Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2016 8:31 PM IST Updated On
date_range 27 Nov 2016 8:31 PM ISTവഴിവിളക്കുകള്‍ കൂട്ടത്തോടെ മിഴിയടച്ചു; കരുനാഗപ്പള്ളിയില്‍ ജനം വലയുന്നു
text_fieldsbookmark_border
കരുനാഗപ്പള്ളി: നഗരത്തിലെ വഴിവിളക്കുകളില്‍ പ്രകാശിക്കുന്നവ നാമമാത്രം. ഇതുമൂലം ഇരുളടഞ്ഞ നഗരവഴികളില്‍ തപ്പിത്തടയേണ്ട ഗതികേടിലാണ് നാട്ടുകാര്‍. നഗരത്തിലെ 35 ഡിവിഷനുകളിലായി അയ്യായിരത്തില്‍പരം വഴിവിളക്കുകളുണ്ട്. ഒരു ഡിവിഷനില്‍ ശരാശരി നൂറ്റമ്പതില്‍പരം വഴിവിളക്കുകള്‍ എന്നതാണ് കണക്ക്. ഇവയില്‍ ഭൂരിഭാഗവും മിഴിയടഞ്ഞിട്ട് കാലമേറെയായി. നഗരമധ്യത്ത് സിവില്‍ സ്റ്റേഷന് മുന്നിലും താലൂക്ക് ആശുപത്രിക്ക് മുന്നിലുമായി രണ്ടിടത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉണ്ടെങ്കിലും ഇവ രണ്ടും മിഴിയടച്ചു. ഗതാഗതക്കുരുക്ക് ഏറെയുള്ള ഇവിടെ തെരുവ് വിളക്ക് കൂടിയില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഒരു ഡിവിഷനില്‍ 150 വഴിവിളക്കുകള്‍ ഉള്ളതില്‍ 65 എണ്ണം അറ്റകുറ്റപ്പണി നടത്തി സി.എഫ്.എല്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കി നാളേറെയായിട്ടും നടപടി ഒന്നും തുടങ്ങിയിട്ടില്ല. കഴിഞ്ഞ നഗരസഭയുടെ ഭരണകാലത്ത് ഒരു കമ്പനി സൗജന്യമായി നല്‍കിയ സോളാര്‍ ലൈറ്റുകള്‍ നഗരത്തിലെ ദേശീയപാതയോരത്തും നഗരത്തോട് ചേര്‍ന്ന ചില വാര്‍ഡുകളിലും സ്ഥാപിച്ചിരുന്നു. ബാറ്ററികള്‍ മോഷ്ടിച്ച് കൊണ്ടുപോയതോടെ ഇവയും കത്താതായി. ഇവയില്‍ പലതും കാറ്റില്‍ മറിഞ്ഞ് നിലംപൊത്തിയ നിലയിലുമാണ്. നഗരസഭക്ക് വൈദ്യുതിചാര്‍ജിന്‍െറ പേരില്‍ മാസംതോറും ലക്ഷങ്ങളാണ് നഷ്ടമാകുന്നത്. വൈദ്യുതിബോര്‍ഡിന്‍െറ കണക്കില്‍ ഒരുപോസ്റ്റില്‍ മൂന്ന് ലൈറ്റാണുള്ളത്. പഞ്ചായത്തായിരുന്ന സമയമുണ്ടായിരുന്ന ബള്‍ബുകള്‍, പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ട്യൂബ് ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ അത്, നഗരസഭയായപ്പോള്‍ സ്ഥാപിച്ച സി.എഫ്.എല്‍ വിളക്കുകള്‍ എന്നിവയെല്ലാം ഇപ്പോഴും വൈദ്യുതിബോര്‍ഡിന്‍െറ കണക്കില്‍ ഉള്ളതിനാലാണ് ഒരുപോസ്റ്റില്‍ മൂന്ന് ലൈറ്റെന്ന കണക്കിന് കാരണം. പ്രതിമാസം വൈദ്യുതി ചാര്‍ജായി രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് നഗരസഭ നല്‍കുന്നത്. നഗരസഭയുടെ പരിധിയിലെ വഴിവിളക്കുകളുടെ വൈദ്യുതി ഉപയോഗ തോത് അറിയാന്‍ മീറ്റര്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞ നഗരസഭ കാലത്ത് 63 ലക്ഷം രൂപ വൈദ്യുതി ബോര്‍ഡില്‍ അടച്ചെങ്കിലും ഇനിയും മീറ്റര്‍ സ്ഥാപിച്ചിട്ടില്ല. ഈ തുക എന്തുചെയ്തെന്നുപോലും ഇപ്പോഴത്തെ നഗരഭരണക്കാര്‍ക്ക് അറിയില്ല. നേരത്തേ വൈദ്യുതിബോര്‍ഡായിരുന്നു വിളക്കുകള്‍ മാറിയിടുന്നത്. ഇപ്പോള്‍ ത്രിതല പഞ്ചായത്ത് ഭരണകൂടം തന്നെ ടെന്‍ഡര്‍ നല്‍കിയാണ് കാരാര്‍ അടിസ്ഥാനത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story