Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:29 PM IST Updated On
date_range 30 Jan 2018 8:29 PM ISTമഹാത്മജിയെ ഗോദ്സെ എന്തിനു കൊന്നു?
text_fieldsbookmark_border
കാസിം ഇരിക്കൂര്‍ ''ഗാന്ധിജിയുടെ അഭാവത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം പ്രായോഗിക ബുദ്ധിയോടെ നീങ്ങുമെന്നും തിരിച്ചടിക്കാന്‍ പ്രാപ്തി നേടുമെന്നും സായുധ സേനയാല്‍ കരുത്താര്‍ജിക്കുമെന്നും ഞാന്‍ മനസ്സിലാക്കി. എെൻറ ജീവിതം പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്നും അതേസമയം, പാകിസ്താെൻറ കടന്നുകയറ്റത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാകുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഒരു ബോധവുമില്ലാത്ത, അല്ലെങ്കില്‍ വിഡ്ഢിയായ ഒരാള്‍ എന്ന് ജനം എന്നെ മുദ്രയടിച്ചേക്കാമെങ്കിലും കരുത്തുറ്റ ഒരു രാഷ്ട്രനിര്‍മിതിക്ക് അനിവാര്യമെന്ന് ഞാന്‍ കരുതുന്ന യുക്തിയുടെമേല്‍ കെട്ടിപ്പടുത്ത പാത പിന്തുടരുന്നതിന് രാജ്യം സ്വതന്ത്രമായിരിക്കും. വിഷയത്തിെൻറ എല്ലാ വശങ്ങളും പരിശോധിച്ചശേഷം ഞാന്‍ അന്തിമ തീരുമാനമെടുത്തു. എന്നാല്‍, ഒരാളുമായിപോലും ഞാന്‍ അതിനെ കുറിച്ച് മിണ്ടിയില്ല. എെൻറ രണ്ടു കരങ്ങളിലും ധൈര്യം സംഭരിച്ച് , ബിര്‍ള മന്ദിരത്തിെൻറ പ്രാര്ഥനാനിലത്ത് 1948 ജനുവരി 30ന് ഗാന്ധിജിയുടെ നേരെ ഞാന്‍ വെടിയുതിര്‍ത്തു.'' നാഥുറാം ഗോദ്സെയുടെ മൊഴിയാണിത്. 1948 മേയ് 27 തൊട്ട് '49 ഫെബ്രുവരി 10വരെ ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന വിചാരണയില്‍ കുറ്റക്കാരനാണെന്നു കണ്ട് വധശിക്ഷക്ക് വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കിയത് പഞ്ചാബ് ഹൈകോടതിയിലാണ്. ഷിംലയില്‍ ചേര്‍ന്ന അപ്പീല്‍ കോടതിയില്‍ എന്തുകൊണ്ട് താന്‍ ഗാന്ധിജിയുടെ കഥകഴിച്ചുവെന്ന് ഗോദ്സെ നീണ്ടൊരു പ്രസംഗം നടത്തുന്നുണ്ട്്. ഗാന്ധിജിയുടെ ഉറ്റസുഹൃത്തായ വെറീര്‍ എല്വിന് അതിനെ കുറിച്ച് തെൻറ ഡയറിയില്‍ കുറിച്ചിട്ടത് ഇങ്ങനെ: സോക്രട്ടീസിെൻറ വിചാരണ പ്രസംഗത്തിനുശേഷം ഒരു കുറ്റവാളിയില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ചൊരു പ്രസംഗം. വികാരഭരിതവും കോടതി മുറിയില്‍ തടിച്ചുകൂടിയ സ്ത്രീകളുടെ കണ്ണ് നനയിക്കുകയും ചെയ്ത ആ പ്രസംഗത്തിലും നാഥുറാം ഗോദ്സെ എന്ന ചിത്പാവന്‍ ബ്രാഹ്മണന് ജീവിതത്തിലുടനീളം കൊണ്ടുനടന്ന കാപട്യത്തിെൻറയും ദുഷ്ടമനസ്സിെൻറയും മാലിന്യക്കൂമ്പാരം ഒളിപ്പിച്ചുവെക്കുന്നുണ്ടായിരുന്നു. പാകിസ്താെൻറ അതിക്രമത്തില്‍നിന്ന് മാതൃരാജ്യത്തെ രക്ഷിക്കാന്‍വേണ്ടിയാണ് താന്‍ ഗാന്ധിജിയുടെ കഥ കഴിച്ചതെന്നും ഇതല്ലാതെ ദേശത്തെ രക്ഷിക്കാന്‍ മറ്റു പോംവഴിയില്ലെന്നുമുള്ള കള്ളസാക്ഷ്യം മറ്റു പല കള്ളങ്ങളെയും മറച്ചുപിടിക്കാനുള്ള ഒരു കൊലപാതകിയുടെ അവസാനശ്രമമായിരുന്നു. ഗാന്ധിജിയെ കൊല്ലാനുള്ള പദ്ധതി താന്‍ മറ്റാരോടും മിണ്ടിയില്ല എന്ന മൊഴിപോലും ആധുനിക ഇന്ത്യയെ വേട്ടയാടിക്കൊണ്ടിരുന്ന കുറെ ദുഷ്ടമനസ്സുകളെയും ഹിംസാത്മക വിചാരഗതിയെയും പ്രതിക്കൂട്ടില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ഒരു സൃഗാലബുദ്ധിയുടെ അവസാനശ്രമമായിരുന്നു. ഹിന്ദുത്വ എന്ന അതിഭീകരമായൊരു ചിന്താപദ്ധതിക്കു മാത്രമേ ഗോദ്സെയെ പോലുള്ള ഒരു ആസുരചിന്തക്ക് ജന്മം നല്‍കാനും ഗാന്ധിജിയെപോലെ കാലത്തെ കൈക്കുമ്പിളിലൊതുക്കിയ ഒരു പുണ്യാന്മാവിനെ ഉന്മൂലനം ചെയ്യാനും സാധിക്കുകയുള്ളൂവെന്നും ആ ഹീനകൃത്യം നടന്നിട്ട് എഴുപത് വര്‍ഷം തികയുമ്പോള്‍ കാലം വിളിച്ചുപറയുകയാണ്. വിഭജനമോ പാകിസ്താനോടുള്ള ഗാന്ധിജിയുടെ സമീപനമോ രാജ്യത്തെ ഭാവിയെ കുറിച്ചുള്ള ആശങ്കയോ ആയിരുന്നില്ല ഗോദ്സെയെ കൊലയാളിയാക്കിയത്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഗാന്ധിജിയെ ഗോദ്സെ വകവരുത്തുമായിരുന്നു. 1930കള്‍ തൊട്ട് ഗാന്ധിജിയുടെ പിന്നാലെ ഗോദ്സെ കഠാരയുമായി നടക്കുന്നുണ്ടായിരുന്നു. അത്രമാത്രം ഗാന്ധിവിരോധം ആ മനുഷ്യനില്‍ കുത്തിവെച്ചത് വി.ഡി. സവര്‍ക്കറാണ്. ഹിംസയെ പൂജിച്ച ദൈവനിഷേധിയായ സവര്‍ക്കര്‍ക്ക് ഗാന്ധിജിയുടെ അഹിംസ മാര്‍ഗത്തോട് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. ആക്രമണോത്സുകമായ ഒരു സമൂഹത്തെ കുറിച്ചാണ് ആ മനുഷ്യന് സ്വപ്നം കണ്ടതത്രയും. തീവ്രഹിന്ദുത്വയുടെ പിറവി ആ മസ്തിഷ്കത്തിലായിരുന്നു. ആര്.എസ്.എസ് അതിെൻറ പോറ്റില്ലമായെന്ന് ചുരുക്കം. ''സത്യസന്ധമായി പറഞ്ഞാല്‍, പ്രതിരോധത്തിെൻറ വാളാണ് മനുഷ്യനെ ആദ്യമായി രക്ഷിച്ചത്'' എന്നാണ് സവര്‍ക്കര്‍ക്ക് അനുയായികളെ ഉദ്ബോധിപ്പിക്കാനുണ്ടായിരുന്നത്. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ 22ാം വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടവര്‍ക്കറിയാം ഗാന്ധിവധത്തെ ന്യായീകരിക്കാന്‍ ഗോദ്സെ നീതിപീഠത്തിനു മുന്നില്‍ നിരത്തിയ ന്യായവാദങ്ങളെല്ലാം ആ പ്രസംഗത്തിെൻറ മറ്റൊരു ഭാഷ്യമായിരുന്നു. സവര്‍ക്കറുടെ ആക്രമണോത്സുക ആശയങ്ങളും ആര്.എസ്.എസിെൻറ ശിക്ഷണവുമാണ് ഗോദ്സെയെ കടുത്ത ഗാന്ധിവിരുദ്ധനാക്കുന്നത്. ''32വര്‍ഷമായി കുമിഞ്ഞുകൂടുന്ന പ്രകോപനങ്ങളും മുസ്ലിംകള്ക്ക് അനുകൂലമായ സത്യഗ്രഹത്തിലേക്ക് അത് ചെന്ന് കലാശിച്ചതും ഗാന്ധിജിയെ എന്നന്നേക്കുമായി കഥ കഴിക്കണമെന്ന തീരുമാനത്തില്‍ എല്ലാറ്റിനുമൊടുവില്‍ എന്നെ എത്തിക്കുകയായിരുന്നു''- കോടതി മുമ്പാകെ ഗോദ്സെ പറഞ്ഞു. കുറ്റം ഏറ്റുപറയാനും കൊലമരത്തിലേക്ക് ധൈര്യപൂര്‍വം നടന്നടുക്കാനും തീരുമാനിച്ച ഗോദ്സെക്ക്, സത്യസന്ധനാണെങ്കില്‍ അപ്പീല്‍ നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കോടതിമുറിയെയും തെൻറ പ്രത്യയശാസ്ത്ര പ്രചാരണത്തിനു ഉപയോഗപ്പെടുത്തുകയായിരുന്നു. ഹിന്ദിക്കു പകരം ഹിന്ദുസ്ഥാനി ഭാഷക്ക് ഗാന്ധിജി വാദിച്ചതാണ് മഹാത്മജിയുടെ മുസ്ലിം പ്രീണനത്തിന് ഉപോദ്ബലകമായി ഗോദ്സെ ചൂണ്ടിക്കാട്ടിയത്. ഹിന്ദുസ്ഥാനി എന്നൊരു ഭാഷയില്ലെന്നും ഹിന്ദിയും ഉര്‍ദുവും കൂടിച്ചേര്‍ന്ന വ്യാകരണമില്ലാത്ത ജാരസന്തതിയാണെന്നുമൊക്കെ ആ മനുഷ്യന് പുലമ്പുന്നുണ്ടായിരുന്നു കോടതിമുറിയില്‍. വിഭജനാനന്തരം നടമാടിയ വര്‍ഗീയ കൂട്ടക്കൊലയില്‍ ദശലക്ഷക്കണക്കിന് നിരപരാധര്‍ അറുകൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത കേട്ട് ഉപഭൂഖണ്ഡമാകെ ഞെട്ടിത്തരിച്ചിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഗാന്ധിജി ബിര്‍ളമന്ദിരത്തില്‍ നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. ആര്.എസ്.എസിെൻറ നേതൃത്വത്തില്‍ തലസ്ഥാന നഗരിയിലെ പുരാതന പള്ളികള്‍ കൈയേറി ഹിന്ദു അഭയാര്‍ഥികളെ താമസിപ്പിച്ചത് ഒഴിപ്പിക്കണമെന്നും തെൻറ കണ്‍വെട്ടത്തിലെങ്കിലും മതമൈത്രിയുടെ ലക്ഷണങ്ങളെങ്കിലും കാണാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടതാണത്രെ ഗോദ്സെയുടെ രക്തം തിളപ്പിച്ചത്. പാകിസ്തന് നിലവില്‍ വന്നിട്ടും ഹിന്ദു--മുസ്ലിം മൈത്രിയെ കുറിച്ചാണ് ഗാന്ധിജി സംസാരിക്കുന്നതെന്നു പറഞ്ഞ് സവര്‍ക്കറും ഗോള്‍വാള്‍ക്കറും രോഷംപൂണ്ട ചരിത്ര സന്ധിയാണത്. പാകിസ്താന് വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങള്‍ സ്വപ്നത്തില്‍ കാണുന്ന ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ സാധിക്കുന്നില്ല എന്ന നിരാശ, എല്ലാറ്റിനും കാരണം മഹാത്മജിയെന്ന് ഇവര്‍ കണ്ടത്തെി. എന്നാല്‍, പലതവണ രാഷ്ട്രപിതാവിെൻറ ജീവനുനേരെ ഭീഷണി ഉണ്ടായിട്ടും മതിയായ സംരക്ഷണം ഒരുക്കാന്‍ ഗാന്ധിജിയുടെ അരുമശിഷ്യനായ, ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനു സാധിച്ചില്ല. തോക്കുമായി ബിര്ളമന്ദിരത്തിെൻറ കവാടം കടന്നു ഗാന്ധിക്കു അടുത്തെത്താന്‍ സാധിക്കുമോ എന്ന് ബലമായി സംശയിച്ച ഗോദ്സെയെയും കൂട്ടാളികളെയും അമ്പരപ്പിക്കുന്ന സുരക്ഷാപാളിച്ചയാണ് നിഷ്പ്രയാസം ആ കൃശഗാത്രത്തെ മൂന്നു വെടിയുണ്ടകള്‍കൊണ്ട് അവസാനിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്തത്. മഹാത്മജിയുടെ ജീവനെടുക്കുമ്പോള്‍ ഗോദ്സെയുടെയും കൂട്ടാളികളുടെയും ലക്ഷ്യം കളിത്തൊട്ടിലില്‍ കഴിയുന്ന സ്വതന്ത്ര ഇന്ത്യയിലാകമാനാം കൂരിരുട്ട് പരത്തി, രാജ്യത്തിെൻറ ഭാഗധേയം തട്ടിയെടുക്കുക എന്നതായിരുന്നു. പക്ഷേ, ജവഹര്‍ലാല്‍ നെഹ്റുവിെൻറ അനിതരസാധാരണമായ ഇച്ഛാശക്തിയും വ്യക്തിപ്രഭാവവും ആ കൂരിരുട്ടിലും ദേശത്തിന് ദിശാബോധം നല്കി. ഗാന്ധി ഘാതകരെ ഹ്രസ്വകാലത്തേക്കെങ്കിലും മുഖ്യധാരയില്‍നിന്ന് ആട്ടിത്തുരത്തി 'നമ്മുടെ ജീവിതത്തില്‍നിന്ന് പ്രകാശം അകന്നിരിക്കുന്നു. എല്ലായിടത്തും അന്ധകാരമാണ്. നിങ്ങളോട് എങ്ങനെ അത് പറയണമെന്നും എന്തു പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയങ്കരനായ നേതാവ്, ബാപ്പു എന്ന് നാം വിളിക്കുന്ന രാഷ്ട്രപിതാവ് ഇനി നമ്മോടൊപ്പമില്ല''-- മഹാത്മജിയുടെ രക്തസാക്ഷിത്വ വാര്‍ത്ത ആകാശവാണിയില്‍കൂടി ജനുവരി 30ന് വൈകീട്ട് പ്രധാനമന്ത്രി നെഹ്റു ഗദ്ഗധകണ്ഠനായി അറിയിക്കുമ്പോള്‍ ആരാണ് ഘാതകന് എന്നറിയാനായിരുന്നു 30 കോടി ഇന്ത്യക്കാര്‍ കാതുകൂര്‍പ്പിച്ചുനിന്നത്. '' ഒരു ഭ്രാന്തനാണ് ബാപ്പുവിെൻറ ജീവിതത്തിന് അന്ത്യംകുറിച്ചത്. ആ കൃത്യം നടത്തിയവനെ അങ്ങനെ മാത്രമേ എനിക്കു വിളിക്കാനാവൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അത്രമാത്രം വിഷം ഈ രാജ്യത്ത് പരത്തുന്നുണ്ടായിരുന്നു. ഈ വിഷത്തെ നമ്മള് ഒരുമിച്ച് നേരിടണം. പൂര്‍ണമായും ഉന്മൂലനം ചെയ്യണം''- -നിശ്ചയദാര്ഢ്യത്തിെൻറ ആ സ്വരങ്ങള്‍ക്ക് അരനൂറ്റാണ്ടിെൻറ ആയുസ്സ് പോലുമുണ്ടായിട്ടില്ലെന്ന് കാലം തെളിയിച്ചു. ഗാന്ധിജിയെ കൊന്നവരും കൊല്ലാന്‍ കൂട്ടുനിന്നവരും അവര്‍ക്ക് പ്രത്യയശാസ്ത്ര പിന്‍ബലം നല്കിയവരും ഇന്ത്യയെതന്നെ പിടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മള് കണ്ടത്. സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെൻറിെൻറ അകത്തളങ്ങളില്‍ തൂങ്ങിക്കിടക്കുമ്പോള്‍, ഗോദ്സെയെ പ്രതിഷ്ഠയാക്കി ക്ഷേത്രങ്ങള്‍ ഉയരുന്നതിനുപോലും നമുക്ക് മൂകസാക്ഷികളാവേണ്ടിവന്നു. മഹാത്മജിയുടെ രക്തസാക്ഷ്യം ഇത്രയും പെട്ടെന്ന് വൃഥാവിലാവുകയാണോ എന്ന ചോദ്യം അറ്റമില്ലാത്ത ആധി പടര്‍ത്തുന്നില്ലേ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story