യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും എല്‍.ഡി.എഫ് കടന്നുകയറ്റം
text_fieldsകോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും നേട്ടമുണ്ടാക്കി എല്‍.ഡി.എഫ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തങ്ങളുടെ പഞ്ചായത്തുകള്‍ ചിലത് തിരിച്ചുപിടിച്ച അവര്‍, നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള പരമ്പരാഗത യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും കടന്നുകയറി.
യു.ഡി.എഫിന് മികച്ച രാഷ്ട്രീയ അടിത്തറയുള്ള കൊടിയത്തൂര്‍, തിരുവമ്പാടി, കട്ടിപ്പാറ, പുതുപ്പാടി, കുറ്റ്യാടി, ചേളന്നൂര്‍, നരിക്കുനി പഞ്ചായത്തുകളാണ് ഇത്തവണ എല്‍.ഡി.എഫ് പിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യമായി നഷ്ടമായ ചെറുവണ്ണൂര്‍, അത്തോളി, മാവൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ചെറുവണ്ണൂരും അത്തോളിയും തിരിച്ചുപിടിച്ചു.
കാരശ്ശേരി, പെരുമണ്ണ പഞ്ചായത്തുകളിലും ഭരണം നേടി. മാവൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് അധികം നേടാനായെങ്കിലും ഭരണം പിടിക്കാനായില്ല. അതേസമയം, 2010ലെ യു.ഡി.എഫ് തരംഗത്തിനിടയിലും നിലനിര്‍ത്തിയ ചോറോട് പഞ്ചായത്ത് കൈവിട്ടത് ക്ഷീണമായി.
ചേമഞ്ചേരി, ഉണ്ണികുളം, നടുവണ്ണൂര്‍, മാവൂര്‍, ചോറോട്, ഒഞ്ചിയം, പെരുവയല്‍, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളില്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ല. ഇതില്‍ ചേമഞ്ചേരി, നടുവണ്ണൂര്‍, ചോറോട് പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്‍െറയും ഉണ്ണികുളം, മാവൂര്‍, പെരുവയല്‍, ചെങ്ങോട്ടുകാവ് പഞ്ചായത്തുകള്‍ യു.ഡി.എഫിന്‍െറയും ഒഞ്ചിയം ആര്‍.എം.പിയുടെയും കൈവശമായിരുന്നു.
മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയത് യു.ഡി.എഫിന് സ്വാധീനമുള്ള മേഖലകളിലാണ്. രാമനാട്ടുകരയിലും കൊടുവള്ളിയിലും പയ്യോളിയിലും ഫറോക്കിലുമെല്ലാം പരമ്പരാഗതമായി യു.ഡി.എഫിനെ തുണച്ച വാര്‍ഡുകളില്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കാലങ്ങളായി കൈവശമുള്ള വടകരയില്‍ രണ്ട് സീറ്റ് നഷ്ടമാവുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.