങൾ എന്തുകൊണ്ടോ അന്ന് എനിക്ക് ഹൃദിസ്ഥമായിരുന്നു. ഏകാന്തതയെപ്പറ്റിയല്ലേ, അതെ, അത് നമ്മെ കരണ്ടുതിന്നുന്ന ഒരു വ്രണംപോലെയാണ് എന്നോ മറ്റോ ഒരു കൽപനയോടെയാണ് തുടങ്ങുന്നത് ആഖ്യാനം. ബോധധാരാലേഖനം എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ അന്ന് എന്നതുകൊണ്ടായിരിക്കാം. എന്തായാലും അതിനോട് എനിക്ക് ഇഷ്ടം തോന്നി. കുരുടി തെന്നയായിരുന്നോ അത് എന്ന് സംശയമുണ്ട് ഇപ്പോൾ. കാരണം െബ്ലെൻഡ് ഔൾ എന്നല്ലേ; അതിൽ മൂങ്ങ ആണാണോ പെണ്ണാണോ എന്ന് വ്യക്തമല്ലല്ലോ. വിവർത്തകൻ മനഃപൂർവം അതിനെ...
Your Subscription Supports Independent Journalism
View Plansകുരുടിമൂങ്ങ ഞാൻ വായിച്ചത് പതിെനാന്നാം വയസ്സിൽ ആയിരുന്നിരിക്കാം. സാദിഖ് ഹിദായത് എന്ന പേർ ഓർക്കുന്നു. ആ പരിഭാഷയുടെ ആദ്യത്തെ ഏതാനും വാക്യങ്ങൾ എന്തുകൊണ്ടോ അന്ന് എനിക്ക് ഹൃദിസ്ഥമായിരുന്നു.
ഏകാന്തതയെപ്പറ്റിയല്ലേ, അതെ, അത് നമ്മെ കരണ്ടുതിന്നുന്ന ഒരു വ്രണംപോലെയാണ് എന്നോ മറ്റോ ഒരു കൽപനയോടെയാണ് തുടങ്ങുന്നത് ആഖ്യാനം. ബോധധാരാലേഖനം എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ അന്ന് എന്നതുകൊണ്ടായിരിക്കാം. എന്തായാലും അതിനോട് എനിക്ക് ഇഷ്ടം തോന്നി.
കുരുടി തെന്നയായിരുന്നോ അത് എന്ന് സംശയമുണ്ട് ഇപ്പോൾ. കാരണം െബ്ലെൻഡ് ഔൾ എന്നല്ലേ; അതിൽ മൂങ്ങ ആണാണോ പെണ്ണാണോ എന്ന് വ്യക്തമല്ലല്ലോ. വിവർത്തകൻ മനഃപൂർവം അതിനെ കുരുടൻ ആക്കിയതാവാം എന്ന് ഞാൻ ശങ്കിച്ചു.
...എന്തിന്, കൂമൻ ഒരു പെണ്ണായിക്കൂടേ. എന്നാൽ, എന്താണ് തരക്കേട്.
ഹ ഹ ഹ, എന്നോടല്ലല്ലോ അത് ആരായേണ്ടത്.
എന്തായാലും ആ ആഖ്യായിക അനുഭൂതിദായകമായിരുന്നു. പിന്നെയും പിന്നെയും വായിക്കാൻ തോന്നിപ്പിച്ചിട്ടുമുണ്ട് അത്. ഒരുപക്ഷേ, അത്തരം ക്രീഡ പരിചയപ്പെട്ടു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ അപ്പോൾ എന്നതുകൊണ്ടുമാവാം. അന്നത്തെ ആ വായനക്കാരനെ ഇവിടെനിന്നുകൊണ്ട് വിലയിരുത്തുക അസാധ്യം.
ഏയ്, സഹശയനം ആകർഷിച്ചതൊന്നുമില്ല എന്നെ അത്രക്കൊന്നും. തരിശുതാഴ്വാരം പിന്നീട് മറ്റുള്ളവർക്ക് ആഘോഷിക്കാനായി വിട്ടുകൊടുക്കാം എന്ന് വെച്ചതുമാണല്ലോ ഞാൻ. ഈ മൂങ്ങ ഉണ്ടല്ലോ, അതിന് സ്വതവേ ഒരു ഗൗരവം ഉള്ളതുതന്നെയാണ്...
ആ കാലത്തുതന്നെയായിരുന്നിരിക്കാം, ‘ഉപ്പുമാവ്’ എന്ന ഒരു ചെറിയ കഥ എഴുതിയിരുന്നു ഞാൻ. ഉച്ചക്ക് ദാനം കിട്ടുന്ന പലഹാരത്തിനായി ആർത്തിയോടെ കാത്തിരിക്കുന്ന ഒരു കുട്ടിയെയാണ് അതിൽ ചിത്രീകരിച്ചിരുന്നത്. കണ്ണിൽ കണ്ടതെല്ലാം, വിശേഷിച്ച് സാമാന്യം ദുർഗ്രഹമായ ലിഖിതങ്ങളെല്ലാം ഉത്സാഹത്തോടെ വായിച്ചുതീർക്കുമായിരുന്നു എങ്കിലും സ്വയം ഒരു എഴുത്തുകാരൻ ആയിത്തീരുമെന്ന് കരുതിയിരുന്നില്ല അപ്പോൾ ഞാൻ എന്നാണ് ധാരണ.
അതോ ഒരു മോഹം ഉണ്ടായിരുന്നു അങ്ങനെ എന്നുണ്ടോ.
ത്വരയോ പൂതിയോ വാഞ്ഛയോ.
പൂതി എന്ന് ഒരു കവിത എഴുതിയിട്ടുണ്ട് പിൽക്കാലത്ത്. സിംഹത്തിന്റെ മുന്നിൽ ചെന്നുപെട്ടപ്പോൾ ‘‘എന്നെ കൊന്നുതിന്നെടാ കഴുവേറി’’ എന്ന് ആക്രോശിക്കുന്ന ഒരു കഴുതയെപ്പറ്റി. സീബ്രാ ആയിരുന്നു ആദ്യം എങ്കിലും പിന്നീട് അതിനെ കഴുത ആക്കിമാറ്റി.
എന്തായാലും വലിയ ഔത്സുക്യം കാണിച്ചിരുന്നില്ല എഴുത്തിൽ ആദ്യം എന്ന് തീർച്ച. കുറേ വായിച്ചിട്ടാവാം അത് എന്ന തോന്നൽ കൊണ്ടാവാം മിക്കവാറും. സംഗതി എത്രത്തോളം എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കിവെക്കുന്നതല്ലേ ഭേദം. പിന്നെ അവയെ അതിശയിക്കുക എളുപ്പം.
അപ്രകാരം അന്ന് വായിച്ചതിനൊന്നും കണക്കും കൈയുമില്ല. ഏകദേശം ആ പുഴുവിനെപ്പോലെ ആയിരുന്നു ഞാൻ. കളിചിരിയെല്ലാം ഒഴിവാക്കി എപ്പോഴും വായനതന്നെ. വഴിപാട് പോലെയും വിശപ്പില്ലാത്തപ്പോഴും കുറേ ഏറെ വായിച്ചു. ചുറ്റുപാടും ജീവിക്കാതെ എവിടെയെല്ലാമോ സഞ്ചരിച്ചു. അഥവാ വ്യാപരിച്ചു അഥവാ വിഹരിച്ചു. അന്നെല്ലാം അങ്ങനെയായിരുന്നല്ലോ പരിസരം. വീട്ടിൽ എമ്പാടും പുസ്തകങ്ങൾ ഉണ്ടായിരുന്നതും ഒരു പ്രശ്നംതന്നെ.
‘‘എെന്തല്ലാമാണ് അച്ഛൻ വായിച്ചിരുന്നത് -ഒാർമയുണ്ടോ?’’ പെട്ടെന്ന് എന്നെ തടഞ്ഞുനിർത്തി അവൾ ചോദിച്ചു.
‘‘തരക്കേടില്ലാത്ത ഒരു ശേഖരംതന്നെയായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്, പേൾ. അച്ഛൻ ധാരാളമായി പറഞ്ഞിരുന്നത് വൈൽഡ്, മോം, ടാഗോർ എന്നിവരെ ചുറ്റിപ്പറ്റിയാണ്. പിന്നെ അച്ഛൻ ക്രൈം, വെസ്റ്റേൺ, മിസ്റ്ററി, ഹ്യൂമർ ഒക്കെ വായിക്കുമായിരുന്നു. വോഡ്ഹൗസ് ഇല്ലേ –അതൊക്കെ അച്ഛന്റെ ഒപ്പം താമസിക്കുമ്പോഴാണ് ഞാൻ അധികം വായിച്ചത്.’’
‘‘ഓഹ്, സായാഹ്ന സവാരിക്കാരൻ അച്ഛാ!’’
‘‘ഹ്ം, കളിയാക്കുന്നോ നീ പേൾ. ആ അച്ഛനെ ഞാൻ സഹിച്ചത് ഇതുകൊണ്ട് മാത്രമാണ് –അറിയാമോ. അത്രയും പുസ്തകം കിട്ടിയല്ലോ എനിക്ക്. അതല്ലെങ്കിൽ ആ കേശവപ്പിള്ളയെപ്പോലെ ജനയിതാവ് എന്നോ മറ്റോ വിളിക്കുമായിരുന്നോ ആവോ ഞാൻ അയാളെ –ജനിപ്പിച്ചവൻ എന്ന അർഥത്തിൽ...’’
‘‘പെരി മെയ്സൺകൂടി ഉണ്ടായിരുന്നോ?’’
‘‘ഓ യഥേഷ്ടം -പത്തുനാൽപതെണ്ണം. അത് ആകെ എൺപത്തിയൊന്നോ മറ്റോ ഉണ്ടെന്ന് കേട്ടിരുന്നു.’’
‘‘വീണ്ടും വീണ്ടും വായിച്ചിട്ടുണ്ടാവും അല്ലേ മെയ്സൺ?’’
‘‘നിനക്ക് എങ്ങനെ അറിയാം?’’ ഞാൻ ചിരിച്ചു.
‘‘ഊഹിച്ചതാണോ പേൾ –ഏങ്?’’
‘‘എന്തേ –അത്ര ദുരൂഹമാണോ ഒരാളുടെ ആലോചനശൈലി!’’
‘‘അല്ല –അല്ലല്ല- അല്ലേയല്ല... ഹ ഹ ഹാ. അത് സമ്മതിച്ചു ഞാൻ.’’
‘‘ഓഹോ. ഉവ്വോ. അത് നന്നായി...’’
അവൾക്കും ഈ ശീലം ഉള്ളതാണല്ലോ, കുരുടിമൂങ്ങയൊക്കെ അവളുടെ കൈയിൽകൂടിയും കടന്നുപോയിക്കാണും എന്ന് ഓർത്ത് ഞാൻ മനസ്സ് ചെപ്പിൽ ഇട്ടതേയുണ്ടായിരുന്നുള്ളൂ, അതാ വരുന്നു അപ്പോഴേക്കും.
‘‘ഞാൻ അയാളുടെ സ്വന്തം കൃതികളും വായിച്ചിട്ടുണ്ട്. ഏറ്റവും ബൃഹത്തായ ആ ഇതിഹാസംകൂടി.’’
‘‘അത് ക്ലേശകരമല്ലേ –ഞാൻ വേറെ ചിലതൊക്കെ നോക്കിയിട്ടുണ്ട്, വായിപ്പിച്ചില്ല പക്ഷേ എന്നെ.’’
‘‘അത് ശരിക്കും നോക്കാഞ്ഞിട്ടാണ്. രസികൻ രചനയാണ്. അങ്ങനെ ഒരു തൂലികാനാമം എടുത്തതാവാം അയാളെ ആരും ശ്രദ്ധിക്കാതെ വിട്ടതിന്റെ കാരണം.’’
‘‘എന്നുവെച്ചാൽ?’’
‘‘പൊട്ടാ -എന്നെക്കൊണ്ട് വെറുതേ വിശദീകരിപ്പിക്കണോ... ഒന്നാന്തരം എഴുത്തായിരുന്നു അയാളുടേത്. പക്ഷേ, വിലാസിനി എന്ന പേർ കണ്ടാൽതന്നെ ആളുകൾ പിന്മാറും. അത് എടുക്കുകയുമില്ല.’’
‘‘ഇങ്ങനെ ഒരു ന്യായം കേട്ടിട്ടില്ല ഞാൻ... ഇതുവരെ കേട്ടോ.’’
‘‘അതുകൊണ്ട് ഞാൻ വിലാസു എന്നേ പറയൂ. അതോടെ വലിയ വ്യത്യാസം വന്നില്ലേ –വിലാസു എന്നു വിളിച്ചപ്പോൾ.’’
‘‘ഊഞ്ഞാൽ, ചുണ്ടെലി, തുടക്കം എന്നൊക്കെ ചിലതാണ് ഞാൻ മറിച്ചുനോക്കിയത് എന്നാണ് ഓർമ.’’
‘‘അപ്പോൾ യാത്രാമുഖം കണ്ടിട്ടില്ല?’’
‘‘ഇല്ലില്ല, ഇണങ്ങാത്ത കണ്ണി എന്നോ മറ്റോ ഒന്നില്ലേ.’’
‘‘ഏയ്, വിലാസുവിന്റെ ഒന്നും നേരെ വായിക്കാത്തതുകൊണ്ടാണ് നിങ്ങൾ ഒക്കെ... ഒന്നും ഒട്ടും മോശമല്ല. അവകാശികൾ വളരെ പ്രാധാന്യം അർഹിക്കുന്നതുതന്നെയാണ്.’’
‘‘ആഹാ നിരൂപണംപോലെയാണല്ലോ നിന്റെ വർത്തമാനം, പേൾ... എന്തായാലും ഒന്ന് സമ്മതിച്ചു ഞാൻ. ഈ വിലാസുവിനെ ഇത്ര ബോധ്യമുള്ള മറ്റാരും ഉണ്ടാവില്ല കേട്ടോ.’’
‘‘സാപിയോ സെക്ഷ്വൽ എന്നൊരു പറച്ചിൽ ഇല്ലേ, അതേമാതിരി ഒരു ക്രഷ് ഉണ്ടായിരുന്നു എനിക്ക് അയാളോട് കുറച്ചുകാലം മുമ്പുവരെ.’’
‘‘എന്നിട്ടോ?’’
‘‘അഭയാർഥികളൊക്കെ ഞാൻ ഒറ്റയിരിപ്പിന് വായിച്ചിട്ടുണ്ട്.’’
‘‘അതുപക്ഷേ ആനന്ദിയുടേതല്ലേ.’’
‘‘അതാരാണ്, ആനന്ദി?’’
‘‘നീയല്ലേ പൊതുവേ പേരുകൾ മാറ്റാറ്.’’
‘‘ഹ്ം... അതുണ്ടല്ലോ, അയാളുടെ ഒരു വർണന എനിക്ക് മനഃപാഠമാണ് -കേൾക്കണോ?’’
‘‘ആവട്ടെ, നോക്കാം.’’
‘‘തർജമയാണേ. എന്നാലും നല്ല രസം.’’
‘‘ആങ് -ആഹ്റ്റൊങ്!’’
ഠഠഠ
കുറെനേരം അവർ അങ്ങനെ കടല കൊറിച്ചുകൊണ്ട് ആകാശം നോക്കി കിടന്നു. മലർന്ന് വെറും പുല്ലിൽ. പിന്നെ പെട്ടെന്ന് അവൾ അവന്റെ മുഖത്തേക്ക് കൈനീട്ടി. തന്റെ വിരലുകൾകൊണ്ട് അവന്റെ മൂക്ക് അവൾ തിരഞ്ഞെടുത്തു.
‘‘ചെറിയതാണ്, അല്ലേ...’’
‘‘ങ്ഹാ, കുറച്ച് -എന്തേ, കുഴപ്പമുണ്ടോ?’’
‘‘ഇതുകൊണ്ട് വല്ല ഗുണവും ഉണ്ടോ...’’
‘‘എന്നുവെച്ചാൽ?’’
‘‘അതായത്, ചെറിയത് ആയതിനാൽ.’’
‘‘ഘ്രാണശക്തി കൂടും എന്ന് കേട്ടിട്ടുണ്ട്.’’
‘‘ഓഹോ.’’ അവൾ ഒരു പ്രാവ് കുറുകുന്നതുപോലെ ചിരിച്ചു. ‘‘അമ്പടാ –അതുവ്വോ!’’
നോക്കുക, എത്ര പെട്ടെന്നായിരുന്നു, അവൻ അത്ഭുതപ്പെട്ടു. ചോദ്യമോ ഉത്തരമോ ഒന്നും ഉണ്ടായില്ല, കടന്ന് ഒറ്റ പിടിത്തം. എന്നിട്ട് അതിൽ മൃദുവായി ഞെരടിക്കൊണ്ടേയിരിക്കുന്നു... ആങ്ഹാ, ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അവനും കൈ നീട്ടി അവളുടെ നുണക്കുഴിയിൽ തൊട്ടു.
‘‘ഇതും ചെറിയത് ആണല്ലോ.’’
‘‘പക്ഷേ, നല്ലോളം കൊള്ളും.’’
‘‘ഓഹോ അങ്ങനെയോ!’’
‘‘യാ -എന്താ, സംശയമുണ്ടോ?’’
‘‘തഴുകിയും തലോടിയും ഇങ്ങനെ മാനം നോക്കി കിടക്കാം കുറച്ചുനേരം -നല്ല രസമുണ്ട് നിന്റെ മാർദവം.’’
‘‘നീ ത്രസിക്കുന്നത് അതിനേക്കാൾ വിജ്ഞാനപ്രദം... എന്റെ മോനേ!’’
ഠഠഠ
‘‘ഇത് മ്യുറാകമി പോലെയാണ് തോന്നിയത്.’’
‘‘ആണോ. എന്നാൽ ഒരുപക്ഷേ ആവും. അങ്ങനെ ഒരു ചുവ ഉണ്ട്, അല്ലേ. അല്ലെങ്കിൽപിന്നെ വല്ല -നിന്റേത് ആവാനും മതി.’’
‘‘നല്ല കഥ. അപ്പോൾ വിലാസുവിന്റേതാണെന്ന് പറഞ്ഞതോ നേരത്തേ. ആരുടേതെന്നറിയാതെയാണോ? ആ ഉരുക്കഴിച്ചതെല്ലാം.’’
‘‘ഏയ്, അയാൾ മലയാളത്തിലാക്കി മാറ്റിയതാണ് എന്നല്ലേ പറഞ്ഞത് ഞാൻ... ഇപ്പോൾ തോന്നുന്നു, ഹ ഹ, അതും ആവില്ല എന്ന്.’’
‘‘അതായത് അയാൾ ചെയ്തതാവില്ല എന്നോ.’’
‘‘കാരണം മ്യുറാകമി ഇല്ലല്ലോ അന്ന് –ഇടക്ക് പറഞ്ഞോട്ടെ, മ്യുറാകമി ചിലപ്പോൾ ഞെട്ടിക്കാറുണ്ടേ... അയാൾ ഉദ്ധരിക്കാറുള്ള നറ്റ്സുമേ സുഷെകി ഞാൻ പണ്ടേ വായിച്ചിരുന്നു... പിന്നെ, സംഗീതം വരുമല്ലോ അയാളുടെ കഥകളിൽ– അത് ഒരു കൗതുകമാണ്. പിന്നെ വേറെയും വിസ്മയങ്ങൾ.’’
‘‘സാലിഞ്ജർ ആണ് പ്രചോദനം അയാൾക്ക് പലപ്പോഴും എന്ന് തോന്നി എനിക്ക്. ഒരുപക്ഷേ ആൺകുട്ടികളെപ്പറ്റി -ബോയ് ലൈഫ്- കൂടുതൽ എഴുതുന്ന എല്ലാവർക്കും അയാൾ ഒരു മാതൃകപോലെയോ മറ്റോ.’’
‘‘വർത്തിച്ചിട്ടുണ്ടാവാം -ഹ ഹ ഹ, ഒരുപക്ഷേ ഈ ഒരാൾക്കും- കുട്ടിക്കാലത്തെങ്കിലും?’’
‘‘എന്തായാലും ഹിദായത്, റുൾഫോ, കവാബത്ത എന്നിവരെ പരിചയപ്പെടുത്തിയതാണ് മൂപ്പരുടെ പ്രസക്തമായ സംഭാവന എന്നാണ് പൊതുവെ.’’
‘‘വിലാസു എന്നുപറഞ്ഞ് നോക്കൂന്ന്.’’
‘‘ആങ്, വിലാസു... ഇഗ്വാസു എന്നാക്കേണ്ടല്ലോ. വേണോ പോൾ?’’
‘‘അത് വിട്, നീ കുറേ വീമ്പടിക്ക് –കേൾക്കട്ടെ.’’
‘‘എന്നെക്കൊണ്ട് നിന്നെ അലട്ടിപ്പിച്ചേ നീ അടങ്ങൂ.’’
‘‘കമ്യു, കാഫ്ക, കുന്ദേര, കവൽവീനോ –കാ കാ കാ. ഇവരോടൊക്കെയുള്ള നിന്റെ സമീപനം. ഏയ്, ഒന്നുകൂടി പറയാമോ അത്?’’
‘‘എന്താണ് പേൾ –കളിയാക്കാനാണോ നിനക്ക്...’’
‘‘അല്ലാന്നേ –ഒരു ലഹരിയുണ്ട് അത് കേൾക്കുമ്പോൾ.’’
‘‘ഛേ, ഞാൻ അത് സാധാരണയായി അങ്ങനെ പറഞ്ഞുപോവുന്നതല്ലേ പേൾ –ആവർത്തിക്കാൻ ആവശ്യപ്പെട്ടാൽ സങ്കോചമാവും.’’
‘‘ഒന്നു ശ്രമിക്കൂന്ന് -പറ പറ പറ.’’
‘‘എന്റെ എഴുത്തിനെപ്പറ്റി പറഞ്ഞതല്ലേ മുമ്പ് ഞാൻ അത്. ഒരു കാലത്ത് അടുപ്പം തോന്നിയ ചിലരെപ്പോലെയൊക്കെ എഴുതണം എന്നു കൊതിച്ചിരുന്നത്. ബഹുമാനം ഒന്നും ഇല്ലെങ്കിലും ചിലരോടൊക്കെ ഒരു മമതയോ മറ്റോ കാണിച്ചിരുന്നു. പിന്നെപ്പിന്നെ അവരുടെയെല്ലാം കൃതികളെയെല്ലാം അതിശയിക്കുംവിധം ഞാൻ –ഹ ഹ വളരുകയോ മറ്റോ ചെയ്തപ്പോൾ.’’
‘‘ഒക്കേറ്റിനും ഒപ്പം മറ്റോ ചേർക്കും, അല്ലേ.’’
‘‘എന്താണ്, നിന്റെ കുത്തുവാക്കോ മറ്റോ ആണോ ഇത്.’’
‘‘അല്ലെന്നേ –സത്യം– ഞാൻ ആസ്വദിക്കുന്നുണ്ട് ഇത്.’’
‘‘അത് വിടാം, എന്തിനാണ് എന്നെപ്പറ്റി ചർച്ച.’’
‘‘വേണമെങ്കിൽ ഒരു കാര്യം ചെയ്തോളൂ. അയാൾ എന്ന സർവനാമം ഉപയോഗിച്ചുനോക്കൂ. നല്ല അകൽച്ച കിട്ടും. അവനവനെ വിശകലനംചെയ്യാൻ ഏറ്റവും സൗകര്യമാവും.’’
‘‘ഞാൻ മാറ്റി അയാൾ ആക്കിയാലോ.’’
‘‘അയാളോ അവനോ ആയ്ക്കോട്ടെ –അദ്ദേഹം വേണ്ട എന്തായാലും.’’
‘‘ഞാൻ ആണിനെയും പെണ്ണിനെയും അയാൾ എന്നാണ് വർത്തമാനത്തിൽ -ശ്രദ്ധിച്ചിട്ടുണ്ടോ പേൾ അത്.’’
‘‘ഉവ്വുവ്വേ- അത് സമത്വം വരുത്താൻ വേണ്ടിയാണ് എന്ന് ഒരാൾ അവകാശപ്പെടാത്തിടത്തോളം -കൊള്ളാം.’’
‘‘ഫിക്ഷൻ അയാളെ എഴുതിപ്പിക്കുന്നതാണ് കഥാപാത്രങ്ങൾ എന്ന് പ്രസ്താവിച്ചേക്കും അയാൾ. എന്നിട്ട് അയാൾക്ക് അത്ഭുതമാവും മിക്കപ്പോഴും. മിക്കവരും ആവില്ല, എന്നാൽ ചിലരൊക്കെ അവർക്ക് തോന്നുന്നതുപോലെ അങ്ങോട്ടു പോവും –അയാളുടെ നിയന്ത്രണം ഇല്ലാതെ. അതുകൊണ്ടുകൂടിയാവാം അയാൾക്ക് സ്വതന്ത്രമായി നിന്ന് സംസാരിക്കാൻ പറ്റുന്നത്. ആത്മാവിഷ്‍കാരം ഒരു പഴഞ്ചൻ സങ്കൽപമല്ലേ. ഇവിടെ കഥാഗതി അയാളെ ഒഴുക്കിക്കൊണ്ടുപോവുന്നു.’’
‘‘പ്രറ്റഗോണിസ്റ്റ് എന്ന വസ്തുത ഇല്ല.’’
‘‘ഓ, അതൊക്കെ കാലഹരണപ്പെടേണ്ട ആശയമല്ലേ. തനിക്ക് പ്രസംഗിക്കാനുള്ളത് ലോകത്തെ അറിയിക്കാൻ ഒരു മാതിയൂ -സാത്ര് ഒക്കെ അല്ലേ മുഖ്യമായി അങ്ങനെ. ഇന്നിപ്പോൾ എല്ലാ പാത്രങ്ങളും തോന്നിയ മാതിരി -ഭാഷതന്നെ തോന്ന്യാസമാണ്.’’
‘‘ഉഷാറായല്ലേ പെട്ടെന്ന് -വീരവാദം!’’
‘‘എന്തേ, അരോചകം ആയിപ്പോയില്ലല്ലോ?’’
‘‘നീ കൂമനെപ്പറ്റി വിവരിക്കാനിരിക്കുന്നില്ലേ, അതേപോലെ എനിക്കുമുണ്ട് ഒരു വിഷയം. ഞാൻ കാലൻകോഴിയെ കണ്ടുപിടിച്ചു. ഈയിടെ വംശനാശം വന്നതാണ് എന്നല്ലേ ഊഹു ഹ ഹാ എന്ന് ഉറക്കെ കൂവുന്ന ആ പക്ഷിയെപ്പറ്റി കേട്ടിരുന്നത്. എന്നാലേയ് -എന്റെ വീടിനടുത്ത് എവിടെയോ താമസിക്കുന്നുണ്ട് ഒന്ന്. ഇന്നാളൊരൂസം ഞാൻ മട്ടുപ്പാവിൽ നിൽക്കുമ്പോൾ തൊട്ടടുത്തുനിന്ന് ഒറ്റ കൂവൽ. പിന്നെ അത് പറന്നകലുന്നതിന്റെ ചിറകടിയൊച്ചയാണ് കേട്ടത്... അതിന്റെ കൂവൽ അകലങ്ങളിൽനിന്ന് കേൾക്കുമ്പോഴാണ് കൂടുതൽ ഭീതിദം എന്നുണ്ടോ.’’
‘‘അതിനെ നീ കണ്ടുപിടിച്ചു എന്നൊക്കെ വിളിച്ചറിയിക്കുന്നതിനു മുമ്പ് ഒന്ന് സൂക്ഷിച്ചോളൂ പേൾ. എന്തായാലും പണ്ടത്തെ സൗഹാർദം ഒന്നും ഇല്ലല്ലോ ഇപ്പോൾ. കാലൻ എന്നത് ഹിന്ദുക്കൾ എന്ന കൂട്ടരുടെ ഒരു ദൈവമോ മറ്റോ അല്ലേ. അതിൽ ഇടപെടാൻ നിനക്കെന്തധികാരം എന്ന് അവർ മുഷിഞ്ഞാലോ... അതിന് വല്ല അപരനാമവും ഉണ്ടോ എന്ന് നോക്കൂ നീ.’’
‘‘ഓ ഉണ്ടല്ലോ, അതും കിട്ടി -കുറ്റിച്ചൂളൻ.’’
‘‘എന്നാൽ വൈകിക്കണ്ട പേൾ, അറിയിക്ക് വേണ്ടപ്പെട്ടവരെ. പാരിതോഷികമൊക്കെ കിട്ടും -സർക്കാരോ പുരാവൃത്തമോ ഒക്കെ ആദരിക്കും നിന്നെ.’’
‘‘ആങ്, ഒന്ന് വിട്ടു ഇടക്ക്- ഈ പുരസ്കാരം, സമ്മാനം, ഫലം ഒന്നും വാങ്ങാത്തതിന്റെ പിന്നിലെ ദുരുദ്ദേശ്യം എന്താ?’’
‘‘ഇച്ഛയില്ലേ ഇച്ഛയില്ലേ നിനക്ക് ഇച്ഛയില്ലേ -എന്നാണോ?’’
‘‘അല്ല, അവർക്ക് എന്ത് അർഹത എന്നെ അംഗീകരിക്കാൻ -എന്ന് വെല്ലുവിളിച്ചവർ വേറെ ഉണ്ട്. തരംതാണ ഒരു ധിക്കാരമായിട്ട് തോന്നിയില്ലേ നിന്നെ എന്നതുകൊണ്ട് ചോദിച്ചതാേട്ട്വാ...’’
‘‘ഏയ്, ആ പാത ഇത്തിരി മലീമസം അല്ലെങ്കിൽ -വഷൾ അല്ലേ പേൾ. ഓർത്താൽ ഈഷൽ തോന്നും. ഒരാൾക്ക് ഒരു ചെറിയ ബഹുമതി കിട്ടിയാൽ ലഹരിയായി. പിന്നെ ചില ആശാന്മാരെപ്പോലെ കെഞ്ചുകയാണ് എല്ലാവരും ചെയ്യുക -ആരോടെങ്കിലുമൊക്കെ... ഇനി ആ വീരശൃംഖലകൂടി ഒന്ന് തരാക്കിത്തരണേ എന്ന്.’’
‘‘അത് ശരിയാവും േട്ട്വാ -അതീതരേ...’’
വിരസമായ വിവരണം വിടാം. വീണ്ടും നമ്മുടെ മൂങ്ങയിലേക്ക് വരാം. കാണാക്കുയിൽ പോലെ തന്നെയാണ് കൂമനും എന്ന് ഞാൻ കുട്ടിക്കാലത്ത് കണ്ടുപിടിച്ചിട്ടുണ്ട്. ഒരിക്കൽ പകൽ അതിന്റെ മൂളൽ കേട്ടുകേട്ട് എത്ര തെരഞ്ഞുനടന്നിട്ടും എനിക്ക് അതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ.
ക്ഷമിക്കണം, ഞാൻ അല്ല, അയാൾ.
മോങ്ങാനിരിക്കുന്ന നായുടെ മേലാണ് തേങ്ങ വീഴുക. പ്രാസം കൂട്ടാൻ വേണ്ടി ആരും ഒരു മൂങ്ങനെ അവിടെ ബലിയാട് ആക്കില്ല. ഉവ്വോ? ഊം ഉൗം!
എന്തായാലും അതിനെ തുടർന്നാണ് അയാൾ അതിനെ കാണാക്കൂമൻ എന്ന് വിളിച്ചുതുടങ്ങിയത്. ഒരുപക്ഷേ അതിനെ അന്വേഷിച്ച് അലഞ്ഞ അയാളെ അത് നിരീക്ഷിച്ചിട്ടുണ്ടായിരുന്നിരിക്കാം. ഒരു നിശ്ചയവുമില്ലന്നുമിന്നും.

ആവോ എന്നൊരു വാക്ക് ഉണ്ടായിരുന്നില്ലേ.
കൂമൻ കഥാപാത്രമായ ചിരഞ്ജീവി എന്ന ഗദ്യപാഠത്തിലെ ഇരുൾ തന്റെ ചിന്താസരണിയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അയാൾ എന്നും ഭയന്നു. പോ ഇരുട്ടിൽ ഇരുന്ന് എഴുതിയ ആ കവിതയും. ഇരുളാ, എന്നെ നീ പോ എന്ന് ആട്ടിപ്പായിക്കാതെ.’’
‘‘കവി വന്നു നിരന്നതും തഥാ
ഭുവനം ഭാവനയാൽ കവിഞ്ഞതും...’’
തെറ്റായി ഉദ്ധരിക്കുന്നതിൽ വൃത്തികേട് കാണുന്നില്ല ഇപ്പോൾ ആരും. പ്രത്യേകമായി ഒരു ലക്ഷ്യം ഉണ്ടാവുമല്ലോ ആ പ്രവൃത്തിക്ക് പാരഡി എന്ന് പരിഹസിച്ചേക്കും ചിലപ്പോൾ എന്നേ ഉള്ളൂ. ഷാരഡീ.
സത്യാനന്തരം എന്ന നാമവിശേഷണം പക്ഷേ എന്തൊരു വിഡ്ഢിത്തമാണ്. ആ പദം നിർമിച്ചവർക്ക് രംഗബോധം കഷ്ടി. കൃത്യത കുറഞ്ഞ ഒരു പ്രയോഗം, തീരെ മോടിയും ഇല്ല.
പിന്നെ ഇൗയിടെ തുടങ്ങിയത് എന്ന മട്ടിൽ ആ ദശയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്തൊരു അബദ്ധമാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ യാഥാർഥ്യത്തെച്ചൊല്ലിയുള്ള ഈ ആശങ്ക. ആണോ ദൃക്സാക്ഷി മൂങ്ങേ.
ആകയാൽ ഒടുക്കം കേകയിൽ ഒരു ഈരടി ചമയ്ക്കാൻ അയാളെ അനുവദിച്ചുകൊൾക:
കൂമനെ കാണ്മാനില്ല ഇന്നലെ വൈകുവോളം
ആ മരക്കൊമ്പിൽ തന്നെ മൂങ്ങയായിരുന്നവൾ...