Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2016 8:12 PM IST Updated On
date_range 27 Dec 2016 8:12 PM ISTഅനുഗ്രഹവര്‍ഷമായി ശ്മശാനഭദ്രയുടെ കളിയാട്ടം...
text_fieldsbookmark_border
തിരുവില്വാമല: കൈയും മെയ്യും നിറയെ ചെമ്മണ്ണും തീപ്പുകയുമേറ്റ് പ്രസാദിച്ച ശ്മശാനഭദ്ര ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് നിറഞ്ഞാടി. മൃത്യു മുഖാവരണമിട്ട ഐവര്‍മഠം മഹാശ്മശാനത്തിലെ പത്താമുദയനാള്‍ ഭക്തര്‍ക്ക് അമ്മഭഗവതിയുടെ കളിയാട്ട ദിവസമായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലിന് കാവില്‍ കയറിയതോടെ ആരംഭിച്ച കളിയാട്ടം മഹാശ്മശാനത്തില്‍ സംസ്കരിക്കപ്പെട്ടവര്‍ക്കും ദേശത്തിനും ദേശവാസികള്‍ക്കും മോക്ഷവും സര്‍വൈശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെ സമാപിച്ചു. മഹാശ്മശാനത്തിലെ ദേവതാസങ്കേതത്തിലെ മുഖ്യപ്രതിഷ്ഠയായ മഹാകാളിക്കും ശ്മശാനനാഥനായ മഹാകാളേശ്വരനും ദേശനാഥനായ വൈഷ്ണവതേജസിനുമുള്ള അര്‍പ്പണമായി നടന്ന കളിയാട്ടത്തില്‍ ശ്മശാനഭദ്രയുടെയും ചുടലപ്പൊട്ടന്‍െറയും കോലങ്ങളാണ് അവതരിച്ചത്. കളിയാട്ടത്തിന് ചേലക്കര എം.എല്‍.എ യു. ആര്‍. പ്രദീപ്കുമാര്‍ ഭദ്രദീപം കൊളുത്തി. കാവില്‍ കയറലിനു ശേഷം ദേവസങ്കേതത്തിലെ മുഴുവന്‍ മൂര്‍ത്തികള്‍ക്കുമുള്ള വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ശങ്കരാചാര്യരും കാശി മണികര്‍ണികാഘട്ട് ശ്മശാനത്തിലെ ചണ്ഡാലവേഷത്തില്‍ മഹാദേവനും തമ്മില്‍ നടന്ന സംവാദം കൊട്ടിപ്പാടി തിടങ്ങലായി അവതരിപ്പിച്ചു. തുടര്‍ന്ന് ഭഗവതിയുടെ സന്ധ്യാവേലയും കുളിച്ചെഴുന്നള്ളത്തും നടന്നു. രാത്രി 11ഓടെ സങ്കേതത്തില്‍ പ്രത്യേകം തയാറാക്കിയ മേലേരിയില്‍ പൊട്ടന്‍ തെയ്യം അഗ്നി പ്രവേശം നടത്തി. തീനാളങ്ങള്‍ വിഴുങ്ങിയും കനല്‍ കൂമ്പാരം കളിത്തട്ടാക്കിയും നൃത്തമാടിയ പൊട്ടന്‍ തെയ്യം ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ ശേഷം ചുടലഭദ്രകാളി ഉഗ്രമായ രൗദ്ര രൂപത്തില്‍ എഴുന്നള്ളി. കത്തുന്ന ചിതകളിലെ ആത്മാക്കളെ അനുഗ്രഹിച്ചും ഭക്തരെ ശാസിച്ചും ഉപദേശിച്ചും ശ്മശാനഭൂമിയില്‍ നിറഞ്ഞാടിയ ഭദ്ര ബലിയും തര്‍പ്പണവും സ്വീകരിച്ച് സംപ്രീതയായി ശാന്തവും സൗമ്യവുമായ വിശ്വരൂപം കൈകൊണ്ട് ഭക്തരെ അനുഗ്രഹിച്ചു. മുഖ്യസ്ഥാനികന്‍ കീഴൂരിടം അനീഷ് പെരുമലയനാണ് ഭദ്രകാളി തെയ്യത്തിന്‍െറ കോലധാരിയായത്. പിയൂര്‍ ലക്ഷ്മണന്‍ പണിക്കര്‍ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്തിലെ തോറ്റം കെട്ടിയാടി. പുലപ്പൊട്ടന്‍, പുലച്ചാമുണ്ഡി, പുലമാരുതന്‍ എന്നീ തെയ്യങ്ങളുടെ കോലധാരി കോട്ടൂര്‍ അഭിലാഷ് പണിക്കരായിരുന്നു. മുണ്ടേരി കൃഷ്ണന്‍, നിതീഷ് എടക്കാട്, ബൈജു ഇരിട്ടി എന്നിവര്‍ മൂര്‍ത്തീപൂജാരിമാരായിരുന്നു. ദൈവജ്ഞരായ മോഹന്‍ കെ. വേദകുമാറും ശശികുമാരന്‍ പിള്ളയും ചടങ്ങുകള്‍ക്ക് നിമിത്തവും ലക്ഷണവും നോക്കി. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ആര്‍. മണി, മഹന്ത് സ്വാമി സംവിദാനന്ദ് ഗിരി, തന്ത്രി തരണനല്ലൂര്‍ പദ്മനാഭന്‍ നമ്പൂതിരിപ്പാട്, ഭാഗവതാചാര്യന്‍ പെരുമ്പിള്ളി കേശവന്‍ നമ്പൂതിരി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസര്‍ ബിജു പാറക്കവളപ്പില്‍, പാറമേക്കാവ് ദേവസ്വം മാനേജര്‍ ശ്രീനിവാസന്‍ കുമ്പത്ത്, മുന്‍ എം.പി എസ്. അജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story