Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2015 8:10 PM IST Updated On
date_range 7 Aug 2015 8:10 PM ISTകോര്പറേഷന് വിഭജനം: തെരഞ്ഞെടുപ്പ് നടപടികള്‍ നീളുമെന്ന് ആശങ്ക
text_fieldsbookmark_border
തിരുവനന്തപുരം: കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപവത്കരണ വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറും കോര്‍പറേഷനും തീരുമാനിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീണ്ടുപോകുമോയെന്ന് ആശങ്ക. ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ കോടതിവിധിയെയും വിധിവരുന്ന കാലയളവിനെയും അടിസ്ഥാനപ്പെടുത്തിയാകും കോര്‍പറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ കോര്‍പറേഷനും അന്യായം ഫയല്‍ ചെയ്യുമെന്ന് എല്‍.ഡി.എഫ് കോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി വി.എസ്. പത്മകുമാര്‍ പറഞ്ഞു. അതേസമയം, കോര്‍പറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന് മുന്നോട്ടുപോകുകയാണ്. 10ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കോര്പറേഷന് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കമീഷന് നിര്‍ദേശം നല്കി. കോര്‍പറേഷനിലെ 100 വാര്‍ഡിലേക്കും തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായാണ് തെരഞ്ഞെടുപ്പ് കമീഷന് മുന്നോട്ടുപോകുന്നത്. വാര്‍ഡ് വിഭജനം സംബന്ധിച്ച് അന്തിമപട്ടിക പുറത്തിറക്കി വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ നിയമപരമായി പ്രാബല്യത്തില്‍ വരൂ. എന്നാല്‍, ഇവിടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുക മാത്രമേ ചെയ്തിട്ടുള്ളു. അതിനാല്‍ നൂറു വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രക്രിയകളുമായി മുന്നോട്ടുപോകാന്‍ കമീഷന് സാങ്കേതിക തടസ്സമില്ളെന്നാണ് വിവരം. ഇതേപ്രശ്നം മുമ്പ് അഭിമുഖീകരിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ആറു മാസം നീട്ടിനടത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. നിലവില്‍ കോര്‍പറേഷന്‍െറ ഭാഗമായ 12 വാര്‍ഡുകളെ അടര്‍ത്തിമാറ്റിയാണ് കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പാളയം രാജന്, വി.എസ്. പത്മകുമാര്‍ എന്നിവര്‍ ഹൈകോടതിയെ സമീപിച്ചു. കോര്‍പറേഷനിലെ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് മുനിസിപ്പാലിറ്റി രൂപവത്കരിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി മുനിസിപ്പാലിറ്റി രൂപവത്കരണം തടഞ്ഞു. ഇതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story